കാണാക്കിനാവ് – ഭാഗം പതിനഞ്ച്

എഴുത്ത്: ആൻ.എസ്.ആൻ

പതിനാലാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അപ്പച്ചിയോട് ഒന്നും പറയാതെ ഞാൻ എന്റെ മുറിയിൽ കയറി വാതിലടച്ചു. അപ്പോളാണ് കൈയ്യിലിരുന്ന പോസ്റ്റ് ശ്രദ്ധിച്ചത്. പൊട്ടിച്ചു നോക്കിയപ്പോൾ ട്രാൻസ്ഫർ ഓർഡർ ആണ്. എറണാകുളത്തേക്ക് തന്നെ. ഇത് ഒരു അനുഗ്രഹമാണ്….എനിക്ക് പോണം. ഈ നാടും ഇവിടെ വെച്ച് കണ്ടതും അനുഭവിച്ചതും എല്ലാം ഇവിടത്തന്നെ ഉപേക്ഷിച്ചു, വന്നതുപോലെ ഒരു മടക്കയാത്ര.

പക്ഷേ എന്റെ കാട്ടാളനെ…എന്റെ പ്രണയത്തെ…ഈ വീടിനെ…ഇവിടുത്തെ അമ്മയെ ഞാൻ എങ്ങനെ മറക്കും…? ഇനിയൊരു ആയിരം ജന്മം ഉണ്ടെങ്കിലും ഈ അമ്മയുടെ മകളായി ഈ വീട്ടിൽ ഹരിയേട്ടന്റെ പെണ്ണായി ജീവിക്കാൻ ഞാൻ എത്രമാത്രം കൊതിച്ചതാണ്…? വേണ്ട…ഇനി അങ്ങനെയൊരു ചിന്ത വേണ്ട…ഒരാളെ പ്രണയിക്കാൻ അയാളെ സ്വന്തമാക്കണമെന്നില്ലല്ലോ…? എന്തിന് അയാളുടെ സമ്മതം പോലും വേണ്ട. ഹരിയേട്ടൻ പലപ്പോഴായി തന്ന ഓർമ്മകൾ മാത്രം മതി എനിക്ക് ജീവിക്കാൻ. എത്രയും പെട്ടെന്ന് ഇവിടുന്ന് എന്നെ പറിച്ചു നട്ടെ പറ്റൂ…അപ്പച്ചി പറഞ്ഞതുപോലെ കാണാതിരിക്കുമ്പോൾ ഹരിയേട്ടനും എന്നെ മറക്കും. പിന്നെ അപ്പച്ചി പറഞ്ഞ ആ പെൺകുട്ടിയെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കട്ടെ.

ഡോക്ടർക്കും അരുൺ ഏട്ടനും ട്രാൻസ്ഫർ ഓർഡർ കിട്ടിയ വിവരം മെസ്സേജ് ആയി അയച്ചു. ആരോടും വിളിക്കാനും പറയാനും ഒന്നും ആവില്ല. ഞാനെന്റെ സാധനങ്ങളെല്ലാം പാക്ക് ചെയ്തു. കണ്ണിൽ നിന്നും വീഴുന്ന കണ്ണീരിൽ ചിലതെല്ലാം നനയുന്നുമുണ്ട്. അവസാനമായി ലക്ഷ്മി അമ്മയുടെ ഒരു കർച്ചീഫും കാട്ടാളന്റെ ഒരു ഷർട്ടും ഞാൻ ബാഗിൽ എടുത്തു വച്ചു, എന്റെ ഒരായുസ്സിന്റെ സമ്പാദ്യമായി…തളരുമ്പോൾ മുറുകെ പിടിക്കാനും ഒറ്റപ്പെടുമ്പോൾ നെഞ്ചോട് ചേർത്തു വച്ച് ഉറങ്ങാനും…

വൈകീട്ട് ആയപ്പോൾ മാത്രമാണ് മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയത്. വിശപ്പോ, ദാഹമോ ഒന്നുമില്ല…ഒരു മരവിച്ച അവസ്ഥ….അപ്പച്ചിയുടെ ശബ്ദം ഒന്നും കേൾക്കാനില്ല. പോയി കാണും…നന്നായി…ഇനി അവരെ എന്റെ ഈ ജീവിതത്തിൽ കാണാതിരിക്കട്ടെ….

ലക്ഷ്മി അമ്മ വിളക്ക് വച്ചു വന്നിട്ടും എന്നോടൊന്നും മിണ്ടിയില്ല. കാട്ടാളൻ ഇതുവരെ എത്തിയിട്ടില്ല. രാത്രിയായി. ലക്ഷ്മിയമ്മ മുറിയിലേക്ക് വന്നു. എന്റെ കെട്ടിവച്ചിരിക്കുന്ന ബാഗിലേക്ക് നോക്കി. ഒന്നും ചോദിച്ചില്ല.

“ഞാൻ കഴിച്ചു…നിനക്ക് വേണമെങ്കിൽ മാത്രം കഴിക്കാൻ കഞ്ഞി ഇരിപ്പുണ്ട്. ഉച്ചയ്ക്ക് വെച്ച് ഉണ്ടാക്കിയതെല്ലാം അതുപോലെ കളഞ്ഞത് ആണ്. ഇതും കളയാൻ എനിക്കറിയാം.. എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ അറിയാലോ…? അതുകൊണ്ട് നിങ്ങൾക്കൊന്നും ഒന്നും ഞങ്ങൾ പറഞ്ഞു തരേണ്ടല്ലോ…? പാവം എൻറെ കുട്ടി…ആരോടും ഒന്നും ചോദിക്കാതെ ഓരോന്ന് ആശിച്ചു കാണും. സങ്കടപ്പെടുത്തില്ലേ എല്ലാരും കൂടി അതിനെ…അവൻ എപ്പോഴാ വരുന്നത്…എവിടെയാന്ന് ആർക്കറിയാം…?”

ലക്ഷ്മി അമ്മ പോയിട്ടും കാട്ടാളൻ എവിടെ പോയതായിരിക്കുമെന്ന ആധിയും ഉള്ളിലെ സങ്കടവും വിശപ്പും ക്ഷീണവും എല്ലാംകൂടി ചേർന്ന് എപ്പോഴോ അറിയാതെ മയക്കത്തിലേക്ക് വീണു. കതകിൽ ശക്തമായ തട്ടൽ കേട്ടുകൊണ്ടാണ് ഉണർന്നത്. വാതിൽ തുറന്നപ്പോൾ ലക്ഷ്മി അമ്മയാണ്. യാത്രക്കൊരുങ്ങി നിൽക്കുന്നു.

“ഞാൻ ഗുരുവായൂരിലേക്ക് പോകുന്നു. പണ്ടൊരു യാത്രയിൽ അല്ലേ നിന്നെ കിട്ടിയത്…ഇനി നീയായിട്ട് തന്ന എന്റെ സങ്കടം ഭഗവാനോട് പറഞ്ഞിട്ട് വരാം. ഞാൻ വരുന്നതുവരെ എന്നെ കാക്കാമല്ലോ അല്ലേ…നിനക്ക് തിരികെ പോകാൻ…? പിന്നെ എന്റെ മകൻ മേലെ ഉറങ്ങുന്നുണ്ട്. ഇന്ന് പുലർച്ചെ ആണ് കേറിവന്നത്. അവൻ കള്ളോ…മറ്റെന്തോ കുടിച്ചിട്ടുണ്ട്. ഇന്നേവരെ എന്റെ കുട്ടിയെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. ഒരച്ഛന്റെ സംരക്ഷണമോ അമ്മയുടെ വാത്സല്യമോ അവന് ഇതുവരെ കിട്ടിയിട്ടില്ല. ഓരോ ആശ കൊടുത്തിട്ട്…പാതിവഴിയിൽ ഇട്ടിട്ട് പോകുന്നവർ അവൻ ചെയ്ത കുറ്റം എന്താണെന്ന് കൂടി അവനു പറഞ്ഞുകൊടുക്കണം പോകുന്നതിന് മുൻപ്. ഇനി ഇതിന്റെ പേരിൽ അവനെങ്ങാനും എന്തെങ്കിലും അവിവേകം ചെയ്താൽ ഈ ജന്മം നിന്നോട് ഞാൻ ക്ഷമിക്കില്ല. നല്ല ബുദ്ധിയോടു കൂടി ഒന്നും കൂടി ആലോചിച്ചു നോക്കൂ…”

അതു പറഞ്ഞു അമ്മ ഇറങ്ങിയപ്പോൾ ഞാനും മുറ്റത്തേക്കിറങ്ങി. അമ്മയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങിച്ചിട്ട് കുടക്കമ്പി എന്നെ ഒന്ന് രൂക്ഷമായി നോക്കി. “പാവം…എന്റെ ഹരി കുഞ്ഞിനെ സങ്കടപ്പെടുത്തിയിട്ട് ചേച്ചി പോവുകയാണല്ലേ…? കുഞ്ഞിനൊരു മനുഷ്യ സ്വഭാവം വന്നു തുടങ്ങിയതായിരുന്നു. എന്നെ ഒന്ന് ചീത്ത വിളിച്ചിട്ട് പോലും ദിവസങ്ങളായി, അറിയോ…? ആരൊക്കെ പോയാലും ഞാനിവിടെ ഉണ്ടാകും. അങ്ങനെ വഴിയിൽ ഇട്ടിട്ട് പോകാൻ അല്ല ഞാൻ കുഞ്ഞിന്റെ കൂടെ കൂടിയത്. ഇനി കുഞ്ഞ് അപകടം വല്ലതും ചെയ്താൽ ഈ ഗോപി ആരാണെന്ന് ചേച്ചിക്ക് മനസ്സിലാകും.”

പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. എല്ലാവർക്കും എന്നെ കുറ്റപ്പെടുത്താൻ മാത്രമേ അറിയാവൂ. എനിക്കും ഇല്ലേ സങ്കടം…? ഹരിയേട്ടനും ഈ തറവാടിനും വേണ്ടിയല്ലേ ഞാൻ എല്ലാം വേണ്ടെന്ന് വെക്കുന്നത്…? ഞാൻ ആ വീടിനെ മുറ്റത്തുനിന്ന് ഒരിക്കൽ കൂടി നോക്കി. നാളെ പുലർന്നാൽ പിന്നെ ഇവിടെ ഞാൻ ആരുമല്ല. എന്റേത് മാത്രം എന്ന് മനസ്സിൽ കിനാവ് കണ്ടതൊന്നും എൻറെതാകില്ല. അല്ലേലും ചെറുപ്പം മുതൽ ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞിട്ടുള്ള ഞാനെന്തിനാ ഇപ്പോൾ സങ്കടപ്പെടുന്നത്. ഇതും എനിക്ക് താങ്ങാനാവുന്നതേയുള്ളൂ…അർഹിക്കാത്തത് മോഹിച്ചതിന്റെ ശിക്ഷയായി. ഞാൻ അകത്തു കയറി മേശയിൽ തലവെച്ചു കിടന്നു അറിയാതെ മങ്ങിപ്പോയി.

ഉണർന്നപ്പോൾ നട്ടുച്ച…ഒരു മണി. ഈശ്വരാ…കാട്ടാളൻ ഇനിയും ഉണർന്നില്ലേ…? രണ്ടായി…മൂന്നായി…നാലായി ആരും താഴേക്ക് വന്നില്ല. ഈശ്വരാ….ഇതെന്താ ഇനിയും എഴുന്നേൽക്കാത്തത്…? എന്നെ സ്നേഹിച്ചതിന് ഞാൻ ആ മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കരുതയിരുന്നു. ഇനിയിപ്പോ രാവിലെ കുടക്കമ്പിയും ലക്ഷ്മിഅമ്മയും പറഞ്ഞതുപോലെ വല്ലതും…?

അങ്ങനെയൊരു ചിന്ത വന്നതിൽ പിന്നെ ഓരോ നിമിഷവും ആധി കേറിത്തുടങ്ങി. ഭയം മൂത്ത് ഭ്രാന്ത് ആവുന്നത് പോലെ തോന്നി. കോണിപ്പടികൾ എങ്ങനെയോ ഓടിക്കയറി ഞാൻ മേലെ എത്തി വാതിലിൽ മുട്ടി നോക്കി. തുറക്കുന്നില്ല. തുരുതുരെ കൊട്ടിയിട്ടും വാതിൽ തുറക്കാതായപ്പോൾ കയ്യും കാലും ഒക്കെ തളരാൻ തുടങ്ങി. അപ്പോഴാണ് ജനാല പാതി തുറന്നിട്ടത് കണ്ടത്. ഓടിപ്പോയി നോക്കിയപ്പോൾ താഴെ നിലത്ത് കമിഴ്ന്ന് വീണു കിടക്കുന്നു കാട്ടാളൻ. ആ കാഴ്ച കണ്ടതും അലമുറയിട്ടു പോയി ഞാൻ.

“ഹരിയേട്ടാ…അയ്യോ…എന്റെ ഹരിയേട്ടന് ഒന്നും വരുത്തല്ലേ…? ഈശ്വരന്മാരേ…”

ഓടിപ്പോയി കതകിൽ ആഞ്ഞടിച്ചു. ഒന്നുംകൂടി ശക്തിയിൽ ആഞ്ഞിടിച്ചു. തുറക്കുന്നില്ല…അറിയാവുന്ന ദൈവങ്ങളേ ഒക്കെ വിളിച്ചു കൊണ്ട് ശക്തിയിൽ ഓടിയടുത്തതും അകത്തു നിന്ന് ഡോർ തുറന്നതും ഒരുമിച്ചായിരുന്നു. ഞാൻ കാട്ടാളന്റെ നെഞ്ചിൽ ഇടിച്ചു നിന്നു. എന്നെ അടക്കി പിടിച്ചു കൊണ്ട് ഒരു ചോദ്യം “നീ പേടിച്ചു പോയോ…?” എന്ന്. കൈ നീട്ടി മുഖമടച്ചു കൊടുത്തു ഞാൻ ഒന്ന്. കുറച്ചു നേരം കൊണ്ട് ഞാൻ അനുഭവിച്ച ആധിയും വേദനയും…

ഞാൻ തിരിഞ്ഞു നടക്കാൻ നോക്കിയതും ആ നെഞ്ചിലേക്ക് വീണ്ടും വലിച്ചിട്ടു എന്നെ കാട്ടാളൻ. “നീയിപ്പം എനിക്ക് തന്നത് ശരിക്കും ഞാനാ നിനക്ക് തരേണ്ടത്…നീ എന്തു കരുതി ഞാൻ ചാവാൻ പോയതാണെന്നോ….? വല്ലയിടത്തുന്നും കേറി വന്ന കഥയും ബോധവും ഇല്ലാത്ത അപ്പച്ചി എന്തോ പുലമ്പിയതിന് എന്നെ ഇട്ടിട്ട് പോകാൻ നീ ആരാടീ ടി.വി സീരിയലിലെ നായികയോ…?” ഞാനും ദേഷ്യത്തോടെ തന്നെ തിരിച്ചും നോക്കി.

“ഞാൻ എത്രമാത്രം സങ്കടപെട്ടെന്ന് നിങ്ങൾക്കറിയാമോ…?”

“നിങ്ങളോ…? നേരത്തെ നീ ഇവിടുന്ന് വേറെ എന്തോ….ഹരിയേട്ടാ എന്ന് ഒക്കെ വിളിക്കുന്ന കേട്ടല്ലോ…? പിന്നെ ആരോ നിന്റേതാണ് എന്നൊക്കെ പറയുന്നത് കേട്ടല്ലോ…? എന്താ വീണ്ടും അതൊക്കെ മാറിയോ…?”

“മാറിയിട്ടില്ല. ഇനിയൊട്ട് മാറുകയും ഇല്ല.”

“ഉറപ്പിക്കാമോ…? അതോ ഇനി നാളെ ആരേലും വേറെ എന്തേലും പറഞ്ഞാൽ അവരോടുള്ള വാശിപ്പുറത്ത് വീണ്ടുമെന്നെ തേക്കുമോ…?” അങ്ങനെ പറഞ്ഞു കേട്ടതും കരഞ്ഞു പോയി ഞാൻ. എന്റെ വാശി മാത്രമേ എല്ലാവർക്കും പ്രശ്നമുള്ളൂ…ഞാൻ തേച്ചത് ആണത്രേ…എന്റെ മനസ്സ് ആരും കാണരുത്. കാട്ടാളൻ എന്നെ ഒന്നുംകൂടി മുറുകെ പിടിച്ചു.

“പാറു…നീ എന്തിനാ ആവശ്യമില്ലാത്തതൊക്കെ ചിന്തിക്കുന്നത്…? നിനക്ക് ആരെക്കാളും ഒരു കുറവുമില്ല. അനാഥയായത് നിന്റെ കുറ്റം കൊണ്ടാണോ…? ഒന്നാലോചിച്ച് നോക്കിക്കേ, ആ സാഹചര്യത്തിലും ജീവിതത്തോട് പൊരുതി, പഠിച്ച് ജോലി നേടിയെടുത്തു ഇവിടം വരെ എത്തിയ നീ എത്ര മിടുക്കിയാ…നോക്ക്…നിന്നെക്കുറിച്ച് എനിക്ക് അഭിമാനമേയുള്ളൂ. നിന്നെ കിട്ടിയത് എന്റെ ഭാഗ്യം ആയി മാത്രമേ കരുതിയിട്ടുള്ളൂ. അത് നീ മനസ്സിലാക്കിയാൽ നിന്റെ സങ്കടമെല്ലാം തനിയെ മാറും.” അത് കേട്ട് കഴിഞ്ഞതും എന്റെ കൈകളും കാട്ടാളനെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. “സങ്കടപ്പെടുത്തിയോ ഞാൻ ഹരിയേട്ടനെ…?”

“പിന്നെ ഇല്ലാതിരിക്കുമോ…? നിനക്ക് എത്ര പെട്ടെന്ന എന്നെ വേണ്ടെന്ന് വെക്കാൻ തോന്നിയത്…? ഞാൻ നിന്നെ സ്നേഹിക്കുന്നതിന്റെ നൂറിലൊന്ന് പോലും നീ എന്നെ തിരിച്ച് ഇഷ്ടപ്പെടുന്നുണ്ടോ പാറു…?” സങ്കടപ്പെട്ടു കൊണ്ട് കാട്ടാളൻ അങ്ങനെ ചോദിച്ചപ്പോൾ എന്റെ ഉള്ളിലെ സ്നേഹം അറിയിക്കാൻ എന്റെ ചുണ്ടുകൾ ആ ചുണ്ടുകളോട് ചേർത്തു വയ്ക്കുക അല്ലാതെ വേറെ ഒന്നും തോന്നിയില്ല എനിക്ക്….

അപ്പോഴേക്കും മുറ്റത്തൊരു കാർ വന്നു നിൽക്കുന്ന ശബ്ദവും തുടരെയുള്ള കോളിംഗ് ബെല്ലും കേട്ടു. “ചെ…ഇവര് ഇത്ര പെട്ടെന്ന് എത്തിയ…?” കാട്ടാളന്റെ വായിൽ നിന്നും വന്നത് കേട്ടിട്ട് എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഞാൻ പെട്ടെന്ന് തന്നെ മാറിയകന്നു. എന്തോ മുഖത്ത് നോക്കാൻ ഒക്കെ ഒരു വല്ലായ്ക. എന്റെ കൈ പിടിച്ചു കൊണ്ട് തന്നെ താഴേക്കിറങ്ങി കാട്ടാളൻ. വാതിൽ തുറന്നതും മുറ്റത്ത് ലക്ഷ്മി അമ്മയും ഡോക്ടറുടെ അമ്മയും ഡോക്ടറും നിയയും കുടക്കമ്പിയും… എല്ലാവരുടെയും മുഖത്തുള്ള കള്ളച്ചിരിയിൽ എനിക്ക് എന്തോ പന്തികേട് മണത്തു.

“എന്താ പാറു…വാതിൽ തുറക്കാൻ ഒരു താമസം…?” നിയയാണ്. ഞാൻ ഒരു ചമ്മലോടെ കാട്ടാളനെ നോക്കി. അവിടെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ. “നീ അധികം അഭിനയിക്കേണ്ട പാറു…പൂച്ച പാല് കുടിക്കുന്നത് ആരും കാണുന്നില്ലെന്ന് പൂച്ചയുടെ മാത്രം തോന്നലാ ട്ടോ…നിന്റെ ഉള്ളിൽ എന്താന്ന് എനിക്ക് മനസ്സിലായിട്ടു കുറച്ചായി. നീ സമ്മതിക്കാൻ വൈകിയതുകൊണ്ട ഞങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്…” ഡോക്ടർ ആണ്. “എല്ലാം സെറ്റ് ആയല്ലേ ഹരി കുഞ്ഞേ…? ഈ തെറി വിളി കേൾക്കണ്ടല്ലോ എന്നോർത്ത ഞാൻ ഇതിന് കൂട്ടുനിന്നത്. ഇനി കാല് മാറരുത് കേട്ടോ…” കുടക്കമ്പിയാണ്.

“മതി..മതി..എല്ലാരും കൂടി എന്റെ കുട്ടിയെ പറഞ്ഞത്…ഏതായാലും ഇപ്പോൾ ഇവളും സമ്മതിച്ചല്ലോ…? ഇനി എത്രയും പെട്ടെന്ന് കാര്യങ്ങളൊക്കെ തീരുമാനിക്കാൻ അവരിപ്പോൾ ഇങ്ങെത്തും.”

അപ്പോഴേക്കും മുറ്റത്ത് അരുൺ ഏട്ടന്റെ കാർ വന്നു നിന്നു. കാറിൽ നിന്നും ഇറങ്ങിവന്ന ടീച്ചർ അമ്മയെ കണ്ടതും സന്തോഷം കൊണ്ട് ഓടിപ്പോയി കെട്ടിപ്പിടിച്ചു ഞാൻ. മുഖമെല്ലാം തെളിഞ്ഞു. മുടി കുറച്ചു നീണ്ടു വന്ന് ബോയ് കട്ട് ആണെങ്കിലും ഐശ്വര്യം പോയിട്ടില്ല. ഡീ എന്നും വിളിച്ചു നന്ദുവും എന്നെ വന്നു കെട്ടിപ്പിടിച്ചു.

പക്ഷേ…നീയോ ഡാ എന്നും വിളിച്ചു കാട്ടാളനും അരുൺ ഏട്ടനും തമ്മിൽ കെട്ടിപ്പിടിച്ചതിന്റെ പൊരുൾ ഞങ്ങൾക്കാർക്കും മനസ്സിലായില്ല. അരുൺ ഏട്ടന്റെ കൂടെ സ്റ്റേറ്റ്സിൽ ജോലി ചെയ്തിരുന്നു കാട്ടാളൻ എന്നത് ഞങ്ങൾക്ക് എല്ലാം പുതിയ അറിവായിരുന്നു. “എന്നാലും പാറൂ…ഇവൻ ആയിരിക്കും നിന്റെ കാട്ടാളൻ എന്ന് ഞാൻ ഉറക്കത്തിൽ പോലും വിചാരിച്ചില്ല. ഇവൻ ആണെങ്കിൽ പിന്നെ നീ സമ്മതിക്കാൻ എന്താ ഇത്ര വൈകിപ്പോയി…?”

“അതിനല്ലേ ഞാൻ എന്റെ പദ്ധതി പുറത്തെടുത്തത്…” നിയ ആണ്. “അതെന്താ പദ്ധതി. ഞാൻ കേൾക്കട്ടെ…?” അരുൺ ഏട്ടനെ കൂട്ടിക്കൊണ്ടുപോയി പ്രണയത്തെകുറിച്ചും അതിന്റെ വിവിധ വശങ്ങളെ കുറിച്ചും ഒക്കെ ക്ലാസ്സ് തുടങ്ങി അവൾ. അരുൺ ഏട്ടൻ ആണെങ്കിൽ കണക്ക് ക്ലാസ്സിൽ ഇരിക്കുന്ന കുട്ടിയെ പോലെ…ഒന്നും മനസ്സിലാകുന്നില്ല.

അമ്മമാർ ആണെങ്കിൽ വിവാഹത്തിനെ കുറിച്ചും നടത്തേണ്ട തിയ്യതികളെ കുറിച്ചും ഒക്കെ ആയി സംസാരം. ഡോക്ടറും നന്ദുവും ഒരു വശത്തായി ഇരുന്ന് അവരുടേതായ ലോകത്തിലാണ്. ഞാൻ കാട്ടാളനെ നോക്കിയപ്പോൾ കണ്ടു എന്നെ തന്നെ നോക്കി നിൽക്കുന്നത്. ഞാൻ നോക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് എന്നെ നോക്കി മീശ പിരിച്ചു. അത് കണ്ടിട്ട് മാറി കിടന്ന ഷോൾ ഒക്കെ നേരെ ഇട്ട് ഞാൻ മുടി മുന്നോട്ടേക്ക് ഇട്ടതും എന്നെ നോക്കി കണ്ണുരുട്ടി കാട്ടാളൻ.

അങ്ങനെ സാരി എടുപ്പും ആഭരണം എടുപ്പും ഒക്കെ തകൃതിയായി നടന്നു. എനിക്ക് വേണ്ട സാധനങ്ങൾ വാങ്ങിക്കാൻ ലക്ഷ്മി അമ്മയും കാട്ടാളനും പരസ്പരം മത്സരിക്കുന്നുണ്ടായിരുന്നു. കല്യാണം നിശ്ചയിച്ചതിനാൽ ഞാനും ഡോക്ടറും ഫാമിലിയും എല്ലാം നിയയുടെ വീട്ടിലാണ് താമസിച്ചത്. ടീച്ചർ അമ്മയും കുടുംബവും അമ്പലപ്പാട്ടും…

നന്ദുവിന്റെ വിവാഹത്തിന്റെ തലേന്ന് ഡോക്ടറെ ഒരുക്കാൻ കാട്ടാളനും ഞങ്ങളുടെ വീട്ടിൽ എത്തി. ആളൊഴിഞ്ഞ നേരം നോക്കി എന്റെ കയ്യിൽ ഒരു പൊതി വച്ചു തന്നു. തുറന്നുനോക്കിയപ്പോൾ പിങ്ക് കളറിൽ സ്റ്റോൺ വർക്ക് ചെയ്ത ഒരു കലക്കൻ സാരി. “നാളെ എന്റെ പാറു ഇത് ഉടുത്ത് എനിക്കായി മാത്രം ഒരുങ്ങി വന്നാൽ മതി. ഇഷ്ടായോ നിനക്ക്…?” ആദ്യമായി കാട്ടാളന്റെ കയ്യിൽ നിന്നും സമ്മാനം കിട്ടുന്നത് കൊണ്ടാവാം എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. സമ്മതഭാവത്തിൽ ഞാനും മൂളി. അപ്പോഴേക്കും ടീച്ചറമ്മ എന്നെ അന്വേഷിക്കുന്നത് കേട്ടു. ചെന്നു നോക്കുമ്പോൾ എനിക്ക് ഉടുക്കാൻ ആയി കയ്യിൽ ഒരു സാരിയും അതിനു ചേരുന്ന മാലയും വളയും എല്ലാ മുണ്ട്. “ഇത് ഞാൻ നിന്റെ കല്യാണത്തിന് നിനക്കായി വാങ്ങി വച്ചതാ…പക്ഷേ അതിന്റെ ഒന്നും ആവശ്യം ഉണ്ടായില്ല. നീ നാളെ ഇതും ഉടുത്ത വേണം കല്യാണത്തിന് വരാൻ….” ഞാൻ കാട്ടാളനെ സങ്കടത്തോടെ ഒന്നു നോക്കി. കണ്ണടച്ചുകൊണ്ട് വാങ്ങിക്കാൻ സമ്മതിച്ചു.

അങ്ങിനെ കല്യാണത്തിന് നന്ദുവിനെ ഞാനും നിയയും കൂടെ ഒരുക്കി ഹാളിൽ എത്തി. ഡോക്ടർക്ക് ചന്ദനം കൊണ്ടു കൊടുക്കാൻ നിയ എന്റെ കയ്യിൽ തന്നു വിട്ടു. അതുമായി ഞാൻ ഡ്രസ്സിംഗ് റൂമിൽ ചെന്നപ്പോൾ അവിടെ ആരും ഇല്ല. തിരിഞ്ഞു നോക്കിയപ്പോൾ വാതിൽ അടച്ചിട്ടു നിൽക്കുന്നു കാട്ടാളൻ. ഉദ്ദേശം നല്ലതല്ല എന്ന് മുഖം കണ്ടാൽ തന്നെ അറിയാം.

“ഡോക്ടർ എവിടെ…?”

“നിന്റെ കെട്ടിയോൻ വടി പോലെ മുന്നിൽ നിന്നിട്ട്…പരപുരുഷനെ അന്വേഷിക്കുന്നോ ടീ….?”

“ആദ്യം കെട്ടിയോൻ ആകട്ടെ…ഇപ്പൊ വഴിയിൽ നിന്ന് മാറികേ…”

“അല്ലെങ്കിലും ഞാൻ നിന്റെ വഴി തടയാൻ വന്നതല്ല. ഒരു കാര്യം തരാൻ വന്നതാ…” “എന്ത് കാര്യം” “അത് പിന്നെ നീ ഇങ്ങനെ ഒരുങ്ങി നിൽക്കുന്നത് എന്നെ കാണിക്കാൻ ആണെങ്കിലും…എൻറെതായ ഒന്നും നീ ഇട്ടിട്ട് ഇല്ലാത്തതുകൊണ്ട് എനിക്ക് ഒരു ഭംഗി തോന്നുന്നില്ല.” “ആ സാരി ഞാൻ ഉടുക്കാത്തതിൽ ഹരിയേട്ടന വിഷമമുണ്ടോ…?” “സാരമില്ല…അത് നീയും ഞാനും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന മറ്റൊരു സമയത്ത് ഉടുത്തോളു.” “അത് ഏതാ അങ്ങനെ ഒരു സമയം…”

“എടീ…പൊട്ടി…നാളെ നമ്മുടെ കല്യാണം ഒക്കെ കഴിഞ്ഞു. രാത്രി നീ നമ്മുടെ മുറിയിലേക്ക് വരില്ലേ….അന്നേരം ഉടുത്താൽ മതി….ഇപ്പൊ നീ കണ്ണടക്ക്…ഞാൻ വേറെ ഒരു സാധനം തരാം.”

“വേണ്ട…എനിക്കറിയാം. അതെന്താണ് എന്ന്. ഞാൻ പോണു…” “നിനക്കെന്തറിയാം ഹരിയെ കുറിച്ച്….? നീ നേരായ മാർഗ്ഗത്തിൽ എന്റെ സ്വന്തം ആവാതെ ഒരു കുരുത്തക്കേടിനും ഞാൻ വരില്ല മോളെ. ഇനി നീ ആഗ്രഹിച്ചാൽ പോലും….ഹരിക്ക് ഒരു വാക്കേയുള്ളൂ…നീ കണ്ണടക്ക്…” ഞാൻ കണ്ണടച്ചു. ഒരനക്കവുമില്ല. ഇനി എന്നെ ഇങ്ങനെ നിർത്തിയിട്ട് പോയോ കാട്ടാളൻ…?

ഞാൻ കണ്ണു തുറന്നു നോക്കി. എന്റെ തലയിൽ വെച്ച മുല്ലപ്പൂക്കൾകിടക്ക് ഭംഗിയുള്ള ഒരു ചുവപ്പ് റോസാപ്പൂവ് കുത്തി വെച്ചിരിക്കുന്നു. ആ പൂവ് കൂടി ആയപ്പോൾ എന്റെ മുഖത്തിന് വല്ലാത്ത ഭംഗി വന്നത് പോലെ തോന്നി. കണ്ണാടിയിൽ ഞാനും എന്റെ തൊട്ടുപിന്നിലായി എന്റെ തോളിൽ കൈ പിടിച്ചു കൊണ്ട് നിൽക്കുന്ന ഹരിയേട്ടനും…ഒരു നിമിഷം ആ പ്രതിബിംബത്തിൽ നോക്കി നിന്നു പോയി ഞങ്ങൾ.

“വാ… നമുക്ക് പോകാം. ഇനിയും ഇവിടെ നിന്നാൽ എന്റെ വാക്ക് ചിലപ്പോൾ എന്നോട് തന്നെ തെറ്റിച്ചു പോകും…” ഞങ്ങൾ എത്തിയപ്പോഴേക്കും കതിർമണ്ഡപത്തിൽ ഇരുന്നു കഴിഞ്ഞിരുന്നു ഡോക്ടറും നന്ദുവും. അവരുടെ വിവാഹ ചടങ്ങുകൾ നടക്കുമ്പോഴും നാളെ നടക്കാനിരിക്കുന്ന ഞങ്ങളുടെ വിവാഹത്തെ ഓർത്ത് പരസ്പരം നോക്കി കിനാവു കാണുകയായിരുന്നു ഞാനും എന്റെ കാട്ടാളനും….

തുടരും…