കുർബാന കഴിഞ്ഞ് വീട്ടിൽ കയറി വന്ന അമ്മച്ചി കാണുന്നത് ഹാളിലിരുന്ന് അവളു വെച്ച വാളു കോരുന്ന എന്നേയും മേശയിൽ അടിച്ചു പൂസായി ഇരിക്കുന്ന മേരിക്കുട്ടിയേയും ആണ്.

ഇരട്ടച്ചങ്കത്തിപ്പെണ്ണ് – എഴുത്ത്: ആദർശ് മോഹനൻ

ഞായറാഴ്ച രാവിലെത്തന്നെ കൈവിറമാറാൻ രണ്ടെണ്ണം അടിക്കാതെ വീർപ്പുമുട്ടിയിരിക്കുമ്പോഴാണ് ഉരുളൻ മോന്ത കേറ്റിപ്പിടിച്ച് എന്റെ പ്രിയ പത്നി വാ തോരാതെയെന്തൊക്കെയോ പിറു പിറുക്കണത് കേട്ടത്.

ആ ശബ്ദ വീചികൾ കേട്ടപ്പോൾ ആഴ്ചയിൽ ഒരിക്കലുള്ളയെന്റെ വെള്ളടിയെന്ന പതിവ് തെറ്റുമോയെന്ന് ഞാൻ ഭയന്നു. ആ പിറുപിറുക്കലൊക്കെയുo കഴിഞ്ഞ ആഴ്ചയിൽ ഞാനാടിയ പാമ്പാട്ടത്തിന്റെ പരിഭവ ശ്രുതിയാണുണ്ടായിരുന്നത്. പറമ്പിൽ അടിച്ചു മറിഞ്ഞ് കോൺതിരിഞ്ഞു കിടന്നയെന്നെ ഒറ്റക്ക് ചുമലിലിട്ടു വീട്ടിൽ കൊണ്ടന്നതിന്റെ എല്ലാവിധ അധികാരവും ന്റെ മേരിക്കുട്ടിടെ മുഖത്തെനിക്ക് കാണാർന്നു.

അതു കൊണ്ടു തന്നെ ഗർജ്ജനമെല്ലാമൊഴിവാക്കി ഒരു പൂച്ചക്കുട്ടിയെപ്പോലെ അയ്യോ പാവം എന്ന മട്ടിൽ ഈ ഞായറാഴ്ച ഗോവിന്ദയായെന്നു കരുതിയിരിക്കുമ്പോഴാണ് അവളുടെ വായിൽ നിന്നത് അറിയാതെത്തന്നെയത് വീണു പോയത്. വീണ്ടും ഞാൻ കൂട്ടുകാരോടൊപ്പം പോയി ആർമ്മാദിക്കും എന്ന ഭയത്താലായിരിക്കണം അവളത് പറഞ്ഞത്…

“കുടിക്കുമ്പോ സാധനം വാങ്ങി വീട്ടിൽ കൊണ്ടുവന്നു കുടിച്ചൂടെ, നാട്ടുകാരെ കാണിക്കാനായിട്ട് വല്ല പറമ്പിലും വാളു വെച്ച് കിടക്കാണ്ട്…”

എന്ന്. ഹോ അത് കേട്ടപ്പോ തന്നെ അയ്യായിരം ലഡുക്കൾ മനസ്സിൽ ഒരുമിച്ച് പൊട്ടിയിരുന്നു. കുളിച്ചൊരുങ്ങി ബീവറേജിൽ നിന്നും എന്റെ ഇഷ്ട്ടപ്പെട്ട ബ്രാൻഡ് എം എച്ച് തന്നെ വാങ്ങിക്കൊണ്ടുവന്നു. അമ്മച്ചി കാണാതിരിക്കാൻ അരയിൽ തിരുകിയ സാധനം റൂമിലെത്തിയപ്പോഴാണ് എടുത്തത്. ഞാനെത്തിയപ്പോൾ തന്നെ വെള്ളവും പോത്തിറച്ചിയും കൊണ്ടു വന്നു റൂമിലെ മേശയിലവൾ നിരത്തി വെച്ചപ്പോൾത്തന്നെ എന്തോക്കെയോ പന്തികേട് തോന്നിയതാണെനിക്ക്…

ഞാനവളെ തറപ്പിച്ചൊന്നു നോക്കി ഇതെന്റെ പെണ്ണുംമ്പിള്ള മേരിക്കുട്ടി തന്നെയല്ലെ എന്ന അർത്ഥത്തിൽ…കൊണ്ടുവന്ന ചില്ലു ഗ്ലാസ്സിന്റെ എണ്ണം കണ്ടപ്പോൾ സംശയത്തോടെ ഞാനവളോട് ചോദിച്ചു. “ആർക്കാ രണ്ട് ഗ്ലാസ്സ്…?” എന്ന്. “ചത്തുപോയ നിങ്ങടെ അപ്പാപ്പന് വേണ്ടിയാ” എന്നവളെനിക്ക് മറുപടി തന്നപ്പോൾ ഉളളിൽ കലിപ്പ് കത്തിക്കയറി വരികയാണുണ്ടായത്.

വേറെ ആരെ പറഞ്ഞാലും കുഴപ്പില്ല. ആദ്യമായി വാറ്റു ചാരായം അണ്ണാക്കിലൊഴിച്ച് തന്ന അപ്പാപ്പനെ പറഞ്ഞാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല. ആ മനുഷ്യനെ എല്ലാ ഞായറാഴ്ചകളിലും ഓർക്കാൻ വേണ്ടിയാ ഞാൻ കുടിക്കുന്നത് തന്നെയെന്ന് ഈ പൂതനക്ക് അറിയില്ലല്ലോ…കഴിഞ്ഞ ആഴ്ച അവൾ ചെയ്ത ത്യാഗത്തെയോർത്ത് മനപ്പൂർവ്വം ഞാനെന്റെ ദേഷ്യത്തെ കടിച്ചമർത്തി.

“മിഴിച്ച് നിക്കാതെ ഒരെണ്ണം ഒഴിക്കെടോ മാപ്ലേ…” അത് കേട്ടപ്പൊ ഞാൻ പെട്ടെന്നൊന്ന് ഞെട്ടി. കൈയ്യിലിരുന്ന എം എച്ചിന്റെ ബോട്ടിൽ കിടുകിടാ വിറച്ചപ്പോൾ അവളെന്റെ കൈയ്യിൽ നിന്നും ബോട്ടിൽ വാങ്ങി രണ്ട് ലാർജ്ജ് അളന്നൊഴിച്ച പോലെ രണ്ടു ഗ്ലാസ്സിലും ഒരേ അളവിൽ ഒഴിച്ചു.

വട്ട ബാറിലെ വെയ്റ്റർ ചന്ദ്രേട്ടനെയാണെനിക്കപ്പോൾ ഓർമ്മ വന്നത്. അങ്ങേരു മാത്രമേ ഇങ്ങനെ കിറുകൃത്യമായി ഗ്ലാസ്സിൽ മദ്യം പകർത്തിയൊഴിക്കുകയുള്ളോ…ഈയൊരു നിമിഷത്തെ കൊതിക്കാത്ത ഭർത്താക്കന്മാരുണ്ടാവില്ല (കുടിക്കുന്നവരുടെ കാര്യമാണ് ട്ടോ).

സ്വന്തം പെണ്ണുമ്പിള്ളക്കൊപ്പം കമ്പനിയായിട്ട് ഒന്നര അടിച്ചു കൊച്ചുവർത്താനം പറഞ്ഞിരിക്കുകയെന്നത് എന്റെയൊരു ചിരകാല സ്വപ്നം തന്നെയായിരുന്നു. രണ്ടെണ്ണം അടിച്ചു കിറുങ്ങിയിരിക്കണ ന്റെ മേരിക്കുട്ടീടെ മോന്ത കാണാൻ ഐശ്വര്യാ റായ് യേക്കാൾ ചേലാണ്. ഒപ്പം പാറേമ്മെ ചിരട്ടക്കുട്ടിയൊരക്കുമ്പോളുണ്ടാകാറുള്ള പോലത്തെ സ്വരമാധുര്യം എന്റെ കാതുകളെ പുളകം കൊള്ളിക്കുന്നുണ്ടായിരുന്നു.

കുടിക്കുമ്പോ കൂട്ടുകാരോടൊത്ത് കുടിച്ചാലാ അതിന്റെയൊരു ഫീല് കിട്ടൊള്ളോ ന്നാ ഞാൻ കരുതിയിരുന്നത്. പക്ഷെ എനിക്കു തെറ്റിപ്പോയി, സത്യം പറഞ്ഞാ എന്റെ പെണ്ണുമ്പിളേളടെ കൂടെയിരുന്ന് കഴിക്കുമ്പോളുള്ള ഒരു ഫീൽ ഉണ്ടല്ലോ അത് അപ്പന്റെ കൂടെയിരുന്ന് നേർക്കുനേരെയിരുന്ന് അടിച്ചപ്പോ പോലും എനിക്ക് കിട്ടിയിട്ടില്ല.

എല്ലാ ഞായറാഴ്ചകളിലും ഈ പതിവ് തുടർന്നപ്പോത്തന്നെ എന്തൊക്കെയോ പിഴവെനിക്ക് തോന്നിത്തുടങ്ങിയിരുന്നു. ഞാൻ രണ്ടെണ്ണം അവൾ മൂന്ന് എന്ന കണക്കിലെത്തിയപ്പോൾ പതിയെപ്പതിയെ വീട്ടിൽ സാധനം വാങ്ങിക്കൊണ്ടുവരലങ്കട് നിർത്തി ഞാൻ. രണ്ട് ഞായർ കുടിക്കാതെ തള്ളി നീക്കിയപ്പോൾ എന്റെ കൈകളേക്കാൾ മേരിക്കുട്ടിയുടെ കൈകൾ കൂടുതൽ വിറക്കുന്നത് കണ്ടപ്പോത്തന്നെ മനസ്സിലായി പണി പാലും വെള്ളത്തിൽ തന്നെയാണവൾ തന്നതെന്ന്…

അങ്ങനെ കൈവിറയലിന്റെ നാലാം ഞായർ കടന്നു വന്നു. പോത്തിറച്ചി വാങ്ങാനായി കവലയിൽ പോയി മടങ്ങി വന്നപ്പോൾ റൂമിനുള്ളിലുള്ളയാ കാഴ്ച്ച കണ്ട് ഞാൻ ഞെട്ടിപ്പോയി. എന്റെ ദേഹമാകെ വിറച്ചു തുടങ്ങി. തൊണ്ടക്കുഴി വറ്റിവരണ്ടു. കാരണം ഞാൻ പോയ തക്കം നോക്കി എന്റെ മേരിക്കുട്ടി എവിടുന്നൊക്കെയോ എം എച്ച് ന്റെ ഫുൾ ബോട്ടിൽ ഒപ്പിച്ചു കൊണ്ടുവന്ന് ഒറ്റക്കിരുന്ന് അടിച്ചോണ്ടിരിക്കുകയായിരുന്നു. ഒപ്പം എന്തൊക്കെയോ വിടുവായിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു.

അമ്മച്ചി പള്ളിയിൽ നിന്നു വരും മുൻപേ അവൾടെ കെട്ടിറക്കാനുള്ള പെടാപ്പാടായിരുന്നു പിന്നീടങ്ങോട്ട്…ഒരു രക്ഷയുമില്ല, ആള് നല്ല മൂഡിലാണ്. അവള് കുടിച്ചതും പോരാണ്ട് എന്നെക്കണ്ടപ്പോത്തന്നെ മൂന്നു വയസ്സുള്ളയെന്റെ എബി മോന് സ്പൂണിൽ മദ്യം പകർത്തിക്കൊടുക്കാൻ ശ്രമിക്കുകയായിരുന്നു അവൾ, ഒപ്പം പറയുന്നുമുണ്ട്…

“കുച്ചോ മോനെ, അപ്പച്ചന് വല്യ ഇശ്റ്റാ ഇത്….” എന്ന്. ഉലകിലുള്ള എല്ലാ ദൈവങ്ങളെയും ഒരുമിച്ചു വിളിച്ച നിമിഷമായിരുന്നു അത്. ന്റെ കുടി നിർത്താൻ വേണ്ടി മേരിക്കുട്ടി കണ്ടു പിടിച്ച വഴിയായിരുന്നു അത് എന്ന് പിന്നീടാണെനിക്ക് മനസ്സിലായത്.

അവളെ വലംതോളിൽ താങ്ങിപ്പിടിച്ച് ബാത്ത് റൂമിലെ ഷവറിനരികിൽ കൊണ്ടു നിർത്തുമ്പോൾ കരഞ്ഞുകൊണ്ടവൾ പറയുന്നുണ്ടായിരുന്നു. “ഇച്ചായൻ ഇനി കുടിക്കരുത്, ഇച്ചായൻ ഇനി കുടിച്ചാൽ ഞാനും കുടിച്ച് നശിക്കും…” എന്ന്. മേരിക്കുട്ടിനെ കുളിപ്പിച്ച് ഹാളിൽ കൊണ്ടിരുത്തിയപ്പോൾ തന്നെയെനിക്ക് പാതി ആശ്വാസം കിട്ടി.

പക്ഷെ ഒന്നും തീർന്നില്ലായിരുന്നു അതൊരു തുടക്കം മാത്രമായിരുന്നു. അമ്മച്ചീടെ നീണ്ട പൊങ്കലയുടെയും കലിതുള്ളലിന്റെയും ചെറിയൊരു തുടക്കം…

കുർബാന കഴിഞ്ഞ് വീട്ടിൽ കയറി വന്ന അമ്മച്ചി കാണുന്നത് ഹാളിലിരുന്ന് അവളു വെച്ച വാളു കോരുന്ന എന്നേയും മേശയിൽ അടിച്ചു പൂസായി ഇരിക്കുന്ന മേരിക്കുട്ടിയേയും ആണ്. അമ്മച്ചിയാ പടി കയറി വന്നതും അവള് ആറാമത്തെ വാള് എന്റെ ചുമലിലേക്ക് ചീറ്റിച്ചതും ഒരൊറ്റ സെക്കന്റിന്റെ വ്യത്യാസത്തിലായിരുന്നു. അത് കണ്ടപ്പോഴേക്കും അമ്മച്ചി പള്ളിപ്പെരുന്നാളിനു പടക്കം പൊട്ടണ ഒച്ചേല് തെറിപ്പാട്ട് തുടങ്ങിയിരുന്നു.

“ടാ കാലമാടാ നീയോ കുടിച്ച് നശിച്ചു എന്റെ മോളെയും കൂടെ നീ കുടിപ്പിച്ച് നശിപ്പിക്കാൻ നോക്കാണോടാ കഴുവേറി…” എന്ന അമ്മച്ചീടെ പല്ലവി കേട്ടപ്പോൾ അമ്മച്ചിടെ വയറ്റിൽപ്പിറന്നത് അവളാണോ അതോ ഞാനാണോ എന്ന സംശയത്തിലമ്മച്ചിയെ ഞാനൊന്നു നോക്കി. ഒന്നും ഉരിയാടാതെ എല്ലാം വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോഴും ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് പോലെ അമ്മച്ചീടെ തെറിപ്പാട്ടും മുഴങ്ങുന്നുണ്ടായിരുന്നു.

അപ്പോഴും നിഷ്കളങ്ക ഭാവത്തിൽ എന്റെ മേരിക്കുട്ടി “ഞാനൊന്നുമറിഞ്ഞില്ലേയെന്റേ മാതാവേ…” എന്ന മട്ടിൽ എങ്ങോട്ടെന്നില്ലാതെ തലയും തിരിച്ച് ഇരിക്കുന്നുണ്ടായിരുന്നു. തമ്മിൽക്കണ്ടാൽ കീരിയും പാമ്പുമായിരുന്ന അമ്മച്ചീടേം മേരിക്കുട്ടിടേം പരസ്പര സ്നേഹം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.

അതിനിടയിൽ അവൾ അമ്മച്ചിയോടായ് പറയുന്നുണ്ടായിരുന്നു…”ഇച്ചായൻ ഇനി കുടിക്കില്ല അമ്മച്ചി, കുടിക്കില്ല ന്ന് എന്നോട് പറഞ്ഞു…” അത് കേട്ടപ്പോൾ ഉള്ളിൽ പുഛമാണ് ഉണർന്നു വന്നത് ഞാൻ പതിയെ മനസ്സിൽപ്പറഞ്ഞു….”സാമുവൽ കുടി നിർത്തിയ അന്ന് കാക്ക മലർന്നു പറന്നിരിക്കും…” എന്ന്, പാവം ന്റെ മേരിക്കുട്ടിക്ക് അത് അറിയാൻമേലല്ലോ…

പിറ്റെ ദിവസം സത്യം ഇടീക്കലിന്റെ ദിവസം ആയിരുന്നു. മേലാൽ ഇനി ഒരു തുള്ളി മദ്യം കുടിക്കില്ല എന്ന് രണ്ടാളും അമ്മച്ചീടെ തലേൽ തൊട്ട് സത്യം ചെയ്യണം അതായിരുന്നു കരാർ. അവൾ ഒരു കൂസലും ഇല്ലാതെ അമ്മച്ചീടെ തലയിൽ കൈ വെച്ച് സത്യം ചെയ്തപ്പോൾ ചോദ്യഭാവത്തിലമ്മച്ചിയെന്നെയൊന്നു നോക്കി. എന്റെ ഊഴം വന്നപ്പോ ഞാൻ പറഞ്ഞു സത്യം ഇടാനൊന്നും ഞാനില്ല. പ്രത്യേകിച്ച് അമ്മച്ചീയേയും വച്ച് വേണെങ്കിൽ കുടിയങ്ങ് നിർത്തിയേക്കാം എന്ന്…

പിടിച്ച പിടിയിൽ മേരിക്കുട്ടി വാശി പിടിച്ചു കൊണ്ടേയിരുന്നു. എന്നാ അമ്മച്ചീനെ വെച്ചിട്ട് വേണ്ട എബി മോനെ മുൻനിർത്തിയാ സത്യവാചകങ്ങൾ ചൊല്ലണം എന്നവൾ പറഞ്ഞു. ആ ഉടമ്പടിയും പാടെ തട്ടിത്തെറിപ്പിച്ചിട്ട് സത്യം ഇടുമ്പൊ നിന്റെ തലയിൽ വച്ച് തന്നെയായിക്കോട്ടെയെന്ന് ഞാൻ പറഞ്ഞപ്പോ മേരിക്കുട്ടി അൽപ്പം മ്ലാനതയോടെയതങ്ങ് സമ്മതിച്ചു.

ആ മത്തങ്ങത്തലയിൽ കൈ വെച്ച് ഞാനാ സത്യവാചകം ചൊല്ലിത്തീരുമ്പോഴും ഷാജിയാശാൻ പഠിപ്പിച്ചു തന്ന കള്ളസത്യത്തിന്റെ രീതികൾ മനസ്സിലൂടെ കടന്നു പോയി. എന്റെ ചുണ്ടിൽ ഞാനറിയാതെത്തന്നെയൊരു പുഞ്ചിരി വിടർന്നു.

സത്യം ചെയ്യലിൽ തലക്ക് മുകളിൽ കൈ വെക്കുമ്പോൾ കൈയ്യൊന്ന് മലർത്തിവെക്കാ, അതു കഴിഞ്ഞ് മുറ്റത്ത് നിക്കണ തുളസിക്കതിര് പൊട്ടിച്ച് സത്യം ചെയ്തയാളുടെ തലയിൽ മൂന്നു പ്രാവശ്യം ഉഴിഞ്ഞ് വീട്ടിലെ കിണറ്റിലോ അല്ലെങ്കിൽ ഏതെങ്കിലും തോട്ടിലോ ഇട്ടാ മതി…അങ്ങേരത് പതിനാറ് വട്ടം പയറ്റിത്തെളിഞ്ഞതാണ്. അതുകൊണ്ട് തന്നെ അങ്ങേർടെ പെണ്ണുംമ്പിള്ള പയറു മണി പോലെ തുള്ളിച്ചാടി നടക്കുന്നുമുണ്ട്.

ഇപ്പോഴും ആ ഒരു വിശ്വാസമുള്ളതുകൊണ്ട് തന്നെ ഞാനും മുറതെറ്റാതെത്തന്നെയത് അനുസരിച്ചു പോന്നു. എങ്കിലും ഓരോ ഞായറാഴ്‌ച കഴിയുമ്പോഴും ഉള്ളിലൊരു നീറ്റലാണ്. സത്യം അടിച്ചു പോയതിന്റെ ഒരു കുറ്റബോധമായിരുന്നു മനസ്സിൽ…

അങ്ങനെ പല പല ആഴ്ചകളും നീറി നീറിക്കടന്നു പോയി. തുള്ളി കുടിക്കാൻ പറ്റാത്തതിന്റെ ഒരു തല പെരുപ്പം വല്ലാതെയലട്ടിക്കൊണ്ടിരുന്നു. ആകെ വിഭ്രാന്തനായി ഞാനങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടപ്പോൾ തന്നെ മേരിക്കുട്ടിക്ക് കാര്യം പിടികിട്ടിയിരിക്കണം. മൂന്നും കൽപ്പിച്ച് ഞാനെന്റെ വെള്ളക്കുപ്പായവും അണിഞ്ഞ് ബീവറേജിലേക്ക് ഇറങ്ങാൻ തയ്യാറെടുത്തപ്പോളാണ് പിൻവിളി കൊണ്ടെന്റെ പ്രിയ പത്നി സ്നേഹത്തിന്റെ നിറകുടമായ മത്തങ്ങാമോറിയുടെ തട വീണത്.

“വാങ്ങുമ്പോൾ എം എച്ച് ന്റെ ഫുൾ തന്നെ വാങ്ങണെ എനിക്ക് അതാണ് ഇഷ്ട്ടം” എന്ന്. “അങ്ങനെയിപ്പൊ എന്റെ തല പൊട്ടിത്തെറിച്ചിട്ട് നിങ്ങടെ അമ്മച്ചി സുഖമായി ജീവിച്ചിരിക്കണ്ട…” എന്ന്.

പകച്ച് പണ്ടാറടങ്ങിപ്പോയത് എന്റെ ബാല്യവും കൗമാരവും യൗവ്വനവും മാത്രമായിരുന്നില്ല. വരാനിരിക്കുന്നയെന്റെ വാർദ്ധക്യം കൂടെ അതിൽ ഉൾപ്പെട്ടിരുന്നു. പല്ല് കൂട്ടിക്കടിച്ച് ഞാൻ മെല്ലെ മനസ്സിൽ അവളോടായ് മൊഴിഞ്ഞു…എടി മത്തങ്ങാ മോറി ഞാനന്ന് നിന്റെ തിരുമണ്ടയിൽ കൈവെച്ചു ചെയ്തത് എന്റെ ആശാൻ ഷാജിയേട്ടൻ പഠിപ്പിച്ചു തന്ന കള്ളസത്യമാണ്…എന്ന്, നീയറിയാതെത്തന്നെ എന്നേലും രണ്ടെണ്ണം ഞാൻ വീശും…എന്ന്..

എങ്കിലും നാളിതുവരെ ഒരു തുള്ളി മദ്യം ഞാൻ കൈ കൊണ്ട് തൊട്ടിട്ടില്ല. ഷാജിയേട്ടന്റെ കള്ളസത്യത്തേക്കാൾ വലുത് എനിക്കെന്റെ മേരിക്കുട്ടിയാന്നേ…അവളൊരു പാവമല്ലേ…

നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനീകരം…