അവൾ എന്റെ വായപൊത്തി. അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. എന്നെ കെട്ടിപ്പിടിച്ച് കുറച്ചു നേരം കരഞ്ഞു

എഴുത്ത് : VIDHUN CHOWALLOOR

ഞാൻ അന്നേ പറഞ്ഞതാ, ഈ ചൊവ്വാദോഷമുള്ള കുട്ടീനെ വേണ്ട എന്ന്. ഇപ്പൊ എന്തായി കെട്ടിയിട്ട് മാസം രണ്ടു കഴിഞ്ഞില്ലേ ചെക്കന്റെ കണ്ടകശ്ശനി തുടങ്ങി……….

പ്രിയ മരുന്നിന്റെ ലിസ്റ്റ് എടുത്തു റൂമിനു പുറത്തേക്ക് നടന്നു….,,

വിഷമം ആയിട്ട് ഉണ്ടാവണം. ഈ അമ്മയുടെ ഒരു കാര്യം എന്താ എങ്ങനെയാ പറയുന്നതെന്ന് ഒരു ബോധവുമില്ല. ഞാൻ കണ്ണടച്ച് ബെഡിൽ കിടന്നു….

ബന്ധുക്കളെല്ലാം മുറിയിൽ നിന്നിറങ്ങാൻ കാത്തിരിക്കുകയായിരുന്നു…….

അമ്മയ്ക്ക് ബോധമുണ്ടോ…? മറ്റുള്ളവരുടെ മുന്നിൽ വച്ച് അവളെ എന്തിനാ ഇങ്ങനെ കൊച്ചാക്കുന്നത്. അവൾക്ക് എന്ത് വിഷമം ആയിട്ടുണ്ടാവും. അവൾ എന്റെ ഭാര്യയാണ് അല്ലാതെ അടിമയല്ല എന്തു ചെയ്താലും കുറ്റം മാത്രം…അമ്മയുടെ മോൾക്ക് ആയിരുന്നെങ്കിൽ അമ്മ ഇങ്ങനെ പറയുമായിരുന്നോ……ഇനിയിപ്പോൾ അങ്ങനെ ഒരു ദോഷം അവൾക്ക് ഉണ്ടെങ്കിൽ അനുഭവിക്കാൻ ഞാൻ തയ്യാറാണ്. അതിലും അവൾ കൂടെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പാണ് അതുമതി എനിക്ക്

ഓ…..ഇപ്പോൾ ഞാൻ പറഞ്ഞതിൽ ആണ് തെറ്റ്. ചെക്കൻ ആ പെണ്ണിന്റെ തൊലി വെളുപ്പിൽ മയങ്ങി. നീ തന്നെ അനുഭവിച്ചോ….

അതൊരു പാവം ആയതുകൊണ്ടാണ്….ഇന്നത്തെ കാലത്ത് പെൺപിള്ളേര് ആരും ഇത്രയ്ക്ക് താണ് തരില്ല അമ്മേ….

മരുന്നു മേശപ്പുറത്ത് വെച്ച് എന്റെ അടുത്ത് വന്നുനിന്നു കയ്യിൽ ചെറുതായൊന്നു നുള്ളി. കണ്ണുകൊണ്ട് വേണ്ട എന്നൊക്കെ ആക്ഷൻ കാണിക്കുന്നുണ്ട്……..

അമ്മായിഅമ്മയെ മരുമകൾ തലയ്ക്കടിച്ചു കൊന്നു….എല്ലാം കേട്ടുകൊണ്ടിരുന്ന അച്ഛൻ ന്യൂസ് പേപ്പർ എടുത്തു ഉറക്കെ വായിച്ചു…..

അമ്മ അച്ഛനെ ഒരു നോട്ടം നോക്കി ഇറങ്ങിപ്പോയി…….

അതിന് ഇച്ചിരി വട്ടാണ് മോളെ…..കണ്ടതും കേട്ടതും ഒക്കെ വിശ്വസിക്കും അല്ലാതെ ഉള്ളിൽ ഒന്നുമില്ല…….എന്റെ മോള് വിഷമിക്കേണ്ട

അച്ഛന് പ്രിയയെ ഭയങ്കര ഇഷ്ടമാണ്….പെൺകുട്ടികൾ ഇല്ല എന്ന അച്ഛന്റെ പരിഭവം മാറിയത് പ്രിയ എന്റെ കൈപിടിച്ച് കയറിയതിന്റെ പിറ്റേന്നുമുതൽ ആണ്……..അവൾക്കും ജീവനാണ് എല്ലാത്തിനും സപ്പോർട്ട് ആണ് അച്ഛൻ അമ്മയ്ക്ക് വേറെ കുഴപ്പമൊന്നുമില്ല. പക്ഷേ ആ ജാതകം….എന്നാലും എന്റെ ഇഷ്ടത്തെ ഞാൻ കൂടെ തന്നെ നിർത്തി. അതിന്റെ പരിഭവം അമ്മയ്ക്ക് എന്നും ഉണ്ട്. അതുകൊണ്ടുതന്നെ ദുരിതങ്ങൾ എന്ത് കടന്നു വന്നാലും എല്ലാതും പ്രിയക്ക് അവകാശപ്പെട്ടതാണ്…….

എന്തിനാ അമ്മയോട് ഇങ്ങനെ തർക്കിക്കുന്നത്

പിന്നെ എനിക്ക് സങ്കടം തോന്നി. എല്ലാവരുടെയും മുന്നിൽ വെച്ച് നിന്നെ ഇങ്ങനെ

അമ്മമാരെ വിഷമിപ്പിച്ചലേ ഈശ്വര കോപം കിട്ടും………

ആണോ…..ഞാനറിഞ്ഞില്ല………..ഞാൻ മുഖം വീർപ്പിച്ച് തിരിഞ്ഞുകിടന്നു. അല്ലെങ്കിലും വാദിയെ പ്രതിയാക്കുന്ന രീതിയാണ് പ്രിയയ്ക്ക്….കുറ്റങ്ങളെല്ലാം അവളെ ഏറ്റെടുക്കും അത് തന്നെയാണ് പതിവ്

അച്ചോടാ……ചക്കരക്കുട്ടി പിണങ്ങിയോ…….വിരലു കൊണ്ട് പുറത്ത് തോണ്ടുന്നുണ്ട്

ഞാൻ ഒറ്റ അടി വച്ചുകൊടുത്തു

അയ്യോ എന്റെ കൈ……..പ്രിയ ഒന്ന് കരഞ്ഞു

പെട്ടെന്ന് തന്നെ ഞാൻ തിരിഞ്ഞു. കയ്യെങ്ങാനും ഒടിഞ്ഞോ ദൈവമേ…..

ചിരിച്ചു കൊണ്ട് എന്നെ നോക്കി ഇരിപ്പുണ്ട്

ഞാൻ കയ്യിൽ പിടിച്ച് ഒന്ന് അമർത്തി നോക്കി ഒരു കുഴപ്പവുമില്ല……..

ആക്ടിങ് ആണല്ലേ……

ആ അതെ…….എന്തിനാ ഇങ്ങനെ……മറ്റ് ആരെന്തു പറഞ്ഞാലും എനിക്കൊരു സങ്കടവുമില്ല എന്റെ ഏട്ടൻ ഉണ്ടല്ലോ…എന്നെ വിശ്വസിക്കാൻ പിന്നെന്തിനാ ഞാൻ സങ്കടപ്പെടുന്നത് അമ്മയോട് ഈ കാര്യം പറഞ്ഞു അടി കൂടിയാൽ ഉണ്ടല്ലോ ഒരു കുത്ത് അങ്ങ് വെച്ച് തരും ഞാൻ

പിന്നെ……ഇവിടെ അങ്ങനെ കിടന്നാൽ മതിയോ പോവണ്ടേ അതിനു മാത്രം ഒന്നും പറ്റിയിട്ടില്ല കാലു ഉളുക്കി. ബാൻഡേജ് ഇട്ടിട്ടുണ്ട് രണ്ടുദിവസം റസ്റ്റ് എടുത്താൽ ശരിയാകും അത്രയേ ഉള്ളൂ എന്ന് ഡോക്ടർ പറഞ്ഞു……അതുകൊണ്ട് എന്റെ മോൻ എഴുന്നേറ്റ് വാപോവാം……ചൊവ്വാദോഷ കാരിയുടെ ഭർത്താവാണ്…ഇവിടെ കിടന്നു കാശ് ചിലവായൽ പിന്നെ അതും എന്റെ തലയിൽ ആകും പ്രിയ ചിരിച്ചു…….

അതൊരു തമാശയാണെങ്കിലും എനിക്ക് എന്തോ പോലെ തോന്നി………

അവളുടെ തോളിൽ കയ്യിട്ടു ആശുപത്രിയിൽ നിന്ന് ഇറങ്ങി വരാന്തയിൽ നിന്ന് അച്ഛനും പിടിച്ചു. അവളെ ചേർത്തു പിടിച്ച് നടക്കാൻ അല്ലെങ്കിലും നല്ല രസമാണ്……

ഉളുക്ക് സീസൺ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും ബിസിനസ് ഒന്ന് ഡൾ ആയി…….അതിന്റെ കുറ്റവും നേരെ പോയത് അവളുടെ തലയിൽ തന്നെയാണ് പക്ഷേ ഇപ്രാവശ്യം അമ്മയല്ല അത് കണ്ടുപിടിച്ചത് നാട്ടിലെ മികച്ച കണ്ടുപിടുത്തക്കാരായ അയൽക്കൂട്ടം ചേച്ചിമാർ ആയിരുന്നു. അവരുടെ അരമണിക്കൂർ നേരത്തെ ചർച്ചയിൽ ഇപ്രാവശ്യത്തെ വിഷയം പ്രിയയായിരുന്നു അവരത് ആഘോഷിക്കുകയും ചെയ്തു

കൂടെക്കൂടെയുള്ള ഇത്തരം അനുഭവങ്ങൾ എന്നെയും അസ്വസ്ഥനാക്കാൻ തുടങ്ങി…

അന്നൊരു ദിവസം പുതിയ ബിസിനസിനെ കുറിച്ച് കൂട്ടുകാരനോട് സംസാരിക്കുന്നതിനിടയിൽ ഒരു കളി വാക്ക് ആയിട്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഞാനൊന്ന് ചെയ്തിട്ടും കാര്യമില്ല എന്റെ പെണ്ണിനെ ചൊവ്വാദോഷം ഉണ്ട് ചെയ്യുന്നതെല്ലാം വിഫലമായി പോവുകയുള്ളൂ എന്നു പറയുന്നു എല്ലാവരും, നിങ്ങൾ തുടങ്ങിക്കോ എന്തിനാ ഞാനായിട്ട് അത് ഇല്ലാതാക്കുന്നത്…..

ഉറക്കെ ചിരിച്ചു തിരിഞ്ഞുനോക്കിയപ്പോൾ മുഖം എല്ലാം വിളറി കണ്ണുനീർ പൊഴിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്ണിനെ ആണ് കണ്ടത്. ചായക്കപ്പ് മേശപ്പുറത്തു വച്ചു അവൾ അങ്ങ് പോയി ഒന്നും മിണ്ടാത്തത് പോലുമില്ല…..

ഞാനാകെ ടെൻഷനായി……അവൾ അത് കാര്യമായിട്ട് എടുത്തിട്ട് ഉണ്ടാകണം. അന്ന് മുഴുവനും എനിക്ക് പിടി തരാതെ പ്രിയ എവിടെ ഇവിടെയുമായി കഴിച്ചുകൂട്ടി. ഒരു മിനിറ്റ് എന്നോട് മിണ്ടാതെ ഇരിക്കാത്ത പെണ്ണ് ആണ് പിച്ചിയും നുള്ളിയും തോണ്ടിയും എപ്പോഴും കൂടെ തന്നെ ഉണ്ടാവും അടി കൂടാൻ……..

ചുറ്റും നോക്കി ആരുമില്ല. അച്ഛനും അമ്മയും ഒന്നും ആ ചൂറ്റുവട്ടത്തിൽ ഇല്ല പ്രിയയെ ഒറ്റയ്ക്ക് അടുക്കളയിൽ വച്ച് തന്നെ കിട്ടി ഒന്നും നോക്കിയില്ല നേരെ പോയി കാലിൽ തന്നെ വീണു………

അയ്യോ……എന്തായിത്……ഒന്ന് എണീക്ക് ആരെങ്കിലും കാണും……

പ്രിയ ഷർട്ടിൽ പിടിച്ചു വലിക്കാൻ തുടങ്ങി

സോറി…….ഞാൻ അങ്ങനെയൊന്നും…..

അവൾ എന്റെ വായപൊത്തി. അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു എന്നെ കെട്ടിപ്പിടിച്ച് കുറച്ചു നേരം കരഞ്ഞു

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ ഏട്ടൻ ഇങ്ങനെയാണെങ്കിൽ അങ്ങനെയൊക്കെ പറയുമ്പോൾ എന്റെ അവസ്ഥ എന്തായിരിക്കും തേങ്ങലിനിടയിൽ അവൾ എന്നോട് ചോദിച്ചു…

എന്തായാലും ആ പ്രശ്നം അവസാനിച്ചു. നല്ല കാലം തുടങ്ങി എന്ന് വേണം പറയാൻ….പുതുതായി തുടങ്ങിയ ബിസിനസ് നല്ല ലാഭത്തിൽ ആയി. കൂടാതെ ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയും വരവറിയിച്ചു. സന്തോഷത്തിന് ദിവസങ്ങൾ അങ്ങനെ പൂത്തു നിന്നു

ആയിടക്കാണ് അനിയന് പെണ്ണ് നോക്കുന്നത്. ജാതക പൊരുത്തം നോക്കുന്ന ദിവസമാണ് ഇന്ന് വീട്ടിൽ. രണ്ടുപേരും ഇഷ്ടത്തിൽ ആയിട്ട് കുറച്ചു ദിവസങ്ങളായി, വീട്ടിൽ പിടിച്ചത് ഞാൻ തന്നെയാണ്. പെട്ടെന്നുതന്നെ അതൊരു പ്രൊപോസൽ ആക്കി……

ഇത് അങ്ങനെ ചേരുമോ എന്ന് തോന്നുന്നില്ല. കുട്ടിക്ക് ചൊവ്വാദോഷം ഉണ്ട്. വേറെ നോക്കുകയായിരിക്കും ഉത്തമം

കണിയാൻ മുഹൂർത്തം കുറിച്ചോളു…കുട്ടി ഇത് തന്നെ മതി……

അച്ഛനും ഞാനും അനിയനും അമ്മയെ കണ്ണ് തള്ളി നോക്കി അമ്മ തന്നെയാണോ ഇത് പറയുന്നത് എന്ന മട്ടിൽ

പൊരുത്തം വേണ്ടത് ആ മനസ്സുകൾ തമ്മിൽ ആണ് അത് വേണ്ടുവോളമുണ്ട്…..അമ്മ പ്രിയയെ ചേർത്തു നിർത്തി പറഞ്ഞു

ചുറ്റിക്കറങ്ങി എന്റെ അടുത്ത് വന്നു ചേർന്ന് നിൽക്കുമ്പോൾ എനിക്കും തോന്നാറുണ്ട്, ഇതല്ലാതെ മറ്റൊന്നുമില്ല വിലപിടിപ്പുള്ളതായിട്ട് എനിക്ക് ഈ ജീവിതത്തിൽ എന്ന്……

സ്നേഹത്തെ ആട്ടി അകറ്റുന്നവർ അല്ല, അടുപ്പിക്കുന്നടത്താണ്‌ വിശ്വാസത്തിന് വില ഏറുന്നത് ചിലപ്പോൾ അതായിരിക്കും ദൈവത്തിനും ഇഷ്ടം…….