മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“”നീയൊരു പാവമാണെന്ന എന്റെ ധാരണ തെറ്റിയല്ലോടീ….അല്ല,എനിയ്ക്കെതിരെ സാക്ഷി പറഞ്ഞതിന് എത്ര തന്നു നിനക്കവള്…
വല്ല ആയിരമോ രണ്ടായിരമോ തന്നുകാണും….അതോ വല്ല ചുരിദാറോ സാരിയോ വാങ്ങി തരാമെന്ന് പറഞ്ഞോ…അല്ലേലും നിന്നപ്പോലെ ഉടുതുണിക്ക് മറുതുണി ഇല്ലാത്ത ദാരിദ്ര്യവാസികളൊക്കെ നക്കാപ്പിച്ച കിട്ടിയാൽ എന്തിനും തയ്യാറാണല്ലോ..ആട്ടക്കാരി””
കടപ്പല്ലു ഞെരിച്ചു അവൻ പറഞ്ഞ വാക്കുകൾ കേൾക്കെ ആയിരം കൂടങ്ങൾ നെഞ്ചിലേക്ക് ആർത്തടിക്കുന്ന നോവിൽ എന്റെ ഹൃദയം പൊട്ടിയടർന്നു…
ഉയർന്നു വന്ന ഏങ്ങലുകൾക്കൊപ്പം കവിളുകളിലൂടെ ഉരുണ്ടുവീണ നീർതുള്ളികൾ അമർത്തിത്തുടച്ചു, ദൂരേക്ക് നടന്നകലുന്ന സൂരജിനെ നോക്കി ഞാൻ മൗനമായി വരാന്തയിൽ നിലയുറപ്പിച്ചു…
ഇത്രയൊക്കെ അപമാനിക്കാൻ മാത്രമുള്ള തെറ്റ് ഞാൻ അവനോട് ചെയ്തിട്ടുണ്ടാകുമോ…തെറ്റിനും ശരിക്കും ഇടത്തിലുള്ള നൂൽപ്പാലത്തിലൂടെ എന്റെ മനസ്സ് നിയന്ത്രണമില്ലാതെ സഞ്ചരിച്ചു…
പാവങ്ങളും പണക്കാരും തമ്മിലുള്ള അവന്റെ മനസ്സിലെ വേർതിരിവ് എന്നെ അത്ഭുതപ്പെടുത്തി…
“”അപ്പോൾ, താങ്ക്സ് പല്ലവി…നീ ചെയ്ത ഉപകാരത്തിന്…നിന്റെ ബഞ്ച്മേറ്റിന് ഒരു പണി കൊടുക്കാൻ കൂടെ നിന്നതിന്…””
ചുണ്ടിൽ വക്രതയോടെ തലയിലെ മുറിവിൽ ചുറ്റിയിരുന്ന വെള്ള തുണി നിസ്സാരമായി അഴിച്ചു വേസ്റ്റ് ബാസ്കറ്റിലേക്ക് ഇട്ടിട്ട് ഒരു കണ്ണിറുക്കി കൗശലത്തോടെ ചിരിക്കുന്ന ഗംഗയ്ക്ക് മുന്നിൽ ഞാൻ ഞെട്ടലോടെ നിന്നുപോയി…
നെറ്റിയുടെ ഇടതുവശത്തായി ബാൻഡ്എയ്ഡ് ഒട്ടിച്ചിരിക്കുന്ന നിസ്സാരമായൊരു മുറിവ്…അകത്ത് നടന്നതൊക്കെ മനഃപൂർവം ഗംഗ കെട്ടിചമച്ച നാടകമായിരുന്നെന്നും തന്നെയും അതിൽ കരുവാക്കിയതാണെന്നും ഞാൻ ഒരു ഉൾക്കിടിലത്തോടെ മനസ്സിലാക്കി…
സൂരജിനെതിരെ ശക്തമായൊരു സാക്ഷിമൊഴിയായി ഞാൻ ചൂഷണം ചെയ്യപ്പെടുകയായിരുന്നു എന്ന സത്യം എന്റെ ഹൃദയഭാരം കൂട്ടി…
ക്ലാസ്സിലേക്ക് തിരികെ കയറാതെ ലൈബ്രറിയിലേക്ക് പോയി…എന്തോ മനസ്സ് ശാന്തമാകുന്നില്ല…ഉച്ചക്ക് ശേഷം ക്ലാസ്സില്ല എന്ന് അമ്മയോട് കള്ളം പറഞ്ഞു കട്ടിലേക്ക് വീണു…
അന്നത്തെ പ്രശ്നങ്ങൾ കാട്ടുതീപോലെ കോളേജ് ആകമാനം പടർന്നു…സ്വന്തം ക്ലാസ്സിൽ ഒരേ ബഞ്ചിൽ ഇരുന്നവനെതിരെ സാക്ഷി പറഞ്ഞ എന്നെ എല്ലാവരും വെറുപ്പോടെ നോക്കുന്നുണ്ടായിരുന്നു…
ഒരിക്കൽ വോളിബോൾ കോർട്ടിന് അടുത്തുകൂടി പോയപ്പോൾ അവിടെ കളിച്ചതുകൊണ്ട് നിന്ന സിദ്ധുഏട്ടൻ എന്നെ തടഞ്ഞു നിർത്തി…എന്റെ മുഖത്തെ വിഷമം മനസ്സിലാക്കിയത് കൊണ്ടാകാം ഒരു ചിരിയോടെ എന്നോട് പറഞ്ഞു…
“എന്തിനാ പല്ലവി നീ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ഇടപെടാൻ നിൽക്കുന്നെ…ഗംഗയെ പറ്റി നിനക്കെന്തറിയാം…സൂരജിന്റെ ഭാഗത്തെ ന്യായം എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ…നോക്ക്, പല സംസ്കാരമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു വലിയ കോളേജ് ആണിത്…നിന്റെ നിഷ്കളങ്കത്വം നിനക്ക് തന്നെ വിനയാവാതെ നോക്കണം…സങ്കടപ്പെടണ്ട കേട്ടോ…”
മറുപടിയായി ഒന്നും മിണ്ടാതെ ഞാൻ തലകുലുക്കിയതും, തിരികെ കളിക്കാൻ ഇറങ്ങിയ സിദ്ധുഏട്ടന്റെ വാക്കുകൾ എന്നെ കൂടുതൽ തളർത്തി….
ഒന്നും വേണ്ടിയിരുന്നില്ല….ഇടയ്ക്കെപ്പോളോ മനസ്സിലേക്കോടിവന്ന സൂരജിന്റെ വാക്കുകൾ വീണ്ടും എന്നെ കുത്തിനോവിക്കുന്നുണ്ടായിരുന്നു…
പിന്നീടുള്ള ഓരോ ദിവസവും ബഞ്ചിന്റെ ഒരറ്റം പോലെ മനസ്സും ശൂന്യമായിരുന്നു…ഞാൻ കാരണം നിരപരാധിയായ സൂരജിന് സസ്പെൻഷൻ കിട്ടിയല്ലോ എന്ന ചിന്ത എന്നെ കൂടുതൽ വിഷമത്തിലാഴ്ത്തി…ക്ലാസ്സിൽ ഇരിക്കുമ്പോളും മനസ്സ് സഞ്ചരിക്കുന്ന പാതകളെ എനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു…
പഠനത്തിൽ തുടക്കം തന്നെ പാളുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…പഠിപ്പിക്കുമ്പോൾ ഉള്ള അശ്രദ്ധയും അധ്യാപകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമറിയാതെയുള്ള മിഴിച്ചു നിൽപ്പും ക്ലാസ്സിൽ കോമാളിയായൊരു വിദ്യാർത്ഥിനിയായി ഞാൻ മാറാൻ അധികം കാലതാമസം വേണ്ടി വന്നില്ല…
നേരം വൈകിയുള്ള ജോലിയും, വീട്ടിലെ പ്രശ്നങ്ങളും ഒപ്പം എന്റെ താല്പര്യമില്ലാഴ്മയും എല്ലാം അതിന് കാരണമായിരുന്നു…
ഇടയ്ക്കെപ്പോഴോ ഗംഗയെ കണ്ടെങ്കിലും എനിക്ക് മുഖം തരാനോ സംസാരിക്കാനോ മുതിരാതെ അവൾ എന്നെ അവഗണിച്ചു… അഹങ്കാരിയായ ഗംഗ സത്യനാഥിന്റെ വീരസാഹസിക കഥകൾ പലരിൽ നിന്നും അറിഞ്ഞപ്പോൾ ഞാൻ ചെയ്തത് ഒരു തെറ്റായിരുന്നു എന്ന പൂർണ്ണ ബോധ്യം എന്നിൽ നിറഞ്ഞു…
എന്തോ വിധിയുടെ വിളയാട്ടം ഞങ്ങളിലേക്ക് വീണ്ടും ആരംഭിക്കാൻ തുടങ്ങിക്കാണും….അച്ഛന്റെ രോഗം വീണ്ടും മൂർച്ഛിക്കുന്നു..ഓരോ രാത്രികളും വേദനകൊണ്ടു പിടയുന്ന അച്ഛനെ കാണുമ്പോൾ ദൈവം എന്ന ശക്തിയോടു പോലും വെറുപ്പ് നിറയുന്നുണ്ടായിരുന്നു…
ഇനിയും ഈ പാവത്തെ നരകിപ്പിക്കാതെ തിരികെ വിളിക്കാൻ മനമുരുകി ആ ദൈവങ്ങളോട് അപേക്ഷിച്ചു…
ഒരാഴ്ചയ്ക്ക് ശേഷമുള്ള ആ ദിവസം പതിവിലും നേരത്തെ ഞാൻ ക്ലാസ്സിലേക്ക് എത്തി…ആരുമായും അടുപ്പമോ സൗഹൃദമോ എനിക്കില്ലായിരുന്നു…ലൈബ്രറിയിലോ ക്യാന്റീനിലോ കോളേജ് ഗേറ്റിലോ വച്ചു കാണുമ്പോൾ എന്നിലേക്ക് ഓടി വരുന്ന സിദ്ധുഏട്ടൻ പലപ്പോളും എനിക്ക് അത്ഭുതമായിരുന്നു…ചില കണ്ണുകളിൽ ആ കാഴ്ച അസൂയ പടർത്തുമ്പോൾ എന്നിലേക്ക് തന്നെ ഉൾവലിയുന്ന ഞാൻ കൂടുതൽ അടുപ്പം കാണിക്കാതെ സിദ്ധുവേട്ടന്റെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്കിൽ മറുപടി ഒതുക്കും…
സൂരജ് വരുന്നതും കാത്ത് ഞാനിരുന്നു…അവന്റെ വാക്കുകൾ എന്നിൽ മുറിവേൽപ്പിച്ചു എങ്കിലും, എന്റെ മനസ്സ് അവനോടു മാപ്പ് പറയാൻ വെമ്പൽ കൊണ്ടു…
ആദ്യ പിരീഡ് അവൻ എത്താഞ്ഞത് എന്നിൽ നിരാശ പടർത്തി എങ്കിലും അതിന് ശേഷമുള്ള പിരീഡിൽ അകത്തേക്ക് കയറിവന്ന സൂരജിനെ ക്ലാസ്സിൽ ഉള്ള എല്ലാവരും കൗതുകത്തോടെ നോക്കി…ഒരു കടുംനീല ടീ ഷർട്ടും കറുത്ത ജീൻസും ഇട്ട് ആള് പുതിയ രൂപത്തിൽ…മുൻപ് മുണ്ടും ഷർട്ടും മാത്രം ധരിച്ചിരുന്ന അവന്റെ പെട്ടന്നുള്ള മാറ്റം ഇന്ന് എടുത്തുകാട്ടുന്നുണ്ടായിരുന്നു..
കൂടാതെ ക്ലാസ്സ് തുടങ്ങി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് കോളേജിലെ ഒട്ടുമില്ല കുട്ടികൾക്കും തലവേദനയായ ഗംഗ എന്ന സീനിയർ പെൺകുട്ടിക്ക് പണികൊടുത്ത്, യാതൊരു കൂസലും ഇല്ലാതെ സസ്പെൻഷൻ വാങ്ങിയ ധീരയോദ്ധാവിനോടുള്ള ആരാധന വേറെയും…
പതിവുപോലെ അവൻ അരികിൽ വന്നിരുന്നപ്പോൾ മനസ്സിലാകെ മഞ്ഞു വീണപോലെ…എന്റെ കണ്ണുകൾ അവനെ തേടി ചെന്നെങ്കിലും ഒരിക്കൽ പോലും എന്നിലേക്ക് അവൻ നോക്കിയില്ല…നിരാശ തോന്നിയെങ്കിലും പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ദാരിദ്ര്യവാസിയായ ഈ പെണ്ണിനോട് അവന് വെറുപ്പാണെന്ന് എനിക്ക് അറിയാമായിരുന്നു…
ഉച്ചക്ക് ബ്രേക്ക് ടൈമിൽ പുറത്ത് പോയ സൂരജ് പിന്നീട് തിരികെ വന്നില്ല…അവനോടൊന്ന് സംസാരിക്കാൻ ഒരു സോറി പറയാൻ
എന്തോ മനസ്സ് വിങ്ങുന്നു…ഒരു നോട്ടം കൊണ്ടുപോലും പിടിതരാതെ അവൻ എങ്ങും നിറഞ്ഞാടുന്നു…
അടുത്ത ദിവസങ്ങളിലും ഇതെല്ലാം ആവർത്തിച്ചപ്പോൾ നിരാശ വർദ്ധിക്കുന്നത് ഞാനാനറിഞ്ഞു…ഇടയ്ക്കെപ്പോളോ അവന്റെ കണ്ണുകൾ എന്നിലേക്ക് തേടി വന്നു എങ്കിലും ആ മുഖം എന്നോടുള്ള കോപത്താൽ ജ്വലിച്ചിരുന്നു…മുഖം മനസ്സിന്റെ കണ്ണാടി എന്നപോലെ, എന്റെ ചലനങ്ങളിൽ പോലും ദുഃഖം പടരുന്നത് അവനും അറിയുന്നുണ്ടാകില്ലേ..
ഒരിക്കൽ എന്നെ തേടി സിദ്ധുഏട്ടൻ ക്ലാസ്സിൽ വരികയും കോളേജ് ഡാൻസ് ക്ലബ്ബിൽ മെമ്പർഷിപ് എടുക്കേണ്ട കാര്യങ്ങൾ പറയുകയും ചെയ്തു….കുറച്ച് മുൻപുവരെ എന്റെ അടുത്തിരുന്ന സൂരജ് പെട്ടന്ന് അപ്രത്യക്ഷമായപോലെ എനിക്ക് തോന്നി…
സിദ്ധുവേട്ടന്റെ ചോദ്യങ്ങൾക്കെല്ലാം യാന്ത്രികമായി ഞാൻ മറുപടി പറയുന്നുണ്ടായിരുന്നെങ്കിലും എന്റെ കണ്ണുകൾ സൂരജിനെ തേടുകയായിരുന്നു…
വൈകുന്നേരം പാർക്കിങ്ങിലേക്ക് നടന്നുപോകുന്ന സൂരജിനടുത്തേക്ക് ഞാൻ വേഗത്തിൽ ഓടിച്ചെന്നു….ഒന്ന് സംസാരിക്കാൻ…നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ അറിയിക്കാൻ…
എന്നെ കണ്ടതും ദേഷ്യത്തോടെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു വേഗത്തിൽ ഓടിച്ചു പോകുന്നത് വേദനയോടെ ഞാൻ നോക്കി നിന്നു…
അവന്റെ അവഗണന എന്നെ എന്തുകൊണ്ട് ഇത്രമാത്രം തളർത്തുന്നു…നിലയില്ലാ കയത്തിൽ താഴ്ന്നു പോകാൻ പാകത്തിനുള്ള ഒരുപാട് പ്രശ്ങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും, അവനിലേക്ക് മാത്രം എന്തുകൊണ്ട് എന്റെ മനസ്സ് കുഴഞ്ഞു വീഴുന്നു എന്നതിന്റെ ഉത്തരം എനിക്ക് അറിയില്ലായിരുന്നു…
ചില ദിവസങ്ങളും ആഴ്ചകളും പിന്നെയും കടന്നു പോകെ കോളേജ് ജീവിതം എന്നിൽ ആകെ മടുപ്പുളവാക്കിത്തുടങ്ങി…അമ്മയോട് പറഞ്ഞാൽ വിഷമവും ഉപദേശവും കൊണ്ട് വീണ്ടും വീർപ്പുമുട്ടിക്കും എന്നെനിക്ക് അറിയാമായിരുന്നതിനാൽ ഞാൻ മൗനം ഭജിച്ചു…
കുറച്ച് ദിവസങ്ങൾക്കു മുൻപ് നടത്തിയ ആദ്യ സെറ്റ് ഇന്റെർണൽ ഇവാലുവേഷൻ എക്സാമിന്റെ പേപ്പർ തരികയാണ്…
ഡിപ്പാർട്മെന്റ് HOD ആയ ഡേവിഡ് സാർ ആണ് ക്ലാസ്സിൽ…എന്തുകൊണ്ടോ എന്റെ നെഞ്ചിൽ പെരുമ്പറ കൊട്ടുന്നു…ഒരൊറ്റ ചോദ്യങ്ങൾക്കു പോലും ശരിയുത്തരം എഴുതാത്ത എനിക്ക് ഊഹിക്കാമായിരുന്നു ഇനിയുണ്ടാകാൻ പോകുന്നത് എന്തായിരിക്കുമെന്ന്…
ഓരോരുത്തരുടെയും പേരുവിളിക്കുമ്പോൾ മുന്നിലേക്ക് ചെന്ന് പേപ്പർ വാങ്ങുന്നത് നോക്കി, നെഞ്ചിടിപ്പോടെ ഞാൻ എന്റെ ഊഴം കാത്തിരുന്നു…
“സൂരജ് മാധവൻ…”
പേപ്പർ വാങ്ങി അവൻ തിരികെ സീറ്റിലേക്ക് നടന്നു വന്നപ്പോൾ അവനെ നോക്കി മനസ്സ് നിറഞ്ഞു ചിരിക്കുന്ന ഡേവിഡ് സാറിന്റെ മുഖം, അവൻ പഠനത്തിൽ സമർഥനാണ് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു…
“പല്ലവി ചന്ദ്രപ്രതാപ്….”
ഒരു ഞെട്ടലോടെ ചാടി എഴുനേറ്റ് മുന്നിലേക്ക് നടന്നു ചെന്നതും വായുവിൽ ഉയർന്നു പൊങ്ങിയ പേപ്പർ നിലത്തേക്ക് തെറിച്ചു വീണു…
ദേഷ്യം നിറഞ്ഞ സാറിന്റെ മുഖം ക്ലാസ്സ് റൂമിനെ നിശ്ശബ്ദമാക്കി…നടന്നു ചെന്നു ഒരു മൂലയിൽ പറന്നു വീണ പേപ്പർ എടുത്ത് നിവർത്തിക്കൊണ്ട് സാറിനരികിലേക്ക് നടന്നതും മുപ്പതിൽ വെറും രണ്ട് മാർക്ക് കിട്ടിയ ആ പേപ്പർ എന്നെ നോക്കി പല്ലിളിക്കുകയായിരുന്നു…അപമാനം ഭാരം മൂലം എന്റെ തല താഴ്ന്നു…
എല്ലാവരും എന്നിലേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു…തിരികെ നടക്കാൻ ഒരുങ്ങിയതും…
“ഒരുങ്ങിക്കെട്ടി ക്ലാസ്സിൽ വന്ന് ആരുടെയെങ്കിലും വായിൽ നോക്കിയിരുന്നാൽ മാത്രം പോരാ… നാലക്ഷരം പഠിക്കണം…
എല്ലായിടത്തും കാണും ഇതുപോലെ കുറേ വേസ്റ്റുകൾ…ബാക്കി ഉള്ളോരേ മെനക്കെടുത്താൻ…”
മനസ്സ് മരവിച്ചപോലെ…ഹൃദയത്തിൽ മുള്ളുകുത്തുന്ന വേദന…വേണ്ട ഞാൻ കരയില്ല…തുറിച്ചുനോട്ടങ്ങളും പുച്ഛവും അവഗണിച്ചു ഞാൻ ബഞ്ചിലേക്ക് തലകുനിച്ചിരുന്നു…
സൂരജിന്റെ മുഖത്തേക്ക് നോക്കിയില്ല…ആ മുഖത്തെ ഭാവമാകും എന്നെ കൂടുതൽ തളർത്തുക…
ക്ലാസ്സിലെ ഏറ്റവും മോശം വിദ്യാർത്ഥി എന്ന് എന്നെ ഇതിനോടകം എന്നെ മുദ്രകുത്തി…
കോളേജ് കഴിഞ്ഞു നേരെ സുപ്പർമാർക്കറ്റിലേക്ക് പോയി…പതിവില്ലാതെ നല്ല തിരക്കുള്ള ദിവസം…വൈകുന്നേരങ്ങളിൽ മാത്രം വരുന്നതിനാൽ ബില്ലിംഗ് കൗണ്ടറലാണെനിക്ക് ….എറി വരുന്ന തിരക്കും വിശ്രമമില്ലാഴ്‌മയും എന്നെ തളർത്തുന്നുണ്ടായിരുന്നു….
ഇടയ്ക്കെപ്പൊഴോ തിരക്കൊന്ന് കുറഞ്ഞതായി തോന്നി…മേശയ്ക്കുമുകളിൽ അവസാനത്തെ കസ്റ്റമർ വെച്ച ചില പെർഫ്യൂമുകളും, ഫേസ്‌വാഷും കമ്പ്യൂട്ടറിലേക്ക് എന്റർ ചെയ്തു ബില്ല് കീറിയെടുത്ത് അയാൾക്ക് നേരെ നീട്ടിയതും എനിക്ക് മുന്നിലേക്ക് നീണ്ടു വന്ന ആയിരത്തിന്റെ നോട്ടും അതിന്റെ ഉടമയെയും കാൺകെ എന്റെ കണ്ണുകൾ വിടർന്നു…
എന്റെ ചുണ്ടിൽ സൂരജിന് വേണ്ടി ഒരു ചിരി വിടർന്നു എങ്കിലും അപരിചിതയായ ആരെയൊ കണ്ട പോലെ അവന്റെ മുഖം ഗൗരവത്താൽ മൂടപ്പെട്ടിരുന്നു…എന്റെ ചുണ്ടിലെ ചിരി മായുകയും പൈസവാങ്ങി ബാലൻസ് കൊടുക്കുകയും ചെയ്തപ്പോൾ, എന്റെ ചുരിദാറിനു മുകളിൽ നീല നിറത്തിലുള്ള നരച്ച ഓവർ കോട്ടിലേക്കും പാറിപ്പറന്ന മുടിയിഴകളിലേക്കും അവശതയാർന്ന മുഖത്തേക്കും നോക്കുന്ന അവനെ കണ്ട് എനിക്ക് ജാള്യത തോന്നിപ്പോയി…പെട്ടന്ന് തന്നെ നോട്ടം പിൻവലിച്ചു സാധനവും എടുത്ത് ഒരു വാക്ക് പോലും മിണ്ടാതെ അവൻ പുറത്തേക്ക് പോകുന്നത് ഞാൻ നോക്കിയിരുന്നു…
അന്നൊരു ശനിയാഴ്ചയായിരുന്നു….ക്ലാസ്സില്ലാത്തതിനാൽ അമ്മയ്ക്ക് പകരം ദേവർമഠത്തിലേക്ക് പോകാൻ ഞാൻ റെഡിയായി ഇറങ്ങി…പാചകത്തിൽ അമ്മയെ പോലെ ഞാൻ സമർഥ അല്ലെങ്കിലും ആ കൈപ്പുണ്യം എനിക്കും പകർന്നുകിട്ടിയിരുന്നു…
ദേവർമഠത്തിന്റെ വലിയ പടിപ്പുര കടന്നു അകത്തേക്ക് കയറിയതും പുറത്ത് പതിവില്ലാതെ കുറേ അധികം വാഹനങ്ങളും, അകത്തു നിന്നും ചിരിയും കളിയും ബഹളങ്ങളും കേൾക്കുന്നുണ്ട്… അകത്തേക്ക് കടന്നു ഞാൻ പിന്നാംപുറത്തുകൂടി അടുക്കളയിലേക്ക് കയറവെ പുറം പണിക്ക് നിൽക്കുന്ന ഭവാനിയമ്മ തിണ്ണയിൽ ഇരുന്നു പഴുത്ത വരിക്കച്ചക്ക മുറിച്ചു പ്ലേറ്റിലേക്ക് വയ്ക്കുന്നു…
“”ഇന്ന് സീതകുഞ്ഞ് വന്നില്ലിയോ പവിമോളെ…””
മോണകാട്ടിചിരിക്കുന്ന ആ മുഖം ഞാൻ കൗതുകത്തോടെ നോക്കിചിരിച്ചു…
“”അതെന്താ ഭാവാനിയമ്മേ, ഈ പല്ലവിക്ക് ഇങ്ങോട്ട് വന്നൂടാന്നുണ്ടോ…””
കുസൃതിയോടെ ഞാനത് ചോദിച്ചുകൊണ്ടു അടുക്കളയിലേക്ക് കയറി…
അകത്തേക്ക് കയറിയതും ആദിയേട്ടന്റെ അമ്മ അടുക്കളയിൽ എന്തോ ദൃതികൂട്ടുന്നുണ്ട്…
“”ആഹ് നീയാണോ ഇന്ന് വന്നത്…മോളെ ആദിയുടെ ചെറിയച്ഛനും മക്കളും ഒക്കെ യൂ എസിൽ നിന്നും വന്നിട്ടുണ്ട്…അവരെ കൂടാതെ വേറെ ചിലരും ഉണ്ട്….എല്ലാം പെട്ടന്നാകണം….എല്ലാവരും ഊണിന് ഉണ്ടാകും…”
ആദിയേട്ടന്റെ അമ്മ ഭാമേച്ചി ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഒരു ട്രേയിൽ ജ്യൂസുമായി പുറത്തേക്ക് പോയി…ആരുടെയൊക്കെ കാര്യം പറഞ്ഞു എങ്കിലും അവരെയൊന്നും എനിക്ക് പരിചയമില്ലാത്തതിനാൽ കൂടുതലൊന്നും ആലോചിക്കാതെ ഞാൻ എന്റെ ജോലി തുടങ്ങി…
വീണ്ടും അകത്തുനിന്നും നല്ല ബഹളം കേൾക്കുന്നുണ്ട്…മുത്തശ്ശിയുടെ പൊട്ടിച്ചിരിയാണ് മുന്നിൽ…എന്താണാവോ ഇത്രയ്ക്കു ഉച്ചത്തിൽ…ഹാ കുറേ നാൾകൂടി പരസ്പരം കാണുന്നതുകൊണ്ടാകാം ഇത്ര സന്തോഷം, ഞാനോർത്തു…
പെട്ടെന്നെന്തോ സൂരജിന്റെ മുഖം മനസ്സിലേക്ക് തെളിഞ്ഞു വന്നു…അനാവശ്യ ചിന്തകളെ ശാസിച്ചു നിർത്താൻ ഞാൻ പണിപ്പെട്ടു…
“സീതേ….”
മുത്തശ്ശിയുടെ ഒച്ചയാണ്…
“”സീതയല്ല മുത്തശ്ശി….ഇന്ന് പല്ലവിയാണ്…അമ്മയ്ക്ക് ഞാനിന്ന് റസ്റ്റ് കൊടുത്തു…”
ലിവിങ്ങ് റൂമിലേക്ക് തുറക്കുന്ന വാതിലിലേക്ക് ചെന്ന് ഞാൻ മുത്തശ്ശിയോട് പറഞ്ഞു…
“”നീയാണോ ഇന്ന് വന്നേ…””
“”ഇന്ന് കോളേജില്ലായിരുന്നു മുത്തശ്ശി…അതോണ്ട് ഞാൻ ഇങ്ങ് പോന്നു..”
“ആ മോളെ ഞാൻ മറന്നു…അലക്കിവച്ച എന്റെ തുണിയൊന്നും വിരിച്ചിട്ടില്ല…അപ്പോളേക്കും ഇവരൊക്കെ കയറി വന്നു…മോളതൊന്നെടുത്ത് ടെറസ്സിലേക്ക് വിരിച്ചേക്ക്….”
പ്രായം മറന്ന ചുറുചുറുക്കോടെ മുത്തശ്ശി അത് പറഞ്ഞതും ഞാൻ സമ്മതഭാവത്തിൽ തലയാട്ടിക്കൊണ്ടു പുറത്തേക്ക് നടന്നു…
മക്കളെയും കൊച്ചുമക്കളെയും ഒക്കെ കണ്ട സന്തോഷം ആ മുഖത്ത് ശോഭ കൂട്ടിയിട്ടുണ്ട്…
നീണ്ടുകിടന്ന ധാവണിയുടെ തുമ്പിനൊപ്പം പാവാടയും അല്പം ഉയർത്തി ഞാൻ ഇടുപ്പിലേക്ക് കുത്തിവച്ചു…
ഇരു കൈകളിലും നനഞ്ഞ തുണികൾ നിറച്ച ബക്കറ്റുകളുമായി ഞാൻ ആ വലിയ വീടിന്റെ മൂന്നാംനില കഴിഞ്ഞുള്ള ടെറസിനു മുകളിലേക്ക് പോകാൻ പടവുകൾ കയറി….
കിതപ്പോടെ അവസാന പടികളും കയറി ഒന്ന് വിശ്രമിക്കാനായി ഞാൻ ഒരു പടിയിലേക്കിരുന്നു.
പരന്നുകിടക്കുന്ന ആ വലിയ ടെറസ്സിന്റെ ഒരു വശത്തായി അഴയിൽ ഞാൻ തുണികൾ വിരിച്ചിട്ടു…നിവർത്തിയിട്ടപ്പോൾ നനഞ്ഞ തുണികളിൽ നിന്നും ഇറ്റുവീണ ജലത്തുള്ളികൾ ദാവണി മുഴുവൻ നനച്ചു….
ഇതേ സമയം ടെറസ്സിന്റെ മറ്റൊരു മൂലയിൽ ദേവർമഠത്തിലെ ഇളമുറ തബ്രാക്കന്മാർ മദ്യസേവയിലാണ്…അതായത് യൂ എസ്സിൽ നിന്ന് വന്ന അശോകന്റെ രണ്ടാണ്മക്കളും, അയാളുടെ ഇളയ അനുജന്മാരുടെ ആണ്മക്കളും അടങ്ങിയ എട്ടോളം ചെറുപ്പക്കാർ….ഇങ്ങനെയുള്ള ഒത്തുകൂടലുകളിൽ ഈ ചെറിയ സന്തോഷത്തിന് അവിടെ എല്ലാവർക്കും മൗനസമ്മതമായിരുന്നു….
കൂട്ടത്തിൽ ദേവർമഠത്തിൽ ഊർമ്മിളയുടെ മകൾ സൂരജും ഉണ്ടായിരുന്നു…
ഇവർക്കിടയിൽ അല്പം നരമ്പൻ ആണ് അശോകന്റെ മൂത്തമകൻ വിശ്വജിത് എന്ന വിശ്വൻ…
ചിരിച്ചും കളിച്ചു തമ്മിൽ കളിയാക്കിയും തള്ളിയും അവർ എൻജോയ് ചെയ്യുകയാണ്….ഇടയ്ക്കെപ്പോളോ വിശ്വന് ഒരു കാൾ വരികയും അവൻ കൂട്ടത്തിൽ നിന്നും അല്പം മാറി നിന്ന് സംസാരിക്കുകയും ചെയ്യുകയായിരുന്നു…അപ്രതീക്ഷിതമായി ടെറസ്സിന്റെ മറ്റൊരു മൂലയിൽ തുണി വിരിച്ചിടുന്ന ധാവണിയുടുത്ത് സുന്ദരിയായ പല്ലവിയെ അവന്റെ കണ്ണിൽ പെട്ടു…ചുണ്ടിൽ എരിയുന്ന സിഗെരെറ്റ് നിലത്തേക്കിട്ട് ചവിട്ടി കെടുത്തി അവൻ അവൾക്കരികിലേക്ക് നടന്നു വന്നു..
അവൾ ഇതൊന്നുന്നറിയാതെ തന്റെ ജോലിയിൽ ആയിരുന്നു…
പെട്ടന്നാരോ പിന്നിൽ നിന്നും എന്റെ വയറിലേക്ക് വട്ടം ചുറ്റുപിടിച്ചു എന്നെ എടുത്തുയർത്തി വട്ടം കറക്കി…
ശ്വാസം പോലും എടുക്കാനാകാതെ ഭയത്താൽ വിറച്ചുഞാൻ കുതറി…
ആ ബലിഷ്ഠമായ കൈകൾ എന്റെ വയറ്റിൽ അമരുന്നത് എന്നിൽ പുഴുവരിക്കുന്ന പോലെ അസ്വസ്ഥതക പടർത്തി…
മദ്യത്തിന്റെ രൂക്ഷ ഗന്ധം എന്നിലേക്ക് ഇരച്ചുകയറിയതും ഭയം ഇരട്ടിച്ചു…
സർവ്വ ശക്തിയുമെടുത്ത് ആ കരവലയത്തിൽ നിന്നും നിലത്തേക്ക് ഞാൻ കുതറി വീണു…
മുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന അപരിചിതനായ ചെറുപ്പക്കരനെ ഞാൻ ഭീതിയോടെ നോക്കി…
എന്റെ നനഞ്ഞ ധാവണിയും എടുത്ത് കാട്ടുന്ന അഴകളവുകളും അവന്റെ കണ്ണുകൾ കാർന്നുതിന്നുകയായിരുന്നു…
ഞാൻ രക്ഷപെടാനായി പെട്ടന്ന് പടവുകൾ ഇറങ്ങാൻ തുടങ്ങിയതും അവന്റെ കൈകൾ എന്റെ കൈത്തണ്ടയിൽ മുറുകി….
“അങ്ങനെ അങ്ങ് പോയാലോ മൈ സെക്സി…”
“”വിട്…എന്നെ വിടാൻ എനിക്ക് പോകണം….””
അയാളുടെ വന്യമായ നോട്ടത്തിനു മുന്നിൽ ചെറുത്ത് നിൽക്കാനാകാതെ ഞാൻ ശബ്ദമുയർത്തി…
“”നീയിവിടുത്തെ സെർവെൻറ് ആണോ….””
“”അഹ് അതെ… എന്റെ കയ്യീന്ന് വിട്…എനിക്ക് പോണം… “
എന്റെ കണ്ണുകൾ ഉരുകിയൊലിച്ചു കവിളുകൾ നനച്ചു…എന്റെ ദയനീയമായ നോട്ടത്തിനു മുന്നിൽ അയാളുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു…
അടുത്ത നിമിഷം എന്റെ കയ്യിൽ പിടിച്ചു വലിച്ചു അയാൾ മുന്നോട്ട് നടന്നു…എന്റെ പ്രതികരണങ്ങൾ വിഫലമായി…കുറച്ച് മുന്നോട്ടു പോയി അയാൾ എന്നെ ഒരുകൂട്ടം ചെറുപ്പക്കാർക്ക് മുന്നിലേക്ക് കൊണ്ട് നിർത്തി…
പരിചയമുള്ള ചില മുഖങ്ങൾ കൂട്ടത്തിൽ ഉണ്ടായിരുന്നു എങ്കിലും ഒരു തമാശ കണ്ട പോലെ ചിരിച്ചുകൊണ്ട് അവർ എന്നെ നോക്കിയിരിക്കുകയായിരുന്നു…
ഭയത്താൽ സജലമായ എന്റെ മിഴികളും വിറയ്ക്കുന്ന ശരീരവും അവർക്ക് മുന്നിൽ ഒരു കാഴ്ചവസ്തുവായി മാറി…
ആ കൂട്ടത്തിൽ അവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ മൊബൈലിൽ നോക്കിയിരിക്കുന്ന പരിചിതമായ എന്റെ മനസ്സിൽ തറച്ച ആ മുഖം കാൺകെ ഞാൻ ഉറക്കെ വിളിച്ചു….
“സൂരജ്…..”
ഒരു ഞെട്ടലോടെ അവൻ തലയുയർത്തിയതും കണ്മുന്നിൽ കരഞ്ഞുകൊണ്ട് ദയനീയമായി നിൽക്കുന്ന എന്നെ കണ്ട് ആ മുഖത്ത് ഞെട്ടൽ പ്രകടമായി…പരിഭ്രമത്തോടെ കോപത്താൽ വിറച്ചുകൊണ്ടവൻ ചാടി എഴുനേറ്റു….
വിശ്വൻ അടക്കം മറ്റുള്ളവർ” സൂരജ് “എന്ന എന്റെ വിളിയിൽ സംശയത്തോടെ ഞങ്ങൾ ഇരുവരെയും മാറി മാറി നോക്കി…
“”നോക്കടാ ഒരുഗ്രൻ പീസ്….
വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി…””
ഒരു പ്രത്യേക ഭാവത്തോടെ വിശ്വൻ പൊട്ടിച്ചിരിച്ചു…
“” വിടാടാ അവളെ””
ഒരു അലർച്ചയോടെ പിറകിൽ നിന്നും ആദിയേട്ടൻ പാഞ്ഞു വന്ന് വിശ്വനെ തള്ളി മാറ്റി…
ദേഷ്യത്താൽ അടി മുടി വിറച്ചു നിൽക്കുന്ന ആദിയേട്ടനടുത്തേക്ക് പോയി പൊട്ടിക്കരഞ്ഞുകൊണ്ടു ഞാൻ ആ കൈകൾ കൂട്ടിപ്പിടിച്ചു…
ഒന്നുമില്ല എന്നർത്ഥത്തിൽ സമാധാനിപ്പിക്കാനെന്നോണം ആദിയേട്ടൻ എന്നെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു…
“”നിന്റെ തോന്നിവാസമൊക്കെ ഈ വീടിന്റെ പടിക്ക് പുറത്ത്…നിർത്തിക്കോണം എല്ലാം..””
സൗമ്യനായ ആദിയേട്ടനിൽ നിറഞ്ഞാടുന്ന ഉഗ്രകോപിയെ ഞാൻ ആദ്യമായി കണ്ടു…
“”കേവലമൊരു വേലക്കാരിക്ക് വേണ്ടി നീയിത്രക്ക് തിളയ്‌ക്കേണ്ട കാര്യമില്ല ആദി…ഞാൻ ഒരു തമാശക്ക്…””
വിശ്വന്റെ സ്വരം ഉയർന്നു…
“ആടാ ഇവള് വേലക്കാരിയാ…അന്തസ്സായി ജോലി ചെയ്തു കുടുബം പോറ്റുന്ന ഒരു പാവം….എന്നുവെച്ച് നിന്റെ അമേരിക്കൻ ചെറ്റത്തരവും കൊണ്ടിറങ്ങിയാൽ അടിച്ചു നിന്റെ പരിപ്പിളക്കും ഞാൻ ഓർത്തോ..”
വിശ്വന് നേരെ ചൂണ്ടുവിരൽ വിറപ്പിച്ചു ആദിയേട്ടൻ അത് പറഞ്ഞതും അവൻ പരുങ്ങലോടെ തല കുനിച്ചു…
“”പവി നീ പൊക്കോ….പേടിക്കണ്ട കേട്ടോ…””
ആദിയേട്ടൻ എന്റെ തോളിൽ തട്ടി അത് പറഞ്ഞപ്പോൾ നന്ദിയോടെ നോക്കിക്കൊണ്ടു ഞാൻ പോകാനായി തിരിഞ്ഞതും, വിശ്വനെ ചുട്ടെരിക്കാനുള്ള കോപത്താൽ, വിറയ്ക്കുന്ന മുഖവും കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന സൂരജിനെ കാൺകെ എന്റെ നിറഞ്ഞ കണ്ണുകൾ ഞാൻ അമർത്തി തുടച്ചുകൊണ്ട് പടികൾ ഇറങ്ങി….
വിങ്ങുന്ന മുഖവും കലങ്ങിയ കണ്ണുകളുമായി ഭയന്നു വിറച്ചു തന്റെ പേര് വിളിച്ചു പൊട്ടിക്കരയുന്ന ഒരു പാവം പെൺകുട്ടിയുടെ മുഖം സൂരജിന്റെ നെഞ്ചു തുളച്ചു ആഴ്ന്നിറങ്ങി….
അലിവോടെ അവന്റെ ചുണ്ടുകൾ ആദ്യമായി “പല്ലവി “എന്ന് മന്ത്രിച്ചു….
കാത്തിരിക്കണേ…