ഒരു കാലത്ത് എനിക്ക് ചുറ്റും വട്ടമിട്ട് പറന്നിരുന്നു വണ്ടുകളയും തൂവാനതുമ്പികളെയും ഞാനും ഒത്തിരി മോഹിപ്പിച്ച് കടന്നു കളഞ്ഞിട്ടുണ്ട്. അത് ഇന്ന് ഓർക്കുമ്പോൾ….

എഴുത്ത്: സനൽ SBT

വളരെ നാളുകൾക്ക് ശേഷമാണ് ഞാനാ വലിയ വാൽകണ്ണാടിയുടെ മുൻപിൽ വന്ന് നിന്ന് എന്നെ തന്നെ അടിമുടിയൊന്ന് നോക്കുന്നത്. ശോഷിച്ച കരങ്ങൾ കൊണ്ട് ഞാനെൻ്റെ ഈരേഴു മുടിയിഴകൾ പതിയെ തലോടി .പണ്ട് പനം കുല പൊലെ മുട്ടോളം ഇടതൂർന്ന് നിന്നിരുന്ന കാർകൂന്തലിൽ ഇനി അവശേഷിക്കുന്നത് വെറും വിരലിൽ എണ്ണാവുന്നവ മാത്രം .മിക്കവാറും അടുത്ത കീമോയോടു കൂടി അതും ഇല്ലാതാവും .കാച്ചിയ എണ്ണയും വാസനത്തൈലവും കുന്തിരിക്കയുടേയും മാത്രം നറുമണം പരത്തിയിരുന്ന റൂമിനകത്ത് ഇന്ന് ഹോമിയോ മരുന്നുകളുടേയും ചുക്കിൻ്റെയും കഷായത്തിൻ്റെയും ഒരുതരം വൃത്തികെട്ട മനംപുരട്ടുന്ന ഗന്ധം മാത്രമേ അലയടിക്കുന്നൊള്ളൂ

ഒരു കൈ കൊണ്ട് ഞാനെൻ്റെ സാരിത്തുമ്പ് തോളിൽ നിന്ന് എടുത്തു മാറ്റി മാറിടത്തിലേക്ക് നോക്കി പണ്ടെങ്ങോ വായിച്ച് തീർത്ത ഒരു ആഴ്ചപ്പതിപ്പിലെ ഒറ്റമുലച്ചിയുടെ ഛായാചിത്രമാണ് എൻ്റെ ഓർമ്മകളിൽ തെളിയുന്നത്. ഇടം കൈ കൊണ്ട് ഞാനവിടെ പരതി നോക്കിയെങ്കിലും കാലി ബ്ലൗസ് മാത്രമായിരുന്നു എൻ്റെ വിരലുകളെ സ്പർശിച്ചത്. വടിവൊത്ത സ്ത്രീ ശരീരത്തിൻ്റെ ആകാരഭംഗി നിലനിർത്തുന്നതിൽ അത്യന്തം ഒഴിച്ചു കൂടാനാവാത്ത രണ്ടു ഘടകങ്ങളിൽ ഒന്ന് ഇന്നില്ല.

ഒരു കാലത്ത് എന്നെയും എന്നെ നോക്കുന്നവരെയും ശ്വാസം മുട്ടിച്ച് കൊണ്ടിരുന്ന ആ മാമലകളിൽ ഒന്നിനെ ക്യാൻസർ എന്ന മാരക രോഗം കാർന്ന് തിന്നിരിക്കുന്നു. ആളും ആരവങ്ങളും ഇല്ലാത്ത പൂരപ്പറമ്പ് പൊലെയാണ് ഇപ്പോൾ ഉള്ള എൻ്റെ ശരീരം അവിടെയും ഇവിടെയും ആർക്കും വേണ്ടാത്ത പൊട്ടിയ ബലൂണുകളും കഴിച്ച് തീർത്ത ഐസ് കുറ്റികളുടെ അവശിഷ്ടങ്ങൾ മാത്രം. ഒരു കാലത്ത് എനിക്ക് ചുറ്റും വട്ടമിട്ട് പറന്നിരുന്നു വണ്ടുകളയും തൂവാനതുമ്പികളെയും ഞാനും ഒത്തിരി മോഹിപ്പിച്ച് കടന്നു കളഞ്ഞിട്ടുണ്ട്. അത് ഇന്ന് ഓർക്കുമ്പോൾ ഈ സ്വന്തം ശരീരത്തോട് ഇപ്പോൾ തോന്നുന്നത് വെറും പുഛം മാത്രം.

കണ്ണാടിയുടെ മുന്നിൽ നിന്ന് ഞാൻ തെക്കിനിയിലെ പടിഞ്ഞാറോട്ട് നോക്കി നിൽക്കുന്ന ജനലിനരികിലേക്ക് ഓരടി വെച്ച് നടന്നു. ആ ചെറിയ ജാലകം തുറന്നപ്പോൾ തന്നെ മനസ്സിനെയും ശരീരത്തെയും കുളിരണിയിച്ചു കൊണ്ട് ഒരു ശീതക്കാറ്റ് എന്നെ തഴുകി തലോടിക്കൊണ്ട് കടന്നു പോയി. തുരുമ്പെടുത്ത ജനലഴികളിലൂടെ ഞാൻ വിജനതയിലേക്ക് നോക്കി അല്പനേരമങ്ങിനെ നിന്നു.

മൂവാണ്ടൻ മാവിൻമേൽ നിന്നും ചക്കരമാമ്പഴം കൊത്തിപ്പറക്കുന്ന പച്ച പനം തത്തകളും ചെന്തെങ്ങിൻ്റെ ഓലത്തുമ്പത്ത് കൂടുകൂട്ടുന്ന തൂക്കണാം കുരുവികളും വടക്കേ തൊടിയിലെ നാലാൾ പൊക്കമുള്ള പൊടുണ്ണി മരത്തിൽ കൊത്തുപണികൾ ചെയ്യുന്ന മരം കൊത്തിയെയും ദൂരെ നിന്ന് ഒഴുകി വരുന്ന പാണൻ പാട്ടിൻ്റെ മധുര സംഗീതവും അങ്ങിനെ മനസ്സിന് സുഖമുള്ള ഒരു കാഴ്ചയും ഇന്ന് ഈ ജനലഴികളിലൂടെ നോക്കിയാൽ കാണാതായി എങ്ങോട്ട് നോക്കിയാലും ഒരു ശവപ്പറമ്പും അവിടെ ആർത്തിരമ്പുന്ന ചരമഗീതവും മാത്രമേ ഇപ്പോൾ എനിക്ക് കേൾക്കാനും കാണാനും കഴിയുന്നൊള്ളൂ.

കഴിഞ്ഞയാഴ്ച രോഗം ഒന്ന് മൂർഛിച്ചപ്പോഴായിരുന്നു ഞാൻ ചെറിയ മകനോട്
ശ്യാമിനെ ഒന്ന് കാണണം എന്ന് ആവശ്യപ്പെട്ടത് പക്ഷേ അതിത്ര പെട്ടെന്ന് നടക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല . പാടവരമ്പിലൂടെ വയലോലകളെ തഴഞ്ഞു മാറ്റി പഠിപ്പുര കടന്നു വരുന്ന ശ്യാമിനെ ഞാൻ തെക്കിനിയിലെ ആ ഇരുട്ടു നിറഞ്ഞ ഒറ്റമുറിയിൽ നിന്നും ജനലഴിയിലൂടെ നോക്കി നിന്നു. കരിപുരണ്ട മുഷിഞ്ഞ ആ കോട്ടൺ സാരി ദേഹത്ത് നിന്ന് അടർത്തിമാറ്റി അലമാരയിൽ നിന്നും വലിയ ചുവന്ന പൂക്കളുള്ള ഒരു ഷിഫോൺ സാരി ഞാൻ എടുത്ത് ഉടുത്തു.

പണ്ടും ശ്യാമിന് ചുവന്ന പൂക്കളോടായിരുന്നു ഏറെ പ്രിയങ്കരം .ഒരിക്കൽ കൂടി ആ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് ഒരു വലിയ കറുത്ത പൊട്ട് എൻ്റെ ചുളിവ് വീണ നെറ്റിയിൽ ഞാൻ പതിപ്പിച്ചു. മരുന്നിൻ്റെയും കഷായത്തിൻ്റെയും ഗന്ധം മാറാൻ പേർഷ്യയിൽ നിന്നും കൊണ്ടുവന്ന വാസനതൈലം ഞാൻ എൻ്റെ ഷിഫോൺ സാരിയിൽ തേച്ച് പിടിപ്പിച്ചു. ഗോവണി പടികളിലൂടെ ശ്യാമിൻ്റെ കാലൊച്ച കേൾക്കുമ്പോൾ അതെ വേഗത്തിൽ എൻ്റെ ഹൃദയതാളവും മിടിക്കുന്നുണ്ടായിരുന്നു. ടേബിളിൻ്റെ പുറത്ത് നിന്ന് ആ വലിയ കണ്ണടയെടുത്ത് ഞാൻ മുഖത്ത് വെച്ച് ബെഡിൽ ചാരിയിരുന്നു. അല്പസമയത്തിന് ശേഷം ശ്യം എൻ്റെ റൂമിൻ്റെ വാതിൽ വന്ന് ഒന്ന് തട്ടി .

“എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് അകത്തേക്ക് വരാം “

ശ്യാം എൻ്റെ ബെഡിനരികിൽ വന്നു നിന്നു. അല്പനേരത്തെ മൗനം ഇരുവരും പാലിച്ചു.ശ്യാമിനെ ഞാൻ അടിമുടിയൊന്ന് നോക്കി അല്പം മുടിയിഴകൾ നരച്ചിട്ടുണ്ട് എന്നല്ലാതെ അയാൾക്ക് ഇന്നും യാതൊരു വിധ മാറ്റവും സംഭവിച്ചിട്ടില്ല. പഴയ ആ സഖാവിൻ്റെ ശൗര്യം ഇപ്പോഴും ആ കണ്ണുകളിൽ തിളങ്ങി നിൽക്കുന്നു .

വീണ്ടും ഞാൻ തന്നെ തുടർന്നു.

“ശ്യാം സുഖമല്ലേ ? “

“ഉം. അയാൾ ഒന്ന് അമർത്തി മൂളി. “

വീണ്ടും മൗനം.

“ഈ വഴിയൊക്കെ മറന്നുല്ലേ. ? “

“മറന്നതു കൊണ്ടല്ല മനപൂർവ്വo പലതും മറക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് ഈ വഴിയുള്ള യാത്ര ഉപേക്ഷിക്കുന്നത്. “

“പണ്ട് അന്ന് എവിടേയോ ആൾക്കൂട്ടത്തിനിടയിൽ മുത്തച്ഛൻ്റെ ഷഷ്ഠിപൂർത്തിക്ക് ഒരു നോക്ക് കണ്ടൊരോർമ്മ എനിക്കും ഉണ്ട്. ”

“പലരും പറഞ്ഞ് കേട്ട് ഈ വഴിയെ വരാൻ ഞാൻ പലവട്ടം ഒരുങ്ങിയതാണ് പക്ഷേ തൻ്റെ ഈ കിടപ്പ് കാണാൻ എൻ്റെ മനസ്സ് അനുവദിക്കാത്തതു കൊണ്ട് മാത്രം ഞാൻ ആ ഉദ്യമത്തിൽ നിന്നും പിൻതിരിഞ്ഞു. താൻ ഇപ്പോഴും ഈ അക്ഷരങ്ങളുടെ ലോകത്താണല്ലേ ജീവിക്കുന്നത്. “

“വേദനയുടെ കാഠിന്യത്താൽ ഉറക്കം വരാത്ത പല രാത്രികളിലും എന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് ഈ അക്ഷരങ്ങളാണ് . ഇപ്പോഴും ഒ.വി യും തകഴിയും കാരൂരും ഒക്കെയാണ് ഇവിടെ എന്നോടൊപ്പം കിടക്ക പങ്കിടുന്നത്. സഖാവ് ഇപ്പോൾ എഴുതാറില്ലേ. ? “

“താൻ എന്നെ എന്താ വിളിച്ചേ ?”

“സഖാവ് എന്ന്. “

“നമ്മുടെ കോളേജ് ജീവിതം കഴിഞ്ഞതിൽ പിന്നെ എന്നെ ആരും അങ്ങിനെ വിളിക്കാറില്ല. ഹാ വല്ലപ്പോഴും വീണ് കിട്ടുന്ന സമയത്ത് ഒന്നോ രണ്ടോ വരികൾ കുത്തിക്കുറിക്കും ചില മധുരമേറിയ ഓർമ്മകൾ മനസ്സിനെ പുറകോട്ട് വലിക്കുമ്പോൾ മാത്രം .”

“ചെമ്പട്ടണിഞ്ഞ പാദയോരങ്ങളിലെ ഇരു വശത്തും ഇടതൂർന്ന് നിൽക്കുന്ന ഗുൽമോഹർ മരങ്ങൾക്കിടയിലൂടെ സഖാവ് മുദ്രാവാക്യം വിളിച്ച് പോകുന്ന ആ കാഴ്ച ഇപ്പോഴും എൻ്റെ മനസ്സിൽ അങ്ങിനെ തന്നെ മായാതെ നിൽക്കുന്നുണ്ട്. പിന്നീട് അങ്ങോട്ട് ഞാൻ നടന്ന വഴികളെല്ലാം സഖാവിൻ്റെ കാൽപ്പാടുകൾ പതിഞ്ഞ ആ ചുവന്ന ഭൂമിയിലൂടെ ആയിരുന്നു. “

“എല്ലാം ഒരു ഞെരിപ്പോട് പോലെ ഇപ്പോഴും എൻ്റെ മനസ്സിൽ കിടന്ന് നീറുന്നുണ്ട്. “

“അറിയാം ഒരു പക്ഷേ അന്ന് നമ്മൾ ഇരുവരും ഒന്നിച്ചിരുന്നെങ്കിൽ ഭൂമിയിൽ പുതിയൊരു പൂക്കാലം കൂടി പിറവിയെടുത്തേനെ എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ഓരോ വർഷവും വേനലും ഞാൻ കൊതിയോടെ കാത്തിരുന്നു സഖാവിൻ്റെ കയ്യിൽ നിന്നും ഒരു രക്തഹാരം ഏറ്റുവാങ്ങുവാൻ പക്ഷേ വാരിക്കോത്ത് തറവാട്ടിലെ പ്രൗഡിയും പാരമ്പര്യവും കർക്കശക്കാരനാശ അച്ഛൻ്റെ ദുർവാശിക്ക് മുൻപിലും നമ്മുടെ പ്രണയം തോറ്റു പോയി. “

“പഴയ കാര്യങ്ങൾ ഓർത്തിരുന്നിട്ടെന്ത് പ്രയോചനം എല്ലാം എഴുതി പൂർത്തിയാക്കാൻ കഴിയാത്ത തുടർക്കഥകൾ മാത്രമായി ഇന്നും അവശേഷിക്കുന്നു .അദ്ദേഹം ഇവിടെ ഇല്ലേ. “

“ഇല്ല ഇപ്പോൾ കൊൽക്കത്തയിൽ ആണ് ജോലി. തിരക്ക് പിടിച്ച ആ നഗര ജീവിതം എനിക്ക് മടുത്തു എന്ന് മൂപ്പർക്ക് തോന്നിയതുകൊണ്ടാവാം എന്നെ ഇവിടെ കൊണ്ടുവന്ന് വിട്ടത് .വല്ലപ്പോഴും വരും കാണും എന്നിട്ട് തിരിച്ച് പോകും പണ്ടും ഞങ്ങള് തമ്മിൽ അത്ര വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ചിലപ്പോഴൊക്കെ ഭ്രാന്ത് പൂക്കുമ്പോൾ എൻ്റെ ശരീരത്തെ ഒന്ന് തഴുകി തലോടും അതിൻ്റെ ബാക്കിപത്രമാണ് ഇപ്പോഴുള്ള എൻ്റെ മൂന്നു മക്കൾ .സ്നേഹത്തിൻ്റെ ആഴവും വ്യാപ്തിയും ഒന്നും അങ്ങേർക്ക് അറിഞ്ഞുകൂടാ പിന്നെ സഖാവ് മനസ്സിലാക്കിയ പൊലെ വെറെ ആരും എന്നെ മനസ്സിലാക്കിയിട്ടില്ല. ഒരു കണക്കിന് പറഞ്ഞാൽ എൻ്റെ വിവാഹം പരേതാന്മാക്കൾക്ക് വേണ്ടിയുള്ള ഒരു ബലിദർപ്പണം മാത്രമായിരുന്നു.”

“ഉം. വിധിയെ പഴിചാരാൻ മറ്റൊരു കാരണം കൂടി അല്ലേ. “

“അതെ. ചില മധുരമേറിയ ഓർമ്മകൾ പൂക്കുമ്പോഴെല്ലാം ഞാനാ പഴയ കോളേജ് വരാന്തയിലൂടെ ഒറ്റക്ക് നടക്കാറുണ്ട് . ഓരോ ക്ലാസ് മുറികളിലെ നാലു ചുവരുകളിലും ചെവി ഒന്ന് ചേർത്ത് വെച്ചാൽ സഖാവിൻ്റെ ആ പഴയ മുദ്രാവാക്യത്തിൻ്റെ മുഴക്കം പ്രതിധ്വനിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.മരിക്കാത്ത ഒരായിരം ഓർമ്മകളുടെ കലവറ അതാണ് എനിക്ക് ആ കോളേജും അവിടുത്തെ ലൈബ്രറിയും ഒക്കെ .”

“താൻ ഒരുപാട് മാറിയിരിക്കുന്നു ആ പഴയ ആമിയെ ഇപ്പാൾ തന്നിൽ എന്നിക്ക് കാണാൻ കഴിയുന്നില്ല .”

“മാറണം മാറ്റം അനിവാര്യമാണ് ഞാൻ എന്നെ തന്നെ കുഴിച്ച് മൂടിയിട്ട് ഇപ്പോൾ വർഷം പലതായി. “

“ഉം. “

എൻ്റെ അവസാനത്തെ ആഗ്രഹവും കാത്തിരിപ്പും ഈ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു ഇനി സഖാവിൻ്റെ വായിൽ നിന്നും എനിക്കാ നാലുവരി കവിത കൂടി ഒന്ന് കേൾക്കണം എന്നിട്ട് ഒന്ന് ഉറങ്ങണം ഇനി ഒരിക്കലും ഉണരാൻ പോണില്ലാത്ത ഉറക്കത്തിൻ്റെ ആഴക്കടലിലേക്ക് എനിക്ക് വഴുതി വീഴണം.

ഞാൻ കണ്ണുകൾ പാതിയടച്ചു ബെഡിൽ തല ചായ്ച്ച് കിടന്നു.

സഖാവിൻ്റെ മധുര സ്വരങ്ങൾ എൻ്റെ കാതുകളിൽ വന്ന് വീണ മീട്ടി പണ്ടെങ്ങോ കരളിൽ കോറിയിട്ട വരികൾ കേൾക്കുമ്പോൾ ഞാൻ എന്നെ തന്നെ മതി മറന്ന് അതിൽ ലയിച്ചിരുന്നു പോയി .സഖാവിൻ്റെ മധുരസംഗീതത്തെ കീറി മുറിച്ച് കൊണ്ട് വടക്കേ തൊടിയിലെ മൂവാണ്ടാൻ മാവിൻ കൊമ്പിലിരിക്കുന്ന കാലൻ കോഴിയൂടെ ഭയാനകമായ ശബ്ദം എൻ്റെ കാതുകളിൽ മുഴങ്ങിയെത്തി .അപ്പോഴേക്കും സർവ്വവും വെടിഞ്ഞ് എൻ്റെ ദേഹിയെ സഖാവിൻ്റെ കൈകളിൽ ഏൽപ്പിച്ച് ഞാൻ സുഖ നിദ്ര പ്രാപിച്ചിരുന്നു…