പിള്ളേരുടെ ഇഷ്ടമല്ലേ വലുത്…രണ്ടാഴ്ച മുമ്പ് തന്നെ അവൾ ഇവിടെ കയറി വന്നു എന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല

എഴുത്ത് : Vidhun Chowalloor

എന്റെ ഉണ്ണിയേട്ടന് വേറെ പെൺകുട്ടിയുമായി ബന്ധമുണ്ടെന്നോ ആരാ നിങ്ങളോട് മണ്ടത്തരങ്ങൾ ഒക്കെ പറയുന്നത്….

ചിരിച്ചുകൊണ്ട് പ്രിയ ചോദിച്ചു…..

ഡാ…..വിധു… നിന്റെ ഫോൺ ബെൽ അടിക്കുന്നുണ്ട്

ആരാണ് നോക്കടാ…….

ഡാ പ്രിയയാണ്…..

സംഗതി എറ്റോ ആവോ…….

ഞാൻ ഫോൺ എടുത്തു……ലൗഡ്സ്പീക്കർ ഇട്ടു……ചുറ്റും കൂട്ടുകാരും കൂടി……..

ഉണ്ണിയേട്ടാ……കെട്ട് ഗുരുവായൂർ വെച്ച് മതി. എനിക്കൊരു വഴിപാട് ഉണ്ടായിരുന്നു

മ്മ്……. ഞാൻ ഒന്നു മൂളി

എന്താ പരിപാടി…… അവിടെ……

ഏയ് ഒന്നുമില്ല..കൂട്ടുകാരുമായി കുറച്ചു കത്തിയടി….

മ്മ്… നടക്കട്ടെ……പിന്നെ…… ഉണ്ണിയേട്ടാ……

ആ പറഞ്ഞോ……

ഏയ് ഒന്നുമില്ല…..എന്നാ കലാപരിപാടികൾ നടക്കട്ടെ. കള്ളുകുടി ഒന്നുമില്ലല്ലോ അല്ലേ……

ഏയ് അതൊന്നും ഇല്ല……അതൊക്കെ നിർത്തിയിട്ട കാലം ഒരുപാട് ആയില്ലേ ഇനിയില്ല……

നല്ല കുട്ടി……എന്നാ ശരി ഞാൻ വെക്കട്ടെ…..

ഒരു മിനിറ്റ്….ഇത് ചോദിക്കാൻ ആണോപ്രിയ വിളിച്ചത്

അതെന്താ എനിക്ക് എന്റെ ചെക്കനെ വിളിക്കാൻ എന്തെങ്കിലും കാരണം വേണോ..

മ്മ്……. ok. ഞാൻ ഫോൺ കട്ട് ചെയ്തു….

ഞങ്ങൾക്ക് നിന്നോട് ദേഷ്യം തോന്നുന്നുണ്ടടാ. അതൊരു പാവം ആണ് ഇങ്ങനെ ഇട്ടു കളിപ്പിക്കാതെ അവളോട് കാര്യം പറയ് നീ. എന്തായാലും ഒരു ദിവസം എല്ലാവരും അറിയും. അത് നീ ആയിട്ട് പറയുമ്പോൾ അവൾക്ക് ചിരി വിഷമം കുറയും

എന്നെക്കൊണ്ട് പറ്റില്ല ടാ. അവളെ വിഷമിപ്പിക്കാൻ അത്രയ്ക്ക് ജീവനാണ് എനിക്ക് എന്റെ ഒരു ഇഷ്ടത്തിനും അവൾ എതിരില്ല അത് അവളുടെ കൂടെ ഇഷ്ടമായിട്ട് കാണാറാണ് പതിവ്

എന്നിട്ടാണോ ഇത്തരം ചീപ്പ് പരിപാടി നീ അവളോട് കാണിക്കുന്നത്…..

അതാ അഞ്ജുവിനെ പരിപാടിയാണ്അവൾ മുടക്കി തരാമെന്ന് ഏറ്റതാണ്…പക്ഷേ ഇജ്ജാതി ചീഞ്ഞ നമ്പറായിരിക്കുമെന്ന്ഞാൻ കരുതിയില്ല വരട്ടെ കൊടുക്കാം ഞാൻ അവൾക്കുള്ളത്…….

ഇതൊക്കെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ നമ്പറാണ്…..അവള് നിന്നോട് അതിനെക്കുറിച്ച് ചോദിച്ചത് പോലുമില്ല അത്രയ്ക്ക് വിശ്വാസമാണ് നിന്നെ…എന്തായാലും അമ്മയോടും അനുജത്തിമാരോടും എല്ലാം പറയണം അപ്പോൾ പ്രിയയെ കൂടി കൂട്ടി നിർത്തി പറ കാര്യങ്ങൾ…… അതാ നല്ലത് എന്ന് ഞങ്ങൾക്ക് തോന്നുന്നു…….

അഞ്ജു അയച്ചുതന്ന പ്രിയയുടെവോയിസ് റെക്കോർഡ് ഞാൻ വീണ്ടും വീണ്ടും കേട്ടു…

എന്തോ…..ഒരു പേടി പോലെ തോന്നുന്നു ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് പോലും ഇപ്പോൾ അറിയുന്നില്ല അവളെ വിഷമിപ്പിക്കരുത് എന്ന് മാത്രം അറിയാം ചിലപ്പോൾ കുറച്ചു വിഷമിച്ചാലും ജീവിതകാലം മുഴുവനും അതോർത്ത് സങ്കടപ്പെടേണ്ടി വരില്ല അവൾക്ക് അതാണ് ഒരു ആശ്വാസം…….

ഞാൻ ഞങ്ങളുടെ എൻഗേജ്മെന്റ് ഫോട്ടോസ് എല്ലാം എടുത്തുനോക്കി പ്രിയയുടെ ചിരിക്ക് നല്ല ഭംഗിയാണ് അത് ഫോട്ടോസിനു മുഴുവൻ ഭംഗി കൂട്ടുന്നുമുണ്ട് അല്ലെങ്കിലും ഉള്ളിൽ സ്നേഹം മാത്രം വെച്ചിട്ടുള്ള അവരുടെ പുഞ്ചിരിക്ക് നല്ല ഭംഗിയാ അമ്മയുടെ ചിരി പോലെ……

ഞാൻ ഫോൺ എടുത്തു….പ്രിയയെ വിളിച്ചു വൈഫ് എന്നാണ് പ്രിയ എന്റെ ഫോണിൽ സേവ് ചെയ്തു വെച്ചിരിക്കുന്നത് കല്യാണത്തിന് മുൻപ് തന്നെ ഭാര്യയായ എന്റെ മാത്രം പെണ്ണ്…….

എന്താ ചെക്കാ…..ഉറക്കം ഒന്നും ഇല്ലേ…….

മ്മ്…..ഉറങ്ങണം……

പിന്നെന്താ ഈ പാതിരാത്രിക്ക് ഒരു വിളി…ദുരുദ്ദേശം വല്ലതും ഉണ്ടോ….പ്രിയ ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി…

ആ അതെ…..ഉമ്മറിന്റെ ഒരു പടം കണ്ടു…..അതാ വിളിച്ചത് എന്താ കുഴപ്പമുണ്ടോ…

ച്ചി……പോടാ തെണ്ടീ……..

പ്രിയ…….ഞാനൊരു കാര്യം പറഞ്ഞാൽ തനിക്ക് വിഷമമാകുമോ…ഞാൻ കുറച്ചു സീരിയസ് ആയി പറഞ്ഞു…….

ഏയ് ഇല്ല…..പറഞ്ഞോ….. പറ….പറ പറ പറ പറ…..

കല്യാണം ഒന്നും മാറ്റി വെച്ചാലോ…..

അതെന്താ ഇപ്പോ അങ്ങനെ….പ്രിയയുടെ കളിയും ചിരിയും എല്ലാം മാറിപ്പോയി

ഹേയ് ഒന്നുമില്ല……എന്തോ തോന്നി

ഏയ് അതൊന്നുമല്ല കുറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നുണ്ട് പഴയ പോലെയുള്ള ചിരിയില്ല. ഒരു തമാശ പോലും പറയാറില്ല. എന്തുപറഞ്ഞാലും ഒരു മൂളിച്ച മാത്രം ഉത്തരം തരുന്നു എന്താ പറ്റിയത് ഇപ്പൊ കാര്യം പറ ഉണ്ണിയേട്ടാ………

പ്രിയയുടെ ശബ്ദം ഇടറുന്നു…..കരച്ചിൽ അടക്കിപ്പിടിച്ചു നിർത്തിയിരിക്കുകയാണ്…….എടോ ഞാൻ നാളെ വിളിക്കാം ഇപ്പൊ മൂഡ് ഒന്നും ശരിയല്ല എന്റെ മോൾ ഉറങ്ങിക്കോ….

ഞാൻ വേഗത്തിൽ ഫോൺ കട്ട് ചെയ്തു….ഇനി അവൾ കരയും എനിക്ക് ഉറപ്പാ ചിലപ്പോൾ ഞാനും….എന്റെ സംസാരത്തിലെ ചെറിയ മാറ്റങ്ങൾ പോലും അവൾക്കു മനസ്സിലാവുന്നുണ്ട്

ഞാൻ ആ എൻഗേജ്മെന്റ് ഫോട്ടോസ് അടങ്ങിയ ആൽബം എടുത്ത് ഷെൽഫിൽ വെച്ചു ദാ ഇരിപ്പുണ്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൻ ഇവിടെ അമ്മയും അനുജത്തിയും കാണാതെ എടുത്ത് ഒളിപ്പിച്ചു വെച്ചതാണ് ആണ് ഇവിടെ ഇത് കണ്ടാൽ കല്യാണ വീട് ഇപ്പോൾ മരണവീട് ആയി മാറും. ഞാനതെടുത്തു ഒരേറു കൊടുത്തു അവിടെ ഇവിടെ തട്ടി താഴെ വീഴുന്ന ശബ്ദം ഞാൻ കേട്ടു

വാതിൽ മെല്ലെ ചാരി ഞാൻ ഉറങ്ങാൻ കിടന്നു നാളെ എഴുന്നേറ്റു പ്രിയയോട് ഒരു സോറി പറയണം……..

നെറ്റിയിൽ ആരോ തലോടുന്നുണ്ട് പതിയെ കണ്ണു തുറന്നു ഞാൻ നോക്കി ദൈവമേ ഇവൾ കാലത്തുതന്നെ കുറ്റിയും പറിച്ച് ഇങ്ങു പോന്നോ……

കണ്ണിൽനിന്ന് ധാരധാരയായി ഇറ്റിറ്റു വീഴുന്നുണ്ട്

എന്തുപറ്റി പ്രിയ…..

പ്രിയ കയ്യിലുള്ള ഫയൽ എനിക്ക് നേരെ നീട്ടി

ഓ……ഇതാണോ ഇത് ദൈവത്തിന്റെ ഒരു വിവാഹ സമ്മാനം ആണ് അല്ലെങ്കിൽ പിന്നെ വിവാഹത്തിനു മുമ്പ് ഒരു മെഡിക്കൽ ചെക്കപ്പ് എനിക്ക് തോന്നില്ലായിരുന്നു……ഡോക്ടർമാരുടെ ഭാഷയിൽ നാക്കുളുക്കുന്ന തരത്തിൽ പറയുന്ന ഒരു പേരുണ്ട് ഇതിന് ചെറിയൊരു തലകറക്കത്തിന് നിന്നാണ് തുടക്കം. പിന്നീട് അവൻ അങ്ങ് പിടിച്ചടക്കും ശരീരവും മനസ്സും എല്ലാം ചെറിയൊരു കുമിള പൊട്ടിച്ചിതറുന്ന പോലെ അവസാനിപ്പിക്കും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം നിറഞ്ഞ ആ ചെറിയ ജീവിതം…….

പ്രിയ ഒന്നും പറഞ്ഞില്ല. കെട്ടിപ്പിടിച്ച് കരഞ്ഞു കൂടെ ഞാനും എത്രയാണെന്ന് വെച്ചാ ഒളിപ്പിച്ചു വെക്കുക സങ്കടങ്ങൾ എല്ലാം ഉള്ളിൽ….

ദേ അമ്മേ…..നോക്കിയേ ഈ ചെക്കനെ പിടിച്ച് ഇപ്പോൾതന്നെ കെട്ടിക്കേണ്ടി വരും. അനുജത്തി അലറി അമ്മയെ വിളിച്ചു

ഈ പെണ്ണിനെ തൊള്ള……ഞാൻ അവളെ പിടിക്കാൻ പിന്നാലെ ഓടി. ഓട്ടം തീർന്നത് അടുക്കളയിൽ അമ്മയുടെ അടുത്താണ് ഇനി ഒന്നും ചെയ്യാൻ പറ്റില്ല

അല്ല……പ്രിയ മോൾ എന്താ നേരത്തെ…..

അമ്പലത്തിലേക്ക് വന്നതാ അമ്മേ…അപ്പോൾ ഇവിടെ വന്ന് കയറിയിട്ട് പോവാം എന്ന് കരുതി…….

കണ്ട് പഠിക്കടി…..ഇവിടെ ഒരുത്തി എണീറ്റ് പല്ല് തേക്കുന്ന ഉള്ളൂ….മറ്റവൻ ആണെങ്കിൽ അമ്പലം എന്ന വാക്ക് തന്നെയില്ല…….

നല്ല കുട്ടിയുടെ തനി സ്വഭാവം ഞാൻ നേരത്തെ കണ്ടതാ അനുജത്തി ചിരിച്ചു…..

പ്രിയ ഒന്നും പറഞ്ഞില്ല. സ്കൂട്ടി സ്റ്റാർട്ട് ആകുന്നതും അതു പോകുന്നതുമായ ശബ്ദം കേട്ടു…….

സമയം രണ്ടു കഴിഞ്ഞു ഇതുവരെ എന്നെ വിളിച്ചു പോലുമില്ല……എന്തോ ഒരു വിഷമം…..

ആരുമില്ലേ ഇവിടെ……പ്രിയയുടെ അച്ഛനാണ് ഹാളിലേക്ക് കയറിവന്നു. ഞാൻ സോഫയിൽ നിന്ന് എഴുന്നേറ്റിരുന്നു. അമ്മ എവിടെ മോനെ…….പിന്നാലെ അനുജത്തിയും ഹാളിലേക്ക് കടന്നു വന്നു………

കല്യാണത്തിന് മുഹൂർത്തം നിശ്ചയിച്ചു. അത് തരാനാണ് വന്നത് ഈ ഞായറാഴ്ച തന്നെ വേണമെന്ന് ആണ് അവളുടെ വാശി. നീ ചിരിക്കണ്ട നീയും കൂടി ആണ് അവളെ വഷളാക്കുന്നത് പ്രിയയുടെ അച്ഛൻ ഒന്ന് തിരക്കി……..

പിള്ളേരുടെ ഇഷ്ടമല്ലേ വലുത്…രണ്ടാഴ്ച മുമ്പ് തന്നെ അവൾ ഇവിടെ കയറി വന്നു എന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല. പിന്നെ ക്ഷണിക്കാനും പിടിക്കാൻ ഒന്നും അധികം ആരും ഇല്ലല്ലോ ഇപ്പോഴത്തെ സാഹചര്യം അതാണ്

അവളുടെ സ്വർണ്ണാഭരണങ്ങൾ ഒക്കെ ബാങ്ക് ലോക്കറിൽ ഇരിപ്പുണ്ട് അതൊന്ന് എടുപ്പിക്കണം. പിന്നെ ചെക്കനെ വീട്ടുകാരും പെണ്ണിന്റെ വീട്ടിൽ മാത്രം കെട്ട് ഗുരുവായൂർ തന്നെ വേണമെന്ന് അവൾക്കൊരു നിർബന്ധമുണ്ട് അവളുടെ അമ്മയും അങ്ങനെയാണ് എന്തിനും ഗുരുവായൂരപ്പൻ തുണ…..

ഫോൺ ബെൽ അടിക്കുന്നുണ്ട്. പ്രിയ ആണ്. ഞാനവിടെ നിന്നു മാറി ഫോണെടുത്തു

എന്നോട് പറയാതെ ഇതെല്ലാം മനസ്സിൽ കൊണ്ടുനടന്നത് അല്ലേ
അതുകൊണ്ട് തന്നെയാണ് ഞാൻ ഡേറ്റ് മാറ്റി രണ്ടാഴ്ച നേരത്തെ ആക്കിയത് ഇനിയും ഇഷ്ടമില്ലെങ്കിൽ അച്ഛനോട് നേരിട്ട് പറഞ്ഞോ
കല്യാണത്തിന് ഇഷ്ടമില്ല എന്നൊക്കെ

അതല്ല പ്രിയ…….എന്താ മനസ്സിലാകാത്തത് ഒരു ഓപ്പറേഷൻ ഉണ്ട്. തിങ്കളാഴ്ച അത് കഴിഞ്ഞിട്ട് മതി എന്ന് ഞാൻ വിചാരിച്ചു അത്രയധികം പ്രശ്നമൊന്നുമില്ല ഫസ്റ്റ് സ്റ്റേജ് ആണ് ചിലപ്പോൾ

ഒന്നും പറയണ്ട…..പിന്നെ എനിക്ക് ദീർഘസുമംഗലീ ഭാഗ്യം ഉണ്ട് എന്നാണ് ജാതകം നോക്കിയാൽ കണിയാൻ പറഞ്ഞത്അതുകൊണ്ടുതന്നെ യാ ഞാൻ കല്യാണം ഞായറാഴ്ച വേണമെന്ന് വാശിപിടിച്ചത്….

പൊട്ടി പെണ്ണ്…….അവളുടെ വിശ്വാസങ്ങൾ എനിക്കുവേണ്ടിയുള്ള ശക്തി സംഭരിക്കും…….ഉള്ളിൽ ഞാൻ ചിരിച്ചു കൊണ്ട് ആലോചിച്ചു

താലികെട്ടി ചുറ്റമ്പലത്തിന് ചുറ്റും വലം വെക്കുമ്പോൾളും പ്രിയ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു എന്തോ വിട്ടുകൊടുക്കാൻ ഇഷ്ടമില്ല എന്ന ഭാവത്തോടെ…….

അവളുടെ പുഞ്ചിരിയും സന്തോഷത്തെയും അടക്കി ഭരിക്കാൻ ഒരായുസ്സ് തരണമെന്ന് ഞാൻ ഭഗവാനോട് പ്രാർത്ഥിച്ചു അവളുടെ ഉണ്ണി കണ്ണനോട്……