പ്രണയ പർവങ്ങൾ – ഭാഗം 82, എഴുത്ത്: അമ്മു സന്തോഷ്

ദിവസങ്ങൾ കടന്ന് പോയി. സാറ പിന്നെ വന്നില്ല. വിളിച്ചുമില്ല. അവളുടെ നമ്പർ ചാർലിക്ക് അറിയില്ലായിരുന്നു. അവന്റെ ഫോൺ ആ വീഴ്ചയിൽ എവിടെയോ നഷ്ടം ആയി. ഷെല്ലി പുതിയ ഒരു ഫോൺ വാങ്ങി കൊടുത്തിരുന്നു

അതിൽ ഷെല്ലിയുടെയും അപ്പയുടെയും ഡോക്ടറുടെയും നമ്പർ മാത്രമേ സേവ് ചെയ്തിരുന്നുള്ളു

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു.

ഒരു ദിവസം

സ്റ്റാൻലി അവന്റെ വസ്ത്രങ്ങൾ അടുക്കി വെയ്ക്കുകയാണ്

“സാറയെ വിളിച്ചാരുന്നോ?”

അവൻ ചോദ്യം കേട്ട് ആദ്യം ഒന്ന് അതിശയിച്ചു സ്റ്റാൻലി. പിന്നെ മുഖം സാധാരണ മട്ടിൽ ആക്കി

“ഉവ്വല്ലോ.”

“അസുഖം മാറിയോ?”

“ആ മാറി “

“പിന്നെ എന്താ വരാത്തത്?”

“ഞാനാ പറഞ്ഞത് വരണ്ടാന്നു.ഇവിടെ ഇപ്പൊ ഞാൻ ഉണ്ടല്ലോ. അതുമല്ല ഇത്രയും ദൂരം ആ കൊച്ച് വരണ്ടേ..”

“വന്നാലെന്താ?”

അവന്റെ ഭാവം മാറിക്കഴിഞ്ഞു

“നിങ്ങൾ ആരാ അവളോട് വരണ്ടാന്നു പറയാൻ? അവള് എന്റെ പെണ്ണല്ലേ? അപ്പൊ ഞാനല്ലേ പറയേണ്ടത് വരണോ വരണ്ടയോന്ന്. അല്ലേന്ന്..സാറ എന്റെ പെണ്ണാണ് എന്നല്ലേ നിങ്ങൾ ഒക്കെ പറഞ്ഞു വെച്ചത്? അപ്പൊ. അവള് ഇവിടെ എന്റെ കൂടെയല്ലേ നില്ക്കണ്ടത്…”

“മോനെ നീയല്ലേ ഡോക്ടറോഡ് പറഞ്ഞത് സ്‌ട്രെസ് ആണ്. അവളോട് പൊക്കോളാൻ “

“അതു അന്ന് പറഞ്ഞതല്ലേ..? പിന്നെ അവള് ഇവിടെ ഇല്ലായിരുന്നോ..ഞാൻ പറഞ്ഞോ പോകാൻ? അവളുട ഫോൺ നമ്പർ പറ “

സ്റ്റാൻലി വേദനയോടെ അവനെ നോക്കി.

അപ്പാ എന്ന് അവൻ ഇത് വരെ വിളിച്ചിട്ടില്ല. അവന്റെ തമാശ..കളി ചിരികൾ….ഒന്നുമില്ല

സാറ ഒന്ന് സ്കൂളിലേക്ക് പോകാൻ വേഷം മാറുകയായിരുന്നു. അവിടെ ചെന്നിട്ട് കുറച്ചു കാര്യങ്ങൾ ചെയ്യാൻ സ്റ്റാൻലി അവളെ ഏൽപ്പിച്ചിരുന്നു. ഫോൺ ബെൽ അടിക്കുന്നത് കേട്ട് അവൾ എടുത്തു നോക്കി

പരിചയമില്ലാത്ത ഒരു നമ്പർ

“ഹലോ “

“നീ എന്താടി വരാത്തത്?”

പരുക്കൻ സ്വരം. അവളുടെ കണ്ണ് നനഞ്ഞു. അറിയാതെ നെഞ്ചിൽ കൈ വെച്ച് അവൾ ഭിത്തിയിൽ ചാരി

“സാറ?”

“എന്തോ “

“ഞാൻ ചോദിച്ചത് കേട്ടില്ലേ?”

“അപ്പ പറഞ്ഞു വരണ്ടാന്നു…അവിടെ അവരൊക്കെ ഉണ്ടെന്ന് “

“അതു കേൾക്കാൻ ഇരുന്നു നീ. നിനക്ക് അത്രയും സൗകര്യം. വീട്ടിൽ പോയി സുഖമായിട്ടങ്ങ് ഇരിക്കാല്ലോ..നീ ശരിക്കും ചാർളിയെ സ്നേഹിച്ചിരുന്നോ?”

അവളുടെ കരച്ചിലിന്റെ ഒരു ചീള് അവന്റെ കാതിൽ വീണു

“കരഞ്ഞു കേൾപ്പിക്കണ്ട..നിനക്ക് വരാൻ ഇഷ്ടം ഉണ്ടെങ്കിൽ മതി. “

“എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് ഇച്ചാ…”

അവൾ പൊട്ടിക്കരഞ്ഞു

ഇച്ചാ…

അവൻ അതു ശ്രദ്ധിച്ചു. അങ്ങനെ ആണോ അവൾ തന്നെ വിളിച്ചു കൊണ്ടിരുന്നത്. അവന്റെ ഉള്ളിൽ ഒരു മഞ്ഞു തുള്ളി ഇറ്റ് വീണു. സാധാരണ ഒന്നും വിളിക്കാറില്ലായിരുന്നു. ദേഷ്യം വന്നപ്പോൾ നിങ്ങൾ എന്നാണ് വിളിച്ചത്

“നീ വരണ്ട “

അവൻ ഫോൺ കട്ട്‌ ചെയ്തു

“നിങ്ങളും വേണ്ട. ആരും വേണ്ട. ഞാൻ തനിച്ചു മതി “

അവൻ ജനൽകമ്പിയിൽ മുറുകെ പിടിച്ചു

“ആരും വേണ്ട “

അവന്റെ കൈകൾ അതിൽ മുറുകി. ഉച്ച കഴിഞ്ഞു ഷെല്ലി വന്നപ്പോഴും അവൻ അതു ആവർത്തിച്ചു

ഇവിടെയാരും വേണ്ട, ഞാൻ തനിച്ചു മതി

“മോനെ എന്തിനാ ഇങ്ങനെ വാശി?”

ഷെല്ലിക്ക് പുറകിൽ ഓടി കിതച്ച് എത്തിയ സാറയെ അവൻ കണ്ടു

“മോളെങ്ങനെ വന്ന്”

ഷെല്ലി അമ്പരപ്പിൽ ചോദിച്ചു. ചാർലി രൂക്ഷമായി അവളെ തന്നെ നോക്കി നിൽക്കുകയാണ്

“കോട്ടയത്തു വന്നിട്ട് ട്രെയിനിൽ “

അവൾ വിയർപ്പ് തുടച്ചു

“എന്തിനാടി വന്നത്? വീട്ടിൽ ഇരുന്നാ മതിയാരുന്നല്ലോ സുഖമായിട്ട്..ആരെ കാണിക്കാനാടി വന്നത്?”

അവൻ മുന്നോട്ട് ആഞ്ഞു

“ചാർലി “

ഷെല്ലി അവനെ തടഞ്ഞു

“അവള് പോയിരിക്കുന്നു..പനി വന്നത് ഒരു കാരണമാക്കിയതല്ലെടി നീ പോകാൻ ആയിട്ട്…”

അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു

“എന്താഡി മിണ്ടാത്തെ..നീ തിരിച്ചു പൊയ്ക്കോ ഇവിടെ വേണ്ട. അങ്ങനെ ഞാൻ വിളിച്ചു എന്ന പേരില് വരണ്ട “

അവൾ പൊട്ടിയോഴുകുന്ന മിഴികൾ തുടച്ചു

“നിങ്ങൾ പോകുമ്പോൾ ഇവളെ കൂടെ കൊണ്ട് പൊയ്ക്കോ. ഇവിടെ ആരും വേണ്ട..”

“എന്നോട് വരണ്ടാന്നു പറഞ്ഞിട്ടാ ഇച്ചാ..എനിക്ക് വയ്യാതെ ഇവിടെ കിടന്ന എല്ലാർക്കും ബുദ്ധിമുട്ട് ആയിപ്പോകും അതു കൊണ്ടല്ലേ ഞാൻ പോയെ “

“ആണോ..എന്നിട്ടെന്താ നീ എന്നെ വിളിക്കാഞ്ഞേ?”

അവൻ അവൾക്ക് മുന്നിൽ ചെന്നു നിന്നു

“പറയടി പോയിട്ട് കുറച്ചു ദിവസം ആയല്ലോ…എന്താ വിളിക്കാഞ്ഞേ?”

അവന്റെ ശബ്ദം ഉയർന്നപ്പോ ഷെല്ലി വാതിൽ അടച്ചു

“എനിക്ക് അറിയില്ലായിരുന്നു ഫോൺ ഉണ്ടെന്ന്..ഫോൺ ഞാൻ കണ്ടിട്ടില്ല..അപ്പയോടും ചേട്ടനോടും ഞാൻ വിളിച്ചു ചോദിച്ചു. ചോദിച്ചു നോക്കിക്കേ “

“എനിക്ക് ആരോടും ചോദിക്കണ്ട.. നീ കള്ളിയാ. നീ പറയുന്നത് മുഴുവൻ കള്ളമാ. നിനക്ക് ചാർളിയോട് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ ആരു പറഞ്ഞാലും നീ വന്നേനെ. ഇവർ വന്നില്ലേ? ഇപ്പൊ മനസിലായോടി വ്യത്യാസം..നീ പൊയ്ക്കോ. എനിക്ക് നിന്നെ വേണ്ട പൊയ്ക്കോ “

അവൾ കരഞ്ഞു കൊണ്ട് നിലത്തു ഇരുന്ന് ആ കാലിൽ പിടിച്ചു

“ക്ഷമിക് ഇച്ചാ..എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ..”

“മോളെ..”

ഷെല്ലി അവളെ പെട്ടെന്ന് പിടിച്ചു ഉയർത്തി മാറ്റി

“ഇവൻ നിന്റെ ഇച്ചാ അല്ല. നിന്നെ സ്നേഹിച്ചിരുന്ന ചാർളിയല്ല. നിന്നെ ജീവനായിരുന്ന.. “

ഷെല്ലി യുടെ നെഞ്ചിൽ ഒറ്റ തള്ള് കൊടുത്തു ചാർലി

“എന്റെ പെണ്ണിന്റ ദേഹത്ത് നിന്ന് കയ്യെടുക്കടാ “

നടുങ്ങിപ്പോയി ഷെല്ലി. സ്റ്റാൻലി അറിയാത് എഴുന്നേറ്റു പോയി

“അവളുടെ ദേഹത്ത് തൊടരുത്. ചേട്ടൻ ആണെങ്കിലും അപ്പൻ ആണെങ്കിലും.”

സാറ പരിഭ്രമത്തോടെ എല്ലാവരെയും നോക്കി

ഷെല്ലി വാതിൽ തുറന്നു ഇറങ്ങി പോയി. കുറച്ചു കഴിഞ്ഞു സ്റ്റാൻലിയും

ചാർലി തിരിഞ്ഞു നിന്നു. ഇണങ്ങാൻ കൂട്ടക്കാത്ത കാട്ടുമൃ- ഗത്തെ പോലെ

സാറയ്ക്ക് ഇപ്പൊ അവനെ ശരിക്കും മനസിലായി. അവന്റെ മനസ്സും

അവൾ ചെന്നു വാതിൽ ചാരി

“ചേട്ടനോട് അങ്ങനെ ഒന്നും പറയരുത്. എന്റെ സ്വന്തം ചേട്ടനെ പോലെയാ. ചേട്ടന് ഞാൻ അനിയത്തിയും “

“എന്തോന്ന് ആണെങ്കിലും ദേഹത്ത് തൊടണ്ട..ആരാണെങ്കിലും “

അവന്റെ മുഖം ചുവന്നു. അവൾ എന്ത് പറയണം എന്നറിയാതെ നിന്ന് പോയി

കുറച്ചു സമയം കഴിഞ്ഞു

“ഞാൻ ഒന്നും കഴിച്ചില്ല “

“അതിന് ഞാൻ എന്ത് വേണം?” അവൻ ദേഷ്യത്തിൽ ചോദിച്ചു

“വിശക്കുന്നു. ബാഗിൽ പൊതിച്ചോർ ഉണ്ട്. കഴിച്ചോട്ടെ ഇവിടെ ഇരുന്ന്?”

“ഓ എന്തൊരു പരിഗണന? എന്നോട് ചോദിച്ചിട്ടാണല്ലോ. എല്ലാം ചെയ്യുന്നത്?”

“ഇനി ഇച്ചാനോട് ചോദിച്ചു ചെയ്തോളാം. “

അവൾ മുഖം കഴുകി തുടച്ചു

“ഞാൻ കഴിച്ചോട്ടെ?”

“എന്താണ് എന്ന് വെച്ചാ ചെയ്യ് “

വാഴയില തുറക്കുന്ന മണം വന്നപ്പോൾ അവന്റെ വായിൽ വെള്ളം നിറഞ്ഞു

“കഴിച്ചാരുന്നോ?” അവൾ ആ മുഖത്ത് നോക്കി

“നാലു മണിയായില്ലേ. മനുഷ്യൻ കഴിച്ചു കാണുമല്ലോ സ്വാഭാവികം ആയും “

“എന്നാലും വിശപ്പ് ഉണ്ടാവില്ലേ?”

“ഇല്ല “

അവൾ നേർത്ത പുഞ്ചിരിയോടെ ഒരു കുഞ്ഞിരുള ചോറ് നീട്ടി

“വേണ്ട “

“ഇത്തിരി കഴിക്ക് “

അവൻ ഒറ്റ തട്ടിന് അതു തെറിപ്പിച്ചു

“വേണ്ടന്ന് പറഞ്ഞില്ലേ?”

അവൾ രണ്ടാമതും ഉരുട്ടി ആ വായ്ക്ക് നേരെ നീട്ടി

വീണ്ടും അതവർത്തിച്ചു

അവൾ മൂന്നാമതും നീട്ടിയപ്പോ അവൻ ആ മുഖത്തേക്ക് നോക്കി

“കഴിക്ക് എന്നോട് പിണങ്ങാതെ “

അവൻ അറിയാതെ വാ തുറന്നു

“അത്രക്ക് കറി ഒന്നുല്ലാട്ടോ. സ്കൂളിൽ പോകാൻ ഒരുങ്ങിയപ്പോഴാ വിളിച്ചേ. ചമ്മന്തി ഉരുളക്കിഴങ്ങ് മെഴുക്കു പുരട്ടിയും മാത്രേ ഉള്ളാരുന്നു “

അവൻ അമ്പരന്ന് നോക്കി

“നീ..നീ…സ്കൂളിൽ പഠിക്കുവാണോ?”

അവൾ പൊട്ടിച്ചിരിച്ചു പോയി

ചിരിച്ചു ചിരിച്ചു അവളുടെ മണ്ടയിൽ ചോറ് കേറി. ചുമച്ചു

“സൂക്ഷിച്ചു കഴിക്കെടി..” അവൻ വെള്ളം കൊടുത്തു

അവൾ അതു കുടിച്ചിട്ട് നോക്കി

“പറ നീ സ്കൂളിൽ ആണോ പഠിക്കുന്നെ?”

“അല്ല ടീച്ചർ “

“ടീച്ചറോ? നിയോ?”

അവൾ ഒരു കഷ്ണം ഉരുളക്കിഴങ്ങ് പൊരിച്ചത് വായിൽ വെച്ചു കൊടുത്തു

“ഞാൻ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആണ്. ഇച്ചാന്റെ സ്കൂളിൽ ആണ് ജോലി. അതായത് കുരിശുങ്കൽ കാരുടെ സ്കൂളിൽ. അതാ വീട്ടുപേര് “

അവൻ ഒന്ന് മൂളി

“ഇന്നാ കഴിക്ക് “

“നീ കഴിച്ചോ മതി “

“ഒന്നുടെ കഴിക്ക് ഇന്നാ “

അവൻ വാ തുറന്നു

“ഇഷ്ടായോ?”

“ഉം “

“ഇച്ചാൻ വെജ് കഴിക്കില്ലായിരുന്നു. ഞാൻ വെജ് ആണ്. അതു പറഞ്ഞു കളിയാക്കുമായിരുന്നു “

അവൻ അതു കേട്ടിരുന്നു

“കിച്ചു ചേട്ടൻ വന്നരുന്നോ?”

അവൻ നെറ്റി ചുളിച്ചു

“ആ കിച്ചു ചേട്ടനും രുക്കു ടീച്ചറും രണ്ടു പേരും ഭയങ്കര ഫ്രണ്ട്സ് ആണ് ഇച്ചന്റെ. സ്കൂളിൽ തൊട്ടേ ഉള്ളതാ ഞാൻ ഫോട്ടോ കാണിച്ചു തരാം “

അവൾ കൈ കഴുകി അടുത്ത് വന്നിരുന്നു. പിന്നെ മൊബൈൽ എടുത്തു കാണിച്ചു കൊടുത്തു

“ഇത് എന്റെ റിസൾട്ട്‌ വന്നപ്പോൾ നല്ല മാർക്ക്‌ ഉണ്ടായ കൊണ്ട് എന്നെ സിനിമക്ക് കൊണ്ട് പോയതാ. അവരും ഉണ്ടാരുന്നു. ഇത് നമ്മൾ ഹോട്ടലിൽ കയറിയപ്പോ കിച്ചു ചേട്ടൻ എടുത്ത വീഡിയോ..”

അവൻ അതു നോക്കിയിരുന്നു.

അവളോട് താൻ പറയുന്ന തമാശ…സ്നേഹം

“ഇത് നമ്മൾ ജ്വലറിയിൽ പോയപ്പോ ഉള്ളതാ. നോക്ക് “

അവൾ ചാർലി എന്ന് എഴുതിയ മോതിരം കാണിച്ചു

“ഇച്ചന്റെ കയ്യിലും ഉണ്ടാരുന്നു “

അവൾ കൈ പിടിച്ചു നോക്കി

“ഇല്ലല്ലോ. എവിടെ പോയി?”

“ആക്‌സിഡന്റ്ൽ പോയി കാണും “

അവൾ കഴുത്തിൽ കിടന്ന മാല പിടിച്ചു നോക്കി. അവൾ കൊടുത്ത ലോക്കറ്റ്

“ഇത് ഞാൻ ടൂർ പോയിട്ട് വന്നപ്പോ വാങ്ങി തന്നതാ “

അവൻ അതു കയ്യിൽ എടുത്തു നോക്കി

“എന്റെ കയ്യിൽ ഇച്ചിരി കാശ് ഉണ്ടായിരുന്നുള്ളു. അതു കൊണ്ട കുഞ്ഞത് “

അവൻ അതു കേട്ടിരുന്നു. ഓർമ്മകൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും മാറ്റമില്ലാത്തത് അവളോടുള്ളതാണെന്ന്, അവളോട് മാത്രം ഉള്ളതാണെന്ന് ആ നിമിഷം അവൻ തിരിച്ചറിയുകയായിരുന്നു.

അവളെ നോക്കി ഇരിക്കുമ്പോൾ, അവളെ കേട്ടിരിക്കുമ്പോൾ…ഭ്രാന്ത് പിടിക്കും പോലെ ഒരിഷ്ടം വന്നുള്ളൂ നിറയുന്നത് ചാർലി അറിഞ്ഞു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *