ആത്മാവിന്റെ ചെങ്ങാത്തം
Story written by ROSSHAN THOMAS
നമസ്കാരം സുഹൃത്തുക്കളെ….പൂർവകാല പോസ്റ്റുകൾക് നൽകുന്ന പ്രോത്സാഹനത്തിന് നന്ദി.. ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ സ്റ്റിക്കർ കമെന്റകൾ ഒഴിവാക്കി വരികളിലൂടെ അറിയിക്കണേ..
ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്ന സ്റ്റോറി നിങ്ങൾ ഒക്കെ ഒരുപാട് ചർച്ച ചെയ്തിട്ടുള്ളതും ചിലർ നേരിട്ട് പരീക്ഷിച്ചതുമായ ഒരു കാര്യത്തെ കുറിച്ചാണ്… എന്താണന്നല്ലേ..???
സോഷ്യൽ മീഡിയയിൽ കുറെ ആയി കേൾക്കുന്ന ഒരു പേരാണ് ഓജോ ബോർഡ്…അതിന്റെ സത്യാവസ്ഥകളെ കുറിച്ച് പലതരത്തിലുള്ള വാദ പ്രതിവാദങ്ങളും ലോകമെമ്പാടും നടക്കുന്നുണ്ട്…ഒരിക്കൽ ഞാൻ ടീവിയിൽ കണ്ടു ഓജോ ബോർഡിനെ കുറിച്ചുള്ള ഒരു സംവാദം ..ഓജോ ബോർഡ് സത്യമാണെന്നു പറയുന്ന ഒരു കൂട്ടർ…അല്ലെന്നു മറ്റൊരു കൂട്ടർ..
സത്യമാണെന്ന് പറയുന്നവർ പ്രേക്ഷകർക്കിടയിൽ നിന്ന് ഒരാളെ വിളിച്ചു ലൈവ് ആയി സത്യമാണെന്ന് തെളിയിക്കുന്നു. നമ്മൾ എന്തു വിശ്വസിക്കണം…പിന്നെ ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്..നമ്മുടെ ഒരു റിട്ടയേർഡ് ജസ്റ്റിസ് ഇപ്പോഴും തന്റെ മരിച്ചു പോയ ഭാര്യയോട് സംസാരിക്കാറുണ്ട് ഓജോ ബോർഡ് ഉപയോഗിച്ച് എന്ന്…
അതെന്തിരുന്നാലും ശെരി…നമ്മുടെ ഗ്രൂപ്പിലുള്ള ഒരു സുഹൃത്തിന്റെ ജീവിതത്തിൽ ഏതാണ്ട് 10-12 വർഷം മുൻപുണ്ടായ ചില സംഭവങ്ങൾ ആണ് ഞാൻ ഇന്നിവിടെ നിങ്ങള്ക്ക് മുൻപിൽ അവതരിപ്പിക്കുന്നത്…
എഴുതാൻ അനുവാദം കിട്ടിയിട്ടൊന്നുമില്ല..എഴുതേണ്ട എന്നാ പറഞ്ഞത്…എന്നാലും പേര് ഞാൻ മാറ്റി പറയുന്നത് കൊണ്ട് എന്റെ മാന്യ സുഹൃത്തിനു പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പു തരുന്നു…
ഓജോ ബോർഡിന്റെ ആധികാരികതയെ കുറിച്ച് എനിക്കു വലിയ പിടി ഇല്ലാട്ടോ..ഉപയോഗ ക്രമത്തെ കുറിച്ചും വായിച്ചുള്ള അറിവ് ഉള്ളു…
ഇനി സംഭവത്തിലേക്ക്….
നമുക്കെല്ലാവർക്കും ഒരുപോലെ ഇഷ്ടമാണല്ലോ ഭൂത പ്രേത പിശാചുക്കളുടെ കഥ കേൾക്കുക..അവരെ മീറ്റ് ചെയ്യാൻ ചില പരീക്ഷണങ്ങൾ നടത്തുക എന്നതൊക്കെ…
അങ്ങനെ ഉള്ള ഒരു ജിജ്ഞാസ ജീവി ആണ് നമ്മുടെ ഈ ഗ്രൂപ്പ് മെമ്പർ…പേര് നവ്യ..ഏതാണ്ട് പന്ത്രണ്ടു വർഷം മുൻപ് നവ്യ +2 പഠിക്കുന്ന കാലം….
ഇന്നത്തെ കാളും ഓജോ ബോർഡിനെ കുറിച്ച് ഉള്ള ചർച്ചകൾ പലയിടത്തും സജീവമാണ്…പ്രത്യേകിച്ച് ക്ലാസ് റൂമുകളിൽ…പലരും തങ്ങൾ ഓജോ ബോർഡ് പരീക്ഷിച്ച രീതി ക്ലാസ്സിൽ വന്നു വർണ്ണിക്കുന്നത് സ്ഥിരം സംഭവമായി.
ഓജോ ബോർഡ്…തനിക്കും അറിയണം അതിലെന്താണ് സംഭവം എന്ന് നവ്യ മനസ്സിൽ ചിന്തിച്ചു.. താനും തന്റെ കൂട്ടുകാരികളും പലപ്പോഴായി പാതി വഴിയിൽ പേടിച്ചു ഉപേക്ഷിച്ച ഓജോ ബോർഡ്…എങ്ങനെയും അതിന്റെ പിന്നിലെ സത്യം കണ്ടെത്തണം…സംഗതി സത്യമാണേലും മിഥ്യ ആണേലും…പരീക്ഷിക്ക തന്നെ…
ഒരിക്കലും തോന്നാത്ത ഒരു അസാമാന്യ ധൈര്യം അവളെ അപ്പോൾ ഭരിക്കയാണ്….അന്ന് രാത്രി ഭക്ഷണ ശേഷം നവ്യ സ്വന്തം റൂമിലേക്ക് മടങ്ങി…തൊട്ടപ്പുറത്തെ റൂമിൽ ചേച്ചി ഉണ്ട്..ആ ഒരു ധൈര്യത്തിൽ അവൾ വാതിൽ അടച്ചു… പകൽ വരച്ചുണ്ടാക്കിയ ഓജോ ബോർഡ് എടുത്തു..കരുതി വെച്ച കോയിനും …തയാറാക്കി വെച്ച മെഴുകുതിരിയും എടുത്തു..എങ്ങും നിശബ്ദത…അരണ്ട മെഴുതിരി വെട്ടം മാത്രം റൂമിൽ..അവൾ മനസ് ഏകഗ്രമാക്കി…ബോർഡിന് നടുക്കായി കോയിൻ വെച്ചു അതിനു മീതെ പതിയെ വിരൽ തൊട്ടു.
തുടർന്ന് അവൾ പതിയെ ആത്മാവിനെ വിളിക്കാനുള്ള മന്ത്രം.(????) ചൊല്ലി തുടങ്ങി…ഗുഡ് സ്പിരിറ്റ് ….പ്ളീസ് കം …..ഗുഡ് സ്പിരിറ്റ് പ്ളീസ് കം…മനസിനെ ഏകാഗ്രമാക്കിയിട്ടുള്ള അവളുടെ പ്രാർത്ഥനയുടെ ഫലമാകാം…റൂമിലാകെ ഒരു തരം പരിമളം നിറഞ്ഞു തുടങ്ങി…മെഴുതിരി നാളം ചെറുതായി ഉലഞ്ഞു തുടങ്ങി…നവ്യയുടെ ഞെഞ്ചിന്റെ ഇടിപ്പു ധൃത ഗതിയിൽ…മനസിനെ ഒരു തരം ഭയം ഭരിക്കാൻ ആരംഭിച്ചു തുടങ്ങി..അവൾ വിയർത്തു കുളിച്ചു…
പെട്ടന്നാണ് അവളുടെ മനസിലേക്ക് ഓജോ ബോർഡിനെ കുറിചുള്ള സംസാരതിനിടയിൽ ഒരു സുഹൃത്തു പറഞ്ഞത് ഓർമ വന്നത്..ആത്മാവുമായുള്ള സംസാര ശേഷം അല്ലെങ്കിൽ ആത്മാവിനെ പറഞ്ഞു വിടണം എന്ന തോന്നൽ ഉണ്ടായാൽ…അപ്പോൾ തന്നെ മെഴുതിരി കെടുത്തി ബോർഡ് നേരെ കമിഴ്ത്തണം എന്നു ..അല്ലെങ്കിൽ വന്ന ആത്മാവ് പോവില്ലത്രേ …
പിന്നെ നവ്യ ഒന്നും ചിന്തിച്ചില്ല..മെഴുതിരി ഊതിയതും ബോർഡ് കമിഴ്ത്തിയതും ഒരുമിച്ചായിരുന്നു…..
പിറ്റേ ദിവസം അവൾ സ്വയം ശപിച്ചു…ഛെ ….എന്തിനാണ് താനപ്പോൾ ഭയപ്പെട്ടത്….ഏതു നേരത്താണ് മെഴുതിരി തനിക്കു കെടുത്താൻ തോന്നിയത്…അവൾ സ്വയം ശപിച്ചു….എന്തായാലും പ്രളയം വന്നു സകലതും നശിച്ചാലും..ഇന്ന് രാത്രി ഞാനിതിനു പിന്നിൽ ആത്മാക്കളുടെ വരവ് ഉണ്ടോന്നു അറിഞ്ഞിരിക്കും…അവൾ മനസ്സിൽ ഉറച്ചു….
അന്ന് രാത്രി തന്റെ മനസിനെ കൂടുതൽ ബലപ്പെടുത്തി അവൾ റൂമിലേക്ക് കടന്നു വാതിലടച്ചു…ലൈറ്റ് ഓഫ് ആക്കി അവൾ കുറച്ചു നേരം കട്ടിലിൽ കിടന്നു..കാതോർത്തു…ഉറപ്പിച്ചു..എല്ലാരും ഉറങ്ങി…അവൾ സാവധാനം എഴുന്നേറ്റു..മെത്തക്കടിയിൽ സൂക്ഷിച്ച ഓജോ ബോർഡ് എടുത്തു…മെഴുതിരി കത്തിച്ചു അവൾ പ്രാർത്ഥന തുടങ്ങി ….
Good spirit…Please come …ഏതാനും മിനുറ്റുകൾക്കു ശേഷം…ആ റൂമാകെ ആ തലേ ദിവസ രാത്രിയിലെ മണം പരന്നു തുടങ്ങി…അവളുടെ നാസികയിൽ ആ മണം കിട്ടിയപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു..അതാ മെഴുകുതിരി വെട്ടം നിന്ന് ഉലയുകയാണ്…അവൾ ബോർഡിലേക്ക് നോക്കിയപ്പോൾ…തന്നോട് ഒന്ന് മിണ്ടാൻ വെമ്പുന്ന ആത്മാവിന്റെ മനസിനെ സൂചിപ്പിക്കുന്ന പോലെ അതാ തന്റെ വിരൽ തുമ്പിൽ നിന്ന് ആ കോയിൻ വിറക്കുന്നു..നവ്യയുടെ തൊണ്ട വരണ്ടു…എങ്കിലും അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു….
hi….പെട്ടന്ന് അവൾ നോക്കി നിക്കുമ്പോൾ ആ കോയിൻ വിറച്ചു വിറച്ചു ചലിച്ചു തുടങ്ങി..ആദ്യം “H” എന്ന അക്ഷരത്തിലേക്കു നീങ്ങി…ശ്വാസമടക്കി നവ്യ നോക്കുമ്പോൾ ആദ്യാക്ഷരം താണ്ടി കോയിൻ അടുത്ത അക്ഷരത്തിൽ എത്തി അവളെയും വിഷ് ചെയ്തു…അവളുടെ ശ്വാസം നേരെ വീണു…ഗുഡ് സ്പിരിറ്റ് തന്നെ…
അവൾ ചോദിച്ചു…Who are you..??? അവളുടെ ചോദ്യത്തിന് കോയിൻ നേരെ പോയത് “A” എന്ന അക്ഷരത്തിലേക്കാണ്…കോയിന്റെ ചലനങ്ങൾക്കനുസരിച്ചു അവൾ ആ പേര് വായിച്ചെടുത്തു…”അനൂപ്”…അവളുടെ ധൈര്യം ഏറി വന്നു…അവളുടെ ഓരോ ചോദ്യങ്ങൾക്കും മറുപടി കിട്ടി കൊണ്ടിരിന്നു…അവൾ അറിഞ്ഞ കാര്യങ്ങൾ എല്ലാം തന്റെ ഡയറിയിൽ കുറിച്ച് വെച്ചു …
അനൂപ് എറണാകുളം സ്വദേശിയാണ്…ഭാര്യ ദിവ്യ…ഒരേ ഒരു മകൾ..വർഷ..വയസ് 1അര…സ്നേഹിച്ച പെണ്ണിനെ അന്തസായി വിളിച്ചിറക്കി കൊണ്ട് വന്നതിനു വീട്ടുകാർ ഇറക്കി വിട്ടു രണ്ടുപേരെയും..എങ്കിലും തളരാതെ സന്തോഷത്തോടെ ജീവിച്ചു പോരുകയായിരുന്നു അവർ..പക്ഷെ അധികം നാൾ അവരുടെ സന്തോഷം നീണ്ടു നിന്നില്ല..തൈക്കുടം പാലത്തിനടുത്തു വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ അനൂപും ഭാര്യയും മകളും കൊല്ലപ്പെട്ടു…അത് നടന്നിട്ടു രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു…
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു…
രാത്രികാലങ്ങളിൽ ഉള്ള അവരുടെ സംസാരത്തിലൂടെ നവ്യയുടെയും അനൂപിന്റെയും ബന്ധം കൂടുതൽ ദൃഢമായി…പ്രണയം ഒന്നുമല്ല കേട്ടോ…സൗഹൃദം…ആ സൗഹൃദത്തിന്റെ മായാവലയത്തിൽ പറന്നു നടക്കുകയാണ് നവ്യ..എന്നും അമ്പലത്തിൽ പൊയ്ക്കൊണ്ടിരുന്ന നവ്യ അമ്പലത്തിൽ പോകാതെ ഇരിപ്പായി…ഏതു സമയവും ഡയറിയും നോക്കി വാതിലടച്ചിരുപ്പു…
ചില രാത്രി കാലങ്ങളിൽ നവ്യയുടെ മുറിയിൽ നിന്നും സംസാരം കേൾക്കാമെന്നു അവളുടെ ചേച്ചി അമ്മയോട് പറഞ്ഞപ്പോൾ മുതലാണ് അമ്മക്ക് സംശയം…കൂടാതെ അമ്പലത്തിൽ പോകാതെയുള്ള അവളുടെ നടപ്പും കൂടി ആയപ്പോൾ അമ്മ ഒന്ന് പേടിച്ചു …ദേവിയെ …ഇനി പെണ്ണിന് വല്ല ഗന്ധർവനും കൂടിയോ…കൈയിൽ പിടിച്ചു വിളിച്ചോണ്ട് പോകാൻ നോക്കിയാലും അവൾ വരുന്ന മട്ടില്ല…
ആ സമയത്താണ്..നവ്യയുടെ സ്കൂളിൽ ഒരു സംഭവം നടന്നത്…ഇന്റർവെൽ സമയത് പെൺകുട്ടികൾ പോകുന്ന വഴിയിൽ നിന്ന് കൊണ്ട് എല്ലാ അധ്യാപകർക്കും പേരുദോഷം കേൾപ്പിക്കാനായി ഒരു ഞരമ്പുരോഗിയായ “അധ്യ പഹയൻ”…വഴി അല്പം അടഞ്ഞു നിക്കുന്നത് പതിവ് സംഭവം ..പെൺകുട്ടികൾ കടന്നു പോകുന്ന സമയം ഒരു സ്പർശന സുഖം..അതാണ് ഇഷ്ടന് വേണ്ടത്..
അങ്ങനെ ഒരു ദിവസം ചിലപെണ്കുട്ടികൾ നടന്നു പോയി ..പുറകിലായി നവ്യയും അവൾ നടന്നു അയാൾക്കു അരികിലേക്കെത്തിയപ്പോൾ അയാളുടെ മുഖത്തു നോക്കി നീങ്ങി നിക്കാൻ പറയാൻ കൈ ഒന്ന് ഉയർത്തിയതും ആരോ തള്ളി തെറിപ്പിച്ച പോലെ അയാൾ 2 മീറ്റർ അകലേക്ക് തെറിച്ചു വീണു..കുട്ടികൾ എല്ലാരും തിരിഞ്ഞു നോക്കിയപ്പോൾ കൈ ഉയർത്തി നിക്കുന്ന നവ്യ…
അകെ പ്രശ്നം..ഒടുവിൽ വീട്ടിൽ നിന്ന് ആളെ വിളിപ്പിച്ചു…അവൾ കാലു പിടിച്ചു പറഞ്ഞു..ഞാൻ ഉന്തിയിട്ടില്ല ….അവളുടെ വാക്ക് കേട്ടപ്പോൾ അമ്മ ഒന്നുറപ്പിച്ചു….പെണ്ണിന്റെ കൂടെ ഏതോ ഒരു ശക്തി ഉണ്ട്……
നവ്യയുടെ വീടിനടുത്തായി ഒരു പഴയ മന ഉണ്ട്…നൂറ്റാണ്ടുകൾ പഴക്കമുള്ള മന..അവിടുത്തെ കാര്യസ്ഥ പണി നോക്കുന്നത് നവ്യയുടെ അച്ഛൻ ആണ്…അവിടെയുള്ള തിരുമേനിയോട് നവ്യയുടെ ഇപ്പോഴത്തെ അവസ്ഥ അവളുടെ അമ്മ പറയുക ഉണ്ടായി ..അമ്പലത്തിൽ പോകാൻ കൂട്ടാക്കുന്നില്ല എന്നുകൂടി പറഞ്ഞപ്പോൾ അദ്ദേഹം നവ്യയെ വിളിപ്പിച്ചു..ഒറ്റ നോട്ടത്തിൽ തന്നെ അദ്ദേഹം കാര്യം അവതരിപ്പിച്ചു..
തന്റെ കൂടെ ഒരു ആത്മാവ് സദാ സമയം ചുറ്റിത്തിരിയുന്നു..അതും ജീവിച്ചു കൊതിതീരാതെ മരണത്തിനു കീഴടങ്ങിയ ഒരു ആത്മാവ്..ആ ആത്മാവ് തന്നിലൂടെ ലോകം കാണാൻ ആഗ്രഹിക്കുന്നു..പോകെ പോകെ വലിയ വില കൊടുത്താലും തന്നെ വിട്ടു പോകാത്ത രീതിയിലേക്കാണ് ആ ബന്ധം വളർന്നു കൊണ്ടിരിക്കുന്നത്..അതിന്റെ ഉദാഹരണമാണ് സ്കൂളിൽ നടന്നത്..ബന്ധത്തിന് കൂടുതൽ ദൃഢത വരുത്തുന്നതിനുള്ള കാര്യങ്ങൾ നവ്യ തന്നെ ആണ് ചെയുന്നത് എന്നും തിരുമേനി കൂട്ടി ചേർത്തു..
തിരുമേനിയുടെ പല ചോദ്യങ്ങൾക്കു മുന്നിലും പിടിച്ചു നിൽക്കാനാകാതെ നവ്യ ഒടുവിൽ അത് സമ്മതിച്ചു…താൻ ഓജോ ബോർഡ് ഉപയോഗിക്കുന്നു.എല്ലാവരും ഒന്ന് ഞെട്ടി…നീണ്ട ഉപദേശത്തിനും ശകാരത്തിനും ശേഷം തിരുമേനി..അവൾക്കു ഒരു ഏലസ് കെട്ടികൊടുത്തു…ഉടൻ തന്നെ ഓജോ ബോർഡ് എന്ന വസ്തു വീട്ടിൽ നിന്നും നീക്കി നശിപ്പിക്കാനും പറഞ്ഞു..
അമ്മ വീട്ടിൽ എത്തിയ ഉടനെ ഓജോ ബോർഡ് നശിപ്പിച്ചു…പിന്നീടങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളായിരിന്നു നവ്യക്ക്.തനിക്കു എങ്ങനയും അനൂപേട്ടനോട് സംസാരിക്കണം എന്നുണ്ട്…പക്ഷെ …പല രാത്രികളിലും അവളുടെ മുറിയിൽ അനൂപ് വരുമ്പോൾ ഉള്ള ഗന്ധം അനുഭവ പെടാറുണ്ട്…എന്തു ചെയ്യാൻ പറ്റും…അവൾ എന്നും ആ ഡയറി എടുത്തു വായിച്ചു കരയാറുണ്ട്…
ഒരിക്കൽ അർദ്ധ രാത്രി അവൾ മെഴുതിരി വെട്ടത്തിൽ ഇരുന്നു ഡയറി വായിക്കുന്ന സമയം..റൂമാകെ ആ പരിമള ഗന്ധം പരന്നു…അവൾ ചുറ്റും നോക്കി പറഞ്ഞു…എനിക്കറിയാം എന്റെ അടുത്തുണ്ട്…എന്നോട് മിണ്ടണം എന്നുണ്ട്…എനിക്കും മിണ്ടണം….ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും….അതും പറഞ്ഞവൾ പൊട്ടി കരഞ്ഞു…പെട്ടന്ന് അവളുടെ റൂമിന്റെ വാതിലിൽ ആരോ ശക്തിയായി തട്ടി…അവൾ വേഗം കണ്ണീർ തുടച്ചു..ഡയറി അലമാരയിൽ വെച്ച് പൂട്ടി വാതിൽ തുറന്നു…
അമ്മയും ചേച്ചിയും അച്ഛനുമാണ്…എന്താണ് ശബ്ദം കേട്ടത് എന്ന് ചോദ്ധിച്ചപ്പോൾ നാളെ എക്സാം ആണ് പഠിക്കുകയാണ് എന്ന് അവൾ കള്ളം പറഞ്ഞു …പഠിച്ചത് മതി…കിടന്നുറങ്ങാൻ നോക്ക് എന്ന് പറഞ്ഞു മെഴുതിരി ഊതി കെടുത്തി അവർ പോയി …കട്ടിലിൽ കിടന്നു പലതും ഓർത്തു നവ്യ ഉറങ്ങി പോയി…
രാവിലെ എഴുന്നേറ്റു അവൾ റൂമിനു വെളിയിലേക്കു പോകാൻ ഒരുങ്ങുമ്പോൾ ആണ് കട്ടിലിന്റെ ക്രസിയിൽ എന്തോ രക്ത നിറത്തിൽ…അതെ രക്തം തന്നെ അവൾ…തന്റെ ശരീരവും തലയും എല്ലാം പരിശോധിച്ചു …എങ്ങും മുറിഞ്ഞിട്ടില്ല..പിന്നെ എവിടുന്നു ഈ രക്തം..ഇത് ആർത്തവ ചക്ര നാളുകളുമല്ല …പിന്നെ എങ്ങനെ…അവൾ ഓടിച്ചെന്നു അലമാര തുറന്നു നോക്കി…അവിടെ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു…ഡയറിയിലെ പേജുകൾ എല്ലാം കുനുകുനെ കീറി മുറിച്ചിട്ടിരിക്കുന്നു…ആ കീറിയ പേജിലും പുറംചട്ടയിലും ഉണ്ടായിരുന്നു രക്ത കറ…അപ്പോൾ അവൾ ഒരു കാര്യം ഉറപ്പിച്ചു…ഇന്നലെ താൻ ഡയറി വായിച്ചപ്പോൾ അനൂപേട്ടൻ ഇവിടെ ഉണ്ടായിരുന്നു..തന്റെ കരച്ചിൽ കണ്ടു സഹിക്കാൻ കഴിയാഞ്ഞിട്ടാകാം ഡയറി നശിപ്പിച്ചത്…
ഏതാനും ദിവസങ്ങൾ കഴിഞ്ഞു എറണാകുളത്തു പോലീസിൽ ഉള്ള തന്റെ ഒരു കസിനോട് ഇങ്ങനെ ഒരു മരണത്തെ കുറിച്ച് അന്വഷിക്കാൻ നവ്യ പറഞ്ഞിരുന്നു..അയാൾ അന്വഷിച്ചിട്ടു വിളിച്ചു പറഞ്ഞു രണ്ടു വര്ഷം മുൻപ് അങ്ങനെ മൂന്ന് പേരുടെ മരണം അവൾ പറഞ്ഞ സ്ഥലത്തു റിപ്പോർട്ട് ചെയ്തിരുന്നു….അത് അത് കൂടി കേട്ടപ്പോൾ അവൾ എല്ലാം സത്യമെന്നു ഉറപ്പിച്ചു…
പക്ഷെ എന്തോ ഒന്ന് പറയാൻ ബാക്കി വെച്ചാണ് അനൂപ് അന്ന് പോയത്…അതെന്താണന്നറിയാൻ നവ്യക്ക് മോഹമുണ്ട് …പക്ഷെ അതിനു ഇനി കഴിയില്ല…എന്നോട് ഇതെല്ലം പറഞ്ഞിട്ടു നവ്യ പറഞ്ഞു..അന്ന് പറയാൻ ബാക്കി വെച്ച കാര്യങ്ങൾ അറിയാൻ ഒരിക്കൽ കൂടി ഓജോ ബോർഡ് നോക്കിയാലോ എന്ന്…പക്ഷെ ഞാൻ നിരുത്സാഹ പെടുത്തി…കാരണം…അപകടം വിളിച്ചു വരുത്താൻ എളുപ്പമാണ്..ഓജോ ബോർഡിനാൽ മാനസികമായി തകർന്ന പലരേം എനിക്കറിയാം..ആരും ഇത് അനുകരിക്കാതിരിക്കുക …കാരണം ഞാനിതിൽ വിശ്വസിക്കുന്നുണ്ട് …
ഇപ്പോഴും തനിയെ ഇരിക്കുമ്പോൾ ചിലപ്പോഴൊക്കെ ആ പഴയ ഗന്ധം നവ്യക്ക് അനുഭവപ്പെടാറുണ്ട് എന്ന് എന്നോട് അയാൾ പറഞ്ഞു…അതിനർത്ഥം അവളുടെ ജീവിതം മാറി നിന്നു അനൂപ് കാണുകയാണന്നു അല്ലെ …അതും അവളോട് ഒരു വാക്കുപോലും മിണ്ടാനാകാതെ..?
ഈ അനുഭവ കഥ കൊള്ളേണ്ടവർക്കു കൊള്ളാം..തള്ളേണ്ടവർക്കു തള്ളാം..
ഇനിയും മറ്റൊരാളുടെ അനുഭവവുമായി കാണുന്നത് വരെ നമോവാകം???