അങ്ങനെ അത്യാവശ്യം പ്രണയത്തിന് വേണ്ട ചേരുവകളൊക്കെ കണ്ടപ്പോഴാണ് ആരാ ആളെന്ന് ഞാന്‍ രഹസ്യമായി ചോദിച്ചത്…

അവൾ

Story written by DEEPTHY PRAVEEN

പതിവില്ലാതെയുള്ള പതര്‍ച്ച കണ്ടാണ് ഞാൻ അവനെ കൈയ്യോടെ പൊക്കിയത്…

“എന്താ ചെറുക്കാ  ഒരു ചുറ്റിക്കളി…”

ചേട്ടനോടൊപ്പം മിക്കവാറും വീട്ടില്‍ വരുന്ന പയ്യനാണ്…പ്ലസ്ടൂവിനാണ് പഠിക്കുന്നത്..

“ഒന്നൂല ചേച്ചി…വെറുതെ…”

വെറുംവാക്ക് പറഞ്ഞു എന്റെ കണ്‍മുന്നില്‍ നിന്നും രക്ഷപെട്ടു പോകുന്ന അവന്‍ തന്നെ ഒന്നും വെറുതെയല്ല ചേച്ചീന്ന് എന്നോടു പറയാതെ പറഞ്ഞു…

ദിവസങ്ങള്‍  കഴിയും തോറും അവനില്‍ ഉത്സാഹവും സന്തോഷവും കൂടി വന്നു…വെറൂതെ  ചിരിക്കുക….ദൂരേയ്ക്ക് നോക്കി  സ്വപ്നം കാണുക…പരിസരം മറന്നു  ഇരിക്കുക…അങ്ങനെ  അത്യാവശ്യം പ്രണയത്തിന്  വേണ്ട ചേരുവകളൊക്കെ കണ്ടപ്പോഴാണ് ആരാ ആളെന്ന് ഞാന്‍ രഹസ്യമായി ചോദിച്ചത്…

കുറച്ചു  നാണത്തോടെ ആളെ പറയാതെ മുഖം തിരിച്ചു നിന്ന അവനോട് കുത്തികുത്തി ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു…ആദ്യത്തെ ആ മടിക്ക് ശേഷം പതിയെ മനസ് തുറന്നു…അല്ലെങ്കിലും ആദ്യം ഒന്നു മടിക്കുമെങ്കിലും പിന്നീട് തന്റെ പ്രണയത്തെ പറ്റി തുറന്നു പറയാന്‍ എല്ലാവര്‍ക്കും നല്ല ഉത്സാഹമായിരിക്കും…

ചേച്ചി…ഫോണീൽ കൂടി പരിചയപെട്ടതാണ്….അന്ന്  വാട്ട്സാപ്പും എഫ്.ബിയും ഇത്ര പ്രചാരം   ഇല്ലായിരുന്നു. ഏതോ നമ്പര്‍ മാറി  വന്നതാണ്‌…തൃശൂരാണ് വീട്….മെറിന്‍ എന്നാണ് പേര്…ക്രിസ്ത്യനാണ്…

“ഒരു കുഴപ്പമുണ്ട് ചേച്ചി…”

എന്താ…? ചോദ്യഭാവത്തില്‍ ഞാന്‍ നോക്കി.

“അത് അവള്‍ എന്നേക്കാള്‍ രണ്ടു വയസ്സ്  മൂത്തതാണ്…”

“ചെറുക്കാ നിനക്ക് വേറേയാരെയും കിട്ടില്ലേ…ഇത്ര ദൂരേ…നേരില്‍ കണ്ടിട്ടില്ലല്ലോ…” വെറുതെ ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു.

“അവള്‍  പാവമാ ചേച്ചി…എന്നെ വലിയ ഇഷ്ടമാണ്…” എന്നെ പ്രതിരോധിക്കാന്‍  സമ്മതിക്കാതെ അവന്‍ അവന്റെ ഭാഗം  പറഞ്ഞു കൊണ്ടിരുന്നു…

അല്ലെങ്കിലും  പ്രണയിച്ചു കല്യാണം കഴിച്ചവരാരും  പ്രണയത്തെ പറ്റി അഭിപ്രായം പറയേണ്ട  എന്നാണെല്ലോ പൊതുവെ ചിലരുടെ  കാഴ്ചപാട്…അതുകൊണ്ട് ഉപദേശം നിര്‍ത്തി എന്തെങ്കിലും ആവട്ടെന്നു കരുതി ഞാനും സംസാരം നിര്‍ത്തി….

കുറച്ചു നാള്‍ അങ്ങനെ  പോയി…പോസ്റ്റുമാന്‍ ഹംസമായി  ഒരുപാട്  കത്തുകളൂം മറുപടികളും വന്നു കൊണ്ടിരുന്നു.

ഒരു ദിവസം അവളെ  കാണാന്‍ പോകുന്നില്ലേന്നു ഞാന്‍ ചോദിച്ചു…

“പോകണം  ചേച്ചി…കാണണം…”

“എന്നു പോകും. ഇത്ര ദൂരം എങ്ങനേ പോകും…” അവന്റെ  പ്രായം എന്നില്‍ ഭയം  ഉണ്ടാക്കിയിരുന്നു…

“എങ്ങനെയെങ്കിലും  കാണണം ചേച്ചീ…എന്നോട് ഒരു കള്ളം പറഞ്ഞിട്ടുണ്ട്…”

“എന്തു കള്ളമാ  പറഞ്ഞത്…?”

മറ്റൊരാളിന്റെ സ്വകാര്യത  ആണെങ്കിലും ആകാംക്ഷ  സഹിക്കാന്‍  വയ്യാതെ ഞാന്‍ ചോദിച്ചു..

“ചേച്ചീ  അവളുടെ മുഖം തീപൊള്ളല്‍ ഏറ്റതാണെന്ന് എന്നോടു കളവ് പറഞ്ഞു…നേരിട്ട് കാണുമ്പോള്‍ കളവ്  പറഞ്ഞത് എന്തിനാണെന്നു ചോദിക്കണം..”

“അത്  കളവാണെന്ന്  നിന്നോട് ആര് പറഞ്ഞു. സത്യം  ആണെങ്കിലോ…” വെറുതെ ഒരു നീറ്റല്‍  എന്നില്‍  പടര്‍ന്നു…നീ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലേ…

 “ഇല്ല ചേച്ചി എന്റെ ഫോട്ടോ അയച്ചു കൊടുത്തു. ഇങ്ങോട്ടു ചോദിച്ചില്ല…അത് കളവാണ് ചേച്ചി. എന്റെ കൂട്ടുകാര് പറഞ്ഞു പെണ്‍കുട്ടികള്‍ പരീക്ഷിക്കാന്‍ വേണ്ടി  ഇങ്ങനെ കള്ളങ്ങള്‍  പറയുമെന്ന്…”

“എങ്ങനെ പൊള്ളിയത് ആണെന്ന് അവളോട് ചോദിച്ചില്ലേ…?” എത്ര ശ്രമിച്ചിട്ടും എന്റെ  മനസ്സ് അടങ്ങുന്നില്ലായിരുന്നു…

“മണ്ണെണ്ണ വിളക്ക്  മറിഞ്ഞോ  മറ്റോ  ആണെന്നാ പറഞ്ഞത്…”

ഒരു  പെണ്‍കുട്ടി എന്തിനാ  കള്ളം പറയുന്നത്. ഞാന്‍  ആണെങ്കില്‍ അങ്ങനെ  ഒരു  കള്ളം  പറയുമോ…ചിന്തകള്‍   അഴിച്ചുവിട്ട  അശ്വം  കണക്കേ പാഞ്ഞൂ…

 പ്രിയപ്പെട്ട  ഹരിയേട്ടന്..

 ഹരിയേട്ടന്‍  പറഞ്ഞതു പോലെ  നമ്മള്‍ക്ക് അഞ്ചു മക്കള്‍ വേണം… അശ്വിന്‍…

അവന്റെ  പോക്കറ്റില്‍ ഇരുന്ന   കത്ത്  കൂട്ടുകാരന്‍  തട്ടി പറിച്ചു വായിക്കുകയാണ്… എന്തോ  അവിടെ നില്‍ക്കാന്‍ തോന്നിയില്ല…ഒരു പെണ്‍കുട്ടിയെ  കാണാതെ  അത്രത്തോളം സ്വപ്നങ്ങള്‍  കണ്ടിരിക്കുന്നു…

 “ഹരി…ആ  കുട്ടിയോട്  ഫോട്ടോ അയച്ചു തരാന്‍ പറയ്.. “

അകത്തോട്ടു പോകുമ്പോള്‍  അത് പറയുമ്പോഴും  എനിക്കു വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു…എന്തെന്നു  പറയാന്‍  കഴിയാത്ത അസ്വസ്ഥത…

കുറേ ദിവസങ്ങള്‍  കഴിഞ്ഞു  ഞങ്ങള്‍ ഹോസ്പിറ്റലില്‍  പോയി വരുന്ന വഴി  ഒരു  കൂട്ടുകാരന്റെ  വീടിനു മുന്നില്‍ എല്ലാവരും   കൂടി നില്‍ക്കുന്നു….പലരും  കളിയാക്കി ചിരിക്കുന്നു…ഉപദേശിക്കുന്നു…

ഞങ്ങള്‍  അവിടെ  ഇറങ്ങി…

എന്തുപറ്റി…?

ആ പെണ്‍കുട്ടിയുടെ  ഫോട്ടോ വന്നു…

എന്നിട്ട്…

എനിക്ക്  നെഞ്ചിടിക്കാന്‍ തുടങ്ങിയിരുന്നു…

ചേച്ചി  ആ  പെണ്ണ്  പറഞ്ഞത്  സത്യമാണ്‌.. അവളുടെ  മുഖത്തിന്റെ  ഒരു വശം  പൊള്ളല്‍  ഏറ്റതാണ്…

അവന്റെ  കൂട്ടുകാരന്‍  അത്  പറയുമ്പോള്‍ അവന്‍ തിരിഞ്ഞു  നില്‍ക്കുകയായിരുന്നു.

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചതെങ്കിലും  ഞാനും  പതറി പോയി…അവന്റെ  അടുത്ത നീക്കം  എന്തായിരിക്കും എന്ന്  ആശങ്കപെട്ടു…

ഇവന് വേറേ ജോലിയില്ലേ… മുഖം  പൊള്ളിയ പെണ്ണിനെ എന്തിനാ…അതും  അന്യജാതി യും  ഇവനേക്കാള്‍  മൂത്തതും  ആണ്…

അവന്‍ അതൊക്കെ അംഗീകരിക്കുന്ന മട്ടില്‍ മിണ്ടാതെ നില്‍ക്കുന്നു….

“അതിന്  ആ പെണ്‍കുട്ടി  എന്ത് തെറ്റാ  ചെയ്തത്…അവള്‍  എല്ലാം തുറന്നു  പറഞ്ഞതല്ലേ. മുഖം പൊള്ളിയതാണ്, മതം  വേറേയാണ്,  വയസിന്  മൂത്തതാണ്…..എല്ലാം അവള്‍  പറഞ്ഞു…വിശ്വസിക്കാത്തത് അവളുടെ  തെറ്റാകുന്നത് എങ്ങനെ….?

വെറുതെ  ഞാന്‍  അവരോട്  ചോദിച്ചു  കൊണ്ടിരുന്നു…..

ആരും  അത് ശ്രദ്ധിച്ചില്ല…

ശരിയാണ്… അവന്‍  ഒരു  ചെറിയ പയ്യനാണ്…പക്ഷേ വെറുതെ ഇരുന്ന ഒരു  പെണ്ണിന്  ആശ കൊടുത്തത് തെറ്റല്ലേ…

ചോദ്യങ്ങള്‍   സ്വയം വിഴുങ്ങുമ്പോഴും  അവന്‍  നിശബ്ദനായിരുന്നു…അവന്  പറ്റിയ അബദ്ധമാണോ അവളെ  പറ്റിയുള്ള ആശങ്കയാണോ  ആ  മൗനത്തിന്  പിന്നിലെന്ന് ഇന്നും  അറിയില്ല….അവന്‍  മൗനത്തില്‍ തന്നെയാണ്…

പിന്നെയും  ഏറെനാള്‍ അവളുടെ കത്തുകള്‍  വന്നു. അനാഥമായി റോഡിലുപേക്ഷിക്കപെട്ടു….സിം മാറ്റിയ അവനെ തേടി അവന്റെ അമ്മയുടെ  ഫോണിലും അവളുടെ  കോളുകള്‍  തേടിയെത്തി….

ഉപേക്ഷിക്കപെട്ടത് അറിയാതെ അവള്‍  തിരഞ്ഞു കൊണ്ടേയിരുന്നു….ഒടുവില്‍     നേര്‍ത്തു  നേര്‍ത്തു   ഇല്ലാതാകുന്ന നീരുറവ പോലെ  അവളുടെ അന്വേഷണങ്ങളും  അവസാനിച്ചു…

പൊളളലേറ്റ  നീറ്റലോടെ  കുറച്ചു നാള്  എന്നില്‍ ജീവിച്ച ശേഷം  എന്നില്‍  നിന്നും  അവളുടെ ഓര്‍മ്മകള്‍ മടങ്ങി…

കഴിഞ്ഞ  ദിവസം  ആ വഴി വീണ്ടും  പോയി…ആ  സ്ഥലം  കണ്ടപ്പോള്‍ ആ നീറ്റല്‍   പഴയതുപോലെ  നെഞ്ചില്‍  സ്ഥാനം പിടിച്ചു…

എങ്കിലും ആ  പെണ്‍കുട്ടി എന്ത് തെറ്റാ ചെയ്തത്….

ആ ചോദ്യം വണ്ടിയില്‍ ഇരുന്നു  ചേട്ടനോട്  ആവര്‍ത്തിച്ചു  കൊണ്ടിരുന്നു…

“അതൊക്കെ  ചെറുപ്പത്തിന്റെ ഓരോ  തോന്നലുകള്‍ അല്ലേടീ…”

എങ്കിലും അവള്‍ സത്യസന്ധമായി എല്ലാം  പറഞ്ഞതല്ലേ….പാവം…

ഞാന്‍  ചേട്ടനോടും അതെ  സമയം  എന്നോടും  തന്നെ കലഹിച്ചു കൊണ്ടിരുന്നു…

പ്രിയപ്പെട്ട  പെണ്‍കുട്ടി  വര്‍ഷങ്ങള്‍  ഇത്ര  കഴിഞ്ഞിട്ടും നേരിട്ട് പരിചയമില്ലാത്ത  നിന്നെയോര്‍ത്ത്  ഞാനിന്നും ഉത്കണ്ഠപെടുന്നു…നിനക്ക് വേണ്ടി  എന്നോടും വേറേ ആരോടൊക്കെയോ  ഞാന്‍  കലഹിച്ചു  കൊണ്ടിരിക്കുന്നു….

അന്നത്തെ വീഴ്ചയെ  നീ  തരണം ചെയ്തോ…അതോ നിന്റെ  പൊള്ളിയ മുഖത്തെ ശപിച്ചു  കൊണ്ടു നീ  വീണു പോയോ…. ഇന്നു വീണ്ടും നിന്റെ  ഓര്‍മ്മകള്‍ പൊള്ളുന്ന കനലായി അവശേഷിക്കുന്നു…

പുറത്തു നല്ല മഴ പെയ്യുമ്പോഴും നിന്നെ പറ്റി കുറിക്കുന്ന ഓരോ വാക്കുകളും എന്നെ പൊള്ളിക്കുന്നു… നീ കണ്ട  സ്വപ്നങ്ങള്‍ പാതിയില്‍  നിലച്ചു  പോയെങ്കിലും നിലയ്ക്കാത്ത  സംഗീതം പോലെ ഒഴുകുന്നതായി  ഞാന്‍  കരുതുന്നു…വെറൂതെ  ഒരു  സമാധാനത്തിന്….