അവന്റെ താടിയിൽ പിടിച്ച് അവൾക്കു നേരെയാക്കി.അവന്റെ കണ്ണിൽ നോക്കി അവളുടെ നെറ്റിയിൽ ചാന്ത് കൊണ്ട് കുഞ്ഞ് വട്ടം വരച്ചു.

മിഹിരം

Story written by NIDHANA S DILEEP

അയ്യോ…കണ്ണേട്ടാ…കുഞ്ഞു ഉള്ളീന്ന് ചവിട്ടി മെതിക്കുവാ….

അച്ഛേടെ പൊന്ന് അമ്മേ ..ചവിട്ടുന്നുണ്ടോ…അമ്മ പാവല്ലേ…തക്കര കുട്ടിയല്ലേ…..ഇനി വേദനിപ്പിക്കല്ലേട്ടോ…

വീർത്ത വയറിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു.

കണ്ണേട്ടാ നോക്കിയേ…..

വയറിലെ സാരി മാറ്റിയപ്പോൾ കുഞ്ഞിന്റെ തല വയറിൽ മുഴച്ച് കാണുന്നു.

ഇടക്ക് കൈയും തലേം എല്ലാം കാണും.

അച്ഛേടെ മോളൂട്ടി…

കുഞ്ഞിന്റെ തലയിൽ മെല്ലെ ഉമ്മ വെച്ചു.

വല്ലാത്ത ചൊറിച്ചിലാ…അമ്മ പറഞ്ഞു ചൊറിയരുത് പാട് പിന്നെ പോവില്ലാന്നു …പക്ഷെ പറ്റെണ്ടേ…

നഖപ്പാടുകളിലൂടെ വിരലുകൾ ഓടിച്ചു.അവിടെയും ചുണ്ടിലെ നനവ് പടർത്തി.

സാരല്ല…ഞാനെല്ലെ കാണൂ…

ചെവിയിൽ ഇക്കിളിയാവും പോലെ പറഞ്ഞു.

എപ്പോഴാടീ മോളൂട്ടി വരിക.കൊതിയാവുന്നു.ഇത് വരെ ഒരു കുഞ്ഞിനേം എടുത്തിട്ടില്ല അതോണ്ട് എനിക്ക് നല്ല പേടിണ്ട് എന്നാലും ഞാൻ തന്നെ കുഞ്ഞൂനെ കൈയിൽ വാങ്ങും…

ഒരു കൈ വയറിൽ വച്ച് നെഞ്ചിൽ ചേർന്നിരുന്നു.

ഇപ്പോ ഇത്രേം സന്തോഷാണേ മോള് വന്നാ എന്തായിരിക്കും….

നീ നോക്കിക്കോ മോളൂട്ടി അച്ഛ കുട്ടിയായിരിക്കും

തലയോട് തല മുട്ടിച്ചു കൊണ്ട് പറഞ്ഞു.

നമുക്ക് രണ്ടിൽ നിർത്തണ്ട…ഒരു മൂന്ന് കുഞ്ഞുങ്ങൾ വേണം…

ആ നിങ്ങൾക്കത് പറഞ്ഞാ മതി കഷ്ടപ്പാടേ എനിക്കാ…

വയറിലൊരു കുത്ത് തന്നു കൊണ്ട് അവൾ പറഞ്ഞു.

അത്രയ്ക്ക് വയ്യേ നിനക്ക്….

ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.

ഞാൻ വെറുതേ പറഞ്ഞതാ എന്റെ കണ്ണേട്ടാ…ഞാനത്രയ്ക്ക് ആസ്വദിക്കുന്നുണ്ട്.കണ്ണേട്ടന് മൂന്നു കുഞ്ഞുങ്ങളെയല്ലേ വേണ്ടേ…നമുക്ക് നോക്കാട്ടോ…

ചേർത്തു പിടിച്ച് നിറവയറിൽ വെച്ച കൈക്കു മുകളിൽ കൈ ചേർത്തു നിറുകയിൽ മുത്തി.

തോളിൽ ചാരിയിരിക്കുന്ന അവളുടെ കുറുനിരകളിലുടെ വിരലോടിച്ചു.ചെവിയിൽ വേദനിപ്പിക്കാതെ കടിച്ചു.

കണ്ണേട്ടാ….

കുറുകി കൊണ്ട് ഒന്നു കൂടി ചേർന്നിരുന്നു.

കണ്ണേട്ടാ…..വയറ് ഉൾവലിയുന്ന പോലാവുന്നു….

നിനക്ക് വെറ്തേ തോന്നുന്നതാ ശ്രീ…

എല്ലാ കണ്ണേട്ടാ…നോക്ക് എന്റെ വയറ് കുറയുന്നു…കണ്ണേട്ടാ നമ്മുടെ കുഞ്ഞ്….

ഭീതിയോടെ ഉള്ള അവളുടെ സ്വരം കേട്ട് അവളുടെ വയറിലേക്ക് നോക്കി.അത് ഒട്ടിയിരിക്കുന്നു.

കണ്ണേട്ടാ…..

ശ്രീടെ നിലവിളി ഉയർന്നു…

ശ്രീ……..

എന്താ കണ്ണാ….എന്താ പറ്റിയേ…..

കട്ടിലിൽ നിന്ന് എഴുന്നേറ്റിരുന്നു.ഉരുണ്ടു കൂടിയ വിയർപ്പ് തുള്ളികളെ കൈ കൊണ്ട് തുടച്ചു.

ശ്രീ എവിടെ…കുഞ്ഞ്….ശ്രീയുടെ വയറിലെ ചൂട് ഇപ്പോഴും കൈകളിലുണ്ടല്ലോ…

എന്താ കണ്ണാ…..എന്തിനാ നീ ബഹളം വെച്ചേ….

ഒന്നൂല്ലമ്മേ…

നീ എവ്ടേക്കാ പോവണേ…

ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ വന്ന അമ്മേടെ ചോദ്യം അവഗണിച്ചു.

×××××××××××××××××××××××××××

ടാ…ഓടി വാ മദാമ്മേ ബൈക്കിടിച്ചു…

യൂഗി വല്ലതും പറ്റിയോ…

നത്തിങ് നേഹാ….

ചോര വന്ന കൈമുട്ട് നോക്കി കൊണ്ട് പറഞ്ഞു. യൂഗിയെ എഴുന്നേൽപ്പിച്ചു..

മദാമ്മയ്ക്ക് വല്ലോം പറ്റിയോ മോളേ…

ഇല്ല ചേട്ടാ…കൈ മുട്ട് ഒന്ന് പോറി..അത്രേ ഉള്ളൂ..

യൂഗി…വാ പോവാം…

യൂഗീ…നോക്കിയേ …ആ ബൈക്ക് അല്ലേ നിന്നെ ഇടിച്ചത്…നീ ഇവിടെ നിക്ക് ഞാനിപ്പോ വരാം…

നേഹ…നോ…ഐ….തിങ് ഹി ഇസ് എ ഡ്രങ്കാർഡ്…

അങ്ങനെ വിട്ടാൽ പറ്റില്ലാലോ….

ടോ..തനല്ലേ ഇവളെ വണ്ടിയിടിച്ചേ…വണ്ടി നിർത്തി എന്താ പറ്റിയേന്നു നോക്കാനുള്ള സാമാന്യ മര്യാദ താൻ കാണിച്ചോ…

ബൈക്കിനു ചാരി ഇരുന്നിടത്ത് നിന്നു എഴുന്നേറ്റു.

താനെന്താടോ മിണ്ടാത്തെ തന്നെയൊക്കെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയാ വേണ്ടത്.കള്ളു കുടിച്ച് മദ്യപിച്ച് വണ്ടിയോടിച്ച് ബാക്കി ഉള്ളവരെ കൊല്ലാൻ നോക്കുന്നു..

എന്നാ പോയി പരാതി കൊടുക്കെടീ…പേര് കണ്ണൻ…ഇനി നിനക്ക് അഡ്രസ് വേണോ…അതും പറഞ്ഞ് തരേടീ…

ബാക്കി വന്നതും കൂടി കുടിച്ച് കുപ്പി വലിച്ചെറിഞ്ഞു.

അപ്പോഴേക്കും യൂഗി അവളെ പിടിച്ച് വലിച്ച് കൊണ്ടുപോയി.

പോടീ…

കണ്ണൻ നേഹയ്ക്ക് നേരെ ചീറി

നീ വിട് യൂഗീ…അവനെ ഉണ്ടല്ലോ…

×××××××××××××××××××××××××××××

ഈ ക്യാമറയിൽ തന്നെ നോക്കി സംസാരിക്കണേ…

ഷർട്ട് ഒന്നു കൂടി ശരിയാക്കി രാഘവൻ ഇരുന്നു.

ചെറുതിലേ തൊട്ടേ ഞാൻ തെയ്യം കെട്ടാൻ തുടങ്ങിയതാണ്.അധികവും തമ്പുരാട്ടിയെയാണ് കെട്ടാറ്…

കട്ട്….

എന്ത് പറ്റി യൂഗി….

അയാൾ ഫ്രൈമിൽ വന്നു…

കണ്ണാ…ഇവരിക്ക് എന്തോ പരിപാടിക്ക് വേണ്ടിയാ…നീ അങ്ങ് മാറി നിക്ക്…

കണ്ണേട്ടാ അവർക്കെന്തോ ഡോക്യുമെന്ററി ചെയ്യാൻ വേണ്ടിയാ..

അച്ഛനേയും രേവതിയേയും നോക്കി പേടിപ്പിച്ച് അകത്തേക്ക് പോയി.

യൂഗി മാത്രം ഇവിടെ കാണും..ഞാനിന്ന് മടങ്ങും.

മോളേ ഞങ്ങൾക്ക് ഇഗ്ലീഷ് ഒന്നും അറിയില്ല…

ചേട്ടൻ പേടിക്കേണ്ട..യൂഗിക്ക് നന്നായി മലയാളം അറിയാം.കുറേ വർഷമായി കേരളത്തിൽ തന്നെയാ.

ഇതാരുടെ ഫോട്ടോയാ…

ദേവിയേച്ചീടെയാ…കണ്ണേട്ടന്റെ ഭാര്യയാ…പ്രസവത്തിൽ മരിച്ചു പോയി…

രേവതി ഫോട്ടോ നോക്കി കൊണ്ട് പറഞ്ഞു.

അതിന് ശേഷം നേരാവണ്ണം സുബോധത്തിൽ ഞാനെന്റെ കുട്ടിയെ കണ്ടിട്ടില്ല. ഇണ്ടായിരുന്ന നല്ല ജോലി കളഞ്ഞു.ഇപ്പോ തോന്നുമ്പോ എതേലും പണിക്ക് പോകും.

ചെറിതിലേ തെയ്യംന്നു പറഞ്ഞ അത്ര ജീവനായിരുന്നു.എത്ര ചെറ്യ പ്രായത്തിൽ തെയ്യം കെട്ടാൻ തുടങ്ങിയതാണെന്നോ…ഇപ്പോ ദൈവോം വേണ്ട…തെയ്യോം വേണ്ട…

അഞ്ച് വർഷായി ദേവി മോള് പോയിട്ട് ….എന്റെ കുഞ്ഞിന് ഇപ്പോഴും മറക്കാൻ പറ്റീട്ടില്ല.മോളെ ഓർമ വന്നാൽ വണ്ടീം എടുത്ത് ഒറ്റ പോക്കാ…പിന്നെ തോന്നുമ്പോഴാ തിരിച്ച് വരിക…

യൂഗി ഒന്നും വിചാരിക്കേണ്ട അമ്മ ഏട്ടന്റെ കാര്യം പറഞ്ഞ് തൊടങ്ങിയാ ഇങ്ങനെയാ…

?

നിങ്ങൾക്കൊന്നും വേറെ പണിയില്ലേ…എവ്ടെയോ ഉള്ള ഒരുത്തിയെ വീട്ടിൽ താമസിപ്പിക്കാൻ…

എന്റെ കണ്ണാ…പതുക്കെ പറയ്..ആ കുട്ടിക്ക് മലയാളം അറിയാം…

കേട്ടാലും എനിക്ക് ഒന്നൂല്ല…ഏത് തരക്കാരാണെന്ന് ആർക്കറിയാം.മഞ്ഞളൊക്കെ അടിച്ച് മാറ്റി കൊണ്ട് പോയാ ആൾക്കാരാ…

ആ കുട്ടി കാവിലെ തെയ്യം കഴിയുന്ന വരെയേ കാണൂ…

എന്തോ ചെയ്…ഞാനൊന്നും പറയാൻ നിക്കുന്നില്ല…

കണ്ണൻ റൂമിലേക്ക് പോയി….

?

ഇത് തെയ്യത്തിന്റെ ഉടയാഭരണങ്ങളാണ്.കുട്ടി ഇതിന്റെ ഫോട്ടോ എടുക്ക് അപ്പോഴേക്കും ഞാൻ വരാം

രാഘവൻ പോവുന്നതും നോക്കി യൂഗി നിന്നു.അടുത്ത് കസേരയിലിരുന്ന് ഇതൊന്നും ശ്രദ്ധിക്കാതെ കണ്ണൻ പത്രം വായിച്ചു കൊണ്ട് ചായ കുടിക്കുന്നണ്ട്…

ലഞ്ചിനുള്ള ടൈമിലാണോ ചായ കുടിക്കുന്നത്…

കുശലം ചോദിച്ചു

എന്റെ സൗകര്യത്തിന് ഞാൻ കുടിക്കും….

പിന്നെയും പത്രം വായന തുടർന്നു.

അതിൽ തൊടര്ത്..വ്രതമെടുത്ത തെയ്യക്കാരന് മാത്രേ തൊടാവൂ..

ഉടയാഭരണങ്ങളിലേക്ക് യൂഗി കൈ നീട്ടിയതും കണ്ണൻ പറഞ്ഞു.

തെയ്യം വേണ്ട…ദൈവം വേണ്ടാന്നു പറഞ്ഞു നടന്നയാൾക്ക് എന്ത് പറ്റി…എനിക്ക് അറിയാം ഇത് തൊടാൻ പാടില്ലാന്നു.നിങ്ങൾ എന്ത് പറയുമെന്നറിയാൻ ചുമ്മാ കൈ നീട്ടിയതാ…നിങ്ങൾ തടഞ്ഞില്ലേലും ഞാനിത് തൊടില്ലായിരുന്നു.

ചിരിച്ച് കൊണ്ട് പറഞ്ഞു. അത് കേട്ടതോടെ കണ്ണൻ എഴുന്നേറ്റ് പുറത്തേക്ക് പോയി.

അതേ ആമ് ഫ്രം റഷ്യ നോട്ട് ഫ്രം യു എസ് എ ഓർ സം അദർ കണ്ട്രീ

?

കണ്ണേട്ടാ…എവ്ടേ ഞാൻ പറഞ്ഞ സാധനം….

പുഴയിൽ കാൽ നീട്ടിയിരുന്ന ശ്രീടെ അടുത്ത് വന്നിരുന്ന കണ്ണനോട് ചോദിച്ചു.

അയ്യോ…മറന്ന് പോയല്ലോ….

നെറ്റിയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.

പോ..കണ്ണേട്ടന് എന്നോട് ഇത്തിരി പോലും സ്നേഹല്ലാ…

കീഴ്ചുണ്ട് ഉന്തി സങ്കടത്തോടെ പറഞ്ഞു.

കള്ളച്ചിരിയോടെ രണ്ട് കൈയും നീട്ടി.

ഇതിലേത് കൈയിലാന്നു പറഞ്ഞേ…

രണ്ട് കൈയുടേയും വിരലുകൾ മടക്കി അവൾക്കു നേരെ നീട്ടി…

മ്ംംം…ഇത്…

വലത് കൈ ചുണ്ടി പറഞ്ഞു.പതുക്കെ അടച്ച് പിടിച്ച കൈ തുറന്നു.

ഇതല്ല …മറ്റേത്…എനിക്ക് മാറി പോയതാ….

ഇടത് കൈയും തുറന്നു.

കളിപ്പിക്കല്ലേ…കണ്ണേട്ടാ താ….

പോക്കറ്റിൽ നിന്നും എടുത്തു കൊടുത്തു

നിന്റെ ചാന്തിനോടുള്ള ഭ്രാന്ത് എപ്പോഴാ മാറുക പെണ്ണേ….

എപ്പോ തെയ്യം കഴിഞ്ഞ് വരുമ്പോഴും ചാന്ത് വേണം..

ഇതിന്റെ മണം നോക്കിയേ….

അടപ്പ് തുറന്ന് ചാന്ത് മണപ്പിച്ചു കൊണ്ട് പറഞ്ഞു.എന്നിട്ട് അവന്റെ നേർക്ക് നീട്ടി.

കണ്ണേട്ടാ ഇങ്ങോട്ട് മുഖം തിരിച്ചേ…

അവന്റെ താടിയിൽ പിടിച്ച് അവൾക്കു നേരെയാക്കി.അവന്റെ കണ്ണിൽ നോക്കി അവളുടെ നെറ്റിയിൽ ചാന്ത് കൊണ്ട് കുഞ്ഞ് വട്ടം വരച്ചു.

എന്റെ ഈ ഇറുങ്ങിയ കണ്ണിലേക്ക് നോക്കിട്ട് നിനിക്ക് വല്ലതും കാണുന്നുണ്ടോ പെണ്ണേ….

മുഖത്തെഴുതി…എഴുതി ഇറുങ്ങിയ ഈ കണ്ണുകൾ എനിക്ക് എന്ത് ഇഷ്ടാന്നറിയോ…ഈ ചാന്തിനേക്കാൾ ഇഷ്ടാ….

കൈയിലേ ചാന്ത് കാണിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ പിൻ കഴുത്തിൽ പിടിച്ചടുപ്പിച്ച് ചാന്ത്പൊട്ടിൽ ഉമ്മ വച്ചു.ശ്രീയുടെ കണ്ണുകൾ താനേ അടഞ്ഞു.

പിന്നെ അവളുടെ സിന്ദൂര രേഖയിൽ ചുംബിച്ചു.അവളുടെ കൈവിരലുകളാൽ ഷർട്ടിൽ ചുളുവുകൾ വരുത്തി.

ശ്രീ…നെറുകയിൽ സിന്ദൂരമായല്ലോ…

കണ്ണേട്ടാ…ആരേലും കണ്ടാലോ..ഒന്ന് മായിച്ച് താ…

ഞാൻ തൊട്ടതല്ലേ മായിക്കേണ്ട…

ഇപ്പോ കാണില്ല….

സിന്ദൂരം മുടിയിഴകൾ കൊണ്ട് മറച്ചു.

ശ്ശോ..ഞാനെത്ര വൃത്തിക്ക് വെച്ചതാ പൊട്ട്..ഒക്കെ കളഞ്ഞു…

ഇങ്ങ് താ…ഞാൻ മായിച്ച് തരാം

ഒരു കൈ കൊണ്ട് കവിളിൽ പിടിച്ച് പൊട്ട് മായിച്ചു കൊടുത്തു.

കണ്ണേട്ടന്റെ ചുണ്ടിൽ ചാന്ത് ആയല്ലോ…ശ്രീ ചൂരിദാറിന്റെ ഷോൾ എടുത്ത് പതിയെ ചുണ്ടുകൾ തുടച്ച് കൊടുത്തു.ആ കൈകളിൽ പിടിച്ച് ഉമ്മ വച്ചു.കണ്ണുകൾ പാതി അടഞ്ഞ് വിറയലോടെ അവനെ നോക്കി.

എന്തേ…..ഉമ്മ തന്നപ്പോഴേക്കും എന്റെ ശ്രീ പേടിച്ച് പോയോ…

മ്ംം…മ്ംം

ചുമലിൽ ചാരിയിരുന്നു.

കണ്ണൻ…..

കണ്ണു തുറന്ന് പാറയിൽ നിന്നും എഴുന്നേറ്റ് ഇരുന്നു.യൂഗി അവന്റെ അടുത്ത് പോയിരുന്നു.

ഇവ്ടെയാ ഞാനും ശ്രീയും വന്നിരിക്കാറ്..ഇവ്ടെ വെച്ചാ ശ്രീ ഞാൻ അച്ഛനാവാൻ പോവുവാന്നു പറഞ്ഞത്.

ഞാൻ അവളോട് പറഞ്ഞിരുന്നു കുഞ്ഞുനെ ഞാനാ ആദ്യം കൈയിൽ വാങ്ങുവാന്നു.ഞാൻ തന്നെയാ മോളെ വാങ്ങിയെ കൂടെ ശ്രീയേം..പക്ഷെ രണ്ടാൾക്കും ജീവനില്ലായിരുന്നുന്നു മാത്രം…

എന്നെ കാണണംന്നു പറഞ്ഞിട്ട് ഓപ്പറേഷൻ തീയറ്റിൽ കേറിയപ്പോ എന്റെ കൈ പിടിച്ച് ഞാൻ പോവുവാന്നു പറഞ്ഞു.ഞങ്ങളുടെ മോളേം കൊണ്ട് അവള് പോയി.അന്ന് അവൾടെ കൈയ്ക്ക് വല്ലാത്ത തണുപ്പായിരുന്നു.ആ തണുപ്പ് ഇപ്പോഴുണ്ട് കൈയിൽ.

കണ്ണുനീർ ഒഴുകാതിരിക്കാൻ താടി ഉയർത്തി പിടിച്ചു.

കണ്ണന് തോന്നുന്നുണ്ടോ ശ്രീ ഇപ്പോ സന്തോഷിക്കുന്നുണ്ടാവുംന്നു.ഇങ്ങനെ മദ്യപിച്ച്….തെയ്യങ്ങൾ വേണ്ടാന്നു വെച്ച്..കണ്ണൻ ..നമ്മളെ വിട്ട് പോയവരെ ഓർത്ത് ജീവിതം നശിപ്പിക്കുകയല്ല അവർക്ക് വേണ്ടി ജീവിക്കുകയാണ് വേണ്ടത്.കണ്ണന്റെ ശ്രീക്ക് ഇഷ്ടപ്പെട്ട കണ്ണന്റെ തെയ്യക്കോലങ്ങളെ ഉപേക്ഷിക്കരുത്..ശ്രീ അതൊരിക്കലും ആഗ്രഹിക്കുന്നുണ്ടാവില്ല

അറിയാം യുഗീ..പക്ഷേ അവള് കൂടെ ഇല്ലാന്നുള്ള തിരിച്ചറിവ്…അത് തരുന്ന വേദന അത് പറഞ്ഞ് മനസിലാക്കാൻ പറ്റില്ല.വീട്ട്കാരെ ഓർത്താണ് അല്ലേ അവളുടേം മോളേം കൂടെ ഞാനും പോയേനെ.

വീട്ട്കാരെ ഓർക്കണം കണ്ണൻ…അവർ ഒരുപാട് വേദനിക്കുന്നുണ്ട് കണ്ണനെ ഓർത്ത്…

അവർക്കു വേണ്ടി വേറെ ഒന്നും ചെയ്യേണ്ട…കണ്ണൻ അടുത്ത വർഷം തൊട്ട് തെയ്യം കെട്ടണം.അവർക്ക് വേണ്ടി മാത്രല്ല ശ്രീക്ക് വേണ്ടിയും

ഞാൻ അടുത്ത വർഷം …കണ്ണൻ കെട്ടിയാടുന്ന തെയ്യം കാണാൻ…
ഇനി ഇതിന്റെ കൂട്ട് വേണ്ട കണ്ണൻ

കണ്ണന്റെ അടുത്ത് വെച്ചിരുന്ന മദ്യ കുപ്പി പുഴയിലേക്ക് അവൾ വലിച്ചെറിഞ്ഞു

?

പൊലിക പൊലിക പൊലിക ദൈവമേ…പന്തൽ പൊലിക പരദൈവം പൊലിക…പന്തൽ പൊലിക പതിനാറഴകിയ…പ്പന്തൽ പൊലിക പൊലിക ജനമേ…

ഉടവാൾ ഭൂമിയിൽ തൊട്ട് പീഢത്തിലിരുന്ന് വലത് കാൽ വിറപ്പിച്ചു കൊണ്ട് ചെണ്ട മേള അകമ്പടിയോടെ തമ്പുരാട്ടിയായ് കണ്ണൻ തോറ്റം ചൊല്ലാൻ ആരംഭിച്ചു.

കാവിലെ മരങ്ങളെ നാണിപ്പിക്കും ആകാശം മുട്ടേ ഉള്ള മുടി വെച്ച് ഒരു കൈയിൽ ഉടവാളുമേന്തി കാവിലേക്കിറങ്ങിയ തമ്പുരാട്ടിയെ തൊഴാൻ യൂഗിയും ഉണ്ടായിരുന്നു.

ഗുണം വരും…

അവളുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു.

കണ്ണേട്ടാ…ഞങ്ങൾക്ക് ചന്തേന്നു എന്തെക്കൊയോ വാങ്ങാനുണ്ട്.കൂടെ വാ….

മുഖത്തെഴുത്ത് മുഴുവൻ മാഞ്ഞിരുന്നില്ല.മഞ്ഞൾ പുരണ്ട മുണ്ടും ചുമലിൽ ഒരു തോർത്തും ഇട്ട് ചെണ്ടക്കാരോട് സംസാരിക്കുകയായിരുന്നു കണ്ണൻ.

വാ…

അവനു പിറകേ രേവതിയും യൂഗിയും പോയി.

കണ്ണേട്ടാ ദേ…ആ വള…

രേവതി എന്തൊക്കെയോ ചൂണ്ടി കാണിച്ചു.

നിനിക്ക് ഒന്നും വേണ്ടേ….

യൂഗിയെ നോക്കി കൊണ്ട് ചോദിച്ചു.

എനിക്ക് ആ ചാന്ത് മതി…….

?