ഇത്രയും മുതിർന്ന കുട്ടികളെ എന്ത് നോക്കാൻ ആണ്. അവർക്ക് എല്ലാം തനിയെ ചെയ്യാൻ അറിയില്ലേ…പോരാത്തതിന് സഹായിക്കാൻ ഞങ്ങൾ എല്ലാം അടുത്തില്ലേ…

വീട്ടച്ഛൻ

Story written by GAYATHRI GOVIND

അച്ഛന്റെ കയ്യും പിടിച്ചു നിറവയറുമായി ഉമ്മറത്തു ഇരിക്കുമ്പോൾ എന്റെ ചിന്തകൾ പുറകോട്ടു പോകുകയായിരുന്നു..

എനിക്ക് പതിനഞ്ചും ചേച്ചിക്ക് പതിനെട്ടും വയസ്സുള്ളപ്പോൾ ആണ് അമ്മ മരിക്കുന്നത്.. ഹാർട്ട്‌ അറ്റാക്ക് ആയിരുന്നു.. രാത്രി ആഹാരവും കഴിച്ചു അച്ഛനുമായി ഫോണിലും സംസാരിച്ചാണ് ഞങ്ങൾ മൂന്നും ഉറങ്ങാൻ കിടന്നത്.. അച്ഛമ്മയും ഉണ്ട് ഞങ്ങളുടെ വീട്ടിൽ അന്ന്.. അമ്മ എന്നും രാവിലെ അഞ്ചുമണിക്ക് എഴുന്നേക്കും ഞങ്ങൾക്ക് പോകാനുള്ളതെല്ലാം തയ്യാറാക്കാനായി.. ശേഷം ആറര ആകുമ്പോഴേക്കും ഞങ്ങളെ പഠിക്കാനായി ഉണർത്തും.. ഞാൻ പത്താം ക്ലാസ്സിലും ചേച്ചി ഡിഗ്രിക്കും ആണ് പഠിക്കുന്നത് ആ സമയത്ത്.. അന്ന് കണ്ണിൽ വെളിച്ചം വീണപ്പോൾ ആണ് ഞങ്ങൾ എഴുന്നേറ്റത്.. നോക്കിയപ്പോൾ അമ്മ ഞങ്ങളുടെ തൊട്ട് അടുത്ത് തന്നെ കിടപ്പുണ്ട്..

അമ്മ ഇതെന്താ ഇതുവരെ എഴുന്നേക്കാഞ്ഞത് കുഞ്ഞി.. എന്നു പറഞ്ഞു ചേച്ചി പതിയെ എഴുന്നേറ്റു ഷീറ്റ് ഒക്കെ മടക്കി വച്ചു.. ഞാൻ കിടക്കയിൽ തന്നെ തിരിഞ്ഞു കിടന്നു.. ശേഷം ചേച്ചി അമ്മയെ വിളിച്ചു.. രണ്ടുമൂന്നു തവണ വിളിച്ചിട്ടും എഴുന്നേക്കുന്നില്ല.. അപ്പോഴേക്കും ഞാനും എഴുന്നേറ്റു.. ചേച്ചി ഉറക്കെ കരയാൻ തുടങ്ങി.. എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.. ഞങ്ങളുടെ ശബ്ദം കേട്ട് അച്ഛമ്മ വന്നു.. അച്ഛമ്മയും കരയാൻ തുടങ്ങിയപ്പോൾ മനസ്സിലായി.. അമ്മ ഇനിയും ഞങ്ങളുടെ കൂടെ ഇല്ലാ എന്ന്.. പിന്നെ നടന്നതൊന്നും എനിക്ക് ഓർമ്മയില്ല.. ആരൊക്കെയോ വന്ന് അമ്മയെ എടുത്തുകൊണ്ടുപോയി.. ഞാനും ചേച്ചിയും ഞങ്ങളുടെ കട്ടിലിൽ തന്നെ കിടന്നു.. ആരൊക്കെയോ ഞങ്ങളുടെ ചുറ്റും നിന്നു ഞങ്ങളെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.. അടുത്ത ദിവസം അച്ഛൻ കുഞ്ഞി, മാളു എന്ന് വിളിക്കുന്നത് കേട്ടാണ് ഞങ്ങൾ എഴുന്നേറ്റത്.. അച്ഛന്റെ ശബ്ദം കേട്ടയുടൻ ഞങ്ങൾ എഴുന്നേറ്റു ഓടിപോയി അച്ഛനെ കെട്ടിപിടിച്ചു.. ഞങ്ങൾ മൂന്നും പൊട്ടിക്കരഞ്ഞു. പിന്നീട് അച്ഛന്റെ ഇടതും വലതും കയ്യിൽ ചേർത്തുപിടിച്ചു അച്ഛൻ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.. ചടങ്ങുകൾ എല്ലാം കഴിഞ്ഞു.. കൂടെ ഉണ്ടായിരുന്നവർ എല്ലാം കൊഴിഞ്ഞു പോകാൻ തുടങ്ങി അവരുടെ ജീവിതങ്ങളിലേക്ക്..

അമ്മ മരിക്കുമ്പോൾ അച്ഛനു 45 വയസ്സായിരുന്നു.. ഡിഫെൻസിൽ ജോലിയുള്ള അച്ഛനു സർവീസ് തീരാൻ വർഷങ്ങൾ ഇനിയും ഉണ്ടായിരുന്നു.. ഒരു മാസം കഴിഞ്ഞു അച്ഛൻ ഞങ്ങളെ അച്ഛമ്മയെ ഏൽപ്പിച്ചു ഡൽഹിയിലേക്ക് പോയി.. പക്ഷേ എല്ലാവരെയും ഞെട്ടിച്ചു രണ്ടു ദിവസം കഴിഞ്ഞു അച്ഛൻ വീട്ടിൽ തിരികെ വന്നു.. സർവീസിൽ നിന്നും വോളന്ററി റീടൈർമെന്റ് എടുത്തു പോന്നതാണെന്ന് പറഞ്ഞു.. അച്ഛമ്മയും അമ്മാമമാരും കൊച്ചച്ഛനും അച്ഛന്റെ കൂട്ടുകാരും എല്ലാം അച്ഛനെ വഴക്ക് പറഞ്ഞു.. എന്തിനാ ജോലി കളഞ്ഞു പോന്നത് എന്നുപറഞ്ഞ്..

” എന്റെ കുട്ടികളെ നോക്കാൻ “

ഇത്രയും മുതിർന്ന കുട്ടികളെ എന്ത് നോക്കാൻ ആണ്.. അവർക്ക് എല്ലാം തനിയെ ചെയ്യാൻ അറിയില്ലേ.. പോരാത്തതിന് സഹായിക്കാൻ ഞങ്ങൾ എല്ലാം അടുത്തില്ലേ.. അഹങ്കാരം അല്ലാതെ എന്താ മൂത്ത അപ്പച്ചി പറഞ്ഞു..

അച്ഛൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി..

പിന്നീട് അച്ഛൻ ഞങ്ങളുടെ അമ്മ ആകുക ആയിരുന്നു.. വീട്ടിലെ എല്ലാ ജോലികളും അച്ഛൻ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി.. അമ്മ ചെയ്യുന്നത് പോലെ തന്നെ.. ഞങ്ങൾ സഹായിക്കാം എന്നു പറഞ്ഞാലും അച്ഛൻ സമ്മതിക്കില്ല.. രാവിലെ അച്ഛനെ സഹായിക്കാൻ നേരത്തെ എഴുന്നേക്കുമ്പോൾ അച്ഛൻ ഞങ്ങളെ സ്റ്റഡി റൂമിൽ കൊണ്ടുപോയി ഇരുത്തും.. കാലിനു സ്വാധീനം കുറവായതിനാൽ അച്ഛമ്മയെയും ബുദ്ധിമുട്ടിക്കില്ല.. മുറ്റമടിക്കുന്ന അച്ഛനെ കൂട്ടുകാരുൾപ്പെടെ കളിയാക്കുമായിരുന്നു.. നിന്റെ പെണ്മക്കൾ മടിച്ചികൾ ആണല്ലേ അരവിന്ദാ എന്ന്.. അച്ഛൻ ചിരിച്ചു തള്ളുന്നത് അല്ലാതെ മറുപടി ഒന്നുംപറയില്ല..

എല്ലാ ജോലികളും വളരെ അടുക്കും ചിട്ടയും ആയി ചെയ്യുന്ന അച്ഛൻ ഇപ്പോഴും എനിക്ക് ഒരു അത്ഭുതം ആണ്.. ഞങ്ങൾക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു അച്ഛൻ കഷ്ടപ്പെടുന്നത്.. പക്ഷേ ഒരു ജോലിയും അച്ഛൻ ഞങ്ങളെ ചെയ്യിപ്പിക്കില്ല.. കൂടാതെ അച്ഛൻ നല്ലൊരു കർഷകൻ കൂടി ആയി മാറി.

അമ്മയുടെ മരണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ എല്ലാവരും അച്ഛനെ വേറൊരു വിവാഹത്തിന് നിർബന്ധിച്ചു. ഞാനും ചേച്ചിയും ഉൾപ്പടെ നിർബന്ധിച്ചു. പക്ഷേ അച്ഛൻ വഴങ്ങിയില്ല.. അച്ഛന്റെ തീരുമാനങ്ങൾ എന്നും ഉറച്ചതായിരുന്നു..

ചേച്ചി റാങ്ക് വാങ്ങി തന്നെ ഡിഗ്രി പാസ്സ് ആയി.. നല്ല ജോലിയും കിട്ടി.. അങ്ങനെയാണ് ചേച്ചിക്ക് ദുബായിൽ ജോലിയുള്ള ഒരു പയ്യന്റെ ആലോചന വന്നത്.. എല്ലാം കൊണ്ടും ചേരുന്ന ബന്ധം ആയതുകൊണ്ട് ആവണി ചേച്ചിയുടെ കല്യാണം പ്രതീഷ് ചേട്ടനുമായി നടത്തി.. ചേട്ടൻ ചേച്ചിയെ ദുബായിലേക്ക് കൊണ്ടുപോകുകയും ചെയ്തു.. അവൾക്ക് അവിടെ ജോലി കിട്ടുകയും ചെയ്തു.. അച്ഛന്റെയും എന്റെയും കാര്യം അറിയാൻ എന്നും മുടങ്ങാതെ ചേച്ചി വിളിക്കുമായിരുന്നു..

ചേച്ചി പഠിച്ച കോളേജിൽ ആയിരുന്നു ഞാനും ഡിഗ്രിക്ക് ജോയിൻ ചെയ്തത്.. ഫൈനൽ ഇയർ പഠിക്കുമ്പോൾ കൂടെ പഠിച്ച ശരത്ത്‌ എന്നോട് തനിച്ചു സംസാരിക്കണം എന്നുപറഞ്ഞു വന്നു.. അപ്പോഴേ എനിക്ക് കാര്യം എന്താണെന്ന് മനസ്സിലായി..

“ആരതി മുഖവുര ഇല്ലാതെ പറയട്ടെ എനിക്ക് തന്നെ ഫസ്റ്റ് ഇയർ തൊട്ട് ഇഷ്ടമാ.. കല്യാണം കഴിക്കാൻ താത്പര്യം ഉണ്ട്..”

“ശരത്തിനോട്‌ എനിക്ക് ഇഷ്ടകുറവ് ഒന്നുമില്ല.. കല്യാണം കഴിക്കാറാകുമ്പോൾ ശരത്ത്‌ വീട്ടിൽ വന്നു ആലോചിക്കൂ.. അതിന് എനിക്ക് സമ്മതമാണ്..”

അവൻ സന്തോഷത്തോടെ പോയി..

എനിക്കും ഉണ്ടായിരുന്നു ഡിഗ്രിക്ക് സെക്കന്റ്‌ റാങ്ക്.. അടുത്ത വർഷം തന്നെ എനിക്ക് ബാങ്കിൽ ജോലി കിട്ടുകയും ചെയ്തു.. അച്ഛന്റെ കൂട്ടുകാരൻ കൃഷ്ണേട്ടൻ ഇടയ്ക്കു വീട്ടിൽ വന്നപ്പോൾ പറഞ്ഞു

“ഡാ അരവിന്ദാ നിന്നെ ഞങ്ങൾ വീട്ടച്ഛൻ എന്നു പറഞ്ഞ് കളിയാക്കുമായിരുന്നുവെങ്കിലും നിന്റെ മക്കളുടെ നേട്ടങ്ങൾ അഭിമാനം നൽകുന്നുണ്ട് കേട്ടോ.. “

അപ്പോഴും അച്ഛൻ ഒന്നു ചിരിച്ചതെയുള്ളൂ..

രണ്ടുവർഷത്തിനുള്ളിൽ അച്ഛമ്മയും ഞങ്ങളെ വിട്ടുപോയി..

അങ്ങനെ ഒരു ഞായറാഴ്ച ശരത്ത്‌ അവന്റെ വീട്ടുകാരെ കൂട്ടി എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ.. അവൻ ഇപ്പോൾ ന്യൂസിലാൻഡിൽ ആണ്. അവധിക്കു വന്നതാണ്.

ചായകുടി എല്ലാം കഴിഞ്ഞ് സംസാരിച്ചു കൊണ്ടു ഇരുന്നപ്പോൾ ഞാൻ എല്ലാവരോടുമായി പറഞ്ഞു..

“എനിക്ക് ശരത്തിനെ ഇഷ്ടമാണ്.. പക്ഷേ എനിക്ക് എന്റെ അച്ഛനെ ഉപേക്ഷിച്ചു എങ്ങും വരാൻ കഴിയില്ല.. അല്ലെങ്കിൽ അച്ഛൻ എന്റെ കൂടെ വരണം.. ” അച്ഛൻ ഒരിക്കലും വരില്ല എന്ന് എനിക്കറിയാം അമ്മയുടെ അസ്ഥിതറയിൽ തിരി വക്കുന്നത് അച്ഛൻ ആണ്.. ചേച്ചി ഒരിക്കൽ ഒരുപാടു നിർബന്ധിച്ചതാണ് അവളുടെ അടുത്ത് ചെല്ലാൻ പക്ഷേ അച്ഛൻ പോയില്ല.. ഈ കാരണം കൊണ്ട്..

അച്ഛൻ ചാടി എഴുന്നേറ്റു

” കുഞ്ഞി നീ എന്താ ഈ പറയുന്നത്.. ജീവിതകാലം മുഴുവൻ നീ എന്നെ നോക്കി ഇവിടെ നിക്കാൻ പറ്റുമോ”

അച്ഛൻ ഞങ്ങൾക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചില്ലേ.. അതുപോലെ അല്ലേഉള്ളൂ ഇതും.. അല്ലെങ്കിൽ അച്ഛൻ ഒരു വിവാഹം കഴിക്കണം.. അല്ലാതെ എനിക്ക് ഒരു വിവാഹം ഉണ്ടാകില്ല..

ഈ അറുപതാം വയസ്സിൽ!! പേരക്കുട്ടിയുള്ള ഞാൻ.. നിനക്ക് എന്താ മോളേ ഇത്..

ഞാൻ ശരത്തിന്റെ നേരെ തിരിഞ്ഞു

ശരത്തെ ഇതാണ് എന്റെ തീരുമാനം..

ശരത്തിന്റെ വീട്ടുകാർക്ക് എല്ലാം നല്ല ദേഷ്യം വന്നിരുന്നു.. അവർ ഒന്നും പറയാതെ പോയി..പക്ഷേ ശരത് എന്റെ കൂടെ തന്നെ നിന്നു.. എന്റെ തീരുമാനം ശരിയാണെന്നു വാദിച്ചു.. അവൻ അവന്റെ സ്നേഹം കണ്ടില്ലെന്നു വെക്കരുത് എന്ന് പറഞ്ഞു അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചു.. ഇടയ്ക്കു അച്ഛൻ എന്നെ പറഞ്ഞു മാറ്റാൻ നോക്കിയെങ്കിലും ഞാൻ എന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു..

ചേച്ചിയെ വിളിച്ചു പറഞ്ഞപ്പോൾ ചേച്ചിക്ക് ഒരുപാട് സന്തോഷമായി.. കാരണം അവൾക്കും എനിക്കും മാത്രം അറിയുള്ളു ഞങ്ങളുടെ അച്ഛൻ ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടത്.. ചേട്ടന്റെ വീട്ടുകാർ എതിർപ്പ് പറഞ്ഞുവെങ്കിലും ഞങ്ങൾ അതൊന്നും ശ്രദ്ധിച്ചില്ല..

ഒരു ദിവസം ഇതറിഞ്ഞ അച്ഛന്റെ കൂട്ടുകാർ തന്നെ അച്ഛനെ കളിയാക്കി നിനക്ക് ഈ പ്രായത്തിൽ നാണമില്ലേ എന്ന്.. അച്ഛൻ തലകുനിച്ചു ഇരിക്കുന്നത് കണ്ട ഞാൻ പറഞ്ഞു..

“നാളെ എന്റെ അച്ഛൻ എന്തെങ്കിലും വയ്യ എന്നു തോന്നിയാൽ ഞങ്ങൾ അരികിൽ ഇല്ലെങ്കിൽ ചേട്ടൻ നോക്കുമോ എന്റെ അച്ഛനെ അല്ലെങ്കിൽ നിങ്ങൾ ആരെയെങ്കിലും ഏർപ്പെടുത്തുമോ?? “

ആരും ഒന്നും മിണ്ടിയില്ല..

ശരത് തന്നെ ഞങ്ങൾക്ക് ഒരു അമ്മയെ കൊണ്ടുതന്നു.. എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു വിവാഹം കഴിക്കാഞ്ഞ ഒരു അമ്മ 53 വയസ്സ് ഉണ്ടായിരുന്നു.. ശരത്തിന്റെ വീടിനു അടുത്തുതന്നെയാണ് ആ അമ്മയുടെ വീട്..

അങ്ങനെ എന്റെയും ശരത്തിന്റെയും കല്യാണത്തിനു ഒരാഴ്ച്ച മുൻപ് ഞങ്ങളുടെ അച്ഛൻ രജിസ്റ്റർ മാര്യേജ് ചെയ്തു.. എന്നെയും ചേച്ചിയെയും സാക്ഷികൾ ആക്കി.. രമഅമ്മ ഞങ്ങളുടെ ജീവിതത്തിലേക്കു വന്നു..

ഞാൻ കല്യാണം കഴിഞ്ഞ് 1 മാസം കഴിഞ്ഞപ്പോൾ ശരത്തിന്റെ കൂടെ പോയി.. ഇപ്പോൾ രണ്ടു വർഷങ്ങൾക്ക് ശേഷം ഡേറ്റ് അടുക്കാറായപ്പോൾ എന്റെ അച്ഛനും അമ്മയ്ക്കും അരികിൽ വന്നതാണ് ഡെലിവറിക്കായി.. ശരത് പറഞ്ഞതാണ് ഡെലിവറി അവിടെ മതിയെന്ന് പക്ഷേ എന്തോ എനിക്ക് എന്റെ കുഞ്ഞു അതിന്റെ മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും കൈകളിൽ ജനിച്ചു വീഴണം എന്ന് തോന്നി.. ശരത് നാളെ കഴിഞ്ഞു വരും..

അച്ഛൻ വിളിച്ചപ്പോൾ ആണ് ഞാൻ ബോധത്തിലേക്ക് വന്നത്.. രമഅമ്മ എന്റെ അമ്മയുടെ അസ്ഥിത്തറയിലേക്ക് വിളക്ക് കൊണ്ടു വരുന്നു.. ഞാനും അച്ഛനും എഴുന്നേറ്റു നിന്നു.. എനിക്ക് എന്റെ ശരത് ചെയ്തു തന്ന ഏറ്റവും വലിയ നന്മയാണ് ആ അമ്മ.. ഒരു പാവം..

കഴിഞ്ഞ ദിവസം അച്ഛന്റെ ഒന്നു രണ്ടു കൂട്ടുകാർ വന്നപ്പോൾ അവരു എന്നോട് പറഞ്ഞു മോള് ചെയ്ത ഏറ്റവും നല്ല കാര്യമാണ് ഇത്..

എനിക്ക് ഇപ്പോൾ മനസിലാകുന്നുണ്ട് മോളേ വാർദ്ധക്യത്തിലെ ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ട്.. ഭാര്യ മരിച്ചു, ആണ്മക്കളും കുടുംബവും വിദേശത്തുള്ള കൃഷ്ണേട്ടൻ അത്‌ പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

രമ അമ്മക്ക് അച്ഛനെപറ്റി എപ്പോഴും ഒരു പരാതിയുണ്ട് ഞങ്ങളോട് എന്താ എന്നല്ലേ.. അച്ഛൻ അടുക്കളയിൽ സഹായിക്കുന്നത്.. കുറച്ചു നേരം പോലും അടങ്ങി ഇരിക്കാത്തത്.. ഞാനും ചേച്ചിയും അതുകേട്ടു ചിരിക്കും..

അവസാനിച്ചു..