കണ്ണുപോലും തുറക്കാതെ ഉറക്കച്ചടവിൽ അതും പറഞ്ഞ് മടിയിലേക്ക് നിരങ്ങി കിടന്നു.ഇടുപ്പിൽ കൂടി കൈകൾ ചുറ്റി….

കുഞ്ഞ് പ്രണയം

Story written by NIDHANA S DILEEP

ഗ്ലാസ് ജനലിൽ കൂടി പെയ്തിറങ്ങുന്ന മഴത്തുള്ളിക്കൊപ്പം വിരലോടിച്ചു കളിച്ചുകൊണ്ടേയിരുന്നു

ഐ ലവ് യൂ…

പിറകിൽ നിന്നും ചുറ്റിപ്പിടിച്ചു കൊണ്ട് കാതിൽ ചുംബിച്ചു കൊണ്ട് ആവേശത്തോടെ അലൻ പറഞ്ഞു.

പക്ഷേ…ഞാൻ നിന്നെ പ്രണയിക്കുന്നില്ല അലൻ…

ഒരു ദീർഘ നിശ്വാസത്തിനപ്പുറം മറുപടി നൽകി.എന്തിനോ വേണ്ടി പരതി നടന്ന അലന്റെ വിരൽ ചലനമറ്റ് നിന്നു

ഐ ലവ് യൂ..ദിയാ…

എന്നോട് മത്സരിക്കും വിധം പ്രണയാതുരമായി പിന്നെയും പറഞ്ഞു.

ഇല്ല…അലൻ ഞാൻ നിന്നെ പ്രണയിക്കുന്നില്ല.എനിക്കൊരു കുഞ്ഞു വേണം.അതിനു വേണ്ടി …അതിനു വേണ്ടി മാത്രമാണിത്…

പിന്നെയൊന്നും പറയാതെ അലൻ എന്നിൽ നിന്നും അകന്നു നിന്നു.കട്ടിലിൽ തലയ്ക്ക് കൈ ഊന്നി ഇരിന്നു.അവന്റെ തോളിൽ കൈ വച്ച് അവനോട് ചേർന്നിരുന്നു.

അലൻ..എനിക്ക് പ്രണയത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ ഏറെയായി. ഒന്നിനേക്കാൾ മികച്ച മറ്റൊന്നിനെ കാണുമ്പോൾ ഇല്ലാതാവുന്നതാണീ പ്രണയം. ഐ റിയലി ഹൈറ്റ് ദാറ്റ് വേർഡ്. ഒരു കുഞ്ഞ് അതിൽ കൂടുതലൊന്നും ഞാൻ നിന്നിൽ നിന്നും ആഗ്രഹിക്കുന്നില്ല…

അലൻ നീ സുന്ദരനാണ്…

മിണ്ടാതിരുന്ന അവന്റെ മുഖത്ത് വിരലോടിച്ചു കൊണ്ട് പറഞ്ഞു.വിരലുകൾ തട്ടി മാറ്റി.അവനരികിൽ ചേർന്നു തന്നെ ഇരുന്നു.

ബട്ട് ഐ ലവ് യൂ…

കുറച്ച് നേരത്തെ മൗനത്തിന് ശേഷം ചേർത്തു പിടിച്ചു അലൻ പ്രണയത്തോടെ പറഞ്ഞു.മറുപടിക്കുള്ള സമയം നൽകാതെ അവൻ പടർന്നു കയറി.സിരകളിൽ വികാരം പടരുന്നതറിഞ്ഞു.

അലൻ….എഴുന്നേൽക്ക്…ദേ…നിനക്ക് ഇഷ്ടപ്പെട്ട ഏലയ്ക്ക ഇട്ട ചായ എടുത്ത് വെച്ചിട്ടുണ്ട്..

കമഴ്ന്ന് കിടന്നുറങ്ങുന്ന അലനെ കുലുക്കി വിളിച്ചു.

ഗുഡ്മോണിങ് ഡിയർ…

കണ്ണുപോലും തുറക്കാതെ ഉറക്കച്ചടവിൽ അതും പറഞ്ഞ് മടിയിലേക്ക് നിരങ്ങി കിടന്നു.ഇടുപ്പിൽ കൂടി കൈകൾ ചുറ്റി വയറിൽ മുഖം അമർത്തി കിടന്നു.എന്നിട്ട് ഊർന്നു പോയ പുതപ്പ് ദേഹത്തേക്ക് വലിച്ചിട്ടു

ഐ ലവ് യൂ…ദിയാ….

എഴുന്നേറ്റ് ചായ കുടിക്ക്…നിനക്ക് പോവേണ്ട…

അവനെ കിടക്കയിലേക്ക് തള്ളിയിട്ടു കൊണ്ട് പറഞ്ഞു.

കോളിങ് ബെൽ കേട്ട് ഡോർ തുറന്നപ്പോൾ വലിയ ബാഗും പിടിച്ച് ചിരിച്ചു കൊണ്ട് അലൻ നിൽക്കുന്നു

അലൻ..നീ എന്താ ഇവിടെ..ഇതെന്താ ബാഗൊക്കെ…

മാറിയേ….

അതും പറഞ്ഞ് ആ വലിയ ബാഗുമായി റൂമിലേക്ക് നടന്നു

അലൻ..നീ എന്തു ഭാവിച്ചാ…നമ്മൾ തമ്മിലുള്ള എല്ലാ ഡീലിങ്ങ്സും അന്ന് കഴിഞ്ഞതല്ലേ…

ഇത് ഇവ്ടെ വെക്കാം..ഇത്….ഇതെവ്ടെ വെക്കും..
ആ…ഇവ്ടെ വെക്കാം…

ഞാൻ പറയുന്നത് ശ്രദ്ധിക്കാതെ ബാഗു തുറന്ന് ഓരോ സാധനങ്ങൾ റൂമിൽ വെക്കുകയാണ്.ഇടക്ക് താടിയിൽ വിരൽ ഉരച്ചു കൊണ്ട് ആലോചിക്കുന്നു

അലൻ…നിന്നോടാ ഞാൻ ചോദിച്ചത് ..നീ എന്ത് ഭാവിച്ചാ…

കൺഫോം ചെയ്തോ…ഡോക്ടർ എന്ത് പറഞ്ഞു…

വലിച്ച് അടുപ്പിച്ച് വയറിൽ തഴുകി കൊണ്ട് ചോദിച്ചു

അത് നിന്നെ ബാധിക്കുന്നതല്ല..നീ വേഗം പോവാൻ നോക്ക്….

അവനെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു

ഡീ…ഗർഭിണികളിങ്ങനെ ദേഷ്യപ്പെടരുത്… നമ്മുടെ കുഞ്ഞിനെയല്ലേ ബാധിക്കുക…

ഒരു കൂസലുമില്ലാതെ കട്ടിലിൽ കാലിമ്മേൽ കാലു വെച്ചിരുന്നു കൊണ്ട് പറഞ്ഞു

ഇതെന്റെ മാത്രം കുഞ്ഞാ….എന്റെ കുഞ്ഞിന്റെ കാര്യം നോക്കാൻ എനിക്കറിയാം…

അവനോട് തോൽക്കാൻ തയ്യാറല്ലായിരുന്നു.

ആ പറഞ്ഞ കണക്കിൽ ഒരു തെറ്റുണ്ടല്ലോ ദിയാ..എന്റെ പകുതിയും നിന്റെ പകുതിയും ചേർന്നതാണ് നിന്റെ വയറ്റിലുള്ള കുഞ്ഞ്.അതായത് നമ്മുടെ കുഞ്ഞ്.നിന്നെ പോലെ തന്നെ എനിക്കും അവകാശമുണ്ട്.പക്ഷേ നീ പേടിക്കേണ്ട..ഒരിക്കലും അവകാശം പറഞ്ഞു ഞാൻ വരില്ല.ഈ സമയത്ത് ഒരു കുഞ്ഞിന് അമ്മയെ പോലെ തന്നെ ആവിശ്യമാണ് അച്ഛന്റെ സാമിപ്യവും.നമ്മുടെ കുഞ്ഞിനെ ഞാൻ കൈയിൽ വാങ്ങുന്നത് വരെ ഞാനിവിടെ ഉണ്ടാവും.ഇത് നമ്മൾ തമ്മിലുള്ള പുതിയ എഗ്രിമെന്റ്.എതിർക്കാൻ നിക്കേണ്ട..എതിർത്തിട്ട് കാര്യവുമില്ല.നിനക്ക് വേറെ ഒരു ഓപ്ഷനില്ല.

അതും പറഞ്ഞ് ടവലുമെടുത്ത് ബാത്ത് റൂമിലേക്ക് നടന്നു.

ഞാൻ കുളിച്ച് വരുമ്പോഴേക്കും ചായ എടുത്തു വച്ചേക്ക്…

ഡോർ ഒന്നു കൂടി തുറന്ന് അത് പറഞ്ഞു പിന്നെയും ഡോർ അടച്ചു.

ഇതാ…ചായ…

ചായ കപ്പു വാങ്ങി ടേബിളിൽ വച്ചു.

ഐ ലവ് യൂ….

ചായ കപ്പു കൊടുത്ത് തിരിച്ചു നടക്കുമ്പോഴേക്കും ചുറ്റി പിടിച്ച് വയറിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.

അലൻ..നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാണ് നിന്നെ ഞാൻ പ്രണയിക്കുന്നില്ലാന്ന്..

അതിന് നിന്നോടാരാ പറഞ്ഞത്..നിന്നോട് എന്തെങ്കിലും പറയുന്നതും ഐസ് കട്ടയ്ക്ക് പെയ്ന്റടിക്കുന്നതും ഒരു പോലെയാണെന്ന് എനിക്കറിയാം.ഇത് ഞാൻ എന്റെ കുഞ്ഞിനോട് പറഞ്ഞതാ..

വീണ്ടും വയറിൽ ഉമ്മ വെച്ചു.

എന്തായാലും ശരി ഈ കെട്ടി പിടുത്തവും ഉമ്മ വെക്കലൊന്നും പറ്റില്ല..അതൊന്നും എഗ്രിമെന്റിലില്ല..

അവനെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു.അലൻ കസേരയിലേക്ക് ചാഞ്ഞിരുന്നു

വയറിൽ തൊടാതെയും ഉമ്മ വയ്ക്കാതെയും എന്റെ കുഞ്ഞ് എന്റെ സാമിപ്യം എങ്ങനെ അറിയും…

അതൊന്നും നീ പറഞ്ഞഎഗ്രിമെന്റിൽ ഇല്ല..നീ പറഞ്ഞത് ഞാൻ പ്രസവിക്കും വരെ ഇവിടെ ഉണ്ടാവുംന്നാണ്

അവനെ ജയിക്കാനായി പറഞ്ഞു

അതൊക്കെ ഇംപ്ലൈഡ് ആണ് ദിയാ…

തിരിഞ്ഞു നടക്കവേ ഒരു തോന്നലിൽ തിരിഞ്ഞു നോക്കി.മീശ കടിച്ചു പിടിച്ച് ചിരിക്കുന്ന അവനെ കണ്ടതും കൂർപ്പിച്ച് നോക്കി.

എന്റെ പൊന്നല്ലേ…എന്തിഷ്ടമാണെന്നോ എനിക്ക് നിന്നേ…നിനക്കു വേണ്ടിയല്ലേ ഞാൻ ജീവിക്കുന്നേ..

അലൻ….

വയറിൽ തല വെച്ച് അവനത് പറഞ്ഞതും ദേഷ്യത്തിൽ വിളിച്ചു.

എന്താടീ….ഞങ്ങൾ അപ്പയും മോനും കൂടി സംസാരിക്കുന്നിടത്ത് നിനക്കെന്താ കാര്യം..മിണ്ടാതിരുന്നോ അവിടെ…

വയറിൽ നിന്നും മുഖം ഉയർത്തി ദേഷ്യത്തിൽ തിരിച്ചു പറഞ്ഞു.

എനിക്ക് ഉറങ്ങണം…

അതിന് ഞാനെന്തു വേണം..നിന്നെ താരാട്ടു പാടി ഉറക്കണോ….

അതേ വേഗത്തിൽ തിരിച്ചടിച്ചു

നീ ഇങ്ങനെ ഒച്ച വെച്ചാൽ ഞാനെങ്ങനെ ഉറങ്ങും…

തിരിച്ച് ഒന്നും പറയാതെ വയറിലേക്ക് മുഖം കൊണ്ടു പോയി

നിനക്ക് നിന്റെ അമ്മയുടെ സ്വഭാവമായിരിക്കുവോടാ…എന്റെ കുഞ്ഞ് എന്നെ പോലെ ആയാ മതീട്ടോ..നമുക്ക് നാളെ സംസാരിക്കാം…അമ്മക്ക് ഉറങ്ങണം പോലും..

വയറിൽ മൃദുവായി ഉമ്മ വെച്ചു.

അലന്റെ ശബ്ദത്തിന് അനുസരിച്ച് വയറ്റിൽ നിന്നും കുഞ്ഞും പ്രതികരിച്ചരിച്ചു തുടങ്ങിയിരിക്കുന്നു. അലന്റെ ശബ്ദം കേൾക്കുമ്പോൾ ഉള്ളിൽ കിടന്നു ചവിട്ടി മെതിക്കാൻ തുടങ്ങും.അലന്റെ മൂളിപ്പാട്ടിന് പോലും പ്രതികരിക്കും.രാത്രിയിൽ അവന്റെ തരാട്ടു കേട്ടാണ് ഉറക്കം

എന്ത് പറ്റി ദിയാ…

കാല് വേദനിക്കുന്നു അലൻ…..

വേണ്ട അലൻ…മാറിക്കോളും…

അലൻ കാലുകൾ തടവാൻ നോക്കിയതും കാൽ വലിക്കാൻ നോക്കി.

മതി…അലൻ …വേദന കുറവുണ്ട് …

ചില സമ്മതിച്ചു തരൽ തോൽവിയല്ല ദിയാ..അത് നീ എപ്പോഴാണ് മനസിലാക്കുക….

ഞാൻ പറഞ്ഞത് കേൾക്കാതെ കാൽ തടവി കൊണ്ടിരുന്നു.അവന്റെ വിരലിന്റെ മാന്ത്രികതയിൽ കണ്ണുകൾ താനേ അടയുമ്പോൾ കാൽവിരലുകളിൽ അലന്റെ ചുണ്ടുകളമരുന്നതറിഞ്ഞു.നെറുകയും വയറിലും അവന്റെ പ്രണയം പതിയുന്നത് സ്വപ്നത്തിലെന്ന പോലെ അറിയുന്നുണ്ടായിരുന്നു.

രണ്ടു ദിവസം എന്നും പറഞ്ഞ് അവന്റെ സഹയാത്രികയായ ക്യാമറ തൂക്കി പോയിട്ട് മൂന്നു ദിവസം ആയി.അവന്റെ പഴഞ്ചൻ സ്കൂട്ടറിന്റെ കട കട ശബ്ദത്തിന് കതോർത്തിരുന്നു.അവന്റെ ശബ്ദം കേൾക്കാത്തതിനാൽ ഉള്ളിലൊരാൾ പ്രതിഷേധം തുടങ്ങി

ഇത്രയും നാൾ നിന്നെ കാണാതെ എങ്ങനെയാ നിന്നതെന്നറിയോ…റിയലി മിസ് യൂ…

വന്ന പാടെ അലൻ മുട്ടു കുത്തിയിരുന്ന് വയറിൽ ചുറ്റി പിടിച്ച് ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.

പോയി കുളിക്ക് അലൻ..വിയർപ്പ് നാറീട്ട് വയ്യ…പോവുമ്പോ ഇട്ട ഷേർട്ടല്ലേ…ഒന്നു ഡ്രെസ് മാറുക കൂടി ചെയ്തിട്ടില്ല…

ഞാൻ കാട്ടിലേക്കാ പോയത്..നിന്നെ പോലെ ഏസി ക്യാബിനിലിരിക്കുവല്ല…

പിന്നെയും വയറിൽ ഉമ്മ വച്ചു കൊണ്ടേ ഇരുന്നു.

നീ എന്നെയും കാത്ത് നിൽക്കുവായിരുന്നു അല്ലേ..ഇത്ര നാൾ നിന്നെ കാണാതെങ്ങനെ പിടിച്ചു നിന്നതെന്ന് എനിക്കറിയില്ല…ഓടി വരികയായിരുന്നു..എല്ലാം വലിച്ചെറിഞ്ഞ് വന്നാലോന്നു കൂടി തോന്നിപ്പോയി…

ഒരു കള്ള നോട്ടത്തോടെ വയറിൽ മുഖം അമർത്തി കൊണ്ട് പറഞ്ഞു.

അലൻ..നീ ഇങ്ങനെ അലറി വിളിക്കല്ലേ…നീ ഇങ്ങനെ ഒച്ചയിടുമ്പോ കുഞ്ഞ് ചവിട്ടുന്നത് എന്നെയാ….

കുഞ്ഞ് ചവിട്ടിയ വയറിന്റെ ഭാഗത്ത് കൈ വച്ച് കൊണ്ട് പറഞ്ഞു

എന്റെ കുഞ്ഞൻ ധൈര്യമായി ചവിട്ടിക്കോട്ടോ…അല്ലേലും ഇവൾക്കൊരു തൊഴീടെ കുറവുണ്ട്..

പിന്നെയും കഥ പറയാൻ തുടങ്ങി.ആ പറച്ചിൽ കേട്ട് ചിരി വന്നെങ്കിലും കടിച്ചമർത്തി.കുഞ്ഞനോടായി പറയുന്നതിൽ പലതും എന്നോടാണെന്ന് എനിക്ക് അറിയാം

ബെഡിൽ കിടന്നു ഉറങ്ങി കിടന്ന കുഞ്ഞിന്റെ കൈ പിടിച്ച് ഓരോന്നു പറഞ്ഞു കൊഞ്ചുകയാണ് അലൻ.അനുഭവിച്ച വേദനയുടെ തളർച്ചയിൽ അത് നോക്കി കിടന്നു.ഇത് വരെ എന്നെ ഒന്നു നോക്കുക കൂടി ചെയ്തിട്ടില്ല.

അലൻ…മോൻ ഉറങ്ങുവല്ലേ…എന്തിനാ ശല്യം ചെയ്യുന്നേ…അല്ലേലും നീ പറയുന്നൊന്നും ഇപ്പോ മോന് മനസിലാവില്ല…

അവനിത് വരെ എന്നെ നോക്കുക കൂടി ചെയ്യാത്തതിന്റെ വേദനയും ആ സ്വരത്തിലുണ്ടായിരുന്നു.

എനിക്ക് പറഞ്ഞാ മനസിലാവാത്തവരോട് സംസാരിച്ച് നല്ല ശീലമാ…അതു കൊണ്ട് കുഴപ്പമില്ല…

കുഞ്ഞിനെ നോക്കി തന്നെ മറുപടി പറഞ്ഞു

ഡിസ്ചാർജ് ആയാൽ നിങ്ങളെ വീട്ടിലാക്കീട്ട് ഞാൻ വീട്ടിൽ പോവും. അമ്മച്ചി വിളിച്ചിട്ടുണ്ടായിരുന്നു..ഒരു പെണ്ണു കാണലുണ്ട്.ഒരു പെണ്ണിന്റെ പിറകെ നടന്നു ചെരിപ്പ് തേച്ചു മതിയായി…

അലൻ പോയ്ക്കോ…ഡിസ്ചാർജാവുന്ന വരെ നിക്കണമെന്നില്ല.എഗ്രിമെന്റ് ടൈം ഇന്നേക്ക് തീർന്നല്ലോ….

വാശിയോടെ പറഞ്ഞു

എനിക്ക് ഒരു കാര്യം പകുതിക്കിട്ട് പോവുന്ന ശീലമില്ല ..പൂർത്തിയാക്കിയാ ശീലം…

അലൻ പോയിട്ട് ആഴ്ചകളായി.എന്നത്തേയും പോലെ അവന്റെ പഴഞ്ചൻ സ്കൂട്ടറിന്റെ കട കട ശബ്ദം കേൾക്കുന്നത് പോലെ തോന്നി.അത് വെറും തോന്നൽ മാത്രമാണെന്നുള്ളത് അറിയുമ്പോൾ ഹൃദയത്തെ പൊള്ളുച്ചു അലൻ പെണ്ണിനെ കാണാൻ പോയിക്കാണും.അവനാ പെണ്ണിനെ ഇഷ്ടപ്പെട്ടു കാണും.എല്ലാം കൊണ്ടും അവൾ എന്നെക്കാൾ എല്ലാം കൊണ്ടും മികച്ചവളായിരിക്കും. അലന് ചേർന്നവൾ…അതായിരിക്കും അലൻ ഇതു വരെ വിളിക്കുക കൂടി ചെയ്യാതിരുന്നത്.

ഉറക്കമായിരുന്നോ…

കണ്ണു തുറന്നു നോക്കിയപ്പോൾ ഒരു അമ്മ.

എഴുന്നേൽക്കേണ്ട കിടന്നോ…ഞാൻ അലന്റെ അമ്മച്ചിയാ…

പിറകിൽ അലനെ കൂടി കണ്ടു

ഡാ…ശരിക്കും കുഞ്ഞ് അലൻ തന്നെയല്ലേ…

മോനെ എടുത്ത് അമ്മച്ചി കുഞ്ഞിനെ എടുത്ത് അലനോട് പറഞ്ഞപ്പോൾ അമ്മച്ചിയെ നോക്കി ചിരിക്കുന്നത് കണ്ടു. അമ്മച്ചി മോനോട് സംസാരിക്കുന്നത് നോക്കി ചിരിക്കുന്നതല്ലാതെ എന്നെ ഒന്നു നോക്കുക കൂടി ചെയ്തില്ല.

മോനെ വെയിൽ കൊള്ളിക്കാറില്ലേ…

പിന്നെ അങ്ങോട്ട് പ്രസവ ശുശ്രൂഷയുടെ ഓരോ കുറവുകൾ പറഞ്ഞ് ശകാരം തുടങ്ങി.ശരിക്കും അലന്റെ അമ്മച്ചി തന്നെ.

ഞാൻ മോനെ വെയിൽ കൊള്ളിച്ച് വരട്ടെ…

മോനെയും എടുത്ത് അമ്മച്ചി പോയതും അലൻ എന്നെ കടന്നു വെച്ച് കട്ടിലിൽ കയറി കിടന്നു.എന്റെ കഴുത്തിൽ മുഖം അമർത്തി കിടന്നു

ഐ ലവ് യൂ….

പക്ഷേ…ഞാൻ നിന്നെ പ്രണയിക്കുന്നില്ല അലൻ….

കള്ളം…നീ എന്നെ പ്രണയിക്കുന്നു ഒരു പക്ഷേ ഞാൻ നിന്നെ പ്രണയിക്കുന്നതിലും ഏറെ…ദിവസങ്ങളായി ഉറക്കമില്ലാതെ തളർന്ന നിന്റെ കണ്ണുകൾ അതെന്നോട് പറയുണ്ട് ദിയാ…. എന്നെ പ്രണയിക്കുന്നില്ലാ എന്ന് നിന്നെ തന്നെ ബോധ്യപെടുത്താൻ നീ വല്ലാതെ കഷ്ടപെടുന്നുണ്ട് ദിയാ….

അത് നിന്റെ വെറും തോന്നലാണ് അലൻ…

അവനിൽ നിന്നും അകന്നു മാറി മുഖം കൊടുക്കാതെ തിരിഞ്ഞ് കിടക്കണമെന്നുണ്ടായിരുന്നു.

എന്തിനാണ് ഈ വാശി…എന്റെ ഓരോ വാക്കിലും സ്പർശനത്തിലും നിന്നിലെ പെണ്ണ് പ്രണയം കൊണ്ട് വിറയ്ക്കുന്നത് ഞാൻ അറിയുണ്ട് ദിയാ…

അവൻ കഴുത്തിൽ മുഖം ഉരച്ചപ്പോൾ ദീർഘ നിശ്വാസം കൊണ്ട് പ്രതിരോധിച്ചു

നിനക്ക് നിന്റെ അലനെ ഇനിയും മനസിലായില്ലേ…നിന്നേക്കാൾ മികച്ചതായി ഒന്നും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല ദിയാ…നീയാണ് എന്റെ കണ്ണുകളിൽ പതിഞ്ഞ ഏറ്റവും മനോഹര ദൃശ്യം.നിന്റെ രൂപം കണ്ണിലും മനസിലും ഏറ്റു വാങ്ങിയ നിമിഷം തൊട്ട് മറ്റൊന്നിലും എനിക്ക് ഭംഗി തോന്നിയിട്ടില്ല.മറ്റൊരു ചിത്രവും പകർത്താനാവാതെ എന്റെ ക്യാമറാ കണ്ണുകൾ ക്ലാവു പിടിച്ചു പോവുമോ എന്ന് ഞാൻ പേടിച്ചു പോയിട്ടുണ്ട്

അവന്റെ മുന്നിൽ തോറ്റു പോവുമോ എന്ന് പേടി തോന്നി

പെണ്ണ് കാണാൻ പോയിട്ട് പെണ്ണിനെ ഇഷ്ടായോ…

അവൻ പറഞ്ഞതൊന്നും തന്നെ തരിമ്പും ഏശിയില്ലാ എന്നു കാണിക്കാനായി ചോദിച്ചു

നിർത്താതെ ചിരിച്ചു കൊണ്ട് എന്നിൽ നിന്നും അകന്നു കിടന്നു

നിനക്ക് ഇപ്പോഴും മനസിലായില്ലേ…ഇപ്പോ നടന്നു കൊണ്ടിരിക്കുന്നതാണ് പെണ്ണു കാണൽ….ത്രേസ്യകൊച്ചിനോട് കാര്യങ്ങളെല്ലാം പറഞ്ഞു.വിളിച്ചിട്ട് വന്നില്ലേ പൊക്കി കൊണ്ട് പോവാനാ ഓഡർ.അതാ പിടിച്ച പിടിയാലെ ഇങ്ങോട്ട് എന്നേം കൊണ്ട് വന്നത്
ഇനി പറയ്….ഡു യു ലവ് മീ….

ഞാനിവിടെ ഉറങ്ങാതിരിക്കുംന്ന് അറിയാമെങ്കിൽ പിന്നെ എന്തിനാ അലൻ ഇത്രയും ദിവസം വരാതിരുന്നത്.നിന്റെ കിറുക്കൻ വർത്തമാനം കേൾക്കാതെ ഞാൻ എങ്ങനെ ഉറങ്ങാനാണ്….

നിന്റെ പ്രണയം നീ മനസിലാക്കാൻ…നഷ്ടപെടുംന്നു തോന്നിയാൽ നാം ഭ്രാന്തമായി പ്രണയിക്കും…പറയ് ദിയാ..നീ എന്നെ പ്രണയിക്കുന്നില്ലേ…

ഞാൻ നിന്നെ പ്രണയിക്കുന്നു അലൻ…മറ്റെന്തിനെക്കാളും…എന്തിന്…എന്നെക്കാളുമേറെയായ്……