ഞാൻ വരില്ല എന്ന് ശഠിച്ചു…ഒരു പെൺകുട്ടി ആയതുകൊണ്ട് തനിയെ നിൽക്കാൻ പറ്റില്ല എന്ന് അവരും വാശി പിടിച്ചു..

അയൽക്കാർ

Story written by GAYATHRI GOVIND

എന്റെ അച്ഛനും അമ്മയും പ്രണയ വിവാഹം ആയിരുന്നു..ഇന്നും ഇരുവരുടെയും വീട്ടുകാർ അവരുടെ വിവാഹം അംഗീകരിച്ചിട്ടില്ല.. എനിക്ക് 17 വയസ്സ് ഉള്ളപ്പോൾ അച്ഛൻ മരിച്ചു.. അന്ന് അച്ഛന്റെ കുറച്ചു ബന്ധുക്കൾ ഒക്കെ കാണാൻ വന്നതല്ലാതെ ഞങ്ങൾ എവിടെയെന്നു അവരാരും പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.. അന്ന് ചേട്ടൻ ഡിഗ്രി ചെയ്യുന്നതേയുള്ളൂ.. ആ സമയം ഞങ്ങളെ സഹായിച്ചത് ഏട്ടന്റെ ഉറ്റ സുഹൃത്തും ഞങ്ങളുടെ അയൽക്കാരുമായ ശ്രീ ഏട്ടന്റെ കുടുംബമാണ്.. ശ്രീ ഏട്ടനും എന്റെ ഏട്ടനും ഒരേ ക്ലാസ്സിൽ ആണ് പഠിച്ചിരുന്നത് ചെറുപ്പം മുതലുള്ള സുഹൃത്തുക്കൾ.. ആയമ്മയും അങ്കിളും അച്ഛന്റെ മരണത്തിനു ശേഷം ഞങ്ങൾക്ക് ദൈവങ്ങളുടെ സ്ഥാനത്താണ്.. ആരുമില്ലാത്ത ഞങ്ങൾ അവരുടെ സഹായത്തോടെ പഠിച്ചു അമ്മക്ക് ജോലി ചെയ്തു ഞങ്ങളെ പോറ്റാനുള്ള കഴിവ് ഒന്നുമില്ലായിരുന്നു .. പിന്നീട് ഗൾഫിൽ അവരുടെ ബന്ധുവിന്റെ സഹായത്തോടെ ഏട്ടനു ജോലിയും വാങ്ങി നൽകി.. എന്റെ പഠിത്തം കഴിഞ്ഞു ആയമ്മയുടെ ഒരു ബന്ധുവിന്റെ സ്ഥാപനത്തിലും ജോലി വാങ്ങി തന്നു.. അത്യാവശ്യം നല്ല അവസ്ഥയിൽ ജീവിതം മുൻപോട്ട് പോയി..

ഇന്ന് 6 കൊല്ലങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഞങ്ങളുടെ അമ്മയും നഷ്ടപ്പെട്ടു ഒരു അറ്റാക്കിന്റെ രൂപത്തിൽ.. ഏട്ടൻ കമ്പനിയുടെ ഒരു പ്രൊജക്റ്റിന്റെ ഭാഗമായി ഏതോ പശ്ചാത്യ രാജ്യത്ത് ആയിരുന്നു.. ഉടനെ ഒരു മടങ്ങി വരവ് സാധ്യമാകില്ല എന്ന് അറിയിച്ചു.. പക്ഷേ ഒരു കാര്യത്തിനും ബുദ്ധിമുട്ടിയില്ല കാരണം അച്ഛന്റെയും അമ്മയുടെയും എല്ലാ ബന്ധുക്കളും മുൻപിൽ നിന്നു എല്ലാം ചെയ്തു.. കർമ്മങ്ങൾ ചെയ്തത് അമ്മയുടെ സഹോദരി പുത്രൻ ആയിരുന്നു.. ചടങ്ങുകൾ എല്ലാം കഴിഞ്ഞു വന്നവർ ഒക്കെ പൊഴിഞ്ഞു പോകാൻ തുടങ്ങി.. എന്നാൽ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങൾ എന്നെ അവരിൽ ആരുടെയെങ്കിലും കൂടെ വരാൻ നിർബന്ധിച്ചു.. ഞാൻ വരില്ല എന്ന് ശഠിച്ചു.. ഒരു പെൺകുട്ടി ആയതുകൊണ്ട് തനിയെ നിൽക്കാൻ പറ്റില്ല എന്ന് അവരും വാശി പിടിച്ചു..

ആയമ്മയും അങ്കിളും വന്നുപറഞ്ഞു “ഇവിടെ ഞങ്ങളുടെ കൂടെ നിൽക്കട്ടെ കുട്ടി ഇനിയും ചടങ്ങുകൾ ഇല്ലേ” എന്ന്

അതിന് നിങ്ങൾ ആരാ?? അമ്മാവൻ ചോദിച്ചു..

ആയമ്മയുടെ തല കുനിയുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു..

അവർ ഞങ്ങളുടെ എല്ലാം ആണ്.. ഞാനും എന്റെ ചേട്ടനും ഇന്ന് തല ഉയർത്തി ജീവിക്കുന്നുണ്ടെങ്കിൽ അവരാണ് കാരണക്കാർ.. അല്ലെങ്കിൽ എന്നേ പട്ടിണി കിടന്നു ഞങ്ങൾ തീർന്നേനെ.. ഇത്രെയും നാൾ ആരും തിരിഞ്ഞു നോക്കാൻ ഇല്ലായിരുന്നല്ലോ?? ഇപ്പോൾ എവിടുന്ന് വന്നു ബന്ധുക്കൾ.. അച്ഛനും അമ്മയും ഉള്ളപ്പോൾ അവരെ അംഗീകരിക്കാത്ത നിങ്ങൾ അവരുടെ മരണശേഷവും അംഗീകരിക്കേണ്ട.. ആയമ്മ വിളിച്ചില്ലെങ്കിലും ഞാൻ അവിടെയെ നിക്കൂ.. ഏട്ടൻ പറഞ്ഞിട്ടുണ്ട് ആയമ്മയുടെ കൂടെ നിന്നാൽ മതിയെന്ന്.. ഞാൻ എന്റെ ഏട്ടൻ പറയുന്നത് മാത്രേ കേൾക്കുള്ളൂ.. ഞങ്ങൾക്ക് ഞങ്ങളെയുള്ളൂ ബന്ധുക്കൾ ആയിട്ട് പിന്നെ ഈ അയൽക്കാരും..

ആരും ഒന്നും പ്രതികരിച്ചില്ല.. എല്ലാവരും പതിയെ മടങ്ങി..

പിന്നീട് ആയമ്മ എനിക്ക് അമ്മയായി കൂടെ നിന്നു.. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അടുത്ത വീട്ടിലുള്ള ആരൊക്കെയോ ചോദിച്ചു നമ്മുടെ ശ്രീയെ കൊണ്ടു അപർണയെ കെട്ടിച്ചുകൂടെ എന്ന്.. അപ്പോൾ അവൾ ഇവിടെ നിൽക്കുന്നതിനു ആർക്കും ഒന്നും പറയാൻ പറ്റില്ലല്ലോ എന്ന്..

വിദേശത്തു ജോലി നോക്കുന്ന ശ്രീ ഏട്ടനോട്‌ ചോദിക്കുന്നതിനു മുൻപ് ആയമ്മ എന്നോട് അഭിപ്രായം ആരഞ്ഞു..

ഇല്ല ആയമ്മേ.. എനിക്ക് എന്റെ ഏട്ടനും ശ്രീയേട്ടനും ഒരുപോലെയാ.. എനിക്ക് ശ്രീയേട്ടനെ മറ്റൊരു കണ്ണുകൊണ്ട് കാണാൻ സാധിക്കില്ല.. ശ്രീയേട്ടനും അങ്ങനെ തന്നെയാകും..

ആയമ്മ ചിരിച്ചു കൊണ്ടുപറഞ്ഞു “അറിയാം എനിക്കത് പക്ഷേ നിന്നോട് ചോദിച്ചില്ല എന്ന് പിന്നീട് തോന്നാരുതല്ലോ “എന്ന്..

അടുത്ത ലീവിന് വന്നപ്പോൾ എന്റെ ഏട്ടനും ശ്രീയേട്ടനും ചേർന്നു എനിക്ക് ഒരു പയ്യനെ കണ്ടെത്തി എന്റെ ഏട്ടന്മാരും ആയമ്മയും അങ്കിളും ചേർന്നു എന്റെ കല്യാണം നടത്തി.. എല്ലാ ബന്ധുക്കളുടെയും സാന്നിധ്യത്തോടെ തന്നെ.

അവസാനിച്ചു..