തലവേദനയ്ക്ക് പുരട്ടാൻ വിക്‌സും തപ്പി നടന്ന് ആത്മഗതം പറഞ്ഞ് വെള്ളി വീണപ്പോഴാണ് അത്‌ സംഭവിച്ചത്.. ഇരുപത്തിയേഴു കൊല്ലങ്ങൾക്കപ്പുറം നിന്നൊരു…

കുട്ടീസ്

Story written by BINDHYA BALAN

“ശോ… ഈ വിസ്‌ക് ഇതെവിടാ വച്ചത് “

തലവേദനയ്ക്ക് പുരട്ടാൻ വിക്‌സും തപ്പി നടന്ന് ആത്മഗതം പറഞ്ഞ് വെള്ളി വീണപ്പോഴാണ് അത്‌ സംഭവിച്ചത്.. ഇരുപത്തിയേഴു കൊല്ലങ്ങൾക്കപ്പുറം നിന്നൊരു ‘പുളിക’ നിലത്തൂടെ തട്ടിത്തെറിച്ച് കാൽച്ചോട്ടിൽ വന്നലച്ചു വീണത്………

അതും നടുക്കൂടെ വരയുള്ള അസ്സല് ‘പാറ്റമോള്’.. അത് തിന്നിട്ടുണ്ടോ…?

‘പുളിക ‘ തിന്ന് കയ്‌ച്ചപ്പൊ കുറെ പഞ്ചാരേം എടുത്ത് മുണുങ്ങി അമ്മോട് പിണങ്ങി ഒരു ‘തലോബിയും ‘ താങ്ങിപ്പിടിച്ച് അമ്മാമ്മേടെ മുറീല് പോയി അമ്മമ്മയോട്
“ചിറപ്പ് ‘ തരാതെ പുളിക മാത്രം തന്ന അമ്മേനെ കൊണ്ട് കളയണംന്ന് പറഞ്ഞിട്ടുണ്ടോ…?

ന്നാലും കാലത്തെണീക്കുമ്പോ പുളികേം അതിന്റെ കയ്പ്പും ഓർമ്മയില്ലാതെ രാവിലെ അമ്മ തരണ ‘ഇദലിം ചാമ്പറും ‘ കഴിച്ച് മുറ്റത്തും പറമ്പിലും മേഞ്ഞു നടന്നിട്ടുണ്ടോ…?

തലേ ദിവസം ഏട്ടൻ കാണാതെ, പൂപ്പരുത്തീന്റെ മൂട്ടിലൊളിപ്പിച്ചു വച്ച ഏട്ടന്റെ ‘ദബർ ‘ മെല്ലെയെടുത്ത് പെറ്റിക്കോട്ടിന്റെ തുമ്പിൽ പൊതിഞ്ഞ് തിരിയുമ്പോ, പിന്നാലെ പതുങ്ങി വന്ന അമ്മ വട്ടം പിടിച്ചിട്ടുണ്ടോ…? കള്ളി ‘ എന്ന് വിളിച്ച്‌ മൂക്കത്തു വിരൽ വച്ചിട്ടുണ്ടോ…?

പറമ്പിലെ പുളിമരത്തീന്നു വീഴണ പുളി പെറുക്കിത്തിന്ന് അതിന്റുള്ളിലെ ‘പുങ്കുരു ‘ വിഴുങ്ങിപ്പോകാതെ കയ്യിൽ സൂക്ഷിച്ചു വച്ച്, തോട്ടുംവക്കത്തു ചെന്ന് , തോട്ടിലെ ‘പുലൂപ്പി ‘ മീനുകൾക്ക് എറിഞ്ഞു കൊടുക്കുമ്പോൾ ‘ശൂഷിച്ചു ‘ തിന്നാ മതീന്ന് പറഞ്ഞിട്ടുണ്ടോ…?

വെയില് കൊണ്ട് മടുക്കുമ്പോൾ, ഉമ്മറത്തിണ്ണയില് വന്നിരുന്ന്, വഴക്കയ്യും മെലിരിക്കണ കാക്കയോട ‘പയം ‘ തരൂല്ല എന്ന് വഴക്കുണ്ടാക്കിയിട്ടുണ്ടോ..?

അടുക്കളയിൽ അമ്മ നാളികേരം പൊട്ടിക്കണ ഒച്ച കേട്ട്, ഗ്ളാസ്സുമായി ചെന്ന്
‘ഞാഞ്ഞ വെള്ളം ‘ ന്ന് ചിണുങ്ങിയിട്ടുണ്ടോ…?

തേങ്ങയരച്ച്‌ വച്ച കൂട്ടാനും പപ്പടം പൊരിച്ചതും ചോറിൽ ചേർത്ത് കുഴച്ച് അമ്മ വായിൽ തരുമ്പോൾ അറിയാതെ ചോരുളയ്ക്കകത്തു പെട്ട് പോയൊരു ‘പച്ചമൊകളിനെ ‘ വിരൽ കൊണ്ട് തോണ്ടിയെടുത്ത് വെള്ളംന്ന് പറഞ്ഞ് കാറിയിട്ടുണ്ടോ….?

ഉച്ചയുറക്കത്തിന് അമ്മയോടൊപ്പം കിടക്കുമ്പോൾ, ‘ഒക്കം ‘ വരണില്ലന്ന് പറഞ്ഞ് പായയിൽ കിടന്നുരുണ്ടിട്ടുണ്ടൊ…?

വൈകുന്നേരം ചായയയ്ക്കൊപ്പം തരണ കായ വറുത്തത് തട്ടിത്തെറിപ്പിച്ച്, അച്ഛൻ രണ്ടു ദിവസം മുൻപ് വാങ്ങി വന്ന ‘ഏതാണ്ടുണ്ട ‘ മതിയേന്നും പറഞ്ഞ് രംഗം സംഘർഷഭരിതമാക്കിയിട്ടുണ്ടോ…?

ത്രിസന്ധ്യ നേരത്ത് അമ്മാമ്മ ഉമ്മറത്ത് വിളക്ക് വയ്ക്കുമ്പോൾ, കത്തിച്ചു വച്ച ചന്ദനത്തിരിയിൽ നിന്ന് നിലത്ത് വീഴുന്ന ‘പുയുനെ ‘ നോക്കി നോക്കി ‘തമ്പാച്ചിയെ കാത്തോണേ ‘ എന്ന് പറഞ്ഞിട്ടുണ്ടോ…?

ജോലി കഴിഞ്ഞ് വന്ന് കുളിച്ച്‌, കാപ്പിയുമായി വരാന്തയുടെ ഓരത്തെ കസേരയിൽ ചെന്നിരിക്കണ അച്ഛന്റെ മടിയിൽ കയറിയിരുന്ന് അന്നത്തെ വിശേഷങ്ങൾ പറഞ്ഞ് കയ്യിലെ കാപ്പി മൊത്തിക്കുടിച്ച് നാവ് പൊള്ളിക്കരഞ്ഞിട്ടുണ്ടോ…?

‘ചൂടുമ്പൂമ്പി ‘ പൊള്ളിച്ചെന്നും പറഞ്ഞ് അച്ഛന്റെ കയ്യിലെ കാപ്പി തട്ടിത്തെറിപ്പിച്ചിട്ടുണ്ടോ…?

കരച്ചിലും ബഹളവും, പിന്നെത്തെ അത്താഴവും കഴിഞ്ഞ്, ഉമ്മറത്തെ ചാരുകസേരയിൽ, അച്ഛന്റെ നെഞ്ചോട് ചേർന്ന് കിടന്ന് അമ്മൂമ്മ കല്യാണത്തിന് പോണ കഥ കേട്ടിട്ടുണ്ടോ…?

മഞ്ഞയുടുപ്പിട്ട്, മഞ്ഞ റിബൺ കെട്ടി മഞ്ഞ സോക്ക്‌സും ഷൂവുമിട്ട് ‘ഓട്ടോർഷേല് ‘ കേറി ‘ട്രൂർ……’ വച്ച് പോണ വഴിക്ക് വച്ച്‌ ബേക്കറീലും ചായക്കടേലുമൊക്കെ കേറി ‘പയംപൊരീം ‘ ‘ദതൂം’ വാങ്ങി പോണ അമ്മൂമ്മേന്റെ കഥ…..

വർഷത്തിൽ മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും അച്ഛനെക്കൊണ്ട് ഈ കഥ പറയിച്ച്‌ നിർവൃതിയടഞ്ഞിട്ടുണ്ടോ….?

കഥയിലെ എതേലും ഒരേടു വിട്ട് പോയാൽ, “അമ്മൂമ്മ ദതു വാങ്ങീല്ലേ…. പയമ്പൊരി വാങ്ങീല്ലേ ” എന്നലറി കഥയുടെ റിവേഴ്‌സ് മോഡിലേക്ക് അച്ഛനെ തിരികെ കൊണ്ട് വന്നിട്ടുണ്ടോ….?

പറഞ്ഞു തെറ്റിപ്പോയൊരു ‘വിസ്‌ക് ‘ ആണ് എല്ലാം വീണ്ടും ഓർമ്മിപ്പിച്ചത് ഒക്കെയും ഓർക്കാൻ ഇപ്പോഴും ഏതെങ്കിലുമൊരു വാക്ക് അക്ഷരം തെറ്റിയാൽ മതി…..

ചിലർക്കെല്ലാം ഇപ്പോൾ കുഞ്ഞുന്നാളിലേ ചില കുഞ്ഞ് പൊട്ടുവാക്കുകൾ ഓർമ്മ വന്നിട്ടുണ്ടാവാം ല്ലേ……

ഗുളിക ‘പുളികയായും തലയിണയ്ക്ക് തലോബിയെന്നും ഇഢലിക്കും സാമ്പാറിനും ഇദലീം ചാമ്പാറുമെന്നും റബർ ഡബറെന്നും പുളിങ്കുരുവിനെ പൂങ്കുരുവെന്നും തേങ്ങവെള്ളം ഞാഞ്ഞവെള്ളമെന്നും അച്ഛൻ വാങ്ങി വരണ സുഖിയനെ പേരില്ലാത്ത ‘ഏതാണ്ടുണ്ടയെന്നുമൊക്കെ പറഞ്ഞ് നടന്ന് വളർന്നു വന്നൊരു വികൃതിപെണ്ണിന്റെ ഓർമ്മത്തുണ്ടുകളാണ് ഇവിടെ ചേർത്ത് വച്ചത്…….

ആ പിന്നെയൊരു കാര്യം കുഞ്ഞുന്നാളിലേ പരിണാമം വരുത്തി പറഞ്ഞിരുന്ന ഇത്തരം വാക്കുകളെക്കുറിച്ചും വികൃതികളെക്കുറിച്ചും സ്വന്തം കയ്യിലിരുപ്പുകളെക്കുറിച്ചും ഇങ്ങനെ നാട്ടുകാരെ എഴുതി അറിയിക്കണമെങ്കിലേ, അതിന് കുഞ്ഞായിരിക്കുമ്പോ,അമ്മോട് പിണങ്ങി, മുറ്റത്തെ മൂലയ്ക്ക് പോയിരുന്ന് വാശിക്ക് കുരുപ്പ തിന്നാറുണ്ടായിരുന്നൊരു ‘കുരുപ്പ് ‘ കെട്ട്യോൻ കൂടെയുണ്ടാവണം..………

ഇത്രയുമെഴുതി കെട്ട്യോന് വായിക്കാൻ കൊടുത്തിട്ട്, കുഞ്ഞുന്നാളില് അമ്മേടെ നെറ്റിമെന്ന് ചുവന്ന സ്റ്റിക്കർ പൊട്ടെടുത്ത് മൂക്കിൽ തിരുകിക്കയറ്റി ‘ദൽദോശം ‘ പിടിപ്പിച്ചൊരുത്തി മൂക്ക് തടവി അങ്ങേരുടെ പുറകിൽ നിന്നെത്തിനോക്കുന്നുണ്ടായിരുന്നു…

NB…… പുപ്പുമാവും ഇഞ്ചാരേം കഴിച്ചവരുണ്ടേൽ.. കമെന്റ് ചെയ്യോ….