അവളുടെ കഴുത്തിലെ ഞരമ്പുകൾക്ക് വേഗതയേറി. ഇരു ശരീരത്തിലെയും വിയർപ്പുകണങ്ങൾക്ക്‌ ജീവൻ പ്രാപിച്ചു തുടങ്ങി…

ജാനകി

എഴുത്ത്: ജിഷ്ണു രമേശൻ

അതിഥിയുടെ രണ്ടു വർഷത്തെ താലി ബന്ധത്തിന് ഇന്ന് നിയമപരമായി അവസാനമാണ്..മനസ്സുകൊണ്ട് എന്നേ ഉൾവലിഞ്ഞിരുന്നു…!

നാലു വർഷത്തെ പ്രണയത്തിനൊടുവിൽ ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനമായിരുന്നു വിവാഹം…പക്ഷേ വെറും രണ്ടു വർഷം മാത്രമുള്ള ഉടമ്പടി പോലെയായിരുന്നു ജീവിതം..

ഡിവോഴ്‌സിന് ശേഷം കുറച്ച് ദിവസം ഇവിടുന്ന് മാറി നിൽക്കുന്നത് നല്ലതാണെന്ന അതിഥിയുടെ അച്ഛന്റെ തീരുമാനമാണ് അവളെ മുത്തശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് പറഞ്ഞു വിട്ടത്…

ഒരൊളിച്ചോട്ടം അത്യാവശ്യമാണെന്ന് അവൾക്കും തോന്നി…പാലക്കാടൻ നാട്ടിൻപുറത്ത് പഴമ നഷ്ടപ്പെടാത്ത ഒരു മനയാണ് അതിഥിയുടെ തറവാട്…മുത്തശ്ശനും മുത്തശ്ശിയും കൂടാതെ ചെറിയച്ഛനും ചെറിയമ്മയും അടങ്ങുന്നൊരു കുടുംബ വീട്..

വന്നു കേറിയ പരിചയം പുതുക്കൽ ഒഴിച്ചു നിർത്തിയാൽ പിന്നീടവൾ ആരോടും അധികം സംസാരിക്കാതെ ആ വലിയ വീടിനുള്ളിൽ ഒതുങ്ങി കൂടി…

വായനയുടെ ലോകവും പഴമയുടെ പ്രൗഡിയും ഇഷ്ടപ്പെട്ടിരുന്ന അതിഥി ആ വീട് മുഴുവൻ തന്റെ തിരച്ചിലിൽ ഒതുക്കി… പഴയ തൂക്കുവിളക്കിന്റെ ഇടയിൽ നിന്ന് കിട്ടിയ തുണി സഞ്ചിയിൽ അവളെ ആകർഷിച്ച ഒന്നേ ഉണ്ടായിരുന്നുള്ളൂ…

“കട്ടിയുള്ള പുറം ചട്ടയോടു കൂടിയ ഡയറി രൂപത്തിലുള്ളൊരു പുസ്തകം…”

പിറ്റേന്ന് രാവിലെ കുളി കഴിഞ്ഞ് വന്ന് മുത്തശ്ശിയുടെ ഓട്ടു പാത്രത്തിൽ തിളപ്പിച്ച ചൂടു ചായ ഊതി കുടിച്ചുകൊണ്ട് അതിഥി തനിക്ക് കിട്ടിയ ഡയറി തുറന്നു വായിച്ചു…

ആദ്യ പേജിലെ “ബനാറസിലെ അധ്യാപനം” എന്ന തലക്കെട്ടിലൂടെ വിരലുകളോടിച്ചു.. ആ അക്ഷരങ്ങൾ വിരലുകളിൽ തടയുന്നതായി അനുഭവപ്പെട്ടു…

ആകാംക്ഷയോടെ അവൾ അടുത്ത പേജ് മറച്ചുകൊണ്ട് ഡയറിയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു…

**************************

ബനാറസിലെ എന്റെ ആദ്യ ദിവസമാണ് ഇന്ന്..നാട്ടിൽ അധ്യാപനത്തിന് കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളം കിട്ടുമെന്ന് സഹദേവൻ സർ പറഞ്ഞപ്പോ വീട്ടിലെ അവസ്ഥ ഓർത്ത് നേരെ ഇവിടേക്ക് വണ്ടി കയറി..

അനാഥാലയത്തിലെ കുട്ടികളെ പഠിപ്പിക്കുക എന്ന ജോലി മനസ്സുകൊണ്ട് ഞാനും ശരിവെച്ചു…ഒരു സിനിമാ സംവിധായകനും ബിസിനസ്സുകാരനുമായ ഒരു വ്യക്തിയാണ് കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും നോക്കുന്നത്..അതുകൊണ്ട് തന്നെ നാട്ടിലേക്കാളും ശമ്പളവും കിട്ടിയിരുന്നു. സഹദേവൻ സാറിന്റെ മിടുക്കുകൊണ്ട് തന്നെയാണ് ദൂരെയാണെങ്കിലും ഈ ജോലി കിട്ടിയത്…

അനാഥാലയത്തിലെ രജിസ്റ്ററിൽ ഹരിയെന്ന എന്റെ പേര് കുറിക്കാൻ നേരം എന്റെ നേർക്ക് രജിസ്റ്റർ നീട്ടിയ ഉടലിൽ ആ കണ്ണുകൾ മാത്രം എന്നെ വീക്ഷിക്കുന്നുണ്ട്…

ഞാൻ മുഖമുയർത്തി നോക്കി, ഒറ്റ നോട്ടത്തിൽ നെറ്റിയിലെ വലിയ വട്ടപൊട്ട്‌ എടുത്തു കാണിക്കും, കീഴ്ചുണ്ടിന് താഴെ ചെറിയൊരു മറുകുണ്ട് അവൾക്ക്…കാതിൽ തൂങ്ങിയാടുന്ന വളയങ്ങൾ പോലെയുള്ള കമ്മലുകൾ…

വെറും നാലു സെക്കന്റിലെ നോട്ടത്തിൽ മനസ്സിൽ പതിഞ്ഞ ആ മുഖത്ത് നോക്കി ഒന്ന് ചിരിച്ചിട്ട് ഞാൻ നടന്നു…

ഹിന്ദിയും ഉറുദുവും മാത്രം അറിയാവുന്ന അവിടുത്തെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുക എന്നത് ശ്രമകരമല്ലായിരുന്നു…

ആദ്യ ദിനത്തിലെ ക്ലാസ്സ് കഴിഞ്ഞ് വൈകുന്നേരം ക്ലാസ് മുറിയിലിരുന്ന് ഇവിടെ വന്നതിന്റെ വിശേഷം വീട്ടിലേക്ക് എഴുതി അറിയിക്കാൻ കടലാസ് എടുത്തു…

“എന്താ മാഷേ ഒരു ദിവസം കൊണ്ട് ഇത്രയും വലിയ വിശേഷം…? മണിക്കൂറുകൾ ആയല്ലെ ഉള്ളൂ, വീട്ടുകാരെ കാണാൻ തിടുക്കമായോ…!”

ഇന്നാട്ടിലെ പെട്ടന്നുള്ള മലയാളം കേട്ട് ഞാൻ മുഖമുയർത്തി നോക്കി.. അവളാണ്, ഇന്നലെ കണ്ട പെൺകുട്ടി… ബനാറസുകാരി എങ്ങനെ മലയാളം സംസാരിക്കുന്നു…!!!

“അയ്യോ ഞെട്ടേണ്ട കേട്ടോ, എന്റെ നാട് കേരളം തന്നെയാണ്..അച്ഛന്റെ ജോലി ഇവിടെയായത് കൊണ്ട് ജീവിതത്തിൽ പകുതിയും പോക്കും വരവും ആയിട്ട് ഇവിടെയായിരുന്നു… പിന്നെ അമ്മ മരിച്ചപ്പോ അച്ചനെന്നെ ഇവിടേക്ക് കൊണ്ടുവന്നു… പിന്നീട് പഠനം പൂർത്തിയാക്കിയത് ഇവിടെയായിരുന്നു…ഇപ്പൊ താമസം ഇവിടെ തന്നെയാണ്, അച്ഛൻ ജോലി സംബന്ധമായി കൂടുതലും യാത്രയിലാണ്.. എന്നെ വിശ്വസിച്ച് താമസിപ്പിക്കാൻ പറ്റിയ ഒരിടം ഇതു തന്നെയാണെന്ന് അച്ഛന് തോന്നിയിരിക്കണം…”

ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു,

“എന്താ തന്റെ പേര്..?”

‘ ജാനകി, അമ്മയുടെ സൃഷ്ടിയാണ് ഈ പേര്..’

ഇന്നത്തെ രാത്രി എനിക്ക് ഡയറിയിൽ കുറിക്കാൻ അധികമൊന്നും ഉണ്ടാവില്ല… ജാനകിയെ പരിചയപ്പെട്ടത് ഒരു തഴമ്പ് പോലെ മനസ്സിലുണ്ട്…

പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ ജോലി സമയത്തിന് ശേഷം ആ കൊച്ചു ക്ലാസ്സ് മുറിയിൽ എന്നെ സഹായിക്കാനായി വരും…എന്നെക്കാൾ പരിചയം കുട്ടികൾക്ക് ജാനകിയോടാണ്..

അന്യ നാട്ടിൽ സ്വന്തം ഭാഷ സംസാരിക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിലാണ് ഞാനും..

“ബനാറസെന്ന നഗരം മനസ്സിൽ പതിയുന്നതിനു മുമ്പു തന്നെ കണ്ടാസ്വദിക്കണം…ഇല്ലെങ്കിൽ ഒരു തരം വെറുപ്പ് തോന്നുന്ന നഗരമാണിതെന്ന് ” ജാനകി പറഞ്ഞത് ശരിയാണ്…

അവളുടെ ക്ഷണമനുസരിച്ച് ഒരിക്കൽ ആ വീട്ടിലേക്ക് പോയിരുന്നു.. ആ കൊച്ചു വീട്ടിൽ വ്യത്യസ്തമായൊരു കാഴ്ചയാണ് ഞാൻ കണ്ടത്… ” ജാനകിയുടെ തന്നെ കരയുന്നതും, ചിരിക്കുന്നതുമായ ചിത്രങ്ങൾ ചുവരിൽ നിറഞ്ഞിട്ടുണ്ട്…

അതും ജാനകി തന്നെ വരച്ചതാണത്രെ…! ഒരിക്കൽ അമ്മയുടെ മരണശേഷം തിരിച്ച് ഇവിടേക്ക് വന്ന ദിവസം വരച്ചതാണ് കരഞ്ഞു കൊണ്ടുള്ള തന്റെ ചിത്രം…സന്തോഷമെന്നത് ഏതു നിമിഷവും നമ്മളെ തേടി വരാവുന്നതാണ്, അതു കൊണ്ട് ചിരിച്ചു കൊണ്ടുള്ള അവളുടെ മുഖം വരയ്ക്കുക എന്നത് ജാനകിക്ക്‌ എളുപ്പമായിരുന്നു…

ഈ ചെറുപ്രായത്തിൽ ഇത്തരം കഴിവുകൾ സമ്മതിക്കുക തന്നെ വേണം…

മറ്റുള്ളവർക്ക് മനസ്സിലാവാത്ത വിധം എന്തോ അവളിൽ ഉണ്ടെന്ന് പലപ്പോഴും തോന്നിപ്പോകുന്നു…

കണ്ണുകളിൽ നിന്നും പിശുക്കിയുള്ള സംസാരത്തിൽ നിന്നും ജാനകിയുടെ ഭൂതകാലത്തേക്ക്‌ ഇറങ്ങി ചെല്ലാൻ കഴിഞ്ഞിരുന്നു…

അവളുടെ അച്ഛൻ ഒരിക്കൽ അവളെ കാണാൻ വന്നു, കൂടെ അവളെയും കൊണ്ടു പോകാനാണത്രെ…! പക്ഷേ മൂന്നു മാസം കഴിഞ്ഞ് തിരിച്ചു ഇവിടെ തന്നെ കൊണ്ടാക്കും എന്നത് സന്തോഷമുളവാക്കിയ കാര്യമായിരുന്നു…

പൂനെയിൽ ജോലി ആവശ്യത്തിന് പോകുമ്പോ ജാനകിയെയും കൂടെ കൂട്ടുന്നു എന്നു മാത്രം…! പക്ഷേ ആകെയുള്ള കൂട്ട് പോകുമ്പോ വല്ലാത്തൊരു വീർപ്പുമുട്ടൽ…;

“മൂന്നു മാസം കഴിഞ്ഞ് ഇവിടേക്ക് തന്നെയല്ലേ ഹരി മാഷേ ഞാൻ വരുന്നത്” എന്ന് പറഞ്ഞുകൊണ്ട് ജാനകി യാത്രയായി…

ആ മൂന്നു മാസക്കാലം ആ കൊച്ചു വീട്ടിലെ അവളുടെ സൃഷ്ടികൾ വീക്ഷിച്ചുകൊണ്ടിരുന്നു… അന്ന് വരെയുള്ള തങ്ങളുടെ കൂടിക്കാഴ്ചകളും സംസാരവും വാക്കുകൾക്കതീതമായി അവളുടെ വരയിൽ ഒരു പുസ്തകത്തിൽ ഒതുങ്ങി…

ജാനകി തിരിച്ചു വരുന്നത് വരെയുള്ള കാലയളവ് മൂന്നു വർഷം പോലെ തോന്നിച്ചു… അവൾ വരാമെന്ന് പറഞ്ഞതിന്റെ തലേന്ന് വീട്ടിലേക്ക് ഇവിടുത്തെ വിശേഷം അറിയിച്ചുകൊണ്ട് എഴുത്തെഴുതി…വാക്കുകളിൽ കൂടുതലും ജാനകി നിറഞ്ഞു നിന്നു..

കുറച്ചു ദിവസത്തേക്ക് ജാനകി കൺമുന്നിൽ നിന്നു മറഞ്ഞത് വെറുമൊരു കൂട്ടായിരുന്ന അവളെ എന്നിലേക്ക് കൂടുതൽ അടുപ്പിക്കാനായിരുന്നോ…! മനസ്സിൽ പ്രത്യക്ഷമായതെന്തോ അവളോടു തോന്നിപ്പിക്കുന്നത് പോലെ….!!!

പിറ്റേന്ന് ജാനകി വരുന്ന ദിവസം അവളുടെ കണ്മുന്നിൽപെടാതെ ഒഴിഞ്ഞു നടന്നു.. പക്ഷേ അവളെന്നെ തേടി വന്നു, ഗംഗാ നദിയിൽ നിന്നുള്ള ചില സമയത്ത് ഗന്ധം മനുഷ്യനെ മത്തു പിടിപ്പിക്കും.. അതു പോലെയാണ് ജാനകിയുടെ സാമീപ്യം…

പുറകിൽ നിന്ന് “ഹരി മാഷേ ” എന്നുള്ള അവളുടെ അത്ഭുതകരമായ വിളി എനിക്ക് ഉള്ളിൽ ഭയം സമ്മാനിച്ചു…

അടുത്തേക്ക് വന്ന ജാനകിയുടെ കവിളുകളിൽ സ്പർശിച്ചു കൊണ്ട് ആ മൂർദ്ധാവിൽ എന്റെ ചുംബനമർപ്പിച്ചു…

“ജാനകി നിന്റെ അനുവാദമില്ലാതെ ഞാനിത് ചെയ്തത് നിന്നോടുള്ള സ്നേഹം അറിയിക്കാൻ വാക്കുകൾ കിട്ടാത്തത് കൊണ്ടാണ്…നീ പോയ മൂന്നു മാസം സ്വന്തമാകുമായിരുന്ന എന്തോ വിട്ടകന്നു പോയൊരു അനുഭൂതിയായിരുന്നൂ…”

കലങ്ങിയ കണ്ണുകളുമായി ജാനകി അകത്തേക്ക് കയറിപ്പോയി. അല്പസമയത്തിനകം തിരികെ വന്ന അവളുടെ കയ്യിൽ ഒരു ഫ്രെയിം ചെയ്ത ഫോട്ടോ ഉണ്ടായിരുന്നു… അവളത് എനിക്കു നേരെ നീട്ടി..!

കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ജാനകി ജീവൻ നൽകിയ ചിത്രമായിരുന്നു അത്… എന്റെയും ജാനകിയുടെയും രൂപസാദൃശ്യമുള്ള വര… നെറ്റിയിൽ ചുംബിക്കുന്ന ചിത്രമായിരുന്നു അവളുടെ ആ സൃഷ്ടി…അതവൾ ആഗ്രഹിച്ചിരുന്നുവോ…! ചിലപ്പോ എന്റെ വാക്കുകൾക്ക് വേണ്ടി ജാനകി കാത്തിരുന്നിട്ടുണ്ടാകും…

ഒരിക്കൽ കൂടി അവളുടെ നെറ്റിയിലെ കുങ്കുമപ്പൊട്ട്‌ ചാര നിറത്തിലുള്ള എന്റെ കുർത്തയിൽ കലർന്നു..

വീട്ടിലേക്കുള്ള മണിയോർഡർ അയക്കുന്നതിനു പുറകെ എന്റെ വിശേഷമറിയിച്ചു കൊണ്ടുള്ള എഴുത്തിൽ വാക്കുകളുടെ എണ്ണം കുറഞ്ഞു, ജാനകിയെ ഞാനെന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച സ്ഥാനം അച്ഛനെയും അമ്മയെയും അറിയിക്കാനുള്ള അക്ഷരങ്ങൾക്ക് വേണ്ടി തിരഞ്ഞു…

വീട്ടിൽ നിന്നും വരുന്ന എഴുത്തിൽ മകനെ കാണാനുള്ള ഒരമ്മയുടെ കണ്ണുനീരിന്റെ അംശം ഉണ്ടായിരുന്നു…അച്ഛനെയും അമ്മയെയും കണ്ടിട്ടു വരാമെന്ന തീരുമാനത്തിൽ ഒരു മാസത്തേക്ക് നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങി…

പ്രണയമെന്ന വാക്കിന് ജീവൻ വെച്ചു തുടങ്ങിയ സമയത്തെ എന്റെ അഭാവം അവളെ നന്നേ തളർത്തി… പോകുന്നതിനു തലേന്ന് അന്നാദ്യമായി ഒരു പെണ്ണിന്റെ വിയർപ്പിന്റെ സുഗന്ധം ഞാനറിഞ്ഞു…

വാടിയ പൂവിനു സമാനമായ ജാനകിയുടെ വേഷപ്പകർച്ച കാലിൽ ചുറ്റിയ വള്ളിപടർപ്പുകൾ പോലെയായിരുന്നു…അവളുടെ കഴുത്തിലെ ഞരമ്പുകൾക്ക് വേഗതയേറി… ഇരു ശരീരത്തിലെയും വിയർപ്പുകണങ്ങൾക്ക്‌ ജീവൻ പ്രാപിച്ചു തുടങ്ങി..

റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിൽ നിറകുടമായിരുന്ന അവളുടെ കണ്ണുകളായിരുന്നു മനസ്സു നിറയെ…

വീട്ടിലെ അന്തരീക്ഷത്തിൽ എന്റെ ശരീരത്തിന് മാത്രമേ സ്ഥാനമുള്ളൂ, മനസ്സ് ജാനകിയുടെ അരികിലാണ്…

ഒരു മറവിക്കാലം അപ്പുറം അവളുടെ എഴുത്ത് വന്നു, അന്നാദ്യമായി ജാനകിയുടെ വാക്കുകൾക്ക് വേണ്ടി കൊതിച്ചു…”ഞാനിവിടെ സുഖമായിരിക്കുന്നു” എന്ന എഴുത്തിന്റെ തലക്കെട്ടിൽ നിന്നും ഉള്ളടക്കം ഊഹിക്കാവുന്നതേ ഉള്ളൂ… അച്ഛനെയും അമ്മയെയും അന്വേഷിച്ചത് ഉൾപ്പെടെ അവളോടുള്ള ഇഷ്ടവും മറ്റും വീട്ടിൽ തുറന്നു പറയാം എന്ന തീരുമാനം വേണ്ടെന്നു വെച്ചു..

അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിക്കേണ്ടതിൻെറ രണ്ടു ദിവസം മുൻപാണ് അച്ഛന് പെട്ടന്ന് സുഖമില്ലാതായത്… ആരോഗ്യവാനായിരുന്ന അച്ഛൻ തൊടിയിൽ പാവയ്ക്ക വിത്ത് പാകുന്നതിനിടയിൽ കുഴഞ്ഞു വീണതാണ്…

വൈദ്യശാലയിൽ കാണിച്ചതിന് ശേഷം വിശ്രമം ആവശ്യമായതിനാൽ എനിക്ക് തിരികെ പോകുവാൻ കഴിഞ്ഞില്ല…മൂന്നു മാസമെങ്കിലും കഴിഞ്ഞാലേ അച്ഛൻ പഴയത് പോലെയാവു എന്നത് കൊണ്ട് എനിക്ക് വീട്ടിൽ നിൽക്കേണ്ടി വന്നു…

ജാനകിയെ വിവരം അറിയിക്കാൻ എന്റെ വിരലുകൾ കടലാസിലെ അക്ഷരങ്ങൾക്ക് പുറകെ ചലിച്ചു…ഒരു മാസം പിന്നിട്ടു, ഞാനയച്ച എഴുത്തിന് മറുപടി വന്നു.. “അച്ഛനു വേണ്ടി എന്റെ പ്രാർത്ഥന എന്നുമുണ്ടാകും” എന്നുള്ള ജാനകിയുടെ ആശ്വസാവാക്കുകൾ എനിക്ക് മനോധൈര്യം പകർന്നു..

പിന്നീട് വരുന്ന അവളുടെ എഴുത്തു കവറിനുള്ളിൽ വെറും അക്ഷരങ്ങൾ ആയിരുന്നില്ല, ജാനകിയുടെ ജീവശ്വാസം തന്നെയായിരുന്നു…

അവസാനം വന്ന എഴുത്തിൽ അവളുടെ അച്ഛൻ വന്നിട്ടുണ്ടെന്നും ഹരി മാഷിനെ അന്വേഷിച്ചു എന്നും ഉണ്ടായിരുന്നു…

അതിനു ശേഷം ഞാനയച്ച എഴുത്തിന് അവളുടെ മറുപടി വന്നില്ല.. ഒരു മാസം കഴിഞ്ഞു, എനിക്ക് തിരികെ പോകാനുള്ള സമയമായി…എന്നിട്ടും ജാനകിയുടെ മറുപടി വന്നില്ല, എന്തോ ഒരു ഭയം…!

ചിലപ്പോ എന്റെ കത്ത് അവൾക്ക് കിട്ടിയിട്ടുണ്ടാവില്ലെ..? ചിന്തകൾ പലതും കൺമുന്നിൽ മിന്നിമറഞ്ഞു…

അച്ഛൻ അസുഖമൊക്കെ മാറി ആരോഗ്യവാനായി മാറിയിരുന്നു..അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി… രണ്ടു ദിവസം നീളുന്ന ട്രെയിൻ യാത്രാനുഭവം ദുഷ്കരമാണ്… ജാനകിയുടെ ഒരു വിവരവും ഇല്ല, എത്രയും പെട്ടെന്ന് അവിടെ എത്തിയാൽ മതി..

സ്റ്റേഷൻ അടുക്കാറായപ്പോ ഞാൻ ബാഗിൽ നിന്ന് കടലാസ് എടുത്ത് വീട്ടിലേക്ക് എഴുതി… റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു റിക്ഷ വിളിച്ച് ജാനകി താമസിക്കുന്നിടത്തേക്ക്‌ തിരിച്ചു…

ആ കൊച്ചു മുറി പൂട്ടി കിടക്കുകയാണ്, ജാനകി വെള്ളാരം കല്ലുകൾ കൂട്ടിവച്ചിരിക്കുന്ന മഞ്ചട്ടിയുടെ അടിയിൽ പതിവു പോലെ മുറിയുടെ താക്കോൽ ഉണ്ടായിരുന്നു… എന്തോ എനിക്കായി കരുതി വെച്ചിരിക്കുന്നത് പോലെ തോന്നിച്ചു…

മുറിയിലെ അവളുടെ അഭാവത്തിലും ജാനകിയുടെ ചുടുവിയർപ്പിന്റെ സുഗന്ധം ഉണ്ടായിരുന്നു…എന്റെ കണ്ണുകൾ ചലിച്ചത് മേശയിലേക്കായിരുന്നു..

എന്നോട് പറയാനുള്ളതെല്ലാം അവളുടെ വിരലുകളാൽ തീർത്ത സൃഷ്ടികൾകൊണ്ട് നിറഞ്ഞിരുന്നു ആ മുറി…

മേശയിലെ അവളുടെ വരപുസ്തകം കയ്യിലെടുത്ത് ഓരോ താളുകളായി മറച്ചു നോക്കാൻ തുടങ്ങി…!

ആദ്യമായി ഞാനവളെ ചുംബിച്ചതുൾപ്പെടെ അതിനു ശേഷം ഉണ്ടായതൊക്കെ അവളുടെ വിരലുകളാൽ ചലനം സൃഷ്ടിച്ചു..

ഞാൻ നാട്ടിലേക്ക് പോകുന്നതിന്റെ തലേന്ന് രാത്രി അവളെ പ്രാപിച്ച പാതി നഗ്ന ശരീരത്തിന്റെ ചിത്രത്തിന് അസാധ്യ ആകർഷണമായിരുന്നു.. ജനൽ പടിയിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്ന അവളുടെ തന്നെ ചിത്രങ്ങൾ എന്നെ നോക്കി സംസാരിക്കും പോലെ തോന്നിക്കുന്നു..

പക്ഷേ വര പുസ്തകത്തിന്റെ അവസാന പേജിൽ അരുന്ധതിയുടെ രൂപമായിരുന്നു.. ഇവിടെ ജാനകിയുടെ ഏക കൂട്ട് അവളാണ്.. ഞാനും ജാനകിയും തമ്മിലുള്ള ബന്ധം അറിയുന്ന ഒരേ ഒരാൾ..

എന്ത് കൊണ്ട് ജാനകി അരുന്ധതിയുടെ ചിത്രം വരച്ചു…! എന്തോ അരുന്ധതിയെ കാണണം എന്ന് മനസ്സ് പറയുന്നു, ഇനി അതിനാവുമോ ജാനകി ഇങ്ങനെയൊരു ചിത്രം വരച്ചത്… ഞാൻ അവിടുന്ന് ഇറങ്ങി അനാഥാലയത്തിലേക്ക് നടന്നു..

ദൂരേ നിന്നെ എന്റെ വരവ് കണ്ട അവളുടെ മുഖം മാറിയിരുന്നു… അടുത്തേക്ക് ചെന്ന ഞാൻ ഒന്നേ ചോദിച്ചുള്ളു,

” അരുന്ധതി, അവള് എവിടെ..? ജാനകിയുടെ അച്ഛൻ വന്നിരുന്നു എന്നവൾ എനിക്ക് എഴുതിയിരുന്നു.. അച്ഛന്റെ കൂടെ പോയോ അവൾ…? ദാ ഈ വര പുസ്തകത്തിൽ അവസാനമായി നിന്റെ ചിത്രമാണ് ജാനകി വരച്ചത്, എന്ത് കൊണ്ട്..! നിനക്കറിയാം…”

ജാനകിയുമായി ഇത്രയും വർഷത്തെ അടുപ്പം ഉള്ളത് കൊണ്ട് ഞാൻ പറഞ്ഞത് അരുന്ധതിക്ക്‌ മനസ്സിലായിരുന്നു…

ജാനകി തന്നെ ഏല്പിച്ചതാണെന്നും പറഞ്ഞ് ഒരു എഴുത്ത് അരുന്ധതി എനിക്ക് നേരെ നീട്ടി..! ഉൾഭയത്തോടെ ഞാനത് തുറന്നു വായിച്ചു…

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….

Image credit – Tarun Khiwal