മന്ത്രകോടി – ഭാഗം 25, എഴുത്ത്: മിത്ര വിന്ദ

കുറെ സമയം ഉറങ്ങാതെ ദേവൂട്ടി കാത്തിരുന്നു , നന്ദൻ പക്ഷെ എത്തിയിരുന്നില്ല…

നേരം പിന്നീടും തോറും അവൾക്ക് വല്ലാത്ത ക്ഷീണം തോന്നി.. കണ്ണൊക്കെ താനേ അടഞ്ഞു പോകും പോലെ.. എങ്കിലും അവൾ ഒന്ന് കണ്ണിമ ചിമ്മാതെ കൊണ്ട് വാതിൽക്കലേക്ക് നോക്കും… ഡോർ എങ്ങാനും തുറന്നു അവൻ കേറി വരുന്നുണ്ടോ എന്ന്. പക്ഷെ നിരാശ ആയിരുന്നു ഫലം..

പിന്നീട് എപ്പോളോ ദേവുട്ടി ഉറങ്ങി പോകുകയും ചെയ്തു

ഇടക്കവൾ ഞെട്ടി എഴുനേറ്റു,,,, നോക്കിയപ്പോൾ നന്ദേട്ടൻ കട്ടിലിന്റെ അങ്ങേ തലയ്ക്കൽ തിരിഞ്ഞു കിടക്കുന്നത് അവൾ കണ്ടു…

ഈശ്വരാ, ഇതെപ്പോൾ ആയിരുന്നു വന്നു കിടന്നേ,താൻ ആണെങ്കിൽ ഉറങ്ങി പോയത് പോലും അറിഞ്ഞില്ല…അത്രയ്ക്ക് ക്ഷീണം ഉണ്ടാരുന്നു…നന്ദേട്ടൻ തന്നെ വിളിച്ചിരുന്നോ എന്നു പോലും അവൾക്കറിയില്ലായിരുന്നു…

സമയം നോക്കിയപ്പോൾ വെളുപ്പിന് 4മണി കഴിഞ്ഞിരിക്കുന്നു എന്ന് മുറിയിലെ അരണ്ട വെളിച്ചത്തിൽ അവൾ കണ്ടു ,,,,,, ഒരു മണി വരെയും താൻ നന്ദേട്ടനെ കാത്തിരുന്നതായി അവൾക്ക് മനസ്സിൽ തെളിഞ്ഞു വന്നു.

ദേവു പതിയെ എഴുനേറ്റു….നിലത്തേയ്ക്ക് വീണു കിടന്ന പുതപ്പിന്റെ അഗ്രം എടുത്തു ബെഡിലേക്ക് ഇട്ടു… കുളിച്ചു മാറാൻ ഉള്ള ഒരു ചുരിദാറും എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് കയറി പോയി..

അവൾ കുളിച്ചു ഇറങ്ങി വന്നപ്പോളും നന്ദൻ സുഖമായി ഉറങ്ങുകയാണ്…..

ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോട് കൂടി കിടന്ന് ഉറങ്ങുന്ന നന്ദനെ അവൾ അല്പം സമയം നോക്കി നിന്നു

ഇനി എന്തൊക്കെ പരീക്ഷങ്ങൾ ഏറ്റു വാങ്ങണം എന്നു അവൾക്കൊരു ഊഹവും ഇല്ലായിരുന്നു……

കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു കൊണ്ട് മുടി ഒന്ന് അഴിച്ചു തോർത്തി. എന്നിട്ട് ഒന്നൂടെ ചുറ്റി വെച്ച്. ധന്യ ചേച്ചിയേ കൊണ്ട് അമ്മ എന്തൊക്കയൊ മേക്കപ്പ് സാധനങ്ങൾ വാങ്ങി വെപ്പിച്ചിരുന്നു.. ഒരു ബോക്സിലായി അതെല്ലാം അടുക്കി വെച്ചിട്ടുണ്ട്.. ദേവു എടുത്തു നോക്കിയപ്പോൾ, സിന്ദൂര ചെപോലും,പൌഡറും, ക്രീംസും, ഷാമ്പുവും, പിന്നെ ഹെയർ ക്ലിപ്സ്, ഐ ലൈനർ, പൊട്ട്….. അതിലൂടെ ഒക്കെ ഒന്ന് മിഴികൾ പായിച്ച ശേഷം ദേവൂട്ടി ഒരല്പം കുങ്കുമം എടുത്തു നെറുകയിൽ തൊട്ടു.. എന്നിട്ട് തന്റെ പ്രതിബിംബത്തിലേക്ക് ഉറ്റു നോക്കി..

എപ്പോളൊക്കയൊ ആഗ്രഹിച്ചിരുന്നു, ഇതുപോലെ നെറുകയിൽ സിന്ദൂരവും, മാറിൽ മഞ്ഞ പൂ താലിയും, മുടി നിറയെ മുല്ലപ്പൂവും ഒക്കെ ചൂടി പുളിയില കരയുള്ള സെറ്റും ഉടുത്തു തന്റെ പതിയായ പ്രാണന്റെ കൂടെ ഉടുത്തോരുങ്ങി പോകണം എന്നുള്ളത്..

പക്ഷെ നന്ദേട്ടൻ..

താഴത്തെ നിലയിൽ നിന്നും ആണെന്ന് തോന്നുന്നു ആരുടെയോ സംസാരം കേൾക്കാം.. അവൾ കാതോർത്തു..അമ്മ ഉണർന്നു എന്ന് തോന്നുന്നു..

ദേവൂട്ടി ഒരിക്കൽ കൂടി നോക്കി.. അപ്പോളും നന്ദൻ നല്ല ഉറക്കത്തിൽ ആയിരുന്നു.

ഡോറിന്റെ ലോക്ക് മെല്ലെ മാറ്റിയ ശേഷം അവൾ താഴേക്ക് ഇറങ്ങി.

അമ്മ യും അച്ഛനും പൂജാമുറിയിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നു.ഇരുവരും
നാരായണീയം ഉറക്കെ ചൊല്ലുന്നത് കേട്ട് കൊണ്ട് അവളും അവിടേക്ക് ചെന്നു..ഭഗവാന്റെ മുന്നിൽ കണ്ണുകൾ അടച്ചു ഒരു നിമിഷം പ്രാർത്ഥിച്ചു.

ശ്ലോകം ചൊല്ലി തിരിഞ്ഞ അമ്മകാണുന്നത് കുളി ഒക്കെ കഴിഞ്ഞു,, സീമന്തം ഒക്കെ ചുവപ്പിച്ചു,ഐശ്വര്യം ആയിട്ട് നിൽക്കുന്ന ദേവൂനെ ആയിരുന്നു

“മോളെ… എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്… കുറച്ചുടെ കിടക്കായിരുന്നൂല്ലേ…”

അവളെ നോക്കി വാത്സല്യത്തോടെ കൂടി സരസ്വതി ആരാഞ്ഞു..

” സമയം 5 മണി ആവാറായി അമ്മേ, ഞാന് വീട്ടിലായിരുന്നു അപ്പോഴും ഈ സമയത്ത് ഉണരും. ശീലമായി പോയി… ” അവളുടെ മറുപടി കേട്ടതും സരസ്വതിയും ഗുപ്തൻ നായരും പരസ്പരം നോക്കി ചിരിച്ചു…

തങ്ങൾ ഇരുവരും ആഗ്രഹിച്ചതുപോലെ ഒരു പെൺകുട്ടിയെ ഈശ്വരൻ നൽകിയല്ലോ എന്ന സന്തോഷത്തിലായിരുന്നു അവർ ചിരിച്ചത്.
അമ്മയോടൊപ്പം ദേവൂട്ടിയും അടുക്കളയിലേക്ക് ചെന്നു..സരസ്വതിയമ്മയാണ് അവൾക്ക് കുടിക്കുവാനായി ചായ തയ്യാറാക്കി കൊടുത്തത്…

ഒരുപാട് സന്തോഷത്തോടെ അവൾ അവരെ നോക്കി.

തന്റെ സ്വന്തം അമ്മയെ പോലെ തന്നെ ആണ് ഈ അമ്മയും എന്ന് അവൾ ഓർത്തു. ഇരുവരും ഒരുപാട് സംസാരിച്ചു ഇരുന്ന ശേഷം കാലത്തെയ്ക്ക് വേണ്ട ഫുഡ്‌ ഉണ്ടാക്കുവാൻ തുടങ്ങിയത്.

രണ്ടുദിവസം മുന്നേ ചിക്കൻ വാങ്ങിച്ചത് ആവശ്യത്തിനു എടുത്ത ശേഷം ബാക്കിയുള്ളത് ഫ്രിഡ്ജിൽ വച്ചിട്ടുണ്ടായിരുന്നു സരസ്വതി അമ്മ… കാലത്തെ ഉണർന്നപ്പോൾ ആദ്യം തന്നെ അത് ഫ്രീസറിൽ നിന്ന് എടുത്ത് വെളിയിലേക്ക് വെച്ചിട്ടുണ്ടായിരുന്നു അവർ.

“മോൾക്ക് ചിക്കൻ കറി എങ്ങനെ വെയ്ക്കുന്നത് ആണിഷ്ടം ” അമ്മ ദേവൂട്ടിയോട് ചോദിച്ചു.

“അയ്യോ അമ്മേ,ഞാൻ ആണെങ്കിൽ ഇതേവരെ ആയിട്ടും നോൺ വെജിറ്റേറിയൻ ഒന്നും കഴിചിട്ടില്ല കേട്ടോ “

“അയ്യയ്യോ… പറഞ്ഞതുപോലെ അത് നേരാണല്ലോ, ഇനി കുട്ടിക്ക് എന്താ വെക്കേണ്ടത് “

“എന്തായാലും കുഴപ്പമില്ല അമ്മേ… ഞാൻ കഴിച്ചോളാം ” അവൾ പുഞ്ചിരിച്ചു.

ദേവൂട്ടിക്ക് കഴിക്കുവാനായി കിഴങ്ങ് മസാല കറിയും, ബാക്കിയുള്ളവർക്കായി ചിക്കൻ കറിയും സരസ്വതി അമ്മ തയ്യാറാക്കി.സവാളയും വെളുത്തുള്ളിയും ഒക്കെ തോല് കളയുവാനും, നാളികേരം ചിരകുവാനും, ഒക്കെ അവരെ സഹായിച്ചുകൊണ്ട് ദേവൂട്ടി അടുത്ത് കൂടി..

ഏഴു മണിയോളമായി ധന്യ ഉണർന്നു വന്നപ്പോൾ.. ഒരു കോട്ടുവായിട്ടു കൊണ്ട് കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റ് വരുന്ന അവളെ കണ്ടതും, സരസ്വതി അമ്മ ചിരിച്ചു..

“ഈ ധന്യ ഉണ്ടല്ലോ മോളെ, എന്തും സഹിയ്ക്കും പക്ഷെ കാലത്തെ ഉള്ള ഈ കുളി… അത് മാത്രം ഇവൾക്ക് ഇഷ്ടം അല്ല കേട്ടൊ “

അവർ ദേവുട്ടിയോട് പറഞ്ഞു..

“യ്യോ… ചെറിയമ്മയ്ക്ക് ഒത്തു കിട്ടിയതാ കേട്ടോ ഈ ദേവൂനെ… കാലത്തെ കുളിച്ചു ല്ലേ..എന്തൊരു ഐശ്വര്യം ആണെന്ന് നോക്കിയേ…. . ഇനി ഒരു കാര്യം കൂടി ഉണ്ട്, കൃഷ്ണൻ കോവിലിൽ നിർമ്മാല്യം… അത് കൂടി തൊഴാൻ വേണ്ടി ചെറിയമ്മയോട് ഒപ്പം പോകാൻ ഇനി ആളെ തപ്പെണ്ട അല്ലേ…സന്തോഷം ആയി ഗോപിയേട്ടാ….” ധന്യ പറയുന്നത് കേട്ട് കൊണ്ട് ഒരു ചിരിയോടു കൂടി പാവം ദേവൂട്ടി നിന്നു.

“മോളെ…. ഈ കാപ്പി കൊണ്ട് പോയി നന്ദനു കൊടുത്തേയ്ക്ക് കെട്ടോ… നേരം 7മണി ആയില്ലേ.. അവനുണർന്നു കാണും “

സരസ്വതിയമ്മ ആണെങ്കിൽ അടുക്കളയിൽ ഘടിപ്പിച്ചിരിക്കുന്ന ക്ലോക്കിലേക്ക് നോക്കിയ ശേഷം ദേവുനോടായി പറഞ്ഞു.അത് കേട്ടതും ദേവൂന്റെ ചങ്ക് ഇടിച്ചു.. തന്നേ കാണുന്നത് പോലും ആൾക്ക് വെറുപ്പാണ്… പിന്നെല്ലേ കാപ്പി…അവൾ ഓർത്തു. അപ്പോളേക്കും അമ്മ ചായ എടുത്തു അവളുടെ കൈലേക്ക് കൊടുത്തു.

വിറയ്ക്കുന്ന കാലടികളോട് കൂടി അവൾ മുറിയിലേക്ക് ചെന്നു.

നന്ദൻ അപ്പോൾ എഴുന്നേറ്റു ബെഡിൽ ഇരിക്കുകയായിരുന്നു.

ദേവൂനെ കണ്ടതും അവൻ മുഖം ഉയർത്തി നോക്കി.

പെട്ടന്ന് അവൻ പുച്ഛഭാവത്തിൽ അവളെ ഒന്ന് നോക്കി.

“ആരെ കാണിക്കാനാടി കുളിച്ചു ഒരുങ്ങി വന്നു നിൽക്കുന്നത്, എന്റെ മനസ്സിൽ കേറി കൂടാം എന്നാണ് വിചാരം എങ്കിൽ ഒരിക്കലും നടക്കാൻ പോണില്ല കേട്ടോ..”

നന്ദൻ പറഞ്ഞതും ദേവു വേദനയോടെ അവനെ നോക്കി.

“ഹ്മ്മ് എന്തിനാണ് നി ഇപ്പൊ ഇങ്ങോട്ട് എഴുന്നള്ളി വന്നത്…”

“അത് പിന്നെ,അമ്മ പറഞ്ഞു ചായ കൊണ്ട് വന്നു ഏട്ടന് തരാൻ..”
പറഞ്ഞതും അവളെ വിക്കി..

“വെച്ചിട്ട് പോകാൻ നോക്കെടി, നിന്നു താളം ചവിട്ടാതെകൊണ്ട് .” അവൻ മുരണ്ടു.

പേടിയോടെ അവനെ ഒന്ന് നോക്കിയിട്ട് ദേവു വേഗം അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി. അതിനു ശേഷം ആണ് അവള് ശ്വാസം പോലും എടുത്തത്.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *