എന്റെ ജോണേട്ടാ ഞാൻ നിങ്ങളോട് പറഞ്ഞതാ നഴ്‌സിനെയൊന്നും എനിക്ക് വേണ്ടാന്ന്…. ഞാൻ കല്യാണം കഴിക്കുന്നത് എന്റെ വയ്യാത്ത അമ്മയെ നോക്കാൻ കൂടെ വേണ്ടിയാ…

Story written by MAAYA SHENTHIL KUMAR

എന്റെ ജോണേട്ടാ ഞാൻ നിങ്ങളോട് പറഞ്ഞതാ നഴ്‌സിനെയൊന്നും എനിക്ക് വേണ്ടാന്ന്…. ഞാൻ കല്യാണം കഴിക്കുന്നത് എന്റെ വയ്യാത്ത അമ്മയെ നോക്കാൻ കൂടെ വേണ്ടിയാ…

അല്ലാതെ രാവെന്നോ പകലെന്നോ ഇല്ലാതെ ഇറങ്ങിപ്പോകുന്ന ഇവരെയൊന്നും കുടുംബത്തിൽ കയറ്റാൻ കൊള്ളില്ല… മാത്രമോ മറ്റുള്ള ആണുങ്ങളെയൊക്കെ തൊട്ടും പിടിച്ചും…ഛെ.. എനിക്കിതൊന്നും ശരിയാവില്ല…നിങ്ങൾ എന്തേലും പറഞ്ഞ് ഒഴിവാക്കിയിട്ടു വാ…

അതും പറഞ്ഞ് തിരിഞ്ഞു നോക്കിയതും… വാതിൽ പടിയിൽ നിൽക്കുന്ന അഭിരാമിയെയാണ് കണ്ടത്..സുധിയുടെ തല താഴ്‌ന്നു….

ജോണേട്ടൻ മുഖത്തൊരു ചിരി വരുത്തി… മോള് ഇറങ്ങാറായോ..

ആ… നിങ്ങൾ ആദ്യം ഇറങ്ങുന്നോ.. അതോ ഞാൻ ഇറങ്ങട്ടെ… അവൾ സുധിയുടെ മുഖത്തേക്ക് നോക്കി ജോണേട്ടനോടായി ചോദിച്ചു…

മോള് ഇറങ്ങിക്കോ… നേരം വൈകണ്ട… ഞങ്ങളും ഇറങ്ങുകയായി…

അഭിരാമി അവരുടെ മുന്നിലൂടെ ഇറങ്ങിപ്പോയി…

ഉള്ളിലുള്ള ചമ്മൽ മറച്ചുവയ്ക്കാൻ… മുഖത്തു കൂടുതൽ ഗൗരവം വരുത്തി അവൻ ഇറങ്ങി കാറ് ലക്ഷ്യമാക്കി നടന്നു…

******************************

എങ്ങനുണ്ട് സുധി പെൺകുട്ടി….നീ വന്നിട്ട് ഒന്നും പറഞ്ഞില്ലല്ലോ….

എന്റെ അമ്മേ അതൊന്നും ശരിയാവില്ല…

അതെന്താ കണ്ടിട്ട് നിനക്ക് ഇഷ്ടയില്ലേ… അമ്മ വിടാനുള്ള ഭാവമില്ല

ഞാൻ അത്രയ്ക്ക് നോക്കിയൊന്നുല്ല… അവൾ നേഴ്സ് ആണ്… അതൊന്നും നമുക്ക് ശരിയാവില്ല…

നല്ല ജോലിയല്ലേ… എത്ര രോഗികളുടെ അനുഗ്രഹം കിട്ടിയിട്ടുണ്ടാവും…

എന്റമ്മേ അനുഗ്രഹം മേടിച്ചു ഇവിടെ വച്ചു പൂജിക്കാനല്ലല്ലോ കല്യാണം കഴിക്കുന്നേ…ഇത് എന്തായാലും നടക്കില്ല… അമ്മ ജോണേട്ടനോട് വേറെ നോക്കാൻ പറയ്….

****************************

കണ്ണ് തുറക്കാൻ കഴിയുന്നില്ലെങ്കിലും സുധി കണ്ണ് വലിച്ചു തുറന്നു…. മേലുമുഴുവൻ നല്ല വേദന…. തല അനക്കാൻ കഴിയുന്നില്ല… എന്താണ് സംഭവിച്ചതെന്ന് അവൻ ഓർത്തെടുത്തു… താനും അമ്മയും കൂടെ ബൈക്കിൽ ടൗണിലേക്ക് പോകുവാരുന്നു…എതിരെ നിന്നും ഒരു കാറ്‌ അമിതവേഗത്തിൽ വന്നത് ഓർമയുണ്ട്….

അമ്മ… അമ്മ… അവൻ ഉറക്കെ വിളിച്ചു.. എഴുനേൽക്കാൻ ഒരു വിഫലശ്രമം നടത്തി…

അമ്മയ്ക്ക് കുഴപ്പമൊന്നുല്ല… പേടിക്കണ്ട… തൊട്ടടുത്ത റൂമിൽ തന്നെയുണ്ട്…

ഒരു നേഴ്സ് ആണ്… അവനുള്ള ഇൻജെക്ഷൻ എടുത്ത്.. ഒരു ചിരി സമ്മാനിച്ച് അവർ മുറിയിൽ നിന്നും ഇറങ്ങി…

തീർത്തും അക്ഷമനായി അവൻ അവിടെ കിടന്നു… അമ്മയ്ക്ക് എന്തുപറ്റിയിട്ടുണ്ടാവുമെന്നു ഓർക്കും തോറും ആധി കയറി….

റൂമിലേക്ക്‌ വന്ന നഴ്സിന്റെ സഹായം ചോദിച്ചു സുധി അമ്മയെ കാണാൻ നടന്നു….

അമ്മയുടെ റൂമിൽ കയറിയതും, അവിടെ അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന അഭിരാമിയെ കണ്ടു അവൻ വല്ലാതായി… സുധിയെ കണ്ടിട്ടും അവളുടെ മുഖത്തെ ചിരി മാഞ്ഞില്ല…

അമ്മയുടെ അടുത്ത് പോയിരുന്നു… കൂടുതലൊന്നും ഇല്ലെന്നു കണ്ടു അവനു സമാധാനമായി…

ഇയാളുടെ അമ്മയാണല്ലേ…

അതെ… അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

പേടിക്കാനൊന്നുമില്ല… ഭാഗ്യം കൊണ്ട് കൂടുതലായൊന്നും പറ്റിയില്ല.. പിന്നെ ഒന്ന് പേടിച്ചിട്ടുണ്ട്… അത്രേയുള്ളൂ…

അവൾ ഇറങ്ങി പോകുമ്പോൾ വിശ്വാസം വരാതെ അവൻ അവളെ തന്നെ നോക്കി നിന്നു…

മോന് അറിയോ ആ കുട്ടിയെ… അമ്മ ചോദിച്ചപ്പോൾ എന്ത് പറയാണെമെന്നറിയാതെ ഇരുന്നുപോയി…

ഞാൻ കഴിഞ്ഞ ദിവസം കാണാൻ പോയ കുട്ടിയാ അത്…

അയ്യോ ഈ മോളെയാണോ നീ വേണ്ടാന്ന് പറഞ്ഞത്..ആ കുട്ടി ഇല്ലാരുന്നേൽ നിന്നെ കാണാതെ ഞാൻ ഉരുകി തീർന്നേനെ…നല്ല സ്നേഹമുള്ള കുട്ടിയാരുന്നു… അമ്മയുടെ മുഖത്തു നിരാശ പടർന്നു…

പിന്നീടുള്ള ദിവസങ്ങളിലും അമ്മയെ സ്വന്തം അമ്മയെ പോലെയാണ് അവൾ നോക്കിയത്… അവൾ ഡ്യൂട്ടി മാറി പോകുമ്പോ, ചേച്ചി വീട്ടിൽ വന്നു നിന്ന് അളിയന്റെ വീട്ടിലേക്കു പോകുന്ന ദിവസം പോലെ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

അമ്മേ നാളെ എനിക്ക് ഡ്യൂട്ടി ഇല്ല… ഇനി മറ്റന്നാളെ വരൂ… അമ്മയ്ക്ക് ഇഷ്ടപെട്ട ഭക്ഷണം എന്താന്ന് പറഞ്ഞാൽ കൊണ്ടുവരാട്ടോ… അവൾ അമ്മയുടെ കൈയിൽ തടവിക്കൊണ്ട് പറഞ്ഞു

മോള് പെട്ടെന്നിങ്ങു വന്നാ മതി വേറൊന്നും ഇപ്പോ വേണ്ട… അമ്മയുടെ ശബ്ദം ഇടറി…

എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ആരും കാണാതിരിക്കാൻ വേണ്ടി ഞാൻ പുറത്തേക്കിറങ്ങി…

ഹലോ സാറേ… പിറകിൽ അഭിരാമിയാണ്. അതെ ഞങ്ങൾ ആണുങ്ങളെ മാത്രല്ല കേട്ടോ പെണ്ണുങ്ങളേം കുഞ്ഞുങ്ങളേം ഒക്കെ തൊടുവേം പിടിക്കുവേം ചെയ്യും…

അഭിരാമി ഞാൻ…. വാക്കുകൾ അവന്റെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു

തിരിച്ചു ഒരു മറുപടിക്ക് കാത്തുനിൽക്കാതെ ചിരിച്ചുകൊണ്ട് അവൾ നടന്നകന്നു…

കുറ്റബോധം കൊണ്ട് നെഞ്ചിലൊരു കല്ല് എടുത്തുവച്ച പോലെ തോന്നി സുധിക്ക്…

അവളെ കാണാത്ത ദിവസം മുഴുവൻ അമ്മ അവളെ കൊണ്ട് പറഞ്ഞുകൊണ്ടേയിരുന്നു… വീട് പകുത്തുനൽകാത്തതിൽ ദേഷ്യപ്പെട്ടു ഇറങ്ങി പോയ ചേച്ചി വന്നില്ലല്ലോ എന്നത് അന്നാണ് അമ്മയ്ക്ക് വലിയ സങ്കടമായി തോന്നിയത്….

പിറ്റേന്ന് അമ്മ നല്ല സന്തോഷത്തിലാണ്… അവൾ വരുന്നത് കൊണ്ടായിരിക്കും.. തന്റെ ഹൃദയവും വല്ലതെ മിടിക്കുന്നത് അവനറിഞ്ഞു… അല്പം പരുക്കനായ തനിക്കു ആദ്യമായാണ് ഇങ്ങനൊരു അനുഭവമെന്നു ഓർത്തു അവന്റെ ചുണ്ടിലൊരു ചിരി വിടർന്നു….

അവൾ അമ്മയ്ക്കും, അടുത്ത റൂമിലെ കിടക്കുന്ന ഒരു അപ്പൂപ്പനും ഇഡലിയും സാമ്പാറും ഒക്കെ കൊടുത്തു..എന്നത്തേയും പോലെ അവൾ ജോലിയിൽ കയറി..

വൈകുന്നേരം അവൾ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോ വരാന്തയിൽ കാത്തുനിന്നു ഒരു മാപ്പ് പറയാൻ … അവളെ കണ്ടതും എങ്ങനെ സംസാരിക്കാൻ തുടങ്ങും എന്നോർത്ത് നെഞ്ചു പടപടാ മിടിക്കാൻ തുടങ്ങി….

ഞാൻ…. എനിക്കൊരു കാര്യം പറയാനുണ്ട്….

എന്താ… പറഞ്ഞോളൂ… അമ്മ ഇപ്പോ ഓക്കേ ആണ് കേട്ടോ… അവൾ പറഞ്ഞു

ഞാൻ അന്ന് പെണ്ണുകാണാൻ വന്നപ്പോ അങ്ങനെ സംസാരിച്ചത് മോശമായിപോയിന്നു അറിയാം… താൻ ക്ഷമിക്കണം..

അയ്യോ ഞാനതൊക്കെ മറന്നു.. മാത്രല്ല ഈ ജോലിയുടെ പേരിൽ ആദ്യായല്ല കല്യാണം മുടങ്ങുന്നത്… അപ്പോഴും അവളുടെ മുഖത്തെ ചിരി അങ്ങനെ തന്നെയുണ്ട്…

ഞാനൊരു കാര്യം ചോദിക്കട്ടെ…

ഉം…. അവൾ ആകാംഷയോടെ എന്നെ നോക്കി

ഞാൻ ഒന്നുടെ വന്നോട്ടെ വീട്ടിലേക്കു…. അച്ഛനോട് ഒന്ന് സംസാരിക്കാൻ…

അയ്യോ എന്റെ കല്യാണം ഉറപ്പിച്ചു കേട്ടോ….ഞാൻ അമ്മയോട് പറഞ്ഞാരുന്നു… ആള് ഇവിടെ തന്നെ പീഡിയാട്രിക് ഡിപ്പാർട്മെന്റിലെ ഡോക്ടർ ആണ്…

അവന്റെ കണ്ണുകൾ നിറഞ്ഞു..ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന സങ്കടം അവൾ അറിയാതിരിക്കാൻ വേണ്ടി മുഖത്തൊരു ചിരി വരുത്തി…

പോട്ടെ, ഈ ബസ് പോയേപ്പിന്നെ അരമണിക്കൂർ കഴിയണം അടുത്തത് വരാൻ …

അവൾ നടന്നു…. നീണ്ട വരാന്തയിൽ അവൾ നടന്നകലുന്നതും നോക്കി അവൻ നിന്നു..

“നീയെന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരിക്കും ” അവന്റെ മനസ്സ് മന്ത്രിച്ചു..

(സബ്ജെക്റ്റിലും അവതരണത്തിലും പുതുമയൊന്നുമില്ല.. ഈയിടെ കേട്ട ഒരു അനുഭവം ഒന്ന് എന്റെ രീതിയിൽ എഴുതിയതാണ് )