ക്രൂരമായ പുഞ്ചിരിയോടെ അവളിലേക്ക് അടുത്തവൻ പൊടുന്നനെ ഒരു ആർത്തനാദത്തോടെ പിന്നിലേക്ക് മലർന്നു വീഴുന്നതാണ് പിന്നെ അവൾ കണ്ടത്…

ഭ്രാന്തന്റെ പെണ്ണ്

എഴുത്ത് : രേഷ്മ ശിവനിരഞ്ജന

ഏതോ ഒരു സ്വപ്നം കണ്ട് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന മീര കിതപ്പോടെ കിടക്കയിൽ എഴുന്നേറ്റിരുന്നു.

വിയർത്തൊലിച്ച മുഖം കൈകൾ കൊണ്ട് തുടച്ചു പിന്നെ തനിക്കരികിൽ ഇരുവശങ്ങളിലുമായി സുഖമായി കിടന്നുറങ്ങുന്ന സൂര്യനിലും മകൾ മീനൂട്ടിയിലും കണ്ണുകളുടക്കി.

പ്രണയത്തോടെ വാത്സല്യത്തോടെ രണ്ടുപേരെയും മാറിമാറി നോക്കി.

പിന്നെ എഴുന്നേറ്റു അടുക്കളയിലേക്കു നടന്നു.

അടുക്കളയിൽ കയറിയതേ ഒരു യുദ്ധമായിരുന്നു. രാവിലത്തേയ്ക്കുള്ള ദോശയും സാമ്പാറും റെഡിയാക്കി, ഡൈനിങ് ഹാളിലെ ടേബിളിൽ വെച്ചു. പിന്നെ ഉച്ചയ്ക്കത്തേക്കുള്ള ചോറും കറികളും.

അത് കഴിഞ്ഞപ്പോൾ വേഗം പുറത്തേക്കിറങ്ങി, ചൂലെടുത്ത് മുറ്റമെല്ലാം വൃത്തിയാക്കി. നനഞ്ഞ തുണികൾ എല്ലാം വെയിലത്ത് ഉണക്കാനിട്ടു അപ്പോഴേക്കും മീനുമോൾ എഴുന്നേറ്റു.

” അമ്മയുടെ ചുന്ദരി പെണ്ണ് എഴുന്നേറ്റോ….? വായോ ചായ കുച്ചണ്ടേ…. വാവയ്ക്ക്……? ങേ…… “

മുറ്റത്തുനിന്ന് കയറിവന്ന് മീനു മോളെ വാരിയെടുത്ത് ഉമ്മ കൊടുത്തു കൊണ്ട് അകത്തേക്ക് നടന്നു.

” അമ്മ ഇന്ന് കിണ്ടരുജോയ് വാങ്ങി വരാവോ….? “

ചായ കൊടുക്കുന്നതിനിടയിൽ തലേന്ന് കിടക്കുന്നതിനു മുൻപ് മീനൂട്ടി അമ്മയെ പറഞ്ഞേൽപ്പിച്ച കാര്യം അവൾ തന്നെ വീണ്ടും രാവിലെ ഓർമ്മപ്പെടുത്തി.

” ങും…വാങ്ങാട്ടോ…… മോള് വന്നേ…. അച്ഛക്ക് ചായ കൊടുക്കണം മരുന്ന് കൊടുക്കണം…… എന്നിട്ട് വേണം അമ്മയ്ക്ക് പോവാൻ……….”

അങ്ങനെ പറഞ്ഞ് അവൾ മീനൂട്ടിയുമായി ഹാളിലേക്ക് നടന്നു.മീനു അവളുടെ പ്രിയപ്പെട്ട റ്റെഡി ബിയറുമായി മുൻവശത്തേക്ക് ഓടി.

മീര മുറിയിലെത്തുമ്പോൾ കിടക്കയിൽ സൂര്യനെ കണ്ടില്ല. അവളുടെ ഉള്ളൊന്ന് കാളി.

ഗതകാലസ്മരണയുടെ തേരോട്ടം…….

” മോളെ അവനെ നീ മറന്നേക്ക്….. ഊരും പേരും അറിയില്ല. തലയ്ക്ക് സ്ഥിരതയില്ലാത്ത ഒരുവൻ……. ആ കാടിനുള്ളിൽ അവൻ എവിടെയാണ് അന്തിയുറങ്ങുന്നതെന്ന് പോലും അറിയില്ല……… നിനക്ക് ഒരു അബദ്ധം പറ്റി….. അത് ഞങ്ങൾ അങ്ങ് ക്ഷമിക്കുന്നു. അവനെ കളഞ്ഞിട്ട് ഞങ്ങൾക്കൊപ്പം പോരെ നിനക്ക് വേണ്ടി നല്ലൊരു രാജകുമാരനെ ഞാൻ കണ്ടെത്താം………..”

അച്ഛനും അമ്മയും അവളെ വല്ലാതെ നിർബന്ധിച്ചു.

” ഇല്ലമ്മേ ഞാൻ വരില്ല……….” അവൾ തീർത്തു പറഞ്ഞു.

”തലയ്ക്ക് സ്ഥിരതയില്ലാത്തവനെ കെട്ടി നീ നശിച്ചോ അവസാനം സ്വന്തം കൊച്ചിനെ വരെ അവൻ ഇല്ലാതാക്കും . അപ്പോഴേ നിനക്ക് ഈ അപ്പനും അമ്മയും പറഞ്ഞതിന്റെ പൊരുളെന്തെന്ന് മനസ്സിലാകു…….. ”

അമ്മയുടെ ശാപവാക്കുകൾ കാതുകളിലേക്ക് വന്നു തറഞ്ഞു നിന്നു.

ഒരിക്കൽ കാട് കയറി വന്ന തലയ്ക്ക് സ്ഥിരതയില്ലാത്ത ഒരാൾ, എങ്ങനെ അയാൾക്ക് സ്ഥിരതയില്ലാതായി എന്ന് മാത്രം അറിയില്ല. എപ്പോഴും അങ്ങനെയല്ലതാനും.

ചിലപ്പോഴൊക്കെ ആരും കാണാതെ ആരോടും മിണ്ടാതെ എവിടെയെങ്കിലും ഒറ്റയ്ക്ക് ഇരിക്കുന്നത് കാണാം. അല്ലെങ്കിൽ വെറുതെ പറമ്പിൽ ഇറങ്ങി കിളക്കും, അതുമല്ലെങ്കിൽ ഏതെങ്കിലും പാറമുകളിൽ കയറിനിന്ന് ഉറക്കെ ഉറക്കെ പാട്ടു പാടും.

ആരോടും പറയാതെ ആരോരും അറിയാതെ പോയ ഏതോ ഒരു നോവിന്റെ ഓർമപ്പെടുത്തൽ പോൽ ആ ശീലു അങ്ങ് താഴ്വാരം വരെ മുഴങ്ങി കേൾക്കാം.

എന്നിട്ടും ആ ഭ്രാന്തനെ അവൾ പ്രണയിച്ചു….

അയാൾക്ക് അവൾ പേരും ഇട്ടു….. സൂര്യൻ.

പേരുകേട്ട ഒരു വലിയ തറവാട്ടിലെ വിദ്യാസമ്പന്നയായ സുന്ദരി പെണ്ണ്………. മീര.

അയാളോട് എങ്ങനെ പ്രണയം തോന്നി എന്ന് ചോദിച്ചാൽ അതിന് അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല.

ഒരു പക്ഷേ അയാളുടെ രൂപത്തെയാവാം, അല്ലെങ്കിൽ ആയിരം കഥകൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആ മിഴികളെ ആകാം….., അതുമല്ലെങ്കിൽ അവൾ എപ്പോഴൊക്കെയോ കണ്ടിട്ടുള്ള ആ ശാന്തഭാവത്തെ ആവാം.

ഒന്നിനെയും ഉറപ്പിച്ചു പറയാൻ കഴിയുന്നില്ല. പക്ഷേ അയാളെ അവൾ പ്രണയിച്ചു.

” നിങ്ങളെ ഇഷ്ടമാണ്………. ” എന്ന് ഒരിക്കൽ അവൾ പറയുമ്പോൾ…….” ഞാൻ ഒരു ഭ്രാന്തനാണ് ……. ” എന്നായിരുന്നു അയാളുടെ മറുപടി.

വീട്ടുകാർ അവൾക്കുവേണ്ടി ഒരു രാജകുമാരനെ കണ്ടെത്തി. രാജകുമാരനെ വേണ്ടെന്നു പറഞ്ഞ് പ്രണയത്തിന് കണ്ണില്ല കാതില്ല മൂക്കില്ല എന്നൊക്കെ പറയുന്നത് സത്യമാണെന്ന് അവൾ തെളിയിച്ചു.

” അവൾക്കും ഭ്രാന്ത്‌ തന്നെ, അല്ലെങ്കിൽ ഇമ്മാതിരി പണി കാണിക്കുമോ ഭ്രാന്തന്റെയൊപ്പം എന്ത് വിശ്വസിച്ചാ അവൾ പോയത്……? അവൾക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്……… ” ആളുകൾ ചിലർ പറഞ്ഞു നടന്നു.

അതോടെ വീട്ടുകാർ കയ്യൊഴിഞ്ഞു.

ആ ഭ്രാന്തന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ച് ആ കാടിനുള്ളിലെ പാറമുകളിൽ ഇരിക്കുമ്പോൾ അയാൾ അവളോട് ചോദിച്ചു.

” നിനക്കും ഭ്രാന്താണോ പെണ്ണേ…………? “

പ്രണയത്തിന്റെ പൂത്തിരി കത്തിയ കണ്ണുകളോടെ ആ മിഴികളിൽ നോക്കി അവൾ ചോദിച്ചു.

” നിങ്ങൾക്കോ………? ” ആ നിമിഷം തന്നിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിച്ച ആ നീർമിഴികളെ മാത്രമേ അവൾ കണ്ടൊള്ളു.

പക്ഷേ അന്ന് മുതൽ ഇന്ന് വരെ ആ നെഞ്ചോരം ചേർത്തു നിർത്തിയതേയൊള്ളൂ അയാൾ അവളെ……

ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്ന അവൾ വേഗം മുറി വിട്ട് പുറത്തിറങ്ങി. ഓടി ഇറങ്ങി പിന്നിലെ കുളത്തിന്റെ പടവുകളിലെത്തുമ്പോൾ കണ്ടു.

കുളത്തിലേക്ക് നോക്കി പടവിലിരിക്കുന്ന സൂര്യൻ………!!

” സൂര്യേട്ടാ……. എന്തിനാ ഇവിടെ വന്നിരിക്കുന്നത്? ” ശാസനയോടെ അവൾ ചോദിക്കുമ്പോൾ മറുചോദ്യം തിരികെ വന്നു….

” നിനക്ക് ഭയമാണോ..? ഈ ഭ്രാന്തൻ ഈ വെള്ളത്തിന്റെ ആഴങ്ങളിലേക്ക് നിങ്ങളെ തനിച്ചാക്കി പോകുമോന്ന്….? “

” വന്നേ നിങ്ങള്….. ആവശ്യമില്ലാത്ത ഓരോന്ന് പറയാതെ………. “

അതുകേട്ട് ഞെട്ടൽ ഉണ്ടായെങ്കിലും ബലമായി ആ കൈകളിൽ പിടിച്ചെഴുന്നേൽപ്പിച്ചു.

ആഹാരവും മരുന്നും നൽകി പിന്നെ വേഗം റെഡിയായി. ടൗണിലെ സൂപ്പർമാർക്കറ്റിലാണ് മീരയ്ക്ക് ജോലി.

പോകുന്നതിനു മുൻപ് മീനൂട്ടിയെ എടുത്ത് സൂര്യനടുത്ത് എത്തിച്ചു………

” മീനുട്ടി പുറത്തേക്കൊന്നും പോവല്ലേ അച്ചേടെ അടുത്തു തന്നെ ഇരുന്നോണം…… “

” മ്മ്….. ” കുഞ്ഞ് അവളെ നോക്കി തലയാട്ടി.

” സൂര്യേട്ടാ…. നോക്കിക്കാണം നമ്മുടെ മോളെ, കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത കാലമാ…… “

അയാൾ അതിനു മറുപടി പറഞ്ഞില്ല.

എന്നാൽ മീര സമാധാനത്തോടെയാണ് പുറത്തേക്ക് പോയത്. ആ മനുഷ്യനൊപ്പം ജീവിച്ച കഴിഞ്ഞ അഞ്ചു വർഷങ്ങൾ മതി ആ ഭ്രാന്തന്റെ മനസ്സറിയാൻ.

പിന്നെ എന്നത്തെയും പോലെ വെറുതെ ഇങ്ങനെ പറയുന്നു എന്ന് മാത്രം. അത് അവളുടെ ഒരു ശീലമായിപ്പോയി…..

അന്ന് സൂപ്പർമാർക്കറ്റിൽ നിന്നും ഇറങ്ങി നടന്നപ്പോൾ തന്നെ നേരം വൈകിയിരുന്നു.

ഇനിയും അരമണിക്കൂർ കൂടി നടന്നാലേ വീട്ടിലെത്തു…….

പെട്ടെന്നാണ് പിന്നിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കാതുകളിൽ പതിഞ്ഞത്.

തിരിഞ്ഞുനോക്കുമ്പോൾ കണ്ടു തന്നെക്കാൾ ഏഴെട്ടു വയസ്സ് ഇളപ്പം വരുന്ന രണ്ട് മൂന്ന് ചെക്കന്മാർ.

മിക്കപ്പോഴും വരുന്ന വഴിയിലെ ആ ചെറിയ പെട്ടികടക്ക് മുന്നിൽ കാണാറുണ്ട്…മൂന്നിനേയും…. കോലം കാണുമ്പോൾ തന്നെ അറിയാം ഇവന്മാർ ചില്ലറക്കാരല്ലെന്ന സത്യം.

നേരിയ ഒരു ഭയം ഉള്ളിൽ ഉടലെടുത്തു.

എങ്കിലും രൂക്ഷഭാവത്തിൽ അവരെ നോക്കി.

” എന്താടാ… നീയൊക്കെ അനക്കമില്ലാതെ പിന്നാലെ..? മനുഷ്യനെ പേടിപ്പിക്കുമല്ലോ നീയൊക്കെ….? “

അവർ മൂവരും പരസ്പരം ഒന്ന് നോക്കി.

എന്നിട്ട് അവർ നടന്ന് അവൾക്കരികിൽ എത്തി. എന്തോ ഒരു പന്തികേട് അവൾക്ക് മണത്തു. കണ്ണുകൾ പിടഞ്ഞു. കഴുത്തിൽ കിടന്ന താലിയിൽ ഒന്ന് മുറുകെ പിടിച്ചു.

” പേടിപ്പിക്കാൻ ഒന്നും അല്ല ചേച്ചി വെറുതെ ഒന്ന് കാണാനാ..” ഒരുവൻ പറഞ്ഞു.

” ചേച്ചി ആ ഭ്രാന്തന്റെ കൂടെ ജീവിച്ചിട്ട് ചേച്ചിക്ക് മടുത്തില്ലെ….? ചേച്ചി ഇപ്പോഴും യങല്ലേ…….? ഞങ്ങളൊക്കെ ഉള്ളപ്പോൾ ചേച്ചി ഇങ്ങനെ സങ്കടപ്പെട്ട്………..? ” ബാക്കി പറയാതെ അവർ മൂവരും കൂടി ഉറക്കെ പൊട്ടിച്ചിരിച്ചു.

അതോടെ അവളുടെ കൈ ആ പറഞ്ഞവന്റെ കവിളിൽ ആഞ്ഞു പതിഞ്ഞു.

” ഛീ…. നിർത്തെടാ അമ്മയെയും പെങ്ങളെയും ഒന്നും നിനക്കൊക്കെ തിരിച്ചറിയാൻ കഴിയില്ലേ……? എന്റെ ഭർത്താവ് ഭ്രാന്തനാണെങ്കിൽ അത് ഞാൻ സഹിച്ചോളാം. എന്നെക്കാൾ എത്രയോ ഇളയ കുട്ടികളാ നിങ്ങൾ…? എന്നിട്ടാണ് നീയൊക്കെ എന്നോടിങ്ങനെ……? “

അവൾ ചീറുകയായിരുന്നു. എന്നാൽ മുന്നിൽ നിന്ന മൂന്ന് പയ്യന്മാരും അവൾക്ക് നേരെ പാഞ്ഞടുത്തു.

” ഞങ്ങൾക്ക് നേരെ കൈ ഉയർത്തുന്നോ നീ…… “

അങ്ങനെ ചോദിച്ചതും അവളുടെ മുടിയിൽ കുത്തി പിടിച്ചു കൊണ്ട് കവിളടക്കം പൊട്ടിച്ചു, അടിയുടെ ആഘാതത്തിൽ അവൾ നിലത്തേക്ക് വീണു പോയി.

” തീർത്തു കൊടുക്കടാ അവളുടെ അഹങ്കാരം..”

ഒരുവൻ അങ്ങനെ അലറവേ മറ്റൊരുത്തൻ അവളെ അടുത്ത കാട്ടു പൊന്തയിലേക്ക് വലിച്ചിഴച്ചു.

അപ്പോഴും അവള് താലി മുറുകെ പിടിച്ചിരുന്നു.

വലിച്ചിഴയ്ക്കുന്നതിനിടയിൽ കയ്യിൽ ബാഗും തോളിലെ ഷാളും നഷ്ടപ്പെട്ടു.

തനിക്ക് അരികിലേക്ക് നടന്നു വരുന്നവനെ കണ്ടതും നിലത്തുനിന്നും പിടഞ്ഞെഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി.

പക്ഷേ…. എഴുന്നേൽക്കാനായില്ല.

ഭയത്തോടെ വീണിടത്തുനിന്നു പിന്നിലേക്ക് നിരങ്ങി മാറി……..

ക്രൂരമായ പുഞ്ചിരിയോടെ അവളിലേക്ക് അടുത്തവൻ പൊടുന്നനെ ഒരു ആർത്തനാദത്തോടെ പിന്നിലേക്ക് മലർന്നു വീഴുന്നതാണ് പിന്നെ അവൾ കണ്ടത്.

പിടച്ചിലോടെ അവൾ മിഴികൾ തിരിച്ചു നോക്കി….

” സൂര്യേട്ടൻ…… “

എങ്ങനെയോ പിടഞ്ഞെണീറ്റ് വേച്ചു പോവുന്ന ചുവടുകളോടെ ഓടിച്ചെന്ന് ഇറുകെ പുണർന്നു.

അപ്പോഴേക്കും വീണവന്റെ ശബ്ദം കേട്ട് അവിടേക്ക് മറ്റു രണ്ടുപേരും പാഞ്ഞു വന്നു.

മുന്നിൽ നിൽക്കുന്ന സൂര്യനെ കണ്ടതും അവന്മാർ ഭയന്നു.

” എടാ ആ ഭ്രാന്തൻ….. ” അങ്ങനെ അവർ പറയുമ്പോൾ സൂര്യൻ അവളെ ഒന്നുകൂടി നെഞ്ചിലേക്ക് ചേർത്ത് നിർത്തി.

” അതേടാ…… ഭ്രാന്തനാ… ഞാൻ. ഇവൾ ഭ്രാന്തന്റെ പെണ്ണും…… ജീവൻ വേണമെങ്കിൽ പൊയ്ക്കോ……… അല്ലെങ്കിൽ ഇനിയും ഭ്രാന്തന്റെ ആനുകൂല്യം എന്നെ തേടി വരും……….”

അത് കേട്ടതും അവന്മാർ വന്ന വഴിയെ തിരിഞ്ഞോടി…….

” അമ്മേ…….. “

പിന്നിൽ നിന്നും മീനൂട്ടിയുടെ ശബ്ദം ആ നെഞ്ചിൽ നിന്നും പിടഞ്ഞുമാറി ചുറ്റും നോക്കി.

” മോള്….. മോളെവിടെ……? ” ഞെട്ടലോടെ സൂര്യന്റെ മുഖത്തേക്ക് നോക്കി.

പുഞ്ചിരിയോടെ അവൻ മുന്നോട്ടുനടന്നു.

വളർന്ന് പന്തലിച്ചു നിൽക്കുന്ന വാകമരത്തിന്റെ ചുവട്ടിൽ ഒളിച്ചു നിൽക്കുന്ന മോളെ അവൻ വാരിയെടുത്തു.

ഓടിവന്ന് മീനൂട്ടിയെ കൈകളിൽ വാങ്ങി അവൾ, ആ കുഞ്ഞു നെറ്റിയിലും കവിളിലും മാറി മാറി ചുംബിക്കവെ…… മീനൂട്ടി കുഞ്ഞിക്കൈകളാൽ അമ്മയുടെ മുഖം ചുറ്റിപ്പിടിച്ചു.

” അമ്മേ അച്ചെന്നെ ആ ചേറ്റായിമാരെ കാനാതെ എന്നെ പാത്തു നിരുത്തിതാ…. ദേ ഇഞനെ നിക്കനെന്നും പയഞ്ഞു……… ല്ലേ അച്ചേ….. “

കുഞ്ഞിക്കൈ കൊണ്ട് വായ പൊത്തി കാണിച്ചു മീനൂട്ടി….. എന്നിട്ട് ചോദ്യത്തോടെ സൂര്യന്റെ മുഖത്തേക്കും നോക്കി.

നിറമിഴികളോടെ ആ മനുഷ്യനെ നോക്കി.

ഒരായിരം കഥകൾ ഒളിപ്പിച്ചുവെച്ച ആ ഭ്രാന്തന്റെ കണ്ണുകളിലേക്ക്………

ആരോ എന്തിനോ ചാർത്തി കൊടുത്ത ആ ഭ്രാന്തന്റെ പട്ടം അങ്ങനെ തന്നെ നിന്നോട്ടെ…….

ഭ്രാന്തൻ പട്ടം ഇല്ലാതെ ഭ്രാന്തന്മാരുള്ള ഈ സമൂഹത്തിനു മുന്നിൽ ഞാനും മോളും ഈ ഭ്രാന്തന്റെ കൈകളിൽ സുരക്ഷിതമാണ്……

വീണ്ടും ആ നെഞ്ചിലേക്ക് ചേർന്ന് നിൽക്കുമ്പോൾ മെല്ലെ മന്ത്രിച്ചു…….,

” മതി…….. ഈ ഭ്രാന്തന്റെ പെണ്ണായി ജീവിതാവസാനം വരെ ജീവിച്ചാൽ മതി……….”

‘” കുഞ്ഞിക്കരിവള ചാർത്തിയൊരെന്നമ്പിളി………നിന്നെയാരോ നിന്നെയാരോ…………. ‘”

ആ ഭ്രാന്തന്റെ ചുണ്ടിൽ അപ്പോഴും ഏതോ ഒരു നനവാർന്ന ഭ്രാന്തൻ ശീലു ഉയർന്നു കേട്ടു ………. !!