ജീവിതത്തിൽ തനിക്ക് അന്യമായിരുന്നു പല സുഖ സൗകര്യങ്ങളും അവൻ വെച്ച് നീട്ടിയപ്പോൾ മനസ്സ് പതറി. നല്ല ചുരിദാർ, നല്ല ഭക്ഷണം, വണ്ടിയിൽ ഉള്ള കറക്കം ഓക്കേ….

എഴുത്ത്: നീതു നീതു

ശിവന്റെ കാലിൽ നിന്നു ഒലിച്ചിറങ്ങുന്ന ചോര കണ്ട് ശ്രീക്കുട്ടി അറപ്പോടെ മുഖം ചുളിച്ചു…കൊഴുത്ത ചോര ഒഴുകി ഇറങ്ങുന്നത് കണ്ടപ്പോൾ ശ്രീക്കുട്ടിക്ക് വല്ലാത്ത മനം പിരട്ടൽ തോന്നി….

പുറത്തെ പൈപ്പ് ചുവട്ടിൽ കാലിലെ മുറിവ് കഴുകിയപ്പോൾ ശിവന് വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു…അയാളുടെ വിയർപ്പിൽ കുതിർന്ന ഷർട്ടും മുഖം മറച്ചു വളർന്നു നിൽക്കുന്ന താടി രോമത്തിൽ കൂടി ഒലിച്ചിറങ്ങുന്ന വിയർപ്പും വെറുപ്പോടെ അവള് നോക്കി….മുറിഞ്ഞ കാൽ ഒക്കി കുത്തി അരികിലൂടെ വീടിനുള്ളിലേക്ക് അയാൽ പോയപ്പോൾ ശ്രീക്കുട്ടി കാണാത്ത ഭാവത്തിൽ ഇരുന്നു……

മുറിയുടെ ഭിത്തിയിൽ ഉള്ള അലമാരയിൽ നിന്നു പഴയ ഒരു മുണ്ട് കീറി ശിവന് മുറിവ് വെച്ച് കെട്ടി….കലത്തിൽ അവശേഷിച്ച ചോറ് കുറച്ചു വെള്ളം ഒഴിച്ച് അവൻ വാരി തിന്നു…..പഴയ ഒരു പായ വലിച്ചെടുത്ത് അതിൽ കീറിയ ബാക്കി മുണ്ട് വിരിച്ചു ഉമ്മറത്ത് കിടന്നു….ശ്രീക്കുട്ടി അകത്തു കയറി വാതിൽ അടച്ചു കൊണ്ടു ചുമർ ചാരി ഇരുന്നു….എത്ര വേണ്ടന്നു വെച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി….ഒരു മാസത്തിനു മുന്നേ ഇതേ ദിവസം ഒറ്റ മുറിയും അടുക്കളയും മാത്രം ഉള്ള ഈ വീട്ടിലേക്ക് ശിവന്റെ കൂടെ വരാൻ ഉണ്ടായ സാഹചര്യം അവള് ഓർത്തു….

********************************

അശോകൻ സാറിന്റെ വിരസമായ അക്കൗണ്ട് ക്ലാസ്സിൽ ഇരിക്കുമ്പോൾ ആണ് ശ്രീകുട്ടിയെ കൊണ്ട് പോകാൻ വീട്ടിൽ നിന്നും ആളു വന്നിട്ടുണ്ട് എന്ന് പ്യുണ് വന്നു പറഞ്ഞത്…..തിടുക്കത്തിൽ പുസ്തകം വാരിക്കെട്ടി ഓഫീസിൽ ചെല്ലുമ്പോൾ കാത്തിരുന്നത് ശിവന് ആയിരുന്നു….കാര്യം പറയാതെ കൂടെ വരാൻ കൽപ്പിച്ചപ്പോൾ ദേഷ്യമാണ് തോന്നിയത്….വീട്ടിൽ ചെന്നപ്പോൾ കണ്ടത് വലിയൊരു ആൾക്കൂട്ടവും പോലീസും………വെള്ള പുതച്ച രണ്ടു ശരീരങ്ങൾ ഉമ്മറത്ത്…

…..ഒന്നേ നോക്കിയുള്ളൂ……നില തെറ്റി പുറകിൽ വന്നു നിന്ന ശിവന്റെ ദേഹത്തേക്ക് തന്നെ മറിഞ്ഞ് വീണു….അച്ഛനും അമ്മയും ഒരു കുപ്പി വിഷത്തിന്റെ ഔദാര്യത്തിൽ ജപ്തി വന്നു നിന്ന വീട്ടിൽ നിന്ന് രക്ഷപെട്ട്…..

ഒറ്റ ദിവസം കൊണ്ട് ഒറ്റപ്പെട്ടു പോയ ക്രൂരമായ അവസ്ഥ….രാത്രിയില് അടങ്ങിയ തേങ്ങലുകൾ നിന്നപ്പോൾ കേട്ടത് എന്നെ എന്ത് ചെയ്യണം എന്നുള്ള നാട്ടുകാരുടെ ആവലാതി ആയിരുന്നു…..

” ഞാൻ കൊണ്ട് പോക്കോളം അവളെ…എന്റെ വീട്ടിലേക്ക്”

ശിവന്റെ വാക്കുകൾ ഞെട്ടലോടെ ആണ് കേട്ടത്….എതിർത്തു പറയാനോ കൂടെ കൊണ്ടു പോകാനോ ആരും തന്നെ ഉണ്ടായിരുന്നില്ല…..മനസ്സിൽ ആരാധിച്ചു പൂജിച്ച് വച്ചിരുന്ന ഒരു മുഖം ആ ആൾകൂട്ടത്തിൽ കണ്ടതും ഇല്ല….കയ്യിൽ കൊള്ളാവുന്ന സാധനങ്ങളും എടുത്തു മൂന്നാം പക്കം ശിവന്റെ കൂടെ വീടും പൂട്ടി ഇറങ്ങുമ്പോൾ കാത്തിരുന്ന ആൾ അധികം വൈകാതെ വന്നു കൈപിടിക്കും എന്നുതന്നെ ആയിരുന്നു പ്രതീക്ഷ…..

ദിവസങ്ങളും ആഴചകളും കടന്നു പോയി എന്നല്ലാതെ അവൻ മാത്രം വന്നില്ല….പ്രതീക്ഷകൾ അസ്ഥമിച്ചിരിക്കുന്നൂ….കണ്ണ് നീർ വറ്റിയ കണ്ണുകളും അടച്ചു പിടിച്ചു ശ്രീക്കുട്ടി ആ പായയിൽ ചുരുണ്ട് കൂടി…

*****************************

സൂര്യ വെളിച്ചം കണ്ണിൽ വന്നു കുത്തിയപ്പോൾ ആണ് ശ്രീക്കുട്ടി കണ്ണുകൾ തുറന്നത്…ഉറങ്ങുന്നതും ഉണരുന്നതും ഒന്നും ഇപ്പൊൾ തന്റെ നിയന്ത്രണത്തിൽ അല്ല…കരഞ്ഞു തളരുമ്പോൾ ഉറങ്ങിപ്പോകും….എപ്പോഴൊക്കെയോ എഴുന്നേൽക്കും……..

മുടി വാരിക്കെട്ടി പായ ചുരുട്ടി എടുത്ത് ഒതുക്കി വച്ച് ഉമ്മറത്തേക്ക് ഇറങ്ങി….ശിവന് എപ്പോളോ എണീറ്റ് പോയിരിക്കുന്നു….തന്നെ ഇവിടെ കൊണ്ട് വന്നതിനു ശേഷം അവന്റെ കിടപ്പ് ഇവിടെ ആണ്….ഒരു നോട്ടം കൊണ്ട് പോലും പരിഗണിക്കാതെ ഇറുന്നിട്ടും അയാള് തന്നെ സംരക്ഷിക്കുന്നത് എന്തിനാണ് എന്ന് അവൾക്ക് മനസ്സിലായില്ല…ചിലപ്പോൾ അച്ഛനോട് ഉള്ള കടപ്പാടിന്റെ പുറത്ത് ആകും. അല്ലെങ്കിൽ എന്റെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങി ഉണ്ട ചോറിന്റെ നന്ദി….

ഒന്നര കൊല്ലം മുന്നേ രാത്രി ഓട്ടം കഴിഞ്ഞു വന്ന അച്ഛന്റെ കൂടെ ഓട്ടോയിൽ അയാൽ വന്നു ഇറങ്ങിയത് ശ്രീക്കുട്ടി ഓർത്തു….മുഷിഞ്ഞു നാറിയ ഷർട്ടും മുണ്ടും ഉടുത്ത്….താടിയും മുടിയും നീട്ടി ഒരു വികൃത രൂപം….കണ്ട മാത്രയിൽ തന്നെ അറപ്പാണ് തോന്നിയത്….അച്ഛൻ അയാളെ വിളിച്ച് ചോറ് കൊടുത്തു….കിടക്കാൻ സ്ഥലം കൊടുത്തു…പിറ്റേന്ന് യൂണിയനിൽ ചേർത്ത് ഒരു ചുമട്ടു തൊഴിലാളി ആക്കി. താമസിക്കാൻ വാടകയ്ക്ക് വീടും ഏർപ്പാടാക്കി കൊടുത്തു….

പിന്നെ അവൻ വീട്ടിലെ ഒരു നിത്യ സന്നർശകൻ ആയിരുന്നു…അമ്മക്ക് അയാളോട് പ്രത്യേക വാത്സല്യവും….എത്രയോ വട്ടം അവനെ ചൊല്ലി താനും അച്ഛനും കലഹിച്ചിരിക്കുന്നൂ…..

“അച്ഛന് വേറെ പണി ഒന്നും ഇല്ലേ ഇങ്ങനെ വലിഞ്ഞു കേറി വന്നവനെ ഒക്കെ വീട്ടിൽ വലിച്ചു കേറ്റി നടക്കാൻ…? ഇവനൊക്കെ എന്താ എവിടുന്നാ എന്നൊക്കെ അറിയുമോ…? ചുമ്മാ നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ…”

“എടീ…നാട്ടുകാർ എന്ത് വേണേലും പറഞ്ഞോട്ടെ …അവൻ നല്ലവന….എനിക്ക് വിശ്വാസം ആണ് അവനെ….അച്ഛനും അമ്മയും ഇല്ലാതെ വളർന്നതിന്റെ ഒരു മൊരാട് സ്വഭാവം ഉണ്ട് എന്നെ ഒള്ളു….അവന്റെ മനസ്സ് നല്ലതാടി മോളെ…”

എനിക്ക് എന്തോ വെറുപ്പായിരുന്നു അവനോടു….അറപ്പോടെയും വെറുപ്പോടെ യും മാത്രേ അയാളെ നോക്കിയിട്ട് ഒള്ളു…. അയ്യാൾ വീട്ടിൽ ഉള്ളപ്പോൾ ഒക്കെ മുറി അടച്ചു അകതിരിക്കും….അത് മനസ്സിലായി എന്തോ ഞാന് ഉള്ളപ്പോൾ വന്നാൽ അകത്തു കയറാതെ പോകുമായിരുന്നു ..പകൽ ചുമട്ടു കഴിഞ്ഞാൽ അയ്യാൾ രാത്രി അച്ഛന്റെ ഓട്ടോ കൊണ്ട് പോകും ഓടിക്കാൻ… ആ കാശു നിർബന്ധിച്ച് അച്ഛനെ ഏൽപ്പിക്കും….അമ്മക്കും അച്ഛനും അവനോടു ഉള്ള വാത്സല്യം എന്റെ മനസ്സിൽ അയാളോട് ഉള്ള വെറുപ്പ് കൂട്ടി…

ശിവൻ വന്നു കയ്യിലെ പ്ലാസ്റ്റിക് കവർ തിന്നയിലേക്കു വെച്ചപ്പോൾ ആണ് ശ്രീക്കുട്ടി ചിന്തകളിൽ നിന്ന് ഉണർന്നത്…..ഒരു കവർ നിറയെ പച്ചക്കറി ….അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി…..അവള് അതും എടുത്ത് അടുക്കളയിലേക്ക് കയറി….

അടുപ്പത്ത് അരി തിളക്കുന്നു..താൻ എണീക്കാൻ വൈകുന ദിവസങ്ങളിൽ ഇത് പതിവാണ്…ശിവൻ തന്നെ അരിയും കറിയും വയ്ക്കും…..ഒരു തവി എടുത്ത് ചോറിന്റെ വേവ് നോക്കാൻ അവള് അടുത്തേക്ക് ചെന്നു ..അരി തിളച്ച മണം മുക്കിൽ അടിച്ചപ്പോൾ ശ്രീക്കുട്ടി ക്ക് വല്ലാത്ത മനം പിരട്ട് തോന്നി….പിറകിലെ പ്ലാവിന്റെ ചുവട്ടിൽ പോയി കുറെ മഞ്ഞ നിറത്തിലുള്ള ദ്രാവകം ശർധിച്ച്……തിരിഞ്ഞു നടന്നു പടി കയറിയപ്പോൾ കണ്ണിൽ ഇരുട്ടു നിറഞ്ഞു പുറകിലേക്ക് അലച്ച് വീണിരുന്നു….

കണ്ണ് തുറന്നപ്പോൾ അടുത്ത് ദേവകി ചേച്ചി ഇരിപ്പുണ്ട്…അപ്പുറത്തെ വീട്ടിലെ…മുറിക്ക് അകത്ത് പായയിൽ ആണ് താൻ കിടക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി….ദേവകി ചേച്ചി തലയിലും മുഖത്തും ഒക്കെ തലോടി ഇരുന്നു ചിരിക്കുനുണ്ടെ….കണ്ണ് തുറന്നപ്പോൾ കുറെ കഞ്ഞി വെള്ളം കുടിക്കാൻ തന്നു. വല്ലാത്ത പരവേശം ആയിരുന്നു….മുഴുവൻ ഒറ്റ വലിക്കു കുടിച്ചു തീർത്തു …

“ഇനി ഇങ്ങനെ തിടുക്കത്തിൽ ഒന്നും നടക്കരുത് കേട്ടോ കുട്ടിയെ, സൂക്ഷിക്കണം….മേല് അനങ്ങാതെ നോക്കണം കേട്ടോ….”

ചേച്ചി പറഞ്ഞത് ഒന്നും മനസ്സിലായില്ല …എന്നെ നോക്കി ചിരിച്ചു ചേച്ചി പുറത്തേക്ക് ഇറങ്ങി….വാതിൽക്കൽ നിന്നിരുന്ന ശിവനെ നോക്കി ചേച്ചി പറഞ്ഞു

“മാസം ഒന്ന് കഴിഞ്ഞപ്പോൾ തന്നെ പണി പറ്റിച്ചു അല്ലേ ചെക്കാ….നീ ഇച്ചിരി വൃത്തിക്കും വെടുപ്പിനും ഒക്കെ നടക്കണം ഇനി മുതൽ…അവളെ കൊണ്ട് പണി ഒന്ന് ചെയ്യിക്കണ്ട…..രാത്രി ഉള്ള അലച്ചിൽ നിർത്തിക്കോ…..വയറ്റിലുള്ള കൊച്ചിനെ ഒറ്റക്ക് ഇരുത്തി എങ്ങും പോകണ്ടാ..”

ദേവകി ചേച്ചിയുടെ അവസാന വാക്കുകൾ ഇടിത്തീ പോലെ ആണ് ശ്രീകിട്ടിയുടെ കാതുകളിൽ പതിച്ചത്….. “വയറ്റിലുളള കൊച്ചു”……അറിയാതെ അവളുടെ കൈകൾ വയറ്റിൽ അമർന്നു…..

ദേവകിയുടെ വാക്കുകൾ കേട്ടിട്ട് ശിവന്റെ മുഖത്ത് ഒരു നിസംഗത ആയിരുന്നു….പ്രതീക്ഷിച്ച എന്തോ കേട്ട പോലെ…..അവൻ അവളെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി പോയി..

ഏറെ നേരം കഴിഞ്ഞാണ് ശ്രീക്കുട്ടി കണ്ണുകൾ തുറന്നത്…..നേരം ഉച്ച ആയിരിക്കുന്നു…..കരഞ്ഞു കണ്ണ് നീർ വറ്റി കണ്ണുകൾക്ക് വല്ലാത്ത വരൾച്ച തോന്നി….അപ്പോൽ തൊട്ട് കിടക്കുന്നത് ആണ് ആ പായയിൽ….കരഞ്ഞു തളർന്നു എപ്പോളോ ഉറങ്ങിപ്പോയി….കൈകൾ വയറ്റിന് മേലെ വെച്ച് ആ ചെങ്കൽ ഭിത്തിയിൽ അവള് ചാരി ഇരുന്നു…

*************************

വരുമാനം തീരെ കുറവായിട്ടും അച്ഛൻ ഡിഗ്രീ കഴിഞ്ഞു തന്നെ പിജി ക്ക് വിട്ടു. അൽപം അകലെ ഉള്ള കോളജിൽ…..ഹോസ്റ്റലിൽ നിന്നുള്ള പഠനം …ആഴ്ചയിൽ ഒരിക്കൽ ഉള്ള വീട്ടിൽ വരവും പോക്കും….പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന തന്റെ ചിന്തകളിൽ പിന്നെ ജീവനും കൂടി വരാൻ തുടങ്ങി….ആദ്യം ഒക്കെ അവൻ പിറകെ നടക്കുന്നത് ശല്യം ആയി തോന്നിയെങ്കിലും പിന്നീട് അത് പ്രണയം ആയി മാറി…..ജീവിതത്തിൽ തനിക്ക് അന്യമായിരുന്നു പല സുഖ സൗകര്യങ്ങളും അവൻ വെച്ച് നീട്ടിയപ്പോൾ മനസ്സ് പതറി….നല്ല ചുരിദാർ…നല്ല ഭക്ഷണം….വണ്ടിയിൽ ഉള്ള കറക്കം ഓക്കേ….നല്ല ബിരിയാണി തിന്നാൻ വേണ്ടി മാത്രം പലപ്പോളും ക്ലാസുകൾ കട്ട് ചെയ്തു താൻ അവന്റെ കൂടെ പോയിരിക്കുന്നു….അച്ഛനേം അമ്മയെയും മറന്നു…അവരുടെ കഷ്ട്ട്‌പ്പടുകൾ മറന്നു…..വീട്ടിലേക്കുള്ള പോക്ക് തീരെ കുറഞ്ഞു….അച്ഛനോടും അമ്മയോടും നിരവധി നുണകൾ പറഞ്ഞു കൂട്ടി…..

അന്ന് അവസാനം ആയി പിരിയുമ്പോൾ തന്റെ ശരീരം കൂടി അവനു സമർപ്പിച്ചിരുന്നു…അച്ന്റെയും അമ്മയുടെയും ശരീരത്തിന് മുന്നിൽ കരഞ്ഞു ഇരുന്നപ്പോൾ പോലും അവന്റെ മുഖം ആണ്
തിരഞ്ഞത്….കണ്ടില്ല….

എന്നെങ്കിലും എന്നെ കൂട്ടാൻ വരുമെന്ന പ്രതീക്ഷകൾ മുഴുവൻ കെട്ടുപോയ ഈ നിമിഷത്തിൽ അവന്റെ അംശം വയറിൽ ഉണ്ടെന്ന ചിന്ത അവളെ ഭ്രാന്ത് പിടിപ്പിച്ചു….അലമാര തപ്പി അവള് അമ്മയുടെ ഒരു പഴയ സാരി എടുത്തു… ആ വീട്ടിൽ ആകെ ഉണ്ടായിരുന്ന ഇരുമ്പിന്റെ മേശ വലിച്ചെടുത്ത് അതിൽ കയറി അവള് കുരുക്ക് മുകളിൽ കെട്ടി….കഴുത്തിലെ കേട്ട് മുറുകി ശ്വാസം കിട്ടാൻ വേണ്ടി പിടയുമ്പോൾ ആണ് വാതിൽ തുറന്നു ശിവൻ കയറി വന്നത്….ഒറ്റ ചവിട്ടിന് മേശ മറിച്ച് ശിവൻ അവളുടെ കാലിൽ പിടിച്ചു പൊക്കി…..

കഴുത്തിൽ ആരോ തിരുമ്മുന്നത് പോലെ തോന്നിയപ്പോൾ ആണ് ശ്രീക്കുട്ടി കണ്ണ് തുറന്നത്…..ശിവന്റെ മടിയിൽ തല വെച്ച് ആണ് കിടക്കുന്നത്….അവൻ കഴുത്തിൽ തിരുമ്മുന്നുണ്ട്…..വല്ലാത്ത ഒരു പരിഭ്രമം അവന്റെ മുഖത്ത് കാണാം….. ശ്രീക്കുട്ടിക്ക് വല്ലാത്ത നിരാശയും അതിൽ ഉപരി ശിവനോട് ഭയങ്കര ദേഷ്യവും തോന്നി….അവന്റെ കൈ തട്ടി മാറി അവള് ചാടി എഴുന്നേറ്റു….വെച്ചു വീഴാൻ പോയ അവളെ അവൻ താങ്ങി പിടിച്ചു…അവൾക്ക് പിന്നേം ദേഷ്യം ഇരച്ച് വന്നു…ശക്തിയിൽ അവനെ തള്ളി നീക്കി അവള് അവനു നേരെ ചീറി..

“ഛി…തൊട്ട് പോകരുത് എന്നെ…നിനക്ക് ഇനിയും എന്താടാ വേണ്ടത്…?? എന്റെ ശരീരമോ….?? ഗർഭിണി അണെന്നു അറിഞ്ഞാലും എന്നെ വെറുതെ വിടില്ല നീ അല്ലേ….ചാവാൻ പോലും എന്നെ നീ വിടില്ലെട ദുഷ്ട….. “

അവള് വായിൽ വന്നത് ഒക്കേം അവനു നേരെ വിളിച്ച് പറഞ്ഞു…ആളുടെ പെട്ടെന്നുള്ള ഭാവ മാറ്റം കണ്ട് ശിവൻ തറഞ്ഞു നിന്നു..

“മറ്റൊരുത്തന്റെ കൂടെ കിടന്നവള ഞാൻ …ആ എന്നെ തന്നെ വേണോ നിനക്ക്…?അൽപം എങ്കിലും നാണം ഉണ്ടോ നിനക്ക്..നീ ഒരു ആണ് ആണോ…???””

കവിൾ അടച്ചു ഒരു അടി ആണ് അവൾക്ക് മറുപടി ആയി കിട്ടിയത്….പിടിത്തം കിട്ടാതെ മേശയുടെ കാൽ ചുവട്ടിൽ അവള് ചെരിഞ്ഞു വീണു…ഏതാനും നിമിഷങ്ങൾക്ക് ശേഷം ബോധം വന്നപ്പോൾ വിറഞ്ഞു തുള്ളി നിൽക്കുന്ന ശിവനെ ആണ് അവള് കണ്ടത്

“ഭാ….നിർത്തടി പുല്ലേ നിന്റെ പ്രസംഗം…കുറെ നേരം ആയല്ലോ ചിലക്കുന്നൂ….എന്താടി നിനക്ക് അറിയേണ്ടത്…എന്റെ ആണത്തം ആണോ…??..ഒരുത്തന്റെ ആണത്തം അറിയാൻ പോയിട്ട് കിട്ടിയത് അല്ലേ നിന്റെ വയറ്റിൽ കിടക്കുന്നത്….അവനാണോ നീ പറഞ്ഞ ആണ്…??””

ശിവന്റെ വാക്കുകൾ കേട്ട് ശ്രീക്കുട്ടി തറഞ്ഞു ഇരുന്നു പോയി…അവന്റെ ദേഷ്യം കണ്ട് അവള് ഒന്ന് കൂടി പുറകോട്ടു നിരങ്ങി നീങ്ങി..

“പൊന്നു മോളു ഒന്നും കൂടി അറിഞ്ഞോ..പഠിക്കാൻ വിട്ട മോളുടെ ലീല വിലാസം അറിഞ്ഞിട്ടു ആണ് ആ പാവം അച്ഛനും അമ്മയും ഈ ലോകം വിട്ടു പോയത്….കടം വാങ്ങിയും പട്ടിണി കിടന്നും മോളെ പഠിക്കാൻ വിട്ടപ്പോൾ അതുങ്ങൾ ഓർത്തില്ല നിന്നെ പോലെ ഉള്ളവർക്ക് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറും എന്ന്….നിന്നെ ഇവിടെ കൊണ്ട് വന്നു പിറ്റേന്ന് ഞാൻ പോയിരുന്നു നിന്റെ മറ്റവനെ കാണാൻ…അവൻ നിന്നെ മതിയാക്കി അപ്പോളേക്കും നാടു കടന്നിരുന്നു….പിന്നെ നീ ചോദിച്ചാലോ നിന്റെ ശരീരം വേണോ എന്ന്…വേണ്ടാടീ…നിന്നെ പോലുള്ളവലുടെ കൂടെ കിടക്കാൻ എനിക്ക് അറക്കുഡീ….”

ഒരു നിമിഷം ഭൂമി പിളർന്ന് താഴേക്ക് പോകാൻ അവള് ആഗ്രഹിച്ചു….താൻ വെറുപ്പോടെ നോക്കിയിരുന്ന ശിവന്റെ മുന്നിൽ ഇല്ലാതായ പോലെ അവൾക്ക് തോന്നി…അവളെ ഒന്ന് ഇരുത്തി നോക്കി അവൻ വാതിൽ വലിച്ചു അടച്ചു പുറത്തേക്ക് പോയി…

ഒരുപാട് ഇരുട്ടി ആണ് ശിവൻ പിന്നെ തിരിച്ചു വന്നത്….വാതിൽ തുറന്നു ലൈറ്റ് തെളിച്ചു നോക്കിയപ്പോൾ ശ്രീക്കുട്ടി ആ മേശ കാലിന് താഴെ തന്നെ കിടപ്പുണ്ട്….അവനു വല്ലാത്ത വേദന തോന്നി….രാഘവെട്ടൻ ഒരു രാജകുമാരിയെ പോലെ വളർത്തിയ അവളുടെ ഇപ്പോളത്തെ അവസ്ഥ അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു….ഒരു കൊച്ചു കുഞ്ഞിനെ പോലെ വാടി തളർന്നു കിടക്കുന്ന അവളെ അവൻ കോരി എടുത്ത് പായയിൽ കിടത്തി പുതപ്പിച്ചു….ചുരുട്ടി വെച്ചിരുന്ന അവന്റെ കീറ പായ അടുത്ത് കൊണ്ട് വന്നു വിരിച്ചു അവനും കിടന്നു…

രാവിലെ ശ്രീക്കുട്ടി എഴുന്നേറ്റപ്പോൾ വല്ലാത്ത പരവേശം തോന്നി…..എങ്ങിനെ ഒക്കെയോ അവള് ആ പായയിൽ എഴുന്നേറ്റു ഇരുന്നു….കയ്യിൽ ആവി പറക്കുന്ന കഞ്ഞി വെള്ളവും ആയി ശിവൻ അങ്ങോട്ടേക്ക് വന്നു…അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ തന്നെ ജാള്യത തോന്നി…..ഇന്നലെ കണ്ട പോലെ അല്ല അവൻ എന്ന് അവൾക്ക് മനസ്സിലായി…ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ട്…കുളിച്ചു വൃത്തിയായി അലക്കിയ ഒരു മുണ്ടും ഷർട്ടും ഇട്ടിരിക്കുന്നു….അവന്റെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങാൻ അവള് മടിച്ചു നിന്നു….അത് മനസ്സിലാക്കി അവൻ അത് താഴെ വെച്ചിട്ട് പോയി…

“ചോറും കറിയും എടുത്ത് മേശപ്പുറത്ത് വച്ചിട്ടുണ്ട്…കഴിക്കണം…ഉച്ചക്ക് ഞാൻ വരാം…ആശുപത്രിയിൽ പോകാൻ റെഡി ആയി നൽകണം….പിന്നെ .
എന്തേലും ബുദ്ധി മോശം കാണിക്കാൻ തോന്നിയാൽ പറ്റിയ സ്ഥലത്ത് ഞാൻ കൊണ്ട് വിടാം…വെറുതെ ഇവിടെ കിടന്നു ചത്തു ബാക്കി ഉള്ളവന്റെ ജീവിതം കൂടി നശിപ്പിക്കരുത്””

അവൻ പറയുന്നത് കേട്ടു നിന്നത് അല്ലാതെ അവള് തല ഉയർത്തി പോലും നോക്കിയില്ല ….വല്ലാത്ത ഒരു മരവിപ്പ് അവളെ ബാധിച്ചിരുന്നു…

***********************

“ഈ കുട്ടിയുടെ ശരീരം വളരെ വീക് ആണ്..നല്ല പോലെ ആഹാരം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം…3 മാസം ആകുമ്പോൾ നമുക്ക് സ്കാൻ ചെയ്യാം”…ഒരു പുഞ്ചിരിയോടെ ഡോക്ടർ പറഞ്ഞു നിർത്തി.

“ഞാൻ തരുന്ന വൈറ്റമിൻ ഗുളികകൾ മുടങ്ങാതെ കഴിക്കണം കേട്ടോ”

ഡോക്ടർക്ക് വിളറിയ ഒരു ചിരി നൽകി അവള് ശിവനോട് ഒപ്പം പുറത്തേക്ക് ഇറങ്ങി. തിരികെ ഓട്ടോയിൽ പോരുമ്പോൾ അവൻ കടയിൽ നിന്നു എന്തൊക്കെയോ എന്നോട് വാങ്ങി.…കുറെ പഴങ്ങളും ഒന്ന് രണ്ടു ജോഡി വസ്ത്രങ്ങളും ഒക്കെ….അതൊക്കെ കാണുമ്പോൾ ശ്രീക്കുട്ടി ക്ക് വല്ലാത്ത കുറ്റബോധം തോന്നി….ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഈ വിഴുപ്പു ചുമപ്പിക്കുന്നതിൽ അവൾക്ക് വല്ലാത്ത വേദന തോന്നി….

തിരികെ വീട്ടിൽ എത്തി അകത്തേക്ക് നടന്ന ശിവനെ അവള് പിടിച്ചു നിർത്തി..

“എന്തിനാണ് നിങ്ങള് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്…?? അതിനുള്ള അർഹത എനിക്കില്ല….വെറുപ്പോടെ അല്ലാതെ നിങ്ങള് ഞാൻ നോക്കിയിട്ടുണ്ടോ…?? ശാപം പിടിച്ച ജൻമം ആണ് എന്റെ….അച്ഛനോടും അമ്മയോടും ഉള്ള കടപ്പാടിന്റെ പുറത്ത് ഈ പാപം ചുമക്കാൻ ഞാൻ നിങ്ങളെ അനുവദിക്കില്ല….ഒന്ന് കൊന്നു തരുമോ എന്നെ…??” അവള് പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ കാലിലേക്ക് ഊർന്നു വീണു…

ശിവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി…കാലിൽ വീണു കിടക്കുന്ന അവളെ അവൻ പിടിച്ചു എഴുന്നേൽപ്പിച്ചു….

“നീ വെറുപ്പോടെ നോക്കിയപ്പോൾ ഒക്കെ ഞാൻ നിന്നെ സ്നേഹത്തോടെ അയിരുന്നെടി നോക്കിയത്….അർഹത ഇല്ലെന്ന് അറിഞ്ഞിട്ടും ആശിച്ചു പോയി….ആ അച്ഛന്റെയും അമ്മയുടെയും സ്നേഹം ആയിരുന്നു നിന്നെക്കാൾ ഏറെ എന്നെ മോഹിപ്പിച്ചത്….നിനക്ക് അറിയുമോ സ്വബോധ്തോടെ ഒരിക്കലും ഞാൻ ഈ വീട്ടിൽ ഉറങ്ങിയിട്ടില്ല … വൈകിട്ട് വീട്ടിലേക്ക് കയറുമ്പോൾ അനുഭവപ്പെടുന്ന ശൂന്യത ഉണ്ടല്ലോ…സഹിക്കാൻ പറ്റില്ല…..ആരും കാത്തിരിക്കാൻ ഇല്ല….വൈകി വന്നാൽ ശകാരിക്കാൻ ആളില്ല…..അത് കൊണ്ട് ബോധം മറയുവോളം കുടിക്കും….നിന്റെ അ വീട്ടിൽ വരുമ്പോൾ ആണ് ജീവിക്കാൻ തോന്നുന്നത്….രാഘവെട്ടന്റെയും സീതമ്മയുടെയും സ്നേഹം…അതാണ് എന്നെ മാറിയത്…..അതിനിടയിൽ എപ്പോളോ നീ മനസ്സിൽ കയറി….വെറുപ്പ് ആണെന്ന് അറിഞ്ഞിട്ടും മാറി നിന്നു സ്നേഹിച്ചു. നീയും ജീവനും ആയി ബന്ധം ഉണ്ടെന്ന് അറിഞ്ഞു എന്നെ ആണ് രാഘവേട്ടൻ അന്വേഷിക്കാൻ ഏൽപിച്ചത്…..അതൊരു വഴി വിട്ട ബന്ധം ആണെന്ന് അറിഞ്ഞപ്പോൾ തകർന്നു പോയി ആ മനുഷ്യൻ….പക്ഷേ അവർ ഇങ്ങനെ ഒരു കടും കൈ ചെയ്യും എന്ന് ഞാൻ കരുതിയില്ല…അല്ലെങ്കിൽ ഞാൻ രേക്ഷിച്ചെനെ…..ഞാൻ കൊണ്ട് പൊന്നെനെ അവരെ….”

ശിവന്റെ വാക്കുകൾ ഓരോന്നും ശ്രീക്കുട്ടി ക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു…നിറഞ്ഞ കണ്ണുകളോടെ അവള് അവനെ ആദ്യമായി കാണും പോലെ നോക്കി..

“നീ വന്നതിനു ശേഷമാണ് ഇതൊരു വീടായി എനിക്ക് തോന്നിയത്…വെറുപ്പോടെ ആണെങ്കിലും വരുമ്പോൾ നിന്റെ മുഖം കാണാൻ പറ്റും അല്ലോ…പുറത്ത് ആണെങ്കിലും ഒരു ചുമരിന് അപ്പുറം നീ ഉണ്ട് എന്ന തോന്നൽ മതി എനിക്ക് ജീവിക്കാൻ..അത് നീ വിചാരിക്കും പോലെ നിന്റെ ശരീരത്തിന് വേണ്ടി ഉള്ള ആഗ്രഹം അല്ല….ആരൊക്കെയോ ഉണ്ട് എനിക്ക് എന്ന തോന്നൽ….അത് നിനക്ക് പറഞ്ഞാല് മനസ്സിലാകില്ല…..ഒരു കാര്യം ഉറപ്പ് തരാം…നീ എന്നെ സ്നേഹിച്ചാളും ഇല്ലെങ്കിലും നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഞാൻ എന്റെ കുഞ്ഞായി തന്നെ വളർത്തും. അതിനെ എങ്കിലും എന്നിൽ നിന്ന് നീ അകത്തരുത്….”

മറുപടി ഇല്ലാതെ അവള് നിന്നു കരഞ്ഞു….കണ്ണ് നീരിന് ഇടയിലൂടെ നേർത്ത ഒരു പുഞ്ചിരി കൂടി കടന്നു വന്നു…

**************************

രണ്ടു വർഷങ്ങൾ കഴിഞ്ഞു….

രാത്രിയിൽ അത്താഴം വിളമ്പി വച്ചു ആരെയോ കാതിരിക്കുവാണ് അവളും അവളുടെ കുഞ്ഞി കുറുമ്പൻ ചെക്കനും….മുറ്റത്ത് ഓട്ടോയുടെ ശബ്ദം കേട്ടപ്പോൾ അവൻ ഉമ്മറത്തേക്ക് തുള്ളിച്ചാടി ഓടിപ്പോയി…അവളും അവന്റെ പുറകെ പോയി വാതിൽക്കൽ ചെന്ന് നിന്നു….

ഓട്ടോയിൽ നിന്നും ഒരു കുഞ്ഞു പൊതി എടുത്ത് ശിവൻ കുറുമ്പൻ ചെക്കന് കൊടുത്തു…അവൻ ചാടി ശിവന്റെ തോളത്തു കയറി അവനെ കെട്ടിപിടിച്ചു കവിളിൽ അമർത്തി കടിച്ചു..

“സ്‌സ്സ്‌….അച്ചക്ക് വേദനിക്കുന്നെടാ….നീ ഉറങ്ങില്ലയിരുന്നോ….??”

മറുപടി പറയാതെ ആവൻ അവന്റെ കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ചു….

അവനെയും എടുത്ത് ഉമ്മറത്തേക്ക് കയറിയ ശിവന്റെ നോട്ടം വാതിൽ ചാരി നിന്ന ശ്രീക്കുട്ടി ക്ക് നേരെ നീണ്ടു….കുഞ്ഞിനെ താഴെ ഇറക്കി അവൻ അവളെ ചേർത്ത് പിടിച്ചു…അവളുടെ വീർത്തു തുടുത്ത വയറിൽ മെല്ലെ തലോടി…അവള് പതുക്കെ ഉയർന്നു അവന്റെ കവിളിൽ അമർത്തി കടിച്ചു…ശിവൻ ഒന്ന് പുളഞ്ഞു പോയി….താഴെ ആ കുഞ്ഞു കുറുമ്പൻ കൈ കൊട്ടി ആർത്തു ചിരിച്ചു…