നിനവ് ~ പാർട്ട് 08 ~ എഴുത്ത്: NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അരുണേട്ടനെ കാണാനായി വഴി കണ്ണുമായി നിന്നു.മാസമൊന്നാവുന്നു അരുണേട്ടനെ കണ്ടിട്ട്.അവസാന ഘട്ട ചികിത്സ അവിടെ താമസിച്ചു കൊണ്ടാണ്. തറവാട്ട് മുറ്റത്ത് കാർ വന്നു നിന്നു.ചിരിച്ച മുഖങ്ങളോടൊപ്പം ഗൗരവം നിറഞ്ഞ മുഖത്തോടെ അരുണേട്ടനും ഇറങ്ങി.

കണ്ണുകളിൽ മീതെ വീണു കിടന്ന മുടിയൊക്കെ വെട്ടി കളഞ്ഞിരിക്കുന്നു.കണ്ണുകളിൽ വേദനയും നിരാശയും.

അരുണേട്ടന്റെ റൂമിൽ പോയപ്പോൾ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്നു.

അരുണേട്ടാ….

തിരിഞ്ഞു നോക്കി.അപരിചിത ഭാവവും ചിന്തകളെ തടസ്സപ്പെടുത്തിയ അനിഷ്ടവും ആ മുഖത്തുണ്ടായിരുന്നു

നിറഞ്ഞ കണ്ണുകളോടെ അരുണേട്ടനെ നോക്കി നിന്നു.

ഇവ്ടെത്തെ വാല്യക്കാരത്തിയാ അരുണേ.നിന്റെ അസുഖമൊക്കെ മാറീന്നറിഞ്ഞപ്പോൾ കാണാൻ വന്നതായിരിക്കും….

വാതിൽപ്പടിയിൽ നിന്നും ശ്രീജേച്ചീടെ ശബ്ദം.

കൃഷ്ണ പോയ്ക്കോ…അടുക്കളയിൽ ഒരുപാട് പണി ബാക്കി ഉണ്ട്…പോയ് അത് തീർക്കാൻ നോക്ക്…

ആഞ്ജ പോലെ പറഞ്ഞു

മോൻ റെസ്റ്റെടുത്തോ….

അരുണേട്ടനോടായും ശ്രജേച്ചി പറഞ്ഞു

??????????

ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും അരുണേട്ടൻ ആരോടും അധികം സംസാരിക്കുന്നില്ല.തല കുനിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു.ചോദിച്ചതിന് മാത്രം ഉത്തരം കൊടുത്തു.റൂമിലായിരുന്നു മുഴുവൻ നേരവും.പുറത്തു കാണുന്നത് ഇടക്കു മാത്രമാണ്.കാണാനുള്ള ആഗ്രഹം അധികരിച്ചപ്പോൾ മുറിയുടെ വാതിക്കൽ പോയി.കട്ടിലിൽ കൈ കൊണ്ട് മുഖം മറച്ച് കിടക്കുന്നു.പിന്നെ അതായി ശീലം. കാണാൻ തോന്നുമ്പോൾ മുറിയുടെ വാതിക്കൽ പോയി ഒളിഞ്ഞു നോക്കും. മിക്കപ്പോഴും കണ്ണടച്ച് കിടക്കും.അല്ലെങ്കിൽ ജനൽ വഴി പുറത്തേക്ക് നോക്കി നിൽക്കും.ഒരിക്കൽ നോക്കുന്നത് കണ്ടപ്പോൾ മുഖത്തേക്ക് ഒന്നു നോക്കി. എന്താ…ആരാ…ഒന്നും ചോദിച്ചില്ല.കട്ടിലിൽ മുഖം മറച്ചു കിടന്നു.ഒന്നു ചിരിച്ചു കണ്ടിട്ടില്ല.

ഇടക്ക് തൊടീലും കുളത്തിന്റെ കൽപ്പടവിലുമെല്ലാം അരുണേട്ടൻ തനിച്ചിരിക്കുന്നത് ദൂരെ നിന്ന് നോക്കി കാണും.ഇടക്ക് മാനം നോക്കി കിടക്കുന്നത് കാണാം.അങ്ങനെ കിടക്കുമ്പോൾ കരിയിലകൾ ദേഹത്തേക്ക് പെയ്യ്തു വീഴുന്നതു പോലുമറിയില്ല.
ഇടക്ക് കുളത്തിലെ പച്ചപ്പിൽ നോക്കിയിരിക്കും.കണ്ണിലെ കറുത്ത ഗോളത്തിന് അനക്കം പോലുമില്ലാതെ.അടുത്തു പോയാൽ പോലും അരുണേട്ടൻ അറിയില്ല.ഇടക്ക് അരുണേട്ടൻ കാണാത്ത വിധം മാറി ഇരുന്ന് അരുണേട്ടനെ തന്നെ നോക്കിയിരിക്കും.

ചോദിക്കണമെന്നുണ്ട്..ഓർമയുടെ ഏതെങ്കിലും ഒരു കോണിൽ ഞാനുണ്ടോ എന്ന്.എനിക്കായി നൽകിയ ഏതെങ്കിലും നിമിഷത്തിന്റെ മങ്ങിയ ഓർമയെങ്കിലും…ഉണ്ടാവില്ലാന്നറിയാം.എങ്കിലും വെറ്തേ ഒരു ചിന്ത…ഒരാശ…ഞാൻ നിന്നെ പറ്റിച്ചതല്ലേ..നിന്നെ മറക്കാൻ എനിക്ക് പറ്റുമോ എന്ന് പറഞ്ഞ് ചേർത്തു പിടിച്ചെങ്കിൽ…അതും വേണ്ട …എവ്ടെയോ മുഖം കണ്ട ഒരു ഓർമ അത്രെയെങ്കിലും പറഞ്ഞെങ്കിൽ….ആശകൾ പെറ്റു പെരുകുമ്പോൾ അരുണേട്ടനറിയാതെ അരുണേട്ടന്റെ നിഴൽ പറ്റി നടക്കും

??????????

അടുക്കളയിൽ ഒരു മൂലയിൽ പോയിരുന്നു

എല്ലാ നിമിഷങ്ങളും അരുണേട്ടൻ മറന്നിരിക്കുന്നു.പക്ഷേ ഓർക്കാനായ് എനിക്കു തന്നതോ…

ധാവണിൽ ഒളിപ്പിച്ചു വെച്ച വയറിലേക്ക് കൈ പോയി.അവിടെ ഒരു അനക്കമുണ്ടോ…സംശയങ്ങൾ തോന്നി തുടങ്ങിയിട്ട് ദിവസങ്ങളേറെയായി.പലതും തെറ്റിയിരിക്കുന്നു. ഇഷ്ടങ്ങൾ പലതും കൈ അകലത്തു പോലും കാണുമ്പോൾ ഒരു വിമ്മിഷ്ടം.

കൊറച്ച് ദിവസായി ഞാൻ ശ്രദ്ധിക്കുന്നു..എന്താ നിനക്കൊരു വല്ലായ്ക….

ദേവകിയേച്ചിയോട് എന്ത് പറയണമെന്നറിയാതെ നിന്നു

ഒന്നൂല…പനി വരണ പോല്ണ്ട്…അതോണ്ടാവും…രാത്രി ഒട്ടും ഉറങ്ങീലാ…

അങ്ങനെ പറഞ്ഞെങ്കിലും ദേവകിയേച്ചി സംശയത്തോടെ ഒന്നു നോക്കി.

ചോറിന്റെ മണമടിച്ചപ്പോൾ തന്നെ തികട്ടി വന്നു.വാ പൊത്തി പുറത്തേക്ക് ഓടി

കൊറെ ആയി ഞാൻ ശ്രദ്ധിക്കുന്നു എന്താടീ ഇതിന്റെ ഒക്കെ അർഥം…

അരുണാന്നോ…….

പിന്നെയും ശ്രീജേച്ചി ചോദിച്ചപ്പോൾ തല താഴ്ത്തി ഇരുന്നതല്ലാതെ ആണെന്നൊ അല്ലാന്നോ പറഞ്ഞില്ല.

രാവുണ്ണി നായരെ …നമ്മൾ മൂന്നു പേരെല്ലാതെ വേറൊരാൾ ഇത് അറിയര്ത് പ്രത്യേകിച്ച് അരുൺ പിന്നെ ഗൗരിയേട്ത്തീം അമ്മയും

ഞങ്ങളെ നോക്കി നിന്ന രാവുണ്ണി നായരോട് പറഞ്ഞു

ഇപ്പോ…തന്നെ വൈദ്യരുടെ അടുത്ത് പോയി അലസിപ്പിക്കാനുള്ള മരുന്ന് വാങ്ങിക്കണം…അതിന് ശേഷം പറഞ്ഞു വിട്ടേക്കണം ഇവളെ എവ്ടേക്കാന്നു വെച്ചാ….അതും വേഗം …അടുത്താഴ്ച അവർ ഡൽഹിയിലേക്ക് തിരിച്ച് പോവും….അതിന് മുൻപ് വേണം..

അടുക്കളക്കാരിയെ തറവാട്ടിലെ കെട്ടിലമ്മയാക്കുംന്നു കരുതിയെങ്കിൽ നിനക്ക് തെറ്റി….ഈ മുറീന്ന് ഞാൻ പറയുന്നത് വരെ പുറത്തിറങ്ങരുത്….

താക്കീത് പോലെ പറഞ്ഞ് ശ്രീജേച്ചി പോയി

ഞാൻ പറഞ്ഞതല്ലേ നിന്നോട്….ഇനി വരുന്നത് എന്താന്നു വെച്ചാ അനുഭവിച്ചോ…..കേറി ചെല്ലാനൊരിടം പോലും ഇല്ലാന്നോർത്തോ…

രാവുണ്ണി നായർ അതും പറഞ്ഞ് അവ്ടുന്നു പോയി.

തിരിച്ചു പോവേണ്ടത് കടലെടുത്ത് കൊണ്ടു പോയതിന്റെ ശേഷിപ്പ് മാത്രമായ ഇടത്തേക്കാണ്.ആരും കാത്തിരിപ്പില്ല അവിടെ.ഒരു വീട് പോലും.

ഓർക്കണമായിരുന്നു കൃഷ്ണ എന്ന പെണ്ണിന്റെ പര്യായം വല്യക്കാരത്തി…അടിച്ചുതളിക്കാരത്തി എന്നൊക്കെയാണെന്നു.

അല്ലേലും ആ പ്രണയം പോലും തനിക്ക് സ്വന്തമല്ലായിരുന്നു.മറ്റൊരുവൾക്കായി അവളുടെ പ്രീയപ്പെട്ടവൻ കാത്ത് വെച്ചത്.അവളുടെ ലോകത്ത് മാത്രമായി ജീവിക്കാനായുള്ള അരുണേട്ടന്റെ ശ്രമമായിരുന്നു കൃഷ്ണയെ അക്കുവായുള്ള കൽപ്പിക്കൽ.എന്റെ വയറ്റിലെ കുഞ്ഞ് പോലും അവരുടെ പ്രണയത്തിന്റെ തിരുശേഷിപ്പാണ് .ആ പ്രണയത്തിലെവ്ടേയും കൃഷ്ണയില്ല…കൃഷ്ണക്ക് ഒരു സ്ഥാനവുമില്ല.അവന്റെ പ്രീയപ്പെട്ടവളുടെ പ്രണയത്തെ ആവാഹിച്ചൊരു ശരീരം മാത്രം.അവനിലെ ഉൻമാദത്തിന്റെ ചരട് പൊട്ടുമ്പോൾ അറ്റ് പോവുന്നൊരു കണ്ണി.

എവ്ടേയും കൃഷ്ണയില്ല…ഇനി എവ്ടേയും കൃഷ്ണ വേണ്ട…..

കുളത്തിൽ ഓളങ്ങൾ സൃഷ്ടിച്ച് കയത്തിലേക്ക് ഊളിയിട്ടു.ആമ്പൽ ചെടിയുടെ നാരുകളിൽ തട്ടി തടവി മീനുകളോടും ചെറിയ വായു ഗോളങ്ങളോടും മത്സരിച്ച് അടിത്തട്ടിലേക്ക് കൂപ്പു കുത്തി

തുടരും….