മുൻഭാഗംവായിക്കാൻ ക്ലിക്ക് ചെയ്യൂ….
മുറുമുറുപ്പുകൾ പിന്നെയും ഉയർന്നു.ദിവസങ്ങൾ കടന്നു പോയത് അറിയാതെ അടുക്കളയോട് ചേർന്നുള്ള കുഞ്ഞു മുറിയിൽ എന്നെ തന്നെ തളച്ചിട്ടു.ദേവകിയേച്ചി മുറിയിൽ ഭക്ഷണം കൊണ്ടു തന്നു.കൂടെ ഒരുപാട് ഉപദേശങ്ങളും.ഭക്ഷണത്തോട് ഒരേ പോലെ മനസും ശരീരവും മുഖം തിരിച്ചു. വയറ്റിൽ കുഞ്ഞുള്ളതാ..അതിനോടാണോ നിന്റെ വാശി…എന്ന ദേവകിയേച്ചിയുടെ ചോദ്യത്തിൽ പ്ലേറ്റിൽ കുറേ നേരം വരച്ചു കളിച്ച ശേഷം വറ്റുകൾ ഇറക്കി.കഴിച്ച അതേ വേഗത്തിൽ തിരിച്ചു വന്നു.
കഴിക്കാൻ പറ്റുന്നില്ല…ദേവകിയമ്മേ….
നിസഹായതയോടെ പറഞ്ഞപ്പോൾ അതൊന്നും പറഞ്ഞാ പറ്റില്ല…ഭക്ഷണം എന്തായാലും കഴിക്കണം…ശർദിക്കുവാണേ…ശർദിക്കട്ടേ…
എന്ന് അമ്മയെ പോലെ ശാസിച്ചു
????????????
കൃഷ്ണേ….നിന്നെ ഗൗരി കുഞ്ഞ് വിളിക്കുന്നു.
രാവുണ്ണി നായരത് പറഞ്ഞപ്പോഴാണ് ജനൽ പാളികളിൽ നിന്നും കണ്ണെടുത്തത്.
ചെല്ല്….ഗൗരി കുഞ്ഞിന് നിന്നോട് എന്തോ പറയാനുണ്ട്…
മടിച്ചു നിന്നപ്പോൾ രാവുണ്ണി നായർ വീണ്ടും പറഞ്ഞു.
അമ്മയുടെ മടിയിൽ മുഖമൊളിപ്പിച്ച് കിടക്കുന്നുണ്ടായിരുന്നു അരുണേട്ടൻ. ഗൗരിയമ്മ അരുണേട്ടന്റെ മുടിയിൽ തലോടുന്നു.വാതിക്കൽ നിന്ന് അരുണേട്ടനെ തന്നെ നോക്കി നിന്നു.ഇടക്ക് ശ്രുതി തെറ്റി ഉയരുന്ന ശ്വാസ-നിശ്വാസങ്ങൾ കേട്ടപ്പോൾ കരയുകയാണെന്നു മനസിലായി.
ഇങ്ങ് വാ….
അകത്തേക്ക് കയറി നിന്നു
എന്താ…പറയേണ്ടത് ന്നു അറീലാ….ശപിക്കര്ത് എന്റെ മോനെ…മനസ് ശരിയല്ലാത്ത നേരത്ത് പറ്റിയതാ…മോൾടെ വെഷമം മനസിലാകാഞ്ഞിട്ടില്ല….അവന് കുറച്ച് സമയം കൊടുക്കണം…നിന്നെ സ്നേഹിക്കാൻ.പെട്ടെന്ന് മറക്കാൻ പറ്റില്ല…അഖിലയെ..കുഞ്ഞിന്നാളിലേ അവന്റെ കൂടെ ഉണ്ടായിരുന്നതാ….
അപ്പോഴും അരുണേട്ടൻ മുഖമുയർത്തിയില്ല
തെറ്റ് എന്റേതാണ്….അരുണേട്ടന്റെ മനസ് ശരിയല്ലായിരുന്നു പക്ഷേ എനിക്ക് ശ്രദ്ധിക്കായിരുന്നു…എല്ലാം എന്റെ തെറ്റാ…ഞാൻ മാപ്പ് ചോദിക്കുവാ….ഒരവകാശവും പറഞ്ഞ് കൃഷ്ണ വരില്ല…
പലയിടത്തായി വാക്കുകൾ മുറിഞ്ഞ് പോയി.ഇനിയും അവ്ടെ നിന്നാൽ അവരുടെ മുന്നിൽ കരയുമെന്നു തോന്നിപ്പോൾ തിരിഞ്ഞു നടന്നു
രാവുണ്ണിയേട്ടാ…എന്നെ ദൂരെ എവ്ടേലും ജോലിക്ക് നിർത്താവോ…ഇവ്ടെ നിക്കാൻ പറ്റാഞ്ഞിട്ടാ….
വാതിക്കൽ നിന്നിരുന്ന രാവുണ്ണി നായരോട് പറഞ്ഞപ്പോൾ കനിവോടെ നോക്കിയതല്ലാതെല ഒന്നും പറഞ്ഞില്ല.
രാവുണ്ണിമാമേ…എന്റെ കുഞ്ഞ് വളരേണ്ടത് എന്റെ വീട്ടിലാ..മറ്റൊരു വീടിന്റെ അടുക്കളപ്പുറത്തല്ലാന്നു പറഞ്ഞേക്ക്….
അതും പറഞ്ഞ് അരുണേട്ടൻ പുറത്തേക്ക് പോയി.
?????????
ശ്രീജേച്ചീടെ കുറ്റപ്പെടുത്തലുകൾ കേട്ട് അടുക്കളയോട് ചേർന്ന കുടുസു റൂമിൽ കൂനിയിരുന്നു.
പെട്ടന്ന് റൂമിൽ ലൈറ്റ് ഇട്ടപ്പോൾ ഞെട്ടി തല ഉയർത്തി നോക്കി.കരഞ്ഞു ചുവന്ന കണ്ണുകളും അഴിഞ്ഞു വീണ മുടിയും കണ്ട് അരുണേട്ടൻ ഒന്നു നോക്കി നിന്നു. എഴുന്നേറ്റ് തല കുനിച്ച് ചുവരിൽ ചാരി നിന്നു.
എനിക്ക് ഒന്നും ഓർമയില്ല…എന്താ സംഭവിച്ചതെന്നോ…എന്താ പറഞ്ഞതെന്നോ..ഒന്നും ഓർമയില്ല.അതാ കള്ളീന്നൊക്കെ വിളിച്ചത്. ക്ഷമ ചോദിക്കുവാ…എന്തൊക്കെയോ പറഞ്ഞു പോയി.അമ്മ പറഞ്ഞപ്പോഴാ അറിഞ്ഞത് അക്കൂന്നു വിളിച്ചതും കൂടെ വരാഞ്ഞപ്പോൾ ഞാനുണ്ടാക്കിയ ബഹളങ്ങളുമെല്ലാം….സത്യായിട്ടും ഒന്നും ഓർമയില്ലാഞ്ഞിട്ടാ…അറിഞ്ഞു കൊണ്ടല്ലാ…
ഒന്നും മിണ്ടാതെ കേട്ടു നിന്നു.അരുണേട്ടനും വാതിക്കലിലേക്ക് നോക്കിയാണ് സംസാരം.
എന്റെ മനസിൽ ആഴത്തിൽ പതിഞ്ഞ പേരാ അക്കു.താലി കെട്ടിയില്ലെങ്കിലും എന്റെ ഭാര്യ തന്നെയായിരുന്നു.മനസു കൊണ്ട് ഒന്നായവർ.എന്റെ കളിക്കൂട്ടുകാരി.ഓർമകൾ തുടങ്ങുന്നത് പോലും അവളിൽ നിന്നാ. അവളെ പിരിഞ്ഞത് ഒട്ടും ഇഷ്ടല്ലാത്തതു കൊണ്ട് ഡൽഹിയിലേക്ക് താമസം മാറ്റുമ്പോൾ ബഹളം വച്ചിരുന്നു.ഡൽഹിയിലേക്ക് പോയാൽ പിന്നെ അവളെ കാണാനുള്ള അവധിക്കാലത്തിനായുള്ള കാത്തിരിപ്പാണ്.
ഈ തറവാട്ടിലെ ഓരോ മുക്കിലും മൂലയിലും അക്കുവും അവളുടെ അരുണേട്ടനും ഒരുപാട് ഓർമകൾ ഒളിപ്പിച്ച് വെച്ചിരുന്നു.അവളെ വിട്ട് ഡൽഹിയിലേക്ക് പോവാൻ ഇഷ്ടമല്ലാത്തതു കൊണ്ട് തിരിച്ചു പോവുന്നത് ലേറ്റാക്കാൻ വയറു വേദന…പനി അങ്ങനെ ഓരോ അസുഖങ്ങൾ അഭിനയിക്കും.തിരിച്ച് പോവുന്നതോ അടുത്ത അവധിക്കാലം വരെ ഓർക്കാൻ ഒരുപാട് ഓർമകളുമായിട്ടാണ്.
ഓരോ പ്രാവിശ്യം നാട്ടിൽ വരുമ്പോഴും ഉള്ളിൽ അവളോടുള്ള സ്നേഹം കൂടി കൂടി വന്നു.ഓരോ കാഴ്ചയിലും എന്തൊക്കെയോ പ്രത്യേകതകൾ അവളിൽ ഉള്ളത് പോലെ.അത് പ്രണയമാണെന്ന് എപ്പോഴോ തിരിച്ചറിഞ്ഞു.രണ്ടു പേരും ഇഷ്ടാമാണെന്നു പരസ്പരം പറഞ്ഞില്ല.പറയാതെ തന്നെ ഞങ്ങൾ അറിഞ്ഞു ഞങ്ങളുടെ പ്രണയം.
അരുണേട്ടൻ പറയുന്നത് കേൾക്കുമ്പോൾ എന്തോ നെഞ്ചിലൊരു വിങ്ങൽ
ഒരുമിച്ചുള്ള ജീവിതത്തെ പറ്റി രണ്ടാലും ഒരുപാട് സ്വപ്നങ്ങൾ നെയ്ത് കൂട്ടിയിരുന്നു.നാട്ടിൽ വന്നാൽ എപ്പോഴും രണ്ടാളും കൂടി കറക്കമായിരുന്നു.അങ്ങനെ കറങ്ങാൻ പോയതാണ്
രണ്ടു ദിവസം കഴിഞ്ഞാ പിന്നെ അരുണേട്ടൻ എന്റെ ഭർത്താവല്ലേ…നമ്മൾ ലവേർസായിട്ടുള്ള അവസാനത്തെ യാത്രയല്ലേ…ന്നൊക്കെ പറഞ്ഞ് അവൾ വാശി പിടിച്ചു.എല്ലാരും പറഞ്ഞു കല്യാണമടുത്താൽ വധൂവരൻമാർ പുറത്ത് പോവരുത് ന്നു.അവളുടെ ഇഷ്ടം നടത്തി കൊടുക്കാനായി അതൊന്നും വക വെച്ചില്ല
ഒരു ലോറി കാറിൽ വന്നിടിച്ചതാ.ബോധം പോവുമ്പോ കണ്ടത് ചോര ഒലിച്ചു കിടക്കുന്ന അക്കുവിനെയാ
ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.കണ്ണുനീർ തുള്ളികളായ് ഉതിർന്നു വീണപ്പോൾ അരുണേട്ടൻ കണ്ണുകളടച്ച് ദീർഘ ശ്വാസമെടുത്തു.കുറേ നേരം മിണ്ടാതെ നിന്നു.
ബോധം വന്നത് രണ്ടു ദിവസം കഴിഞ്ഞാണ്.ഒന്നു അവസാനമായി കാണാൻ കൂടി കഴിഞ്ഞില്ല.അക്കൂന്നു വിളിച്ച് അവസാനമായി അലറി കരഞ്ഞതാ ഓർമ.പിന്നെ നടന്നത് പലതും ഓർമയില്ല.പിന്നെ ബാക്കി ഒക്കെ അമ്മ പറഞ്ഞു തന്നതാ. എനിക്കൊരു മാറ്റമുണ്ടാവട്ടെന്നു വെച്ചാ ഡൽഹിയിലേക്ക് തിരിച്ചു പോയത്.ഫ്ലാറ്റിലെ റൂമിൽ മുറിയടച്ചിരുന്നു.രണ്ടു വർഷത്തെ ചികിത്സ കൊണ്ടും ഫലം കാണാഞ്ഞ് ഇങ്ങോട്ടേക്ക് മടങ്ങി വന്നു.
വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നതല്ല ആ താലി തിരിച്ച് തരാമോ..അത്രയ്ക്ക് ആഗ്രഹിച്ച് വാങ്ങിയതാ…അക്കുവിന്റെ കഴുത്തിൽ കെട്ടാൻ…
മരവിച്ചത് കൊണ്ടാണെന്നു തോന്നുന്നു ഇപ്പോ വേദനിക്കുന്നില്ല മനസ്.താലിയിൽ ഒന്നു നോക്കീട്ട് പതിയെ ഊരി.ഞാനല്ല അതിന്റെ അവകാശി.അരുണേട്ടൻ അതു വാങ്ങി കുറേ നോക്കി നിന്നു.പിന്നെ കൈക്കുള്ളിലാക്കി മുറുകെ പിടിച്ചു.
നാളെ കല്യാണമാ…അമ്മ പറഞ്ഞു ഞാൻ തന്നെ തന്നോട് പറയണമെന്ന്…..മനസൊന്നു പാകപ്പെടുത്താൻ കുറച്ച് സമയം…അവളെ മറക്കാൻ കഴിയില്ലേലും വേദനകൾ അടങ്ങാൻ ….അതു മാത്രേ ചോദിക്കുന്നുള്ളൂ…
പിന്നെ…തന്റെ തെറ്റാന്നു വിചാരിച്ച് മനസ് ഉരുക്കണ്ടാ…തന്റെ തെറ്റല്ല ഒന്നും..എല്ലാം അങ്ങനെ സംഭവിച്ചു പോയി അത്രേ ഉള്ളൂ…ഒരു കുഞ്ഞ് വയറ്റിലുണ്ട്..
ഇനി അതിനെ പറ്റി മാത്രം ഓർത്താ മതി….
പാർട്ട് ~ 11
അരുണേട്ടന്റെ ഭാര്യയായി തറവാട്ടിൽ വലത് കാൽ വെച്ച് കയറി.
കുടുസു മുറിയിലേക്ക് തന്നെ പോയി. കുറച്ച് നേരം നിറുകയിൽ അരുണേട്ടൻ പതിപ്പിച്ച സിന്ദൂരത്തിലേക്ക് കൈ പോയി.വിരലിൽ പറ്റിയ സിന്ദൂരത്തിൽ നോക്കി.ഇതിന് എന്റെ മാത്രമായ പ്രണയത്തിന്റെ ചുവപ്പാണ്.
നീയും എന്നെ സ്നേഹിക്കില്ലേ വാവേ…..
കല്യാണ സാരി കഴിച്ചു വെക്കുന്നതിനിടയിൽ വയറിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു.
നീ മാത്രേ…ഉള്ളൂ…അമ്മക്ക് സ്വന്തമെന്ന് പറയാൻ..
വീർത്തു തുടങ്ങിയ വയറിലേക്ക് നെടുകെ ഒരു പൊട്ടിയ പാടുള്ള കണ്ണാടി കൊണ്ട് പോയി.
മോളെന്തിനാ ഈ റൂമിൽ വന്നു നിക്കുന്നേ….
ഗൗരിയമ്മേടെ ശബ്ദം കേട്ടപ്പോൾ കണ്ണടി അത് എടുത്ത ഇടത്തു തന്നെ വെച്ചു.
ഞാൻ ഇവ്ടെ തന്നെ കിടന്നോളം..ഗൗരിയമ്മേ….
അതെങ്ങനെ ശരിയാവും.ഇനി നീ അരുണിന്റെ റൂമിലാ…നീ ഈ റൂമിൽ കിടക്കുമ്പോ എന്റെ മോന്റെ കുഞ്ഞും കൂടിയാ ഇവ്ടെ കിടക്കുന്നത്…അതോണ്ട് നല്ല കുട്ടിയായിട്ട് മുറിയിലേക്ക് പോവാൻ നോക്ക്….
വേണ്ട…ഗൗരിയമ്മേ…അരുണേട്ടന് അത് ബുദ്ധിമുട്ടാവും.ഇപ്പോ തന്നെ ഞാൻ കാരണം ഒരുപാട് വിഷമിക്കുന്നുണ്ട്.എല്ലാം എന്റെ തെറ്റാണ്.അരുണേട്ടൻ സ്നേഹിച്ചതോ…അക്കൂന്നു വിളിച്ചതോ ഒന്നും എന്നെ അല്ലായിരുന്നു…
നിന്റെ തെറ്റല്ല..ഞങ്ങളുടേതാണ്…സ്വാമി പറഞ്ഞിരുന്നു ഞങ്ങളോട്…നമുക്ക് പ്രീയപ്പെട്ട എന്തേലും നഷ്ടമായാൽ ചിലപ്പോ അത് നഷ്ടമായിട്ടില്ലാന്നു പറഞ്ഞു പഠിപ്പിക്കാൻ നോക്കുംന്നു.അരുണും അങ്ങനെ തന്നെയായിരുന്നു.അഖില മരിച്ചില്ല എന്ന് അവനെ തന്നെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. അവനത് അറിയുന്നില്ലെങ്കിൽ പോലും. അവൻ അഖിലയുടെ സാമിപ്യം അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ടായിരുന്നു.അവനെ തടയരുത്..അങ്ങനെ തടഞ്ഞാൽ അവനെങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ പറ്റില്ലാന്നു സ്വാമി പറഞ്ഞു.അതാ അവൻ നിന്നോട് സ്നേഹം കാണിച്ചപ്പോൾ ഞങ്ങൾ തടയാതിരുന്നത്.പതിയെ മാറിക്കോളുംന്നു പറഞ്ഞു.ഇങ്ങനെ സംഭവിക്കുംന്നു ഞങ്ങളാരും വിചാരിച്ചില്ല എന്നതാണ് സത്യം.പക്ഷേ ഇപ്പോ തോന്നുന്നു ഇതാണ് ശരി.ഇങ്ങനെ അല്ലായിരുന്നു എങ്കിൽ അവന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടാവില്ലായിരുന്നു.അതു കൊണ്ട് നിന്റെ തെറ്റാണെന്നോർത്ത് സങ്കടപ്പെടര്ത്..ഒന്നും നിന്റെ തെറ്റല്ല അതോർത്ത് സങ്കടപ്പെടര്ത്….ഞങ്ങൾ പൂർണ മനസോടെയാ മരുമകളായി സ്വീകരിച്ചത്…അല്ലാതെ അവനു പറ്റിയ തെറ്റായിട്ടല്ല…
താടിയിൽ പിടിച്ചു കൊണ്ട് ഗൗരിയമ്മ പറഞ്ഞു
ഇനി ഇവ്ടുന്ന് തത്തി കളിക്കാതെ റൂമിൽ പോയേ…
അരുണേട്ടന്റെ ഗൗരിയമ്മ പോയ്ക്കോ…ഞാൻ റൂമിലേക്ക് പോയ്ക്കോളാം…
അത് വേണ്ട..നീ പോയിട്ടേ ഞാൻ പോവൂ…
ഗൗരിയമ്മ തന്നെ മുറിയിലാക്കി തന്നു.
മുറിയിൽ ചെല്ലുമ്പോൾ ടേബിളിൽ കൈയൂന്നിയിരിക്കുന്നു.
ഞാൻ എന്റെ റൂമിൽ കിടക്കാംന്നു വെച്ചതാ…ഗൗരിയമ്മ പറഞ്ഞിട്ടാ…
ഒരു ആമുഖമെന്നോണം പറഞ്ഞു
ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടോ..ഇവ്ടെ നീ കിടക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന്…..
തല ഉയർത്തി കൊണ്ട് ചോദിച്ചു
ഇല്ല….
ഇവ്ടെ കിടക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടോ…
ഇല്ല….
എന്നാ പോയി കിടന്നോ…ഞാൻ ഉറങ്ങാൻ ലേറ്റാവും…
കുറച്ച് സമയം കഴിഞ്ഞ് അടുത്തു വന്നു കിടന്നു.
നാളെ ഡോക്ടറുടെ അടുത്ത് പോവണം..വേഗം ഡൽഹിയിലേക്ക് തിരിച്ച് പോവണം..അതിന് തന്റെ ഹെൽത്ത് കണ്ടീഷൻ എന്താന്നറിയണം….
വാക്കുകളൊക്കെ വേഗത്തിൽ പറഞ്ഞു തീർത്തു.
ഞാൻ ഇവ്ടെ നിന്നോളാം…
ശരി…നിന്റെ ഇഷ്ടം പോലെ…പക്ഷേ എനിക്കെന്റെ കുഞ്ഞിനെ കൊണ്ടു പോവണം….
എന്റെ കുഞ്ഞിനെ ഇവ്ടെ വിട്ട് എനിക്ക് പോവാൻ പറ്റില്ല….
നീയും എന്റെ കൂടെ വരുംന്നു പറഞ്ഞു കൂടെ അരുണേട്ടന്.കണ്ണുനീർ അരുണേട്ടൻ കാണാതിരിക്കാനായി തിരിഞ്ഞു കിടന്നു.
വെറ്തേ കരഞ്ഞു അസുഖം വരുത്തി വെക്കേണ്ട…കുഞ്ഞിനാണ് ദോഷം…
ഞാൻ കരയുന്നൊന്നൂല്ല….
അത് ശബ്ദം കേട്ടപ്പോൾ മനസിലായി.കിടന്നു ഉറങ്ങാൻ നോക്ക്…
അരുണേട്ടന് എന്നോട് ദേഷ്യണ്ടോ….
നിനക്ക് എന്ത് തോന്നുന്നു…എന്റെ സംസാരത്തിലോ പെരുമാറ്റത്തിലോ ദേഷ്യമുള്ളത് പോലെ തോന്നുന്നുണ്ടോ…
ഒന്നും മിണ്ടിയില്ല.വാക്കുകളിലോ മുഖത്തോ ദേഷ്യമില്ല….സ്നേഹവുമില്ല.
ദേഷ്യപ്പെടാൻ നീ അറിഞ്ഞു കൊണ്ടൊന്നും ചെയ്തില്ലാലോ കൃഷ്ണാ…അങ്ങനെ എനിക്ക് ദേഷ്യം തോന്നുന്നുണ്ടേ അത് എന്നോട് മാത്രാണ്. എന്നെ പറ്റിയല്ല നീ ഇപ്പോ ഓർക്കേണ്ടത് കുഞ്ഞിനെ പറ്റിയാണ്…
നമ്മുടെ കുഞ്ഞ് എന്ന് അരുണേട്ടനൊന്നു പറഞ്ഞു കൂടെ.
???????????
എന്താമ്മേ….എനിക്ക് ഇങ്ങനെ സംഭവിക്കുന്നേ… എന്തിനാമ്മേ..എന്നെ ചികിത്സിപ്പിച്ചേ…ഭ്രാന്തനായാ മതിയായിരുന്നു…അക്കൂന്റെ സ്ഥാനത്ത് വേറൊരാൾ…പറ്റുന്നില്ലമ്മേ…
ഗൗരിയമ്മേടെ റൂമിൽ അമ്മേടെ മടിയിൽ കിടന്നു കരയുന്ന അരുണേട്ടന്റെ ശബ്ദം കേട്ടു തറഞ്ഞു നിന്നു.
പറ്റും..എന്റെ മോന്…അക്കുവിനോളമല്ലേലും കൃഷ്ണയെ സ്നേഹിക്കാൻ എന്റെ മോന് പറ്റും..അമ്മ അന്ന് പറഞ്ഞ കാര്യം ഇപ്പോഴും പറയുവാ…കൃഷ്ണേടെ വയറ്റിൽ നിന്റെ കുഞ്ഞുണ്ട്… നിന്റെ ചോരയാ അത്.നിന്റെ അംശം.നീ ഒന്നു ചിന്തിച്ചു നോക്ക്..നിന്റേതെന്നു പറയാനൊരു കുഞ്ഞ്.നീ ഉണ്ടായപ്പോഴാ നിന്റെ അച്ഛൻ ഏറ്റവുംസന്തോഷിക്കുന്നത് കണ്ടത്.എന്റെ മോന്റെ സന്തോഷമെല്ലാം ആ കുഞ്ഞു തിരിച്ചു തരും.അച്ഛനാവുകന്നൊക്കെ പറയുന്നത് തന്നെ ഒരു അനുഭവമാ….ആസ്വദിക്കേണ്ടതാ അതൊക്കെ.നമ്മൾ ആഗ്രഹിക്കുന്ന പോലെ എല്ലാം നടക്കാൻ നമ്മൾ വരക്കുന്ന ചിത്രമല്ല ജീവിതം…നമ്മുടെ ജീവിത്തിൽ ആഗ്രഹിക്കാത്തതും നടക്കും..അപ്പോ നമ്മൾ അത് ഉൾക്കൊണ്ട് ജീവിച്ച് പോവണം.നിന്റെ ജീവിതം മാത്രമല്ല ഇങ്ങനെ…അരുൺ..ആരുടെ ജീവിതത്തിലായാലും ആശിച്ചതെല്ലാം കിട്ടൂല്ല….ആഗ്രഹിച്ചത് മാത്രം നടക്കുന്നതാണേ…അത് പിന്നെ ജീവിതാണോ….അമ്മക്ക് ഒന്നേ പറയാനുള്ളൂ നിന്നോട് അവളുടെ മനസിന് വിഷമമുണ്ടാക്കുന്ന ഒന്നും നിന്റെ ഭാഗത്ത് നിന്നും ഉണ്ടാവരുത്…നിന്റെ കുഞ്ഞിനെ തന്നെയാ അത് ബാധിക്കുക…
മുറിയിൽ കേറാതെ തിരിഞ്ഞു നടന്നു.
ഇത് വരെ റെഡിയായില്ലേ…ഞാൻ പറഞ്ഞതല്ലേ….ഹോസ്പിറ്റലിൽ പോവണമെന്ന്…..
കൃഷ്ണാ….എന്താ..ഇങ്ങനെ ചിന്തിച്ചിരിക്കുന്നേ…ഞാൻ പറഞ്ഞൊതൊന്നും കേട്ടില്ലേ….
ആഹ്…..
വേഗം റെഡിയാവ്…..
അരുണേട്ടാ……
ടവലുമായി കുളിക്കാനായ് ബാത്ത്റൂമിലേക്ക് നടന്ന അരുണേട്ടൻ തിരിഞ്ഞു നോക്കി.
ഈ കുഞ്ഞിനെ വേണ്ടാന്നു വെക്കാം…..
പറഞ്ഞൊപ്പിക്കാൻ നന്നേ ബുദ്ധിമുട്ടി.ഇടനെഞ്ചിൽ നിന്നുമുയർന്ന തേങ്ങൽ കഷ്ടപെട്ട് തടഞ്ഞു നിർത്തി.
കൃഷ്ണാ….
അലർച്ചയിൽ ശരിക്കും ഞെട്ടിപ്പോയി
എന്താ…നീ പറയുന്നേന്ന് വല്ല ബോധവുമുണ്ടോ….
നിന്നോടാ ചോദിച്ചത്….
പറയ്…കൃഷ്ണ…
തോളിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.
ഉണ്ട്…അരുണേട്ടന്റെ പ്രശ്നം ഞാനും കുഞ്ഞുമാണെന്ന് എനിക്കറിയാം…..അരുണേട്ടനിങ്ങനെ സങ്കടപ്പെടുന്നത് കാണാൻ വയ്യാത്തോണ്ടാ…
ഒരു ജീവൻ ഇല്ലാതായത് ഞാൻ കാരണമാന്നുള്ള വേദനേം കുറ്റബോധവും ഇപ്പോഴും ഭ്രാന്ത് പിടിപ്പിക്കുവാ…അതിന്റെ കൂടെ ഒന്നു കൂടി….നിനക്ക് ഞാൻ ഭ്രാന്തനായ് തന്നെ കാണാനാണോ ഇഷ്ടം….
പറയെടീ….
അരുണേട്ടാ….ഞാൻ…
മിണ്ടര്ത് നീ…
ദേഷ്യത്തിൽ ഗ്ലാസ് ജഗ് നിലത്തേക്കിട്ടു.
നിനക്കെങ്ങനെ കഴിഞ്ഞു..ഇങ്ങനെ ഒരു കാര്യം ചിന്തിക്കാൻ….
അരുൺ…എന്താ ഇവ്ടെ പ്രശ്നം….എന്താ…അരുൺ ഇത്….
ശബ്ദം കേട്ട് ഓടി വന്ന അമ്മ ചോദിച്ചു.നിലത്ത് വീണ് ചിതറി കിടക്കുന്ന കുപ്പിച്ചില്ലുകളിലും ഞങ്ങളെയും മാറി മാറി നോക്കി.
അവളോട് തന്നെ ചോദിക്ക് അമ്മേ…
എന്താ..കൃഷ്ണ…..
അവൾക്ക് കുഞ്ഞിനെ വേണ്ടാ…അതിനെ കളയണം പോലും…
മിണ്ടാതെ നിന്നു കരയുന്നത് കണ്ട് അരുണേട്ടൻ തന്നെ പറഞ്ഞു
ഗൗരിയമ്മേ…അരുണേട്ടൻ വിഷമിക്കുന്നത് കണ്ട് പറഞ്ഞു പോയതാ…ഞാനും കുഞ്ഞും കാരണല്ലേ അരുണേട്ടൻ സങ്കടപ്പെടുന്നേന്നു വിചാരിച്ചാ..
അതു കൊണ്ട്….അതുകൊണ്ട് കുഞ്ഞിനെ കളയണമെന്നാണോ …നിന്റെ വയറ്റിൽ തന്നെയല്ലെടീ…അതുള്ളത്…എങ്ങനെ തോന്നി നിനക്കത് പറയാൻ…
ചീറും പോലെ അരുണേട്ടൻ പറഞ്ഞു
ഞാൻ നിന്നോട് പറഞ്ഞതല്ലേ…എനിക്ക് കുറച്ച് സമയം വേണംന്നു…..ഇന്നും ഇന്നലേം കണ്ട പെണ്ണിനെയല്ല എനിക്ക് നഷാടായത് ഓർമ വെച്ച നാളു മുതൽ ഒരുമിച്ചുണ്ടായ പെണ്ണിനെയാ.നിനക്കൊന്നും അതൊന്നും പറഞ്ഞാ മനസിലാവില്ല.ആ ആക്സിഡന്റിൽ ഞാനും കൂടി പോയാ മതിയായിരുന്നു.എന്നാ ഇതൊന്നും ഉണ്ടാവില്ലായിരുന്നു
എന്തൊക്കെയാ അരുണേ നീ പറയുന്നേ..
പിന്നെ എന്താ ഞാൻ പറയേണ്ടത്…ആരും എന്താമ്മേ എന്നെ മനസിലാക്കാത്തെ…
അരുൺ…അവള് വിഷമത്തിന് എന്തോ പറഞ്ഞതല്ലേ..നീ ഒന്നു അടങ്ങ്…
ഗൗരിയമ്മ സമാധാനിപ്പിക്കാൻ നോക്കി.
വിഷമം ഉണ്ടായ പറയണ വാക്കാണോ അത്….കുഞ്ഞില്ലാതായ എല്ലാലരുടേം വിഷമം തീര്വോ…
അരുൺ….മതി….നിർത്ത്…ഞാൻ കൃഷ്ണയോട് സംസാരിച്ചോളാം..
ഇനി എന്ത് സംസാരിക്കാനാ അമ്മേ…ഇവളോട്… അവൾക്ക് വേണ്ടേലും എനിക്ക് വേണം..എന്റെ കുഞ്ഞിനെ എനിക്ക് കിട്ടുന്ന വരെ ഇവളിവിടെ വേണം. എന്റെ കുഞ്ഞിനെ തന്ന് അവളോട് എവ്ടേക്കാന്നു വെച്ചാ പോവാൻ പറ അമ്മേ…
അതും പറഞ്ഞ് മുറി വിട്ട് പോയി
അവനത് വിഷമം കൊണ്ട് പറഞ്ഞതാ.മോളതൊന്നും കാര്യമാക്കണ്ട.ഹോസ്പിറ്റലിൽ പോവാൻ റെഡിയാവാൻ നോക്കി.പോയി വന്ന് സംസാരിക്കാം…
അതും പറഞ്ഞ് ഗൗരിയമ്മയും പോയി.
അരുണേട്ടാ…ഞാൻ അറിയാണ്ട് പറഞ്ഞ് പോയതാ…
കാറിന്റെ ഫ്രണ്ട് സീറ്റിൽ ഒന്നും പറയാതെ പുറത്തോട്ട് നോക്കിയിരുന്നു.
ഡോക്ടർ പറയുന്ന ഓരോ കാര്യവും അരുണേട്ടൻ ശ്രദ്ധിച്ചു കേട്ടു.എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചു.തിരിച്ചു വരുമ്പോഴും ഒന്നും മിണ്ടിയില്ല.
അരുണേട്ടാ…അറിയാണ്ട് പറഞ്ഞു പോയതാ…ഇനി ഒരിക്കലും പറയൂല…
വീടിന് ഉള്ളിലേക്ക് കയറാൻ നോക്കവേ കൈയിൽ പിടിച്ചു വെച്ച് പറഞ്ഞു. കൈ തട്ടി മാറ്റി ഉള്ളിലേക്ക് പോയി.
??????????
തൊടീലെ മാവിൻ ചോട്ടിൽ പോയിരുന്നു.
വാവേം അമ്മയോട് ദേഷ്യാണോ…സത്യായിട്ടും പെട്ടെന്നുള്ള സങ്കടത്തിന്റെ പുറത്ത് പറഞ്ഞു പോയതാ…നമ്മള് കാരണല്ലേ അച്ഛൻ കരയുന്നേന്ന് ഓർത്ത്…
വാവേനെ വേണ്ടാന്നു വെക്കാൻ അച്ഛനും പറഞ്ഞാ വാവേന്റെ പെറകെ അമ്മേം വരുവായിരുന്നു. അമ്മയ്ക്ക് വാവേല്ലേ ഉള്ളൂ സ്വന്തായിട്ട്….
വയറിൽ കൈ വെച്ച് പറഞ്ഞു.
കൃഷ്ണേ…..
അരുണേട്ടന്റെ ദേഷ്യത്തിലുള്ള ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റു.കൈവീശിയുള്ള അടിയിൽ ഒന്നു വേച്ചു പോയി.
ഞാനൊരിക്കലും സമാധാനത്തിലിരിക്കര്ത് ന്നു നിനക്കുണ്ടോ…..
സൈഡിലേക്ക് ചാഞ്ഞു പോയപ്പോൾ കൈയിൽ പിടിച്ച് നേരെ നിർത്തി കൊണ്ട് ചോദിച്ചു
പറയെടീ…
ഞാനെന്ത് ചെയ്തിട്ടാ അരുണേട്ടാ…
കുറച്ച് നേരം ഇവ്ടെ ഒറ്റക്ക് വന്നിരിക്കാംന്നു വെച്ചിട്ടാ….
എവ്ടെയെങ്കിലും പോവുമ്പോ പറഞ്ഞിട്ട് പോയ്ക്കൂടെ …മനിഷനെ തീ തീറ്റിക്കാനായ്ട്ട്…അന്വേഷിക്കാൻ ഇനി ഒരിടമില്ല ബാക്കി…
നീ ഇനി നിന്റെ ഇഷ്ടം പോലെ ചെയ്തോ..എവ്ടേങ്കിലും പോവ്വോ..ചാവ്വോ..എന്താന്നു വെച്ചാ…ചെയ്…കാണാതായാ എന്ത് പറ്റീന്ന് ആലോചിച്ച് ടെൻഷൻ അടിക്കാൻ എനിക്ക് വയ്യ…
അതും പറഞ്ഞ് തിരിഞ്ഞ് നടന്നു.
????????????
ഗൗരിയമ്മേ……
ഇങ്ങ് വാ…ഇവ്ടെ ഇരിക്ക്
കട്ടിലിൽ പിടിച്ച് ഇരുത്തി
സത്യായിട്ടും കുഞ്ഞിനെ വേണ്ടാഞ്ഞിട്ടല്ല…അരുണേട്ടൻ ഓരോന്നു ഗൗരിയമ്മോട് കരഞ്ഞു പറയണത് കേട്ടപ്പോ…ഞങ്ങളു രണ്ടാളും കാരണല്ലേ അരുണേട്ടൻ കരയുന്നേന്നോർത്ത് പറഞ്ഞു പോയതാ…എന്തൊക്കെയോ ചിന്തിച്ചു പോയതാ…
ഗൗരിയമ്മ മടിയിൽ കിടത്തി മുടിയിൽ തലോടി.
സാരല്ല വിട്ടേക്ക്…മോളത്….
അവൻ രോഗം മാറി തിരിച്ചു വരുമ്പോ അക്കു മരിച്ചത് എങ്ങനെ ഉൾക്കൊള്ളും…അവനെങ്ങനെ ജീവിക്കുംന്നൊക്കെ ഓർത്തുള്ള ടെൻഷനിലായിരുന്നു ഞാനും അവന്റെ അച്ഛനുമെല്ലാം.ഞങ്ങൾ രണ്ടാളും ശരിക്കൊന്നു ഉറങ്ങീട്ട് എത്ര നാളായീന്നറിയൊ..സത്യം പറഞ്ഞാ ഇപ്പോഴാ ഞങ്ങൾക്ക് രണ്ടാൾക്കും സമാധാനമായത്..
ഇപ്പോ ഈ കുഞ്ഞാ അവന്റെ കച്ചിതുരുമ്പ്….പിന്നെ മോളും.അവനിപ്പോ കുഞ്ഞിനെ ഒരു പാട് സ്നേഹിക്കുന്നുണ്ട്.അവനെ പിടിച്ചു നിർത്തുന്നതും ഈ കുഞ്ഞാ…അതാ നീ കുഞ്ഞിനെ വേണ്ടാന്നു വെക്കാൻ പറഞ്ഞപ്പോൾ അവൻ അങ്ങനെയൊക്കെ പെരുമാറിയത്…
അമ്മ പറയ്യോ…അരുണേട്ടനോട്…ഞാനിനി ഒരിക്കലും അങ്ങനെ പറയ്യോ..ചിന്തിക്ക്വോ ചെയ്യൂലാന്ന്..ഞാൻ സോറി പറഞ്ഞിട്ടും അരുണേട്ടൻ എന്നോട് മിണ്ട്ന്നില്ല …
അമ്മ അവനോട് സംസാരിച്ചോളാം…അവൻ പണ്ടേ ഇങ്ങനെയാ ചിലപ്പൊ ചെറിയ കാര്യത്തിന് പോലും ബഹളം വെക്കും..പിണങ്ങും പിന്നെ പിറകെ നടന്ന് അവൻ തന്നെ സോറി പറയും…
ഗൗരിയമ്മ ഞാനറിയാത്ത അരുണേട്ടനെ പറ്റി പറഞ്ഞു തരുന്നതും കേട്ട് കിടന്നു
അരുണും ഇതേ പോലെയാ..എന്തേലും സങ്കടം വന്നാ അപ്പോ എന്റെ മടിയിൽ വന്നു കിടക്കും.അവനെ പോലെ തന്നെയാ ഇപ്പോ മോളും…ഒരു വെഷമവും മനസിൽ വെക്കര്ത്…എന്നോടോ അരുണിനോടോ..അച്ഛനോടോ.. അങ്ങനെ ആരോടെങ്കിലും പറയണം…പ്രത്യേകിച്ച് ഈ സമയത്ത്…മനസിലായോ
ഞാൻ പറഞ്ഞോളാം ഗൗരിയമ്മേ….
നല്ല കുട്ടിയായി….സന്തോഷത്തോടെ ഇരിക്കണം…വേറെ ഒരു ചിന്തേം എന്റെ കുട്ടിക്ക് വേണ്ട…മനസിലായോ…
മ്ം…..
അമ്മയുടെ തലോടലിൽ കണ്ണുകളടഞ്ഞ് വന്നു. ഉണർന്നപ്പോൾ അടുത്തായി അരുണേട്ടൻ എതിർ വശത്ത് കിടന്ന് അമ്മേടെ മടിയിൽ തല വെച്ചു കിടക്കുന്നു
തുടരും….