നിനവ് ~ പാർട്ട് 14 & 15 ~ എഴുത്ത്: NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഇന്നലെ എത്ര മണിക്കാണ് അരുണേട്ടൻ ഉറങ്ങിയതെന്നറിയില്ല.കണ്ണുകളടയുമ്പോൾ കസേരയിൽ തന്നെ ഇരിക്കുന്നതാണ് കണ്ടത്.രാവിലെ കണ്ണുകൾ തുറന്നപ്പോൾ കണ്ടത് ഉറങ്ങുന്ന അരുണേട്ടനെയാണ്.എപ്പോഴാണെന്നറിയില്ല അരുണേട്ടനോട് ചേർന്ന് കൈയിൽ തല വെച്ചാണ് കിടന്നത്.അരുണേട്ടനും അറിഞ്ഞു കാണില്ല അറിഞ്ഞിരുന്നേൽ മാറി കിടന്നേനെ.അറിയാതെയുള്ള സ്പർശനങ്ങളിൽ പോലും അരുണേട്ടൻ അസ്വസ്ഥനാവുന്നത് പോലെ തോന്നിയിട്ടുണ്ട്.സാരല്ല..കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്..എന്നെങ്കിലും എന്നെ ചേർത്ത് പിടിക്കും.അരുണേട്ടന്റെ കണ്ണുകൾ അനങ്ങുന്നത് കണ്ടതും എഴുന്നേറ്റു.

അടുക്കളയിൽ ഗൗരിയമ്മയും ശ്രീജേച്ചിം ഉണ്ടായിരുന്നു.എന്നെ കണ്ടതും ശ്രീജേച്ചീടെ മുഖം കനത്തു.

അരുൺ എഴുന്നേറ്റോ…കൃഷ്ണാ…

ഇല്ലാ…

ഇന്ന് യാത്രയ്ക്ക് ആവിശ്യമുള്ളത് എന്തൊക്കെയോ വാങ്ങാൻ പോവനുണ്ടെന്നു പറഞ്ഞതാ….നീ ഒന്നു വിളിച്ച് എഴുന്നേൽപ്പിക്ക്….

ഗൗരിയമ്മ അത് പറഞ്ഞതും റൂമിലേക്ക് പോയി.

അരുണേട്ടാ……

ഒന്നു ഞെരങ്ങി മൂളി തിരിഞ്ഞു കിടന്നു.

അരുണേട്ടാ..എഴുന്നേൽക്ക്….

രണ്ടു മൂന്നു പ്രാവിശ്യം കുലുക്കി വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്.എഴുന്നേറ്റു കൊറച്ച് സമയം കണ്ണടച്ചിരുന്നു

ഗുഡ് മോണിങ് കൃഷ്ണാ….

ഗുഡ് മോണിങ്..

സോറി…കൃഷ്ണാ….ഇന്നലെ..ആ ദേഷ്യത്തിന് പറഞ്ഞു പോയതാ…ഇനിയും നിന്റെ പിണക്കം തീർന്നില്ലേ….ഇനി ഒരിക്കലും അങ്ങനെ പറയില്ല പ്ലീസ്…

എന്തൊക്കെയോ വാങ്ങാൻ പോവാനുള്ളതാ..അതോണ്ട് വേഗം എഴുന്നേൽക്കാൻ അമ്മ പറഞ്ഞു…

മറ്റൊന്നും പറഞ്ഞില്ല.

എന്നെ പരതി നടക്കുന്നത് കണ്ടപ്പോൾ ഒളിച്ചു നടന്നു.അരുണേട്ടൻ ഉള്ളയിടത്തൂന്നൊക്കെ ഒഴിഞ്ഞു മാറി.മുന്നിൽ പെടാതിരിക്കാനായി പരമാവധി ശ്രദ്ധിച്ചു.

???????????

എന്ത് പറഞ്ഞാലും ശരി കൃഷ്ണയെ കൂട്ടാൻ പറ്റില്ല..

എടാ അതിന് പത്ത് മിനുട്ട് പോലുമില്ല ടൗണിലേക്ക്. പിന്നെന്താ..അവൾക്കിഷ്ടമുള്ളത് എടുക്കാലോ….

അമ്മ എന്ത് പറഞ്ഞാലും ശരി..പറ്റില്ല..അനാവശ്യ യാത്ര ഒന്നും വേണ്ട.അല്ലേൽ തന്നെ ഡൽഹീൽ എത്തുന്ന വരെ ടെൻഷനാ..അപ്പോഴാ പർച്ചേസിന് കൂട്ടി പോവുന്നത്…

ഗൗരിയമ്മോട് അരുണേട്ടൻ തർക്കിക്കുന്ന കേട്ടാണ് റൂമിലേക്ക് വന്നത്.

ഗൗരിയമ്മേ…ഞാൻ വരുന്നില്ല..ഇപ്പോ കൊറേ സമയം ഇരിക്കുമ്പോ നടുവേദന വര്ന്നു…

നടുവേദന ഉണ്ടോ…നീ എന്താ അത് നേരത്തെ പറയാതിരുന്നേ…ഹോസ്പിറ്റലിൽ പോവണോ…

എന്റെ അടുത്ത് വന്നു ചോദിച്ചു

എന്റെ അരുണേ..നീ ഇങ്ങനെ വെപ്രാളപ്പെടല്ലേ..അതൊക്കെ ഈ സമയത്തുണ്ടാവും..

കഴിഞ്ഞ പ്രാവിശ്യം ഡോക്ടറോട് പറഞ്ഞിരുന്നു അമ്മേ…പരിശോധിച്ച് അത് കൊഴപ്പില്ലാന്നാ പറഞ്ഞേ.ഇനിയും അധികമായാൽ കാണിക്കാൻ പറഞ്ഞു.അധിക നേരം ഇരിക്കുന്നത് നല്ലതല്ലാന്നും പറഞ്ഞു.

അരുണേട്ടൻ ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞത് അമ്മയോടായാണ്.

ഇടക്കിടക്ക് മുഖത്തേക്ക് നോക്കി കൊണ്ടാണ് അരുണേട്ടൻ ഗൗരിയമ്മോട് സംസാരിക്കുന്നത്.പിണക്കം മാറിയോന്ന് അറിയാനായിരിക്കും.നോക്കുന്നത് കണ്ടിട്ടും കാണാതെ പോലെ തന്നെ നിന്നു.

എല്ലാം അമ്മയാ വാങ്ങിയേ…ഇഷ്ടായോ നോക്ക്…

കവറുകൾ കൈയിൽ തന്നു കൊണ്ട് പറഞ്ഞു.എന്തെങ്കിലും തിരിച്ചു പറയുംന്നു വിചാരിച്ച് എന്റെ മുഖത്തേക്ക് തന്നെ നോക്കി.ഒന്നും പറയാതെ കവറുകൾ വാങ്ങി.പിണക്കം തന്നെയാ..എനിക്കും നോവുംന്നു അരുണേട്ടൻ അറിയട്ടേ..

ഒന്നു തുറന്ന് നോക്കിക്കൂടെ കൃഷ്ണാ….ഞാൻ തന്നെ കൊടുത്തോളാംന്നു പറഞ്ഞ് അമ്മേടെ കൈയീന്നു വാങ്ങീട്ട് വന്നതാ..നിന്നോട് സംസാരിക്കാനായിട്ട്.
ഇന്നലെ ഉച്ച തൊട്ട് നിന്റെ പിറകെ നടക്കുവല്ലെ മിണ്ടാൻ വേണ്ടി..നിനക്കൊന്നു സംസാരിച്ചൂടെ…എത്ര പ്രാവിശ്യം സോറി പറഞ്ഞു…

കൃഷ്ണാ…നീ എന്താ എന്നെ മനസിലാക്കാത്തെ…..

മറുപടി കൊടുക്കാതായപ്പോൾ അരുണേട്ടൻ പിന്നേം ചോദിച്ചു.

അരുണേട്ടൻ എന്നെയും മനസിലിക്കുന്നില്ലാലോ…

അത്ര മാത്രം പറഞ്ഞു.

??????????????

കൃഷ്ണാ……..

ഗൗരിയമ്മ റൂമിൽ നിന്നും വിളിക്കുന്നത് കേട്ട് പോയപ്പോൾ കണ്ടത് ഗൗരിയമ്മേടെ മടിയിൽ കിടക്കുന്ന അരുണേട്ടനെയാണ്.

ഇങ്ങ് വാ….

ഗൗരിയമ്മേടെ അടുത്തു പോയി ഇരുന്നപ്പോൾ അരുണേട്ടന്റെ അടുത്തായി ഗൗരിയമ്മേടെ മടിയിൽ കിടന്നു.ഗൗരിയമ്മ രണ്ടു പേരുടേയും തലയിൽ മാറി മാറി തലോടിക്കൊണ്ടിരുന്നു.

അമ്മാ…..

എന്തോ പറയാനുള്ള തുടക്കത്തിനെന്നോണം അരുണേട്ടൻ ഗൗരിയമ്മയെ വിളിച്ചു.

കൃഷ്ണാ…അരുൺ ആ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞു പോയതാ.ഇനി അങ്ങനെ ഒരിക്കലും പറയൂലാന്നു എനിക്ക് സത്യം ചെയ്ത് തന്നിട്ടുണ്ട്..അല്ലേ..കണ്ണാ….പറഞ്ഞത് തെറ്റാണ് എന്നാലും അമ്മേടെ കണ്ണൻ അതിനി ആവർത്തിക്കൂല അല്ലേ കണ്ണാ….

അരുണേട്ടന്റെ നെറ്റീല് ഉമ്മ വെച്ചു കൊണ്ടു ഗൗരിയമ്മ പറഞ്ഞപ്പോൾ അരുണേട്ടൻ ചിരിയോടെ കണ്ണടച്ചു.അവരെ രണ്ടു പേരെയും നോക്കി കിടന്നു.അരുണേട്ടൻ എന്നെ നോക്കിയതും നോട്ടം അമ്മയിലേക്ക് മാറ്റി.

അതോണ്ട് മോള് പിണക്കമൊക്കെ തീർത്ത് അവനോട് മിണ്ടിക്കോ…മിണ്ടാതെ നടക്കുമ്പോ രണ്ടാളും വിഷമിക്കുവാന്നു എനിക്കറിയാം.നമ്മുടെ വാവേം വിചാരിക്കുന്നുണ്ടാവും ഇതെന്താ അച്ഛനും അമ്മേം പിണങ്ങി നടക്കുന്നേന്നു. എനിക്കും രണ്ടാളും സന്തോഷായിട്ട് ഇരിക്കുന്നത് കാണാനാ ഇഷ്ടം. ഗൗരിയമ്മ പറഞ്ഞാ കൃഷ്ണ കേൾക്കൂലേ….

എന്റെ വയറിൽ കൈ വെച്ച് കൊണ്ട് അമ്മ പറഞ്ഞു

കേൾക്കും…

എന്നാ പിണക്കമൊക്കെ മറന്ന് അരുണിന് കൈ കൊടുത്തേ….കണ്ണാ…കൈ കൊടുക്ക്…

അമ്മ പറഞ്ഞപ്പോൾ അരുണേട്ടൻ കൈ നീട്ടി.മനസ് ശരീരത്തേക്കാൾ വേഗത്തിൽ
ആ കൈകളിൽ ചേർന്നു.കൈകളിൽ കൈ ചേർത്ത് അരുണേട്ടനെ നോക്കി. കണ്ണുകൾ ഇടഞ്ഞു.ആ കണ്ണുകളിലെ ആഴങ്ങളിലെത്തുമ്പോഴേക്കും അരുണേട്ടൻ കണ്ണുകൾ ഇറുക്കിയടച്ചു.അരുണേട്ടന്റെ കൈയിൽ കോർത്തു പിടിച്ച കൈ പതിയെ പിൻവലിച്ചു ആ കൈക്ക് അടുത്തായി തന്നെ വെച്ചു.കൈയിലെ ചെറു രോമങ്ങൾ തട്ടുന്നത്ര അടുത്ത് എന്നിട്ട് ആ കൈകൾ നോക്കി കിടന്നു.അരുണേട്ടനും കൈ മാറ്റാതെ കണ്ണുകടച്ചു കിടന്നു.അരുണേട്ടന്റെ കൈകളിൽ കൈ വെച്ചപ്പോൾ എന്റെ ശ്വാസ ഗതി വേഗത്തിലായതു പോലെ അരുണേട്ടന്റേം വേഗത്തിലായി കാണ്വോ. അരുണേട്ടന്റെ നെഞ്ചിൽ തല വെച്ച് കാതോർത്തു കിടക്കാൻ കൊതി തോന്നി.

രണ്ടു പേരോടുമായിട്ട് പറയുവാ…ഇനി അരുണേട്ടൻ എന്നോട് മിണ്ടുന്നില്ലാ..കൃഷ്ണ എന്നെ നോക്കുന്നില്ലാന്നൊക്കെ പറഞ്ഞ് രണ്ടും എന്റെടുത്ത് വന്നാ…ചെവി പിടിച്ച് പൊന്നാക്കും രണ്ടിന്റേയും.

രണ്ടു പേരുടെരും ചെവിയിൽ ചെറുതായി പിടിച്ചു കൊണ്ട് പറഞ്ഞു

മനസിലായല്ലോ…രണ്ടിനും ..നിങ്ങൾ തമ്മിലുള്ള ദേഷ്യോം പിണക്കോം നിങ്ങൾ തന്നെ തീർത്തോളണം.ഇനി ഞാൻ ഇടപെടില്ല.ഇത് ലാസ്റ്റെത്തെയാ..ഒന്നാം ക്ലാസിലെ പിള്ളേര് പരാതി പറയുന്ന പോലെ ഇനി എന്റെടുത്തേക്ക് വരരുത് രണ്ടും.വര്വോ..രണ്ടും…

ഇല്ല…ഗൗരിയമ്മേ….

ഇല്ല ന്റെ മ്മേ…

തല ഉയർത്തി ഗൗരിയമ്മേടെ കവിളിൽ ഉമ്മ വെച്ചു.

എന്നാ എഴുന്നേറ്റേ…രണ്ടും …എനിക്ക് അടുക്കളയിൽ ഒരു പാട് ജോലി ഉള്ളതാ..രണ്ടും ഇവ്ടുന്നു പരിഭവോം പിണക്കമൊക്കെ പറഞ്ഞു തീർക്ക്..

കൃഷ്ണാ…സോറി..ഇനി ഒരിക്കലും ഞാൻ അങ്ങനെയൊന്നും പറയില്ല… പേടിയും ദേഷ്യോം കാരണം പറഞ്ഞു പോയതാ….

അരുണേട്ടന് കടല് ഇഷ്ടാണോ….

എന്തിനാ ചോദിച്ചത് എന്ന പോലെ അരുണേട്ടൻ നോക്കി.

എന്റെ അച്ഛൻ കടലിന്റെ ഇരമ്പൽ കേൾക്കാൻ പറ്റുന്ന സ്ഥലോം വീടും ഉള്ളതൊക്കെ വിറ്റ് പൊറുക്കിയിട്ട് അച്ഛന്റെ സുഹൃത്തിന്റെ അടുത്തൂന്നും വാങ്ങി.വീടിന്റെ മുറ്റത്തെ മരത്തിന്റെ ഏറ്റവും താഴത്തെ കൊമ്പിൽ കേറിയാ കടലും കടലിൽ കളിക്കുന്നവരേം കാണാൻ പറ്റും.ഞാനും അനിയനും ആ മരക്കൊമ്പിലിരുന്ന് അതൊക്കെ കണ്ടിരിക്കാറുണ്ടായിരുന്നു.രാത്രി അച്ഛനും അമ്മേം ഞാനും അനിയനും കടലിന്റെ ഇരമ്പലിന് കാതോർത്താ കിടക്കാറ്.ഒരു ദിവസം എന്തൊക്കെയോ ശബ്ദം കേട്ടപ്പോൾ അച്ഛൻ പറഞ്ഞു വേലിയേറ്റത്തിന്റേ ആയിരിക്കുംന്നു.പിന്നെ അല്ലാന്നുള്ള തോന്നലിൽ ഞങ്ങൾ പുറത്തിറങ്ങി നോക്കി.അപ്പോഴേക്കും കടൽ വെള്ളം വീട്ടിലെത്തിയിരുന്നു.എന്നെ ഒഴിച്ച് ബാക്കി ഒക്കെ കടലെടുത്തു.അതിന് ശേഷം കടല് കണ്ടിട്ടില്ലാ ..കാണാൻ പറ്റിയിട്ടില്ലാന്നുള്ളതാ സത്യം..പക്ഷേ എനിക്ക് കടലിനെ പേടിയില്ല അരുണേട്ടാ..പേടിയല്ല ദേഷ്യാ കടലിനോട് തോന്നിയത്.എന്നെ ആരുമില്ലാത്തവളാക്കിയതിന്.പിന്നെ ചിന്തിച്ചപ്പോ വീണ്ടും ഇഷ്ടം തോന്നി.ആ കടലിലല്ലേ അച്ഛനും അമ്മേം അനിയനും ഉള്ളത്.വിധിയാ ഒക്കെ….ഒന്നിനേം പേടിച്ചിട്ടോ പഴിച്ചിട്ടോ കാര്യല്ല…

അരുണേട്ടൻ ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്.

നമുക്ക് തോന്നും അരുണേട്ടാ ..നമ്മുടെ സന്തോഷം ഒക്കെ ഇല്ലാതായീന്ന്.പക്ഷെ എന്തൊക്കെയാ ബാക്കി വെച്ചിട്ടുണ്ടാവും. എനിക്കായി ബാക്കി വച്ചതാ എന്റെ കുഞ്ഞ്.എന്റെ ജീവിതം തന്നെ എന്റെ കുഞ്ഞാ

വയറിൽ കൈ വെച്ച് വാവയെ നോക്കിയപ്പോ വാവ അനങ്ങി എന്നോട് ഒന്നു കൂടി ചേർന്നു കിടന്ന പോലെ.വെറ്തേ തോന്നിയതായിരിക്കും.നാലര മാസമല്ലേ ആയുള്ളു.അഞ്ച് മാസം ആയലല്ലേ കുഞ്ഞ് അനങ്ങൂ.എന്റെ കുഞ്ഞ് എന്നു പറയുമ്പോഴൊക്കെ മനസിൽ നമ്മുടെ കുഞ്ഞ് എന്ന് തിരിച്ചു പറഞ്ഞു കൊണ്ടിരുന്നു.

അതേ പോലെ പ്രീയപ്പെട്ടതാണ് അരുണേട്ടനുന്നു പറയണമെന്നുണ്ട്.എന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ പ്രണയത്തോടെ ഉമ്മ വെക്കുമ്പോൾ അരുണേട്ടന്റെ കാതിൽ ഞാൻ അത് പറയും.

ഇനിയും ഒന്നും നഷ്ടപ്പെടാൻ വയ്യ കൃഷ്ണാ…അതിന്റെ കരുതൽ കൂടിയാ ഈ പേടി..പക്ഷേ ഇനി ഒരിക്കലും ഞാൻ നിന്നെ ഇതു പോലെ വേദനിപ്പിക്കില്ല കൃഷ്ണാ..നിനക്കെന്നെ വിശ്വസിച്ചു കൂടെ…

എനിക്ക് വിശ്വാസാണ് അരുണേട്ടാ…

?????????????

നീ എന്തിനാ ഗൗരി ഇങ്ങനെ വെപ്രാളപ്പെട്ട് ഓരോന്ന് ചെയ്യുന്നേ…എവ്ടെ പോവാൻ നോക്കുമ്പോഴേക്കും ഉള്ളതാ നിന്റെ വെപ്രാളം..വെപ്രാളപ്പെട്ട് ഓരോന്ന് മറന്നു വെക്കുവേം ചെയ്യും..

ബാഗിൽ വെപ്രാളപ്പെട്ട് സാധനങ്ങൾ എടുത്തു വെക്കുന്നത് അച്ഛൻ പറഞ്ഞു.

കൃഷ്ണാ…നിന്റെ മെഡിസിനും മെഡിക്കൽ റിപ്പോർട്ടും എടുത്ത് വെച്ചോ..

അതെടുത്തു വെച്ചു…

എന്നാ നീ പോയി കിടന്നോ…ഉറക്കമിളക്കണ്ടാ…ഞങ്ങളെടുത്ത് വെച്ചോളാം..

മുറിയിൽ പോയി കിടന്നിട്ടും ഉറക്കം വന്നില്ല.കുറച്ച് കഴിഞ്ഞ് അരുണേട്ടൻ മുറിയിൽ വന്നു.പുതപ്പ് ദേഹത്തേക്ക് വലിച്ച് ഇട്ടു തന്നപ്പോൾ കണ്ണു തുറന്നു

നല്ല ആളാ..‌ഇനിയും നീ ഉറങ്ങിയില്ലേ..ഉറങ്ങാൻ വേണ്ടിയല്ലേ ഇങ്ങോട്ട് പറഞ്ഞു വിട്ടത്.

ഉറക്കം വന്നില്ല അതാ…

കണ്ണടച്ച് കിടക്ക് അപ്പോൾ ഉറക്കം വരും.നാളെ ഉച്ചക്ക് ഇവ്ടെ നിന്നും ഇറങ്ങേണ്ടതാ…

കൃഷ്ണാ..നീ ഉറങ്ങിയോ…

ഇല്ല….

നീയെങ്ങനെയാ ഇവ്ടെ എത്തിയേ….

അമ്മേടെ തറവാട്ടിലായിരുന്നു പിന്നെ.അച്ഛാച്ഛനും അമ്മമ്മയും മരിച്ചപ്പോൾ അവിടെ ഒരു അധികപറ്റായി മാറി.അതിന്റെ അടുത്തായിരുന്നു രാവുണ്ണിയേട്ടന്റെ വീട്.ആ വീട്ടിൽ ഒട്ടും നിക്കാൻ പറ്റാതായപ്പോഴാ രാവുണ്ണി നായരാ ഇവ്ടെ കൊണ്ടാക്കിയത്.

ഒരുപാട് അനുഭവിച്ചല്ലേ നീ…

ഇപ്പോ അതൊക്കെ ഓർക്കുമ്പോ എനിക്ക് തന്നെ അത്ഭുതം തോന്നും എങ്ങനെയാ ഞാനതൊക്കെ സഹിച്ചേന്നു…

ഞാനും നിന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടല്ലേ..മോഹിപ്പിച്ചിട്ട് പിന്നെ അകറ്റി നിർത്തിട്ട്…

ഞാൻ സങ്കടപ്പെടുന്നത് അരുണേട്ടെനെ ഓർത്താ..ഞാൻ വേദനിക്കാതിരിക്കാനായി ഒരോന്നു കാണിച്ചു കൂട്ടുന്നത് കണ്ട്…

PART 15

രാത്രി ഇരുവരും എന്തൊക്കെയോ സംസാരിച്ചു.ഇടക്ക് ഉറങ്ങ് ..ആരോഗ്യത്തിന് ദോഷമാണെന്ന് പറഞ്ഞു അരുണേട്ടൻ ശാസിക്കും.പിന്നെയും സംസാരിക്കും.ഇതു വരെ ആരോടും പറയാതിരുന്ന വിഷമങ്ങൾ അരുണേട്ടനോട് പറഞ്ഞു കൊണ്ടിരുന്നു. കണ്ണീർ തുള്ളികൾ ഉതിർന്നു വീണപ്പോൾ സാരല്ല …അതൊക്കെ കഴിഞ്ഞില്ലേ..വിട്ടേക്ക് ന്നു പറഞ്ഞു സമാധാനിപ്പിച്ചു. ഇങ്ങനെ കരയല്ലേ…ആരോഗ്യത്തെ ബാധിക്കുംന്നു ആവലാതിയോടെ പറഞ്ഞു.ഇടക്ക് അരുണേട്ടന്റെ വിഷമങ്ങൾ പറഞ്ഞു.ഇടക്കെപ്പോഴോ അരുണേട്ടനും കുറേ കരഞ്ഞു.മുറീലേ നേർത്ത വെളിച്ചത്തിൽ മുഖാമുഖം നോക്കി കിടന്നു.ഇരുവരും ഉറങ്ങുമ്പോൾ കണ്ണീരിന്റെ പശുപശപ്പ് കവിളിൽ പറ്റിപ്പിടിച്ചിരുന്നു.മനസിൽ ഇതു വരെയായി ആളിക്കത്തിയതും എരിഞ്ഞു കൊണ്ടിരുന്നതിനൊക്കെ ഒരു ശമനം പോലെ.

അരുണേട്ടാ…എഴുന്നേറ്റേ….

കണ്ണു തിരുമികൊണ്ട് എഴുന്നേറ്റു.

കണ്ണു പുകയുന്ന പോല്ണ്ട്…ഇന്നലെ ശരിക്ക് ഉറങ്ങാഞ്ഞിട്ട്…

കിടന്നു കൊണ്ട് പറഞ്ഞു.അപ്പോഴാ എന്റെ മുഖം ശ്രദ്ധിച്ചത്.

ഞാൻ പറഞ്ഞതാ…കരയല്ലേ..ഉറക്കമൊഴിയല്ലേന്നൊക്കെ…മുഖം നോക്ക്…കണ്ണൊക്കെ ചുവന്ന്..മുഖമൊക്കെ വീർത്തിട്ടുണ്ട്.അമ്മയോ അച്ഛനോ കണ്ടാൽ എന്നെയാ ചീത്ത പറയ്യാ..ഞാൻ കരയിച്ചതാന്നേ അവര് പറയൂ….അച്ഛമ്മ കണ്ടാൽ പിന്നെ പറയണ്ടാ…

എഴുന്നേറ്റ പാടെ അരുണേട്ടൻ തുടങ്ങി.

അരുണേട്ടൻ പോയി കണ്ണാടീല് നോക്ക്…എന്റെ കണ്ണു ചുവന്നതിനേക്കാൾ കൂടുതൽ അരുണേട്ടന്റെ കണ്ണു ചുവന്നിട്ടുണ്ട്.മുഖം ശരിക്കും മത്തങ്ങ പോല്ണ്ട്…

അരുണേട്ടൻ പുതപ്പെടുത്ത് മാറ്റി എഴുന്നേറ്റ് കണ്ണാടീല് നോക്കി.

ശ്ശെ..ശരിക്കും മനസിലാവ്വോ കരഞ്ഞതാന്നു.

മ്ം…ശരിക്ക് മനസിലാവും..കണ്ണൊക്കെ ചോന്നിട്ടുണ്ട്…

ഇനി എങ്ങനെ പുറത്ത് പോവും.അച്ഛനൂം ചിറ്റപ്പനും എന്തായാലും കണ്ടുപിടിക്കും…ഉറങ്ങാഞ്ഞിട്ടാന്നു പറയാം അല്ലേ…

നീ ചിരിക്കല്ലേ..നീയാ തൊടങ്ങി വെച്ചേ..

തലക്ക് കൈ കൊട്ത്ത് കൊണ്ട് പറയുന്ന കേട്ട് വാ പൊത്തി ചിരിച്ചു.

ഞാനോ..ഉറങ്ങാൻ തൊടങ്ങിയ എന്നെ കൊണ്ട് കഥ പറയിച്ചതാരാ..

ഇനി എന്നെ കുറ്റം പറയ്…എത്ര പറഞ്ഞതാ നിന്നോട് ഉറക്കം കളയല്ലേന്നു ….ഈ സമയത്ത് ഉറക്കം കളയുന്നത് നല്ലതല്ലാന്നു.അപ്പോ അവൾക്ക് പിറ്റേന്ന് ലോകം അവസാനിക്കുന്ന പോലെയായിരുന്നു വിശേഷം പറച്ചിൽ…..

കീഴ്ചുണ്ട് പിളർത്തി കൊണ്ട് അരുണേട്ടനെ നോക്കി

ഇപ്പൊ വല്ലാണ്ട് സന്തോഷം തോന്നുന്നു അരുണേട്ടാ…കെട്ടിക്കിടന്നതെന്തൊക്കെയൊ ഒരുമിച്ച് ഇല്ലാണ്ടായത് പോലെ….എന്തൊക്കെയോ പടിയിറങ്ങി പോയത് പോല്ണ്ട്….

ചിരിയോടെ അതും പറഞ്ഞു കൊണ്ട് നോക്കിയപ്പോൾ കലഹം നിർത്തി മുഖത്തേക്ക് നോക്കി.ഒരു നിമിഷം കണ്ണുകൾ സംസാരിച്ചു.പിന്നെ എന്തൊക്കെയോ കലഹിച്ചു.വിട്ടു കൊടുക്കാതെ എന്റെ കണ്ണുകളും…കണ്ണിലും മനസിലും ഒരുപോലെ ഒരു പിടപ്പ്.

മുഖത്ത് നല്ല ക്ഷീണംണ്ട്….കൊറച്ച് സമയം കൂടി കിടന്നോ..ഞാൻ അമ്മയോട് പറയാം..

കണ്ണുകൾ കുറച്ച് സമയം അടച്ചു പിടിച്ചു ശേഷം മുഖത്ത് നോക്കാതെ ജനൽ പാളിയിൽ നോക്കി കൊണ്ട് പറഞ്ഞു.

വേണ്ട ….എനിക്ക് കൊഴപ്പൂല…..

?????????????

ശരിക്കും ഇവ്ടം വിട്ട് പോവാൻ തോന്നുന്നില്ല.എനിക്കായ് എന്തൊക്കെയോ തന്ന ഇടം..അരുണേട്ടൻ..ഞങ്ങളുടെ കുഞ്ഞ്.ഇനി നല്ലതായി ഒന്നും ഉണ്ടാവില്ലെന്നു കരുതിയപ്പോൾ ജീവിതം വീണ്ടും ഒന്നിൽ നിന്നും തുടങ്ങിയത് ഇവ്ടെ നിന്നാണ്.

കുഞ്ഞൂസ് വല്ലോം അറീന്നുണ്ടോ ഇന്ന് നമ്മള് ഡൽഹീല് പോവാ..അതും വിമാനത്തില്…വാവക്ക് എവ്ടെയാ ഇഷ്ടം…എനിക്ക് ഇവ്ടെയായ് രുന്നു ഇഷ്ടം…ഇവ്ടെത്തെ സുഖൊന്നും വേറെ എവ്ടേം കിട്ടൂല..അവ്ടെത്തെ ഭാഷ പോലും അറീല…ആൾക്കാരോടൊന്നും സംസാരിക്കാതെ ശ്വാസം മുട്ടും..ഓർക്കുമ്പോ തന്നെ പേടിയാവുന്നു…ഇപ്പോ എന്താ ചെയ്യാ….പോയല്ലേ പറ്റൂ…നിനക്ക് വരാനിഷ്ടല്ലേ വരണ്ടാ…ഞാൻ പോവ്വാണേൽ എന്റെ കുഞ്ഞിനേം കൂട്ടിയേ പോവൂന്നാ കുഞ്ഞൂന്റെ അച്ഛൻ പറഞ്ഞേ…എന്നാലും എന്നോട് വാന്നു ഇത് വരെ പറഞ്ഞിട്ടില്ല…മൊശകോടൻ..

സാരീടെ ചെറിവ് കൈയിൽ പിടിച്ചായിരുന്നു വാവെയോട് കിന്നാരം.വയറ് കൂടിയത് കൊണ്ട് സാരീടെ നീളം കുറഞ്ഞു.സാരി നിലത്ത് മുട്ടുന്നില്ല.സാരി തലപ്പിന്റെ നീളവും കുറവാണ്.പെട്ടെന്നാണ് അരുണേട്ടൻ ഡോർ തുറന്നു വന്നത്.സാരിത്തലപ്പ് പെട്ടെന്ന് തന്നെ എട്ത്തിട്ടു.

സോറീ….ഡോർ അടക്കാത്തോണ്ടാ ഞാൻ …പെട്ടെന്ന് തുറന്ന് പോയെ…

അരുണേട്ടൻ നോട്ടം പെട്ടെന്ന് മാറ്റി കൊണ്ട് പറഞ്ഞു

ഞാൻ അടക്കാത്തത് ശ്രദ്ധിച്ചില്ല…

തിരിച്ചൊന്നും പറഞ്ഞില്ല…

അച്ഛമ്മ വിളിക്കുന്നുണ്ട്…റെഡിയായി വേഗം വാ….

അതും പറഞ്ഞു ധൃതിയിൽ താഴേക്ക് പോയി.

ഈശ്വരാ അരുണേട്ടൻ ഒന്നും കേട്ട് കാണല്ലേ..പെട്ടെന്ന് തന്നെ ഒരുങ്ങി..അച്ഛമ്മേടെ അടുത്തിരുന്നു സംസാരിക്കുന്നുണ്ട്. അരുണേട്ടൻ എന്നെ കണ്ടപ്പോൾ ആൾടെ മുഖത്ത് ഇത്തിരി ഗൗരവം വന്നു.ഇത്തിരി അല്ല കുറച്ച് അധികം ഗൗരവം ഉണ്ട് മുഖത്ത്.ചിലപ്പോ ചമ്മൽ കാരണമായിരിക്കും.മുഖത്തേക്ക് നോക്കി ഗൗരവത്തെ പറ്റി പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് കണ്ണു കൊണ്ട് അച്ഛമ്മെ നോക്കാൻ കണ്ണു കൊണ്ട് കാണിച്ചത് അതും ഗൗരവത്തോടെ.

എന്റെ പേരക്കുട്ടിയേം കൊണ്ട് വേഗം വരണം രണ്ടാളും…

അച്ഛമ്മ രണ്ടാളേം ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.രണ്ടു പേരുടേം കവിളിൽ ഉമ്മ വെച്ചു.തിരിച്ച് അച്ഛമ്മേടെ കവിളിൽ ഉമ്മ കൊടുത്തു.ശ്രീജേച്ചി എന്നോടൊഴിച്ച് ബാക്കി ഉള്ളവരോട് സംസാരിച്ചു.പോയിട്ട് വരാംന്നു പറഞ്ഞപ്പോൾ..ശരീന്നു പറഞ്ഞു.ചിറ്റപ്പനായിരുന്നു കാറോടിച്ചത്.അരുണേട്ടൻ മുന്നിലിരുന്നോളാംന്നു പറഞ്ഞപ്പോൾ അച്ഛൻ ഞങ്ങളുടെ കൂടെ പിറകിൽ കേറി.

ഇത്ര പേടി ഉണ്ടേൽ നിനക്ക് നിനക്ക് പിറകിൽ ഇരുന്നൂടായിരുന്നോ….വെറ്തേ ഇടക്കിടക്ക് തിരിഞ്ഞ് നോക്കി കൊണ്ടിരിക്കണോ…

ഇനി അവൻ അവ്ടെ എത്തുന്ന വരെ തിരിഞ്ഞ് നോക്കികൊണ്ടിരിക്കും…

അരുണേട്ടൻ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കുന്നത് കണ്ട് അച്ഛനും ചിറ്റപ്പനും കൂടി കേട്ട് അരുണേട്ടനെ നോക്കി.ഞാൻ നോക്കുന്നത് കണ്ടതും അരുണേട്ടൻ മുന്നോട്ട് നോക്കിയിരുന്നു.അച്ഛനും ചിറ്റപ്പനും എന്തൊക്കെയോ സംസിരിക്കുന്നുണ്ട്.ഒളികണ്ണിട്ട് അരുണേട്ടനെ നോക്കി അവരത് പറഞ്ഞ ശേഷം പിറകിലേക്ക് നോക്കിയിട്ടില്ല..

പേടിക്കുമ്പോൾ പിടിക്കാൻ മൊരടന്റെ കൈ തന്നെ വേണംല്ലേ….

വിമാനത്തിൽ നിന്നും പേടിച്ച് കൈയിൽ പിടിച്ചപ്പോൾ അരുണേട്ടൻ എനിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു.

മൊരടൻ ന്നല്ല മൊശകോടൻന്നാ വിളിച്ചേ….

എന്നാ മൊശകോടന്റെ കൈയീന്ന് കൈ എട്ത്തേ….

പ്ലീസ്…അരുണേട്ടാ  പേടിച്ചിട്ടാ….

അരുണേട്ടൻ ഒന്നു നോക്കി.

സത്യായിട്ടും പേടിച്ചിട്ടാ….ആദ്യായിട്ടാ വിമാനത്തിൽ കേറുന്നേ…

അരുണേട്ടൻ ചിരിച്ചു.

കൊറേ സമയം എട്ക്കുവോ….അവ്ടെ എത്താൻ…

വേഗം എത്തും..ഇറങ്ങിയ പാടേ സ്വെറ്റർ ഇടണം.നല്ല തണുപ്പായിരിക്കും…അല്ലേ ഇപ്പോ തന്നെ ഇടുന്നോ….

വേണ്ടാ…ഇറങ്ങീട്ട് ഇട്ടോളാം..

നിനക്ക് ഒട്ടും ഇഷ്ടല്ലേ ഡൽഹീല് വരാൻ…

ഡൽഹീല് എത്താനാവുമ്പോഴാണോ ചോദിക്കുന്നേ….ഇത്രേം ദിവസം ചോദിച്ചില്ലാലോ…

അതിന് മുൻപ് ചോദിച്ചാ നീ ഇഷ്ടല്ലാ വര്ന്നില്ലാന്നു പറഞ്ഞാലോ..അതാ ചോദിക്കാഞ്ഞേ… ചോദിക്കാഞ്ഞേ…ഇപ്പോ ഇഷ്ടല്ലാന്നു പറഞ്ഞാലും കുഴപ്പമില്ലാലോ…

അപ്പോ ഞാൻ വരണംന്നു ആഗ്രഹണ്ടോ….

കണ്ണുകൾ വിടർന്നു .ആകാംക്ഷയെക്കാൾ സന്തോഷം തോന്നി..അരുണേട്ടന് ഞാനും കൂടെ വേണംന്ന്ണ്ട് ന്ന തോന്നൽ മനസിന് വല്ലാത്ത കുളിർ.

എനിക്കെന്റെ കുഞ്ഞ് എപ്പോഴും എന്റെ കൂടെ വേണം. എന്നും കാണണം.കുഞ്ഞിന്റെ ഓരോ വളർച്ചേം അറിയണം…

അപ്പോ ഞാൻ വരണംന്നില്ല….

തല അരുണേട്ടന്റെ നേരെ തിരിച്ചു ചോദിച്ചു.മനസിലെ കുളിരൊക്കെ പതിയെ ഇല്ലാതാവുന്ന പോലെ.

കുഞ്ഞിനെ എന്നും അടുത്തു വേണമെങ്കിൽ ഇപ്പോ നീയും വേണ്ടേ.നിന്റെ വയറ്റിലല്ലേ കുഞ്ഞ്..

കുഞ്ഞിന് വേണ്ടി മാത്രാണോ…

എന്നെ വേണംന്നാണോ പറഞ്ഞത് ന്നറിയാൻ വീണ്ടും ചോദിച്ചു

നീയല്ലേ പറഞ്ഞേ കുഞ്ഞിനെ തന്നിട്ട് നിനക്കെവ്ടെയോ പോവണംന്നു…

എന്നെ  നോക്കാതെ വിൻഡോയിലൂടെ പുറത്ത് നോക്കിയാണ് ചോദിച്ചത്…

ഞാൻ സത്യാ പറഞ്ഞേ…ഞാൻ പോവും…

അപ്പോ പിന്നെ എന്താ പ്രശ്നം….

എനിക്കെന്താ പ്രശ്നം…എനിക്കൊന്നൂല…ഞാൻ പോവും…നോക്കിക്കോ..

ഞാനും എതിർ ദിശേലേക്ക് തിരിച്ചു കൊണ്ട് പറഞ്ഞു.എനിക്കെന്താ പ്രശ്നം.എന്നെ വേണ്ടേ എനിക്ക് അരുണേട്ടനേം വേണ്ട.എനിക്കും എന്റെ കുഞ്ഞു മാത്രം മതി. കുഞ്ഞിന് വേണ്ടി മാത്രാ ഞാനും വന്നേ. കുറച്ച് സമയം കഴിഞ്ഞ് വീണ്ടും അരുണേട്ടനെ നോക്കി

എന്താ….

അരുണേട്ടനെ തന്നെ നോക്കിയിരിക്കുന്നത് കണ്ടിട്ട് ചോദിച്ചു

മ്ംച്….

പിന്നെ കണ്ണുകളടച്ച് ചാരിയിരുന്നു.

?????????????

ഫ്ലാറ്റിലെത്തിയപ്പോഴേക്കും തളർന്നു പോയിരുന്നു.ശർദിയും കൂടി ആയപ്പോൾ ആകെ ക്ഷീണിച്ചു പോയി.

എങ്ങനെ ഉണ്ടായിരുന്നു ഫ്ലൈറ്റ് യാത്ര…ഇഷ്ടായോ…

ചെറിയ തല ചുറ്റൽ പോല്ണ്ടായിര്ന്നു…

എന്നിട്ട് നീ എന്തിട്ടാ എന്നോട് പറയാതിരുന്നേ…തല ചുറ്റി വീണിരുന്നേലോ…

അമ്മയോട് പറയുമ്പോഴേക്കും അരുണേട്ടൻ തുടങ്ങി

ചെറ്തായിട്ടേ ഉണ്ടായിരുന്നുള്ളൂ…കൊറച്ച് കഴിഞ്ഞ് മാറി..അതാ ഞാൻ പറയാഞ്ഞെ..

എന്റെ അരുണേ…അത് ആദ്യായിട്ട് ഫ്ലൈറ്റിൽ കേറിയതോണ്ടാ..ആദ്യായി കേറുമ്പോ എനിക്കും ഉണ്ടായിരുന്നു…

അമ്മ പറഞ്ഞു.

എന്നാലെന്താ പറയണ്ടേ….

ടാ …കൃഷ്ണ പ്രഗ്നന്റ് ആണ് അല്ലാതെ മാറാ രോഗിയല്ല.ഇങ്ങനെ പേടിക്കാനും ഇടംവലം തിരിയാൻ വിടാതെ ഇങ്ങനെ പിടിച്ച് വെക്കാനും….നിന്റെ കളി കണ്ടാൽ തോന്ന്വല്ലോ ആദ്യായിട്ട് ഈ ലോകത്ത് പ്രഗ്നന്റ് ഇവളാണെന്ന്…

അച്ഛൻ പറയുന്നത് കണ്ട് ഞാൻ ചിരിച്ചതും എന്നെ നോക്കിപ്പേടിപ്പിച്ചു.

പ്രഗ്നൻസി ടൈംന്നൊക്കെ പറഞ്ഞാ ഭാര്യേം ഭർത്താവും ആസ്വദിക്കുവേം ആഘോഷിക്കുവേം ചെയ്യേണ്ടതാ.അല്ലാണ്ട് ഇങ്ങനെ പേടിക്കേണ്ടതല്ല.ഞാനും നിന്റെ അമ്മേം കൂടി ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതും ആസ്വദിച്ചതും നീ ഗൗരീടെ വയറ്റിൽ ഉള്ളപ്പോഴാ.നീ ആണേ എന്തേലും ചെറിയ കാര്യത്തിന് അവളെ വഴക്ക് പറഞ്ഞോണ്ടിരിക്കും.

അവള് അശ്രദ്ധ കാണിക്കുമ്പോഴല്ലേ വഴക്ക് പറയുന്നേ…

നാളെ തൊട്ട് എന്റെ കൂടെ ഓഫീസിൽ വന്നോളണം.കൃഷ്ണയെ ഗൗരി നോക്കിക്കോളും.നീ ഉണ്ടേൽ ഇടം വലം തിരിയാൻ വിടില്ല.അങ്ങനെയെങ്കിലും കൃഷ്ണ ഇത്തിരി സമാധാനത്തിൽ ഇരുന്നോട്ടെ.

ഞാനില്ലാത്തതാ അവൾക്ക് സമാധാനമെങ്കിൽ ഞാൻ ഓഫീസിൽ പോയ്ക്കോളാം…ഞാൻ പേടിപ്പിച്ചിട്ട് ഇനി അവള് ആസ്വദിക്കാതിരിക്കണ്ട..

അതും പറഞ്ഞ് അരുണേട്ടൻ എഴുന്നേറ്റ് പോയി.അച്ഛൻ ചുമ്മ എന്ന് ആഗ്യം കാണിച്ചു

??????????????

എന്ത് പറ്റി….

ഒരുപാട് സമയം ഇരുന്നോണ്ടാ തോന്നുന്നു കാലിന് നീര് വന്നു…വല്ലാണ്ട് വേദനിക്കുന്നു…

കാലുകൾ നീരു വന്ന് വീർത്തിരിക്കുന്നു.നിറഞ്ഞ കണ്ണോടെ അരുണേട്ടനെ നോക്കി.

നീ കരയല്ലേ…ഞാൻ അമ്മയെ വിളിക്കാം…

അരുണേട്ടൻ അട്ത്ത് നിക്ക്വോ…കൊറച്ച് സമയം…

പുറത്തേക്ക് നടക്കാൻ നോക്കിയ അരുണേട്ടനോട് നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു.നീ കരയല്ലേ..ഞാനെവ്ടേം പോവാന്നില്ല..അരുണേട്ടൻ അമ്മയെ ഫോൺ വിളിച്ചു.

അമ്മേം അച്ഛനും കൂടി ഒരു പാത്രോം എട്ത്തോണ്ടാ വന്നത്

അരുൺ …കാലിൽ ചൂടു പിടിച്ചു കൊട്ത്തോ..എന്നിട്ട് ഈ കോട്ടൺ ചുറ്റി കൊടുക്ക്…മസിൽ പെയ്നായിരിക്കും.കൊറേ സമയം ഇരുന്നോണ്ടാ തോന്നുന്നു നല്ല നടുവേദന ഉണ്ട് അല്ലേ ഞാൻ ചെയ്ത് കൊടുത്തേനെ…

അരുണേട്ടാ…ഞാൻ ചെയ്തോളാം…

ഈ വയറും വെച്ചോ…നീ അവ്ടെ അടങ്ങി കിടന്ന് കാല് നീട്ട്….

ചൂടുണ്ടോ….

ഇല്ലാ…നല്ല സുഖംണ്ട്…

അധികം ചൂടാവിതിരിക്കാൻ ശ്രദ്ധിച്ചാണ് ചൂടു പിടിച്ചത്.

അരുണേട്ടാ…..

മ്മ്….

അരുണേട്ടൻ നല്ല അച്ഛനാണ്…..അരുണേട്ടൻ ഓരോന്ന് ചെയ്യുന്ന കാണുമ്പോ എനിക്ക് അച്ഛനെയാ ഓർമ വരാറ്..ഞങ്ങളെ ഒന്നു വഴക്ക് പറയാൻ കൂടി വിടില്ലായിരുന്നു…ഞങ്ങൾക്ക് ചെറിയ പനി വന്നാ പോലും ഭയങ്കര ടെൻഷനായിരിക്കും…

ആണോ…പിന്നെയോ…

നല്ല മോനാണ്….

പിന്നെയോ…

പിന്നെ…..നല്ല കാമുകനാണ്… അക്കുവിന്….ശരിക്കും അസൂയ തോന്നുന്നു അക്കുവിനോട്.

ചൂടു പിടിക്കുന്നത് ഒന്നു നിന്നു. പിന്നെയും ചൂടു പിടിച്ചു.പിന്നെ ഒന്നും സംസാരിച്ചില്ല. മതിയെന്നു പറഞ്ഞപ്പോൾ വന്നു കിടന്നു.രണ്ടു പേരും ഒന്നും സംസാരിച്ചില്ല.

കൃഷ്ണാ….എനിക്ക് നിന്നോട് സ്നേഹമൊക്കെ ഉണ്ട്….

നമ്മൾ പറഞ്ഞു ഫലിപ്പിക്കേണ്ടി വരുമ്പോഴാണ് സ്നേഹം പരാജയപ്പെടുകാന്നു പണ്ടൊരിക്കൽ എന്നോട് ഒരാൾ  പറഞ്ഞിട്ടുണ്ട്….

ആര്….

അരുണേട്ടന് നന്നായി അറിയാവുന്നയാളാ….

പിന്നെയും കുറേ സമയം ഒന്നും സംസാരിക്കാതെ മുകളിലേക്ക് നോക്കി കിടന്നു.

ഞാനെപ്പോഴാ അത് പറഞ്ഞത്…

ഏത്…..

കൃഷ്ണാ..തമാശ കളിക്കാതെ പറയ്…

പറയില്ല….എല്ലാം മറന്നതല്ലേ….

എന്നും ഓർക്കും എന്ന് പറഞ്ഞിട്ട് എല്ലാം മറന്നതിന്റെ ചെറിയ പരിഭവം.

കൃഷ്ണാ…..പ്ലീസ്…

പറയാം…പിന്നീടൊരിക്കൽ…

ഇനിയുള്ള നമ്മുടെ ഒരു നിമിഷവും മറക്കില്ലാന്നു എന്നെ നെഞ്ചോട് ചേർത്ത് പറയുമ്പോ ഞാൻ എല്ലാം പറയും.അരുണേട്ടൻ മറന്ന ആ നിമിഷങ്ങളെ പറ്റി.

അരുണേട്ടാ…

മ്ം…

അരുണേട്ടന് ഒന്നും ഓർമയില്ലേ…..

ഇല്ല….നിന്നെ തറവാട്ടിൽ വെച്ച് കണ്ടത് നേരിയ ഓർമ ഉണ്ട് അതും സുബോധമുള്ളപ്പോ. മറ്റൊന്നും ഓർമ കിട്ടുന്നില്ല.ഒരുപാട് പ്രാവിശ്യം ഓർത്ത് നോക്കി.ഒന്നും ഓർമ കിട്ടുന്നില്ല.

തുടരും…