നിനവ് ~ പാർട്ട് 16 & 17 ~ എഴുത്ത്: NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അരുണേട്ടന് ഒന്നും ഓർമയില്ലേ…..

ഇല്ല….നിന്നെ തറവാട്ടിൽ വെച്ച് കണ്ടത് നേരിയ ഓർമ ഉണ്ട് അതും സുബോധമുള്ളപ്പോ. മറ്റൊന്നും ഓർമ കിട്ടുന്നില്ല.ഒരുപാട് പ്രാവിശ്യം ഓർത്ത് നോക്കി.ഒന്നും ഓർമ കിട്ടുന്നില്ല.

ദീർഘ നിശ്വസത്തിനപ്പുറം ഒന്നും മറുപടി കൊടുത്തില്ല.

കൃഷ്ണാ..നീ പറയില്ലേ എപ്പോഴാ ഞാനത് പറഞ്ഞേന്നു…

അരുണേട്ടൻ ചോദിക്കും..ഞാൻ എല്ലാ കഥയും പറയും …അവസാനം ഉറങ്ങാൻ ലേറ്റാവും.രാവിലെത്തെ ക്ഷീണം കാണുമ്പോ ഉറക്കപ്പായിൽ നിന്ന് തന്നെ എന്നെ വഴക്ക് പറയും.എനിക്ക് വയ്യ വെറും വയറ്റിൽ വഴക്ക് കേൾക്കാൻ…അതോണ്ട് ഞാൻ ഉറങ്ങുവാ..അരുണേട്ടൻ കിടന്ന് ആലോചിക്ക് എപ്പോഴാ എന്നോട് പറഞ്ഞേന്ന്..ഓർമ വന്നാ എന്നോട് രാവിലെ പറഞ്ഞാ മതീട്ടോ…

നീ പോടി….

നേരെ തിരിഞ്ഞു കിടന്നു കളഞ്ഞു.ഒരു ചെറു ചിരിയോടെ ഞാനും ഉറക്കത്തിലേക്ക് വീണു.

അച്ഛന്റെ കാലു പിടിച്ച് ഓഫീസിൽ പോക്ക് ഒരാഴ്ചത്തേക്ക് നീട്ടി.എന്നെ കൊണ്ടും അമ്മെയെ കൊണ്ടും ശുപാർശ ചെയ്പ്പിച്ചു.വീട്ടിൽ നിന്നും ജോലി ചെയ്യാംന്നു സമ്മതിച്ചു. എത്ര പറഞ്ഞാലും മാറാത്തത് എനിക്ക് കിട്ടുന്ന വഴക്കും പേടിയുമാണ്.കാലൊന്നു ചെറുതായൊന്നു തട്ടിയാ മതി പിന്നെ നാടുവിടുന്നതാവും നല്ലത്.പിന്നെ പേടി.എന്നോട് ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യം ഹോസ്പിറ്റലിൽ പോവണോന്നായിരിക്കും.വണ്ടി ഓടിക്കില്ല..എന്നെ പുറത്ത് കൊണ്ട് പോവില്ല..എല്ലാറ്റിനും വല്ലാത്ത പേടി.പക്ഷെ ഇതൊക്കെ ചേർന്ന അരുണേട്ടനെ ഞാൻ വല്ലാതെന്നു പറഞ്ഞാൽ വല്ലാതെ…ഭ്രാന്തമായി പ്രണയിക്കുന്നു എന്നാണ് സത്യം.

അരുണേട്ടന് എന്താ ശരിക്കും ജോലി….

ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരിക്കുവായിരുന്നു അരുണേട്ടൻ

ഇപ്പോഴാണോ ചോദിക്കുന്നേ…കുറച്ചൂടി കഴിഞ്ഞ് ഇതൊക്കെ അറിഞ്ഞാൽ പോരായ് രുന്നോ…ഇനിയുമെത്ര സമയം കിടക്കുന്നു…അല്ലാ നീ അടുക്കളേൽ ഇത്രേം സമയം ഉണ്ടാക്കികൊണ്ടിരുന്നത് ഈ ചോദ്യായിരുന്നോ…

ലാപിൽ നിന്നും തല ഉയർത്തിയിട്ടില്ല.

കളിയാക്കാണ്ട് പറയ് അരുണേട്ടാ…..

പഠിച്ചത് സിഎസ്.കുറച്ച് നാൾ ഒരു കമ്പനീല് വർക്ക് ചെയ്തു.അതിനിടയിൽ സ്വന്തമായൊരു ബിസ്നസ് ന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.അതിപ്പോ വേണ്ടാന്നു വെച്ചു.ഇപ്പോ അച്ഛന്റെ ബിസിനസിൽ ഓൾ ഇൻ ഓളായി നടക്കുന്നു….

അതെന്താ പിന്നെ സ്വന്തമായി ബിസ്നസ് നോക്കാഞ്ഞേ…

അതിന്റെ ഏകദേശം ലീഗൽ പ്രോസീഡിങ്സൊക്കെ കഴിഞ്ഞ് കമ്പനി ഫോർമേഷനിൽ എത്തിയതായിരുന്നു. അപ്പോഴാ ആക്സിഡന്റ്…മനസിലായോ…

മ്ംച്ച്….

ചുമൽ ഉയർത്തി കൊണ്ട് പറഞ്ഞു

ഒരു ബിസിനസ് തുടങ്ങാൻ ഒരുപാട് കാര്യങ്ങൾ ചെയ്യണം.അതൊക്കെ ചെയ്തതായിരുന്നു അപ്പോഴാ ആക്സിഡന്റ്.മനസിലായോ..

മറുപടി ഇല്ലാത്തോണ്ടായിരിക്കും അരുണേട്ടൻ തല ഉയർത്തി നോക്കി.

നീ സ്വപ്നം കാണ്വാണോ…

അരുണേട്ടന് ഇതുപോലെ എപ്പോഴെങ്കിലും പറഞ്ഞതായി ഓർമയുണ്ടോ…

എങ്ങനെ…

ആദ്യം പറഞ്ഞിട്ട് എനിക്ക് മനസിലാവാഞ്ഞിട്ട് പിന്നേം പറഞ്ഞത്….

അതിന് നിനക്കെപ്പോഴാ ഒരു പ്രാവിശ്യം പറഞ്ഞാ മനസിലായിട്ടുള്ളത്…നിന്നോട് ഞാൻ നടക്കാൻ പറഞ്ഞതല്ലേ..എന്നിട്ട് നടന്നോ…

ഈ ഇട്ടാവട്ടത്ത് എത്രാന്നു വെച്ചാ നടക്കുവാ …ഒന്നു പുറത്ത് കൊണ്ടു പോവാൻ പറഞ്ഞിട്ട് അതും ചെയ്യില്ല…എന്നിട്ട് കുറ്റം പറഞ്ഞോണ്ടിരിക്കും.തറവാട്ടിലായിരുന്നേ തൊടീലൊക്കെ നടക്കായിരുന്നു.നല്ല കാറ്റും വായും.ഇവ്ടെത്തെ കാറ്റ് പോലും സുഖൂല്ല…ഒരുമാതിരി മരവിച്ച കാറ്റ്…

മരവിച്ച കാറ്റോ..ഇവ്ടെയോ നല്ല ഭംഗിയുള്ള പൂക്കൾ ഉണ്ടാവുന്ന സ്ഥലാ ഇത്.നല്ല കടും ചോപ്പിലുള്ള പൂക്കൾ കണ്ടിട്ടുണ്ടൊ നീ..റോസ് കളറിലൊക്കെ ഉള്ള പൂക്കൾ കാണണം എന്ത് രസാന്നറിയോ….എത്ര ആൾക്കാരാ ടൂറിനായ് ഇവ്ടെ വര്ന്നേന്നറിയോ..കൊറച്ച് കഴിഞ്ഞാൽ ഈ സ്ഥലോം കാലാവസ്ഥയൊക്കെ ഇഷ്ടാവും…ആദ്യായൊണ്ടാ…അല്ലാ ഇനി  നിനക്ക് നാട്ടിൽ പോയേ തീരുന്നാണേ  ഞാൻ കൊണ്ട് വിടാം.പോവണോ നിനക്ക്…

ലാപ് അടച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു.

ദുഷ്ടൻ…

ചുണ്ട് കോണിലേക്ക് ആക്കികൊണ്ട് പറഞ്ഞു.

മറുപടി പറയാതെ അടുക്കളെലേക്ക് തന്നെ പോവാൻ എഴുന്നേറ്റു.

കൃഷ്ണാ….

അപ്പോഴേക്കും അരുണേട്ടൻ വിളിച്ചു

ഗർഭിണികൾക്ക് ആഗ്രഹങ്ങൾ കാണുംന്നു കേട്ടിട്ടുണ്ട്.നിനക്ക് അങ്ങനെ ആഗ്രഹങ്ങളൊന്നൂല്ലേ…

ഒരു വലിയൊരു ആഗ്രഹമുണ്ട്.അരുണേട്ടൻ എന്നെ കൈകൾ കൊണ്ട് നെഞ്ചിലേക്ക് ചേർത്തു പിടിച്ച് നെറ്റിയിൽ ചുംബിക്കണം.ഞാൻ പറഞ്ഞാൽ അരുണേട്ടൻ ചെയ്യും പക്ഷേ അതല്ല ഞാൻ ആഗ്രഹിക്കുന്നത്.അത്രയും പ്രണയത്തോടെ വേണം.ആ നെഞ്ച് എനിക്കു വേണ്ടി മിടിക്കുന്നത് എനിക്ക് കേൾക്കണം..അല്ലാതെ എന്റെ ആഗ്രഹം സാധിക്കാനായി ഒന്നും ചെയ്യേണ്ട.അതുകൊണ്ട് ഒന്നും ഇല്ലെന്നു പറഞ്ഞു.പക്ഷേ തിരിഞ്ഞു നടന്നപ്പോഴാണ്  ഒന്നോർമ വന്നത്.

അരുണേട്ടാ….

അരുണേട്ടൻ ഈ മുടി ഇങ്ങനെ കണ്ണിന് മോളിൽ കിടക്കുന്ന മാതിരി മുടി വളർത്ത്വോ..എണ്ണമയമില്ലാണ്ട് പാറിപ്പറക്കുന്ന മുടി…

അരുണേട്ടൻ അത്ഭുതത്തോടെ നോക്കി

ഇതാണോ നിന്റെ ആഗ്രഹം…

ഇനീം ഉണ്ട്..ഇത് ചെയ്തിട്ട് ബാക്കി പറയാം…

നിനക്ക് ഈ പച്ച മാങ്ങ പോലെത്തെ ഒന്നും തിന്നണമെന്നില്ലേ…ഞാൻ ഇപ്പോ പൊറത്ത് പോവും അതോണ്ട് ചോദിച്ചതാ..

ഇപ്പോ ഒന്നൂല…ഇപ്പോ ഇത് മാത്രം മതി….പൊറത്ത് പോവുന്നതൊക്കെ കൊള്ളാം കടും ചോപ്പും റോസും പൂക്കളെ നോക്കി നിക്കാണ്ട് വേഗം വന്നേക്കണേ..ഞാനും അമ്മയുമേ ഇവ്ടെ ഉള്ളൂ…

കൃഷ്ണാ…പിന്നെ …..കുഞ്ഞ് അനങ്ങാൻ തുടങ്ങിയോ…

നെറ്റിൽ വിരൽ കൊണ്ട് തടവി മുടിയൊക്കെ ഒതുക്കി കൊണ്ട് മടിച്ചുമടിച്ചാണ് പറഞ്ഞത്.മിക്കപ്പോഴും വയറിലേക്ക് അരുണേട്ടന്റേ കണ്ണുകൾ പോവുന്നത് ശ്രദ്ധിക്കാറുണ്ട്.

ഇല്ല..അരുണേട്ടാ….അനങ്ങേണ്ട സമയൊക്കെ ആയി.ആദ്യത്തെ ആയോണ്ടായിരിക്കുംന്ന അമ്മ പറഞ്ഞേ…ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട് അനങ്ങുന്നുണ്ടോന്നു…

അഞ്ചാം മാസത്തെ വരവേറ്റത് നെഞ്ചിടിപ്പോടെയാ.കുഞ്ഞ് ഇനി ഞങ്ങളോട് പ്രതികരിക്കാൻ തുടങ്ങും.അമ്മ കല്യാണത്തിനു ശേഷം എപ്പോഴും വയറിൽ മുഖം ചേർത്ത് എന്തൊക്കെയോ പറയും.ഇടക്ക് അച്ഛനും സംസാരിക്കും.അരുണേട്ടൻ ഇതൊക്കെ കണ്ട് ചിരിക്കും.ആഗ്രഹം കാണുമെന്നറിയാം.രാത്രി പതിഞ്ഞ ശബ്ദത്തിൽ കുഞ്ഞിനോട് സംസാരിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.

????????????

ഇത് ഒരുപാടുണ്ടല്ലോ…

അരുണേട്ടൻ കൈയിൽ നിറയെ സാധങ്ങളുമായി അരുണേട്ടൻ വരുന്നത് കണ്ട് അമ്മ പറഞ്ഞു.

ഇതെന്താ അരുണേട്ടാ….

ഇത് വൈറ്റ് നോക്കാനുള്ള മെഷിനാണ്….

റൂമിന്റെ ഒരു സൈഡിൽ വെച്ചു.അപ്പോ ഇനി വഴക്ക് പറയാൻ ഒരു കാരണം കൂടി ആയി.

ഇവ്ടെ ഇരിക്ക്…..

കട്ടിലിൽ പിടിച്ച് ഇരുത്തിയിട്ട് കസേര വലിച്ച് അടുത്തിരുന്നു.

ഇതെന്താ അരുണേട്ടാ…

അരുണേട്ടൻ കൈയിലെ പൊതി തുറന്നു. മസാല ദോശ

അമ്മക്കും അച്ഛനും ഉളളത് അമ്മേടെ കൈയിൽ കൊടുത്തു.അച്ഛൻ വരാൻ ലേറ്റാവും.അച്ഛൻ വന്നിട്ട് അമ്മ കഴിച്ചോളം.നീ കഴിച്ചോന്നു പറഞ്ഞു….

പൊതി വാങ്ങാൻ കൈ നീട്ടിയതും അരുണേട്ടൻ കൈ പിറകോട്ടാക്കി.

നീയല്ലേ പറഞ്ഞേ..ഒന്നും വേണ്ടാന്നു…

താ.. ..അരുണേട്ടാ….കൊതിയാവുന്നു…ഗർഭിണികളെ കൊതിപ്പിക്കാൻ പാടില്ലാട്ടോ…

നല്ല മണം…നാവില് വെള്ളമൂറുന്നു….

പൊതി മണത്തു നോക്കി കൊണ്ട് പറഞ്ഞു

അത് നിനക്ക് തന്നെയാ… കഴിച്ചോ…മുഴുവൻ കഴിച്ചോളണം…അല്ലേ അറിയാലോ…ഞാൻ കഴിപ്പിക്കും..

അരുണേട്ടൻ കഴിക്കുന്നില്ലേ…

ഞാൻ കഴിച്ചിട്ടാ വന്നേ…

അരുണേട്ടൻ താടിക്ക് കൈ കൊടുത്ത് ഞാൻ കഴിക്കുന്നത് നോക്കിയിരുന്നു.ഒരു കഷ്ണം മുറിച്ച് അരുണേട്ടന് നേരെ നീട്ടി.ആദ്യം കൈ കൊണ്ട് വാങ്ങാൻ നോക്കിയെങ്കിലും എന്റെ മുഖം വാടിയത് കണ്ടതു കൊണ്ടാവും വാ തുറന്നു.

മതി..ഇനി നീ കഴിച്ചോ അല്ലേ ഇത് നീ എന്നെ കൊണ്ട് തന്നെ കഴിപ്പിക്കും….

നുള്ളി കളിക്കാതെ വേഗം കഴിക്ക് കൃഷ്ണാ…വെറ്തെ ആണോ നീ കോലു പോലിരിക്കുന്നേ….

പിന്നെയും അരുണേട്ടനു നേരെ ദോശ കഷ്ണം നീട്ടി.എന്നെ വെഷമിപ്പിക്കേണ്ടെന്നു വെച്ച് അതും കഴിച്ചു.

എന്റെ വയറ്റിലല്ല..നിന്റെ വയറ്റിലാ കുഞ്ഞ്…അതോണ്ട് വേഗം കഴിച്ചേ…

നീ മുൻപ് എനിക്ക് ഇങ്ങനെ വായിൽ വെച്ച് തന്നിട്ടുണ്ടോ….

കഴിക്കുന്നത് നിർത്തി അരുണേട്ടനെ നോക്കി

അരുണേട്ടന് ഓർമ ഉണ്ടോ അത്…

മ്ംഹ്..മ്ഹ്.പെട്ടെന്ന് നീ ദോശ നീട്ടിയതൊക്കെ കണ്ടപ്പോൾ തോന്നി…

ഒരു കഷ്ണം കൂടി തരട്ടേ അരുണേട്ടന്…

മ്ഹ്ന്ന്ന മൂളസമ്മതമായി പറഞ്ഞ് വാ തുറന്നതും വലിയ കഷ്ണം വിരൽ കൊണ്ട് മുറിക്കാൻ തുടങ്ങി. ചെറ്ത് മതീന്നു പറഞ്ഞെങ്കിലും വലുത് തന്നെ കറിയിൽ മുക്കിയിട്ട് നീട്ടി.എന്തോ കണ്ണുകൾ മങ്ങിയത് പോലെ.കണ്ണുനീർ ഉറവ പൊട്ടി വരുന്നു.അരുണേട്ടൻ എല്ലാം മറന്നു പോയിന്നുള്ള സത്യം പിന്നെയും ഓർമ വന്നു.

എന്തിനാ കരയുന്നേ….ഞാൻ വഴക്കൊന്നും പറഞ്ഞില്ലാലോ…ഞാൻ ദോശ വേണംന്നല്ലേ പറഞ്ഞേ… ഞാൻ പറഞ്ഞത് വിഷമമായോ…

കണ്ണു നിറഞ്ഞത് കണ്ട് ടെൻഷനോടെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു.

എനിക്ക് ഓർമ ഇല്ലാഞ്ഞിട്ടാ കൃഷ്ണാ….ഞാനൊരുപാട് ശ്രമിച്ചു നോക്കി.നിന്റെ കണ്ണു നിറയുമ്പോ എനിക്കും നോവുന്നുണ്ട് കൃഷ്ണാ….ഞാൻ ഓർമയില്ലെന്ന് പറഞ്ഞത് നിനക്ക് വിഷമമായോ…

മ്ഹ്…മ്ഹ്…

കണ്ണു തുടക്ക്…എന്നാലെ ഞാൻ കഴിക്കൂ…

കൈ പുറം കൊണ്ട് കണ്ണു തുടച്ച് വായിൽ വെച്ചു കൊടുത്തു.

നീ സന്തോഷിക്കാനല്ലേ കൃഷ്ണാ ഞാനിതൊക്കെ ചെയ്യുന്നേ…അപ്പോ നീ ഇങ്ങനെ കരയല്ലേ….

ഇനി കരയ്യോ….

കണ്ണു തുടച്ച് അരുണേട്ടനെ നോക്കി ചിരിച്ചു.

എന്നാ ഒരു കഷ്ണം കൂടി താ…

അരുണേട്ടൻ വീണ്ടും വാ തുറന്നു

????????????

എവ്ടെ പിറന്നാളുകാരൻ…

കുളിക്കുവാ….

ഞങ്ങള് രണ്ടാളും റെഡിയായി.വേഗം ഇറങ്ങാൻ പറയ്….

അപ്പോഴേക്കും അരുണേട്ടൻ കുളിച്ച് ഇറങ്ങി.അമ്മയായിരുന്നു സാരീടെ ചെറിവെടുത്തു തന്നത്.വയറ് കാരണം സാരീടെ നീളം പിന്നേം കുറഞ്ഞു.അച്ഛൻ ഒരുപാട് പറഞ്ഞ ശേഷാണ് അരുണേട്ടൻ അമ്പലത്തിൽ പോവാൻ സമ്മതിച്ചത്. ഫ്ലാറ്റിന്റെ തൊട്ടടുത്തൊരു ചെറിയ കോവിലിൽ.കോവിലിലേക്ക് നടക്കുമ്പോൾ ഒരുപാട് തവണ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.കോവിലിൽ കണ്ണടച്ചു പ്രാർത്ഥിക്കുന്ന അരുണേട്ടനെ നോക്കി.കുഞ്ഞിനു വേണ്ടിയായിരിക്കും.ഞാനും ആ പ്രാർത്ഥനയിൽ കാണുമോ?

നെറ്റിയിൽ ഭസ്മം തൊട്ടു കൊടുക്കാൻ കാൽ വിരലിൽ ഉയരാൻ തുടങ്ങിയതും തോളിൽ പിടിച്ച് താഴ്ത്തി എന്നിട്ട് മുഖം കുനിച്ചു.അരുണേട്ടന്റെ നെറ്റീൽ ഭസ്മം തൊട്ടു കൊടുത്ത് കൈകൾ കണ്ണിനു മീതേ വെച്ച് ഭസ്മം ഊതി.അരുണേട്ടനും തൊട്ടു തന്നു.പൊടികൾ കണ്ണിൽ വീഴാതിരിക്കാനായ് നെറ്റിയിലെ ഭസ്മപൊടികൾ  ഊതി കളഞ്ഞു.അരുണേട്ടന്റെ നിശ്വാസം തട്ടിയത് ഹൃദയത്തിലാണെന്നു തോന്നി.

തിരിച്ച് വരുമ്പോ എന്റെ തന്നെ കൂടെ നടന്നു. വീട്ടിൽ നാലു പേരും മാത്രമായി പിറന്നാൾ ആഘോഷിച്ചു.അമ്മയും അച്ഛനും കൂടി കേക്ക് അരുണേട്ടന്റെ മുഖത്ത് തേച്ചു.അച്ഛനും അരുണേട്ടനും കൂടി കേക്ക് മുഖത്ത് തേക്കാൻ അടികൂടലും ഓടലുമൊക്കെയായി മുഴുവൻ ബഹളമായി.

കൃഷ്ണാ അവന്റെ മുഖത്ത് കേക്ക് തേക്ക്…

അച്ഛൻ പറയുന്നത് കേട്ട് കേക്കെടുത്ത് തേക്കാനായി അടുത്തു പോയപ്പോ എതിർക്കാതെ തല കുനിച്ചു തന്നു.ഞാൻ പിറകെ ഓടിയാൽ എന്തേലും പറ്റിയാലോന്നു വെച്ചായിരിക്കും.നല്ല പോലെ തേച്ചു കൊടുത്തു.മതിയെടീ….ന്നു പറഞ്ഞു കൈ പിടിച്ചു വെച്ചു

എന്റെ മുഖത്ത് കേക്ക് തേച്ചിട്ട് നീയെവ്ടെ പോവ്വാ..അതും പറഞ്ഞ് കൈയിൽ പിടിച്ച് വെച്ച് കേക്ക് രണ്ടു കവിളിലുമായി തേച്ചു.ബാക്കി അച്ഛനും അമ്മേം വന്നു തേച്ചു. നാലുപേരും കേക്കിൽ കുളിച്ചത് പോലായി.

നീ എന്താ കൃഷ്ണാ..എന്റെ ബർത്ത് ഡേ വിഷ് ചെയ്യാതിരുന്നേ…

അരുണേട്ടൻ പറയുന്നത് കേട്ട് ഈറൻ മുടി ഉണക്കുന്നത് നിർത്തി.അരുണേട്ടന്റെ കൈയിൽ പിടിച്ച് കട്ടിലിൽ ഇരുത്തി.രണ്ടു കൈയുമെടുത്ത് വയറിൽ വെച്ചു.

അരുണേട്ടൻ ആഗ്രഹിക്കുന്നത് പോലെ വാവേം ആഗ്രഹിക്കുന്നുണ്ടാവും അരുണേട്ടന്റെ സാമിപ്യം….

ഒന്നും പറയാതെ എന്നെ തന്നെ നോക്കി.

ഒന്നു വാവേന്നു വിളിക്ക് അരുണേട്ടാ….

അരുണേട്ടന്റെ മുഖം വയറിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.

വാവേ….കുഞ്ഞൂ…..

അരുണേട്ടന്റെ ശബ്ദവും ഇടറി.അരുണേട്ടന്റെ നിശ്വാസം വയറിലെ കുഞ്ഞു രോമങ്ങളിൽ തട്ടി.

അരുണേട്ടന് അക്കുവോടുള്ള പ്രണയം ഏറ്റ ശരീരാണ്..അരുണേട്ടന്റെ കുഞ്ഞിനോടുള്ള വാത്സല്യോം ഏൽക്കാൻ ഇപ്പോഴോം ത്രാണിണ്ട്…

അരുണേട്ടന്റെ മുഖം കൈകളിലെടുത്ത് കൊണ്ട് പറഞ്ഞു

വാത്സല്യവും പ്രണയവും എനിക്ക് തിരിച്ചറിയാൻ പറ്റും…ഞാനൊരിക്കലും തെറ്റിദ്ധരിക്കില്ല അരുണേട്ടാ…കൃഷ്ണയെ അരുണേട്ടന് ഇനിയും മനസിലായില്ലേ…

അരുണേട്ടൻ വയറിൽ മുഖം അമർത്തി വെച്ചു.തണുത്ത വയറിൽ അരുണേട്ടന്റെ കണ്ണീരിന്റെ ചൂട് പടർന്നു.വിരലുകൾ അരുണേട്ടന്റെ മുടിയിഴകളിൽ ഓടികളിച്ചു കൊണ്ടിരുന്നു.

ഇതാ എനിക്ക് അരുണേട്ടന് തരാനുള്ള പിറന്നാൾ സമ്മാനം

PART 17

രുണേട്ടൻ വയറിൽ മുഖം അമർത്തി വെച്ചു.തണുത്ത വയറിൽ അരുണേട്ടന്റെ കണ്ണീരിന്റെ ചൂട് പടർന്നു.വിരലുകൾ അരുണേട്ടന്റെ മുടിയിഴകളിൽ ഓടികളിച്ചു കൊണ്ടിരുന്നു.

ഇതാ എനിക്ക് അരുണേട്ടന് തരാനുള്ള പിറന്നാൾ സമ്മാനം

അയ്യേ …പിറന്നാളുകുട്ടി കരയാണോ….

വയറിൽ നിന്നും അരുണേട്ടന്റെ മുഖം ഇരു കൈകൾ കൊണ്ട് അടർത്തി മാറ്റി. കൈകൾക്കുള്ളിൽ ഒതുങ്ങി നിന്ന മുഖത്തു നോക്കി.തള്ളവിരലുകൾ കൊണ്ട് ഒഴുകി തുടങ്ങിയ കണ്ണീർ തുടച്ചു കളഞ്ഞു.കൺപോളയിൽ മെല്ലെ തഴുകി കണ്ണീരിന്റെ ഒഴുക്കിനെ തന്നെ തടഞ്ഞു.വിറയ്ക്കുന്ന ചുണ്ടുകൾ കണ്ടപ്പോൾ ചെറ്യ കുഞ്ഞിനെ പോലെ തോന്നി

എനിക്ക് മനസിലാവും അരുണേട്ടനെ…

അരുണേട്ടൻ കരഞ്ഞാ എനിക്കും കരച്ചിൽ വരും.ഞാൻ കരഞ്ഞാ വാവേം കരയുവേ…

വീണ്ടും വയറിലേക്ക് മുഖം പൂഴ്ത്തി.

എത്ര നേരം അങ്ങനെ നിന്നെന്നറീല.അരുണേട്ടാ…കാല് കഴയുന്നു…അതു പറഞ്ഞപ്പോൾ അകന്നു.കിടക്കയിൽ കിടന്നു കുറച്ച് കഴിഞ്ഞപ്പോൾ അരുണേട്ടനും വന്നു കിടന്നു.വീണ്ടും അരുണേട്ടന്റെ കൈ എട്ത്തു വയറിൽ വെച്ചു.വാവെയോട് മിണ്ട് അരുണേട്ടാ…വാവ കാത്തിരിക്കുവാ..

പതിയേ മുഖം വയറിനരികിലേക്ക് കൊണ്ടു പോയി.ഇതുവരെ പറയാൻ വെച്ചതൊക്കെ അരുണേട്ടൻ കുഞ്ഞുവോട് സംസാരിച്ചു.ആ സംസാരം കണ്ണുകളടച്ചു കേട്ടു കിടന്നു.

മുഖത്തോട് മുഖം അടുപ്പിച്ച് കിടന്നു.താങ്സ്…ചെവിക്കരികിലായി പറഞ്ഞു.

എന്തിന്…..അരുണേട്ടനോട് ചോദിച്ചു.പോടീ……പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.പിന്നെ ചിരിയോടെ മലർന്നു കിടന്നു.എന്റെ ചുണ്ടിലുമുണ്ടായിരുന്നു അതേ ചിരി.വയറിൽ കൈ വെച്ച് അരുണേട്ടനെ നോക്കി കിടന്നു.അരുണേട്ടന്റെ മുടിയിലൂടെ വിരലോടിച്ചു.

കൃഷ്ണാ…നിന്നെ ഞാൻ ഒരുപാട് വെഷമിപ്പിക്ക്ന്നുണ്ടല്ലേ…..

ഈ ചോദ്യം അരുണേട്ടൻ എത്ര പ്രാവിശ്യം ചോദിച്ചിട്ടുണ്ടെന്നറിയോ….

അരുണേട്ടൻ ഒന്നും പറഞ്ഞില്ല. ഒരു പാട് പ്രാവിശ്യം ഈ ചോദ്യം  അരുണേട്ടൻ എന്നോട് ചോദിച്ചിട്ടുണ്ട്.‌ചോദ്യവും ഒന്നാണ് ചോദിച്ചയാളും ഒന്നാണ് പക്ഷെ ചോദ്യത്തിൽ നിറഞ്ഞു നിന്ന വികാരം വ്യത്യാസാണ്.അത് കൃഷ്ണക്ക് മാത്രേ മനസിലാവൂ.

നീ എന്തിനാ കൃഷ്ണാ….ഈ ഭ്രാന്തനെ സ്നേഹിച്ചേ…ഭ്രാന്ത് മാറീട്ടും പേടീം ടെൻഷനും മാത്രം…നിനക്ക് മടുപ്പ് തോന്നുന്നില്ലേ … കൃഷ്ണാ..ഒന്നും വേണ്ടായിരുന്നൂന്നു തോന്നുന്നുണ്ടോ ഇപ്പോ….അച്ഛൻ പറഞ്ഞ പോലെ ഗർഭകാലം പോലും ആസ്വദിക്കാൻ പറ്റാണ്ട്…

ആരും സ്നേഹിക്കാനില്ലാത്ത ഈ കൃഷ്ണയെ ആകെ സ്നേഹിച്ചത് ഈ ഭ്രാന്തനാ…ശരിക്കും ഭ്രാന്ത് എനിക്കായ് രുന്നു…മറ്റൊരാളെയാ സ്നേഹിക്കുന്നേന്നറിഞ്ഞിട്ടും എന്നെ ആണെന്നു സങ്കൽപിച്ചു..അരുണേട്ടൻ ഓരോ പ്രാവിശ്യോം അക്കൂന്നു വിളിച്ചപ്പോഴും ഞാൻ കേട്ടത് കൃഷ്ണാന്നാ….അരുണേട്ടന്റെ പേടീം ദേഷ്യോം എല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്..ഇപ്പോ കാണിക്കുന്ന പേടീം ടെൻഷനും കുഞ്ഞിനും മാത്രല്ല എനിക്കും കൂടി വേണ്ടിയാന്ന ഞാൻ എന്നെ തന്നെ പഠിപ്പിച്ചിരിക്കുന്നേ…അങ്ങനെയല്ലേ അരുണേട്ടാ…

അരുണേട്ടന്റെ മുഖത്തേക്ക് കണ്ണുകൾ എത്തിച്ച് നോക്കി

അങ്ങനെയല്ലാന്നു ഒരിക്കലും പറയല്ലേ അരുണേട്ടാ….

യാചിക്കും പോലെ പറഞ്ഞു

നീയും വേണം കൃഷ്ണാ..എന്റെ ജീവിതത്തിൽ. നീയില്ലാതെ അരുണില്ല…എന്റെ ജീവിതത്തിൽ ഇനീം എന്തൊക്കെയോ ബാക്കീണ്ട്ന്നു തോന്നിയത്  ഈ കുഞ്ഞു കാരണാണ് …പിന്നെ നീയും….നിങ്ങൾ രണ്ടു പേരുമില്ലാത്ത ഇനി അങ്ങോട്ടൊരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും വയ്യാ…നിങ്ങളെ രണ്ടു പേരേയും നഷ്ടപ്പെട്വോന്നുള്ള പേടിയാ കൃഷ്ണാ…

സംസാരമൊന്നു നിർത്തി തല ചെരിച്ച് എന്നെ നോക്കി

ഇനീം ഞാൻ മാറാന്ണ്ട്ന്ന് എനിക്കറ്യാം..കാത്തിരുന്നൂടെ കൃഷ്ണാ….

മറുപടിയായി അരുണേട്ടനെ നോക്കി ചിരിച്ചു

???????????

അരുണേട്ടാ ഒന്നു മാറ്വോ…എത്ര സമയായീ ഇത് തൊടങ്ങീട്ട്….

കൊറച്ചൂടീ…..

രാവിലെ തൊടങ്ങിയ സംസാരാണ് കുഞ്ഞിനോട്…

കൈയെടുത്ത് വയറിൽ വെച്ചു..

അനങ്ങി തുടങ്ങിയോന്നൊരു സംശയം….

സത്യം…നിനക്ക് തോന്നിയതാണോ….

കുഞ്ഞൂ….അരുണേട്ടൻ വയറിൽ മുഖം അടുപ്പിച്ച് വിളിച്ചു…

ആഹ്…അരുണേട്ടാ…സത്യാ…ദേ…പിന്നേം അനങ്ങീ…..

അരുണേട്ടൻ പിന്നേം വിളിച്ചു കൊണ്ടേ ഇരുന്നു.അമ്മയും അച്ഛനും കൂടി വിളിക്കാൻ തുടങ്ങി.എന്നെ നോക്കിയ അരുണേട്ടന്റെ കണ്ണുകളിൽ സന്തോഷം നിറഞ്ഞിരിക്കുന്നത് കാണായിരുന്നു.നെറ്റീടെ ഒരു വശത്തായി നെറ്റി മുട്ടിച്ചു.

സന്തോഷം സഹിക്കാൻ പറ്റുന്നില്ല..അപ്പോ കുഞ്ഞു വന്നാലെന്തായിരിക്കും….

അടിവയറിൽ താങ്ങായി വെച്ച കൈകൾക്കു മുകളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു. കവിളിൽ അരുണേട്ടന്റെ നിശ്വാസം തട്ടി. എന്തിനെന്നറിയാതെ ചുണ്ടുകൾ വിറച്ചു. എന്നിലെ മാറ്റം മനസിലായെന്ന പോലെ അരുണേട്ടൻ അകന്നു.അമ്മേം അച്ഛനും കൂടി കണ്ണാന്നു വിളിച്ചോണ്ടിരിക്കുവ വാവേയെ.അരുണേട്ടനെ ഇടക്ക് വിളിക്കുന്ന അതേ പേരാ രണ്ടാളും വാവേം വിളിക്ക്വാ. സന്തോഷത്തിനായി അമ്മ പായസം ഉണ്ടാക്കി.

കണ്ണു മിഴിച്ച് നിക്കാതെ വാ തുറക്ക്…

ഒരു സ്പൂണിൽ പായസം എനിക്ക് നേരെ അരുണേട്ടൻ നീട്ടിയപ്പോൾ എന്തു ചെയ്യണമെന്നോ പോലും അറിയാതെ നിന്നുപോയി.അരുണേട്ടനിൽ നിന്നും കണ്ണു പറിക്കാതെ വാ തുറന്നു.അരുണേട്ടൻ തന്നോണ്ടാണോന്നറീല നല്ല രുചി.മധുരം വായിൽ നിന്നും അലിയാതെ നിൽക്കുന്ന പോലെ തോന്നി.അതേ സ്പൂണിൽ അരുണേട്ടനും കഴിച്ചു.അരുണേട്ടനെ തന്നെ നോക്കുന്നത് കണ്ട് വീണ്ടും പായസം നീട്ടി.ഓരോ തവണ തരുമ്പോഴും പായസത്തിന് രുചി കൂടുന്നത് പോലെ.മനസും വയറും നിറഞ്ഞത് പോലെ.

????????????

പേരറിയാത്ത ഒരുപാട് മരങ്ങളുള്ള പാർക്കിന്റെ ബെഞ്ചിൽ അരുണേട്ടന്റെ അടുത്തായി ഇരുന്നു.അച്ഛനും ഗൗരിയമ്മേം വഴക്കു പറഞ്ഞും നിർബന്ധിച്ചിട്ടുമാ സമ്മതിച്ചത്.അതിന്റെ ദേഷ്യം മുഖത്തുണ്ട്.ആൾത്തിരക്കൊന്നുമില്ലാത്ത ചെറിയ പാർക്ക്.

എന്തിനാ അരുണേട്ടാ..മുഖം ഇങ്ങനെ കേറ്റി വെച്ചിരിക്കണേ…ഒട്ടും ഇഷ്ടല്ലായിരുന്നേ ഞാൻ ഫ്ലാറ്റിൽ തന്നെ ഇരിക്കുമായിരുന്നല്ലോ…

ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല കൃഷ്ണാ…കുഞ്ഞു വരുന്ന വരെ ഒരു പേടിയാ…

എന്തിനാ പേടിക്കുന്നേ…കുഞ്ഞൂന് ഒന്നും പറ്റൂല അരുണേട്ടാ…അരുണേട്ടന്റെ കൈയിൽ തന്നെ വെച്ച് തരും കുഞ്ഞാവെ…..

തണുക്കുന്നുണ്ടോ…നിനക്ക്….കൈ കൂട്ടി ഉരക്കുന്നത് കണ്ട് ചോദിച്ചു

ഇളം വെയിൽ പോയി മഞ്ഞു പൊതിയാൻ തുടങ്ങി.

മ്ഹ്…ചെറ്തായിട്ട്…

അസുഖം വരുത്തി വെക്കേണ്ടാ..പോവാം…

കൊറച്ച് സമയം കൂടെ..തറവാട്ടിലെ തൊടീല് ഇരിക്കുന്ന പോല്ണ്ട് അരുണേട്ടാ..പിന്നേം കൈ ഉരക്കുന്നത് കണ്ട് അടുത്തേക്ക് ചേർന്നിരുന്ന് പൊതിഞ്ഞു പിടിച്ചു. കൈകളെട്ത്ത് ചൂടാക്കി കൊണ്ടിരുന്നു.അരുണേട്ടന്റെ ചൂട് പറ്റി തോളിൽ തല ചായ്ച്ചിരുന്നു.അരുണേട്ടൻ അകലാൻ നോക്കിയതും ഷർട്ടിൽ പിടിച്ചു വെച്ചു.

മുന്താണിയോണ്ട് പുതപ്പിക്കാനാ പെണ്ണേ…മുന്താണിയോണ്ട് പുതപ്പിച്ച് വീണ്ടും ചേർത്തു പിടിച്ചു.അപ്പോഴും ഷർട്ടിൽ പിടിച്ചിരുന്നു

കൈ ഒക്കെ വല്ലാണ്ട് തണുത്തല്ലോ…ഇനി പോവാം…ഇനീം തണുപ്പ് കൂടും..മതി ശീലമില്ലാത്ത കാലാവസ്ഥയാ…

കൊറച്ചൂടീ…..അരുണേട്ടന്റെ ഉള്ളിലേക്ക് ഒന്നൂടി ചുരുങ്ങി.

നിനക്ക് ഇപ്പോ ഈ തണുപ്പാണോ വേണ്ടേ..റൂമിലെ ഏസി ഓണാക്കി തരാം…..അത് ഇനി വേനൽക്കാലത്തെ ഓണാക്കൂ…അതിനൊരു പണിയാവട്ടെ…

മ്ഹ്..മ്ഹ്…അരുണേട്ടന്റെ ചൂട്..നല്ല സുഖ്ണ്ട് ഇങ്ങനെ ഇരിക്കാൻ….ഒരുപാടായി ഇങ്ങനെ ഇര്ന്നിട്ട്…

ഒന്നു കൂടി അരുണേട്ടനോട് ചേർന്നിരുന്നു.അരുണേട്ടന്റെ കൈകൾക്കും മുറുക്കം കൂടി.നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

നിന്റെ കൈ മരവിക്കുന്നുണ്ട് പെണ്ണേ…ചുണ്ടൊക്കെ വിറക്കുന്ന നോക്ക്…അസുഖം വരുത്തി വെക്കേണ്ടാ വാ…വെയിൽ പോവുമ്പൊഴേക്കും വരണംന്നു പറഞ്ഞതാ അമ്മ ……എണീറ്റേ…കുഞ്ഞൂസ് വരട്ടേ..എന്നിട്ട് എല്ലാർക്കും കൂടി ഇവ്ടെ വരാം…

കൈകളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.ചേർത്തു പിടിച്ചു തന്നെ നടന്നു.ഇടക്ക് കൈകൾ ഉരച്ച് ചൂടാക്കി തന്നു.

കൈകൾ മുക്കി വെക്ക്…..

പാത്രത്തിൽ ഇളം ചൂടു വെള്ളം കൊണ്ട് വന്നോ ടേബിളിൽ വെച്ചിട്ട് പറഞ്ഞു.

കൈയൊക്കെ മരവിച്ചിട്ട് നോക്ക്…എന്നിട്ടവൾക്ക് പുറത്ത് പോവണം പോലും…എന്തെങ്കിലും അസുഖം പിടിക്കട്ടെ ബാക്കി അപ്പോ പറയോന്നോണ്ട്.

തിരിച്ചൊന്നും പറയാതെ ചൂടു വെളെളത്തിൽ കൈകൾ മുക്കി വെച്ചു

????????????

കൃഷ്ണാ…ഇങ്ങനെയല്ലേ നീ പറഞ്ഞത്….

കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് കൊണ്ട് അരുണേട്ടൻ ചോദിച്ചു.കണ്ണുകൾക്കു മീതേ വീണ കിടക്കുന്നു ചെമ്പൻ മുടി. അരുണേട്ടന്റെ അടുത്തു പോയി മുന്നിൽ നിന്നു.

ഇഷ്ടായോ…..

കണ്ണിനു മീതെ വീണ മുടി കൈ കൊണ്ട് ഒരു വശത്തേക്ക് ആക്കാൻ നോക്കിയപ്പോൾ അരുണേട്ടന്റെ കൈ പിടിച്ചു തടഞ്ഞു.ഒരു കൈകൊണ്ട് വയറ് താങ്ങി മറ്റേ കൈ കൊണ്ട് അരുണേട്ടന്റെ നെഞ്ചിൽ വെച്ച് കാൽ വിരൽ ഉയർന്നു പതിയെ ആ മുടിയിഴകളിൽ ഊതി. അരുണേട്ടൻ കണ്ണുകളടച്ചു നിന്നു.

എന്നും എനിക്ക് ഇങ്ങനെ ചെയ്യണം….

അരുണേട്ടൻ കണ്ണുകൾ തുറന്നു മുഖത്തേക്ക് നോക്കി.അരുണേട്ടന്റെ നെഞ്ചിടിപ്പിലെ വ്യത്യാസം നെഞ്ചിൽ വെച്ച കൈയിൽ അറിയുന്നുണ്ട്.ആ നോട്ടം താങ്ങാനാവാതെ കണ്ണുകൾ താഴ്ത്തി.

നീയിങ്ങനെ ഏന്തി വലിയെണ്ടാ…ഞാനിവ്ടെ ഇരിക്കാം….

ഒരു ദിവസം കാൽവിരലിൽ ഏന്തി വലിയാൻ നോക്കവേ കട്ടിലിൽ ഇരുന്നു കൊണ്ട് അരുണേട്ടൻ പറഞ്ഞു. പെട്ടെന്നുള്ള തോന്നലിൽ കണ്ണുകളടച്ചിരുന്ന അരുണേട്ടന്റെ മുടിയിഴകൾ വീണു കിടന്ന നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.അരുണേട്ടൻ ഞെട്ടി കണ്ണുകൾ തുറന്നു.അരുണേട്ടൻ എന്തു പറയുമെന്ന പേടിയിൽ കണ്ണുകൾ താഴ്ത്തി നിന്നു.പ്രതികരണമില്ലാത്തതു കണ്ട അരുണേട്ടനെ ഒന്നു നോക്കുക കൂടി ചെയ്യാതെ ഗൗരിയമ്മേടെ അടുത്തേക്ക് നടന്നു.

രണ്ടാളും വഴക്കിട്ടോ….

ഭക്ഷണം കഴിക്കവേ രണ്ടാളും മിണ്ടാതിരിക്കുന്നത് കണ്ട് ഗൗരിയമ്മ അത് ചോദിച്ചതും അരുണേട്ടനെ നോക്കി.അരുണേട്ടന്റെ കണ്ണുകളുമായി കണ്ണുകളിടഞ്ഞതും വെപ്രാളത്തിൽ നോട്ടം മാറ്റി.

സോറീ….ഞാനറിയാതെ…..

ചുമരോട് ചേർന്നു കിടന്നു കൊണ്ട് പറഞ്ഞു.

ഉറങ്ങാൻ നോക്ക്……അതു മാത്രം അരുണേട്ടൻ പറഞ്ഞു.

പണ്ട് എന്നോട് ഓരോന്നു പറഞ്ഞ് ഉമ്മകൾ ചോദിച്ചു വാങ്ങിച്ച ആളല്ലേ…ആ ഓർമയിൽ ചെയ്ത് പോയതല്ലേ…അതിന് ഇങ്ങനെ മിണ്ടാതെ നടക്കണോ…അത്രേം വല്യ തെറ്റാണോ ഞാൻ ചെയ്തേ…എന്നോട് ഇത്തിരി പോലും ഇഷ്ടല്ലേ…നെറ്റീല് ഒരു ഉമ്മ വെക്കാൻ പോലും എനിക്ക് അവകാശമില്ലേ

അരുണേട്ടൻ ഉറങ്ങിയെന്നു തോന്നിയതും പതം പറഞ്ഞു.തിരിഞ്ഞു കിടക്കാൻ നോക്കിയതും തോളിൽ പിടിച്ചു.

നിന്നോട് ഡോക്ടർ എങ്ങനെ തിരിഞ്ഞ് കിടക്കണംന്നാ പറഞ്ഞത്….

ഞെട്ടലോടെ അരുണേട്ടനെ നോക്കി.

കണ്ണുമിഴിക്കാണ്ട് പറയെടീ….

അതു പറയുമ്പോഴും ദേഷ്യാമാണോ സ്നേഹമാണോന്നൊന്നും മനസിലാവുന്നില്ല.

എഴുന്നേറ്റ് ഇരുന്നിട്ട് തിരിഞ്ഞ് കിടക്കാൻ…

എന്നാ അങ്ങനെ ചെയ്….

ചുമരിനെ നോക്കി ചുമരോട് ചേർന്നു കിടന്നു.

ഇങ്ങനെ പതം പറയാൻ മാത്രം നിന്നോട് ഞാനെന്തെങ്കിലും പറഞ്ഞോ പെണ്ണേ…അല്ലേ ദേഷ്യപ്പെട്ടോ…ഞാനൊന്നും പറയാതെ ഇങ്ങനെ വെറ്തേ കരയാൻ നിനക്ക് വട്ടാണോ….നീ ഇങ്ങനെ വെറ്തേ കരഞ്ഞ് എന്റെ കുഞ്ഞൂസിനേം കരയിക്ക്വോ…

അടുത്തേക്ക് ചേർന്നു കിടന്നു കൊണ്ട് മന്ത്രിച്ചു…

തുടരും….