നിന്റെ വയറിൽ നിറയെ വരകളാണല്ലോ എന്നവൻ പറഞ്ഞതും രാരി മാറികിടന്ന സാരി കൊണ്ട് വയർ മറച്ചു….

Story written by NAYANA SURESH

നിന്റെ വയറിൽ നിറയെ വരകളാണല്ലോ എന്നവൻ പറഞ്ഞതും രാരി മാറികിടന്ന സാരി കൊണ്ട് വയർ മറച്ചു. ആ ചോദ്യം വേണ്ടായിരുന്നെന്ന് അവനും പെട്ടെന്ന് തോന്നി .

ഒന്ന് പെറ്റതല്ലെടാ…വയറിൽ പാണ്ടും ചൂട്ടും ഒക്കെ കാണും

അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് ബാൽക്കണിയിലേക്ക് വന്നു. നേരം ഇരുട്ടിനെ കവർന്നിരിക്കുന്നു. ഒരു വലിയ ഹോട്ടലിലെ ഉച്ചിയിലെ മുറിയിൽ അവർ മാത്രമാണുള്ളത്…

അങ്ങകലെ ഇരമ്പി കൊണ്ടിരിക്കുന്ന പാറക്കെട്ടുകൾ തിങ്ങിയ കടൽ , താഴെ പരന്നു കിടക്കുന്ന ഇരുട്ടിൽ എവിടെ നിന്നൊക്കെയോ മിന്നുന്ന പലതരം വെളിച്ചം, നിർത്താതെ പ്രാർത്ഥനയിലാണ്ട പള്ളി ..

ഈ രാത്രി നീ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ രാരീ ?

ഹ ഹ അതെന്താ അങ്ങനെ തോന്നാൻ

ഒന്നുമില്ല … ഈ മുറിയിൽ നമ്മൾ തനിച്ചാണ് … പണ്ടെപ്പോഴോ ആഗ്രഹിച്ചു മറന്ന ഏതോ ഒരു ദിനം ,അതല്ലെ ഇത് ?

ഉം , അതു കൊണ്ട്

അതു കൊണ്ട് ഒന്നുമില്ല … ഇത്രമാത്രം നീ എന്റെ അടുത്തായിട്ടും … ഒരു പാട് ദൂരമുള്ള പോലെ

സാരില്ല്യ …. ഈ ദൂരം ഞാൻ പ്രതീക്ഷിച്ചതാണ്.. ടാ നീ എനിക്ക് എന്താ വാങ്ങിത്തരാ

നീ പറ എന്താ വേണ്ടെ

എനിക്ക് കക്ക തൊണ്ടുകൊണ്ടുള്ള മാല … വാങ്ങി തര്യോ

അത് മാത്രം മതിയോ

ഉം … മതി

എന്നെ വേണ്ടെ

അയ്യടി മോനേ … നിനക്ക് നിന്റെ കെട്ടിയോളില്ലെ പിന്നെ എന്തിനാ ഞാൻ

ഉണ്ട് … പക്ഷേ , ആഗ്രഹിച്ചതെന്തോ …

വേണ്ട , നിന്റെ ഭാര്യ ആഗ്രഹിച്ച ആരെങ്കിലും ഇതുപോലെയുണ്ടെങ്കിൽ

നീ ചുമ്മായിരി രാരി , അങ്ങനാരും ഇല്ല

നിനക്ക് അവളെ ഒരുപാടിഷ്ടാണോ

പിന്നല്ലാതെ എന്തിനേക്കാളും… നീ എന്തിനാ എന്നെ തേടിപ്പിടിച്ച് വീണ്ടും വന്നത്. ഇത്രയും നാൾ എവിടെയാരുന്നു ? നിന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ പോലും ഞാനറിയില്ല … പണ്ട് എങ്ങനിരുന്ന പെണ്ണാ .. തടിച്ച് കൊഴുത്ത് നീണ്ട മുടിയും ശ്ശോ ഓർക്കാൻ വയ്യ , ഇപ്പോ മുടിയൊക്കെ ബോബിത് ആകെയങ്ങ് മോഡേണായി

ഭംഗിയുണ്ടോടാ

ഇല്ല ,,, ആ പഴയ രൂപാ ഭംഗി …ഇത് വേണ്ടാ ട്ടോ അങ്ങനെ മതി അങ്ങനെ കാണാനാ എനിക്കിഷ്ടം

അങ്ങനെ ഇനി ആവില്ല ഒരിക്കലും

അതെന്താ

നീ എന്റെ വയറിൽ കണ്ട പാടില്ലെ അത് ഞാൻ ഒരു കാലത്ത് അമ്മയായിട്ടുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതാ … മോളായിരുന്നു … പക്ഷേ ദൈവം തിരികെ വിളിച്ചു. ഹസ്ബന്റ് ഉണ്ടായിരുന്നു ഇപ്പോൾ മറ്റൊരു സ്ത്രീയുടെ ഭർത്താവാണ് …

നീ എന്തൊക്കെയാ പറയണെ

വട്ടൊന്നും അല്ല ടാ …. ഞാൻ എന്തിനാ വന്നെ അറിയോ നിനക്ക് … രണ്ടു ദിവസമെങ്കിലും ജീവിക്കാൻ … നാളെ ഉണരാതാകുബോൾ ഈ മുപ്പത്തിനാലു വർഷത്തിൽ രണ്ട് ദിവസമെങ്കിലും എനിക്ക് ചിരിക്കണം , മതിവരുവോളം മിണ്ടണം. വേറൊന്നും വേണ്ട

എന്താ നിനക്ക്

തേഡ് സ്‌റ്റേജാ… മുടിയൊക്കെ കീമോചെയ്തപ്പോ പോയതാ ഇപ്പോ വളരുന്നെയുള്ളു അല്ലാതെ ബോബീതതല്ല .. ടാ മരണം തൊട്ടടുത്തെത്തുമ്പോ ജീവിതത്തിനോടൊരു കൊതിയാ … ആ കാണുന്ന പള്ളിയിലാ എന്നെ അടക്കാ .. അവിടെ എനിക്കൊരു കല്ലറവരും …

ഡീ .. നമുക്ക് നല്ലൊരു ഡോക്ടറെ കാണാം

നീ ഇങ്ങനെ വിഷമിക്കാതെ ….. ഇനി കാര്യമില്ല ,പക്ഷേ എനിക്ക് ഒന്ന് ജീവിക്കണടാ…ദേ ആ കടപ്പുറത്ത് പോണം നിന്നോട് മിണ്ടണം … പിന്നെ ദൈവത്തിനോട് കള്ളം പറയണം ഈ ലോകത്തിലെ ഞാനാഗ്രഹിച്ചതൊക്കെ രണ്ട് ദിവസം കൊണ്ട് കിട്ടീന്ന് .. ഡാ മരിക്കുമ്പോ വേദനിക്കോ ?

അറിയില്ല രാരി

ഇന്ന് നമുക്ക് ഉറങ്ങണ്ട ചിലപ്പോ ഞാനുണർന്നില്ലെങ്കിലോ ..വെറുതെ കടലു നോക്കിയിരിക്കാം … എല്ലാ കമിതാക്കളും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് .. ഇപ്പോ നമ്മളല്ലെങ്കിലും ഞാനും ചോദിക്കാ .. ഞാൻ മരിച്ച നീ വര്യോ ? നീ കരയോ ?

നീ പറ വരണോ ? കരയണോ ?

ഉം … ഈ ലോകത്ത് എനിക്ക് ആരെങ്കിലുമുണ്ടെന്ന് തോന്നാൻ വേണ്ടി നീ വരണം …

ശരീരത്തിൽ കീറി മുറിക്കാൻ ഇനി സ്ഥലമില്ല അവസാനം അവർ പറയാ … ഇനി മരണത്തെ കാത്തിരിക്കാൻ … ഇനി എപ്പോൾ വേണമെങ്കിലും എത്താം

എനിക്ക് വേണ്ടി ആ പള്ളിയിൽ മൂന്നു മണിയടിക്കും … അന്നു ഞാനതു കേൾക്കാതെ ഉറങ്ങാവും … അവൾ പതിയെ അവന്റെ നെഞ്ചിൽ ചാഞ്ഞു

ഡാ….

ഉം…

എന്താ പ്രണയവും , മരണവും

രണ്ടും ലഹരിയാണ് ….അനുഭവിച്ചവർക്ക് മാത്രമറിയാവുന്ന ലഹരി …. എനിക്ക് അങ്ങനെയാ തോന്നുന്നെ ..

ഞാൻ മരണത്തെ പ്രണയിക്കട്ടെ ടാ..

ഉം…..

അവൾ കണ്ണുകളടച്ചു…. അവൾ ഉറങ്ങുകയാണെന്ന് അവന് തോന്നി …. ഇരുട്ടിലെ കടലിന്റെ ഇരമ്പൽ കേട്ട് അവനിരുന്നു … പള്ളിയിലെ പ്രാർത്ഥന പതിയെ അവസാനിച്ചു … പിറ്റേന്ന് രാവിലെ അവൾ അവനരികിലില്ലായിരുന്നു. ഒരു പക്ഷേ അവൾക്ക് യാത്ര പറഞ്ഞു പോകാൻ കഴിയാതെയാണെങ്കിലോ ?

അവൻ പതിയെ ഹോട്ടൽ മുറിയിൽ നിന്നുമിറങ്ങി കടൽ തീരത്തേക്കു നടന്നു. പകുതിയിൽ വെച്ച പ്രണയവും ജീവിതവും … പിന്നീട് അവനെ തേടിയെത്താറുള്ള പള്ളിമണികൾ ദിനവും ശബ്ദിച്ചു കൊണ്ടെയിരുന്നു

ഒരു പക്ഷേ അതവളാകുമോ ?