രാത്രി മക്കളുറങ്ങിയപ്പോൾ വിനുവേട്ടൻ കൈകളിൽ തട്ടി വിളിച്ചു. എഴുന്നേറ്റു വരാൻ ആഗ്യം കാണിച്ചു. കെട്ടി പിടിച്ചു കിടന്ന കണ്ണന്റെ കൈ പതിയെ എടുത്തു മാറ്റി എഴുന്നേറ്റു….

സ്നേഹത്തോടെ….

Story written by NIDHANA S DILEEP

“മക്കൾ എന്റേ കൂടെയാ കിടക്കാറ്” രാത്രിയിൽ മുറിയിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു.

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന്റെ മുന്നിൽ താലിക്കായി തല കുനിക്കുമ്പോൾ നാണമായിരുന്നില്ല പകരം ഒരു ജാള്യത.മുപ്പത്തിയഞ്ച് വയസിൽ രണ്ടാം കെട്ട്.അതും രണ്ടു മക്കളുള്ള ഒരാളെ…അതു കൊണ്ട് തന്നെ അൽപം മാത്രം മുല്ലപ്പൂ ചൂടി ..സാധാ പട്ടുസാരിയായിരുന്നു വേഷം.ഒരു കല്യാണപെണ്ണിന്റെ ഒരു അടയാളവുമില്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അദ്ദേഹം എന്നെ പോലെ തന്നെയാണെന്നു തോന്നുന്നു.കറുത്ത ഫ്രൈമുള്ള കണ്ണട ഇടക്ക് ഇളക്കി വെച്ചുകൊണ്ടിരിക്കുന്നു.മക്കൾ രണ്ടു പേരും അദ്ദേഹത്തിന്റെ ഇരു വശത്തുമായി ഉണ്ടായിരുന്നു.ഭക്ഷണം കഴിക്കുമ്പോഴും എല്ലാം അദ്ദേഹത്തിന്റെ കണ്ണുകൾ മക്കളെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു…ഒന്നോ രണ്ടോ വാക്ക് ഒരു ചോദ്യം അതായിരുന്നു വിവാഹ നാളിലെ പ്രണയ സല്ലാപം.

“സാരല്ല ..എനിക്കത് കുഴപ്പൂല്ല”പതിയെ മറുപടി കൊടുത്തു.

“അച്ഛാ ഞാൻ അപ്രത്തെ റൂമിൽ കിടന്നോളാം” കണ്ണനായിരുന്നു.ഇതു വരെ അവനെന്നെ നോക്കുകയോ ചിരിക്കുകയോ ചെയ്തിട്ടില്ല.ഏഴാം ക്ലാസുകാരനിൽ കവിഞ്ഞ പക്വതയാണ് കണ്ണന്.

“എന്നാ ഞാനും “അതും പറഞ്ഞ് നന്ദൂട്ടിയും കണ്ണന്റെ പിറകേ തുള്ളിച്ചാടി പോയി.അവരുടെ പിറകേ പോയി അവരെ കിടത്തി കുറച്ച് സമയം അവരോട് സംസാരിച്ച ശേഷം ലൈറ്റ് ഓഫ് ചെയ്താണ് അദ്ദേഹം റൂമിലേക്ക് വന്നത്.

“കണ്ണന് എന്നെക്കാൾ അടുപ്പം അവന്റെ അമ്മയോടായിരുന്നു.അവൾ പോയതിന് ശേഷം അവൻ സൈലന്റായി.നന്ദൂട്ടിക്ക് തിരിച്ചറിവാകാത്ത പ്രായായിരുന്നു. അതോണ്ട് കണ്ണൻ തന്നോട് അടുക്കാൻ ഇത്തിരി സമയമെടുക്കും”പിന്നെന്തു സംഷാരിക്കണമെന്നറിയാതെ രണ്ടാളും ഉഴറി. പിന്നെയും അവിടെ നിന്നു താളം ചവിട്ടി നിന്നു.

“താൻ കിടന്നോ …ക്ഷീണം കാണും”ചുവരിനോട് ചേർന്നു കിടന്നു.കട്ടിലിന്റെ ഓരത്ത് അദ്ദേഹവും.എന്തൊക്കെയോ ഓർത്തു കിടന്നു.നന്ദേട്ടന്റെ കൂടെ ഉള്ള ജീവിതവും ആദ്യ രാത്രിയുമെല്ലാം ചിന്തയിൽ വിരുന്നെത്തി.

“തനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം”അപ്പോഴാണ് മനസിലായത് അദ്ദേഹവും ഉറങ്ങിയിട്ടില്ലെന്ന്.”പറയാം”മറുപടി ആ വാക്കിൽ ഒതുക്കി.ഇടക്ക് എഴുന്നേറ്റ് മക്കളെ നോക്കുന്നുണ്ടായിരുന്നു.

രാവിലെ മക്കളെ വിളിച്ചുണർത്തിയത് ഞാനായിരുന്നു.കണ്ണൻ എഴുന്നേറ്റിരുന്ന് കണ്ണു തിരുമുന്നുണ്ട്.

“ഗുഡ്മോണിങ്” കണ്ണനോടത് പറഞ്ഞപ്പോൾ ഗുഡ് മോണിങ് പറഞ്ഞ് ബാത്ത്റൂമിലേക്ക് നടന്നു.”നന്ദൂട്ടി എഴുന്നേറ്റേ..സ്കൂളിൽ പോണ്ടേ”നന്ദൂട്ടിയേ കുലുക്കി വിളിച്ചു.കണ്ണു തുറക്കാതെ എഴുന്നേറ്റിരുന്ന് എന്നെ ചുറ്റി പിടിച്ച് വയറിൽ തല വെച്ചു.ബെഷ് ചെയ്യിക്കാനായി നന്ദൂട്ടിയേ ബാത്ത്റൂമിൽ ചേർത്തു പിടിച്ചു തന്നെ കൊണ്ട് പോയി.

“”മടിച്ചിപെണ്ണാ നന്ദൂട്ടീ””ബാത്ത്റൂമിന്റെ വാതിലിൽ ചാരി നിന്നു കൊണ്ട് അദ്ദേഹം പറഞ്ഞു.””അമ്മേ…ഈ അച്ഛൻ””ചിണുങ്ങി.”” കൊണ്ട് പറഞ്ഞ് എന്റെ ദേഹത്തേക്ക് ചാരി

“”അച്ഛനെന്തേലും പറഞ്ഞോട്ടേ…അമ്മക്കറിയാം നന്ദൂട്ടി നല്ല മോളാന്ന്””അതു കേട്ടപ്പോൾ വിജയ ഭാവത്തിൽ അദ്ദേഹത്തെ നോക്കി.

“”വേഗം …ഡാൻസൊക്കെ പിന്നെ…സ്കൂൾ ബസ് ഇപ്പോ വരും”” ഡാൻസ് കളിച്ചും പാട്ടു പാടിയും വട്ടം ചുറ്റിയുമൊക്കെ കളിക്കുകയായാണ് നന്ദൂട്ടി.ഇടക്ക് എന്റെടുത്ത് വന്ന് ഓരോ ഉരുള ചോറ് കഴിക്കും.കണ്ണൻ തല കുനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട് തൊട്ടടുത്ത് അദ്ദേഹവും.””കണ്ണാ…ഇന്നാ””കണ്ണനു നേരെ ഒരു ഉരുള ചോറ് നീട്ടി.

“എനിക്ക് വേണ്ട”” പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“”കണ്ണൻ അച്ഛനെ പോലെ ഒറ്റയ്ക്ക് കഴിക്കും ചിലരെ പോലെ വാരി കൊടുക്ക്വോന്നും വേണ്ടാ അല്ലേ കണ്ണാ””ഞാൻ സങ്കടപ്പെടേണ്ടെന്നു വെച്ച് അദ്ദേഹം തമാശ രീതിയിൽ പറഞ്ഞു.

കണ്ണൻ എന്നും ഒരകൽച്ച കാണിച്ചു.ചോദിച്ചതിനു മാത്രം മറുപടി തന്നു.ഇടക്ക് നന്ദൂട്ടി എന്റെടുത്ത് കിടക്കാൻ വാശി പിടിക്കുമ്പോൾ അദ്ദേഹം കണ്ണന്റെ കൂടെ പോയി കിടക്കും.നന്ദൂട്ടിക്ക് എന്തിനും ഏതിനും അമ്മ വേണമെന്നായി.

“”എന്താ കണ്ണാ..””നന്ദൂട്ടിക്ക് പഠിപ്പിച്ചു കൊടുക്കുന്നതിനിടയിലാണ് കണ്ണൻ ബുക്കിൽ പേന വെച്ച് വെറുതേ ഇരിക്കുന്നത് കണ്ടത്.രണ്ടു പേർക്കും സ്റ്റഡി ടേബിൾ ഉണ്ട്. അവരുടെ അടുത്തിരുന്ന് ഓഫിസിലെ പെൻഡിങ് വർക്കും ചെയ്യും.”ഇത് ചെയ്യാൻ കിട്ടുന്നില്ല”തല കുനിച്ചു കൊണ്ട് പറഞ്ഞു.അടുത്തിരുന്നു അവനാ കണക്ക് പറഞ്ഞു കൊടുത്തു.”ഇതും” നോട്ടിന്റെ അടുത്ത പേജ് മറച്ചു കൊണ്ട് കണ്ണൻ പറഞ്ഞു.അതും പറഞ്ഞു കൊടുത്തു.””ഇനി പോയി കിടന്നോ.” അവനോടതും പറഞ്ഞ് എഴുന്നേൽക്കാൻ നോക്കി.

“”താങ്സ് അമ്മേ”” തല ഉയർത്താതെ ആയിരുന്നു അവനത് പറഞ്ഞത്.ലോകം മുഴുവൻ കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്.

“”പോയി കിടന്നുറങ്ങിക്കോട്ടോ””അവന്റെ മുടി ഒന്നുലച്ചു കൊണ്ടു പറഞ്ഞു.അപ്പോഴേക്കും നന്ദൂട്ടി ടേബിളിൽ തല വെച്ചു കിടന്നുറങ്ങി പോയിരുന്നു.അവളെ എടുത്ത് കട്ടിലിൽ കിടത്തി.

“” എന്ത് പറ്റി കണ്ണാ..”” മുഖമൊക്കെ വാടിയിരിക്കുന്നത് കണ്ട് ചോദിച്ചു.

“”തലവേദനിക്കുന്നു””മുഖം ചുളിക്കുന്നത് കണ്ട് നെറ്റിയിലും കഴുത്തിലും തല വെച്ചു നോക്കി.ചെറിയൊരു ചൂടുണ്ട്.ബെഡിൽ കിടന്ന കണ്ണന്റെ നെറ്റിയിലും കഴുത്തിലും ബാം പുരട്ടി കൊടുത്തു.””അമ്മ ഇന്നെന്റെ കൂടെ കിടക്ക്വോ””എഴുന്നേൽക്കാൻ നോക്കിയ എന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.ഒരു ചിരിയോടെ അവനെ പറ്റി ചേർന്നു കിടക്കുന്നു.

“”ഇവൾക്കും നിന്റെ കൂടെ കിടക്കണമെന്ന്””പാതി ഉറക്കത്തിൽ ചിണുങ്ങി കൊണ്ടിരുന്ന നന്ദൂട്ടിയേയും എടുത്ത് അദ്ദേഹവും വന്നു.മൂന്നു പേർക്ക് കഷ്ടിച്ചു കിടക്കാൻ പറ്റുന്ന കട്ടിലിൽ നാലാളും കിടന്നു.എന്റെ വയറിൽ ചുറ്റിപ്പിടിച്ച നന്ദൂട്ടിയുടെ കൈയുടെ മോളിൽ അദ്ദേഹത്തിന്റ കൈയും വച്ചതറിഞ്ഞപ്പോൾ ഒരു വിറയൽ മേലാസകലം പടർന്നു.കണ്ണുകളടച്ച് കണ്ണനെ ചേർത്തു പിടിച്ചു കിടന്നു.

“”ഇതെന്തിനാപ്പോ ഇത് നന്നാക്കുന്നേ”” പാർക്കിങ് സ്പേസിൽ ഇട്ടിരുന്ന പഴഞ്ചൻ സ്കൂട്ടറോട് ഗുസ്തി പിടിക്കുകയായാണ് രാവിലെ തന്നെ.””ഓഫീസിൽ പോവുമ്പോ ഇടക്ക് എടുക്കാലോ””ഒരു ചിരിയോടെയായിരുന്നു മറുപടി.ഇടക്കൊക്കെ ഉള്ളിൽ പ്രണയം പൂത്ത പതിനേഴുകാരന്റെ പതറിച്ച അദ്ദേഹത്തിനുണ്ടാവുന്നുണ്ട്.
അദ്ദേഹത്തിന്റെ കണ്ണുകളിൽ പ്രണയം പൂക്കുന്നത് കണ്ടപ്പോൾ പലപ്പോഴും തല താഴ്ത്തി നിന്നു.കവിളുകളിൽ ചോരയിരമ്പുന്നതറിയുന്നുണ്ടായിരുന്നു.കൈമോശം വന്നെന്നു കരുതിയ പല വികാരം എന്നിൽ ഇനിയും ബാക്കിയുണ്ടെന്ന് ഇടക്കൊക്കെ ഒർമിപ്പിക്കുന്നുണ്ട്. ഓഫീസിലേക്കുള്ള യാത്ര ആ സ്കൂട്ടറിലായി.

ശനിയാഴ്ച മക്കളെ എന്റെ വീട്ടിലാക്കിയാണ് ഓഫീസിൽ പോവാറ്.തിരിച്ചു വരുമ്പോൾ അവിടെ നിന്നും കൂട്ടും.ഒരു ദിവസം എന്നെ കണ്ടപ്പോൾ നന്ദൂട്ടി മുട്ടിനു താഴേക്ക് ഉടുപ്പ് വലിച്ചിട്ടു കൊണ്ടിരിക്കുന്നു.പിടിച്ചു വച്ച് നോക്കിയപ്പോൾ മുട്ടിൽ മുറിഞ്ഞിരിക്കുന്നു.””നന്ദൂട്ടി സത്യം പറയ്…ഇതെങ്ങനെയാ പറ്റിയെ…വെറ്തേ തല്ല് കിട്ടണ്ടേൽ പറഞ്ഞോ””ദേഷ്യത്തോടെയും പരിഭ്രമത്തോടെയും ചോദിച്ചു.

“”കണ്ണേട്ടനും ഞാനും അച്ഛച്ചനും കൂടി വയലിൽ പോയി …അവ്ടുന്ന് ഓടി കളിച്ചപ്പോ പറ്റിയതാ””പേടിച്ച് പേടിച്ച് നന്ദൂട്ടി പറഞ്ഞു.കണ്ണനും നിന്നു പരുങ്ങുന്നുണ്ട്്.

“”കുട്ടികള് വീഴുന്നത് സാധാരണയാ…നീ മോളെ പേടിപ്പിക്കേണ്ടാ…വീണും പൊട്ടീം തന്നെയാ നീയും വളർന്നേ””

“”ഈ അച്ഛനാ പിള്ളേരെ വഷളാക്കുന്നേ””അച്ഛനോട് ദേഷ്യപ്പെട്ട് അകത്തേക്കു പോയി.മരുന്നെടുത്ത് കൊണ്ട് വന്ന് നന്ദൂട്ടിയെ അടുത്തിരുത്തി മുറിവിൽ മരുന്നു വെക്കാൻ തുടങ്ങി.”ശ്ശ്…”” നീറീയിയിട്ടു കാലു വലിച്ചു. “”വേഗം മാറൂട്ടോ””ഊതി കൊണ്ട് മരുന്നു വെക്കുന്ന എന്നിലെ അമ്മയെ ചിരിയോടെ നോക്കി കാണുകയായിരുന്നു അച്ഛനും അമ്മയും. കുറേ കഴിഞ്ഞായിരുന്നു അദ്ദേഹവും വന്നത്.രാത്രി എല്ലാവരും ഇരുന്ന് കുറേ നേരം സംസാരിച്ച ശേഷമാണ് ഇറങ്ങിയത്.

“”അമ്മേ…എന്തിനാ ഇതൊക്കെ ഞാനും കണ്ണന്റെ അച്ഛനും മാത്രേ ഇതൊക്കെ കഴിക്കൂ..ഈ രണ്ടു കുടുക്കാസും തൊടില്ലാ ഇതൊന്നും”” കാറിന്റെ ഡിക്കിയിൽ സാധനങ്ങൾ എട്ത്തു വെക്കുന്ന അച്ഛനോടും അമ്മയോടും പറഞ്ഞെങ്കിലും എന്തൊക്കെയോ കുത്തി നിറച്ച് വെച്ചിട്ടുണ്ട്.

“”ന്റേം അച്ഛനാ…””

“”അങ്ങ് പറഞ്ഞ് കൊട്ക്ക് നന്ദൂസേ””ചിരിയോടെ അദ്ദേഹം പറഞ്ഞു

“എന്റെ പേര് അറീലേ രാധൂന് …”” കാറിലിരുന്നപ്പോൾ ചോദിച്ചു.

“”അറ്യം..വിനു..വിനുവേട്ടൻ””

“”കണ്ണന്റെ അച്ഛൻന്നു നീട്ടി വലിച്ചു പറയുന്നതിലും നല്ലത് വിനുവേട്ടൻന്നു വിളിക്കുന്നതല്ലേ””

പ്രണയം നിറച്ച പതിഞ്ഞ സ്വരത്തിൽ അത് പറഞ്ഞപ്പോൾ കണ്ണുകൾ പിറകിലിരുന്ന മക്കളിലേക്ക് പോയി.രണ്ടാളും പുറത്തെ കാഴ്ചകൾ നോക്കിയിരിക്കുകയാണ്

“”മറുപടി താടോ””

“”അതേ….””

“”എന്നാ നല്ല അന്തസ്സായിട്ടൊന്നു വിളിച്ചേ വിനുവേട്ടാന്നു”” ഡ്രൈവിങിൽ ശ്രദ്ധിച്ച് നേരെ നോക്കിയാണ് പറഞ്ഞത്.

“”മക്കൾ…””ഓർമിപ്പിക്കും പോലെ പറഞ്ഞു.

“”താൻ വിളിക്കെടൊ..””

“”വിനുവേട്ടാ…””ആദ്യമായി വിളിച്ചതിന്റെ ചമ്മൽ ശരിക്കുമുണ്ടായിരുന്നു.ഒരു ചിരിയോടെ ഡൈവ് ചെയ്യുന്നത് ഇടം കണ്ണാലെ നോക്കി.രാത്രി അദ്ദേഹത്തിന്റെ മിഴികൾ ഇമ ചിമ്മാതെ എന്നിൽ തന്നെ പാറി കളിക്കുന്നതറിഞ്ഞപ്പോൾ കണ്ണുകൾ ഇറുക്കിയടച്ച് നന്ദൂട്ടിയോട് ചേർന്നു കിടന്നു.

മുറിയിൽ ചെല്ലുമ്പോൽ കണ്ണാടിയിൽ നോക്കി മുടി ഡൈ ചെയ്യുന്നു.””രാധൂ ചെവിക്കാകാതെ ഇതൊന്നു അടിച്ചു തന്നെ””ചെവി ഒരു തുണി കൊണ്ട് കവർ ചെയ്ത് പിടിച്ചു.പതിയെ ശ്രദ്ധാപൂർവം കറുപ്പിച്ചു കൊടുത്തു.””ഒരുപാട് നരച്ചല്ലോ””

“”വയസെത്രയായീന്നാ വിചാരം…നാൽപ്പതി നാല് കഴിഞ്ഞു””

“”ഇനി ആരെ കാണിക്കാനാണാവോ ഡേയൊക്കെ ചെയ്യുന്നേ””ഇത്തിരി കുറുമ്പ് കലർത്തി കൊണ്ട് ചോദിച്ചു.

“”നോക്കേണ്ട ഒരുത്തി നോക്കുന്നില്ല …ഇനി ഡൈ ചെയ്താലെങ്കിലും നോക്ക്വോന്നു നോക്കട്ടെ….അല്ലേ ഓഫീസിൽ ഒരു ന്യൂ അപ്പോയ്മെന്റ് ഉണ്ട് …ഇരുപത്തഞ്ച് വയസേ കാണൂ…””അതു കേട്ടപ്പോൾ ഡേ ചെയ്ത് കൊടുക്കുന്നത് നിർത്തി.””അങ്ങനെ ഇപ്പോ ചെറുപ്പക്കാരനായി വിലസണ്ട””അതും പറഞ്ഞ് ചെറുതായൊന്നു തള്ളു വെച്ചു കൊടുത്തു കൊണ്ട് പുറത്തേക്ക് പോവാൻ നോക്കിയതും കൈയിൽ പിടിച്ചു “”പോവല്ലേ…കംപ്ലീറ്റ് ചെയ്…ഒരു തമാശ പറഞ്ഞതല്ലേ””

“”അമ്മേ””അപ്പോഴേക്കും കൂവി വിളിച്ചോണ്ട് കണ്ണനും നന്ദൂട്ടിയും മുറിയിലേക്കു വന്നതും കൈ വിടുവിച്ച് കൈയിലെ ബ്രഷ് ഒളിപ്പിച്ചു.ചെറിയൊരു ചമ്മൽ

“”വിശക്കുന്നു”” കോറസ് പോലെ രണ്ടു കുടുക്കാസും പറഞ്ഞു

“”വാ””രണ്ടാളുടേയും കൈകൾ പിടിച്ചു പുറത്തേക്ക് നടന്നു.

കുറേ നേരായി വിനുവേട്ടൻ അടുക്കളയിൽ പമ്മിക്കളിക്കുന്നു.””എന്താ…””എന്നു ചോദിച്ചപ്പോൾ ഒന്നൂല്ലാന്നു തോളുയർത്തി കൊണ്ട് പറഞ്ഞു.പിന്നെയും അവിടെ നിന്ന് തിരിഞ്ഞു കളിച്ചപ്പോൾ കൈകൾ കെട്ടി നിന്ന് ആളെ തന്നെ നോക്കി നിന്നു.എന്താന്നു വീണ്ടും പുരിക കൊടി ഉയർത്തി ചോദിച്ചു.പെട്ടെന്നു ചേർത്തു പിടിച്ചു കവിളിൽ ഉമ്മ വെച്ചു “”ഇത് തന്നില്ലേ എനിക്ക് ശ്വാസം മുട്ടുംന്നു തോന്നി ഇപ്പോ സമാധാനായി””വാതിക്കലേക്ക് കണ്ണു പായിച്ചു അമ്മേന്നും വിളിച്ച് രണ്ടു കുടുക്കാസും ഓടി വരാറുള്ളത്..അവരെങ്ങാനും കണ്ടിരുന്നെങ്കിലോ.

“”ഇനി ഞാൻ പോട്ടേ…നീ അങ്ങോട്ട് വന്നേക്ക് കെട്ടോ..””കള്ള ചിരിയോടെ അതും പറഞ്ഞ് വിനുവേട്ടൻ പോയി.രണ്ടു പേർക്കും നടുവിൽ മക്കൾ രണ്ടാളും കിടന്നിട്ടുണ്ട്. രണ്ടാളും മത്സരിച്ച് സ്കൂളിലെ കഥ പറയുന്നുണ്ട്.മക്കളുടെ തലക്കു മുകളിൽ കൂടി കൈകൾ ഇഴഞ്ഞു വന്ന് കൈവിരലിൽ കോർത്തു പിടിച്ചതും ഒരു ഞെട്ടലോടെ വിനുവേട്ടനെ നോക്കി.കണ്ണുകൾ കോർത്തു കിടന്നു.”

“”എന്നിറ്റമ്മേ..””കഥയുടെ നടുക്ക് എന്തോ പറയാനായി നന്ദൂട്ടി വിളിച്ചപ്പോഴായിരുന്നു രണ്ടാൾക്കും ബോധം വന്നത്. രാത്രി മക്കളുറങ്ങിയപ്പോൾ വിനുവേട്ടൻ കൈകളിൽ തട്ടി വിളിച്ചു.എഴുന്നേറ്റു വരാൻ ആഗ്യം കാണിച്ചു.കെട്ടി പിടിച്ചു കിടന്ന കണ്ണന്റെ കൈ പതിയെ എടുത്തു മാറ്റി എഴുന്നേറ്റു.

“”എന്താ”” മക്കൾ എഴുന്നേൽക്കാതിരിക്കാനായി പതിയെ ചോദിച്ചു.

“”നമുക്ക് ജീവിച്ച് തുടങ്ങണ്ടേ…അവരുടെ അമ്മ മാത്രമാകാതേ എന്റെ ഭാര്യ കൂടി ആയിക്കൂടെ നിനക്ക്””മറുപടി പറയാതെ നെഞ്ചിൽ തല ചായ്ച്ചു.അന്നാ രാത്രിയിൽ വിയർപ്പു തുള്ളികൾ സൃഷ്ടിച്ച് പ്രണയം പങ്കു വെച്ചു

?ഇനി പൂക്കില്ലെന്നു നിനച്ച മോഹങ്ങളെല്ലാം പൂത്തു…ഇനിയൊഴുകില്ലെന്നു കരുതിയ പ്രണയം നിന്നലേക്കൊഴുകി….ഇനി തരളിതമാവില്ലെന്നോർത്ത മനവും തരളിതമായി…ഇനി ഒരിക്കലും ചുവക്കില്ലെന്നു കരുതിയ കവിളും ചുവപ്പേന്തി…ഒരു വാക്കു പോലും പറയാതെ നീ പറഞ്ഞു തന്നു…ഇനിയും നിന്നിലെല്ലാമുണ്ട്….പ്രിയനേ ഇനിയും ഞാൻ നിന്നിലേക്കൊഴുകട്ടേ….?