കാണാൻ കുറച്ച് സുന്ദരനാണ് എന്ന് കരുതി ഒരു പിയൂണിനോട് ഇത്രയ്ക്ക് അടുപ്പം കാട്ടേണ്ടതുണ്ടോ..? അവരുടെ പദവിയെപ്പറ്റി എങ്കിലും ഓർമ്മവേണ്ടതല്ലേ…

സേതുലക്ഷ്മി

എഴുത്ത്: രാജു പി കെ കോടനാട്

പുതുതായി സ്ഥലം മാറി വന്ന കളക്റ്റർ സേതു ലക്ഷ്മി പിയൂൺ രാമനാഥനോട് വല്ലാത്ത അടുപ്പം കാണിക്കുന്നത് സൂപ്രണ്ട് ജയപ്രഭ ഉൾപ്പടെ പലരിലും വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മറ്റുള്ളവരോടായി സൂപ്രണ്ട് പറഞ്ഞു.

“കാണാൻ കുറച്ച് സുന്ദരനാണ് എന്ന് കരുതി ഒരു പിയൂണിനോട് ഇത്രയ്ക്ക് അടുപ്പം കാട്ടേണ്ടതുണ്ടോ..? അവരുടെ പദവിയെപ്പറ്റി എങ്കിലും ഓർമ്മവേണ്ടതല്ലേ.”

കേട്ടുകൊണ്ടിരുന്ന എല്ലാവരും സൂപ്രണ്ടിനെ പിൻ താങ്ങി വല്ലാത്തൊരു ചിരിയോടെ സൂപ്രണ്ട് പറഞ്ഞു.

“ഇനി വല്ല…”

പെട്ടന്നാണ് സേതു ലക്ഷ്മി അകത്തേക്ക് കടന്ന് വന്നത്

കളക്റ്ററെ പെട്ടന്ന് മുന്നിൽ കണ്ടതും സൂപ്രണ്ട് ഉൾപ്പെടെ എല്ലാവരും ഇരുന്നിടത്തു നിന്നും എഴുനേറ്റു. ചെറിയ പുഞ്ചിരിയോടെ അവർ പറഞ്ഞു.

“എല്ലാവരും ഇരിക്കണം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇനി കടന്ന് വരുന്നത് ആര് തന്നെ ആയാലും നമ്മൾ അവരെ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കേണ്ട ആവശ്യമില്ല പിന്നെ നിങ്ങൾ സംസാരിച്ചതെല്ലാം അവിചാരിതമായാണെങ്കിലും ഞാൻ കേൾക്കാൻ ഇടയായതു കൊണ്ടാണ് ഇങ്ങോട്ട് കയറി വന്നത്. പിയൂൺ രാമനാഥനോട് എനിക്കുള്ള അടുപ്പത്തെപ്പറ്റിയുള്ള നിങ്ങളുടെ ഉള്ള സംശയം തീർത്ത് കളയാം എന്ന് കരുതി.”

“നിങ്ങൾ സംശയിക്കുന്നതു പോലെ രാമനാഥൻ എന്റെ കാമുകനൊന്നും അല്ല എന്റെ…..എന്റെ ഭർത്താവാണ് അദ്ദേഹം എന്താ വിശ്വാസം വരുന്നില്ലേ നിങ്ങൾക്ക്. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഏട്ടന്റെ ആലോചന വരുന്നത് ഞങ്ങൾ മൂന്ന് പെൺകുട്ടികളിൽ മുത്ത കുട്ടിയായിരുന്നു ഞാൻ സ്ത്രീധനം ഒന്നും ആവശ്യപ്പെടാതെ വന്ന സർക്കാർ ജോലിക്കാരന്റെ ആലോചന തുടർന്ന് പഠിക്കണം അത് മാത്രമായിരുന്നു എന്റെ ആഗ്രഹവും എന്റെ ആഗ്രഹത്തിന് ഏട്ടൻ ഒരെതിർപ്പും പറഞ്ഞില്ല. അധികം താമസിയാതെ ഞങ്ങളുടെ വിവാഹവും നടന്നു. സ്വന്തം കൂടപ്പിറപ്പുകൾക്ക് വേണ്ടി ചെറുതെങ്കിലും ഒരു ജോലി കിട്ടിയപ്പോൾ ഏട്ടൻ പാതിവഴിയിൽ പഠനം ഉപേക്ഷിച്ചതാണ്.”

പിന്നീട് ഏട്ടനാണ് എന്നെ പഠിപ്പിച്ച് ഇങ്ങനെ ഒരു പദവിയിൽ എത്തിക്കുന്നത്.

ഇങ്ങോട്ട് സ്ഥലം മാറി വരുമ്പോൾ ഞാൻ ഏട്ടനോട് ചോദിച്ചു.

“നമ്മൾ രണ്ടു പേരും ഒരേയിടത്ത് അത് ഏട്ടന് വിഷമം ആവുമെങ്കിൽ പറയണം മറ്റൊരിടത്തേക്ക് ഏട്ടന് ഞാൻ സ്ഥലം മാറ്റം വാങ്ങിത്തരാം”

അന്ന് ഏട്ടൻ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞത്..

“എനിക്ക് ഇതുവരെ ശമ്പളം തന്നതും ഇനി തരാൻ പോകുന്നതും കളക്റ്റർ സേതു ലക്ഷ്മി അല്ല. പിന്നെ പിയൂൺ രാമനാഥൻ തന്റെ ഭർത്താവാണെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ തനിക്ക് എന്നെ സ്ഥലം മാറ്റാം എന്നാണ്”

“ഇവിടെ വന്ന അന്ന് തന്നെ രാമേട്ടനെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ തീരുമാനിച്ചതാണ് അപ്പോൾ ഏട്ടനാണ് എതിർത്തത് ഞാൻ അത് പറഞ്ഞാൽ പിന്നെ എല്ലാവരും പിയൂൺ രാമനാഥനെ മറക്കും കളക്റ്ററുടെ ഭർത്താവ് എന്ന രീതിയിലാവും എന്നെ കാണുക അത് വേണ്ട അറിയുമ്പോൾ അറിയട്ടെ നമ്മൾ പറഞ്ഞ് അറിയണ്ടെന്ന് പറഞ്ഞപ്പോൾ സങ്കടത്തോടെ ആണെങ്കിലും ഞാൻ ആ തീരുമാനത്തിൽ നിന്നും പിന്മാറി.”

“അന്നത് പറയാതിരുന്നത് വലിയ തെറ്റായിപ്പോയെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു കാരണം ഞങ്ങളുടെ ഇടയിൽ നടക്കുന്നത് അവിഹിതമാണെന്ന് വരെ നിങ്ങൾ കണ്ടെത്തി.”

“ഒരു കാര്യം നിങ്ങൾ എല്ലാവരും ഓർക്കണം നമ്മൾ വന്ന വഴി അതൊരിക്കലും മറക്കരുത്”