തീ പാറുന്ന മിഴികളോടെ മീര അയാളെ ഒന്ന് നോക്കി. അയാൾ പെട്ടന്നവളിൽ നിന്ന് നോട്ടം മാറ്റി…

മനസ്സ്…..

Story written by RAJITHA JAYAN

ഇല്ല !!. …ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി ഞാനെന്റ്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. ..

എനിക്കാദ്യം ആവശ്യമൊരു ജോലിയാണ്. .

ഒരു തരത്തിലും എന്നെ ഉപദ്രവിക്കാൻ നോക്കിയിട്ട് പറ്റിയിട്ടില്ലല്ലോ..അപ്പോൾ അയാൾ കണ്ടെത്തിയ പുതിയ വഴിയാണിത് ഷീനേ…ഇവിടെ ഞാൻ തോൽകില്ല..

“”എന്റെ മീരേ…നീയാദ്യം നിന്റ്റെയീ മുൻധാരണകളും എടുത്തു ചാട്ടവും ഒന്ന് നിർത്ത്…

ഇതിൽ തെറ്റായിട്ടൊന്നും തന്നെയില്ലല്ലോ…??

പഠനമെല്ലാം കഴിഞ്ഞ് ബാങ്ക് ടെസ്റ്റുകളുംഎഴുതി ഇരിക്കുന്ന മകൾക്ക് യഥാവിധി കല്യാണം ആലോചിച്ചതാണോ നിന്നോടു നിന്റ്റെ മാതാപിതാക്കൾ ചെയ്ത തെറ്റ്??

മാതാപിതാക്കളോ..??

എനിക്കെന്റ്റേതായിട്ടീ ഭൂവിൽ അമ്മ മാത്രമേയുള്ളൂ… ബാക്കിയുളളവരെല്ലാം എന്റ്റെ ജീവിതത്തിലേക്ക് ഞാനറിയാതെയും എന്റ്റെ അനുവാദം ഇല്ലാതെയും കടന്നു വന്നവരാണെന്ന് നിനക്കറിയാലോ ഷീനേ….

പിന്നെ നീ ഇടയ്ക്കിടെ അത്തരം വാക്കുകൾ പറയേണ്ടത്തില്ല…

ഓ…ശരീ സമ്മതിച്ചു….ഇപ്പോൾ നിന്റ്റെ ശരിക്കുമുളള പ്രശ്നമെന്താണ്….??അതു പറയൂ മീരേ നീയാദ്യം…

അപ്പോൾ അതിതുവരെയും നിനക്ക് മനസ്സിലായില്ലേ ഷീനേ…??

എന്നെ പെണ്ണുക്കാണാൻ ഇന്നു വീട്ടിൽ ആരൊക്കെയോ വരുന്നുണ്ട്. ആരൊക്കെയോ എന്നുവെച്ചാൽ എന്റെ അമ്മയുടെ ഭർത്താവിന് വളരെ വേണ്ടപ്പെട്ട ആരെല്ലാമോ…

അവരുവന്നിട്ടുപോട്ടെടീ….

നിനക്കിഷ്ടപ്പെട്ടില്ലാന്നു പറഞ്ഞാൽ പോരെ….ഇനിയഥവാ നല്ല കൂട്ടരാണെങ്കിൽ അതങ്ങുനടക്കുകയും ചെയ്തോട്ടെടീ….. എന്നായാലും ഒരിക്കൽ കല്യാണം കഴിക്കണം അതിപ്പോഴാണെങ്കിൽ വളരെ നല്ലത്. ..ഞാനങ്ങനെയാ ചിന്തിക്കുന്നത്…

നിനക്കങ്ങനെ ചിന്തിക്കാം കാരണം നീ നിന്റ്റെ സ്വന്തം മാതാപിതാക്കളുടെ കൂടെയാണ്. ..പക്ഷേ എനിക്കവിടെ അമ്മ മാത്രമേയുള്ളൂ സ്വന്തം…

പിന്നെ അയാൾ. .എന്റെ രണ്ടാനച്ഛൻ. ..ഇതയാളുടെ വക്രബുദ്ധിയാണ്….

ഞങ്ങളുടെ വീട്ടിൽ അയാൾ കയറി കൂടിയ അന്നുമുതലിന്നുവരെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് അയാളെന്നെ ഒളിച്ചും പാത്തും നോക്കി രസിക്കുന്നത്…ഒരു രണ്ടാനച്ഛന്റ്റെ ഒളിച്ചു നോട്ടത്തിന്റ്റെ തീ ചൂട് നിനക്കറിയില്ല ഷീനേ

പലപ്രാവശ്യം അയാളെന്നോട് സംസാരിക്കാൻ വന്നിട്ടുണ്ട്. പക്ഷേ ഞാനിന്നേവരെ അയാളുടെ മുന്നിൽ തനിച്ചുചെന്ന് നിന്നിട്ടില്ല

പലപ്പോഴും ഞാനറിയാതെ അയാൾ നമ്മുടെ കോളേജിൽ വരാറുണ്ടായിരുന്നു…എല്ലാം എന്തിനാണെന്ന് നിനക്കറിയാമോ…?? എന്നെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാൻ…

എന്നാലിന്നുവരെ അയാൾക്കതിനു കഴിഞ്ഞിട്ടില്ല. അപ്പോഴാണ് ഇപ്പോളീ കല്ല്യാണവുംപെണ്ണുക്കാണൽ നാടകവും…എന്റെ കാര്യത്തിൽ നല്ല ഉത്തരവാദിത്വം ഉണ്ടെന്ന് അമ്മയെയും മറ്റുള്ളവരെയും കാണിക്കാനുളള തന്ത്രമാണിത് അറിയാമോ നിനക്ക്. ..??

ഇത്രയെല്ലാം പ്രശ്നങ്ങൾ നിനക്കുണ്ടായിരുന്നെങ്കിൽ കോളേജിൽ വെച്ച് എത്രയോ ചെറുപ്പക്കാർ നിന്റ്റെ പുറകെ നടന്നതല്ലേ…അതിലൊരാളെ നിനക്കങ്ങ് സ്നേഹിച്ചൂടായിരുന്നോ…?? എന്നിട്ടാവഴിയങ്ങ് പൊയ്ക്കൂടായിരുന്നോ മീരേ…..??

ആ…ബെസ്റ്റ്. ….പണ്ടിതുപോലെ ഒരുത്തനെ സ്നേഹിച്ച് നാടും വീടും ഉപേക്ഷിച്ച് കൂടെപോയതാണെന്റ്റെ അമ്മ…

ഒരു നിയമത്തിന്റ്റെയും പിൻബലംവേണ്ട ഒരു കുടുംബക്കാരും വേണ്ടാന്ന് പറഞ്ഞിട്ട്…!! എന്നിട്ടവസാനം അമ്മയുടെ വയറ്റിൽ ഞാൻ ജന്മമെടുത്തെന്നറിഞ്ഞപ്പോൾ ആരോടും ഒന്നും പറയാതെ ഒരൊറ്റ പോക്കായിരുന്നു എന്നെ ജനിപ്പിച്ച എന്റ്റെ അച്ഛൻ. ..

പിന്നീടിന്നുവരെ ആരുമയാളെ കണ്ടിട്ടില്ല. തിരക്കിപോയിട്ടുമില്ല…

എന്നിട്ടവസാനം എനിക്കെട്ടു വയസ്സുള്ളപ്പോൾ എന്റെ അച്ഛന്റെ സ്ഥാനത്ത് വന്നതാണ് അയാൾ എന്റെ രണ്ടാനച്ഛൻ..

ജനിപ്പിച്ചവനില്ലാത്ത സ്നേഹമൊന്നും വന്നു കയറിയവനുണ്ടാവില്ല…!!

എന്റെ അമ്മയ്ക്ക് പറ്റിയ അതേ തെറ്റ് തന്നെ ഞാനും ആവർത്തിക്കണമായിരുന്നോ ഷീനേ….?

ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ലെടീ മീരേ…നമ്മുടെ സീനിയറായി പഠിച ഷാഹുലിന് നിന്നെയേറെ ഇഷ്ടമായിരുന്നില്ലേ….എത്രയോ പ്രാവശ്യം അവനത് നിന്നോടു പറഞ്ഞിട്ടുണ്ട്. ..

അവനു ബാങ്കിൽ ജോലി കിട്ടിയ സമയത്തും അവൻ നിനക്കരിക്കിൽ വന്നതല്ലേ നിന്റ്റെ ഇഷ്ടമറിയാൻ…അവനൊരിക്കലും നിന്നെ ചതിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല അതെനിക്കുറപ്പായിരുന്നു മീരേ. .പക്ഷേ നീയവനെയും നിരാശപ്പെടുത്തീലേ…??

വ്യത്യസ്ത മതത്തിൽപ്പെട്ട ഞങ്ങളൊരുമിച്ചാലുളള അവസ്ഥ നിനക്കറിയില്ലേ ഷീനേ….വയ്യ എനിക്കതിനൊന്നും….എനിക്കന്നുമിന്നും ഏറെയിഷ്ടമാണവനെ..പക്ഷേ പ്രശ്നങ്ങൾ സൃഷ്ടിച്ചൊരു ജീവിതം അതെനിക്കുവയ്യ…

എനിക്കൊരു ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാറായാൽ പിന്നീടെനിക്ക് ആരെയും പേടിക്കാതെ സമാധാനത്തോടെ ജീവിക്കാലോ….അതിനിടയ്ക്കിതുപോലെ പെണ്ണുക്കാണലും നാടകങ്ങളും എന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു…

എന്തായാലും ഞാൻ വീട്ടിലേക്കു പോവട്ടെ ബാക്കി വരുന്നതുപോലെ അപ്പോൾ നോക്കാം. .എന്തായാലും ഇനിയിതുപ്പോലെയുളള നാടകങ്ങൾ അവിടെ നടക്കാതിരിക്കാനുളളതെല്ലാം ഞാനിന്നു ചെയ്യും. ..

നാണം കെടുത്തും ഞാനിന്നയാളെയും അയാൾ കൊണ്ടുവരുന്നവരെയും!!

നീ അബദ്ധമൊന്നും കാണിക്കല്ലേടീ…മീരേ…മീരേ….മീരേ…എടാ. ..ഞാൻ പറയുന്നത്. ..

ഷീനയുടെ വാക്കുകൾക്ക് കാതുകൊടുക്കാതെ ധൃതിയിൽ വീട്ടിലേക്ക് നടക്കുമ്പോൾ മീരയുടെ മനസ്സിൽ പലവിധ ചിന്തകൾ മാറി മറിഞ്ഞു. …

വീടിനടുത്തെത്തിയപ്പോഴേ കണ്ടു മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന വിലക്കൂടിയ കാറുകൾ…

അകത്തുനിന്നുച്ഛത്തിലുളള ചിരിയും സംസാരങ്ങളും. ..

“”ആ…മോള് വന്നല്ലോ…?? എത്ര നേരായീ കുട്ടീ അമ്പലത്തിലേക്കെന്ന് പറഞ്ഞു പോയിട്ട്. ..??

ഇവരെത്ര നേരമായി വന്നിട്ടെന്നറിയാമോ…..??

അയാളാണ്…രണ്ടാനച്ഛൻ…വന്നവർക്കുമുന്നിലാളാവാനുളള ശ്രമമാണ്. . !!

തീ പാറുന്ന മിഴികളോടെ മീര അയാളെ ഒന്ന് നോക്കി. . അയാൾ പെട്ടന്നവളിൽ നിന്ന് നോട്ടം മാറ്റി..

ശരിയാക്കിതരാം ….ഇപ്പോൾ തന്നെ. ..!!

കൊടുക്കാറ്റുപോലെ മീര വീട്ടിനക്കത്തേക്ക് പാഞ്ഞു കയറി. …

“””ഹ…ഇങ്ങനെ തല്ലാൻ വരുന്നത് പോലെ ആണോടോ പെണ്ണുക്കാണലിന് പെൺകുട്ടി വരുന്നത്. ..???

അകത്തേക്ക് പാഞ്ഞു ചെന്ന മീര പെട്ടെന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. …

അവൾ ഞെട്ടിപ്പോയി… ..ഷാഹുൽ….

അവൾക്ക് തന്റെ കണ്ണുകളെ വിശ്വാസമാവത്തത് പോലെ തോന്നി അവളുടെ നോട്ടം കണ്ടപ്പോൾ മറ്റുള്ളവർക്ക്. .

“””താനിങ്ങനെ അന്തംവിടുകയൊന്നുംവേണ്ട അവനെ കണ്ടിട്ട്. ..

അതവൻ തന്നെയാണ് ഷാഹുൽ നിന്റ്റെ സീനിയർ ആയിപഠിച്ചവൻ…ഞങ്ങളവന്റ്റെ ഉപ്പയും ഉമ്മയും കൂടുംബക്കാരുമാണ്….

അവനു വേണ്ടി നിന്നെ പെണ്ണുചോദിക്കാൻ വന്നതാണ്. ..

ഇതെങ്ങനെ ശരിയാവും…??? അപ്പോൾ …അപ്പോൾ. …

“”അങ്ങനെയൊരു അപ്പോളൊന്നുമില്ലെടോ….

താൻ വന്നേ ഞാൻ പറഞ്ഞു തരാം എല്ലാം…

ഷാഹുലിനൊപ്പം അകത്തെ മുറിയിലേക്ക് നടക്കുമ്പോഴും മീരയുടെ ഉളളിലെ സംശയങ്ങൾ വർദ്ധിച്ചു കൊണ്ടിരുന്നു

“”എടോ ഞങ്ങൾ തന്നെയാണ് നിന്നെ കാണാൻ ഇന്നുവരുമെന്ന് പറഞ്ഞിരുന്നത്…വരുന്ന കാര്യം ഒരു സസ്പെൻസ് ആവട്ടെ എന്ന് കരുതി. ..

ഇതെങ്ങനെ ശരിയാവും ഷാഹുൽ. .അയാളിതിനു സമ്മതിച്ചോ…??

അയാളോ….?? എന്താണ് മീരേ..നീയിങ്ങനെ ??? അതു നിന്റ്റെ അച്ഛനാണ്. ..അറിയാമോ…??

അച്ഛൻ. .ഷാഹുലിനൊന്നും അറിയാഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത്. …

എനിക്കെല്ലാം അറിയാം മീരാ…

ഒന്നുമറിയാത്തത് നിനക്കാണ്….

കഴിഞ്ഞു പോയ വർഷങ്ങളിലെല്ലാം തന്നെ നിന്റ്റെ അറപ്പും വെറുപ്പും ഉള്ള നോട്ടങ്ങളും കുത്തുവാക്കുകളും സഹിച്ച് നിന്നെ സ്നേഹിക്കുക മാത്രം ചെയ്തൊരച്ഛനെ നീ ഇന്നേവരെ കണ്ടില്ല …! !

നിനക്കായ് നിന്റ്റെ നല്ല ഭാവിക്കായ് ഉറുമ്പ് അരിമണികൾ ശേഖരിക്കുന്നത്പോലെ ഓരോന്നും നിനക്കായ് പെറുക്കികൂട്ടിയ ആ മനുഷ്യന്റ്റെ നെഞ്ചിലെ സ്നേഹവും കണ്ണിലെ വാത്സല്ല്യവും ഇക്കഴിഞ്ഞുപോയ വർഷങ്ങളിലൊന്നും തന്നെ മനസ്സിലാക്കാതെ പോയത് നീയാണ് മീര….!!

ഷാഹുലെന്താണീ പറയുന്നത്. ..?

ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. ..നിന്നെ എനിക്ക് വേണമെന്ന് പറഞ്ഞു ഞാനീ വീട്ടിൽ വന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു നിനറ്റെ അച്ഛന്റെ സ്നേഹം…

ജാതിയും മതവും ഒന്നും അവർക്ക് പ്രശ്നം ആയിരുന്നില്ല. ..നിനക്കെന്നെ ഇഷ്ടമാണെങ്കിൽ എന്റ്റെ വീട്ടുക്കാരുടെ പൂർണ സമ്മതമുണ്ടെങ്കിൽ നിന്നെ എനിക്ക് തരാമെന്ന് ആ മനുഷ്യൻ പറഞ്ഞപ്പോൾ ഞാനാ കണ്ണിൽ കണ്ടിരുന്നു അദ്ദേഹത്തിനു നിന്നോടുളള സ്നേഹം.. ..

നിന്റ്റെ സ്നേഹം കിട്ടാതെ പോയ സങ്കടം ..ഒളിച്ചും പാത്തും നിന്നെ അദ്ദേഹം നോക്കിയിരുന്നത് നിന്നെ കാണാനുള്ള കൊതികൊണ്ടായിരുന്നെടീ…അല്ലാതെ,

ഷാഹുൽ. …ഞാൻ. ….എനിക്ക്. …

നീയൊന്നും പറയണ്ട മീരേ…

നീയൊന്ന് മനസ്സിരുത്തി ചിന്തിച്ചു നോക്കൂ ഓരോ കാര്യങ്ങളും. ..നിന്റ്റെ മുൻധാരണകൾ ഒഴിവാക്കി. ..

നമ്മുടെ മുന്നിൽ നിൽക്കുന്ന ആളെ നമ്മൾ വിലയിരുത്തേണ്ടത് ശുദ്ധമായ മനസ്സോടെയാവണം….അപ്പോൾ നമ്മുക്ക് മനസ്സിലാവും അവർക്ക് നമ്മോടുളള സമീപനം എന്താണെന്ന്…

മുന്നിൽ നിൽക്കുന്നവന്റ്റെ കണ്ണിൽ നോക്കിയാലറിയണം നമ്മുക്ക്,,അവനിലുളളത് കാമമാണോ ക്രോധമാണോ വിശപ്പോണോ എന്നത്…എന്നിട്ടു വേണം വിലയിരുത്താനും ശിക്ഷിക്കാനും….

എല്ലാ രണ്ടാനമ്മമാരും അച്ഛൻമാരും ദുഷ്ടമനസ്സുളളവരാക്കില്ല മീരാ….അപൂർവ്വം ചിലർ മാത്രമേ ഉണ്ടാവൂ അത്തരക്കാർ…കുഞ്ഞുനാളിലെ നിന്നിലുടലെടുത്ത ആ ചിന്ത മാറ്റാൻ ആരും ശ്രമിച്ചില്ല…അതാണ് ഇതിനെല്ലാം കാരണം. ..

എന്തായാലും ഞങ്ങളിപ്പോൾ പോവുകയാണ്…ബാക്കിയെല്ലാം പിന്നീട്. …

യാത്ര പറഞ്ഞു ഷാഹുലും കുടുംബവും പോയ്കഴിഞ്ഞപ്പോൾ മീരയുടെ കണ്ണുകൾ അവിടെയാക്കെ പരതി…

അവൾ കണ്ടു കുറച്ചപ്പുറത്തുമാറി അവളറിയാതെ അവളെ തന്നെ നോക്കുന്ന ആ രണ്ടു മിഴികൾ… ….അതിൽ തെളിഞ്ഞു കാണാമായിരുന്നു ഇപ്പോഴവൾക്ക് ഒരച്ഛന്റ്റെ കറപുരളാത്ത സ്നേഹം… ആ മനസ്സിലെ വാത്സല്യം. ..

ആർത്തലച്ചൊരു കരച്ചിലോടാ നെഞ്ചിലേക്കും പിന്നെയാ കാൽക്കലേക്കും വീഴുമ്പോൾ ഒരു മന്ത്രം പോലെ അവളുടെ ചുണ്ടുകൾ പറയുന്നുണ്ടായിരുന്നു അച്ഛാ മാപ്പ്. ..വേദനിപ്പിച്ചതിന്….മനസ്സിലാക്കത്തതിന്…കുറ്റപ്പെടുത്തിയതിന്…..പിന്നെയും ഞാൻ ചെയ്ത ഓരോ തെറ്റിനും മാപ്പ്. …മാപ്പ്… ..

വർഷങ്ങൾക്കിപ്പുറം മകൾ തന്നെ അംഗീകരിച്ചപ്പോൾ ആ അച്ഛന്റെ മിഴികളും പെയ്യുന്നുണ്ടായിരുന്നു..