പ്രണയ പർവങ്ങൾ – ഭാഗം 77, എഴുത്ത്: അമ്മു സന്തോഷ്

സാറയ്ക്ക് ചെറിയ പനി ഉള്ളത് കൊണ്ട് അന്ന് അവിടെ പുറത്ത് ആണ് അവൾ ഇരുന്നതേയുള്ളു. ആരൊക്കെയോ മുറിയിലേക്ക് ഓടുന്നു. മുറിയിൽ നിന്നു നേഴ്സ് മാർ പുറത്തേക്ക് ഓടുന്നു

സാറ ഹൃദയം തകർന്ന് അത് നോക്കി നിന്നു

എന്റെ ദൈവമേ..

അവൾക്ക് തല ചുറ്റുന്ന പോലെ തോന്നി. അവനെ സ്ട്രക്ച്ചറിൽ കിടത്തി കൊണ്ട് പോകുന്നു. അവൾ ഓടി ചെന്നു സ്റ്റാൻലിയെ വിളിച്ചു കൊണ്ട് വന്നു

ഷെല്ലിയെ ഫോൺ ചെയ്തു കാര്യം പറഞ്ഞു. മൂന്നാല് മണിക്കൂർ കഴിഞ്ഞു കാണും

ഡോക്ടർ ആരെങ്കിലും ഒരാൾ അകത്തോട്ടു ചെല്ലാൻ പറഞ്ഞു. സ്റ്റാൻലി എഴുന്നേറ്റു

“അപ്പൻ പോയിട്ട് വരട്ടെ മോളെ ” അവൾ കണ്ണുനീരോടെ തലയാട്ടി

“അല്ലെങ്കിൽ വേണ്ട മോള് പൊയ്ക്കോ ചെല്ല് ” അയാൾ ഒരു നിമിഷം കഴിഞ്ഞു പറഞ്ഞു

പ്രാണൻ തിരിച്ചു കിട്ടിയത് പോലെ സാറ അകത്തേക്ക് ഓടി. ചാർലി കണ്ണുകൾ തുറന്നു കിടക്കുന്നുണ്ടായിരുന്നു

ഡോക്ടർ പ്രവീൺ അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. പിന്നെ തിരിഞ്ഞു ചാർളിയുടെ മുഖത്ത് നോക്കി

“ചാർലി?” അവൻ ഡോക്ടറെ നോക്കിയില്ല

“ഹലോ ” ഡോക്ടർ ആ കയ്യിൽ തൊട്ടപ്പോ അവൻ പെട്ടെന്ന് നോക്കി

“ഇതാരാ വന്നെന്ന് നോക്ക് “

ചാർലി അവളെ നോക്കികൊണ്ട് കിടന്നു

“ആരാണ്?” അവൻ ചോദിച്ചു

ഗുഹാമുഖത്ത് നിന്നു ഒരു മുഴങ്ങുന്ന ചോദ്യം

“നീ ആരാണ്?” സാറ നടുങ്ങിപ്പോയി

അവൾ തുറിച്ച കണ്ണുകളോടെ അവനെ നോക്കി നിന്നു

“ഇതാരാണെന്ന് മനസിലായില്ലേ?”

“ഇല്ല ” അവൻ മെല്ലെ പറഞ്ഞു

“ഒന്നോർത്തെടുക്കാൻ പറ്റുമോന്ന് നോക്കിക്കേ “

അവന്റെ മുഖം കടുത്ത വേദനയിൽ ചുളിഞ്ഞു

“സാരമില്ല സ്‌ട്രെയിൻ വേണ്ട. ഒന്ന് ഉറങ്ങിക്കോളൂ “

“സിസ്റ്റർ ” ഡോക്ടർ കണ്ണ് കാണിച്ചു

ഇൻജെക്ഷൻ ഞരമ്പിലേക്ക് കയറിയപ്പോ അവൻ കണ്ണുകൾ അടച്ചു

“സാറ..ഹാപ്പി ആയില്ലേ?” അവൻ മയങ്ങിയപ്പോ ഡോക്ടർ ചോദിച്ചു

“പക്ഷെ മിണ്ടിയില്ലല്ലോ ” അവൾ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു

“അപകടത്തിന്റെ ഷോക്കിൽ ആണ് ഇപ്പോഴും ചാർളി. ഇത്രയും ഉയരത്തിൽ  നിന്ന് വീണതാണ്. അതിന്റെ മെന്റൽ ഷോക്ക് ഉണ്ടാവും. എന്നാലും കോമയിൽ നിന്നു ഉണർന്നല്ലോ. ഇനി പേടിക്കണ്ട. ശരിക്കും ഒന്ന് ഉറങ്ങി കഴിഞ്ഞു ആള് ഓക്കേ. ആകും. “

അവൾ ഒരു തവണ കൂടി നോക്കിയിട്ട് പുറത്ത് ഇറങ്ങി

“എന്തായി മോളെ?”

അവൾ മെല്ലെ ചിരിക്കാൻ ശ്രമിച്ചു

“അപ്പാ..ഇച്ചാ കണ്ണ് തുറന്നു “

അവൾ നിലവിളിച്ചു കൊണ്ട് അയാളെ കെട്ടിപിടിച്ചു. സ്റ്റാൻലി കണ്ണുനീർ പൊഴിച്ചു കൊണ്ട് ആശുപത്രിയുടെ തറയിൽ മുട്ട് കുത്തി

“എന്റെ കുഞ്ഞിനെ ദൈവം എനിക്കു തിരിച്ചു തന്നല്ലോ അതു മാത്രം മതി. മോള് റൂമിൽ പൊയ്ക്കോ.”

“വേണ്ട. സമാധാനം കിട്ടില്ല. ഞാൻ ഇവിടെ ഇരുന്നോളാം. ഉണരട്ടെ “

ഷെല്ലി അപ്പോഴേക്കും അവിടേക്ക് വന്നിരുന്നു

“എന്തായി “

“ബോധം വീണു. പക്ഷെ വീണ്ടും ഉറങ്ങിപ്പോയി ” സ്റ്റാൻലി പറഞ്ഞു

ഷെല്ലി കരഞ്ഞു പോയി

“ഡോക്ടറെ ഒന്ന് കണ്ടിട്ട് വരട്ടെ ” ഒന്ന് ശാന്തമായപ്പോൾ അയാൾ ഡോക്ടറുടെ മുറിയിലേക്ക് പോയി. ഇപ്പൊ വേറെ ഡോക്ടർ ആണ് മുറിയിൽ

“ഞാൻ ഷെല്ലി. ചാർളിയുടെ മൂത്ത ചേട്ടനാണ് “

“ബ്രദർ “

“യെസ് ഡോക്ടർ “

“ഒന്ന് ഉറങ്ങി എഴുനേൽക്കുമ്പോ ശരിയാകും എന്നാണ് എന്റെ വിശ്വാസം “

ഡോക്ടർ മെല്ലെ പറഞ്ഞു. ഷെല്ലിക്ക് സമാധാനം ആയി. അയാൾ ആശ്വാസത്തോടെ പുറത്ത് ഇറങ്ങി. സാറ ഓടി ചെന്നു

“ഒന്നുമില്ല മോളെ. അവന് ഒരു കുഴപ്പവുമില്ല. ഉറങ്ങി എഴുന്നേറ്റു വരുമ്പോൾ നമ്മുടെ പഴയ ചാർലി ആയിട്ട് നമുക്ക് അവനെ കൊണ്ട് പോകാം. മോളിനി കരയണ്ട “
അവൾ പുറം കൈ കൊണ്ട് കണ്ണീർ തൂത്തു തലയാട്ടി. പിന്നെയും സമയം കഴിഞ്ഞു പോയി

ഇടക്ക് ഓരോരുത്തരും ഭക്ഷണം കഴിക്കാൻ പോയപ്പോ അവളും സ്റ്റാൻലിയും മാത്രം ആയി. ഒരു ദിവസം മുഴുവൻ അങ്ങനെ കഴിഞ്ഞു പോയി

പിറ്റേന്ന് പകൽ…

“ചാർലി ഉണർന്നു. വരു”

ഡോക്ടർ വന്നു വിളിച്ചു

സ്റ്റാൻലിയും സാറയും അകത്തേക്ക് ചെന്നു. അവൻ വളരെ നോർമൽ ആയി കാണപ്പെട്ടു. ബെഡിൽ ചാരി ഇരിക്കുകയായിരുന്നു

“ചാർളി?”

ഡോക്ടർ പുഞ്ചിരിയോടെ സ്റ്റാൻലിയെ ചൂണ്ടി

“ഇത് ആരാണെന്നു മനസ്സിലായോ?”

സ്റ്റാൻലി നെറ്റി ചുളിച്ച് ഡോക്ടറെ നോക്കി. ഇതെന്തു ചോദ്യമാണെന്ന മട്ടിൽ

ചാർലി അയാളെ നോക്കിയിരുന്നു

“ഇപ്പൊ എങ്ങനെ ഉണ്ടെടാ മോനെ?നമുക്ക് പോയാലോ?”

“നിങ്ങൾ ആരാണ് “

സ്റ്റാൻലി ഞെട്ടിപ്പോയി

“അതെന്താടാ അങ്ങനെ ഒരു ചോദ്യം?”

“എനിക്ക് നിങ്ങളെ അറിയില്ല…ഇത് ആശുപത്രിയാണെന്ന് ഡോക്ടർ പറഞ്ഞു തന്നു. എന്റെ പേര് ചാർളി എന്നാണെന്നും. ബാക്കി ഒന്നും എനിക്ക് അറിഞ്ഞൂടാ മനസിലാകുന്നില്ല ” അവൻ അസ്വസ്ഥത പ്രകടിപ്പിച്ചു

“എടാ ചെറുക്കാ കളിക്കല്ലേ…ചുമ്മാ തമാശ  പറയാതെ വന്നേ “

അയാൾ കയ്യിൽ പിടിച്ചു

“ഒരു മിനിറ്റ് സർ ഒറ്റ മിനിറ്റ് “

സ്റ്റാൻലിയെ കുറച്ചു മാറ്റി നിർത്തി ഡോക്ടർ. സാറയോട് മുന്നോട്ട് നീങ്ങി നിൽക്കാൻ പറഞ്ഞു

“ഇതാരാണെന്ന് അറിയാമോ?”

“ഇല്ല ” അവൻ പറഞ്ഞു

സാറ ഞെട്ടി നിൽക്കുകയാണ്

“Are you sure?”

“Yes damn sure..”

സാറയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി

“എടാ ഇത് നീ കല്യാണം കഴിക്കാൻ പോകുന്ന കൊച്ചാണെന്ന്. നീ തമാശ കാണിക്കല്ലേ ചാർലി. ഇന്നലെ മുഴുവൻ കരഞ്ഞു അതിന് വയ്യ..എന്നെ അറിയണ്ട. ഇവളെ അറിയത്തില്ലേ നിനക്ക്?”

ചാർലി കുനിഞ്ഞിരുന്നു. അടുത്ത നിമിഷം അവർ കേട്ടത് ഒരു അലർച്ച  ആയിരുന്നു
അവൻ അലറി കൊണ്ട് സാധനങ്ങൾ നിലത്തെറിഞ്ഞു പൊട്ടിച്ചു

“I don’t know any one… I don’t know even me..എനിക്ക് ഞാൻ ആരാണെന്ന് അറിയില്ല..ഞാൻ ആരാ?”

അവൻ അലറി. സാറ രണ്ടടി പുറകോട്ട് പോയി. അതു വരെ കണ്ട ചാർളിയല്ല. വേറെ ഒരാൾ. സ്റ്റാൻലി പകപ്പോടെ ഡോക്ടറുടെ മുഖത്ത് നോക്കി

“ചാർലി relax..എല്ലാം പറഞ്ഞു തരാം. എല്ലാം. Relax “

ഡോക്ടർ നേഴ്സ് മാർക്ക് ഒരു സംജ്ഞ കൊടുത്തിട്ട് സാറയെയും സ്റ്റാൻലിയെയും മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി

“ഞാൻ പറയുന്നത് കുറച്ചു ഗൗരവം ആയിട്ട് എടുക്കണം. This is a case of retrograde amnesia. നമ്മൾ ഇന്നലെ മൂവിയിൽ ഇത് കണ്ടിട്ടുണ്ട്. സിനിമ കണ്ടിട്ടില്ല എങ്കിൽ വിശദീകരിക്കാം.”

അവർ സ്തംഭിച്ചു പോയി

“അതായത് ചാർലിക്ക് ഒരു ബ്രെയിൻ ഇഞ്ചുറി ഉണ്ടായിട്ടുണ്ടോ മുൻപ്?”

“യെസ് ഒരു ആക്‌സിഡന്റ് ഉണ്ടായിട്ടുണ്ട്”

“അതെ ഭാഗത്തു തന്നെ വീണ്ടും ഇഞ്ചുറി ഉണ്ടായിട്ടുണ്ട്. അതു മാത്രം അല്ല അത്രയും ഉയരത്തിൽ നിന്ന് വീണതിന്റെ ഷോക്ക് എല്ലാമതീന്ന് കാരണം ആകും. ഇപ്പൊ ആള് ഡിസ്റ്റർബ്ട് ആണ്. താൻ ആരാ എന്താ എന്നൊന്നും അറിയില്ല. കൂടുതൽ ടെൻഷൻ ആക്കുകയും ചെയ്യരുത്. ചാർളിയുടെ കേസിൽ അയാൾ വയലന്റ് സ്വഭാവം കാണിക്കുന്നുണ്ട്. അതു അപകടം ആണ്. സൂയിസൈഡൽ ടെൻഡൻസി ഉണ്ടാകാം. താൻ എന്താ ആരാ ഒന്നും അറിയാതെ വരുമ്പോൾ സ്‌ട്രെസ് വരും. ക്ഷമ വേണം. പതിയെ വേണം ഓരോന്നും ഉള്ളിലേക്ക് കൊണ്ട് ചെല്ലാൻ. സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ട്. അല്ലെങ്കിൽ അപകടം ആണ്. കോമ സ്റ്റേജിൽ നിന്ന് വന്ന ഒരാളാണ് “

“ഡോക്ടർ അവന്റെ പെണ്ണാണ് ഇത്. അവരുടെ കല്യാണം നടക്കേണ്ടതായിരുന്നു. അവൾ ഇവിടെ നിന്നോട്ടെ “

“അതയാളുടെ തീരുമാനം ആണ് സർ. അയാളെ ഫോഴ്സ് ചെയ്യരുത്. ഞാൻ ഒരു ന്യൂറോ സർജൻ ആണെങ്കിലും എന്നേക്കാൾ ഇത് നന്നായി ഹാൻഡിൽ ചെയ്യുന്ന ഒരാൾ ഉണ്ട്. ഡോക്ടർ ആദി കേശവൻ. ഞാൻ വിളിച്ചു പറയാം ഒന്ന് പോയി കാണണം “

സ്റ്റാൻലി മുഖം കൈകളിൽ താങ്ങി

“ചിലപ്പോൾ അടുത്ത നിമിഷം അടുത്ത ദിവസം അടുത്ത മാസം ഒക്കെ ഓർമ തിരിച്ചു വന്നേക്കാം. വിഷമിക്കരുത്. ജീവനോടെ കിട്ടിയില്ലേ അയാളെ?”

സാറ മുഖം തുടച്ചു

“അതെ അപ്പാ നമ്മുടെ മുന്നിൽ ഉണ്ടല്ലോ. നമുക്ക് ശരിയാക്കിയെടുക്കാം”

അവൾ അദേഹത്തിന്റെ കൈ പിടിച്ചു

തുടരും…

എന്നേ കൊ- ല്ലരുത് 🙏