നിന്റെ ഭാര്യയെ കൊണ്ട് വീട്ടിലും നാട്ടിലും നിൽക്കാൻ വയ്യല്ലോ , എത്ര ആലോചന വന്നതാ എന്റെ മോന് എന്നിട്ടും ഈ മുദേവിയാണല്ലോ കേറി വന്നത്…

അപസ്മാരം

Story written by NAYANA SURESH

നിന്റെ തുടവരെ കണ്ടു ബസ്സ് സ്റ്റോപ്പിലുള്ളവർ .. ഈ വക അസുഖമുണ്ടെങ്കിൽ ചുരിദാറിട്ട് പോണം അല്ലാതെ മനുഷ്യനെ നാണം കെടുത്തുകയല്ല വേണ്ടത്..എനിക്കിനി ഇത് തുടരാൻ പറ്റില്ല ..

അതിന് ആ നേരത്ത് അപസ്മാരം വരുമെന്ന് ഞാനറിഞ്ഞില്ല .. ഒരു തളർച്ച പോലെ തോന്നിയതെ എനിക്ക് ഓർമ്മയുള്ളു , പിന്നെ ഒക്കെ പെട്ടെന്നാരുന്നു .

എന്തായാലും അവിടെയുള്ളവർകൊക്കെ എല്ലാം കാണിച്ച് കൊടുത്തപ്പോ സമ്മാധാനമായില്ലെ ?

എന്തു കണ്ടൂന്നാ പറയണെ , വയ്യാതെ വീണപ്പോ സാരി മാറികാല് കണ്ടതോ ? എനിക്ക് ഓർമ്മയില്ല ,, നിലത്ത് കിടന്ന് പിടഞ്ഞപ്പോ സാരി നീങ്ങി കാണും ..

അതെ ,, നിനകൊക്കെ ഇത്രെയുള്ളു … അന്തസ്സുള്ള കുടുംബാ ഞങ്ങൾടെ ഇവിടെയുള്ള പെണ്ണുങ്ങൾക്ക് കാലും തുടയും കാണുന്നത് മാനക്കേട് ത്തന്നെയാണ് ..

ഞാനിനി എന്താ ചെയ്യാ ഏട്ടാ ..

നീയിനി പണിക്ക് പോണ്ട .

എന്താ ഈ പറയണെ

എന്തായാലും നീ തുണി കടേല് പോയിട്ട് ഇണ്ടാക്കണ നാല് ചക്രത്തുമ്മേ അല്ല കുടുംബം കഴിയണെ , ഇനി നാട്ടിലിറങ്ങി നാറ്റിക്കണ്ട ബാക്കിയുള്ളവരെ

എന്താ ഏട്ടാ ഇത് .. എന്റെ വീട് ഇപ്പ കഴിയണത് എന്റെ വരുമാനം കൊണ്ട ല്ലെ … അച്ഛന് ഒന്നിനും വയ്യല്ലോ .. നിങ്ങളോട് ചോദിച്ച് ബുദ്ധിമുട്ടിക്കരുത് എന്നു കരുതീട്ടാ ഞാൻ പണിക്ക് പോണെ

നിന്റെ തന്തടെ കാര്യം ഇവിടെ പറയണ്ട .. മോളക്ക് അപസ്മാരം ഇളളത് മറച്ച് വെച്ച് പരട്ട കെളവനും തളളിം കൂടീട്ട് അല്ലെ നിന്നെ എന്റെ തലേലാക്കീത്

എനിക്ക് കല്യാണത്തിന് മുന്നെ അപസ്മാരം വന്നിട്ടല്ല സത്യ ..

എന്താടാ ഇവിടെ ഒരു ബഹളം .. നിന്റെ ഭാര്യയെ കൊണ്ട് വീട്ടിലും നാട്ടിലും നിൽക്കാൻ വയ്യല്ലോ , എത്ര ആലോചന വന്നതാ എന്റെ മോന് എന്നിട്ടും ഈ മുദേവിയാണല്ലോ കേറി വന്നത് ,

അമ്മേ ,, അസുഖം ഒരു തെറ്റാണോ … ഗൾഫീ പോയിട്ട് ഏട്ടൻ ഒന്ന് രണ്ട് മാസം കാശയക്കാഞ്ഞപ്പോ എന്റെ ശമ്പളം കൊണ്ടല്ലെ ഇവിടം കഴിഞ്ഞത് ..

ശമ്പളത്തിന്റെ അല്ലല്ലോ ഒന്നര കൊല്ലത്തിനിടക്ക് നാലാം വട്ടമാണ് ഇത് വരുന്നത് … എന്നിട്ട് ഈ അസുഖം മുന്നെയില്ലായെന്നു പറഞ്ഞാ വിശ്വസിക്കാൻ ഞങ്ങളും ചോറ് ത്തന്നാ തിന്നണെ

അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല … ഭർത്താവിന്റെ മുന്നിൽ എന്ത് തെളിവ് നിരത്താണ് … കല്യാണത്തിന് മുൻപ് ഒരസുഖവും ഇല്ലാരുന്നു … ഏട്ടൻ ഗൾഫിൽ പോയി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ആദ്യമായി അപസ്മാരം വന്നത് .അന്ന് എന്റെ വീട്ടുകാരെ വിളിച്ച് ചോദ്യം ചെയ്യലൊക്കെ നടന്നു .. കല്യാണം കഴിഞ്ഞ് ഒരു മാസമാകും മുൻപ് പെണ്ണിന് ചൊഴിലി വന്നാൽ ! അവരെയും പറഞ്ഞിട്ട് കാര്യമില്ല …വയ്യാതാകുമ്പോ വീട്ടുകാരെ വിളിച്ച് എന്നെ പറഞ്ഞ് വിടും ,മാറിയാൽ തിരികെ വരും , അവർക്ക് ഒരു ദേഷ്യമാണ് എന്റെ വീട്ട്കാരോട്… പാവം എന്റെ അച്ഛൻ ,,,,,
അവളുടെ കണ്ണുനിറഞ്ഞു …

നിന്റെ നാക്ക് എറങ്ങി പോയോ ? കൊല്ലം രണ്ടാവാനായില്ലെ … ഒരു പ്രാവശ്യം ഗർഭിണിയെങ്കിലും ആയോ നീ …. അതും കൊണ്ട് ഡോക്ടറെ കാണിച്ചപ്പോ കൊഴപ്പം നിനക്ക് തന്നെ … ഇത്രമാത്രം പ്രശ്നങ്ങളുള്ള ഒരു പെണ്ണിനെ സഹിക്കണ്ട എന്ത് കാര്യ എന്റമോനുള്ളത് ..

എന്താ അമ്മേ ഇത് …

നിയമ്മയെ വിളിക്കണ്ട അമ്മ പറഞ്ഞത് ശരിയല്ലെ .. അതു മാത്രല്ല നിന്റെ വീട്ട്കാര് ആ കള്ള കൂട്ടങ്ങൾക്ക് നീ പണിയെടുത്ത് തിന്നാനും കൊടുക്കണം .. അതൊന്നും നടക്കില്ല … ആ തന്തയെ കണ്ട ഭ്രാന്താ എനിക്ക് ,,

മതി .. എന്റെ അച്ഛൻ ആരെയും പറ്റിച്ചട്ടില്ല… പറ്റിക്കും ഇല്ല .. രോഗം ആർക്കും വരാം …. പിന്നെ കുട്ടികൾ ,, അതില്ലാത്തത് എന്റെ കുഴപ്പാണെങ്കിൽ ഞാൻ മാറിത്തരാം ..

എന്റെ അവസാന ശ്വാസം വരെ ഞാനെന്റെ അമ്മയെയും അച്ഛനെയും നോക്കും …

എങ്കിൽ നീ ഇന്നിറങ്ങണം ഇവടന്ന്

എന്തിന് ഇന്നാക്കണം ദേ ഇപ്പോ എറങ്ങും ഞാൻ ..

എന്റെ അച്ഛൻ ക്ഷമിക്കാനും സഹിക്കാനും പഠിപ്പിച്ചാ ഞങ്ങളെ വളർത്തീത് ..അതാ ഇത്ര നാൾ ക്ഷമിച്ചെ പിന്നെ ഒന്നൂടി പഠിപ്പിച്ചിട്ടുണ്ട് അച്ഛൻ … തനിച്ചായാൽ സ്വന്തം കാലിൽ നിൽക്കാനുള്ള ധൈര്യം ,,,, അതും ഉണ്ട് ..

ഉമ്മറത്തെ വാതിൽ തുറന്ന് അവൾ നടന്നു പിന്നീട് ഒന്ന് പിൻതിരിഞ്ഞ് നോക്കാതെ ….

( ഒരു സ്ത്രീയുടെ അനുഭവം … ഭാവന ചേർത്ത് എഴുതിയത് )