ഒപ്പം
Story written by Indu Rejith
വേണി മോൾടെ കല്യാണം ടൗണിലെ ഏതെങ്കിലും നല്ലൊരു ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയാൽ മതി…പത്തു രണ്ടായിരം പേര് കൂടണ കല്യാണമല്ലേ….
സദ്യവട്ടം റെഡിയാക്കാൻ ഗുരുവായൂന്ന് ഒരു കൂട്ടരെ ഏർപ്പാടാക്കാം എന്താ പോരെ…
ചെറിയ ഒരു ലോണ് എടുത്താൽ ഇതൊക്കെ നിസ്സാരമായിട്ടങ്ങു നടക്കും ലതേ…
അച്ഛൻ മരിച്ച കുട്ടി ആണെങ്കിലും ഒരു ചടങ്ങു നടത്തുമ്പോൾ കുടുംബത്തിന്റെ അന്തസ് മറക്കാൻ പറ്റില്ലല്ലോ…
അതിനുള്ള ആസ്തി ഒന്നും തല്ക്കാലം ഞങ്ങൾക്കില്ല ചെറിയച്ഛാ…
കെട്ട് എതെങ്കിലും അമ്പല മുറ്റത്തു വെച്ച് നടക്കും…അത് ഇഷ്ടല്ലാന്ന്ച്ചാ കൊടികുത്തിയ കുടുംബക്കാരൊന്നും പങ്കെടുക്കണോന്നില്ല….
അമ്പല മുറ്റത്ത് ഭജനമിരിക്കുന്ന പാവങ്ങൾക്ക് ഒരു നേരത്തെ അന്നം കൊടുക്കാൻ ഗുരുവായൂന്ന് തന്നെ ആള് വരണോന്ന് ഇല്ലാല്ലോ…
ഉടുതുണിക്ക് ഉപകാരമില്ലാത്തവരെയൊക്കെ എന്തിനാ അമ്മേ ഇങ്ങോട്ട് കേറ്റിയിരുത്തി എന്റെ കല്യാണകാര്യം നിശ്ചയിക്കണേ…
നല്ല കാറും കോളും ഉണ്ട്… വേഗം വിട്ടോണം ഉപദേശികൾ രണ്ടും..
ഉദ്യോഗക്കാരൻ കെട്ടുന്നേന്റെ പത്രാസാ പെണ്ണിന്….ആണുങ്ങളെ കണ്ടിട്ടില്ലാത്ത ജാതി…
നമുക്ക് പോകാം മനുഷ്യ….എന്തോ നോക്കിയിരിക്കുവാ…
അവൾ അടിച്ചിറക്കിയിട്ടേ നിങ്ങൾ ഇറങ്ങുള്ളോ..
ഉറഞ്ഞു തുള്ളിയുള്ള ചെറിയമ്മയുടെ നിപ്പ് കണ്ടതോടെ ചെറിയച്ഛൻ അവിടുന്ന് സലാം പറഞ്ഞു വിടവാങ്ങി…
പടിക്കൽ ചെന്ന് ചെറിയമ്മ ഒരു പിടി മണ്ണ് വാരി മൂന്ന് തുപ്പ് തുപ്പ് തലയ്ക്ക് ഉഴിഞ്ഞു വീടിനു നേരെ ഊതി വിടണ കണ്ടു…
എന്നിട്ടൊരു ഡയലോഗും….കൊണം പിടിക്കില്ല ….നീയൊന്നും…
ഇവര് എന്റെ വായീന്നു നല്ലത് വല്ലോം കേട്ടോണ്ട് പോകും….
കുറ്റി ചൂലുമായിട്ടാണ് വേണി വേലിക്കലേക്ക് ചാടിയത്….
ഒന്നടങ്ങേന്റെ വേണി…കല്യാണം ഉറപ്പിച്ച പെണ്ണാ നീ ഒരു ഇത്തിരി ക്ഷമയൊക്കെ ഇല്ലെങ്കിൽ നീ എങ്ങനാനെയാ കുട്ടി…വേറൊരു കുടുംബത്തിൽ പോയി….
എനിക്ക് അറിയില്ല ദൈവങ്ങളെ…
അവരെ കൂടി വെറുപ്പിക്കണ്ടായിരുന്നു പൊന്നും പണവും എങ്ങനെയും ഒപ്പിക്കാം സ്വന്തക്കാരില്ലാതെ ഒരു വിവാഹവും മറ്റും…. ഞാൻ ഒറ്റയ്ക്കു കൂട്ടിയാൽ കൂടില്ല കുട്ട്യേ…
അച്ഛനില്ലാത്ത നിന്നേ ഇത്രെയൊക്കെ എത്തിച്ചില്ലേ…
ആണൊരുത്തന്റെ കൈയിൽ ഏൽപ്പിച്ചാൽ പിന്നേ എന്നേ തെക്കോട്ടു എടുത്താലും സന്തോഷം മാത്രേ ഉള്ളു…
എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിനക്ക് വേണ്ടി വാദിക്കാൻ ആരും കാണില്ല….
എനിക്ക് വേണ്ടി വാദിക്കാൻ ഞാൻ തന്നെ ധാരാളമാ അമ്മേ….
മീൻ ചന്തയുടെ പുറകിലത്തെ ചതുപ്പിൽ അച്ഛന്റെ ശവം ചീഞ്ഞു നാറിയപ്പോൾ കണ്ടില്ലല്ലോ ഈ കുടുംബ സ്നേഹികളെ…
പതിനേഴു വയസുള്ള ഒരു പെണ്ണ് സൈക്കിൾ ചവിട്ടി പാതിരാ നേരത്തും അച്ഛനെ തേടി അലഞ്ഞത് അമ്മ മറന്ന് പോയോ…അഴുകി വീർത്ത ജഡം ചാലിൽ നിന്ന് കരയ്ക്കടുപ്പിക്കാൻ പലരുടേം കാല്പിടിച്ചതു മറന്നോ…
കൂട്ടം കൂടി നിന്നവർ കാഴ്ച മൊബൈലിൽ പകർത്തുമ്പോൾ കുതിർന്ന തുണിയിൽ തെറിച്ചു നിന്ന ശരീരം മറന്ന് അച്ഛനെ കരയ്ക്കടുപ്പിച്ച എന്റെ ഗതി കേട് അമ്മ മറന്നോ…
ആരു മറന്നാലും ഇതൊന്നും എനിക്ക് മറക്കാനാവില്ല….
കള്ള് കുടിച്ചു ലക്കുക്കെട്ട് നിന്ന ഏതോ ഒരുത്തനാണ് വഴുതി പോകാതെന്റെ കൈ മുറുകെ പിടിച്ചത്… നനഞ്ഞ ഉടൽ നോക്കി വഷളത്തരം പറഞ്ഞവന്റെ കരണത്ത് ഒന്ന് കൊടുത്തതും ആ കുടിയൻ തന്നെ ആയിരുന്നു….
മാന്യൻ മാരൊക്കെ കൈ കെട്ടി നോക്കി നിന്നതെ ഉള്ളു ഈ ചെറിയച്ഛൻ സഹിതം….
മനുഷ്യത്വം തേൻ ഒലിക്കുന്ന വാക്കിലോന്നുമല്ലെന്ന് അന്ന് പഠിച്ചവള ഞാൻ….ചിലപ്പോൾ കാത്പൊട്ടുന്ന തെറി വാക്കിലുണ്ടാവും കളങ്കമില്ലാത്ത സ്നേഹവും കരുതലും…അതും മനസ്സിലാക്കി തരാൻ ആ പോക്കുകെട്ട കുടിയൻ തന്നെ വേണ്ടി വന്നു…
ചെറിയച്ഛന്റെ മക്കൾ ഉച്ചയ്ക്ക് തട്ടം തുറക്കുമ്പോൾ വെള്ളമിറക്കി നോക്കി നിന്ന എന്റെ കോളേജ് ജീവിതം എനിക്ക് മറക്കാനാവില്ല…
അന്നും തോളിൽ തട്ടി റേഷനരി ചോറും കറിയും നീട്ടിയത് ആ തലതെറിച്ചവന്റെ മൂത്ത പുത്രി ആയിരുന്നു….
വണ്ടി കാശ്ഇല്ലാതെ പകച്ചു നിന്ന എനിക്ക് പടിക്കൽവരെ കൂട്ടുവന്നത് ആ വകതിരിവ് ഇല്ലാത്തവന്റെ മോനായിരുന്നു…
കരുതലിന്റെ രൂപത്തിൽ പലപ്പോഴും പ്രത്യക്ഷപെട്ട ആ മനുഷ്യന്റെ നിറവും ജാതിയും ഒന്നും എനിക്ക് അറിയില്ല…
അയാൾ ഇന്നൊരു ഒരു കിളവനാണ്…
സ്വന്തം വീടിന്റെ സ്വസ്ഥത എനിക്ക് കിട്ടിയിട്ടുള്ള മറ്റൊരിടം ആറ്റുവക്കിലെ അയാളുടെ വീടാണ്…
ജോലി തരപ്പെടുന്നത് വരെ പേര് കേട്ട തറവാട്ടിലെ ലതകൊച്ച് തിന്ന ഗുളികയും മരുന്നുമൊക്കെ ആ കിളവന്റെ വിയർപ്പിന്റെ വിഹിതമാണ്…
ജാതിയും കുലവും ഓർക്കുമ്പോൾ വയറിൽ കിടന്ന് ദഹിച്ചതൊക്കെ തികട്ടി വരുന്നത് പോലെ തോനുന്നോ അമ്മയ്ക്ക്….എനിക്ക് അതില്ല…അങ്ങനെ ഒരു തോന്നൽ ഉണ്ടായാൽ പിന്നെ ഞാനില്ല…
രക്തബന്ധത്തിനപ്പുറം അവരൊക്കെ എനിക്ക് ആരൊക്കെയോ ആണ്…
വേച്ചു വീഴുന്ന അവസ്ഥയിൽ ആയെങ്കിലും ഞാൻ വിളിച്ചാൽ ഇവിടെ വരും ആ മനുഷ്യൻ…
അച്ഛനില്ലാത്ത എന്നെ അദ്ദേഹം പന്തലിൽ വെച്ച് കൈ പിടിച്ചു നൽകുന്നതാണ് എനിക്ക് ഇഷ്ടം…
അപമാന ഭാരം കൊണ്ടും അച്ഛനെ നഷ്ടപെട്ട വേദന കൊണ്ടും തളർന്ന എന്നെ ഒരിക്കൽ വീഴാതെ താങ്ങി നിർത്തിയ കൈയാണത്….
ആ വീട്ടിൽ നിന്നും ആ അച്ഛന്റെ മകൾ എന്റെ ചേച്ചിയുടെ സ്ഥാനത്ത് പന്തലിൽ ഉണ്ടാവും…ഏട്ടനെ പോലെ ഓടി നടക്കാൻ ആ അച്ഛന്റെ മോനും…അതൊക്കെ പോരെ അമ്മേ ബന്ധുക്കളായിട്ട്…
വീണിടത്തു വന്നും കുത്തുന്ന ചില കാട്ടുപോത്തുകളെ വേലിക്കിപ്പറം കയറ്റില്ല ഈ വേണി….
ഒക്കെയും മനുവേട്ടന്റെ വീട്ടുകാർക്ക് അറിയാം അതോർത്തിനി അമ്മ ആദി കയറ്റണ്ട….
പന്തലിൽ അന്യ ജാതിക്കാരൻ എന്റെ കൈ പിടിച്ച് മനുവേട്ടന് നൽകുമ്പോൾ നാട്ടാര് ചിലപ്പോൾ മൂക്കത്ത് കൈ വെക്കുമല്ലേ….
അവരുടെയൊക്കെ കരണത്തു കൈ വെക്കാതിരിക്കാൻ എന്നെ പഠിപ്പിച്ച മനുഷ്യനാണ് എന്റെ കൂടെ നിൽക്കുന്നത് എന്നോർത്തു ഞാൻ അഭിമാനിക്കുകയെ ഉള്ളു…അമ്മേ…
ഇനി അമ്മ പറ…കെട്ടിന് ആരെയൊക്കെ വിളിക്കണം….
നീ ആ മോനേ ഇങ്ങോട്ട് വിളിക്ക് അവനോട് ആലോചിച്ചൊരു തീരുമാനം എടുക്കാം…
നട്ടെല്ലുള്ള ഒരാണിന്റെ കരുതൽ കൂടി ആവുമ്പോൾ എനിക്ക് ഒരു ധൈര്യം ഉണ്ടാവും കുട്ട്യേ…ചടങ്ങൊക്കെ ഭംഗിയായി നടക്കുവേം ചെയ്യും….
ചില ബന്ധങ്ങളെക്കാൾ ഹൃദ്യമാണല്ലേ ഇഴയടുപ്പമുള്ള ചില കരുതലുകൾ….
ജീവിതം പഠിപ്പിച്ചത് ?
ശുഭം