Story written by Saji Thaiparambu
രാജീവനെന്താ മോളേ കയറാതെ പോയത് ?
രാധികയെ ഗയ്റ്റിലിറക്കിയിട്ട് മരുമകൻ തിരിച്ച് പോയത് കണ്ട് രേണുക, മകളോട് ആശങ്കയോടെ ചോദിച്ചു.
അതമ്മേ.. ചേട്ടൻ ജോലിക്ക് പോകുന്ന വഴിക്ക് എന്നെ ഇവിടെ ഇറക്കിയിട്ട് പോയതാ ,കിഴക്കെങ്ങാണ്ടാ പണി നടക്കുന്നത്, ഒരാഴ്ചത്തെ പണിയുണ്ട്, ഇനി അടുത്തയാഴ്ചയെ തിരിച്ച് വരു, അപ്പോൾ ,ഇവിടെ കയറി എല്ലാവരെയും കണ്ട് സംസാരിച്ചിട്ടൊക്കെ, എന്നെയും കൊണ്ട് പോകത്തുള്ളു, പോരേ?
ആഹാ, അപ്പോൾ നീ ഒരാഴ്ച ഇവിടെ കാണുമോ ?അച്ഛൻ ഇന്നലേം കുടി പറഞ്ഞതേയുള്ളു, നിന്നെ കണ്ടിട്ട് കുറച്ച് ദിവസമായി, അങ്ങാട്ടൊന്ന് വരണമെന്ന്
ങ്ഹാ വരാതിരുന്നത് നന്നായി, അല്ലെങ്കിൽ എനിക്കിപ്പോൾ ഇങ്ങോട്ട് വരാൻ പറ്റുമായിരുന്നോ? ഇനി ഞാൻ കുറച്ച് ദിവസമൊന്ന് വിശ്രമിക്കട്ടമ്മേ..അവിടെയാണെങ്കിൽ നിന്ന് തിരിയാൻ വയ്യാത്തത്ര ജോലിയാ
എന്നാൽ മോളിരിക്ക്, അമ്മ കുടിക്കാനെന്തെങ്കിലുമെടുക്കാം
അമ്മ അടുക്കളയിലേക്ക് പോയപ്പോൾ രാധിക റിമോട്ടെടുത്ത് ടി വി ഓൺ ചെയ്തിട്ട് സോഫയിലേക്ക് ചാരി കിടന്നു
ആറ് മാസം മുമ്പായിരുന്നു രാധികയുടെ കല്യാണം, ഇതിന് മുമ്പ് രാജീവനുമായി രണ്ട് പ്രാവശ്യം വീട്ടിൽ വന്നിരുന്നെങ്കിലും, പിറ്റേ ദിവസം തന്നെ മടങ്ങിപോയിരുന്നത് കൊണ്ട്, രാധികയ്ക്ക് സ്വന്തം വീട്ടുകാരോടൊപ്പം കുറച്ച് ദിവസം നില്ക്കണമെന്ന ആഗ്രഹം സഫലീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇനി കുറച്ച് ദിവസം ഭർത്താവിൻ്റെ വീട്ടിലെ ജോലിത്തിരക്കുകളിൽ നിന്നും ,അമ്മായിയമ്മയുടെയും നാത്തൂൻ്റെയും കുറ്റം പറച്ചിലുകളിൽ നിന്നുമൊക്കെ കുറച്ചാശ്വാസമുണ്ടാകുമല്ലോ എന്നതായിരുന്നു രാധികയുടെ സമാധാനം.
അല്ലാ … മോളിദെപ്പോ വന്നു?
വൈകിട്ട് കടയടച്ച് വന്ന രാജൻ, മകളോട് ചോദിച്ചു.
ഞാൻ ഉച്ചയോട് കൂടി എത്തിയതാണച്ഛാ… അച്ഛന് അസുഖമൊന്നുമില്ലല്ലോ അല്ലേ?
ങ്ഹാ, ആ പഴയ നടുവേദന ഇപ്പോഴുമുണ്ട്, അല്ലാതെ കുഴപ്പമൊന്നുമില്ല ,രാജീവനെന്താ മോളേ… തിരിച്ച് പോയത് ?
ചേട്ടൻ പണിക്ക് പോയതാണച്ഛാ … ഒരാഴ്ച കഴിഞ്ഞേ തിരിച്ച് വരു ,അന്നേരം എന്നെ കൂട്ടാൻ വരും
അത് വരെ നീ ഇവിടെ നില്ക്കുമോ? രാജീവൻ്റെ വീട്ടുകാർക്ക് അലോഹ്യമൊന്നുമുണ്ടാവില്ലല്ലോ? അല്ലേ?
ഇല്ലച്ഛാ… ഞാൻ പറഞ്ഞിട്ടാ വന്നത്
ഉം, എന്നാൽ മോള് അച്ഛന് ലേശം വെള്ളം ചൂടാക്കിതാ, ഞാനൊന്ന് മേല് കഴുകട്ടെ.
ശരിയച്ഛാ …
പിറ്റേന്ന് വെളുപ്പിന്, അടുത്തുള്ള ക്ഷേത്രത്തിലെ പി ലീലയുടെ ഭക്തിഗാനം കേട്ട് രാധിക ഉണർന്നെങ്കിലും, താൻ സ്വന്തം വീട്ടിലാണ് കിടക്കുന്നത്, എന്ന ഓർമ്മ വന്നപ്പോൾ, മാറിക്കിടന്ന പുതപ്പ് ഒന്ന് കൂടി വലിച്ച് തല വഴിയെ ഇട്ട്, മൂടിപ്പുതച്ച് ചുരുണ്ടുകൂടി കിടന്നു.
മോളേ രാധൂ.. എഴുന്നേല്ക്കടാ, അടുക്കളയിലെക്ക് വന്ന് കറിക്കുള്ളതൊക്കെ ഒന്നരിഞ്ഞ് വയ്ക്ക് ,രമേശനും , ദമയന്തിക്കും രാവിലത്തെ തീവണ്ടിക്ക് പോകാനുള്ളതാ
ഈശ്വരാ ..പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തോം കുത്തി പടയോ ?
സ്വന്തം വീട്ടിലെങ്കിലും മതിയാവോളം കിടന്നുറങ്ങാമെന്ന സന്തോഷത്തിലാണ്, മകരത്തിലെ കുളിരാസ്വദിച്ച് പുതപ്പിനടിയിലേക്ക് ഊളിയിട്ടത് ,ശ്ശെ
കടുത്ത നിരാശയോടെ രാധിക അഴിഞ്ഞ മുടിയിഴകൾ വാരിക്കെട്ടിവെച്ച്, ഉറക്കച്ചടവോടെ അടുക്കളയിലേക്ക് ചെന്നു.
പോയി വായും മുഖവുമെങ്കിലും കഴുകിയിട്ട് വാ കൊച്ചേ .. ഇങ്ങനെയാണോ നീ രാജീവൻ്റെ വീട്ടിലും പെരുമാറുന്നത്…? നീരസത്തോടെ രേണുക മകളെ ശാസിച്ചു.
ഏടത്തിക്ക് രാവിലെ അടുക്കളയിൽ കയറി ഇതൊക്കെ ചെയ്താലെന്താ അമ്മേ?
എടീ… അവള് ജോലിക്ക് പോകാനുള്ള ഒരുക്കത്തിലാണ് ,രമേശൻ്റെയും പിള്ളാരുടെയും വസ്ത്രങ്ങൾ ഇസ്തിരിയിടണം, കുട്ടികൾക്ക് സ്കുളിൽ കൊണ്ട് പോകാനുള്ള പുസ്തകങ്ങളെടുത്ത് ബാഗിൽ വയ്ക്കണം, അങ്ങനെ നൂറ് കൂട്ടം പണിയുണ്ട്,അതിനിടയ്ക്ക് ഇവിടെ വന്ന് നിന്നാൽ പറ്റുമോ?
അമ്മ മരുമകളെ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ രാധികയ്ക്ക് ഒരു കാര്യം മനസ്സിലായി, ഏട്ടത്തിക്ക് ജോലിയുള്ളത് കൊണ്ടും ,മാസ ശബ്ബളത്തിൽ നിന്നും എല്ലാ ഒന്നാം തീയതിയും ഒരു പങ്ക്, അമ്മയ്ക്ക് ലഭിക്കുന്നത് കൊണ്ടുമാണ് ഏട്ടത്തിയോടിത്ര സ്നേഹമെന്ന്.
ഏട്ടനും ഏട്ടത്തിയും ജോലിക്കും ,കുട്ടികൾ സ്കൂളിലും പോയിക്കഴിഞ്ഞപ്പോൾ ,ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് രാധിക മൊബൈലെടുത്ത് നെറ്റ് ഓൺ ചെയ്തു .
മോളേ … അമ്മ കഴുകാനുള്ള തുണികളൊക്കെ സോപ്പ് വെള്ളത്തിൽ നനച്ച് വച്ചിട്ടുണ്ട്, കുറച്ചു കഴിയുമ്പോൾ അതെല്ലാമെടുത്ത് അലക്കി വിരിച്ചിട്ടേക്കണം, അത് കഴിഞ്ഞിട്ട് തൊഴുത്തൊന്ന് വൃത്തിയാക്കി, പറമ്പിൽ നിന്ന് ആ പൈക്കളെ രണ്ടിനെയും തിരിച്ച് കൊണ്ട് കെട്ടണം ,പന്ത്രണ്ട് മണിയാകുമ്പോൾ കറവക്കാരൻ വരും
അത് ശരി ,ഉള്ള ജോലിയൊക്കെ എന്നെ ഏല്പിച്ചിട്ട് അമ്മയെവിടാ സർക്കീട്ടിന് പോകുന്നത്….?
രാധിക അരിശത്തോടെ ചോദിച്ചു.
ഞാൻ റേഷൻ കടയിലൊന്ന് പോകുവാ, വരുന്ന വഴി വൈദ്യരുടെയടുത്ത്മൊന്ന് കയറണം, അച്ഛൻ്റെ കുഴമ്പ് തീർന്നിരിക്കുവാ
നാശം പിടിക്കാൻ ഇതിലും ഭേദം രാജീവേട്ടൻ്റെ വീട്ടിൽ തന്നെ നില്ക്കുന്നതായിരുന്നു….പിറുപിറുത്ത് കൊണ്ട്, ഗേറ്റ് വരെ രാധിക അമ്മയെ അനുഗമിച്ചു.
മോളേ രാധികേ… നീ വന്നിട്ട് രണ്ട് മൂന്ന് ദിവസമായല്ലോ തിരിച്ച് പോകുന്നില്ലെ
തെക്കേപറമ്പിൽ പ്ളാസ്റ്റിക് ഷീറ്റിന് മുകളിൽ ഉണക്കാനിട്ടിരുന്ന നെല്ല്, കാല് കൊണ്ട് ഇളക്കി ഇടുന്നതിനിടയിൽ, വഴിയിലൂടെ പോയ അയൽപക്കത്തുള്ള വത്സലയുടെ ചോദ്യം രാധികയ്ക്ക് അസഹനീയമായി തോന്നി.
ഇന്നിപ്പോൾ മൂന്നാമത്തെയാളാണ് ഈ ചോദ്യം തന്നെ ആവർത്തിക്കുന്നത്
കല്യണം കഴിച്ച് വിട്ടെന്ന് വച്ച് സ്വന്തം വീട്ടിൽ പെൺകുട്ടികൾക്ക് വന്ന് നില്ക്കാൻ കഴിയില്ലേ ?വീട്ടുകാർക്കില്ലാത്ത ഉത്ക്കണ്ഠ നാട്ടുകാർക്കാണല്ലോ?
ഇല്ല വത്സലേച്ചി.. ഒരാഴ്ച കഴിഞ്ഞേ പോകു..
ഉള്ളിൽ തികട്ടി വന്ന അരിശം പുറമെ കാണിക്കാതെ രാധിക മറുപടി പറഞ്ഞു.
രാജീവനുമായി പ്രശ്നമൊന്നുമില്ലല്ലോ അല്ലേ?
താൻ മൂന്ന് ദിവസം രാജീവനില്ലാതെ ഇവിടെ നിന്നത് കൊണ്ടാവാം വത്സലേച്ചിക്ക് പിന്നെയും ഒരു സംശയം
അയ്യോ ഒന്നുമില്ല ചേച്ചീ … രാജീവേട്ടന് ഞാനെന്ന് വച്ചാൽ ജീവനാ ,ഏട്ടൻ ജോലിക്ക് ദൂരെ പോയിരിക്കുന്നത് കൊണ്ടാണ് ഞാനിവിടെ നില്ക്കുന്നത്
ങ്ഹാ എന്നാൽ ഞാൻ പോട്ടെ മോളേ … പിന്നെ കാണാം
വത്സലേച്ചി, പോയിക്കഴിഞ്ഞപ്പോൾ രാധിക ആലോചിക്കുകയായിരുന്നു
കല്യാണം കഴിഞ്ഞ് പോയ ഒരു പെൺകുട്ടിക്ക്, ഭർത്താവിൻ്റെ വീട്ടിൽ ചെന്ന് കയറിയവൾ എന്ന സ്ഥാനമാണെങ്കിൽ, സ്വന്തം വീട്ടിൽ രണ്ട് ദിവസം നില്ക്കാൻ വന്നാൽ, പിന്നെയവൾ വലിഞ്ഞ് കയറി വന്നവളെ പോലെയാണ്.