തലതെറിച്ചവൾ ????
Story written by BINDHYA BALAN
“നിനക്കെന്താ അച്ചൂ പരിചയക്കാരെ കാണുമ്പോ ഒന്ന് ചിരിച്ചാല്.. അപ്പുറത്തെ സൗദയും മിനിയും നിഷയുമൊക്കെ ഇന്നുകൂടി പറഞ്ഞു ശോഭച്ചേച്ചിടെ മോള് നേരെ കണ്ടാലൊന്ന് ചിരിക്കേം കൂടിയില്ലാന്ന്…പെൺകുട്ടികൾക്ക് ഇത്രേം തണ്ട് പാടില്ല കേട്ടോ “
പതിവ് പോലെ അമ്മ തുടങ്ങി. ഞാനോ മുഖം വീർപ്പിച്ച് അമ്മയെ കൂടുതൽ കൂടുതൽ ദേഷ്യം പിടിപ്പിക്കാനും.
“പരിചയക്കാരെ കണ്ടാലൊന്ന് ചിരിച്ചൂന്ന് കരുതി നിനക്കൊന്നും പറ്റത്തില്ല..അഹങ്കാരിയെന്നു പറയിപ്പിച്ചാ നിനക്ക് തന്നെയാണ് ദോഷം കേട്ടോടി “
വീണ്ടും അമ്മയുടെ ഒച്ച. ഞാനോ ഒന്നും മിണ്ടാതെ കല്ലിനു കാറ്റ് പിടിച്ചത് പോലെ ആ ഇരിപ്പ് തുടരും.
“തന്നിഷ്ട്ടം കാട്ടി നടക്കാ അവള്. പെൺകുട്ടിയാണെന്നൊരു വിചാരമില്ലാതെ “
മാതാജി വിടാൻ ഭാവമില്ല. ഞാനാണെങ്കിൽ അതേ ഇരുപ്പ്. രണ്ട് കൈയ്യും കൂട്ടിയിടിച്ചാലല്ലേ ഒച്ച കേൾക്കൂ.. ഞാനങ്ങനെയിരിക്കും.
“ഓരോ ദിവസം കഴിയുംതോറും അഹമ്മതി കൂടി വരുവാ അച്ചൂ നിനക്ക് പെൺകുട്ടികളു ഇങ്ങനല്ല വളരേണ്ടത്. എല്ലാവരും കുറ്റപ്പെടുത്തുന്നത് എങ്ങനെയാവും.എന്റെ വളർത്തു ദോഷം ആണെന്നെ പറയൂ കാർന്നോമ്മാര്..”
അമ്മ പറഞ്ഞ് പറഞ്ഞ് കത്തിക്കയറും.
“ആളോളെ കണ്ടാൽ ചിരിക്കൂല്ല കാർന്നോമ്മാരെ പേടിയില്ല…എല്ലാം അവൾക്ക് തോന്നും പോലെയേ പാടുള്ളൂ. എവിടുന്നാ അച്ചൂ നിനക്കിത്രെ ധൈര്യം..നിന്റെയൊക്കെ ഈ പ്രായത്തിൽ ഞാനൊക്കെ കാരണവൻമാരുടെ മുന്നീക്കൂടി പോവില്ല. നീയൊരു പെണ്ണാണ് അച്ചൂ.. നാളെ വല്ല വീട്ടിലും പോയി ജീവിക്കണ്ടവള്. അത് മറക്കരുത്. “
അത് കേൾക്കുമ്പോ മാത്രം അവസാനം ഞാൻ പതിയെ തല പൊക്കും.
“ഞാനിപ്പോ എന്ത് ചെയ്തെന്നാ അമ്മ പറയണത്? ” ഞാൻ ചോദിക്കും
അത് കേട്ടപാടെ അമ്മ എന്റെ മേലുള്ള കുറ്റങ്ങൾ ഓരോന്നായി പറയും
പരിചയക്കാരെ കണ്ടാൽ ചിരിക്കില്ല മിണ്ടില്ല അപ്പൊ ഞാൻ പറയും “ബാലേട്ടൻ ഹോസ്പിറ്റലിൽ കിടന്ന സമയത്ത് എമർജൻസിയായിട്ട് ഒരു ബില്ല് സെറ്റിൽ ചെയ്യാൻ ആയിരം രൂപയുടെ കുറവ് വന്നപ്പോ അമ്മ നേരത്തെ പറഞ്ഞ സൗദയും മിനിയും നിഷയും പൈസ തന്നോ എന്നാ അവരുടെ കയ്യിൽ ഇല്ലാഞ്ഞാണോ അല്ല. അതൊക്കെ പോട്ടെ ബാലേട്ടനെ കാണാൻ വരാൻ പോലും അവർക്ക് തോന്നിയോ… അപ്പൊ ഞാൻ അവരെ നോക്കി ചിരിക്കണോ… പറയ് “
അമ്മയ്ക്ക് ഉത്തരമുണ്ടാവില്ല. തലയൊന്നു വെട്ടിച്ച് അമ്മ പിന്നേം പറയും
“അത് പോട്ടെ നീ ചിരിക്കേണ്ട, വല്യച്ചനെയും അമ്മാവന്മാരെയും നിനക്ക് പേടിയോ ബഹുമാനമോ ഉണ്ടോ? “
“അവർക്ക് അവര് അർഹതപ്പെട്ട ബഹുമാനം ഞാൻ കൊടുക്കുന്നുണ്ട്. അതിനപ്പുറത്തേക്ക് ആരും വരണ്ട. ബാലേട്ടനെ എല്ലാവരും ബഹുമാനിച്ചത് ബാലേട്ടന്റെ പേഴ്സണാലിറ്റി കണ്ടാണ്. ആ ഇമേജ് വേറേ ആർക്കും ഇല്ല. “
ഉത്തരം മുട്ടുമ്പോൾ അമ്മ വീണ്ടും ചോദിക്കും
“എല്ലായിടത്തും നിനക്ക് തോന്നുന്ന അഭിപ്രായം പറയാൻ നീയാരാ അച്ചൂ..? “
“അതെന്താ വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ആൺകുട്ടികൾക്ക് മാത്രം മതിയോ…. ഹും”
ഞാനും വിട്ട് കൊടുക്കില്ല.ശ്ശെടാ ഇവിടെ പെൺകുട്ടികൾക്ക് വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പാടില്ല എന്നുണ്ടോ…
ഞാൻ വെറുതെ ആലോചിക്കും അടങ്ങിയൊതുങ്ങി നടന്നാലേ പെൺകുട്ടിയാവൂ..?കെട്ടിച്ച് വിട്ടാൽ പിന്നെ ഈ വീട് വേറേ വീട് ആകോ..? അഭിപ്രായസ്വാതന്ത്ര്യം പൗരവാകാശമാണല്ലോ പിന്നെന്താ…? മുതിർന്ന ആളുകളെ ഞാൻ ബഹുമാനിക്കുന്നുണ്ടല്ലോ, അതിനപ്പുറം അവര് പറയുന്നതെല്ലാം അതേ പടി തൊണ്ട തൊടാതെയിറക്കി അനുസരിക്കണോ…? വരുന്നവരെയും പോകുന്നവരെയും മുഴുവൻ ചിരിച്ചു കാണിച്ചാലേ ജീവിക്കാനൊക്കൂ? അങ്ങനെ മറ്റുള്ളവരെ ബോധിപ്പിക്കാൻ എന്തിനാ നമ്മള് നമ്മളല്ലാതാവുന്നതു..?
ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു കാട് കയറുമ്പോൾ കയ്യിലിരിക്കണ ചൂലിന്റെ പിടി കൊണ്ട് പുറത്തിനിട്ടൊരു കുത്ത് തന്നിട്ട് അമ്മ പിന്നേം ഒച്ച വയ്ക്കും
“ഞാനീ പറയുന്നത് വല്ലതും നിന്റെ തലയ്ക്കത്ത് കേറുന്നുണ്ടോടി തീവ്രവാദി? “
അമ്മയിട്ട പുതിയ പേര് കേട്ട് ഞാൻ കുടുകുടാ ചിരിക്കും. എന്റെ ആ ചിരി കൂടി കാണുമ്പോൾ അമ്മയ്ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വരും. അപ്പോൾ മാത്രം പഴയൊരു നാല് വയസ്സുകാരിയുടെ കുട്ടിത്തം മാറ്റി വച്ച് ഒരു ഇരുപത്തിയാറ്കാരിയുടെ പക്വതയോടെ ഞാൻ അമ്മയോട് പറയും
“അമ്മ പറയുന്നതൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷെ എനിക്ക് ഇഷ്ടമില്ലാത്ത കണ്ടാൽ ഞാൻ റിയാക്ട് ചെയ്യുന്നത് എനിക്ക് എന്റെ ചോരയിൽ കിട്ടിയ സ്വഭാവം ആണ്.അതിനി മാറ്റാനോക്കോ.. വേണേൽ അഭിനയിക്കാം അങ്ങനെ. അതൊരു ശരിയായ കാര്യമാണോ? പെണ്ണാണെങ്കിൽ എന്താ ഞാനുമൊരു മനുഷ്യ ജീവിയാണ്. ദേഷ്യവും വാശിയും പെൺകുട്ടികൾക്ക് പാടില്ലേ? അമ്മയൊന്നു ഓർത്ത് നോക്കിയെ ഇന്നേ വരെ അരുതാത്ത എന്തേലുമൊന്നിന് വേണ്ടി ഞാൻ വാശി പിടിച്ചിട്ടുണ്ടോ.. ഇല്ലല്ലോ…എന്റെ വ്യക്തി സ്വാതന്ത്ര്യം എന്റെ മാത്രമാണ്. അത് മറന്ന് വച്ച് മറ്റുള്ളവരെ സന്തോഷിപ്പിച്ചു ജീവിക്കാൻ എനിക്ക് സൗകര്യമില്ല. അങ്ങനെ ജീവിക്കുന്നതിൽ ഭേദം തൂങ്ങിച്ചാവുന്നതാണ്. എന്റെ ഇഷ്ടാനിഷ്ടങ്ങളെ മൂടി വച്ച് യാതൊരു വ്യക്തിത്വവുമില്ലാതെ ജീവിക്കുന്നതിൽ ഒരു കാര്യവുമില്ലെന്ന് സാക്ഷാൽ സഖാവ് ബാലൻ തന്നെയാണ് പറഞ്ഞു തന്നിട്ടുള്ളത്. അത് മാത്രമാണ് ശരിയെന്നും എനിക്ക് അറിയാം. പിന്നെ, ഞാനൊരു പെണ്ണാണ് എന്ന ബോധമെനിക്കില്ല എന്നൊരു പേടി അമ്മയ്ക്ക് വേണ്ട. മാസം മാസം മുറ തെറ്റാതെ വരുന്ന ആർത്തവം മാത്രം മതി ഞാൻ പെണ്ണാണെന്നു എനിക്ക് ഓർക്കാൻ.”
എന്റെ വർത്തമാനം കേട്ട് സഹികെട്ടു അവസാനം കയ്യിലിരിക്കണ ചൂല് നിലത്തേക്കെറിഞ്ഞ് അമ്മ ചവിട്ടിത്തുള്ളി ഒരൊറ്റ പോക്കാണ്. പോകുന്ന പോക്കിൽ സ്ഥിരം ഡയലോഗും
“അതെങ്ങനാ അച്ഛനെ കണ്ടല്ലേ മകള് പഠിച്ചത്. അങ്ങേരുടെ സ്വഭാവം മുഴുവൻ കിട്ടിയിട്ടുണ്ട് തല തെറിച്ചവൾക്ക്. “
“ആ അത് തന്നെ. ഇതങ്ങു നേരത്തെ സമ്മതിച്ചു തന്നാപ്പോരേ.. ചുമ്മാ എനർജി കളയാൻ… പിന്നേയ് ബാലേട്ടൻ തല തെറിച്ചതല്ല എന്നാ എനിക്ക് അറിയാവുന്നത്. മാത്രവുമല്ല ഞാൻ നോക്കിട്ട് ഈ ലോകത്തിലെ ഏറ്റവും സെൻസിബിൾ ആയ ആളെന്ന് എനിക്ക് തോന്നിയത് മ്മടെ ബാലേട്ടനെ മാത്രം ആണ്. പിന്നെ, അമ്മെപ്പോലെ ഒതുക്കമുള്ളവൾ എന്ന് പറഞ്ഞു കേൾക്കുന്നതിനേക്കാൾ നിക്ക് ഇഷ്ട്ടം അച്ഛനെപ്പോലെ തന്റേടിയായവൾ എന്ന് കേൾക്കാനാണ് അതോണ്ട് മിസിസ്സ് ശോഭ ബാലൻ ഇനി എന്റെ ബാലേട്ടനെ എന്തേലും പറഞ്ഞാല്ണ്ടല്ലോ… ഹും “
അകത്തേക്ക് നോക്കി തെല്ലുറക്കെ ഞാൻ പറയും. അടുക്കളയിൽ ഒരു പാത്രം നിലത്ത് വീഴുന്ന ഒച്ചയോടൊപ്പം അപ്പൊ അമ്മയുടെ ചിരി കേൾക്കാം… ഒരു പുന്നാരം കേൾക്കാം
“ഓഹ്.. ഒരച്ഛനും മോളും വന്നേക്കുന്നു “.
ഞാൻ പിന്നെയും ബാലേട്ടനെ നോക്കും.എന്താ ചിരി. ഇത് ഞങ്ങൾ തമ്മിലുള്ള സ്ഥിരം കലാപരിപാടിയായത് കൊണ്ട് മൂപ്പര് വെറുതെ നോക്കിയിരുന്നു ചിരിക്കേയുള്ളൂ അതും അമ്മ കാണാതെ. ആ ചിരി അപ്പോഴും കാണാം. ഞാൻ വെറുതെ ചിരിക്കും.. ചിരിക്കൊടുവിൽ നോവ് തിങ്ങിയ മുഖത്തോടെ ഞാൻ ചോദിക്കും
“ആരോടും പറയാതെ ആരേം കാണാതെ ഒരു പോക്ക് അങ്ങ് പോയിട്ട് ഇങ്ങനെ ചിരിച്ചു കാണാക്കാനും വേണമെന്റെ ബാലേട്ടാ ഒരു ചങ്കൂറ്റം. കൊല്ലം നാല് കഴിഞ്ഞു ഈ ചിരി മാത്രം തന്ന് കരയിക്കാൻ തുടങ്ങിയിട്ട്. എനിക്ക് അറിയാവുന്ന ബാലേട്ടൻ ആരേം കരയിക്കാറില്ലാരുന്നു. ന്നിട്ടിപ്പോ ഞങ്ങളെ മൂന്നാളെയും കരയാൻ വിട്ടിട്ട് ചിരിക്കുവാ അവിടിരുന്ന്. “
അപ്പൊ മാത്രം ചുവരിലെ ബാലേട്ടന്റെ ചിരിക്കുന്ന മുഖത്തൊരു നിഴൽ പരക്കും.അത് കണ്ട് സഹിക്കാൻ ആവാതെ ഇറുകിയടക്കുന്ന കണ്ണിൽ നിന്നടർന്നു വീഴുന്ന കണ്ണീരിനെ പുറം കൈ കൊണ്ട് തുടച്ച് ഞാൻ ചിരിക്കും. ന്നിട്ട് രഹസ്യം പോലെ ബാലേട്ടനോട് ചോദിക്കും
“ആരും കാണാതെ കരയാൻ പാടുള്ളൂന്ന് പഠിപ്പിച്ചു തന്ന ആളിന്റെ മുന്നീ ഇരുന്ന് കരഞ്ഞാ കൊയപ്പോണ്ടോ ബാലേട്ടാ… ഇല്ലാലെ…. “