പ്രിയമാനസം ~ തുടർച്ച… എഴുത്ത്: ദീപ്‌തി പ്രവീൺ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അകത്തു ബെല്ലടിക്കുന്ന ശബ്ദം കേട്ടു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആരോ ഡോറിന്റെ ഹാന്‍ഡില്‍ തിരിക്കുന്ന ശബ്ദം കേട്ടു…

രാധികയോടൊപ്പം മാനസയും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.. വാതില്‍ തുറന്ന ,വരുണ്‍ അവരെ കണ്ടു ഒരു നിമിഷം പകച്ചു പോയി….

” വാതിലില്‍ നിന്നും മാറൂ.. ഞങ്ങള്‍ അകത്തേക്ക് കയറട്ടെ.. ”വാതിലിന് കുറുകെ നിന്ന വരുണിനോട് രാധിക ആവശ്യപെട്ടു..

” നിങ്ങള്‍ എന്താണ് ഇവിടെ… ? ഇവളെ ഇവിടെ കൊണ്ടാക്കാന്‍ വന്നതാണോ.. പറ്റില്ല.. കേസ് കോടതിയില്‍ നടക്കുകയല്ലേ… ? ” അമ്പരപ്പ് മാറിയപ്പോള്‍ വാതിലില്‍ നിന്നും മാറാന്‍ കൂട്ടാക്കാതെ വരുണ്‍ പറഞ്ഞു.

” നീ അങ്ങോട്ടു മാറു വരുണ്‍…അന്യരൊന്നും അല്ലല്ലോ.. നിന്റെ അമ്മയും ഭാര്യയുമല്ലെ… ചുറ്റും ഉള്ളവരൊക്കെ കാണും..” വരുണിനെ ബലമായി തള്ളി മാറ്റി കൊണ്ട് രാധിക അകത്തേക്ക് കയറി.. .. അപ്പോഴും വരുണി ന്റെ നേര്‍ക്ക് നോക്കാനാകാതെ കുനിഞ്ഞു നില്‍ക്കുകയായിരുന്നു മാനസ…

” മോള് ഇങ്ങോട്ടു കയറി വന്നേ…”.

താഴേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്ന മാനസയെ അവര്‍ അകത്തേക്ക് വിളിച്ചു…

” അമ്മ എന്തു അതിക്രമമാണ് ഈ കാണിക്കുന്നത്.. ” വരുണിന്റെ ഒച്ച പൊന്തി….

”നീ കാണിക്കുന്നത്ര അതിക്രമമൊന്നും ഞാന്‍ കാണിച്ചില്ലല്ലോ.. ” രാധികയും വിട്ടു കൊടുത്തില്ല..

” അമ്മ ഇവളെയും കൊണ്ട് പോകാന്‍ നോക്കു.. നമുക്കു പിന്നീട് സംസാരിക്കാം…”

മാനസ ഇടയ്ക്കിടെ അവനെ നോക്കുന്നുണ്ടായിരുന്നു… വരുണിന്റെ നോട്ടം ഒരിക്കല്‍ പോലും തന്റെ നേര്‍ക്ക് പാളുന്നില്ലെന്നോ എന്നോര്‍ത്തു അവളുടെ മനസ് നീറി…

” നീ എപ്പോള്‍ സംസാരിക്കാം എന്നാണ് വരുണ്‍… എനിക്കു അത്യാവശ്യം കുറച്ചു കാര്യങ്ങള്‍ നിന്നോട് സംസാരിക്കാന്‍ ഉണ്ട്.. അതിനു ശേഷം നീ എന്തു വേണമെങ്കിലും തീരുമാനിച്ചോളു.. ” പറഞ്ഞു അവസാനിപ്പിച്ചപ്പോഴേക്കും രാധികയുടെ സ്വരം ഇടറിയിരുന്നു..

” എന്തു തന്നെയായാലും ഇപ്പോള്‍ പറ്റില്ല..തന്നെയുമല്ല ഇവളുടെ കാര്യത്തില്‍ കൂടുതല്‍ ഒന്നും എനിക്കു കേള്‍ക്കാനും ഇല്ല.. എല്ലാം ഞാന്‍ ആലോചിച്ചു തീരുമാനിച്ചതാണ്…. അമ്മ എന്നല്ല ,ആരു പറഞ്ഞാലും അതിലൊന്നും മാറ്റം വരാനും പോകുന്നില്ല.. ” അറത്തു മുറിച്ചതു പോലെ പറയുമ്പോള്‍ വരുണിന്റെ ശബ്ദം വല്ലാതെ ഉയര്‍ന്നിരുന്നു…

ചങ്കു പൊടിയുന്ന വേദനയോടെ അത് കേള്‍ക്കുമ്പോഴും വരുണിനെ മാനസ തുറിച്ചു നോക്കി.. ആ മുഖ ത്ത് തന്നോടുള്ള വെറുപ്പാണോ നിറഞ്ഞിരിക്കുന്നത്.

” ആരാ വരുണ്‍. ” .

ബെഡ്റൂമിന്റെ വാതിലില്‍ നിന്നും ശബ്ദം കേട്ടു അങ്ങോട്ടു നോക്കിയ രാധികയും മാനസയും ഒരേപോലെ നടുങ്ങി…. അവിടെ അവരെ കണ്ടു പകച്ചു നില്‍ക്കുകയായിരുന്നു സാന്ദ്ര…

കണ്ണുകളെ വിശ്വസിക്കുവാനാകാതെ ഇരുവരും പരസ്പരം നോക്കി….. മാനസയില്‍ നിന്നും ഒരു പൊട്ടിക്കരച്ചില്‍ ഉയര്‍ന്നു… വരുണ്‍ എന്തു പറയണമെന്ന. അറിയാതെ താഴേയ്ക്ക് നോക്കി നിന്നു…

” ഇവള്‍…. ഇവള്‍ എന്താണ് ഇവിടെ. ” സാന്ദ്രയുടെ നേരേ വിരല്‍ ചൂണ്ടി വരുണിനോട് ചോദിക്കുമ്പോള്‍ രാധികയുടെ സ്വരം വിറച്ചിരുന്നു…

” അമ്മേ… സാന്ദ്ര… ”

വരുണിന് വാക്കുകള്‍ നഷ്ടപെട്ടു … മാനസ തളര്‍ന്നു താഴേയ്ക്ക് ഇരുന്നപ്പോള്‍ രാധിക ഓടി പോയി അവളെ താങ്ങി….. വരുണും വേഗം മാനസയുടെ അരുകിലേക്ക് ഓടിയെത്തി രാധികയോടോപ്പം അവളെ താങ്ങി്… രാധിക മാനസയെ സെറ്റിയിലേക്ക് ഇരുത്തി…..

”മാറെടാ… തൊട്ടു പോകരുത് അവളെ.. ” രാധിക അവന്റെ നേരെ ചീറി…

” അമ്മേ.. അമ്മ കാര്യം അറിയാതെ സംസാരിക്കരുത്….. ” വരുണ്‍ അപേക്ഷ പോലെ പറഞ്ഞു..

” കണ്‍മുന്നില്‍ നില്‍ക്കുന്ന സത്യത്തേക്കാള്‍ എന്തു സത്യമാണ് നിനക്ക് പറയാനുള്ളത്… താലി കെട്ടിയ പെണ്ണിനെ ഇറക്കി വിട്ടത് ഇവളെ കയറ്റി പൊറുപ്പിക്കാന്‍ ആയിരുന്നോ… ” .രാധിക സാന്ദ്രയുടെ നേര്‍ക്ക് കത്തുന്ന നോട്ടം അയച്ചു…

ആദ്യത്തെ പകപ്പിന് ശേഷം കൂസലില്ലാതെ അവരെ നോക്കി നില്‍ക്കുകയായിരുന്നു സാന്ദ്ര….

” അമ്മേ.. ,സാന്ദ്ര ആരുടെയും കൂടെ ഓടി പോയത് ആയിരുന്നില്ല.. ഞാനുമായി ഉണ്ടായ അഭിപ്രായ വ്യത്യാസവും വാക്കേറ്റവും കാരണം കല്യാണം നടക്കാതെ ഇരിക്കാന്‍ മാറി നിന്നതാണ്‌….. ഞാനും അന്ന് ഇവളോടുള്ള വാശിക്ക് ആണ് മാനസയെ കെട്ടിയത്‌… എത്ര കാലം മാനസയോട് അകലം പാലിച്ചു ഞാന്‍ നടന്നു.. ഒടുവില്‍ എല്ലാം കലങ്ങി തെളിയെട്ടെന്നു കരുതിയാണ് ഞാന്‍ മാറാന്‍ തയാറായത്‌…. ആ സമയത്തൊന്നും എനിക്കു സാന്ദ്രയുമായി യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല …

പക്ഷേ ഒരു ദിവസം അവള്‍ ഓഫീസില്‍ വന്നു…,

അമ്മയ്ക്ക് അവളെ കണ്ടപ്പോള്‍ തോന്നിയ അതേ വെറുപ്പും ദേഷ്യവുമാണ് എനിക്കും തോന്നിയത്… ” അതും പറഞ്ഞു അവന്‍ സാന്ദ്രയുടെ നേര്‍ക്ക് നോക്കി…

ആ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി അവന്റെ മുന്നില്‍ തെളിഞ്ഞു…

” എന്താണ്.. നീ എന്തിനാ എന്നെ കാണാന്‍ വരുന്നത്….. കൂടെ വന്നവന്‍ ഉപേക്ഷിച്ചോ..”..പരിഹാസത്തോടെ ചിരി അവള്‍ക്ക് നേര്‍ക്ക് എറിഞ്ഞു…

” വരുണ്‍ നമ്മള്‍ തമ്മിലുള്ള ഇഷ്യു നിനക്കു അറിയാമെല്ലോ.. ” അവള്‍ക്ക് കുലുക്കം ഇല്ലായിരിന്നു..

” അതിന്.. വഴക്കിട്ടാല്‍ ഉടനെ മറ്റൊരുത്തന്റെ കൂടെ ഓടി പോകുമോ.. ? അങ്ങനെ ഒരുത്തന്‍ എവിടേ നിന്നും ഉണ്ടായി.,”

” വരുണ്‍.. ഞാന്‍ ആരുടെയും ഒപ്പം പോയിട്ടില്ല. എന്റെ നിര്‍ബന്ധത്തിന് ഉറപ്പിച്ച കല്യാണം നിര്‍ത്താന്‍ എന്റെ അച്ഛനോട് എനിക്കു പറയാന്‍ പറ്റുമോ.. അതുകൊണ്ട് ഞാന്‍ ബാംഗ്ലൂര്‍ ഉള്ള ഫ്രണ്ടിന്റെ അടുത്തേക്ക് പോയി.. കല്യാണം തല്‍ക്കാലം നിര്‍ത്തി വെയ്ക്കണമെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു… നിന്റെ അടുത്തു നിന്നും പോയപ്പോഴാണ് നീയെനിക്ക് എത്ര പ്രിയപ്പെട്ടത് ആണെന്ന് ഞാന്‍ മനസ്സിലാക്കിയത്‌… മടങ്ങി വരാന്‍ ഒരുങ്ങിയപ്പോഴാണ് നിന്റെ കല്യാണം കഴിഞ്ഞത് ഞാന്‍ അറിഞ്ഞത്.. ഞാന്‍ തകര്‍ന്നു പോയിരുന്നു .. അപ്പോഴാണ് ഞാന്‍ ഗര്‍ഭിണി ആണെന്നു തിരിച്ചറിഞ്ഞത്… ആരോടും ഒന്നും പറയാനാകാതെ ഞാന്‍ ഇരുന്നു.. ഈ കുഞ്ഞിനെ വേണ്ടെന്നു വെയ്‌ക്കാന്‍ നോക്കിയപ്പോഴേക്കും അതിനുള്ള സമയം കഴിഞ്ഞിരുന്നു……

ഞാന്‍ വീട്ടില്‍ വിളിച്ചു അമ്മയോട് കാര്യം പറഞ്ഞു..അവരും എന്നെ കൈയ്യൊഴിഞ്ഞു..ഓടിപ്പോയ മകള്‍ ഒരു കൈകുഞ്ഞിനെയും കൊണ്ട് ചെല്ലുന്നത് അവര്‍ക്കും അപമാനം..

പിന്നീട് ഞാന്‍ അവിടെ തന്നെ പ്രസവിച്ചു….. ഒരു കുഞ്ഞിനെയും കൊണ്ട് ഞാന്‍ എവിടെ പോകും…. എന്റെ വീട്ടിലേക്ക് മടങ്ങി പോകാന്‍ കഴിയുമോ… എനിക്കു നിന്നോടല്ലേ പറയാന്‍ കഴിയു.. പ്രസവത്തിന് മുന്‍പ് ഞാന്‍ ജോലിക്ക് പോയിരുന്നു .. ഇപ്പോള്‍ എന്തു ചെയ്യും…

ഞാന്‍ ഈ പറഞ്ഞതൊക്കെ സത്യമാണോന്ന് നിനക്കു ബാംഗ്ലൂര്‍ ഉള്ള നിന്റെ ഫ്രണ്ട്സിനോട് ചോദിക്കാം ..അതിനു ശേഷം നീ തീരുമാനം പറഞ്ഞാല്‍ മതി.. ”. അവള്‍ മടങ്ങി..

അവള്‍ പറഞ്ഞതൊക്കെ ഞാന്‍ അന്വേഷിച്ചു … എല്ലാം സത്യമായിരുന്നു.. ഞാന്‍ എന്തു ചെയ്യും.. ഒരുപിടിയും കിട്ടിയില്ല.. എന്റെ കുഞ്ഞിനെ ഞാന്‍ എങ്ങനെ ഉപേക്ഷിക്കും…

വരുണിന്റെ വാക്കുകള്‍ ഇടറി…

ദിവസങ്ങളോളം ഞാന്‍ ആലോചിച്ചു…

നിങ്ങളുടെയൊക്കെ നിര്‍ബന്ധം കൊണ്ട് എന്നെ കല്യാണം കഴിച്ച മാനസയ്ക്ക് എന്നെ മറക്കാന്‍ എളുപ്പമല്ലേയെന്നു ഞാന്‍ കണക്കു കൂട്ടി.. അതുമല്ല മാനസയെ ഞാന്‍ ഡിവോഴ്സ് ചെയ്താലും മറ്റൊരു നല്ല ,ആലോചന വരും.. പക്ഷേ സാന്ദ്ര…അവള്‍ മറ്റൊരാളിന്റെയൊപ്പം ഓടി പോയവള്‍ എന്ന പേര് ഉള്ളവളാണ്.. ,എന്റെ മകള്‍ മറ്റൊരാളിന്റെ മകളായി വളരുന്നത് എനിക്കു സഹിക്കാന്‍ കഴിയില്ല….” വരുണ്‍ പറഞ്ഞു കൊണ്ടേയിരുന്നു ..

അതുകൊണ്ട് ആണ് ഞാന്‍ മാനസയെ ഡിവോഴ്സ് ചെയ്യാമെന്നു തീരുമാനിച്ചത്.. ഡിവോഴ്സ് കിട്ടുന്ന അന്നു തന്നെ സാന്ദ്രയും മോളുമായി ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാമെന്നു കരുതി…. രണ്ടു മനസ്സോടെ മാനസയോടൊപ്പം ജീവിച്ചു അവളുടെ ജീവിതം നശിപ്പിക്കുന്നതിലും നല്ലതല്ലേ ഈ തീരുമാനം ….”

വരുണ്‍ തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ടിരുന്നു … അകത്തു നിന്നും ഒരു കുഞ്ഞിന്റെ കരച്ചില് കേട്ടപ്പോള്‍ സാന്ദ്ര ,വെട്ടിത്തിരിഞ്ഞു അകത്തേക്ക് പോയി….

കേട്ടതൊന്നും വിശ്വസിക്കുവാനാകാതെ തകര്‍ന്നിരിക്കുകയായിരുന്നു മാനസ… രാധികയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല…

പരസ്പരം എല്ലാം തുറന്നു സംസാരിച്ചു ഒന്നാകാന്‍ വന്നതാണ്.. സംഭവിച്ചതോ എന്നന്നേക്കുമായി രണ്ടു വഴിയായി…

” ഇതല്ലാതെ ,ഞാന്‍ വേറേ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്…. അമ്മ പറയ്.. ”

രാധികയുടെ മൗനം കണ്ടു വരുണ്‍ ന്യായീകരണം തുടര്‍ന്നു …

” ഒരിക്കല്‍ വേണ്ടെന്നു പറഞ്ഞു വലിച്ചെറിഞ്ഞിട്ടു പോയവള്‍ക്ക് വേണ്ടി താലി കെട്ടിയ ഭാര്യയെയും അവളുടെ വയറ്റിലുള്ള കുഞ്ഞിനെയും ഉപേക്ഷിക്കാന്‍ പോകുന്ന നീയാണോ സത്യവാന്‍ ചമയുന്നത്… ” രാധിക വരുണിന് നേരേ ആക്രോശിച്ചു….. വരുണ്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നു.

” അമ്മ എന്താ പറഞ്ഞത്… മാനസയുടെ വയറ്റില്‍ കുഞ്ഞോ.. ”

” എന്താ അവളോടൊപ്പം കിടന്നപ്പോള്‍ അവള്‍ക്ക് കുഞ്ഞുണ്ടാകുമെന്ന് നിനക്കു അറിയില്ലായിരുന്നോ… ? ” അവര്‍ ദേഷ്യം കൊണ്ടു വിറച്ചു..

” ഈ കാര്യം തുറന്നു പറയാന്‍ എത്ര തവണ അവള്‍ വിളിച്ചു.. നീ ഫോണ്‍ എടുത്തോ…. അതെങ്ങനെയാ , ഇവളെ കളഞ്ഞിട്ട് മറ്റേവളേ ആനയിക്കൂന്ന തിരക്കില്‍ ആയിരുന്നെല്ലോ നീ…

നിന്റെ ആ കുഞ്ഞ് അച്ഛനില്ലാതെ വളരുന്ന സങ്കടം നീ പറഞ്ഞു.. അപ്പോള്‍ മാനസയുടെ കുഞ്ഞോ… അത് എന്തു ചെയ്യണം.. ”

സര്‍വ്വവും തകര്‍ന്ന കണക്ക് താഴേക്ക് നോക്കി നിന്ന വരുണിന് നേര്‍ക്ക് രാധിക വീണ്ടും വീണ്ടും ചോദ്യങ്ങള്‍ എയ്തു..

” നിനക്കു മറുപടി വല്ലതും ഉണ്ടോ… നിനക്കും അവള്‍ക്കും ഇടയില്‍ ഇത്രയൊക്കെ സംഭവിച്ചെങ്കില്‍ അവള്‍ എന്തിന് കല്യാണം നിര്‍ത്തി വെച്ച് ഓടി പോകണം….

ഇനി നാളെയും അവള്‍ നിന്നെ കളഞ്ഞിട്ടു പോകില്ലെന്ന് നിനക്കു ഉറപ്പുണ്ടോ…”

” ഞാന്‍ പോകാനുള്ള സാഹചര്യം വരുണിന് മനസ്സിലായിട്ടുണ്ട്..വേറേ ആരും അതോര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല… ” .കുഞ്ഞിനെ ഉറക്കിയിട്ടു വന്ന സാന്ദ്രയാണ് മറുപടി നല്‍കിയത്‌…

” ഞാന്‍ എന്റെ മകനോടാണ് സംസാരിക്കുന്നത്…. അവന്റേ ജീവിതത്തെ പറ്റിയാണ് സംസാരിക്കുന്നത്….വേറേയാരും ഇടയില്‍ കയറേണ്ട… ”, വെറുപ്പോടെയാണ് രാധിക പറഞ്ഞത്…

” നിങ്ങളുടെ മകന്‍റെ ജീവിതം എന്റെയും കൂടിയാണ് അപ്പോള്‍ ഞാന്‍ പറയും.. ” അവകാശം സ്ഥാപിക്കുന്നത് പോലെ സാന്ദ്ര പറയുമ്പോള്‍ വയുണ്‍ കൈയ്യെടുത്ത് അവളെ വിലക്കി.

”സാന്ദ്ര മിണ്ടാതെ നില്‍ക്കൂ.. അമ്മ പറഞ്ഞോളൂ..”

” എനിക്കു ഇനിയൊന്നും പറയുവാനില്ല.. നിന്റെ അവസാനത്തെ തീരുമാനം അറിയണം… ഇവളെയും കുഞ്ഞിനെയുഃ ഞങ്ങള്‍ എന്തു ചെയ്യണം.. ”

” അമ്മേ.. ഞാനെന്തു പറയാനാണ്…. മാനസയ്ക്ക് വീട്ടിലേക്ക് മടങ്ങുകയെങ്കിലുഃ ചെയ്യാം… സാന്ദ്ര…”

” മതി നിര്‍ത്ത്.” എല്ലാം കേട്ടു തകര്‍ന്ന് ഇരിക്കുകയായിരുന്ന മാനസയുടെ ശബ്ദം ഉയര്‍ന്നു .

കണ്‍മുന്നില്‍ നടക്കുന്നതൊക്കെ സ്വപ്നമാണോ എന്നു ആലോചിച്ചു നില്‍ക്കുകയായിരുന്നു അവള്‍….. വരുണേട്ടന് സാന്ദ്രയില്‍ ഒരു കുഞ്ഞ് എന്നത് അവളെ തകര്‍ത്തിരുന്നു….തന്നെ നിരന്തരം തള്ളി പറയുന്ന ഒരുവനോട് തനിക്ക് വേണ്ടി അമ്മ സംസാരിക്കുന്നതില്‍ ചെറുതല്ലാത്ത ഈര്‍ഷ്യയും തോന്നി…

” അമ്മേ..അമ്മ ഇനി എനിക്കു വേണ്ടി സംസാരിക്കേണ്ട… ഇനി വരുണേട്ടന്‍ പറയാന്‍ പോകുന്ന ന്യായം മാനസയുടെ കുഞ്ഞിന് സമൂഹത്തിന് മുന്നില്‍ അച്ഛനായി ഞാനുണ്ടെല്ലോ… സാന്ദ്രയുടെ കുഞ്ഞിന് അതുപോലും ഇല്ലല്ലോ എന്നായിരിക്കും..” മാനസയുടെ വാക്കുകള്‍ കേട്ട് മുഖമടച്ചു അടി കിട്ടിയതു പോലെ വരുണും സാന്ദ്രയും പുളഞ്ഞു പോയി…..

” പിന്നെ വരുണേട്ടന്‍ പറഞ്ഞ ഒരു കാര്യം , വീട്ടുകാരുടെ വാക്ക് കേട്ട് നിങ്ങളെ കല്യാണം കഴിച്ചതു കൊണ്ട് എനിക്കു നിങ്ങളെ മറക്കാന്‍ എളുപ്പം ആയിരിക്കും എന്ന്… ഓര്‍മ്മ വെച്ച കാലം മുതല്‍ നിങ്ങളെ ഇഷ്ടമായിരുന്നു… പിന്നാലെ നടന്നു ഇഷ്ടം പിടിച്ചു വാങ്ങാനൊന്നും വന്നില്ലെന്നു മാത്രം.. ”

സാന്ദ്രയെ പുച്ഛത്തോടെ ഒന്നു നോക്കി കൊണ്ട് അവള്‍ തുടര്‍ന്നു…

” അതുകൊണ്ട് തന്നെയാണ് ,നിങ്ങളുടെ സാഹചര്യം അറിഞ്ഞിട്ടും നിങ്ങളെ കല്യാണം കഴിക്കാന്‍ ഞാന്‍ സമ്മതിച്ചത്‌…. അല്ലാതെ നിങ്ങള്‍ കരുതും പോലെ നിങ്ങളുടെ കാശോ ജോലിയോ ഒന്നും കണ്ടിട്ടല്ല… നിങ്ങള്‍ എന്നെ അവഗണിച്ചപ്പോഴൊക്കെ പിടിച്ചു നിന്നതും അതെ സ്നേഹം കൊണ്ടാണ്‌.. കുറച്ചു മുന്‍പ് വരെ ആ സ്നേഹം അതേ പോലെ ഉണ്ടായിരുന്നു .. പക്ഷേ ഇപ്പോള്‍ ഈ നിമിഷം മുതല്‍ നിങ്ങള്‍ എന്റെ ആരുമല്ല…എന്നെ നിരന്തരം തള്ളി പറയുന്ന നിങ്ങളില്‍ നിന്നും എന്റെ കുഞ്ഞിന് എന്തെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയും എനിക്കു ഇല്ല.. അതിന്റെ ആവശ്യവുമില്ല..

നിങ്ങളെ പോലെ നേരും നെറിയും ഇല്ലാത്ത ഒരുത്തനെ വിശ്വസിക്കാന്‍ മാത്രം മണ്ടിയല്ല ഞാന്‍.. ഇത്രയും ചതി എന്നോടു ചെയ്ത നിങ്ങളെ എനിക്കു ഇനി വേണ്ട… വരുണ്‍ മാനസയെ അല്ല വേണ്ടെന്നു വെയ്ക്കുന്നത് മാനസ വരുണിനെയാണ്… ഇനി നിങ്ങളുടെ മുഖം പോലും കാണണമെന്നില്ല…. നിങ്ങള്‍ക്ക് വേണ്ടെന്നു കരുതി ഞാന്‍ എന്റെ കുഞ്ഞിനെ കൊല്ലുകയൊന്നും ഇല്ല…. അന്തസോടെ തന്നെ വളര്‍ത്തും…. ” ഇത്രയും പറഞ്ഞു കൊടുങ്കാറ്റ് പോലെ മാനസ പുറത്തേക്ക് പാഞ്ഞു… കൂടുതല്‍ ഒന്നും പറയാന്‍ നില്‍ക്കാതെ രാധികയും അവളോടൊപ്പം ഇറങ്ങി….

വരുണ്‍ വേച്ചുവേച്ചു സെറ്റിയിലേക്ക് ഇരുന്നു… മാനസ പ്രെഗ്നനന്റ് ആണെന്നു താന്‍ അറിഞ്ഞില്ലല്ലോ എന്ന ചിന്ത അവനെ തളര്‍ത്തി… കുറ്റവാളി കണക്ക് അവന്റെ തല താഴ്ന്നു തന്നെ ഇരുന്നു.. പണ്ടു മുതലെ മാനസയ്ക്ക് തന്നെ ഇഷ്ടമായിരുന്നു എന്നത് പുതിയ അറിവായിരുന്നു…. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല….

സാന്ദ്രയോടുള്ള വാശിക്ക് ആണ് കല്യാണം നടത്തിയത്… ആരായാലും തനിക്ക് കുഴപ്പമില്ലായിരുന്നു… മാനസയുടെ കാര്യം അമ്മ പറഞ്ഞപ്പോഴും പ്രത്യേകത ഒന്നും തോന്നിയില്ല… പക്ഷേ കല്യാണ ശേഷം അവള്‍ തന്നെ മാറ്റിയെടുത്തു…

അപ്പോള്‍ മാനസയുടെ നിഷ്കളങ്കമായ മുഖം അവന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു… അവളെ വേണ്ടെന്നു നൂറാവര്‍ത്തി എല്ലാവരോടും പറഞ്ഞപ്പോഴൊന്നും ഒരു കുറ്റബോധവും തോന്നിയില്ല…. വെറുതെ അവളെ തന്നിലേക്ക് വലിച്ചിട്ടു ആ ജീവിതവും കളയേണ്ടെന്നേ കരുതിയുള്ളു…

പക്ഷേ ഇപ്പോള്‍ ഒരേയൊരു തവണ അവള്‍ തന്നെ വേണ്ടെന്നു പറഞ്ഞപ്പോള്‍ ആയിരം മുള്ളുകള്‍ ഹൃദയത്തില്‍ തറഞ്ഞു കയറുന്നത് പോലെ.. … കുറച്ചു മുന്നേ വരെ ഉണ്ടായിരുന്ന ധൈര്യം ചോര്‍ന്നു പോകുന്നു… ചിന്തകള്‍ കാടു പിടിച്ചപ്പോള്‍ മുടികളില്‍ ആഞ്ഞു വലിച്ചു പിന്നിലേക്ക് ചാഞ്ഞു…

” മോളേ… വീട്ടില്‍ അച്ഛനോടും അമ്മയോടും എന്തു പറയും.. ” മടക്കയാത്രയില്‍ പാറ പോലെ പുറത്തേക്ക് നോക്കിയിരുന്ന മാനസയുടെ കൈവിരലുകളെ ചേര്‍ത്തു പിടിച്ചു കൊണ്ട് രാധിക തിരക്കി…

ഒരു എങ്ങലോടെ മാനസ രാധികയുടെ തോളിലേക്ക് ചരിഞ്ഞു…. വരുണിനോട് അങ്ങനെയൊക്കെ കയര്‍ത്തെങ്കിലും അവളുടെ ഉളളില്‍ തളം കെട്ടിയിരുന്ന സങ്കടത്തെ മുഴുവന്‍ കണ്ണീരായി ഒഴുക്കി കളഞ്ഞു കൊണ്ടിരുന്നു…

”നമ്മള്‍ ഇന്നു പോയതും അറിഞ്ഞതും നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതിയമ്മേ…എന്റെ വീട്ടിലോ.. അവിടേ അച്ഛനോ കിച്ചുവോ അറിയേണ്ട…

സാധാരണ ഡിവോഴ്സ് പോലെ തീരട്ടെ… ഇനി കോടതിയില്‍ ഞാന്‍ വേണമെന്നു വാശി പിടിക്കില്ല. ഇഷ്ടമില്ലാത്ത ഒരാളെ നിര്‍ബന്ധിച്ചു കൂട്ടി കൊണ്ടു വന്നിട്ടു എന്തിനാ അമ്മേ.. വരുണേട്ടന്‍ പോയി വരുണേട്ടന്‍റെ ഇഷ്ടത്തിന് ജീവിക്കട്ടെ … ഞാന്‍ എവിടെ എങ്കിലും ജോലിക്ക് പോകാന്‍ തീരുമാനിച്ചു.. വെറുതെ വീട്ടിലിരുന്ന് വിഷമിക്കുന്നത് എന്തിനാണ്… തിരക്കുകള്‍ വരുമ്പോള്‍ ഒന്നും ചിന്തിക്കാന്‍ സമയം കിട്ടില്ല…” കവിളുകള്‍ അമര്‍ത്തി തുടച്ചു കൊണ്ട് അവള്‍ പറഞ്ഞു…. അനുസരണയില്ലാതെ കണ്ണുനീര്‍ പൊഴിഞ്ഞു കൊണ്ടേയിരുന്നു…

” നീ എന്തു തീരുമാനം എടുത്താലും നിന്നോടൊപ്പം അവസാനം വരെ ഞാനും ഉണ്ടാകും മോളേ…. വരുണെന്ന മോനെ ഞാന്‍ ഉപേക്ഷിച്ചു … അതിനു പകരം നീയും നിന്റെ കുഞ്ഞും മതി… എന്റെ മോന്റെ നെറികേടിന് നിന്നോട് ഇതില്‍ കൂടുതല്‍ പ്രായശ്ചിത്തം ചെയ്യാന്‍ അമ്മയ്ക്ക് അറിയില്ല… ” രാധിക അവളെ ചേര്‍ത്തു പിടിച്ചു നെറുകയില്‍ ചുംബിച്ചു….

അവസാനിച്ചു