ഭാഗം 01 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
“”എനിക്ക് കാണണം..സംസാരിക്കാനുണ്ട്..””
ജിതൻ…….ആരാണോന്നു പറയാതെ തന്നെ ഒട്ടും മയമില്ലാത്ത ശബ്ദത്തിൽ നിന്നും ആരാണെന്നു മനസിലായി.
“”നാളെ എനിക്ക് ഓഫീസ് ഉണ്ട്…””
“”സൺഡെ മോണിങ് പത്തുമണിക്ക് മാളിലെ ഫുഡ് കോർട്ടിൽ ഉണ്ടാവും..””അത്ര മാത്രം…തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപ് ഫോൺ കട്ടായി.അല്ലേലും ആഞ്ജാപിച്ചും പിടിച്ചടക്കിയുമേ അവനു ശീലമുള്ളൂ.മറ്റൊരാളെ മനസിലാക്കാനോ കേൾക്കാനോ അവനറിയില്ല.അവൻ..അവന്റെ ഇഷ്ടങ്ങൾ അതുമാത്രമേ ചിന്തിക്കുകയൂള്ളൂ.അവൻ കാരണം മറ്റൊരാൾക്കുണ്ടാവുന്ന നഷ്ടങ്ങളും വേദനയുമൊന്നും അവന് പ്രശ്നമില്ല.അവനെ ഓർക്കും തോറും വെറുപ്പും ദേഷ്യവും ഉള്ളിൽ നിറഞ്ഞു.
“”അമ്മേ…””
“”പാത്തു അങ്ങ് മാറി നിന്നേ…അമ്മേടെ കൈയിൽ ചൂടുവെള്ളം ഉണ്ടേ.. ദേഹത്ത് വീണാ പാത്തു കുഞ്ഞിന് പൊള്ളുമേ…”” രാവിലെ അടുക്കളയിൽ തിരക്കിട്ട് ഓരോന്ന് ചെയ്യുമ്പോഴാണ് പാത്തു കാലിൽ ചുറ്റിപ്പിടിച്ചത്.രാവിലെ ഉണർന്നാൽ പാത്തൂന് സ്റ്റേഷൻ കിട്ടാൻ കുറച്ച് സമയമെടുക്കും.അതുവരെ തനൂനെ അല്ലാതെ വേറെ ആരേയും അടുപ്പിക്കില്ല.പാത്തു തനുവിന്റെ ടോപ്പിന്റെ അറ്റം പിടിച്ച് പിറകെ ചിണുങ്ങി നടപ്പാണ്.അവസാനം എളിയിലെടുത്തു.
“”അമ്മക്ക് ജോലിക്ക് പോണ്ടേ വാവേ…ലേറ്റായാ അമ്മേടെ സാറ് അമ്മേ വഴക്ക് പറയൂലെ..”” മൂക്കുരുമി കൊണ്ട് പറഞ്ഞു.എവിടെ….രക്ഷയില്ല ഒന്നു കൂടി ചിണുങ്ങിയതല്ലാതെ ആശാത്തി അടുക്കുന്നില്ല.കണ്ണൊന്നും നിറഞ്ഞിട്ടില്ല. കുറച്ച് കഴിഞ്ഞപ്പോൾ മേരിയമ്മ വന്നു.
“”മേരിയമ്മ വന്നത് നന്നായി എനിക്ക് ഓഫീസി ൽ പോവാൻ റെഡിയാവണം.ഈ പെണ്ണിനാണേ ഇന്ന് എങ്ങുമില്ലാത്ത ചിണുങ്ങലും വാശിയും.എന്നെ കുളിക്കാൻ പോലും വിടുന്നില്ല.””പാത്തു അവളുടെ തോളിൽ മുഖം മറച്ച് കിടപ്പാണ്.
“”മേരിമ്മേടെ പാത്തൂട്ടി അങ്ങനെ വാശിയൊന്നും പിടിക്കൂലലോ…നല്ല ചുന്ദരി മോളായിരുന്നല്ലോ..ഇപ്പോ എന്താ പറ്റിയേ..””അതും പറഞ്ഞവളെ മേരിയമ്മ എട്ക്കാൻ നോക്കിയതും കൈ തട്ടി മാറ്റി വീണ്ടും തനൂനെ അള്ളിപ്പിടിച്ചിരുന്നു.
“”അയ്യോ മേരീമ്മ വരുമ്പോ കൊറേ കഥകൾ പഠിച്ചിട്ടാണല്ലോ വന്നേ..ഇനി ഇപ്പോ അതൊക്കെ ആർക്കാ പറഞ്ഞു കൊടുക്ക്വാ..”” മേരിയമ്മ അതു പറഞ്ഞതും മുഖമുയർത്തി കള്ളച്ചിരിയോടെ മേരിയമ്മക്ക് നേരെ കൈ നീട്ടി. പാത്തൂനെ മേരിമ്മയെ ഏൽപ്പിച്ച് റെഡിയാവാൻ പോയി.അല്ലേലും കഥാന്നു കേട്ടാൽ വേറൊന്നും വേണ്ട പെണ്ണിന്. മോളെ റെഡിയാക്കി സ്കൂൾ വാനിൽ മേരിയമ്മ കേറ്റി വിട്ടോളും.പാത്തൂന് ഉമ്മ കൊടുത്ത് ബസ് സ്റ്റോപ്പിലേക്ക് നടന്നു.
???????????
“”നിനക്കെന്തായാലും ഒരു ജീവിതം വേണം അപ്പോ ജിതനായെലെന്താ പ്രശ്നം. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോ നിന്നെ കണ്ണുരുട്ടി പേടിപ്പിച്ചു…അവന്റെ ഫ്രണ്ടിനു വോട്ട് ചെയ്പ്പിച്ചു ഇതൊക്കെയാണോ അവന്റെ കുറ്റം..”” ആരതിയുടെ പറച്ചിൽ കേട്ട് അവളെ നോക്കി പേടിപ്പിച്ചു.ലഞ്ച് ബ്രേക്കായത് കൊണ്ട് കാന്റീനിൽ നിറയെ ആൾക്കാരുണ്ട്.തനു ചുറ്റും നോക്കുന്നത് കണ്ട് ആരു സോറി എന്ന് ചുണ്ടനക്കി കൊണ്ട് പറഞ്ഞു
“” സാഹചര്യം ചൂഷണം ചെയ്തിട്ടാണോ കല്യാണത്തിന് സമ്മതിപ്പിക്കേണ്ടത്.എന്റെ അച്ഛനെന്താ പറയാനുള്ളത് എന്നു പോലും അവൻ കേട്ടില്ല…ആ പ്രായത്തിൽ അത്രേം വില്ലത്തരം കാണിക്കുന്ന അവൻ ഈ പ്രായത്തിൽ എന്തൊക്കെ വില്ലത്തരം കാണിക്കുന്നുണ്ടാവും..എന്ത് വിശ്വാസത്തിലാ അവന്റെ വീട്ടിലേക്കെന്റെ മോളേം കൊണ്ട് പോവ്വാ..”” ആരുവിനെ മാത്രം കേൾക്കാൻ പറഞ്ഞു.
“”ചിലപ്പോ നിന്റെ അച്ഛൻ പറയുന്ന പോലെ അവൻ നല്ലവനാണെങ്കിലോ..””
“”ആരൂ നീ അവനെ കണ്ടിട്ട് പോലുമില്ല..കുറച്ച് മാസത്തെ പരിചയമെങ്കിലും എനിക്കുണ്ട്…തെമ്മാടി..തോന്ന്യവാസി അതേ എനിക്ക് തോന്നിയിട്ടുള്ളൂ..””
“”പിന്നെന്തിനാ നീ കല്യാണത്തിന് സമ്മതിച്ചേ..പറ്റില്ലാന്നു പറഞ്ഞുടായിരുന്നോ..””
“”നിനക്കറിയാവുന്നതല്ലേ ആരൂ…നന്ദൂന്റെ കല്യാണം..അവളുടെ ജീവിതത്തെ ഓർത്താണ്..പക്ഷേ പാത്തൂനെ ഓർക്കുമ്പോ..””
“”ഡീ…നീ പാത്തുവോട് പറഞ്ഞോ മാരേജിന്റെ കാര്യം…””
“”എങ്ങനെ പറഞ്ഞു മനസിലാക്കുംന്നു ഒരു ഐഡിയയുമില്ല..”” തലയ്ക്ക് കൈയൂന്നിയിരുന്നു.
“”പറഞ്ഞാ മനസിലാവുന്ന പ്രായമല്ലലോ..പതിയെ അവൾ മനസിലാക്കെട്ടെ..ഡീ ..നീയിങ്ങനെ ടെൻഷനടിച്ചിരിക്കല്ലേ…എന്തായാലും ഈ സൺഡേ അവനോട് സംസാരിക്ക്… ബാക്കി നമുക്ക് നോക്കാം..””
കംപ്യൂട്ടറിൽ ഓരോന്നു ചെയ്യുമ്പോഴും ഇടക്കിടക്ക് വാച്ചിലേക്ക് നോക്കി കൊണ്ടിരുന്നു. ആരതിയുടെ സീറ്റിൽ നോക്കിയപ്പോൾ അവൾ ചെയ്തു മടുത്തൂന്നു ആഗ്യം കാണിച്ചു.ഓഡിറ്റിങ്ങിന്റെ ബിസിയാണ്.ഓരോ ഡൗട്ടും കൊണ്ട് ഓഡിറ്റേർസ് വരും അത് ക്ലിയർ ചെയ്യാൻ കഴിഞ്ഞ വർഷത്തെ ഫയൽ മുഴുവൻ തപ്പി എടുക്കേണ്ടി വരും.ചിലപ്പോ ചില കറക്ഷൻസ് വേണ്ടി വരും. ഇത് തീരണേ സെപ്തംബർ ആവണം അതിന്റെ കൂടെ ഓഫീസ് വർക്കും.ഫോണെടുത്ത് മേരിയമ്മയെ വിളിച്ചു നോക്കി.
“”ഹലോ…മേരിയമ്മേ തനുവാ….മേളെന്തെട്ക്ക്വാ…””
മേരിയമ്മ കഴുത്ത് നീട്ടി സെന്ട്രൽ ഹാളിലേക്ക് നോക്കി.നിലത്ത് കുനിഞ്ഞിരുന്ന് ബുക്കിൽ എന്തൊക്കെയോ വരച്ചിടുന്നുണ്ട് പാത്തു.”ഇത്രേം നേരം കുഞ്ഞു വരുന്നതും നോക്കി വഴിയിലേക്ക് നോക്കി ഇരിപ്പായിരുന്നു.ഇപ്പോ ബുക്കെട്ത്ത് എന്തൊക്കെയോ വായിക്ക്വാ”
“അവളെന്തേലും വാശി കാണിച്ചോ…പ്രശ്നൊന്നും ഉണ്ടാക്കീലാലോ”
“ഒന്നു രണ്ടു പ്രാവിശ്യം അമ്മ എന്താ വരാത്തേന്നു ചോദിച്ചു ഞാൻ മോൾക്ക് ബിസ്ക്കറ്റ് വാങ്ങാൻ കടേ കേറിയിരിക്ക്വാന്നൊക്കെ ഓരോന്നു പറഞ്ഞ് പിടിച്ചിരുത്തിയിരിക്ക്വാ..വരുമ്പോ എന്തേലും വാങ്ങിക്കോണ്ട് വന്നോ അല്ലേ പെണ്ണ് വീട് തല തിരിച്ചു വെക്കും”
“ശരി മേരിയമ്മേ…ഞാൻ അര മണിക്കൂറിനുള്ളിൽ ഇവിടുന്ന് ഇറങ്ങും…”ലേറ്റാവുംന്നു പറഞ്ഞതാ പാത്തൂനോട് പക്ഷെ അതൊന്നും വൈകുന്നേരം ഓർമ കാണില്ല ആശാത്തിക്ക്. വേഗത്തിൽ വർക്ക് തീർത്ത് ആരതിയെ നോക്കി.അവളുടേത് ഇനിയും കഴിഞ്ഞിട്ടില്ല.ആരുവിനോട് ജിതന്റെ കാര്യമടക്കം എല്ലാം പറഞ്ഞിട്ടുണ്ട്.ഇപ്പോ ആകെ ഉള്ള സൗഹൃദം അവൾ മാത്രമാണ്. നാളെ തൊട്ട് അവളും വീട്ടിലേക്ക് വരുന്നുണ്ട്.ഹോസ്റ്റൽ ജീവിതം മടുത്തു അവൾക്ക്. അല്ലേലും മിക്ക സമയത്തും തനുവിന്റെ വീട്ടിലായിരിക്കും.അവളും ഹോസ്റ്റൽ വാർഡനും ചേർന്നു പോവില്ല.അവരുമായി എന്നും തല്ലു പിടുത്തമാണ്.അഛ്ചനും അമ്മയും ഗൾഫിലായതു കൊണ്ട് ബോർഢിങിലായിരൂന്നു പഠിച്ചതൊക്കെ.ഒറ്റക്ക് വളർന്നത് കൊണ്ടാവാം നല്ല തന്റേടമാണവൾക്ക്.പെട്ടെന്ന് പ്രതികരിക്കും. അവളുടെ ആ സ്വഭാവം കൊണ്ട് തന്നെ ഓഫീസിലെ കോഴികൾക്കൊക്കെ അവളെ പേടിയാണ്. അവളുടെ ഫ്രണ്ടായത് കൊണ്ട് തന്നെ കോഴിത്തരവുമായി തനുവിന്റെടുത്തും ആരും വരില്ല.
“ആരൂ…ഞാൻ ഇറങ്ങിക്കോട്ടെ…ഇനീം ലേറ്റായ പാത്തു ബഹളം വെക്കാൻ തുടങ്ങും…”
“ശരി നീ ഇറങ്ങിക്കോ..എന്റേത് തീരാൻ ഇനീം സമയമെടുക്കും..”കംപ്യൂട്ടറിൽ നോക്കി തന്നെ ആരു മറുപടി പറഞ്ഞു.””ഡീ…സാറു ചോദിച്ചാ എല്ലാം ചെയ്ത് ഡെസ്ക്ടോപ്പിൽ ഒഡിറ്റ് വർക്ക് എന്ന ഫോൾഡറിൽ ഉണ്ടെന്നു പറയണേ””അതും പറഞ്ഞ് ബസ്റ്റോപ്പിലേക്ക് ഓടി.ബസ്സ്റ്റോപ്പിനടുത്തുള്ള കടയിൽ നിന്നും ബിസ്ക്കറ്റും കുറച്ച് ചോക്ലേറ്റും വാങ്ങി.വീട്ടിലെത്തിയാ പാടേ ബാഗ് തപ്പാൻ തുടങ്ങും കുറുമ്പി പെണ്ണ്.
???????????
“”മേരിമ്മേ …അമ്മെന്താ വരാത്തേ…””വഴിയിലേക്ക് എത്തി നോക്കി കൂവി വിളിക്കും പോലെ ചോദിച്ചു.അടുത്തത് കരച്ചിലായിരിക്കും.അത് അറിയുന്നോണ്ട് മേരിയമ്മ പാത്രവും താഴെ വെച്ച് പാത്തുവിന്റെടുത്തേക്ക് പോയി.ഇപ്പോ പൊട്ടുംന്ന പോലെ കവിൾ വീർത്തിട്ടുണ്ട്.രണ്ടു കഞ്ഞികണ്ണും കൈകൾ കൊണ്ട് തിരുമ്മി കൊണ്ടിരിക്ക്വാ.””മേരിമ്മേ….””ലാസ്റ്റ് സിഗ്നലും വന്നു.
“എത്തിപ്പോയി…എത്തിപ്പോയി മേരിമ്മ എത്തിപ്പോയി”മേരിയമ്മ ഓടി അവളുടെ കൂടെ സോഫയിൽ ഇരുന്നു ചേർത്തു പിടിച്ചു.””മേരിമ്മേ..മ്മാ…””വിതുമ്പി കൊണ്ട് പറഞ്ഞു.
“അയ്യേ നല്ല കുട്ട്യോള് കര്യോ….അമ്മ കുഞ്ഞോൾക്ക് ബിക്കറ്റ് വാങ്ങാൻ കേറിയതാ…അതാ വൈകിയേ…ഇപ്പോ എത്തൂട്ടോ…അമ്മ ഇപ്പോ വിളിച്ചതേ ഉള്ളൂ..അമ്മ വേഗം എത്തും…മോൾക്ക് എന്തൊക്കെയോ വാങ്ങണം…നല്ല കുട്ടിയായീട്ട് ഇരിക്കാൻ പറയണം എന്നൊക്കെ പറഞ്ഞു” പാത്തുവിനെയും ചേർത്തു പിടിച്ച് ആടി കൊണ്ട് പറഞ്ഞു.
“വേഗം വര്വോ…??”
“ആ…വേഗം വരും”
“ഇപ്പോ..??”വീണ്ടും ചോദിച്ചു.
“ആ…ഇപ്പോ വരും ..മേരിമ്മ പാത്തൂട്ടിയോട് കള്ളം പറയ്യോ…അമ്മ വരുമ്പോഴേക്കും പാത്തു മോള് പുസ്തകെട്ത്ത് വായിച്ചോ…”പാത്തുവിന്റെ മുഖം തുടച്ച് കൊണ്ട് പറഞ്ഞു.
“കുഞ്ഞോള് ഇത് മുഴ്വൻ പഠിച്ചോ..??”
“ആ….റ്റീച്ചർ വെരി കുട് പറഞ്ഞു..ഇതിനെല്ലാം പാത്തൂന് സ്റ്റാറും ക്രൗണും കിട്ടിയല്ലോ….ഇതിനും ..ഇതിന്വേല്ലാം കിട്ടീയല്ലോ.. ഇതെല്ലാം മേരിമ്മേ പടിപ്പിച്ച് തരേ..” മേരിയമ്മ എന്തെങ്കിലും പറയുന്നതിനു മുൻപ് പാത്തു തുടങ്ങി.
“”രെഡ് ആപ്പിൽ..യെലോ ബനാന…ഗീൻ ലീഫ്…പിങ്ക് ലോട്ടസ്””ബുക്കിലെ ഓരോ ചിത്രത്തിലും തൊട്ട് കാണിച്ച് കൊണ്ട് പാത്തു പറഞ്ഞു.””മേരിമ്മക്ക് മനശിലായോ””
“ചോന്നേ ആപ്പ്ള് ..രെഡ്ന്ന് വെച്ചാ ചോപ്പ്..ആപ്പ്ള്ന്നു വെച്ചാ ആപ്പ്ള് ..ഇപ്പോ മനശിലായോ..”മേരിയമ്മ താടിക്ക് കൈ കൊടുത്തിരിക്കുന്നുണ്ട്.
“ന്റെ കുഞ്ഞ്വോളേ….നല്ല പ്രായത്തിൽ മേരിമ്മ ഇതൊന്നും പഠിച്ചിട്ടില്ല..സ്കൂളിന്റെ പടി പോലും കേറീട്ടില്ല.. കുഴീല് കാലും നീട്ടിയിരിക്കാനാവുമ്പോഴാണോ ഇത് പഠിക്കണത്…മോള് പഠിച്ചോ മേരിമ്മ ഇവ്ടെ ഇരിക്കാമേ”പുസ്തകത്തിൽ ഓരോന്നു തൊട്ടു കാണിച്ച് പിന്നേയും റെഡ് ആപ്പിൾ തുടങ്ങി.
“”പപ്പേ പഠിപ്പിച്ച് തര്വോ…പാത്തുമോള്””
“”ധ്രുവൻ””
മേരിയമ്മയുടെ ചുണ്ടുകൾ അറിയാതെ ഉച്ചരിച്ചു.അവരെ തന്നെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുകയായിരുന്നു ധ്രുവൻ.
തുടരും….