ഒരു കല്യാണം കഴിച്ചു. കല്യാണം കഴിഞ്ഞു മോൻ ഉണ്ടായപ്പോൾ അവിടെ നിന്നു പോരുന്നു…

രാജീവ്

Story written by AMMU SANTHOSH‌

“നിങ്ങളാണോ ഇവന്റെ അച്ഛൻ?”

“അതേ സാറെ..”രാജീവ്‌ ഇൻസ്‌പെക്ടറെ നോക്കി

“ഇങ്ങനെയാണോ പിള്ളേരെ വളർത്തി വെച്ചേക്കുന്നേ?”

അയാൾ എന്താ എന്ന് മകനോട് കണ്ണ് കൊണ്ട് ചോദിച്ചു. ഒരു കണ്ണടച്ചു കൊണ്ട് ഒന്നുമില്ലെന്ന്‌ അവനും.

“എന്താ സാറെ കാര്യം?”അയാൾ വിനയത്തോടെ ചോദിച്ചു.

“ഇവൻ ചെയ്തതെന്താന്ന് അറിയാമോ?”

“അതിപ്പോ സാർ പറഞ്ഞാലല്ലേ ഞാൻ അറിയുവുള്ളു സാറെ..”

“ഇവൻ പോലീസിനെ തല്ലി “

അയാൾ അമ്പരപ്പിൽ മകനെ നോക്കി ..

“എന്റെ മോനോ? ഹേയ് നിങ്ങൾക്കാളു മാറിയതായിരിക്കും.. ഇവൻ അങ്ങനെയുള്ള ഒരാളല്ല “

“അത് നിങ്ങൾക്ക്.. അവൻ എന്നെയാടോ തല്ലിയത്.. താൻ ഇത് കണ്ടോ എന്റെ ഒരു പല്ല് പോയി.. ഞാൻ ഇവനെ കേറി മേയാതിരുന്നതെന്താണെന്നോ? അത് കണ്ടിട്ട് ഇനി മീഡിയ വരണം എനിക്ക് സസ്‌പെൻഷൻ വാങ്ങി തരണം. അത് ഒഴിവാക്കാൻ. പക്ഷെ കേസ് ഞാൻ ചാർജ് ചെയ്യും… ഇവിടെയുള്ള തെളിയാതെ കിടക്കുന്ന മുഴുവൻ കേസും ഇവന്റെ പേരിൽ ഞാൻ ചാർജ് ചെയ്യും.ഇവന് ഒരു ജോലി കിട്ടാത്ത പോലെ ചാർജ് ചെയ്യും “

ഈശ്വര! ഇവൻ…

ഒരു പട്ടിയെ കണ്ടാൽ പോലും പേടിച്ചു ഓടുന്നവൻ.. ഇപ്പോഴും തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നവൻ…ഇപ്പോഴും തന്റെ കയ്യിൽ നിന്നു ചോറുരുള വാങ്ങി കഴിക്കുന്നവൻ.

ഇവൻ ഒരാളെ തല്ലുക!

അവനോടൊന്നു സംസാരിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അങ്ങേര് അനുവദിച്ചു

“എന്തിനാടാ നീ സാറിനെ തല്ലിയത്?”

“എന്റെ തന്തക്ക് വിളിച്ചിട്ട്… ഇനിം തല്ലും.. ഹെൽമെറ്റ്‌ വെച്ചില്ല. തെറ്റാണ്. പെറ്റി അടിച്ചോളാം ന്ന്‌ പറഞ്ഞപ്പോൾ എന്റെ തന്തക്ക് വിളിച്ചു.. അച്ഛനെ കുറെ തെറി..എന്റെ അച്ഛനെ തെറി പറഞ്ഞാ പോലീസല്ല ഇനി ജഡ്ജി ആണെങ്കിലും അടിക്കും “

“ഞാൻ ആരാ?”

“എന്റെ അച്ഛൻ “

“പൊന്നുമോനെ രോമാഞ്ചം വന്നിട്ടെനിക്ക് വയ്യ.. മിണ്ടരുത് കേട്ടല്ലോ.ഞാൻ ഇങ്ങേരുടെ കാല് പിടിച്ചിട്ട് വരാം “

“ദേ എന്നെ നാറ്റിക്കല്ലേ..അച്ഛൻ കാല് പിടിക്കരുത്.. വേണ്ട “

അയാൾ അവന്റെ തോളിലൊന്നു തട്ടി അകത്തേക്ക് പോയി.

ഇൻസ്‌പെക്ടർ അയാളെ രൂക്ഷമായി ഒന്ന് നോക്കി

“എന്താടോ?”

“സാറെ അവൻ ഹെൽമെറ്റ്‌ മറന്നത് തെറ്റ് തന്നെയാ. സാർ അവനോട് മോശമായി സംസാരിച്ചത് കൊണ്ടല്ലേ സാറെ അവൻ തല്ലിയത്? വളർന്ന പിള്ളേരല്ലേ സാറെ അപ്പനെ പറയുമ്പോൾ ചോര തിളയ്ക്കും. ഞാൻ സാറിന്റെ കാല് പിടിക്കാം.. കേസ് ചാർജ് ചെയ്യല്ലേ..”

“അത് കൊള്ളാമല്ലോടോ.. തന്തക്ക് വിളിച്ചാൽ ഉടനെ തല്ലുമോ? എന്നാ താൻ തല്ല് എന്നെ? തന്റെ തന്തയ്ക്ക് ഞാൻ വിളിക്കാം “

“എന്തിനാ സാറെ മരിച്ചു പോയവരെ പറയുന്നത്?..”അയാളുടെ മുഖം മാറി

“ആഹാ.. ചത്തോ? നന്നായി..നിനക്കും അപ്പന് പറഞ്ഞപ്പോൾ ദേഷ്യം വന്നല്ലോ.. എടാ മക്കൾ ശരിയല്ലെങ്കി അപ്പൻ വല്ലോന്റേം കാല് നക്കേണ്ടി വരും.. നീ ഇനി എന്നാ പറഞ്ഞാലും നിന്റെ മോനെ പുറം ലോകം കാണിക്കാതിരിക്കാനുള്ള വഴി എനിക്ക് അറിയാം..എന്റെ ദേഹത്ത് തൊട്ടവനെ ഞാൻ ഇതിനകത്തിട്ട് തീർക്കും “അയാൾ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു

രാജീവ്‌ മെല്ലെ പുറത്തേക്കുള്ള വാതിലടച്ചിട്ട് അടുത്ത് ചെന്നു മെല്ലെ അയാളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു

“കുറെ വർഷങ്ങൾ മുന്നെയാ.. ഇടുക്കിയിൽ ഒരു അരവിന്ദൻ ഉണ്ടായിരുന്നു.. രാത്രി നെഞ്ചുവേദന വന്ന അരവിന്ദന് മരുന്ന് വാങ്ങാൻ പോയതായിരുന്നു മകൻ . അന്നത്തെ എസ് ഐ..വഴിയിൽ വെച്ചു ഈ ചെക്കനെ പിടിച്ചു.. ഇതേ പോലെ തന്നെ..അച്ഛന് മരുന്ന് വാങ്ങാൻ പോയതാണെന്ന് പറഞ്ഞിട്ട് വിശ്വസിച്ചില്ല.കാരണം രാത്രി ആയിരുന്നു പോലും.. ചെക്കന് ക ഞ്ചാവ് ബിസിനസ് ഉണ്ടെന്ന് എസ് ഐ. അങ്ങേർക്ക് വേറെയാരെയോ രക്ഷിക്കണം അതിന് ഇവൻ പ്രതിയാകണം.. അച്ഛന്റെ മരുന്ന് റോഡിൽ വലിച്ചെറിഞ്ഞ എസ് ഐ യുടെ കരണത്തൊന്നു കൊടുത്തു ചെക്കൻ.. അത് കേസായി.. മരുന്ന് കിട്ടാതെ അച്ഛൻ മരിച്ചും പോയി. അതേ എസ് ഐയെ സ്റ്റേഷനിൽ കേറി കുത്തിയ കേസിൽ ചെക്കൻ വീണ്ടും ജയിലിൽ പോയി. പോലീസുകാരുടെ മുഴുവൻ പേടിസ്വപ്നമായി മാറിയ ആ ചെക്കന്റെ പേര്..

..രാജീവ്‌.. രാജീവ്‌ മാളിയേക്കൻ….

സാർ ഇടുക്കി സ്റ്റേഷനിൽ ഒന്ന് വിളിച്ചു ചോദിച്ചേക്ക്.. എന്റെ മോനെ തൊടുകേല താൻ. തൊട്ടാൽ ആ കൈ ഉണ്ടാവുകേല… രാജീവാ പറയുന്നേ..”അയാളുടെ മുഖമപ്പോൾ ചുവന്നിരുന്നു

“സാറിന് ഹൃദയം എവിടെയാ ഇരിക്കുന്നതെന്നറിയാമോ?” അയാൾ മേശപ്പുറത്തു നിന്നു ഒരു പേന എടുത്തു ഇൻസ്‌പെക്ടറുടെ നെഞ്ചിൽ ചെറുതായ് ഒരു വൃത്തം വരച്ചു.

“ഇവിടെയാണ് . കറക്റ്റ് പൊസിഷൻ.. ഒരു തുള വീഴിക്കാൻ കത്തി വേണ്ട.. പണി അറിയാവുന്നവന് ദേ ഈ പേന മതി.പണി പഠിച്ചതാ സാറെ.. നല്ല പണിക്കാരനുമായിരുന്നു. പക്ഷെ…”ഞെട്ടിയിരിക്കുന്ന എസ് ഐയുടെ മുഖത്ത് നോക്കി പെട്ടെന്ന് അയാൾ ചിരിച്ചു. പിന്നെ പതിഞ്ഞ സ്വരത്തിൽ തുടർന്നു

“പേടിച്ചു പോയോ? പണി ഇപ്പൊ ചെയ്യുന്നില്ല സാറെ…ഒരു കല്യാണം കഴിച്ചു..കല്യാണം കഴിഞ്ഞു മോൻ ഉണ്ടായപ്പോൾ അവിടെ നിന്നു പോരുന്നു ..ഭാര്യ പ്രസവത്തിൽ അങ്ങ് മരിച്ചു പോയത് കൊണ്ട് അപ്പനും അമ്മയുമൊക്ക അവന് ഈ ഞാനാ..എന്റെ കൊച്ച് അറിയണ്ട അപ്പൻ ഇങ്ങനെ ഒക്കെ ആയിരുന്നുന്നു..സാറായിട്ട് അറിയിക്കേണ്ട…ഹെൽമെറ്റ്‌ ഇല്ലാത് പിടിച്ചാൽ ചാർജ് ചെയ്യണം സാറെ..വീട്ടിലിരിക്കുന്നവരെ തെറി വിളിക്കുന്നത് മോശംല്ലേ?”

ഇൻസ്‌പെക്ടർ സ്തംഭിച്ചിരിക്കുകയായിരുന്നു.

“അപ്പൊ ഞാൻ അങ്ങോട്ട്… പല്ല് പുതിയതൊന്ന് വെയ്ക്കാനുള്ള കാശ്…”

അയാൾ മേശപ്പുറത്ത് ഒരു പൊതി വെച്ചു..

“വെയ്ക്കുമ്പോൾ സ്വർണപ്പല്ല് തന്നെ ആയിക്കോട്ടെ “

യാത്ര പറഞ്ഞു പോകാനൊരുങ്ങിയ അയാൾ തിരിഞ്ഞിട്ട് ഒരു നിമിഷം നിന്നു

“അതേ സാറെ.. ഞങ്ങൾ ഫാമിലി മൊത്തം അപ്പന്മാരോട് നല്ല സ്നേഹം ഉള്ള മക്കളാ കേട്ടോ.. അപ്പനെ പറഞ്ഞാൽ പിന്നെ ആരാ എന്താ എന്നൊന്നും നോക്കുകേല..പണി ചെയ്യുന്നില്ലെന്നേ ഞാൻ പറഞ്ഞുള്ളു. മറന്നു എന്നതിന് അതിനർത്ഥമില്ല. അത് ഓർമ്മ വെച്ചോ.. അപ്പൊ ശരി “

അയാൾ പുറത്തേക്ക് പോയി.

“കേസില്ലാതെ ഊരിപ്പോകാൻ പെട്ട പാട്.. അയാളുടെ കാല് പിടിച്ചു.. ഹോ.എടാ ചെക്കാ ഇനി നിന്റെ തന്തക്ക് ആരെങ്കിലും വിളിച്ച തല്ലണ്ട “

“പിന്നെ?’

“എന്നോട് പറഞ്ഞ മതി. ഞാൻ പോയി തല്ലിക്കൊള്ളാം…”

അവൻ ഉറക്കെ ഉറക്കെ ചിരിച്ചു..

“എന്റെ അച്ഛനെ കൊണ്ട് ഒരു ഉറുമ്പിനെ പോലും നോവിക്കാൻ പറ്റില്ല എന്നെനിക്കറിഞ്ഞൂടെ? തല്ലും പോലും..ഒന്ന് പോയെ “

അവൻ അയാളുടെ ഇടുപ്പിൽ കയ്യിട്ട് ചേർത്ത് പിടിച്ചു

അവനെന്നേക്കാൾ ഉയരം വെച്ചോ… അയാൾ മകന്റെ ഒപ്പം നടക്കുമ്പോൾ നോക്കി..ചെക്കൻ വലുതായി.. വളർന്നു..

“ഒരു ഐസ്ക്രീം തിന്നാലോ..?” അവന്റെ ചോദ്യത്തിന് അയാൾ ചിരിച്ചു കൊണ്ട് തലയാട്ടി.

ഐസ്ക്രീം പാർലറിൽ തിരക്കുണ്ടായിരുന്നില്ല.

“സൂര്യനായി തഴുകി..”അവൻ മെല്ലെ പാടി

“പ്രതീക്ഷിച്ചു ഈ പാട്ട് ഇപ്പൊ വരുമെന്ന്..”അയാൾ ചിരിച്ചു

അവൻ ചമ്മിയ ചിരിയോടെ നിർത്തി.

“ചമ്മണ്ട പാടിക്കോ പാടിക്കോ ഹെൽമെറ്റ്‌ വെയ്ക്കാത്തതിന് വീട്ടിൽ ചെന്നിട്ട് തരാട്ടോ “അയാൾ പറഞ്ഞു

“എന്റെ അച്ഛൻ എന്നെ ഒന്നും ചെയ്യില്ലല്ലോ എനിക്ക് അറിയാം..”

അവൻ പാട്ടു തുടർന്നു..

“സൂര്യനായി തഴുകി ഉറക്കമുണർത്തുമെന്നച്ഛനെ യാണെനിക്കിഷ്ടം…

ഞാനൊന്നു കരയുമ്പോളറിയാതെയുരുകുമെന്നച്ഛനെയാണെനിക്കിഷ്ടം…”

അയാൾ നിറഞ്ഞ കണ്ണുകളോടെ ഇമ വെട്ടാതെ അവനെ നോക്കിയിരുന്നു..

ഇഷ്ടം

ആ വാക്കിന് അവന്റെ മുഖമാണിപ്പോൾ..

ആ വാക്കിന് അവന്റെ സ്വരമാണിപ്പോൾ..

അവനോളം ഇഷ്ടം ഉള്ളതൊന്നുമീ ഭൂമിയിലില്ല..

മകൻ.. തന്റെ പ്രാണൻ.