കുഞ്ഞു നാളിലെ കൂട്ടുക്കാരിൽ നിന്നും സ്ക്കൂളിൽ നിന്നും ഒരു പാട് അപമാനം കിട്ടിയിരുന്നകൊണ്ട് പഠിത്തത്തിൽ പിറകിലായി പോയി…

Story written by MANU PM

കണ്ണാടിക്കു മുന്നിൽ നിന്നു മുഖത്തു പൗഡർ ഇടുമ്പോൾ… സ്വന്തം രൂപം നോക്കി കാണാനൊന്നും കുഴപ്പമില്ല…..

പക്ഷേ.. ഒരു കാൽ പാദം.. മടങ്ങിയാണ് ഇരിക്കുന്നതു…

അതു കൊണ്ടു തന്നെ പെണ്ണ്കുട്ടികൾ തന്നെ കല്ല്യാണം കഴിക്കേണ്ടെന്ന് വെയ്ക്കാൻ യാതൊരു മടിയും കാട്ടാറില്ല..

അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ..

നാലാള് കാണെ നടന്നു പോകുമ്പോൾ മുടന്തുള്ള ചെക്കൻ അവർക്കൊരു അപമാനം തന്നെയാണ്..

ഏതു പെണ്ണിനും കാണില്ലേ സ്വന്തം ജീവിത പങ്കാളിയെ കുറിച്ച് ഒരു സങ്കല്പം

ഞാൻ ചീപ്പെടുത്തു മുടി ചീകി ഒതുക്കി…അടുത്ത തമാശയ്ക്കു വേണ്ടി തയ്യാറാകുവാണല്ലോ.. ഓർത്തു

ഇപ്പോൾ തന്നെ ഒരുപാട് പെണ്ണുകാണൽ നടന്നു കഴിഞ്ഞു

പെണ്ണു കാണാൻ പോകുന്ന വീട്ടിലേക്ക് കയറി ചെല്ലുമ്പോലുള്ള സന്തോഷമൊന്നും… തിരിച്ചിറങ്ങി വരുമ്പോൾ ഒരു വീട്ടു കാരുടെയും മുഖത്തു കണ്ടിട്ടില്ല..

സഹതാപം നിറഞ്ഞ നോട്ടത്തിനൊടുവിൽ ഒരു ഉപദേശവും…

മോനു വേണ്ടി ജനിച്ച പെൺകുട്ടി എവിടെ ഉണ്ട് അവൾ സമയമാകുംമ്പോൾ നിന്നെ തിരഞ്ഞു വരുമെന്നു

ജീവിത കാലം മുഴുവനും മുടന്തി നടക്കുന്നവന് അതൊന്നും ഒരു വേദനയായി ഒന്നും തോന്നിയില്ല..

എന്നാലും എപ്പോഴും മനസു കൊണ്ടു ആഗ്രഹിക്കാറുണ്ട്…

എവിടെയെങ്കിലും എനിക്കായി ഒരു പെണ്ണിനെ ദൈവം കാത്തു വച്ചിട്ടുണ്ടെങ്കിലെന്ന്

അങ്ങനെ ആണെങ്കിലും ആ ഒരു പ്രതിക്ഷയിലാണ് ഓരോ വീടിന്റെയും പടികയറുക

പക്ഷെ എന്നെക്കാൾ ഏറെ സങ്കടം തോന്നിയത് ഏട്ടന് ആയിരുന്നു…

പലപ്പോഴും എന്നെ നിസ്സാഹയനായ് നോക്കി സാരമില്ല എന്ന് സമാധനപ്പിക്കാനെ ഏട്ടന് കഴിഞ്ഞൊള്ളു..

എനിക്ക് വിഷമമൊന്നും തോന്നിയില്ലയേട്ടാ എന്നു പറഞ്ഞു ഞാൻ ആശ്വസിപ്പിക്കും..

ചിലപ്പോഴൊക്കെ സ്വയം ചോദിച്ചു എന്തിനാണ് ഈ മുടന്തു കാല് വച്ച് ഒരുപാട് ആഗ്രഹങ്ങളും, സ്വപ്‌നങ്ങളുമുള്ള ഒരു പെണ്ണിൻെറ ജീവിതം ഇല്ലാതാക്കണം എന്ന്

പക്ഷെ വീട്ടുക്കാരുടെ നിർബന്ധം കൊണ്ട് ഒരു ചടങ്ങ് പോലെ പിന്നേയും വേഷം കെട്ടുന്നു…

എൻറെ കല്ല്യാണം നടന്നു കാണാൻ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്ന രണ്ടു പേര്.

എന്റെ അമ്മയും ചേട്ടത്തി അമ്മയും…

വീട്ടു ജോലിയും സുഖമില്ലാത്ത അമ്മയെ നോക്കലും ഏട്ടൻെറയും, മക്കളുടെയും കാര്യങ്ങൾ നോക്കലും ആയി ഏട്ടത്തി നന്നായി കഷ്ടപ്പെടുന്നുണ്ട്

ചിലപ്പോൾ ഏട്ടത്തി തമാശ പോലെ പറയാറുണ്ട് നീ ഒരു കല്ല്യാണം കഴിച്ചിട്ടു വേണം എനിക്കൊന്നു വിശ്രമിക്കാനെന്ന്..

ഒന്നാമത് നല്ലൊരു ജോലിയില്ല

കുഞ്ഞു നാളിലെ കൂട്ടുക്കാരിൽ നിന്നും സ്ക്കൂളിൽ നിന്നും ഒരു പാട് അപമാനം കിട്ടിയിരുന്നകൊണ്ട് പഠിത്തത്തിൽ പിറകിലായി പോയി

സങ്കടവും അപമാനവുമേറ്റ് എങ്ങനെയോ പത്താം ക്ലാസ്സിൽ പഠിപ്പ് നിർത്തി..

വീട്ടിൽ വെറുതെയിരിക്കാൻ മടിച്ചു.. ഞാൻ തയ്യൽ പഠിച്ചു..

അടുത്ത് തന്നെ ഉള്ളൊരു ബാഗ് നിർമ്മാണ കമ്പിനിയിൽ ജോലിക്ക് കയറി. അത് എൻറെ ജീവീതത്തിൻെറ വഴി തിരിവ് ആയത് കൊണ്ട് അതൊരു കൈ തൊഴിലാക്കി ഇന്നും കൂടെ കൂട്ടി..

വളർച്ചയ്ക്ക് ഒപ്പം സങ്കടങ്ങൾ അറിഞ്ഞ് എൻറെ കുറവുകൾ കണ്ടു എന്നെ അടുത്ത് അറിയുന്നവർ ഒരു ആശ്വാസമായിരുന്നു

പിന്നെ എനിക്ക് എന്റെ കുറവുകൾ ഓർത്ത് സങ്കടം തോന്നിയില്ല..

ഇന്ന് ഇപ്പോൾ ആ കുറവ് വീണ്ടും പ്രശ്നമായതു പെണ്ണു കാണാൻ ചെന്ന പെണ്ണുകൾക്ക് ഒക്കെ എൻറെ മുടന്ത് കാല് കൊണ്ട് എന്നെ വേണ്ടെന്നു പറയുമ്പോഴാണ്

ഇനി എന്റെ കുറവു പറഞ്ഞു അവര് സമ്മതിക്കുവാണേൽ മാത്രം മതി ഇനി ഒരു പെണ്ണ് കാണൽ ..എന്നുറപ്പിച്ചു

അങ്ങനെ കുറച്ചു നാൾ പെണ്ണുകാണൽ ഒക്കെ കുറഞ്ഞു…

ഇന്ന് ഇപ്പോൾ അങ്ങനെയൊരു ആലോചനയായതു കൊണ്ടും പിന്നെ അമ്മയുടെ നീരന്തരമായുള്ള നിർബന്ധം കൊണ്ടും മാത്രമാണ് ഒരിക്കൽ കൂടി ഈ വേഷം കെട്ടൽ..

നന്നായി തന്നെ ഒരുങ്ങി ഇനി അതിന്റ ഒരു കുറവ് വേണ്ട…

റെഡിയായി ഏട്ടന്റെ അടുത്തേക്ക് ചെന്നു

ഏട്ടാ ഞാൻ റെഡി നമ്മുക്ക് പോയി വരാം..

അമ്മയോടും, ഏട്ടത്തിയോടും യാത്ര പറഞ്ഞു ഞാനും ഏട്ടനും വീണ്ടും ഒരു പെണ്ണുകാണലിന് ഇറങ്ങി തിരിച്ചു

ഏട്ടന്റെ ബൈക്കിനു പിന്നിൽ ഇരിക്കുമ്പോഴും എനിക്കു വലിയ പ്രതീക്ഷയൊന്നും തോന്നിയില്ല

അല്ലെങ്കിൽ തന്നെ ആവശ്യമില്ലാത്ത ആഗ്രഹങ്ങളും, പ്രതീക്ഷയു മാണല്ലോ മനുഷ്യനെ ദുഃഖത്തിലാഴ്ത്തുന്നു..

വീടെത്തി… ഏട്ടൻ പറഞ്ഞപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നതു…

വണ്ടിയിൽ നിന്നും ഇറങ്ങി ഏട്ടന് ഒപ്പം മുടന്തി ഞാനും വീട്ടിലേക്ക് നടന്നു..

ഞങ്ങളെ കണ്ടു വീട്ടിലുള്ളവർ പുറത്ത് വന്നു സ്നേഹത്തോടെ ഉള്ളിലേക്ക് ക്ഷണിച്ചു..

ഏട്ടൻ എല്ലാം പറഞ്ഞിരുന്നു എന്നെ കുറിച്ച് എൻെറ ഇല്ലായ്മയെ കുറിച്ച്

അതിനാൽ അവരുടെ മുഖത്ത് ഒരു ഭാവമാറ്റവും കണ്ടില്ല സ്നേഹം നിറഞ്ഞ നോട്ടം ..

എന്നെയും ഏട്ടനെയും നന്നായി സ്വീകരിച്ചിരുത്തി…

ഏട്ടനും, പെണിന്റെ അച്ഛനും കൂടി എന്തൊക്കെയോ സംസാരിക്കുന്നു…

ഞാനതിലൊന്നും ശ്രദ്ധിക്കാൻ പൊയില്ല..

കുറച്ചു കഴിഞ്ഞു എനിക്ക് വേണ്ടി ഉള്ളവൾ ചായയും ആയി വന്നു…

കാണാൻ നല്ല സുന്ദരി പെണ്ണ്

എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടമായി പക്ഷെ എന്നെ ഇഷ്ടമാകുവോ .. എന്നോർക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങല്..

ഞാൻ ഏട്ടന്റെ മുഖത്തെയ്ക്കു നോക്കി അവിടെ നിറഞ്ഞ സംതൃപ്ത്തിയുടെ ചിരി കണ്ടു

എന്തെങ്കിലും സംസാരിക്കണോ എന്നുള്ള അവരുടെ ചോദ്യത്തിൽ ..

വേണോ ,, എന്നായിരുന്നു എൻറെ മറുപടി

അതു കേട്ടതും എല്ലാവരും ചിരിച്ചു..

ആകെ ചമ്മലായി എനിക്ക്..

അപ്പോൾ അവളുടെ മുഖത്ത് ഉണ്ടായ പുഞ്ചിരിയാണ് എനിക്ക് ഒരു ആശ്വാസമായത്

അവൾ പതിയെ ആകത്തേക്ക് വലിഞ്ഞു..

അത് പതിവുള്ളത് ആണല്ലോ

അപ്പോൾ അവരുടെ മുഖത്ത് നാണവും ഒരു വിഷാദവും കാണാം

ഒരു പെണ്ണിന് ഏറ്റവും വലിയ സങ്കടം അവളെ കല്ല്യാണം ആലോചിച്ചു വരുന്ന നിമിഷം ആണ്..

തന്നിലെ സ്ത്രീയെ വിലപേശി ഉറപ്പിക്കുന്ന ഒരു ചടങ്ങ്..

ആ നിമിഷം അവൾ അനുഭവികുന്ന വേദന..

പിന്നീട് അവൾ ആ വീട്ടിലേത് അല്ലാതെ ആകുന്നു എന്നൊരു തോന്നാൽ

പലപ്പോഴും ഞാൻ പലരിലും കണ്ടിട്ടുണ്ട് .

ജനിച്ചു വളർന്ന വീട്ടിൽ നിന്നും പടിയിറങ്ങി ഒരു പരിചയവും ഇല്ലാത്തവർ മറ്റൊരു വീട്ടിൽ പോകേണ്ടവൾ

ഒരു വിൽപ്പന പോലെ എന്തൊരു വിധിയാണ്

പിന്നീട് അവളുടെ ലോകവും അവളുടെ ജീവിതത്തിന്റെ പകുതിയിലേറെയും തൻെറ എന്ന് പറയാൻ ആ വീട് മാത്രമാണ് ആ മനുഷ്യർ മാത്രമായിരീക്കും..

സംസാരിക്കാൻ ഉണ്ടേൽ അകത്തേയ്ക്കു ചെന്നു സംസാരിക്കു എന്ന് അവർ ഒരിക്കൽ കൂടെ പറഞ്ഞു..

ഞാൻ മെല്ലെ എഴുന്നേറ്റു മുറിയിലേക്ക് ചെന്നു

അവൾ അപ്പോൾ കട്ടിലിനോട് ചേർന്ന് ചുവരിൽ ചാരി നിൽക്കുവ ആയിരുന്നു .

എന്നെ കണ്ടിട്ടാവണം ഒരു ചിരിയോടെ എന്നെ അകത്തേക്ക് ക്ഷണിച്ചു

ഞാനവളുടെ അടുത്തേക്ക് മുടന്തി ചെല്ലുമ്പോൾ അവളുടെ നോട്ടം ദയനീയമായിരുന്നു..

എന്നോട് കട്ടിലിൽ ഇരിക്കാൻ പറഞ്ഞു ഞാനവിടെ ഇരുന്നപ്പോൾ അവളിത്തിരി നീങ്ങി എനിക്ക് ഒപ്പം ഇരുന്നു..

എന്ത് പറയും എന്നതായി എൻറെ ചിന്ത

ഞാൻ ചോദിച്ചു എന്നെ ഇഷ്ടം ആയോ കുട്ടിക്ക്..

തിരിച്ചു ഇങ്ങോട്ട് ഒരു ചോദ്യം ആയിരുന്നു

എന്നെ ഇഷ്ടമായോ എന്ന്..

ഞാനൊരു നിമിഷം നിശബ്ദനായ് കണ്ണുകൾ ഈറനണിഞ്ഞെന്നൊരു തോന്നാൽ ആദ്യമായി ആണ് ഇങ്ങനെ ഒരാൾ എന്നോട് ചോദിക്കുന്നത് .

ഞാൻ പറഞ്ഞു എനിക്ക് ഒരു കാലിന് മുടന്തുണ്ട് .

അതുകൊണ്ട് കുട്ടിയുടെ ഇഷ്ടം അറിഞ്ഞമതി എനിക്ക്..

ആദ്യമെ പ്രതീക്ഷ എന്നത് സങ്കടം ആണ് പലപ്പോഴും ഈ ഒരു കാരണത്തിൽ നിസ്സഹായനാകേണ്ടി വന്നവനാണ്..

ഇയാളുടെ ഇഷ്ടം അറിഞ്ഞാൽ സന്തോഷം എന്ന് പറയുമ്പോൾ എൻറെ സ്വരം ഇടറിയിരുന്നു

അതു മറക്കാൻ എന്നവണ്ണം ഞാൻ ചുണ്ടിലൊരു ചിരി വരുത്തി..

എനിക്ക് നേരത്തെ അറിയാം….

എങ്ങനെ.. ?

സ്കൂളിൽ വെച്ച്..

മറ്റുള്ളവരുടെ കളിയാക്കൽ കേട്ട് നിറഞ്ഞ മിഴികളോടെ തലകുമ്പിട്ടു പോകുന്നതു.. കണ്ടിട്ടുണ്ട് ..

അന്ന് ഞാൻ ചെറിയ കുട്ടി ആയതു കൊണ്ട് ആ വേദനയുടെ ആഴം അറിയാൻ കഴിഞ്ഞില്ല.. പിന്നെ ഞാൻ പലപ്പോഴും ഹോസ്പ്പിറ്റിലേക്ക് വരുമ്പോൾ കണ്ടിട്ടുണ്ട്

ഇയാൾ എന്നെ കാണാൻ ഇടയുണ്ടാവില്ല.. ഞാനവിടെ നഴ്സാണ്.. എന്തായാലും എനിക്ക് കല്ല്യാണത്തിന് സമ്മതം ആണ്

ഒരിക്കലും അതൊരു സഹതാപത്തിന്റെ പേരിൽ അല്ല..എനിക്ക് വേണ്ടത് നല്ല മനസ്സിന് ഉടമയാണ്. അതു ഇയാൾക്ക് കാണുമല്ലോ ഇല്ലേ ..

ഞാൻ ഒന്നും പറഞ്ഞില്ല .. കാരണം സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്റെ നെഞ്ചു പുകയുന്നുണ്ടാരുന്നു

അവൾ തന്നെ എന്നെ മനസ്സിലാക്കി കൊണ്ട് പറഞ്ഞു

ഒരുപാട് ജനനവും, മരണവും കണ്ണിരിനും ജീവിതങ്ങൾക്കും ഇടയിലുള്ള പോരാട്ടങ്ങൾക്ക് ഇടയിലൂടെ കടന്ന് പോയൊരു ആളാണ് ഞാൻ

മനുഷ്യശരീരത്തേ കുറിച്ച് വെക്തമായി അറിയുകയും ചെയ്യാം

അതുകൊണ്ട് ഇയാളുടെ കുറവ് എനിക്ക് വലിയ കുറവായ് തോന്നിയിട്ടില്ല..

അല്ലെങ്കിൽ തന്നെ എപ്പോൾ വേണമെങ്കിലും നിലയ്ക്കുന്ന ഒരു ശ്വാസത്തിന്റെ ബലത്തിലലേ മനുഷ്യന്റെ അഹങ്കാരം..

അതും പറഞ്ഞു അവൾ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു

എന്ത് പറയണം എന്ന് അറിയാതെ വിക്കുകൾ തൊണ്ടയിൽ ഇടറി എങ്ങനെ ഒക്കെയോ ഒരുവിധം ഞാൻ പറഞ്ഞു..

ഇയാളുടെ വീടിന്റെ അത്രേ വലുതൊന്നുമല്ല എന്റെ വീട്..

കാരണം ആ സ്നേഹത്തിനു മുന്നിൽ ഞാൻ ആകെ ദുർബലമായിരുന്നു

അതു കേട്ട നിമിഷം അവൾ പറഞ്ഞു. അതൊന്നും എനിക്കു പ്രശ്നമല്ല..

എന്നെ ഇഷ്ടമായാൽ എന്റെ വീട്ടുകാരോടു പറയുക

എനിക്കി കല്യാണത്തിനു സമ്മതമാണ്.

അവൾ അവസാനവാക്കു പോലെ പറഞ്ഞു നിർത്തി…

സങ്കടം കൊണ്ട് ഞാൻ അറിയാതെ അവൾക്ക് നേരെ തൊഴു കൈയ്യുർത്തി ..

ഞാൻ അവളോടും വീട്ടുക്കാരോടും യാത്ര പറഞ്ഞു ഇറങ്ങി…

ഒരിക്കൽ കൂടി ഞാനവളെ തിരിഞ്ഞു നോക്കി ..കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു…

അതെ എൻ്റെ പുതുജീവിതത്തിലേക്കുള്ള യാത്രയിലേക്ക്..