ബഭാഗം 04 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
നമുക്ക് കുരിശ്പള്ളിയുടെ മുന്നിലൂടെ പോയാലോ, അവിടെ കയറി ആൽവിനേയും നമ്മുടെയൊപ്പം കൂട്ടാമായിരുന്നു? അവനിത് വരെ കാറിലൊന്നും കയറിയിട്ടില്ല, ഇത് പോലൊരു കാറിൽ കയറണമെന്ന് അവനെപ്പോഴും പറയുമായിരുന്നു ,
ഡ്രൈവ് ചെയ്യുന്ന സിജോയെ നോക്കി ,റോസിലി ചോദിച്ചു.
അത് വേണോ റോസീ.. കുറച്ച് ദിവസങ്ങൾ കൂടി കഴിയുമ്പോൾ എനിക്ക് ഗൾഫിലേക്ക് തിരിച്ച് പോകേണ്ടി വരും ,അതിനുള്ളിൽ കിട്ടുന്ന കുറച്ച് ദിവസങ്ങൾ, നമ്മുടേത് മാത്രമായ ഒരു സ്വകാര്യ ലോകമാണ് ഞാനാഗ്രഹിക്കുന്നത്,
അതും പറഞ്ഞയാൾ ഇടത് കൈകൊണ്ട് റോസിലിയെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
എന്ത് കൊണ്ടോ റോസിലിക്ക് അയാളുടെ വാക്കുകൾ ഖണ്ഡിക്കാൻ തോന്നിയില്ല
ആ ഏസി ഓഫ് ചെയ്തിട്ട് ഗ്ളാസ്സ് തുറന്നിട് സിജോ, എന്തൊരു തണുപ്പാണിത്
സാരിയുടെ തലപ്പെടുത്ത് തോളിന് മുകളിലൂടെയിട്ട് പുതച്ച് കൊണ്ട് റോസിലി പറഞ്ഞു
ഹ ഹ ഹ ,ഇതിലും വലിയ തണുപ്പാണ് പുറത്ത് ,ദേ നീ ആ മലമുകളിലേക്ക് നോക്കിക്കേ കോടയിറങ്ങി വരുന്നത് കണ്ടോ? അത് റോഡിലേക്ക് വരുന്നതിന് മുമ്പ് നമുക്ക് മൂന്നാറെത്തണം
അവിടുന്ന് ഇന്ന് തന്നെ തിരിച്ച് വരുമോ ?
ഹേയ് ,അവിടെ രണ്ട് ദിവസം തങ്ങിയിട്ട് നേരെ കൊടൈക്കനാലിലേക്ക് ,അവിടെ രണ്ടിടത്തും നമ്മൾ റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ട്
അത് വേണ്ടായിരുന്നു സിജോ
അവൾ അതൃപ്തിയോടെ പറഞ്ഞു
അതെന്താ റോസ് ?
അത് പിന്നെ … നമ്മൾ ഇപ്പോഴും അവിവാഹിതരല്ലേ?സിജോ എൻ്റെ കഴുത്തിൽ ഒരു മിന്ന് കെട്ടിയിരുന്നെങ്കിൽ കുറ്റബോധമില്ലാതിരുന്നേനെ
എന്താ റോസ് നീയീ പറയുന്നത് നമ്മൾ പരസ്പരം ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നവർക്ക് അങ്ങനെയൊരു ആചാരത്തിൻ്റെ ആവശ്യമുണ്ടോ ? മിന്നുകെട്ടിയ ബന്ധങ്ങളെല്ലാം നിലനിന്നിട്ടുണ്ടോ ?
അത് തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് റോസിലിക്ക് മനസ്സിലായി ,പിന്നെ അവൾ അതിനെക്കുറിച്ചൊന്നും മിണ്ടിയില്ല
ഒരാഴ്ച നീളുന്ന വിനോദയാത്രയ്ക്കാണ്, റോസിലി അയാളോടൊപ്പം പോയതെങ്കിലും
മധുവിധുൻ്റെ ലഹരിയിൽ പ്രകൃതി ഭംഗിയാസ്വദിക്കാൻ അവർക്ക് സമയം കിട്ടിയിരുന്നില്ല
തിരിച്ച് മലയിറങ്ങുമ്പോൾ സിജോ ആഹ്ളാദവാനായിരുന്നു ,പക്ഷേ റോസിലിയുടെ ഉള്ളിൽ വല്ലാത്തൊരു കുറ്റബോധം തളം കെട്ടി കിടന്നിരുന്നു, മൂകയായിരിക്കുന്ന അവളോട് സിജോ കാര്യമന്വേഷിച്ചു.
എന്താ റോസ് നീ ആലോചിക്കുന്നത്?
ഞാൻ ആൽവിനെ കുറിച്ചോർക്കുവായിരുന്നു, അവൻ്റെയമ്മയ്ക്ക് ഒരു നല്ല ജീവിതം കിട്ടിയിട്ടും, അവനിപ്പോഴും അനാഥാലയത്തിൽ, അസൗകര്യങ്ങളുടെ നടുവിൽ തന്നെയല്ലേ ?രുചിയോടെ നല്ല ആഹാരം കഴിക്കാതെ നിലത്ത് വിരിച്ച ബെഡ്ഷീറ്റിന് മുകളിൽ സിമൻറ് തറയുടെ തണുപ്പേറ്റ് അമ്മയുടെയും അച്ഛൻ്റെയും കാവലില്ലാതെ തളർന്നുറങ്ങുകയായിരിക്കും എൻ്റെ മോൻ…
അത്രയും പറഞ്ഞപ്പോൾ റോസിലി വിതുമ്പി പോയി
ഹേയ് എന്താ റോസീ ഇത് ,കൊച്ച് കുട്ടികളെ പോലെ ,അവന് പതിമൂന്ന് വയസ്സായെന്നല്ലേ നീ പറഞ്ഞത് ,അവനെക്കാളും എത്രയോ ഇളയ കുട്ടികൾ അവിടുത്തെ പരിമിതികളിൽ ഇണങ്ങി ജീവിക്കുന്നുണ്ട്, പിന്നെ ,നിനക്ക് അത്ര വിഷമമാണെങ്കിൽ, ഞാൻ അടുത്തയാഴ്ച ഗൾഫിലേക്ക് മടങ്ങുമ്പോൾ, അവനെ നിൻ്റെയൊപ്പം നമ്മുടെ വീട്ടിൽ കൊണ്ട് നിർത്തിക്കോ, നിനക്കുമൊരു കൂട്ടാകുമല്ലോ?
അപ്പോഴും, സിജോയ്ക്ക് ആൽവിനോട് സ്നേഹം തോന്നാത്തതിൽ റോസിലിക്ക് ആശങ്ക തോന്നി.
പിറ്റേ ആഴ്ച സിജോ ഗൾഫിലേക്ക് യാത്രയായപ്പോൾ, റോസിലിക്ക് നല്ല വിഷമമുണ്ടായിരുന്നെങ്കിലും, ഇനി അയാൾ തിരിച്ച് വരുന്നത് വരെ, ആൽവിനൊപ്പം കഴിയാമെന്ന ചിന്ത അവളെ ഊർജ്ജസ്വലയാക്കി.
അന്ന് തന്നെയവൾ, രാമേട്ടനെയും കൂട്ടി കാറുമായിട്ടാണ് അനാഥാലയത്തിൽ ചെന്നത്
ആൽവിനെ കണ്ടപ്പോൾ എന്ത് കൊണ്ടാണെന്നറിയില്ല, അവൾ പൊട്ടിക്കരഞ്ഞു പോയി.
അമ്മയെന്തിനാ കരയുന്നത്?
ഒന്നുമില്ല മോനേ.. സന്തോഷം കൊണ്ടാണ്, ദേ ആ കിടക്കുന്ന കാറ് കണ്ടോ,? അത് നമ്മുടെയാണ് , മോൻ പറയാറില്ലേ? നമ്മൾ രക്ഷപെടുകയാണെങ്കിൽ, അത് പോലൊരു കാറ് വാങ്ങണമെന്നും, അതിൽ കയറി ഭരണങ്ങാനം പള്ളിയിലും, പാലാ ടൗണിലുമൊക്കെ കറങ്ങണമെന്നും, ഇപ്പോൾ നമ്മള് രക്ഷപ്പെട്ട് മോനേ..നമുക്കിപ്പോൾ വില കൂടിയ കാറും, വലിയ ബംഗ്ളാവുമൊക്കെയുണ്ട്,
മോൻ വേഗമൊരുങ്ങ് ,നമുക്ക് ബംഗ്ളാവിലേക്ക് പോകാം
അവിടെ എൻ്റെ അച്ഛനുണ്ടോ ?
അത് കേട്ട് റോസിലി ഞെട്ടി .
അതെന്താ മോൻ അങ്ങനെ ചോദിച്ചത്?
അമ്മയല്ലേ പണ്ട് മുതല് പറയാറുള്ളത് ,അച്ഛനുണ്ടായിരുന്നെങ്കിൽ നമ്മൾ രക്ഷപെട്ട് പോയേനെയെന്ന് ,എന്നിട്ട് അച്ഛനെവിടെയാണെന്ന് ഞാൻ ചോദിച്ചപ്പോൾ, ദൂരെ എവിടെയോ ജോലിക്ക് പോയിട്ട് തിരിച്ച് വന്നിട്ടില്ലെന്നും പറഞ്ഞു ,ആ അച്ഛൻ ഇപ്പാൾ വന്നോ? എന്നാണ് ഞാൻ ചോദിച്ചത്
മകൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി റോസിലി നിന്നു.
ചെറുപ്പത്തിൽ അച്ഛനെക്കുറിച്ച് നിരന്തരം ചോദിക്കുമ്പോൾ, താനൊരു കളവ് പറഞ്ഞതായിരുന്നു, യാഥാർത്ഥ്യമെന്താണെന്ന് ആ പ്രായത്തിൽ പറഞ്ഞാൽ അവന് മനസ്സിലാകില്ലല്ലോ? പിന്നീടത് തിരുത്താനും പോയില്ല, ഇപ്പോഴും അച്ഛൻ വരുമെന്ന പ്രതീക്ഷയിലാണ്, അവൻ ജീവിക്കുന്നത്, ആ പ്രതീക്ഷ തകർക്കേണ്ടെന്നും ,
സിജോയാണ്,അവൻ്റെ അച്ഛനെന്നും പറയാൻ റോസിലി തീരുമാനിച്ചു .
അതേ മോനേ… മോൻ്റെ അച്ഛൻ വന്നിരുന്നു ,ഒരുപാട് കാശുമായിട്ടാണ് അദ്ദേഹം വന്നത്, എന്നിട്ട് മോന് വേണ്ടി, വലിയ ബംഗ്ളാവും, കാറുമൊക്കെ വാങ്ങി, ഇന്ന് മോനെ കൂട്ടിക്കൊണ്ട് പോകാൻ ,അമ്മയോടൊപ്പം അച്ഛനും വരാനിരുന്നതാണ്, പക്ഷേ, ഇന്നലെ രാത്രിയിൽ ഗൾഫിലെ അച്ഛൻ്റെ കമ്പനിയിൽ നിന്ന് അത്യാവശ്യമായി തിരിച്ച് ചെല്ലണമെന്നും, പറഞ്ഞൊരു കോള് വന്നു ,അങ്ങനെ അദ്ദേഹത്തിന് തിരിച്ച് പോകേണ്ടി വന്നു ,സാരമില്ല, രണ്ട് മൂന്ന് മാസം കഴിയുമ്പോൾ, അച്ഛൻ തിരിച്ച് വരും, അപ്പോൾ മോന് കാണാം
നേരാണോ അമ്മേ… എന്നെ പറ്റിക്കുവല്ലല്ലോ?
അതേ മോനേ .. അമ്മയെ നിനക്ക് വിശ്വാസമല്ലേ?
ഈ ലോകത്ത്, എൻ്റെ അമ്മയെ മാത്രമേ എനിക്ക് വിശ്വാസമുള്ളു
അതും പറഞ്ഞ്, ആൽവിൻ റോസിലിയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചപ്പോൾ, അവളുടെ ഉള്ളിലൊരാന്തലുണ്ടായി.
ആൽവിനെയും കൊണ്ട്, അവൻ്റെ ആഗ്രഹപ്രകാരം, പാലാ ടൗണിലും ഭരണങ്ങാനം പള്ളിയിലുമൊക്കെ കറങ്ങിയിട്ടാണ്, അവർ തിരിച്ച് വീട്ടിലെത്തിയത്.
പിറ്റേന്ന് റോസിലി, ആൽവിനെ ഒരുക്കി, രാമേട്ടനൊപ്പം കാറിലാണ് സ്കൂളിലേക്കയച്ചത്.
തിരിച്ച് വരുമ്പോൾ, മാർക്കറ്റിൽ നിന്നും നെയ്മീനും, ഇറച്ചിയും വാങ്ങിക്കൊണ്ട് വരണമെന്ന് രാമേട്ടനോട് പ്രത്യേകം ഓർമ്മിപ്പിച്ചു.
ഇനിയെങ്കിലും, തൻ്റെ മോന് നല്ല ആഹാരം കൊടുത്ത് വളർത്തണമെന്ന് ,അവൾ തീരുമാനിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ, രാമേട്ടൻ മീനും ഇറച്ചിയുമൊക്കെ കൊണ്ട് വന്നു.
അത് വാങ്ങി, ഇറച്ചി അരിഞ്ഞ് വയ്ക്കാൻ മേരിയേച്ചിയോട് പറഞ്ഞിട്ട്, റോസിലി മീൻ നുറുക്കി വൃത്തിയാക്കാൻ തുടങ്ങി.
മീനിൻ്റെ വയറ് പിളർന്ന് കുടല് പുറത്ത് വന്നത് കണ്ടപ്പോൾ, അവൾക്ക് ഓക്കാനം വന്നെങ്കിലും, അത് വകവയ്ക്കാതെ, റോസിലി തൻ്റെ ജോലി തുടർന്നു.
പക്ഷേ, അടുത്ത നിമിഷം അവൾ പിടിച്ച് നില്ക്കാനാവാതെ എഴുന്നേറ്റ് വാഷ്ബേസിനിൽ തലകുമ്പിട്ട് ഛർദ്ദിക്കാൻ ശ്രമിച്ചെങ്കിലും, പുറത്തോട്ടൊന്നും വരാതെയിരുന്നപ്പോൾ, അവൾക്കൊരു പന്തികേട് തോന്നി.
അവൾ വേഗം കൈയ്യും മുഖവും സോപ്പിട്ട് കഴുകിയിട്ട് ,ബെഡ് റൂമിലെത്തി, ചുമരിൽ തൂക്കിയിരുന്ന കലണ്ടറിൽ ഉത്ക്കണ്ഠയോടെ നോക്കി.
താൻ ആശങ്കപ്പെട്ടത് പോലെ തന്നെ, കുളി തെറ്റിയെന്ന് അവൾക്ക് ബോധ്യമായി.
എങ്കിലും, വൈകുന്നേരം ആൽവിനെ വിളിക്കാൻ രാമേട്ടനോടൊപ്പം സ്കൂളിലേക്ക് അവളും പോയി.
തിരിച്ച് വരുമ്പോൾ, ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നിന്നും, ആൽവിനും ,രാമേട്ടനും കാണാതെ, ഒരു പ്രെഗ്നോകാർഡ് വാങ്ങി.
വീട്ടിലെത്തി ആദ്യം തന്നെയവൾ, യൂറിൻ ടെസ്റ്റ് ചെയ്തു.
അവളുടെ നിഗമനങ്ങളെ ശരിവയ്ക്കുന്നതായിരുന്നു, അതിൽ തെളിഞ്ഞ ചുവന്ന വരകൾ.
ബെഡ് റൂമിൻ്റെ ഡോറ് ചേർത്തടച്ചിട്ട്, അവൾ വേഗം സിജോയെ വിളിച്ച് വിവരം പറഞ്ഞു.
അത് കേട്ടയുടനെ ,താനുടനെ നാട്ടിലേക്ക് തിരിക്കുകയാണെന്ന് പറഞ്ഞ് ,സിജോ ഫോൺ കട്ട് ചെയ്തപ്പോൾ, റോസിലിയുടെ മനസ്സിലേക്ക്, ഒരായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ തികട്ടി വന്നു.
അതിൽ പ്രധാനം, ആൽവിൻ്റെ ഭാവിയെന്താകുമെന്നതായിരുന്നു.
തുടരും…