വളപ്പൊട്ടുകൾ ~ ഭാഗം 02, എഴുത്ത്: ദീപ്‌തി പ്രവീൺ

ഭാഗം 01 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

അകത്തു നിന്നു അച്ഛന്റെ വാക്കുകള്‍ കേട്ട ലക്ഷ്മി ഞെട്ടിപ്പോയി…

ഇന്നു വന്നത് അനിയനാണത്രേ… ,അപ്പോഴും ആ മുഖം മനസ്സില്‍ തെളിഞ്ഞിരുന്നു….തന്നെ ഇഷ്ടപെട്ടു വന്ന ആളെന്നുള്ള ധാരണയില്‍ കണ്ടമാത്രയില്‍ മനസ്സിലേക്ക് ആ മുഖം പകര്‍ത്തുകയായിരുന്നു.. ..ഇനി എങ്ങനെയത് മായിക്കും..

” അയ്യോ.. ഞാന്‍ കരുതി ചെറുക്കന്‍ ആയിരിക്കുമെന്ന്…” അമ്മയുടെ ശബ്ദം വരാന്തയില്‍ കേള്‍ക്കുന്നുണ്ടായിരുന്നു..

” ചെറുക്കനും അതുപോലെ സുന്ദരനാണെടോ… രണ്ടുവയസിന്റെ വ്യത്യാസമേയുള്ളു അനിയനും ചേട്ടനും തമ്മില്‍ … ”

” ലക്ഷ്മി ഇത് ചെറുക്കന്‍ ആണെന്നു കരുതി ഇരിക്കുകയാണെന്ന് തോന്നുന്നു.. ”

” അത് പറഞ്ഞാല്‍ പോരേ… ഇന്ന് ഒരു തവണയല്ലേ കണ്ടിട്ടുള്ളു… അതിലൊന്നും കാര്യമില്ലെടോ…… താന്‍ അവളോട് രാവിലെ പറഞ്ഞാല്‍ മതി.. ”

പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല… മുറിയിലേക്ക് മടങ്ങി…

അച്ഛന്‍ പറഞ്ഞതു ശരിയാണ്. .. ഇന്നു ഒരു തവണയേ കണ്ടിട്ടുള്ളു.. അത്ര ഇഷ്ടം തോന്നേണ്ട കാര്യമില്ലല്ലോ…

സ്വയം ന്യായീകരിച്ചു മനസ്സിന് മറയിടാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു .. ഈ കല്യാണം വേണ്ടെന്നു പറഞ്ഞാലോ…

അതുവേണ്ട.. ഓരോ കല്യാണവും മുടങ്ങുമ്പോഴുള്ള അച്ഛന്റെയും അമ്മയുടെയും നിറഞ്ഞ കണ്ണുകള്‍ ഓര്‍മ്മ വന്നു…

അനിയനാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടു കിടക്കയിലേക്ക് ചാഞ്ഞു…. മായ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് ആ മുഖം കൂടുതല്‍ വെണ്‍മയോടെ തെളിയുന്നത് എന്നറിഞ്ഞപ്പോള്‍ കണ്ണുകള്‍ മുറുകെ പൂട്ടി കിടന്നു..

” ഇന്നലെ വന്നത് ചെറുക്കന്‍റെ അനിയനും അമ്മയും ആയിരുന്നൂന്ന്….ചെറുക്കന്‍ ഇന്ന് വരുമെന്ന് അറിയിച്ചിട്ടുണ്ട്.. ” രാവിലെ പാതകത്തില്‍ ഇരുന്നു കട്ടന്‍ ചായ കുടിക്കുമ്പോഴാണ് അമ്മ പറഞ്ഞത്..

” ഇന്നലെ അച്ഛന്‍ പറഞ്ഞത് ഞാന്‍ കേട്ടിരുന്നു.. ” .അവളുടെ ശബ്ദം തണുത്തിരുന്നു…. അന്ധാളിപ്പോടെ തന്നെ നോക്കുന്ന ചേച്ചിയെ കണ്ടില്ലെന്നു നടിച്ചു കൊണ്ട് അവള്‍ കുളിമുറിയിലേക്ക് നടന്നു..

” അപ്പോള്‍ അതല്ലായിരുന്നോ ചെറുക്കന്‍ .. ” പുറകില്‍ ചേച്ചിയുടെ ശബ്ദം..

” അമ്മേ ,അവള്‍ക്ക് ആ പയ്യനെ ,ഇഷ്ടമായതു പോലെയാ എനിക്കു തോന്നിയത്.. ” ദേവി പറഞ്ഞതു കേട്ടു മീനാക്ഷി ലക്ഷ്മി പോയ ഭാഗത്തേക്ക് നോക്കി..

” നീ എന്താ പറയുന്നത്.. ആ പയ്യന്‍ ഇവളെ ഇഷ്ടമായതു കൊണ്ടാണ് ഒന്നും വേണ്ടെന്നു പറഞ്ഞത്.. നിനക്കു അറിയില്ലേ ദേവി ദാസന് സുഖമില്ലാതെ കിടന്നപ്പോള്‍ അച്ഛന്റെ കൈയ്യിലെ അവസാനത്തെ വസ്തുവും വിറ്റാണ് ചികിത്സിച്ചത്.. ഇനി ഈ വീടും വസ്തുവും മാത്രമേയുള്ളു … പെണ്ണ് ചോദിച്ചു വരുന്നവരൊക്കെ പെണ്ണിന്റെ തൂക്കത്തിനാ പണ്ടവും പണവും ചോദിക്കുന്നത്…. അതുകൊണ്ട് അല്ലേ ആലോചന എല്ലാം മാറി പോയത്.. ”

ദേവിയുടെ മുഖം കുറ്റബോധത്താല്‍ കുനിഞ്ഞു…

ശരിയാണ്.. ദാസേട്ടന് അസുഖം വന്നപ്പോള്‍ മരുമകന്‍ ആണെന്നു കരുതി അച്ഛന്‍ ഒരിക്കലും മാറി നിന്നില്ല.. കൈയ്യിലുള്ളതൊക്കെ വിറ്റുപെറുക്കി ദാസേട്ടനെ ചികിത്സിച്ചു.. എന്നിട്ടും രക്ഷിക്കാന്‍ കഴിഞ്ഞില്ല.. തന്റെ സ്വര്‍ണ്ണവും മറ്റും നേരത്തെ തന്നെ വിറ്റിരുന്നു….

” ഇന്നലെ ഒരു തവണയല്ലേ കണ്ടിട്ടുള്ളു… അതൊന്നും കാര്യമാക്കേണ്ട.. പയ്യനെ കാണാനും നല്ലതാണെന്നാ ബ്രോക്കര്‍ പറഞ്ഞത്‌… പയ്യനെ കാണുമ്പോള്‍ അവള്‍ക്ക് ഇഷ്ടമാകും.. ” അവര്‍ സ്വയം ആശ്വസിക്കും പോലെയാണ് പറഞ്ഞത്…

നേരം വൈകും തോറും ലക്ഷ്മിക്ക് ആധി കൂടികൊണ്ടേയിരുന്നു…. വൈകുന്നേരം ആണ് ,അവര്‍ എത്തുമെന്നു പറഞ്ഞത്‌.. ദേവി അവളെ ചുറ്റിപറ്റി നടന്നെങ്കിലും ഒന്നും ചോദിക്കാനോ പറയാനോ തുനിഞ്ഞില്ല….

മുറ്റത്തു ഒരു കാറ് വന്നു നിന്നപ്പോഴേക്കും ലക്ഷ്മി അടുക്കളയിലേക്ക് മാറിപ്പോയി..

” മീനാക്ഷി .. അവരെത്തീട്ടോ .. ” അച്ഛന്റെ ശബ്ദം നെഞ്ചില്‍ അലയടിക്കുന്നതു പോലെയാണ് തോന്നിയത്…

അടുക്കളയില്‍ നിന്നും ചായ എടുത്തു അവര്‍ക്ക് അരുകിലേക്ക് എത്തിയപ്പോള്‍ വീണ്ടും ഞെട്ടി… ചെറുക്കന് അരുകില്‍ അനിയന്‍ ഇരിക്കുന്നു…. ലക്ഷ്മി പതറിപ്പോയി..

”ചായ കൊടുക്ക് മോളേ.. ”

അച്ഛന്‍ പറഞ്ഞതു കേട്ടു ചെറുക്കനു നേര്‍ക്ക് ചായ നീട്ടി…

”’ ലക്ഷ്മി ഒന്നു നിന്നേ.. ”

പെട്ടെന്ന് മടങ്ങാന്‍ .തുടങ്ങിയ അവളെ തടഞ്ഞു കൊണ്ട് ചെറുക്കന്റെ ശബ്ദം ഉയര്‍ന്നു….

എങ്ങനെയെങ്കിലും അവിടെ നിന്നും ഒന്നു രക്ഷപെട്ടാല്‍ മതിയെന്ന കണക്കിന് ലക്ഷ്മി ഉരുകി തുടങ്ങിയിരുന്നു …

” ഞാന്‍ ഹരി… ഹരിനാരായണന്‍ എന്നാണ് പേര്.. ഇത് ദേവനാരായണന്‍..അനിയനാണ്….. ഇന്നലെ കണ്ടില്ലേ.. ഞങ്ങള്‍ ദേവാന്ന് വിളിക്കും.. ” ലക്ഷ്മി മങ്ങിയ ഒരു ചിരി സമ്മാനിച്ചു..

” ഞാന്‍ ലക്ഷ്മിയെ ഒരുപാട് തവണ കണ്ടിട്ടുണ്ട് .. അങ്ങനെ ഒരു ഇഷ്ടം തോന്നിയതു കൊണ്ടാണ് കല്യാണം ആലോചിക്കാന്‍ ആളെ അയച്ചത്…. ഇന്നലെ അമ്മയെ മടങ്ങി വന്നപ്പോഴാണ് മുഹൂര്‍ത്തം കുറിപ്പിക്കാന്‍ പറഞ്ഞു എന്നറിഞ്ഞത്..

ഞാന്‍ ലക്ഷ്മിയെ അല്ലെ കണ്ടിട്ടുള്ളു.. ലക്ഷ്മി എന്നെ കണ്ടിട്ടില്ലല്ലോ… പിന്നെ എങ്ങനെയാ കല്യാണം നടത്തുന്നത്.

അതുകൊണ്ട് ആണ് ഞാന്‍ ലക്ഷ്മിയെ കാണാന്‍ വന്നത് .. എന്നെ ഇഷ്ടമായാലും ഇല്ലെങ്കിലും തുറന്നു പറഞ്ഞോളൂ .. പ്രശ്നമില്ല… ” ലക്ഷ്മി ഒരു നിമിഷം ദേവന്റെ നേര്‍ക്ക് നോട്ടം അയച്ചു..

ഇന്നലെ ഇതായിരിക്കും പയ്യനെന്നു കരുതി മനസ്സില്‍ പതിച്ച മുഖം ഓര്‍ത്തു…

ഹരിയുടെ മുഖത്തേക്ക് നോട്ടം മാറി.. ശാന്തമായ ,വെളുത്തു സുന്ദരമായ മുഖം.. ആ തുറന്നു പറച്ചിലും ഇഷ്ടം ചോദിക്കണമെന്ന മനോഭാവവും ആകര്‍ഷകമായ ചിരിയും നല്ലയൊരു മനുഷ്യനാണെന്നു തോന്നി….

” ലക്ഷ്മി ഒന്നും പറഞ്ഞില്ലല്ലോ.. ” ഹരിയുടെ ശബ്ദം വീണ്ടും ഉയര്‍ന്നു..

ലക്ഷ്മി മനസ്സിലേക്ക് അമ്മയുടെയും അച്ഛന്റെയും മുഖം ഓടീയെത്തി..

”എനിക്കു ഇഷ്ടക്കുറവ് ഒന്നും ഇല്ല.. ” ലക്ഷ്മി മുഖം ഉയര്‍ത്താതെ പറഞ്ഞൂ.. ശേഷം മുറിയിലേക്ക് പോയി..

” ലക്ഷ്മിക്ക് എതിര്‍പ്പ് ഒന്നും ഇല്ലാത്ത സ്ഥിതിക്ക് മുഹൂര്‍ത്തം കുറിപ്പിക്കാം അല്ലേ.. ”.

പുറത്തു ഹരിയുടെ ശബ്ദം വീണ്ടും അലയടിച്ചപ്പോള്‍ ഒരു തീരുമാനം എടുക്കാനാവാതെ ലക്ഷ്മി ഉഴറി…

” ഹരി നല്ല പയ്യനാണല്ലെ കുഞ്ഞോളേ … ”

ചേച്ചിയുടെ ചോദ്യത്തിന് വെറുതെ ഒന്നു മൂളി..

”എന്തെ നിനക്കു ഇഷ്ടായില്ലേ. .. ”

എന്തു മറുപടി പറയും.. ആദ്യം കാണാന്‍ വന്ന അനിയനെ ആണ് ഇഷ്ടമായതെന്നോ… അങ്ങനെ പറഞ്ഞാല്‍ ആ കല്യാണം നടക്കുമോ… ഇല്ല….ചേട്ടന്റെ കല്യാണം മുടക്കി അനിയന്‍ കെട്ടുമോ…?

അല്ലെങ്കിലും താനല്ലേ അത് ചെറുക്കന്‍ ആണെന്നു തെറ്റിദ്ധരിച്ചത്‌…. ?

ചിന്തകള്‍ പലവഴി തിരിഞ്ഞു..

” കുഞ്ഞോളേ , നമ്മള്‍ ആഗ്രഹിക്കുന്നത് പോലെയല്ലല്ലോ ജീവിതം… എനിക്കു അറിയാം ഇന്നലെ ദേവനെ കണ്ടു നീ ചെറുക്കന്‍ ആണെന്നു തെറ്റിദ്ധരിച്ചൂന്ന്.. ദേവനേക്കാള്‍ എന്തുകൊണ്ടും കുഞ്ഞോള്‍ക്ക് ചേരുന്നത് ഹരിയാ…

ഹരി പാവമാണെന്നാ എനിക്കു തോന്നുന്നത്.. അല്ലെങ്കില്‍ ഇന്നു നിന്റെ സമ്മതം ചോദിക്കാന്‍ വരുമോ.. ദേവന്‍ ഇന്നലെ ഒരു ചേട്ടത്തിയുടെ സ്ഥാനത്താ നിന്നെ കാണാന്‍ വന്നത്… ഇനി മറിച്ചൊരു ചിന്ത ദേവന് ഉണ്ടാകുമോ.. നീ നല്ലതു പോലെ ചിന്തിക്കു.. നല്ലയൊരു ബന്ധമാണ്..”

ചേച്ചി എഴുന്നേറ്റു പോയിട്ടും ചേച്ചിയുടെ വാക്കുകള്‍ ചുറ്റും അലയടിച്ചു..

തന്റെ മനസ് അതേ പോലെ ചേച്ചി പറഞ്ഞിരിക്കുന്നു….

ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങളില്‍ തന്റെ ജീവിതം കുരുങ്ങിയാടുന്നത് കണ്ട് എന്തു ചെയ്യണമെന്നു അറിയാതെ ലക്ഷ്മി ഇരുന്നു…

ദിവസങ്ങള്‍ മുന്നോട്ട് പോകും തോറും വീട്ടില്‍ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.. ലക്ഷ്മി മനസ്സിനെ ഹരിയിലേക്ക് കേന്ദ്രീകരിച്ചു… ഇടയ്ക്കിടെ കല്യാണവിശേഷങ്ങള്‍ തിരക്കി ലക്ഷ്മിയെ വിളിക്കുന്നത് ഹരി പതിവാക്കി…

അത് ഒരു തരത്തില്‍ ലക്ഷ്മിക്ക് അനുഗ്രഹവും ആയിരുന്നു .. ഹരിയെ പറ്റി കൂടുതല്‍ അറിയാന്‍ അത് അവളെ സഹായിച്ചു…

ഒടുവില്‍ ആ ദിവസമെത്തി….ഹരിയുടെയും ലക്ഷ്മിയുടെയും കല്യാണദിവസം. നന്നായി അണിഞ്ഞൊരുങ്ങി ലക്ഷ്മി അമ്പലത്തിലേക്ക് പുറപ്പെട്ടു….

തുടരും….