പ്രഗ്നൻസി കിറ്റ്
Story written by NAYANA VYDEHI SURESH
പ്രസവത്തിന് മുൻപ് വെള്ളം പൊട്ടിപ്പോയി വേദനയോടെ ഒരു പെണ്ണിനെ ലേബർ റൂമിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്ന് ഗിരിജ സിസ്റ്ററാണ് ഓ പി യിൽ പോയി സൂര്യ ഡോക്ടറോട് പറഞ്ഞത് .. കേട്ടപാതി സീറ്റിൽ നിന്നും എഴുന്നേറ്റ് അവർ ലേബർ റൂമിലേക്ക് ഓടി …
ഓപിക്കു മുന്നിൽ കാത്തിരിക്കുന്ന എല്ലാ ഗർഭിണികളോടും ഉടൻ വരുമെന്ന് ആംഗ്യം കാണിച്ച് പ്രസവമുറിയിലേക്ക് കടക്കുമ്പോൾ ആ പെണ്ണിന്റെ നിലവിളി പുറത്തു വരെ കേൾക്കാമായിരുന്നു …
എന്റെ ഡോക്ടറെ ആ പെണ്ണ് ഭയങ്കര നിലവിളിയാണ്
ആദ്യത്തെയല്ലെ അതിന്റെയാ…
നൈറ്റി മുഴുവൻ നനഞ്ഞിരിക്കുന്നു … വേദനയുടെ കാഠിന്യം കൊണ്ടാകണം വിയർത്തൊഴുകുന്നുണ്ടവൾ .. നീട്ടിവളർത്തിയ നഖം കൊണ്ട് ശരീരത്തിൽ പലയിടത്തായി മാന്തി രക്തം പൊടിഞ്ഞിരിക്കുന്നു ..
ഡോക്ടറെ .. എനിക്ക് വേദനിച്ചിട്ട് വയ്യ .. എപ്പോഴാ ഇത് തീരാ ..
കുറച്ചു നേരം കൂടി … മോളേ
ഡോക്ടർ അവളുടെ വയർ മുഴുവൻ പരിശോദിച്ചു …
കുട്ടി ഇറങ്ങിയിട്ടുണ്ട് … പറയുമ്പോൾ പുഷ്ചെയ്യണം കേട്ടോ ..
എനിക്ക് വയ്യ … അയ്യോ
കരയാതെ മോളെ …
ഡോക്ടർ അവളുടെ കാലിനരികിൽത്തന്നെയിരുന്നു…
ഏറെ നേരത്തെ പിടിച്ചിലിനൊടുവിൽ ആ കുഞ്ഞ് പുറത്തു വന്നു … കാല് രണ്ട് ഉയർത്തി തല താഴോട്ടാക്കി പിടിച്ചപ്പോൾ കുഞ്ഞ് ഉറക്കെ കരഞ്ഞു …
ഇപ്പോ സന്തോഷമായില്ലെ
ഉം …
ഇത്രെയുള്ളു കുഞ്ഞിന്റെ മുഖം കാണുന്നവരെയെ വേദന കാണു .. ദേ മിക്കതും ഇന്ന് രണ്ട് പേരുടെ ഡെലിവറി കൂടി ഉണ്ടാകും ..
ഡോക്ടർ
എന്താ മോളെ
ആദ്യ പ്രസവം കഴിഞ്ഞാൽ ഡെലിവറി നിർത്താൻ പറ്റ്വോ ?
ങേ .. അതെന്തിനാ
മേഡം … ഇപ്പോ ഒരു കുഞ്ഞനെ പറ്റി ചിന്തിച്ചിരുന്നില്ല അപ്പോഴാ .. ഞാൻ വിചാരിക്കാതെ ഗർഭിണിയായത് .ആയപ്പോൾ പിന്നെ കളയാനും തോന്നിയില്ല , ഇനി ഒരു ചാൻസ് എടുക്കാൻ വയ്യ
കുട്ടിയെന്താ പറയണെ …അതൊന്നും പോസിബിളല്ല .. രണ്ട് കുട്ടിയാകാതെ പ്രസവം നിർത്തില്ല ..
പ്ലീസ് ഡോക്ടർ
മോളെ ഗർഭിണികളെ എനിക്ക് ബഹുമാനാ .. ഒരു വാക്കു കൊണ്ട് പോലും ഞാനവരെ വേദനിപ്പിക്കില്ല .. ഒരു ദിവസം എത്ര കുഞ്ഞുങ്ങൾ കയറിയിറങ്ങുന്ന കയ്യാണിതെന്നറിയാമോ ?
സോറി ഡോക്ടർ .. ഞാൻ കാര്യം ആയി ചോദിച്ചതാ .. പറ്റുമെങ്കിൽ ഒന്ന് നിർത്തി തരണം പ്ലീസ് …
കുഞ്ഞിനെ എടുത്ത് നഴ്സിനോട് അമ്മയുടെ അടുത്ത് കിടത്താൻ പറഞ്ഞ് അവർ തിരികെ നടന്നു ..മനസ്സ് വല്ലാതെ അസ്വസ്തമായി .. തന്റെ ഓപ്പിക്കു മുന്നിൽ വരിവരിയായി ഗർഭിണികൾ നിൽക്കുന്നത് ഡോക്ടർക്ക് ലേബർ റൂമിൽ നിന്നു തന്നെ കാണാമായിരുന്നു ..
ഒന്നു കൂടി ഡോക്ടർ കലണ്ടർ നോക്കി … പീ രീഡ്സ് ഡെയ്റ്റ് വൈകീട്ട് ഇന്നേക്ക് നാലു ദിവസമാകുന്നു
അവർ ബാത്ത് റൂമിൽ കയറി വാതിലടച്ചു തന്റെ പോക്കറ്റിൽ നിന്നും പ്രെഗ്നൻസി കിറ്റ് എടുത്തു … നെഞ്ച് വേഗത്തിൽ ഇടിച്ചു , അതിൽ രണ്ട് തുള്ളി യൂറിൻ ഒഴിച്ചു..കണ്ണുകൾ മുറുക്കി അടച്ചു …
ദൈവമേ ….
പതിയെ കണ്ണു തുറന്നു … ആ കാർഡിലേക്ക് നോക്കാൻ ധൈര്യം വരാത്ത പോലെ … പന്ത്രണ്ട് കൊല്ലായി ഒരു കുഞ്ഞിനെ കാത്തിരിക്കുന്നു … നിറഞ്ഞ കണ്ണുകളോടെ ആ കാർഡിലേക്ക് നോക്കി ..
ഇത്തവണയും ദൈവം പറ്റിച്ചു ..
വായ മുറുകെ പൊത്തി പിടിച്ചു … ആ കണ്ണുനീർ ഒരു ഗർഭിണിയും കാണരുത് …
പെട്ടെന്ന് ബാത്ത് റൂമിന്റെ വാതിലിൽ ആരോ തട്ടി
ഡോക്ടർ … ഡോക്ടർ അടുത്ത ആൾക്ക് പെയിൻ തുടങ്ങി
ദാ വരുന്നു
കാർഡ് വാരി ബാഗിലിട്ട് വീണ്ടും അവർ ലേബർ റൂമിലേക്കോടി …..