ഋതുഭേദം ~ ഭാഗം 02 , എഴുത്ത്: റോസിലി ജോസഫ്

ആദ്യഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

എന്താ മോളെ, ജയിച്ചില്ലേ നീ..?

അത് അച്ഛാ…

അവൾ അച്ഛന്റെ മുഖത്തേയ്ക്ക് നോക്കാതെ മിഴികൾ നിലത്തേയ്ക്ക് ഊന്നി

സുധാകരനു എന്തൊക്കെയോ മനസ്സിലായതു പോലെ അയാൾ മുന്പോട്ട് കാലുകൾ വെച്ചു

അച്ഛാ..

മ്മ് എന്താ..?

അച്ഛൻ ഇതൊന്ന് നോക്കിക്കേ..

അവൾ നീട്ടിയ കടലാസ് കഷ്ണം പാടെ അവഗണിച്ചു കൊണ്ട് അയാൾ മുൻപേ നടന്നു

ഇനി നോക്കിയിട്ടെന്തിനാ..?

അച്ഛൻ നോക്ക് എന്നിട്ട് പറ..

ഒടുവിൽ അവള്ടെ വാശിക്ക് മുന്നില് അയാൾ ആ റിസൾട്ന്റെ കോപ്പി വാങ്ങി നോക്കി

ഫുൾ A +..

അയാൾ അതിശയത്തോടെ മകളെ നോക്കി

അതേ അച്ഛാ, അച്ഛൻ എന്താ വിചാരിച്ചേ ഒരു മൊബൈൽഫോൺ കിട്ടിയപ്പോഴേയ്ക്കും അച്ഛന്റെ മകൾ പഠിത്തത്തിൽ ഉഴപ്പുവാണെന്നോ..അച്ഛന്റെ മോളല്ലേ ഞാൻ..

അയാൾക്ക് സന്തോഷം കൊണ്ട് എന്ത്‌ ചെയ്യണമെന്നറിയില്ലായിരുന്നു

കണ്ടോടാ എന്റെ മോള് പരീക്ഷയിൽ ഫുൾ A+വാങ്ങിയത്..

കടയിൽ വന്നു വല്യ ജാടയിൽ അച്ഛനത് പറയുമ്പോൾ അനുവിനും വല്യ സന്തോഷം തോന്നി

ഉടനെ തന്നെ കോളേജ് അഡ്മിഷൻ ശരിയാക്കണം അച്ഛാ, ഇല്ലെങ്കിൽ സീറ്റ് കിട്ടാതെ വരും

നമ്മുക്ക് ശരിയാക്കാം മോളെ..

മകൾടെ മറുപടി കേട്ട് അച്ഛൻ പുഞ്ചിരിയോടെ പറഞ്ഞു. മകളെ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ട് അയാൾ കടയിൽ തന്റെ ജോലിയിലേക്ക് കടന്നു

നിങ്ങള്ടെ നല്ല മനസ്സും പ്രാർത്ഥനയും കൊണ്ടാ മനുഷ്യാ ഓള് പരീക്ഷയിൽ പാസ്സായതു..

ഖാതറിക്കയുടെ വാക്കുകൾ കേട്ട് അയാൾക്കൊത്തിരി സന്തോഷം തോന്നി

അവളെ എത്രയും വേഗം കോളേജിൽ ചേർക്കണം, അതിന് മുൻപ് എന്റെ മോൾക്ക് ഒരു ട്രീറ്റ് കൊടുക്കണം

എല്ലാം നടക്കുമെഡോ..കൂട്ടുകാരുടെ വാക്കുകൾക്കിടയിൽ അയാള്ടെ സന്തോഷം അതിരില്ലാതെ കവിഞൊഴുകി

അന്നയാൾ പതിവിലും സന്തോഷവാനായിരുന്നു. ഓരോ ജോലിയും കൃത്യമായും ഉത്സാഹത്തോടെയും അയാൾ ചെയ്തു. രാവേറെ ആകും മുൻപേ വീട്ടിലെത്തണം. അതിനു മുൻപ് ഒരു ബിരിയാണി വാങ്ങണം

ഓരോന്നൊർത്തുകൊണ്ടയാൾ അടുപ്പേൽ വലിയ ഓട്ടുരുളി വെച്ചു. അതിലേയ്ക്ക് എണ്ണ ഒഴിച്ചു. എണ്ണ തിളച് കഴിഞ്ഞാൽ മാവ് ഒഴിക്കണം. അയാൾ ഓരോന്നിനും ഉള്ള കൂട്ട് റെഡിയാക്കി. സമയം മൂന്ന് മണിയോടടുത്തു

അൽപ്പസമയത്തിനു ശേഷം ഒരു നിലവിളി കേട്ടാണ് എല്ലാവരും ആ അടുക്കളയ്ക്കുള്ളിൽ കൂടിയത്. സുധാകരൻ ആ നേരം നിലത്തു കിടന്നു ഉരുളുകയായിരുന്നു. അയാള്ടെ ദേഹമത്രയും പൊള്ളി വീർക്കാൻ തുടങ്ങി

അയ്യോ സുധാകരെട്ടാ..മറിഞ്ഞു കിടക്കുന്ന ഉരുളി കണ്ടതും അയ്യോ ചതിച്ചോ എന്നും പറഞ്ഞു. ചങ്ങാതിമാർ അയാളെ കോരിയെടുത്തു ഹോസ്പിറ്റലിലേയ്ക്ക് പാഞ്ഞു. അതിനിടയിൽ ആരോ ഒരാൾ കൂട്ടുകാരന്റെ ദേഹത്തു ഐസ് വച്ചു കൊണ്ടിരുന്നു

ഇവിടെ ഇങ്ങനെ കൂട്ടം കൂടി നിൽക്കരുതെന്ന് എത്ര തവണ പറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം

ആശുപത്രി വരാന്തയിൽ കൂട്ടം കൂടി നിന്നവരോട് ഒരു ദാക്ഷന്യയവും കൂടാതെ അവിടുത്തെ ഡ്യൂട്ടിനേഴ്സ് ദേഷ്യപ്പെട്ടു

ഹലോ..ആ ചേച്ചി ഞാനാ സുദാകരേട്ടന്റെ കൂടെ ജോലി ചെയ്യുന്ന മനോഹരൻ

എന്താ മനോഹര, ചേട്ടന്റെ ഫോണിൽ നിന്ന്..

ചേട്ടൻ..

എന്താ മനോഹര വല്ല കുഴപ്പവും ഉണ്ടോ..? ശബ്ദം എന്താ വല്ലാതിരിക്കുന്നെ..

ചേച്ചി ഞാൻ.. ഞാനിപ്പോ ഹോസ്പിറ്റലിൽ നിന്നാ.. പേടിക്കുവൊന്നും വേണ്ട, ചേട്ടന്റെ കയ്യും കാല് ചെറുതായ് ഒന്നു പൊള്ളി. പലഹാരം ഉണ്ടാക്കി കൊണ്ടിരിക്കുന്നതിനിടയിൽ ഉരുളി മറിഞ്ഞതാ..

മനോഹരന്റെ വാക്കുകൾ കേട്ട് ലതികയ്ക്ക് ആകെ തലചുറ്റുന്നത് പോലെ തോന്നി. ഇളയ മകൾ സ്കൂൾ വിട്ട് വരാറാവുന്നതെയുള്ളൂ.. മൂത്ത മകൾ കൂട്ടുകാരികളെ കാണാൻ പോയിരിക്ക്കയും….അവൾക്കാകെ ഭ്രാന്ത് പിടിക്ക്ന്നത് പോലെ തോന്നി. അവൾ അയൽവക്കത്തെ കൂട്ടുകാരിയുടെ അടുത്തേയ്ക്ക് ഓടി

ചേച്ചി, പിള്ളേര് സ്കൂളു വിട്ട് വന്നാൽ ഈ താക്കോലൊന്നു കൊടുത്തേക്കണേ..

മുറ്റത്ത് വന്നു കരയുന്ന അവളെ കണ്ട് രാധാമണിയാകെ പരിഭ്രമിച്ചു

എന്താ ലതെ, നീയെന്തിനാ കരയുന്നെ..?

ചേട്ടൻ ഹോസ്പിറ്റലിലാ തിളച്ച എണ്ണ മേലേയ്ക്ക് വീണുന്ന് പറഞ്ഞെ..ഞാൻ വന്നിട്ട് എല്ലാം പറയാം. ചേച്ചി മക്കളു വന്നാൽ ഒന്ന് പറഞ്ഞെക്കണേ..

പറഞ്ഞു തീർത്തു അവൾ വഴിയിലേക്കോടി..

🌺🌺🌺🌺🌺🌺🌺🌺🌺🌺

പേടിക്കാനൊന്നുമില്ല. ആറു മാസത്തെ ബെഡ് റസ്റ്റ്‌നു കുറിച്ചിട് ഉണ്ട്. അതുവരെ നല്ലോണം കെയർ ചെയ്യണം അധികം ചൂടൊന്നും ഏല്പിക്കരുത്. രണ്ട് ദിവസം കൂടി ഇയാൾ ഇവിടെ കിടക്കട്ടെ..

ഡോക്ടർടെ വാക്കുകൾ ലതയ്ക്ക് അൽപ്പം ആശ്വാസം തോന്നി.കരഞ്ഞു വിങ്ങിയ മുഖം അവൾ സാരി തുമ്പു കൊണ്ട് തുടച്ചു, ഭർത്താവിന്റെ അരികിലിരുന്നു

പിള്ളേരെവിടെ..? അയാള്ടെ ചോദ്യം കേട്ട് അവൾ അയാള്ടെ മുടിയിൽ തലോടി

ഞാനിങ്ങോട്ട് പോരുമ്പോ അവരു സ്കൂളിൽ നിന്ന് എത്തിയിട്ട്ല്ലായിരുന്നു. ഞാൻ അടുത്ത വീട്ടിൽ താക്കോലു ഏല്പിച്ചിട്ടാ പോന്നെ..

അയാൾ ഒന്നും മിണ്ടാതെ കിടക്കയിൽ കിടന്നു. ശരീരം ഒന്ന് അനങ്ങാൻ പോലും വയ്യ അത്രയ്ക്ക് ഭീകരമായ വേദന ആയിരുന്നു

ശരീരം ഇളക്കണ്ട സുകുവേട്ടാ….മിഴികൾ തുടച്ചുകൊണ്ടവൾ പറഞ്ഞു

അച്ഛാ..

നിങ്ങളെങ്ങനെ വന്നു..

ഞാനാ അവരെ കൊണ്ടു വന്നത്. അവരവിടെ തനിചല്ലായിരുന്നോ….രവീന്ദ്രൻ ഒരു ഫ്‌ളാസ്‌കിൽ കുറച്ചു കാപ്പിയും ഒരു ചോറ്റുപാത്രം നിറയെ കഞ്ഞിയുമായ് അകത്തേയ്ക്ക് വന്നു

അനുശ്രീയും അമിയയും അച്ഛന്റെ അവസ്ഥ കണ്ട് ആകെ ഭയന്ന് പോയ്‌. അവർ അമ്മയെ കെട്ടിപിടിച്ചു നിന്ന് കരയാൻ തുടങ്ങി

പേടിക്കണ്ട മക്കളെ അച്ഛൻ പെട്ടന്നങ്ങു വരില്ലേ..

നിങ്ങള് രവിയേട്ടന്റെ കൂടെ വീട്ടിലേയ്ക്ക് പൊയ്ക്കോ അപ്പുറത്ത് രാധേച്ചി ഉണ്ടല്ലോ..

ലതിക മക്കളേ ചേർത്ത് പിടിച്ചു പറഞ്ഞു

അവർ പോയി കഴിഞ്ഞതും ലതിക പഴയസ്ഥാനത്തു വന്നിരുന്നു. നേരം സന്ധ്യയായി തുടങ്ങിയിരുന്നു. എങ്ങും ട്യൂബ് ലൈറ്റുകളുടെ വെട്ടം. രാവുവെളുക്കുവോളം കണ്ണിമചിമ്മാതെ, ഉറക്കത്തെ ആട്ടിപായിച്ചു അവൾ അങ്ങിനെ ഇരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഏതാനും ആഴ്ചകൾക്ക് ശേഷം ഒരു ഇരുണ്ട പകൽ, മുറ്റത്തു മഴ തകർത്തു പെയ്യുന്നു

കട്ടിലിൽ അനങ്ങാൻ വയ്യാതെ മിഴികൾ തെല്ലു പോലും അടയ്ക്കാതെ അയാൾ മച്ചിന്മേൽ നോക്കി കിടന്നു. കുട്ടികൾ രണ്ടു പേരും മൊബൈലിൽ എന്തോ കുത്തി കൊണ്ടിരിക്കുന്നു

എത്ര നാളാന്ന് വെച്ചാ മറ്റുള്ളവരുടെ സഹായത്തിൽ ജീവിക്കുന്നെ..ആശുപത്രിയിലെ ബില്ലടച്ചും മരുന്നു വാങ്ങിയും ഉണ്ടായിരുന്ന സ്വർണമാല പണയത്തിൽ ആയി

ലതിക പാത്രം മെഴുക്കുന്നതിനിടയിൽ ആരോടെന്നില്ലാതെ പറഞ്ഞു. അതിനിടയിൽ ആണ് മൂത്ത മകൾ അഡ്മിഷന്റെ കാര്യം ഓർമ്മപെടുത്തിയത്

ഇവിടെ ഒരു വരുമാനവും ഇല്ലെന്ന് നിനക്കറിയാവുന്നതല്ലേ അനു. പഠിത്തം ഒക്കെ ഇത് മതി. അല്ലാതെ ഞാനെന്തു ചെയ്യാനാ..

അനുമോൾ ഫോൺ അനിയത്തിയെ ഏൽപ്പിച്ചു സങ്കടത്തോടെ അച്ഛന്റെ അടുത്ത് ചെന്നിരുന്നു. അച്ഛന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നതവൾ കണ്ടു

ഓരോന്നോർത് സങ്കടപ്പെടണ്ട..ഇങ്ങനെ ഒക്കെ സംഭവിച്ചത് ആരുടെയും കുറ്റം കൊണ്ടൊന്നും അല്ലല്ലോ..ഒന്നും അല്ലേലും ഇക്കാലമത്രയും നിങ്ങൾ എന്നെയും മക്കളെയും പോറ്റിയതല്ലേ..ഈശ്വരന് എന്തെങ്കിലും വഴി കാണിച്ചു തരും..ലതിക അടുത്ത് വന്നിരുന്നു ഭർത്താവിന്റെ മുഖം തുടച്ചു കഞ്ഞി സ്പൂൺൽ കോരി കൊടുക്കാൻ തുടങ്ങി

ഓരോ ദിവസം കടന്നു പോകുമ്പോഴും അവള്ടെ ഉള്ളിലെ ആദി വർധിച്ചു,

പറയുമ്പോലെ അല്ല എന്തെങ്കിലും ഒരു ജോലി ഇല്ലാതെ ഇനി മുന്നോട്ടു പോവാൻ ആവില്ല

അവൾ തന്റെ കൂട്ടുകാരിയോട് സങ്കടം പങ്കു വയ്ക്കുമ്പോൾ അവള്ടെ മനസ്സാകെ മരവിച്ചു പോയിരുന്നു

ഒക്കെ ശരിയാവും ലതെ..നീ ഇങ്ങനെ വിഷമിക്കാതെ..

നല്ല സന്തോഷത്തോടെ കഴിഞ്ഞ കുടുംബമാ ഇന്ന് മരണവീട് പോലെ..

നമ്മുടെ കുടുംബശ്രീ വഴി സ്വയം തൊഴിലിനുള്ള വായ്പ ഒക്കെ കൊടുക്ക്‌ന്നുണ്ട് നീ ഒന്ന് അപേക്ഷിച്ചു നോക്ക് ലതെ.. ചിലപ്പോ നടന്നാലോ..

പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ രാധ പറഞ്ഞു

കുറച്ചു പലഹാരങ്ങൾ ഉണ്ടാക്കി വിൽക്ക്. നിങ്ങൾക്ക് ജീവിക്കാനുള്ള പൈസ നിനക്ക് ഉണ്ടാക്കാമല്ലോ..

രാധേച്ചി പറഞ്ഞത് ശരിയാണെന്ന് ലതികയ്ക്ക് തോന്നി.

അമ്മേ..

മോള് സ്കൂളിൽ നിന്ന് വന്നു ഞാൻ പോട്ടെ ചേച്ചി..

വീട്ടിലേയ്ക്ക് നോക്കി അവൾ തിടുക്കപ്പെട്ടു

ഞാൻ പറഞ്ഞ കാര്യം ഒന്ന് നോക്ക് കേട്ടോ ലതെ..

മ്മ് ഞാൻ സുധാകരേട്ടനോടൊന്നു പറയട്ടെ ..

അവൾ ജീവിതത്തിൽ അൽപ്പം പ്രതീക്ഷകയ്യ് വന്നത് പോലെ വീടിനുള്ളിലേയ്ക്ക് കയറി.മകൾക്ക് കഴിക്കാനുള്ള ഭക്ഷണം മേശമേൽ എടുത്തു വച്ചു

അതേ, അപ്പുറത്തെ രാധേച്ചി പറയുവായിരുന്നു കുടുംബശ്രീ വഴി കിട്ടണ ലോണിനെ പറ്റി. ഒന്ന് നോക്കിയാലോ..നിങ്ങള് പഠിപ്പിച്ചു തന്നിട്ടുള്ള പാചക വിദ്യ കുറച്ചൊക്കെ എനിക്കും അറിയാലോ..

അയാൾ അവളെ നോക്കിയതല്ലാതെ ഒന്നും ഉരുവിട്ടില്ല

പിറ്റേന്ന് അവൾ ലോണെടുത്ത് ജോലി ആരംഭിക്കുമ്പോൾ സുകുവേട്ടന്റെ മനസ്സ് അവളോടൊപ്പം ഉണ്ടായിരുന്നു

ഒരു മാസം കൊണ്ട് നല്ല വരുമാനം അവൾ ഉണ്ടാക്കിയെടുത്തു

ഒരുദിവസം, ഉച്ചതിരിഞ്ഞു വെയിലാറിയ സമയത്താണ് പുറത്താരുടെയോ വിളിയവൾ കേട്ടത്

അടുക്കളയിലെ ജോലിയെല്ലാം ഇതിനോടകം അവൾ ചെയ്തു കഴിഞ്ഞിരുന്നു.

ആരാ..?

പുറത്തെ വിശാലമായ മുറ്റത്തേയ്ക്ക് ഇറങ്ങി വന്നു കൊണ്ടവൾ ചോദിച്ചു. വിയർപ്പു തുള്ളികൾ അവള്ടെ കഴുത്തിൽ നിന്ന് ഇറ്റ് വീണുകൊണ്ടിരുന്നു. ഉടുത്തിരുന്ന സാരി അത്രയും വെള്ളവും പൊടിയും

ഇതല്ലേ സുധാകരന്റെ വീട്..? വന്നയാൾ ചോദിച്ചു

അതേ വീട് ഇത് തന്നെ..നിങ്ങൾ ആരാണെന്ന് പറഞ്ഞില്ല..

ഞാൻ, ഒരു വ്യാപാരിയാണ്. ചെറിയൊരു ഹോട്ടലും തുണികടയും ഒക്കെ നടത്തുന്നു. അതിനടുത്തായ് ചെറിയ തോതിൽ പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കുന്ന ഒരു കമ്പനി നടത്തുന്നുണ്ട്, ഇവിടുത്തെ മെമ്പർ ആണ് പറഞ്ഞത് ഇങ്ങനെ ഒരു കുടുംബം ഉള്ള കാര്യം. നിങ്ങൾക്ക് ഒരു ജോലി തരപ്പെടുത്തിയാൽ നന്നായിരിക്കുമെന്ന് പറഞ്ഞു

മെമ്പറിനെ എനിക്ക് വളരെ കാലം മുൻപേ അറിയാം കേട്ടോ.. ഒരുപാട് എന്നെ സഹായിച്ചിട്ടുള്ളതാ..ഹസ്ബൻഡ് കിടപ്പിലാണല്ലേ..

കയറി ഇരിക്കു..അവൾ തന്റെ സങ്കടം ഉള്ളിലൊതുക്കി അതിഥിയെ പുഞ്ചിരിയോടെ, അകത്തേയ്ക്ക് ക്ഷണിച്ചു

സംസാരത്തിനിടയിൽ എപ്പോഴോ അയാൾ , മാറി കിടന്ന സാരിക്കിടയിലൂടെ അവള്ടെ വയറിനെ കൊതിയോടെ നോക്കി. എത്ര സമ്പത്തിലും ചില കാര്യങ്ങളിൽ അയാൾ തീർത്തും ദരിദ്രനാണെന്നു തോന്നിച്ചു. അവളുടെ മുഖത്തേക്കയാൾ നോക്കിയതേയില്ല. ഉടലഴകുകളുടെ വശ്യതയിൽ വിഭ്രമിച്ചു പോയവന്റെ കണ്ണുകൾ അവളുടെ നെഞ്ചിൽ തറച്ചു നിന്നു. അനാവൃതമായ പൊ ക്കിൾച്ചുഴി, ആ തീ നോട്ടത്തിൽ പൊള്ളുന്ന പോലെ തോന്നിച്ചു

മെമ്പറു പറഞ്ഞാൽ ഒരു കാര്യം ഞാൻ എങ്ങനെയാ തള്ളികളയുക..

അവൾ ഒന്നും മിണ്ടാതെ ശൂന്യതയിലേക്ക് മിഴികൾ നട്ടു

തീരുമാനം ഇപ്പോ പറയണമെന്നില്ല പിന്നെ പറഞ്ഞാൽ മതി. എന്തായാലും ഞാനിവിടെ ഒക്കെ തന്നെ കാണും. ഒന്ന് രണ്ട് വീട്ടിൽ കൂടി കയറാൻ ഉണ്ട് പോട്ടെ..

അയാൾ പടികളിറങ്ങി പോകുന്നത് അവൾ നോക്കി നിന്നു

ആരാമ്മേ അത്..

സ്കൂളു വിട്ട് വന്ന ഇളയമകൾ അമിയ അവളുടെ അടുത്തേയ്ക്ക് ചേർന്ന് നിന്നു

മോള് നല്ലോണം പഠിക്കണം കേട്ടോ എന്നെ പോലെ കരിയും പൊകയും കൊണ്ട് ജീവിക്കാൻ ഇടവരരുത്. നല്ലൊരു ജോലിയൊക്കെ മേടിക്കണം.

ആരാ ലതെ, പുറത്തു വന്നേ..

മകളെയും കൂട്ടി അകത്തേയ്ക്ക് വന്ന തന്റെ ഭാര്യയൊടയാൾ ചോദിച്ചു

അതൊരു മുതലാളി, മെമ്പറു പറഞ്ഞു വിട്ടതാണത്രേ.. ടൗണിൽ അങ്ങേരുടെ കടയിൽ ഒരു ജോലി തരാന്ന്..

നീയെന്ത് പറഞ്ഞു..

ഞാൻ ഒന്നും പറഞ്ഞില്ല..എനിക്ക് താല്പര്യം ഇല്ല ആ ജോലിക്ക്..

അതിന് ശേഷമുള്ള ദിനങ്ങൾ അവൾ നല്ലോണം അധ്വാനിച്ചു. തീയുടെ പുകചൂടിൽ അവൾ വാടി, എങ്കിലും മക്കൾക്ക് വേണ്ടിയും ഭർത്താവിന് വേണ്ടിയും അവൾ എല്ലാ കഷ്ടതകളും സഹിച്ചു. ഇതിനിടയിൽ മുണ്ട് മടക്കിയുടുത്ത പലരും അവൾക്ക് മുന്നില് ഉടുമുണ്ടഴിച്ചു. അതിലൊന്നും വീണു പോകാതെ ധൈര്യത്തോടെ അവൾ മുന്നോട്ട് പോയി

മകൾടെ ആഗ്രഹം പോലെ നല്ലൊരു കോളേജിൽ ചേർത്തു.

പോയ സന്തോഷം കഠിനമായ പ്രയന്ങത്തിലൂടെ അവൾ മടക്കി കൊണ്ടുവന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഒരുദിവസം പ്രഭാതത്തിൽ തന്റെ ജോലിയെല്ലാം തീർത്തു കുളിച്ചു കണ്ണാടിക്ക് മുന്നില് നിന്ന് ഡ്രസ്സ് മാറുന്ന അമ്മയെ കണ്ട് അനു അത്ഭുതപ്പെട്ടു

അമ്മ ഇതെവിടെ പോകാനാ ഇത്ര ധൃതി വെച്ച് ഒരുങ്ങുന്നെ..

നിന്റെ കൂടെ കോളേജിൽ വരാൻ ഇന്ന് ഞാനും ഉണ്ട്..

അമ്മയ്‌ക്കെന്താ വട്ടാണോ..? അമ്മയെന്തിനാ കോളേജിലേയ്ക്ക് വരുന്നേ..

മോളെ ഇന്നല്ലേ നീ പറഞ്ഞ മീറ്റിംഗ്, അപ്പനോ അമ്മയോ ചെല്ലണം എന്നല്ലേ നീ പറഞ്ഞെ..

ഊന്നു വടിയുടെ സഹായത്തിൽ മുറിയിലേയ്ക്ക് വന്ന സുദാകരന് ചോദിച്ചു

മീറ്റിംഗ്ന്റെ കാര്യം പറഞ്ഞതു ശരിയാ പക്ഷേ അമ്മ വരണ്ട അമ്മ വന്നാൽ പിന്നെ അച്ഛനെ നോക്കാൻ ആരാ..?

എനിക്കിപ്പോ കുഴപ്പം ഒന്നുമില്ല മോളെ..

എന്നാലും വേണ്ട, “എൻ്റെ കൂട്ടുകാർക്കിടയിൽ അമ്മയ്ക്കു മറ്റൊരു പ്രതിഛായയുണ്ട്. കൂട്ടുകാർ മാത്രമല്ല ഞാനും അങ്ങനേ വിശ്വസിക്കുന്നു. എത്ര സുന്ദരികളാണ്, എൻ്റെ കൂട്ടുകാരികളുടെ അമ്മമാർ. ചിലരേ കണ്ടാൽ മൂത്ത സഹോദരിയാണെന്നേ പറയൂ, അമ്മയ്ക്ക്, കിട്ടുന്ന വരുമാനത്തിൽ നിന്നും സ്വന്തം ശരീരത്തിനു വേണ്ടി എന്തെങ്കിലും ചെയ്തു കൂടെ, ഇത്, ആകെ മെലിഞ്ഞൊട്ടി, അരോചകം പോലെ….അമ്മ എന്തായാലും വരണ്ട….”

അച്ഛാ ഞാൻ പോവാണേ..

മകൾ പടിയിറങ്ങി പോവുന്നത് അവൾ അറിഞ്ഞു.നിന്ന നിൽപ്പിൽ ഉരുകി പോവുകയായിരുന്നു അവൾ

ലതേ..

ഏയ് അല്ലേലും അവൾ പറഞ്ഞത് ശരിയാ ഏട്ടാ ഇത്രയും കാലം അവരെ പട്ടിണിക്കിടാതിരിക്കാൻ ഉള്ള ഓട്ടത്തിനിടയിൽ ഞാൻ എന്റെ സൗന്ദര്യം ഒന്നും നോക്കിയില്ല. കൂടെ പി ഴചവൾ എന്ന പേരും, കൂടെ കിടക്കാൻ വിളിച്ചപ്പോൾ ചെല്ലാത്തതിന് ചാർത്തി കിട്ടിയ പേര്..അവള്ടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവൾ മുറിയകത്തേ കണ്ണാടിക്കു മുന്നിൽ വന്നു. കാലം, നിലക്കണ്ണാടിയുടെ പളുങ്കു ഭാവങ്ങളെ മങ്ങിച്ചിരിക്കുന്നു. കണ്ണാടിയിൽ തെളിഞ്ഞ ഉടൽ പ്രതിംബത്തിലേക്ക് അവൾ മിഴിയോടിച്ചു. ഒരാൾക്ക് ജീവിതകാലഘട്ടങ്ങൾ ഇത്രയും മാറ്റം നൽകുമോ.?അവൾ തൻ്റെ പഴയ പ്രതിബിംബത്തേ ഓർത്തു….

സമസ്ത സൗന്ദര്യങ്ങളുടെയും ആകെത്തുകയായിരുന്ന കാലം. തിളക്കമുള്ള മിഴികളും, തുടുത്ത കവിൾത്തടങ്ങളും, നിറഞ്ഞ പോരടിക്കുന്ന മാറിടങ്ങളും ഇല്ലാതായിരിക്കുന്നു. ബേക്കറിയുടമയുടെ ധമനികളേ ത്രസിപ്പിച്ച ഉദര ചാരുത പൊയ്പ്പോയിരിക്കുന്നു. ഇപ്പോൾ, ശരീരമെന്നത്, എല്ലിൻ കൂടു പൊതിഞ്ഞ തോൽ മാത്രമായിരിക്കുന്നു. നരച്ച മുടിയിഴകൾ, രൂപാന്തരത്തിൻ്റെ ഭാവഭേദങ്ങളെ ഇരട്ടിപ്പിക്കുന്നു. വസ്ത്രം മാറാൻ, അവൾ നെഞ്ചിൽ നിന്നും സാരി വിടർത്തി മാറ്റി. ശുഷ്കിച്ച മാ റിടങ്ങളിൽ, പ്രാണൻ്റെ നേർത്ത ചലനങ്ങൾ മാത്രമവശേഷിക്കുന്നു.

നിനക്ക് വിഷമമായോ ലതേ..കിടക്കയിൽ നിന്ന് മെല്ലെ എഴുന്നേറ്റു അയാൾ അവള്ടെ അടുത്തേയ്ക്ക് ചെന്നു

എന്നാലും ഇത്രയും നാൾ അവർക്ക് വേണ്ടി കഷ്ടപ്പെട്ടതു കൊണ്ടല്ലേ ഞാനീ കോലമായതു. അനുവിനെ കോളേജിൽ ചേർക്കാൻ എന്തു മാത്രം ഓട്ടം ഓടിയതാ. ആരുടെയൊക്കെ കയ്യും കാലും പിടിചതാ.. ഒന്നും അവളെന്താ ഓർക്കാത്തെ..

പിന്നെ ആളുകൾ പറയുന്നതൊക്കെ, അതിലൊന്നും ഒരു സത്യവും ഇല്ലെന്ന് അവൾക്ക് നല്ലോണം അറിയാവുന്നതല്ലേ..എന്തൊക്കെ പ്രതിസന്ധികൾ വന്നിട്ടും പതറാതെ നിന്നത് അവരെ ഓർത്തല്ലേ..

കരഞ്ഞുകൊണ്ട് അവൾ അയാള്ടെ നെഞ്ചിലേക്ക് ചാഞ്ഞു . എത്ര പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും അവള്ടെ കണ്ണുകൾ അണപൊട്ടിയൊഴുകി

“നീ വിഷമിക്കരുത്,നിന്നെ മറ്റാരുമറിഞ്ഞില്ലെങ്കിലും ഞാനറിയുന്നു. ലോകത്തിലെ സമസ്ത ജനങ്ങളും നിന്നെ വാക്കുകളാൽ തളർത്തിയാലും, നിനക്കു താങ്ങായി ഞാനുണ്ടാകും. നമ്മുടെ ഇന്നലേകൾ, ഏതില്ലായ്മയിലും വിടർന്ന നമ്മുടെ പ്രണയ നിമിഷങ്ങൾ. നീയെനിക്കു പകർന്നു തന്ന അനുഭൂതികൾ. നമ്മുടേതായ നിമിഷങ്ങളിൽ നാം പരസ്പരം കൈമാറിയ പ്രണയങ്ങൾ, ശരീരം കൊണ്ടും, മനസ്സുകൊണ്ടും. പറയുന്നവർ പറയട്ടേ, മോങ്ങുന്ന നായ്ക്കളേ ആരു വകവയ്ക്കണം. സൗന്ദര്യം, ആപേക്ഷികമാണ്. അതു കാലത്തിനു കീഴടങ്ങും. പക്ഷേ, പ്രണയം കാലാതിവർത്തിയാണ്. നമ്മുടെ പ്രണയത്തേക്കുറിച്ച്, മറ്റുള്ളവർക്കെന്തറിയാം. ഞാൻ വീണുപോയപ്പോൾ, ഈ കുടുംബത്തേ നയിക്കാൻ നീയൊഴുക്കിയ വിയർപ്പിന് എൻ്റെ കണ്ണീരിൻ്റെ കൂട്ടുണ്ട് പെണ്ണേ, നീ സമാധാനമായിരിക്ക്…”

അയാൾ അവളുടെ നെറ്റിയിൽ ചുംബിച്ചു. പഴയ കാലത്തെ തണുത്ത രാവുകളിൽ അവളേ ത്രസിപ്പിച്ച ഊഷ്മളതയുള്ള അതേ ചുംബനം…അവൾ, തരളിതയായി പതിയേ പറഞ്ഞു.

“മതി, എനിക്കിതു മാത്രം മതി…”

പുറത്ത്, ചെയ്യാൻ വെമ്പി നിന്ന മേഘങ്ങളിൽ, കാറ്റിൻ്റെ ഈറൻ സ്പർശമുണ്ടായി. ഒരു ചാറ്റലിൽ തുടങ്ങി, അതൊരു പെരുമഴയായി ആർത്തലച്ചു പെയ്തൊഴിഞ്ഞു. വരണ്ട ഭൂമി, ഊഷരതകളേ ഹരിതാഭമാക്കിയ പെരുമഴയിൽ കുളിരാർന്നു നിന്നു. വീട്ടകത്ത്, പ്രണയമഴ തുടർന്നു കൊണ്ടേയിരുന്നു.

ചിലരങ്ങനെ ആണ്. ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ട് ഒറ്റപെട്ടു പോകുന്നവർ…നമ്മളെ നല്ല നിലയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം ആരോഗ്യമോ സൗന്ദര്യമോ ഒന്നും നോക്കാതെ ഉള്ള ഓട്ടം. ഒടുവിൽ കാലം അവരെ വിരൂപരാക്കുമ്പോൾ ചേർത്ത് പിടിക്കാതെ കുറ്റപ്പെടുത്തുകയും ഒറ്റപെടുത്തുകയും ചെയ്യുമ്പോൾ ചിന്തിക്കുക..ഞാൻ ചെയ്യുന്നത് ശരിയാണോ..?

ആശയം :സതീഷ് തേക്കട, എഡിറ്റിംഗ് :രഘു കുന്നുമ്മക്കര

ശുഭം

Leave a Reply

Your email address will not be published. Required fields are marked *