ബാങ്കിൽ നിന്നാ വിളിച്ചത്, അഞ്ചാം തീയതിക്ക് മുമ്പായി, ബാങ്ക് ലോണിൻ്റെ മുടങ്ങിക്കിടക്കുന്ന ഇം എം ഐ മുഴുവനും അടച്ചില്ലെങ്കിൽ…

Story written by SAJI THAIPARAMBU

ഇക്കാ ഇങ്ങനെയിരുന്നാൽ മതിയോ ? ബാങ്കിൽ നിന്നാ വിളിച്ചത്, അഞ്ചാം തീയതിക്ക് മുമ്പായി, ബാങ്ക് ലോണിൻ്റെ മുടങ്ങിക്കിടക്കുന്ന ഇം എം ഐ മുഴുവനും അടച്ചില്ലെങ്കിൽ, അവര് ജപ്തി നടപടികളിലേക്ക് പോകുമെന്നാണ് പറയുന്നത്

ബാൽക്കണിയിലെ ഇറ്റാലിയൻ മാർബിള് വിരിച്ച ചാര് ബഞ്ചിലിരുന്ന്, ദൂരെ പച്ച വിരിച്ച വയലിലേക്ക്, കണ്ണ് നട്ടിരുന്ന നിസാറിനോട് ,ഭാര്യ റജുല വന്ന് പറഞ്ഞു.

ഞാൻ പിന്നെ എന്ത് ചെയ്യണമെന്നാണ് നീ പറയുന്നത്, എല്ലാം കൂടി പത്തെഴുപതിനായിരം രൂപ അടക്കണം, ജോലി ചെയ്തിരുന്ന കമ്പനി പൂട്ടിയപ്പോൾ, ഉള്ള തൊഴിലും നഷ്ടപ്പെട്ട് ,പോക്കറ്റും കാലിയായ് മരണം കാത്ത് കിടക്കുമ്പോഴാണ്, കമ്പനിയുടെ എംഡിക്ക് അലിവ് തോന്നിയിട്ട്, ഉടുതുണിയുമായി നാട്ടിലെത്താൻ പറ്റിയത്, ഇല്ലെങ്കിൽ അവിടെക്കിടന്ന് രോഗം മൂർച്ഛിച്ച് മയ്യത്തായേനെ ,ഇപ്പോൾ തോന്നുവാ, അവിടെ കിടന്ന് മരിച്ചാൽ മതിയായിരുന്നെന്ന്

എന്തിനാ ഇക്കാ.. ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയുന്നത്, നിങ്ങളില്ലാണ്ടായാൽ പിന്നെ, എനിക്കും കുട്ട്യോൾക്കും വേറെയാരാ ഉള്ളത്?

സങ്കടം കൊണ്ട് പറഞ്ഞ് പോകുന്നതാ റജുലാ.. മുമ്പൊക്കെ ഞാൻ ഗൾഫീന്ന് വരുമ്പോൾ, തിരിച്ച് പോകുന്നത് വരെ ,എന്നും ഈ വീട്ടിൽ വിരുന്ന്കാരെ കൊണ്ട് പൊറുതിമുട്ടിയിരുന്നതല്ലേ? ഇപ്പോൾ നീ നോക്ക്, ആരെങ്കിലുമൊന്ന് തിരിഞ്ഞ് നോക്കുന്നുണ്ടോ ? എനിക്ക് ഒരു കൂടെപ്പിറപ്പുണ്ടല്ലോ ?അവനെങ്കിലും വന്ന് ഒന്നന്വേഷിക്കുന്നുണ്ടോ?

അതവന് സമയമില്ലാത്തത് കൊണ്ടല്ലേ ഇക്കാ.. അവനൊരു സൂപ്പർ മാർക്കറ്റ് നടത്തുവല്ലേ, ഈ ലോക്ക് ഡൗൺ കാലത്തുപോലും, അവന് കടയടയ്ക്കാനോ, ഒന്ന് വിശ്രമിക്കാനോ പറ്റുന്നില്ലെന്ന്, കഴിഞ്ഞ ദിവസം കൂടി, ഷെമീനയെ ഞാൻ വിളിച്ചപ്പോൾ, പറഞ്ഞതേയുള്ളു,

റജുല, അനുജനെ ന്യായീകരിച്ചു.

ആ സൂപ്പർ മാർക്കറ്റ് തുടങ്ങാനുള്ള ക്യാപിറ്റല് ഞാനല്ലേടി, അയച്ച് കൊടുത്തത്, എൻ്റെ കാശ് കൊണ്ടല്ലേ, അവൻ വല്യ മുതലാളിയായത് ,അത് കൊണ്ടെന്താ, മഹാമാരി വന്ന് നാട് വറുതിയിലായിട്ടും, അവൻ്റെ കച്ചവടം പൊടിപൊടിക്കുവല്ലേ? അതിൻ്റെ നന്ദി വല്ലതും അവനുണ്ടോ?

അതൊക്കെയുണ്ടാവുമിക്കാ , അവൻ സ്നേഹമുള്ളവനാ ,നിങ്ങള് വന്നിട്ട് ആ കടയിലേക്ക് ഇത് വരെ ഒന്നു ചെന്നിട്ടില്ലല്ലോ? ചിലപ്പോൾ അതിൻ്റെ പിണക്കം കാണും ,നിങ്ങളൊരു കാര്യം ചെയ്യ് പോയി കുളിച്ചിട്ട് അവിടം വരെയൊന്ന് ചെല്ല് ,വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞിട്ട് ,കുറച്ച് കാശ് കടമായിട്ട് ചോദിക്ക് ,ഈ ലോക്ക് ഡൗണൊക്കെ കഴിഞ്ഞ് തിരിച്ച് ഗൾഫിൽ ചെന്നിട്ട് ,അയച്ച് കൊടുക്കാമെന്ന് പറയ് ,അവൻ തിരിച്ച് ചോദിക്കുകയൊന്നുമില്ല, എന്നാലും വാങ്ങിയത് തിരിച്ച് കൊടുക്കേണ്ടത് നമ്മുടെ കടമയല്ലേ?

ഞാനെങ്ങനെയാടീ അവനോട് ചെന്ന് കടം ചോദിക്കുന്നത് ,കഷ്ടപ്പെടാൻ തുടങ്ങിയ കാലം മുതൽ, അവൻ്റെ ഓരോരോ ആവശ്യങ്ങളും, ഞാനാ നിറവേറ്റിക്കൊടുത്ത് കൊണ്ടിരുന്നത്

ഓഹ്, ഇങ്ങനെ നാണക്കേടും വിചാരിച്ചോണ്ടിരുന്നാൽ ഉള്ള കിടപ്പാടോം കൊണ്ട് ബാങ്ക്കാര് പോകും ,അറിയാല്ലോ? ഉണ്ടായിരുന്ന ആഭരണങ്ങളൊക്കെ വിറ്റിട്ടാ ഇത് വരെ പിടിച്ച് നിന്നത് , ഇനിയെടുത്ത് വില്ക്കാനായിട്ട് ഈ വീട്ടിൽ കിടക്കുന്ന ഫർണിച്ചറുകൾ മാത്രമേ ഉള്ളു

റജുലാ .. എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ .. ഞാൻ പോകാം അനുജനോട് തെണ്ടാൻ

അസ്വസ്ഥതയോടെ തല കുടഞ്ഞ് കൊണ്ട്, നിസാറ് എഴുന്നേറ്റ് കുളിക്കാൻ പോയി.

ടൗണിൻ്റെ ഹൃദയഭാഗത്തായിരുന്നു അനുജൻ നടത്തുന്ന സൂപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത് ,ദൂരെ നിന്നേ കാണാമായിരുന്നു, കടയുടെ ഉള്ളിലേക്ക് നീളുന്ന നീണ്ട ക്യൂ.

കടയുടെ മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്യുമ്പോൾ, മാസ്ക് ധരിച്ചിരുന്ന സെക്യൂരിറ്റിക്കാരൻ ഓടി വന്ന് തടഞ്ഞു. റ്റൂ വീലറിന് പ്രത്യേകം പാർക്കിങ്ങ് ഏരിയയുണ്ട്, അങ്ങോട്ട് കൊണ്ട് വയ്ക്ക്, ഇവിടെ കാറ് പാർക്ക് ചെയ്യുന്ന സ്ഥലമാണ്

ഇതെൻ്റെ സ്വന്തം കടയാണെന്ന് തൻ്റെ അനുജൻ്റെ ശബ്ബളം പറ്റുന്ന ആ ബടക്കിനോട് പറയണമെന്നുണ്ടായിരുന്നു , പിന്നെയോർത്തു, അകത്ത് ചെന്ന് കൗണ്ടറിൽ കയറിയിരുന്നിട്ട്, തനിക്കൊരു ചായ വാങ്ങിക്കൊണ്ട് വരാൻ അവനോട് ആജ്ഞാപിക്കാമെന്ന്

തന്നെ കാണുമ്പോൾ, അനുജൻ ബഹുമാനത്തോടെ ചാടിയെഴുന്നേല്ക്കുമെന്ന് കരുതിയാണ്, നിസ്സാറ് ,ക്യാഷ് കൗണ്ടറിന് മുന്നിലേക്ക് കയറി ചെന്നത്.

ങ്ഹാ എന്താണിക്കാ ,പതിവില്ലാതെ

കസ്റ്റമേഴ്സിൻ്റെ കയ്യിൽ നിന്നും ക്യാഷ് വാങ്ങി പെട്ടിയിലിടുന്നതിനിടയിൽ, റിവോൾവിങ്ങ് ചെയറിൽ ചാരിയിരുന്ന് കൊണ്ട് , റഫീഖ് നിസ്സാറിനോട് ചോദിച്ചു.

മുൻപ് തന്നെക്കണ്ടാൽ ഇരിക്കാത്തവനാണ്, ഇപ്പോൾ ഇരുന്നയിരുപ്പിൽ നിന്ന് അനങ്ങാത്തതെന്ന്, വേദനയോടെ നിസ്സാറ് ഓർത്തു.

ഞാൻ നിന്നെയൊന്ന് കാണാൻ വന്നതാണ്, എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു

അതിനെന്താ ചോദിച്ചോളു?

അല്ലാ.. ഇവിടെയിപ്പോൾ ആൾക്കാരൊക്കെ നില്ക്കുമ്പോൾ.. എങ്ങനാ? നമുക്ക് അങ്ങോട്ടൊന്ന് മാറി നില്ക്കാം

അത് കൊള്ളാം ,ഈ തിരക്കിനിടയിൽ ഞാനെങ്ങനാ ഇവിടുന്ന് മാറുന്നത് ,ഇക്കാ പറഞ്ഞോ ,എന്തേലും രഹസ്യമാണോ ?അങ്ങനെയാണെങ്കിൽ വൈകിട്ട് ഫോൺ ചെയ്ത് പറഞ്ഞാലും മതി

റഫീഖ് നീരസത്തോടെ പറഞ്ഞു.

എടാ അത്… രഹസ്യമൊന്നുമല്ല ,നീയെനിക്ക് കടമായിട്ട് ഒരു ലക്ഷം രൂപ തരണം, ഞാൻ ദുബായിൽ തിരിച്ച് ചെന്നിട്ട്, നിനക്ക് അയച്ച് തന്നേക്കാം

ഒരു ലക്ഷം രൂപയോ? ഇക്കാക്കെന്താ വട്ടുണ്ടോ ? ഇവിടുത്തെ ഈ തിരക്ക് കണ്ടിട്ട് ഞാനിവിടെ സമ്പാദിച്ച് കൂട്ടുവാണെന്ന് കരുതരുത്, കടയുടെ വാടകയും, തൊഴിലാളികളുടെ കൂലിയും, പിന്നെ GST യുമൊക്കെ കഴിച്ച് കഷ്ടിച്ച് കഴിഞ്ഞ് പോകാമെന്നേയുള്ളു, അല്ലാതെ എന്നെക്കൊണ്ട് യാതൊരു നിവൃത്തിയുമില്ല ,അല്ലെങ്കിൽ തന്നെ, ഇക്കാക്ക് ഇനി തിരിച്ച് ദുബായിലേക്ക് എപ്പോൾ പോകാൻ പറ്റുമെന്ന്, വല്ല നിശ്ചയവുമുണ്ടോ? ആരുടെയെങ്കിലും കയ്യിൽ നിന്ന് കടം വാങ്ങി തരാമെന്ന് വച്ചാൽ, ഇക്കാക്ക് ഇനി എപ്പോൾ വരുമാനമുണ്ടാകുമെന്ന് പോലും ഒരു ഉറപ്പുമില്ല, പിന്നെ ഞാനെങ്ങനാ റിസ്ക്കെടുക്കുന്നത്

ഹൃദയം നുറുങ്ങുന്ന വേദന തോന്നി, അനുജൻ്റെ വർത്തമാനം കേട്ടപ്പോൾ, ഇനിയെന്തെങ്കിലുമൊന്ന് പറയാൻ ഉള്ളിലെ സങ്കടം അനുവദിക്കാതിരുന്നപ്പോൾ, അവിടെ നിന്നിറങ്ങാൻ അയാളുടെ മനസ്സ് വെമ്പി.

വീട്ടിലെ കാര്യങ്ങളൊക്കെ, കുറച്ച് ബുദ്ധിമുട്ടിലാണെന്ന് ചേട്ടത്തി വിളിച്ചപ്പോൾ പറഞ്ഞതായി, ഷെമീന ഇന്നലെ പറഞ്ഞിരുന്നു, ഇക്കാ.., ഗൾഫിലേക്ക് തിരിച്ച് പോകാമെന്ന് കരുതിയിരുന്നിട്ട് കാര്യമില്ല ,അതൊക്കെയിനി നടന്നാൽ നടന്ന്, വിരോധമില്ലെങ്കിൽ ഇവിടെ കൂടിക്കോ ? ഗൾഫിലെ ശബ്ബളമൊന്നുമില്ലെങ്കിലും, കുടുംബം പട്ടിണിയില്ലാതെ മുന്നോട്ട് പോകാനുള്ള കൂലി, ദിവസവും വൈകിട്ട് ഞാൻ തരാം

മ്ഹും ,കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ,തൊഴിലൊന്നുമില്ലാതെ തൻ്റെ ചിലവിൽ തിന്നു സുഖിച്ച് വീട്ടിലിരുന്നവനാണ്, ഇപ്പോൾ തന്നെ ,അവൻ്റെ ജോലിക്കാരനായി ക്ഷണിക്കുന്നത് ,അവൻ്റെയൊപ്പം ഒരു പാർട്ണറായിട്ട് കൂടെ നില്ക്കാൻ പറയുമെന്ന് വിചാരിച്ച, തൻ്റെ ചിന്ത അതിര് കടന്ന് പോയെന്ന് നിസ്സാറിന് തോന്നി.

ങ്ഹാ സാരമില്ല ,ഇപ്പോൾ തത്ക്കാലം കൗണ്ടറിലിരിക്കാം, അപ്പോൾ താൻ തൊഴിലാളിയാണെന്ന് ആർക്കും തോന്നില്ലല്ലോ ? ഗൾഫിൽ വലിയൊരു കമ്പനിയിലെ പത്ത് നൂറ് തൊഴിലാളികളെ മാനേജർ സ്ഥാനത്തിരുന്ന് ഭരിച്ച തനിക്ക്, പെട്ടെന്ന് താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ ഒരു വൈക്ലബ്യം.

എന്നാൽ ശരിയെടാ ,നാളെ ഞാൻ കുറച്ച് നല്ല ഡ്രസ്സിട്ടോണ്ട് വരാം, കൗണ്ടറിൽ ഇരിക്കുമ്പോൾ ഒരു ലുക്കൊക്കെ വേണ്ടേ?

ഒരു പുഞ്ചിരിയോടെ അയാൾ അനുജനോട് പറഞ്ഞു.

അതിന് കൗണ്ടറിലിരിക്കാൻ ഇക്കാടടുത്താര് പറഞ്ഞു, അകത്ത് സെയിൽസിലാണ് ഇപ്പോൾ ഒരാളുടെ കുറവുള്ളത്, അവിടെ നില്ക്കുന്നവർക്ക് ധരിക്കാൻ യൂണിഫോമുണ്ട്, അങ്ങോട്ട് ചെന്ന് ഇപ്പോൾ തന്നെ ജോലി തുടങ്ങിക്കോ ,ഇന്ന് നല്ല തിരക്കുള്ള ദിവസമാണ്

അപ്രതീക്ഷിതമായിട്ട് ,തൻ്റെ തലയ്ക്ക് പിന്നിലായ്, ചുറ്റിക കൊണ്ട് ആരോ അടിച്ചത് പോലെ നിസ്സാറിന് ഒരു മരവിപ്പ് തോന്നി.

പണമില്ലാത്ത താനൊരു പിണം മാത്രമാണെന്ന തിരിച്ചറിവ് അയാളുടെ മനോനില തകർത്തു.

യാത്ര പോലും പറയാതെ, സ്വന്തമെന്ന്, കുറച്ച് മുൻപ് വരെ കരുതിയിരുന്ന, ആ കടയിൽ നിന്നിറങ്ങുമ്പോൾ, തൻ്റെയും കുടുംബത്തിൻ്റെയും ഇനിയുള്ള ഭാവി, ഒരു ചോദ്യചിഹ്നമായി അയാളുടെ കൺമുന്നിൽ നിന്ന് കൊഞ്ഞനം കുത്തി.