പ്രണയ പർവങ്ങൾ – ഭാഗം 71, എഴുത്ത്: അമ്മു സന്തോഷ്

മനസമ്മതം കഴിഞ്ഞാൽ രണ്ട് ആഴ്ച കഴിഞ്ഞു കല്യാണം. കാരണം വിദേശത്തു നിന്ന് വന്നവർക്ക് ഒരു പാട് ദിവസം ലീവ് എടുത്തു നിൽക്കാനുള്ള ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്. അല്ലെങ്കിലും ഇനി ഒത്തിരി താമസിക്കേണ്ട എന്നുള്ള അഭിപ്രായം ആയിരുന്നു എല്ലാവർക്കും

മറൂൺ നിറത്തിലെ കുർത്തയും കസവു മുണ്ടും ആയിരുന്നു ചാർളിയുടെ വേഷം

ചന്ദന നിറത്തിലെ ഗൗൺ അണിഞ്ഞു സാറ. ഒരു വെണ്ണക്കൽ പ്രതിമ പോലെ…എല്ലാവരും ആ അഴകിലേക്ക് സ്വയം മറന്ന് നോക്കി നിന്നു പോയി

അവൾ അവനരികിൽ വന്നു നിന്നു.

ചടങ്ങുകൾ ആരംഭിച്ചു…പ്രാർത്ഥനയും മനസ്സ് ചോദ്യവുമായി അത് നീണ്ടു പോയി

കുരിശുങ്കൽ ചാർളിയെ വിവാഹം കഴിക്കാൻ സമ്മതമാണോ എന്ന ചോദ്യത്തിന് നിറഞ്ഞ കണ്ണുകളോടെ അവൾ അതെ എന്ന് പറഞ്ഞു

തിരിച്ചു സാറയെ വിവാഹം ചെയ്യാൻ സമ്മതമാണോ എന്ന ചോദ്യത്തിന് നനഞ്ഞ കണ്ണുകളോടെ അവൻ അതെ എന്ന് പറഞ്ഞു

രണ്ടു പേരുടെയും ഹൃദയത്തിൽ ഒരു കടൽ ഉണ്ടായിരുന്നു. അവരെ മുക്കി കളഞ്ഞ പ്രണയത്തിന്റെ കടൽ. അവൻ ആ കൈകൾ പിടിച്ചു കൊണ്ട് പള്ളിമുറ്റത്തേക് വന്നു

ഫോട്ടോ സെഷനു ശേഷം അവർ എന്നും ഇരിക്കാറുള്ള വാകമര ചുവട്ടിൽ ഇരുന്നു

“തമ്മിൽ സ്നേഹിച്ചു തുടങ്ങിയിട്ട് …”

“ഒരു വർഷം രണ്ട് മാസം നാലു ദിവസം ആറു മണിക്കൂർ ഇപ്പൊ ഇരുപത്തി നാലു സെക്കൻഡ് ” ചാർലി പെട്ടെന്ന് പറഞ്ഞു

സാറ വിതുമ്പുന്ന ചുണ്ടുകൾ കടിച്ചു പിടിച്ചു

“എന്താ മോളെ സങ്കടം?”

“സങ്കടം അല്ല. സന്തോഷം ആണ്. ഹൃദയത്തിൽ നിന്നും ഇങ്ങനെ..എന്തൊക്കെയോ..പറയാൻ അറിയത്തില്ല..വിങ്ങുവാ ഉള്ള്..ഇച്ചാ നമ്മൾ കല്യാണം കഴിക്കാൻ പോവാ അല്ലെ?” അവൻ ആ കൈകൾ മടിയിൽ എടുത്തു വെച്ചു

“നമ്മൾ ഒന്നിച്ചു ജീവിക്കാൻ പോവാ. ദൈവമേ ‘

അവൾ ആ കൈകളിൽ കൈ അമർത്തി

“എത്ര പ്രാർത്ഥന നടത്തിയതാ ഇവിടെ. വീട്ടുകാർ എതിർത്താൽ എന്ത് ചെയ്യും എന്നൊക്ക ഓർത്തിട്ടുണ്ട് ഒരു തടസ്സങ്ങളും ഇല്ലാതെ ഇത്രയും സ്മൂത്ത്‌ ആയിട്ട് ഇതിങ്ങനെ നടക്കുമെന്ന് ഞാൻ ഓർത്തില്ല ഇച്ചാ “

അവൻ മറുപടി ഒന്നും പറഞ്ഞില്ല

ദൈവം നേരിട്ട് ഇടപെട്ടു ഈ കാര്യത്തിൽ

അമ്മച്ചി ആശുപത്രിയിൽ ആകാനും അമ്മച്ചിയെ തക്ക സമയം ആശുപത്രിയിൽ എത്തിക്കാൻ സാറ കാരണം ആകാനും ആ ആശുപത്രി വാസം കൊണ്ട് അവൾ സകലരുടെയും ഓമന ആകാനും, എല്ലാമെല്ലാം ദൈവത്തിന്റെ പദ്ധതികളാണ്. അവൻ അവളെ കയ്യിലേക്ക് ഒരു കുഞ്ഞ് പൊതി വെച്ചു കൊടുത്തു

“എന്താ ഇച്ചാ?” അവൾ അത് തുറന്നു നോക്കി

അന്ന് പണയം വെച്ച മാല. അവൾ അത് പിന്നെ ചോദിച്ചു നോക്കിയില്ലായിരുന്നു. അത് എടുക്കാൻ അവളുടെ കയ്യിൽ പണവും ഇല്ലായിരുന്നു

അവൾ നിറക്കണ്ണുകളോടെ അവനെ നോക്കി

“എന്റെ കഴുത്തിൽ ഇട്ട് താ ” ഇടറുന്ന തൊണ്ടയോടെ അവൾ പറഞ്ഞു

അവൻ അത് ഇട്ട് കൊടുത്തു

“ഇത് എപ്പോ. പോയി എടുത്തു?”

“കുറച്ചു ദിവസം കഴിഞ്ഞു പോയി എടുത്തു. തന്നില്ലന്നേയുള്ളു. ഇന്ന് തരാമെന്ന് വിചാരിച്ചു.”

അവൾ പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ ഒരു ചിരിയോടെ അവനെ നോക്കി

“എനിക്ക് ഒരുമ്മ തരാൻ തോന്നുവാ ‘

“നല്ല ബെസ്റ്റ് സമയമാ. ഇടവകയിലെ മുഴുവൻ പേരുമുണ്ട് എന്റെ മോള് തന്നോ.. ഈ ചുണ്ടിൽ തന്നെ തരണം “

“പോ ഇച്ചാ ” അവൾ നാണത്തിൽ തിരിഞ്ഞു കളഞ്ഞു

“എനിക്ക് തോന്നുവാ എന്നല്ലേ പറഞ്ഞെ.. ശോ എനിക്ക് എപ്പോ തോന്നിയാലും നമ്മൾ പള്ളിൽ ആയി പോകും “

“അങ്ങനെ അല്ല നിനക്ക് അത് തോന്നുന്നത് പള്ളിയിൽ വെച്ചാ..അല്ലാത്തപ്പോ തോന്നുകേല “

“അയ്യടാ തോന്നും തോന്നും ഞാൻ തോട്ടത്തിൽ വെച്ച് എത്ര ഉമ്മ തന്നു?”

അവന് ചിരി വന്നു

“എനിക്ക് അങ്ങനെ ഒരുമ്മ. വേണം..ഇപ്പൊ അല്ല പിന്നെ.. നാളെ സ്കൂൾ കഴിഞ്ഞു വീട്ടിൽ വരുമ്പോ..”

“അയ്യോ അമ്മച്ചിയും അപ്പയും ഒക്കെ കാണും.’

“ഇല്ലെടി അതിന് വഴി ഉണ്ടാക്കാം. ഉം.?”

“ഇത് എന്തോന്നാ പിള്ളേരെ എന്തൊരു വർത്തമാനമാ. ആൾക്കാർ അന്വേഷിക്കുന്നുണ്ട് കേട്ടോ “

ഷെല്ലി. അവർ എഴുന്നേറ്റു

“പറയാനുള്ളത് മുഴുവൻ ഇപ്പൊ പറഞ്ഞു തീർത്താൽ കല്യാണം കഴിഞ്ഞു എന്ത് പറഞ്ഞു കൊണ്ടിരിക്കും?” സാറ പൊട്ടിച്ചിരിച്ചു

“അത് ഇത്രയും ചിരിക്കേണ്ട ഒരു തമാശ ഒന്നുമല്ല. ചളി വെറും ചളി ” ചാർലി പറഞ്ഞു

“നിനക്ക് തോന്നുമെടാ. തോന്നും
ഇവൻ ബുദ്ധിജീവി ആയത് കൊണ്ട് ചിരിക്കാൻ മടിയ. ചിരിച്ചു പോയ അവന്റെ എന്തോ ഒന്നു കുറഞ്ഞു പോകുമെന്നാ അവന്.. “

സാറ പിന്നെയും ചിരിച്ചു

“ഇത്രയും സ്റ്റാൻഡേർഡ് കുറഞ്ഞ തമാശ ഒന്നും പ്രോത്സാഹിപ്പിക്കരുത് കേട്ടോടി.. അവളുടെ ഒരു കിണി “

സാറ ഒരു നുള്ള് വെച്ചു കൊടുത്തു

“നല്ല തമാശയാ ചേട്ടൻ. അയ്യടാ. ഇത് പോലെ മുരടൻ അല്ലല്ലോ. ചേട്ടൻ പറഞ്ഞോ “

ഷെല്ലി വിടർന്ന ഒരു ചിരി പാസ്സാക്കി

“കേൾക്കേടാ കേൾക്കാൻ.നീ മുരടൻ ആണെന്ന്…എന്റെ മോളെ സത്യം. ഞാൻ ഇത് വരെ പറഞ്ഞില്ലാന്നു ഉള്ളു സത്യാ “

“നിങ്ങൾക്ക് അടുത്ത ആഴ്ച ബോർഡ് മീറ്റിംഗ് അല്ലെ? ഒറ്റയ്ക്ക് അങ് ഉണ്ടാക്കിയെച്ചാ മതി ഞാൻ വരികേലാ, “

“ശോ ഇത് അതുമായിട് എന്തിനാടാ ഉവ്വേ ബന്ധപ്പെടുത്തുന്നെ? മോളെ ഇത് നോക്കിക്കെ “

സാറ ആ കയ്യിൽ പിടിച്ചു

“ഇച്ചാ വരും.. ഇല്ലേ ഇച്ചാ”

ചാർലി ആ മുഖത്തേക്ക് ഒന്നു നോക്കി

“നിനക്കുള്ളത് ഓർത്തു വെച്ചോ നീ.
ഉടനെ തരും “

സാറ വാ പൊത്തി ചിരിച്ചു കൊണ്ട് ഷെല്ലിയെ നോക്കി

അവർ ഭക്ഷണം കഴിക്കാൻ. ഇരുന്നപ്പോ ക്രിസ്റ്റിയും ഷെറിയും ബെല്ലയും അവർക്കൊപ്പം കൂടി

“ജെറിയും വിജുവും എവിടെ?” ഷെല്ലി ചോദിച്ചു

“അവർ വിജയുടെ വീട്ടുകാർക്കൊപ്പം നിൽക്കുന്ന കണ്ടാരുന്നു. അവിടെ ഇരുന്നു കാണും.”

ബെല്ല പറഞ്ഞു

അപ്പവും താറാവും ആയിരുന്നു ആദ്യം

പിന്നെ പൊറോട്ട ബീ- ഫ്. പിന്നെ ചോറ് കപ്പ മീൻ പച്ചക്കറി കറികൾ

Buffet ആയിരുന്നില്ല. അത് ആർക്കും താല്പര്യമില്ല

പഴയ രീതിയിൽ ആയിരുന്നു എല്ലാം

എല്ലാവരും സന്തോഷം ആയി പിരിഞ്ഞു

ചാർലി പോകാൻ നേരമവളെ നോക്കി

“വൈകുന്നേരം പള്ളിയിൽ വരണം “

സാറ തലയാട്ടി. അവൻ കുറച്ചു നേരം കൂടി അവളെ നോക്കി നിന്നു

“ടാ മതി. ആ കൊച്ചിന് ക്ഷീണം വരും ഇങ്ങനെ ഊറ്റി കുടിച്ചാൽ. മോള് പോ മോളെ “

ഷെറി വന്നവന്റെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് പോയി. ചാർലി ഒന്നു തിരിഞ്ഞു നോക്കി

പള്ളിയുടെ പടിക്കെട്ടിൽ അവന്റെ മാലാഖ

തുടരും….

Leave a Reply

Your email address will not be published. Required fields are marked *