എന്റെ ഏട്ടൻ
Story written by AMMU SANTHOSH
ഏട്ടൻ വരുമ്പോൾ ഞാൻ കിച്ചണിൽ ആയിരുന്നു. ദിവ്യ ഓഫീസിൽ പോയിരുന്നു.
“എന്താടാ സ്പെഷ്യൽ? ” അപ്പോഴേ ഞാൻ ഏട്ടനെ കണ്ടുള്ളു..
“ഒന്നുല്ല ഏട്ടാ കുറച്ചു മീൻ കിട്ടി.. ” ഏട്ടൻ എന്റെ കൈകളിൽ മെല്ലെ പിടിച്ചു.. പിന്നെ അമർത്തി നോക്കി. “തഴമ്പ് ഒക്കെ വന്നല്ലോ “
“ഇപ്പൊ കുറച്ചു കൃഷി ഒക്കെ ഉണ്ട് ഏട്ടാ.. വീടിന്റെ പുറകിൽ കുറച്ചു സ്ഥലത്ത് “
“ഉം “”കൃഷി നല്ലതാ ഏട്ടനും അതല്ലേ ചെയ്യണേ.. പക്ഷെ അതിന് ഇത്രയും ദൂരംവന്നു ടൗണിൽ വാടകക്ക് താമസിക്കണോ? “
“ദിവ്യയുടെ ജോലി ഇവിടെ അല്ലെ ഏട്ടാ പിന്നെ ഞാനും ജോലിക്ക് try ചെയ്യുന്നുണ്ട്.. “
ഏട്ടൻ എന്നെ ഒന്ന് വായിക്കുന്ന പോലെ നോക്കി .. പിന്നെ മെല്ലെ എന്നെ ഒന്ന് ചേർത്ത് പിടിച്ചു.
“നമ്മുടെ അച്ഛന് ഇപ്പൊ ദേഷ്യം ഒന്നുല്ല ട്ടോ.. വയ്യായ്ക കൊണ്ട ഇങ്ങോട്ട് വരാത്തത്? ഒരീസം വരണം.. പ്രായമായവരല്ലേ..? എത്ര നാളാണ് ന്ന് വെച്ചിട്ടാ.. ” ഞാൻ മുഖം താഴ്ത്തി.
“എഞ്ചിനീയർ ആവുമെന്നൊക്കെ അച്ഛൻ എല്ലാരോടും വലിയ ഗമയിൽ പറഞ്ഞിട്ട് പരീക്ഷയും തോറ്റു മറ്റൊരാളുമായി കല്യാണം നിശ്ചയിച്ച പെണ്ണിനേം കൊണ്ട് ഒളിച്ചോടിന്നു കേട്ടപ്പോൾ വല്ലോമൊക്കെ പറഞ്ഞു പോയതാ പാവം.. നീ ക്ഷമിക്ക് “
ഞാൻ വിങ്ങിക്കരഞ്ഞു കൊണ്ട് ആ നെഞ്ചിൽ മുഖം പൂഴ്ത്തി
“തെറ്റായി പോയി ഏട്ടാ വേണ്ടായിരുന്നു ഒന്നും. “
“സാരോല്ല. പറ്റുമെങ്കിൽ മോനങ്ങു വാ ദിവ്യക്ക് അവിടെ നിന്നും പോകാമല്ലോ കഷ്ടിച്ച് അര മണിക്കൂർ.. “
“അമ്മ… അമ്മ ക്ഷമിക്കുമോ എന്നോട്? അമ്മക്ക് വെറുപ്പ് ആവും.. “
“അങ്ങനെ ഒന്നുല്ല.. ഏട്ടന് പോകണം വേഗം.. മാളുവിനെ സ്കൂളിൽ നിന്ന് കൂട്ടണം. കണ്ണൻ ഉറക്കം ഉണർന്നാൽ പിന്നെ അനുവിന് സ്വൈര്യം കൊടുക്കില്ല.. ഞാൻ എടുത്താ അപ്പൊ നിർത്തും കരച്ചില്.. നിന്നെ പോലെയാ അവൻ.. എന്റെ നെഞ്ചിൽ കിടന്നേ ഉറങ്ങു.. “ഏട്ടന്റെ ശബ്ദം അടച്ചു.
ഞാൻ വിങ്ങിക്കരഞ്ഞു കൊണ്ട് ആ നെഞ്ചിൽ മുഖം പൂഴ്ത്തി
“ക്ഷമിക്കണേ ഏട്ടാ . “
“സാരോല്ല.. മോനെ. ഇറങ്ങട്ടെ ഏട്ടൻ? “പോക്കറ്റിലേക്ക് തിരുകി വെയ്ക്കുന്ന നോട്ടുകൾ..
“വെണ്ട ഏട്ടാ “ഞാൻ ആ കൈ പിടിച്ചു
“ആവശ്യം ഉണ്ടാകും. ഭാര്യ ആണെങ്കിലും അവളുടെ മുന്നിൽ എന്റെ അപ്പു എപ്പോഴും കൈ നീട്ടുന്നത് ഏട്ടന് സഹിക്കില്ല.. അതാട്ടോ “
കണ്ണീർ നിറഞ്ഞ് ഏട്ടനെ കാണാൻ വയ്യ.. ചോറ് കഴിച്ചിട്ട് പോ ഏട്ടാ എന്ന് പറയാൻ പറ്റുന്നില്ല തൊണ്ടക്കുഴിയിൽ ഭാരം നിറഞ്ഞ പോലെ.. ഏട്ടന്റെ രൂപം ഗേറ്റ് കടന്നപ്പോൾ ഞാൻ തളർച്ചയോടെ കിടക്കയിലേക്ക് വീണു.
“ഏട്ടൻ വന്നിരുന്നോ? ” ദിവ്യ മെല്ലെ ചോദിച്ചു
“ഉം “ഞാൻ ഒന്ന് മൂളി
“കഴുകാൻ എടുത്ത ഷർട്ടിൽ നോട്ടുകൾ കണ്ടു. എന്തിനാ വാങ്ങുന്നെ ആ പാവത്തിന്റെ കയ്യിൽ നിന്ന്? ഞാൻ ചോദിച്ചാൽ എന്ത് കോംപ്ലക്സ് ആണ് ? “
“അത് കോംപ്ലക്സ് അല്ല ദിവ്യാ.. എനിക്ക് ഒന്നും ആകാൻ പറ്റിയില്ല. പഠിക്കാൻ വിട്ടപ്പോൾ പഠിച്ചില്ല. നല്ല ഒരു ജീവിതം കിട്ടുമായിരുന്ന നിന്നേം കൂടി. ഏത് അവസ്ഥ യിൽ ജീവിക്കേണ്ടതാ നീ? പഠിത്തം കംപ്ലീറ്റ് ചെയ്തുമില്ല. ഇപ്പൊ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക്… എനിക്ക് അത് പോലുമില്ല.. ആ തുച്ഛമായ ശമ്പളത്തിൽ നിന്ന് ഞാനും കൂടി.. “
ദിവ്യ എന്റെ നെഞ്ചിൽ ചേർന്ന് കിടന്നു
“നമുക്ക് നാട്ടിലേക്ക് പോകാം.. അപ്പുവേട്ടന്റെ വീട്ടിലേക്ക്.. എന്റെ വീട് പോലല്ലല്ലോ.. നല്ല ഒരു ഏട്ടൻ, അച്ഛൻ ഒക്കെ ഇല്ലേ? എല്ലാത്തിലും ഉപരി അവിടെ ഒരു അമ്മയുണ്ട്.. അമ്മയുടെ സ്നേഹം ഞാൻ അറിഞ്ഞിട്ടില്ല ഇത് വരെ.. അമ്മ ക്ഷമിക്കില്ലേ? “
ഞാൻ ചാടിയെഴുന്നേറ്റു. എങ്ങനെ അവളോട് ഇത് പറയും എന്നോർത്ത് നീറുകയായിരുന്നു. എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി
ഞങ്ങൾ ചെല്ലുമ്പോൾ അച്ഛൻ ഉമ്മറത്തുണ്ടായിരുന്നു.. അച്ഛൻ ഒന്ന് അമ്പരന്ന പോലെ.. പിന്നെ എന്റെ അരികിലേക് വന്നു
മെല്ലിച്ച കൈകൾ എന്റെ നെറ്റിയിലും കണ്ണിലും കവിളിലും.. എന്തോ തിരയും പോലെ
“ക്ഷീണിച്ചു പോയി എന്റെ കുട്ടി “ഒരു മന്ത്രണം.
പിന്നെ ഉറക്കെ അമ്മയെ വിളിച്ചു. ആ വിളിയൊച്ചയിൽ അമ്മ വന്നു..നിറഞ്ഞ കണ്ണുകളോടെ അമ്മ എന്നെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു.. പിന്നെ അത് വരെ അടക്കി വെച്ചിരുന്ന കണ്ണീർ അണപൊട്ടിയൊഴുകി. ഏട്ടത്തി, ചിരിയോടെ വന്നു ദിവ്യയെ കൂട്ടി കൊണ്ട് പോയി.
അമ്മ, അച്ഛൻ, ഏട്ടൻ, മാളു, കണ്ണൻ എന്റെ വീട്, എന്റെ കുടുംബം, എന്റെ ക്ഷേത്രം..മനസ്സ് തണുക്കുന്നത് ഞാൻ അറിഞ്ഞു
ദിവ്യ ജോലിക്ക് പോകണ്ട എന്ന് അമ്മയാണ് പറഞ്ഞത്. രണ്ടു പേരും ഇരുന്നു പഠിക്കാൻ പറഞ്ഞു അച്ഛൻ. രാത്രി ഉറക്കമിളച്ച് കൂട്ടിരുന്നു ഏട്ടൻ
തോറ്റ വിഷയങ്ങൾ എഴുതി എടുക്കാൻ ഉള്ള ശ്രമം വിജയിച്ചു. ഞങ്ങൾ രണ്ടു പേരും നല്ല മാർക്കോടെ പാസ്സ് ആയി.
ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങാൻ ഉള്ള മൂലധനം ഞങ്ങളുടെ പറമ്പ് തന്നെ ആയിരുന്നു.. അത് വിൽക്കാൻ ഏട്ടന് ഒരു മടിയും ഉണ്ടായിരുന്നില്ല എന്നോട് ചോദിച്ചു കൂടിയില്ല. ഏട്ടന് കൃഷി ചെയ്യാനുള്ള സ്ഥലം ഇല്ലാണ്ടായത് ഞങ്ങളെ ആണ് വേദനിപ്പിച്ചത് . പക്ഷെ കൃത്യം രണ്ടു വർഷം കഴിഞ്ഞു അതിനേക്കാൾ നല്ല ഒരു സ്ഥലം ഞാനും ദിവ്യയും ഏട്ടന് വാങ്ങി കൊടുത്തു..
ഞങ്ങളുടെ കമ്പനി അസ്സലായി പോകുന്നു. ഞങ്ങൾ ഇപ്പോഴും കുടുംബത്തിൽ തന്നെ ആണ് താമസം. ദിവ്യ എന്റെ അമ്മയെ വിട്ട് വരില്ല അതാണ് കാരണം. ദിവ്യയുടെ വീട്ടിൽ മഞ്ഞുരുകി തുടങ്ങി. ഇടക്ക് ഞങ്ങൾ അവിടെയും പോകും.ശാശ്വതമായ പിണക്കങ്ങൾ പാടില്ല എന്ന് ഏട്ടനാണ് പറഞ്ഞത്
ചെയ്ത തെറ്റുകൾക്ക് കാലം മാപ്പ് നൽകി കഴിഞ്ഞു..
“അപ്പു “
ഏട്ടൻ വിളിക്കുന്നു..ഞാൻ അങ്ങോട്ട് ചെല്ലട്ടെ.. ഏട്ടൻ പതിവ് പോലെ മാസാദ്യം പച്ചക്കറി ചന്തയിൽ കൊണ്ട് വിറ്റിട്ടുള്ള വരവാണ്. അപ്പുവിനും മാളുവിനും പലഹാരങ്ങൾ ഉണ്ടാകും. ഏട്ടത്തിക്കും അമ്മക്കും ദിവ്യക്കും സാരീ, അച്ഛന് അരിഷ്ടം കുറച്ചു ആയുർവേദ മരുന്നുകൾ, .. എനിക്ക് എന്നത്തേയും പോലെ നെഞ്ചോട് ചേർത്ത് ഒരു ഉമ്മയും പോക്കറ്റിൽ തിരുകുന്ന കുറച്ചു നോട്ടുകളും.. വേണ്ട എന്ന് ഞാൻ ഇപ്പൊ പറയില്ല. അതെന്റെ ഏട്ടന്റെ സ്നേഹം ആണ്, കരുതൽ ആണ്, അവകാശം ആണ്.. എനിക്ക് വേണമത്.
ചില രാത്രികളിൽ ഞാനും ഏട്ടനും പാടത്തു പോയി ഏറുമാടത്തിൽ കിടക്കും.. ഏട്ടന്റെ നെഞ്ചിൽ ചേർന്ന് അങ്ങനെ.. അപ്പൊ ഏട്ടൻ ഒരു പാട് കഥകൾ പറയും പാട്ടുകൾ പാടും. എന്റെ ഏട്ടൻ എന്ത് പാവമാണെന്നോ? ഏട്ടത്തി ഒരിക്കൽ ദിവ്യയോട് പറഞ്ഞത്രേ ഞാൻ പോയതിനു ശേഷം എന്റെ ഏട്ടൻ ശരിക്ക് ഉണ്ടിട്ടില്ലാന്നു, ഉറങ്ങിയിട്ടില്ലന്ന്, അച്ഛനോട് എനിക്ക് വേണ്ടി ഒരു യുദ്ധം തന്നെ ചെയ്തെന്ന്…
ദൈവങ്ങൾ കൂടപ്പിറപ്പുകളായും ജനിക്കാറുണ്ട്..
എന്റെ ഏട്ടൻ ദൈവമാണ്
സത്യം….എന്റെ ദൈവമാണ്..