നീയെന്തൊക്കെയാ ഈ പറയുന്നത്, അച്ഛനൊരിക്കലും അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ലാ, അച്ഛന് വലുത് നമ്മുടെ കുടുംബം തന്നെയായിരുന്നു…

Story written by Saji Thaiparambu

അല്ല സുകുമാരാ.. നിങ്ങൾക്ക് സർക്കാർ ജോലി കിട്ടിയിട്ട് കുറച്ച് നാളായില്ലേ ?എന്നിട്ടും ഇപ്പോഴും ഈ സൈക്കിളൊന്ന് മാറ്റി ഒരു ബൈക്ക് വാങ്ങാൻ നിങ്ങൾക്ക് കഴിഞ്ഞില്ലല്ലോ?

ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകാനായി സൈക്കിളെടുക്കുമ്പോഴാണ് ,
സഹപ്രവർത്തകനായ ലക്ഷ്മണൻ്റെ ചോദ്യം.

ആഗ്രഹമില്ലാത്തത് കൊണ്ടല്ല ലക്ഷ്മണാ .. കുടുംബത്തിലെ പ്രാരാബ്ദങ്ങളൊന്ന് കുറഞ്ഞതിന് ശേഷം നോക്കാമെന്ന് വെച്ചാണ് ,നിനക്കറിയാമല്ലോ? ഹയർ സ്റ്റഡീസിന് പഠിക്കുന്ന രണ്ട് കുട്ടികളാണെനിക്ക് ,അവരുടെ പoനച്ചിലവും ,പിന്നെ വൃക്കരോഗിയായ അമ്മയുടെ ചികിത്സാ ചിലവും ,വീട്ടിലെ മറ്റ് ചിലവുകളുമൊക്കെ കഴിയുമ്പോഴേക്കും, ശബ്ബളത്തിൽ നിന്നും ഒന്നും മിച്ചം പിടിക്കാൻ കഴിയില്ല ,അതിനിടയ്ക്ക് ഇളയ പെങ്ങളുടെ കല്യാണ കാര്യം വന്നപ്പോൾ ,ബന്ധുക്കളെല്ലാവരും കൂടി ,അതിൻ്റെ ചിലവ് വഹിക്കേണ്ടത് സർക്കാരുദ്യോഗമുള്ള സുകുമാരൻ്റെ കടമയാണെന്ന് പറഞ്ഞ്, അത് കൂടി എൻ്റെ തലയിൽ വച്ച് തന്നു, ചുരുക്കത്തിൽ, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ കിടന്ന് ചക്രശ്വാസം വലിക്കുവാണ്

ങ്ഹാ ,നീ വിഷമിക്കണ്ട സുകുമാരാ..ആ ബുദ്ധിമുട്ടുകളൊക്കെ മാറാൻ പോകുവാണ്? അടുത്ത മാസം മുതൽ ശബ്ബളം കൂടുവല്ലേ?

അതാ ചെറിയൊരാശ്വാസം , എങ്ങനെയെങ്കിലും സി സി ഇട്ടൊരു ബൈക്ക് വാങ്ങണം

ഉം എങ്കിൽ ശരി, ഞാൻ പോകട്ടെ, നമുക്ക് നാളെ കാണാം

ശരി ലക്ഷ്മണാ..

ലക്ഷ്മണൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയപ്പോൾ, സുകുമാരൻ സൈക്കിള് ചവിട്ടി വീട്ടിലേക്ക് പോയി.

അച്ഛാ.. അച്ഛന് ശബ്ബളം കൂട്ടാൻ പോകുവാണെന്ന് ടി വി യിലുണ്ടായിരുന്നല്ലോ? എത്ര രൂപ കൂടുന്നുണ്ട് അച്ഛാ…

അത്താഴം കഴിക്കുന്നതിനിടയിൽ മകളാണത് ചോദിച്ചത്.

അറിയില്ല മോളേ … കിട്ടുമ്പോൾ അച്ഛൻ പറയാം

വേണ്ടച്ഛാ … ഞാൻ ചോദിച്ചെനേയുള്ളു ,പിന്നെ ശബ്ബളം കൂടുമ്പോൾ എനിക്കൊരു ലാപ്ടോപ് വാങ്ങിത്തരണം ,ഇപ്പോൾ ഇൻസ്റ്റാൾമെൻറായി വാങ്ങിക്കാൻ പറ്റും ,എൻ്റെ ക്ളാസ്സിലെ എല്ലാവർക്കുമുണ്ടച്ഛാ ..

മകളുടെ ചോദ്യം ന്യായമാണെന്ന് അയാൾക്ക് തോന്നി , പoനാവശ്യത്തിനൊരു ലാപ്ടോപ്പ് വേണമെന്ന്, അവൾ മുമ്പേ പറയുന്നതാണ്,

വാങ്ങിച്ച് തരാം മോളേ.. അടുത്ത മാസമാകട്ടെ

താങ്ക് യു അച്ഛാ… ഉമ് മ്മ..

മകളുടെ സന്തോഷം കണ്ട് അയാൾക്ക് ചാരിതാർത്ഥ്യം തോന്നി.

അനുപമ പറഞ്ഞത് നേരാണോ അച്ഛാ …

കുറച്ച് കഴിഞ്ഞപ്പോൾ സുകുമാരൻ്റെ മൂത്ത മകൻ അയാളോട് വന്ന് ചോദിച്ചു.

എന്താ അഭീ …

അച്ഛന് ശബ്ബളം കൂടുവാണ്, അത് കൊണ്ട് അവൾക്ക് ലാപ്ടോപ്പ് വാങ്ങി കൊടുക്കുമെന്ന്?

ങ്ഹാ ശരിയാ .. അവള് കുറേ നാള് കൊണ്ട് പറയുന്നതാ

അപ്പോൾ ഞാൻ മുമ്പ് പറഞ്ഞതൊക്കെ അച്ഛൻ മറന്നോ?

എന്താ മോനേ…

ശബ്ബളം കൂടുമ്പോൾ, എനിക്കൊരു ബൈക്ക് വാങ്ങി തരണമെന്ന് പറഞ്ഞത്, അച്ഛൻ മറന്ന് പോയോ? ഞാനൊഴിച്ചുള്ളവരെല്ലാം ബൈക്കിലാണ് കോളേജിൽ വരുന്നത് ,ഞാൻ മാത്രമാണ് രാവിലെയും വൈകിട്ടും ബസ്സിൽ തൂങ്ങിപ്പിടിച്ച് പോകുന്നത്, എനിക്ക് മടുത്തച്ഛാ … അച്ഛനെനിക്കൊരു ബുള്ളറ്റ് വാങ്ങി താ, സിസിയിട്ട് വാങ്ങിയാൽ മതി, അപ്പോൾ മാസാമാസം ശബ്ബളം കിട്ടുമ്പോൾ അടയ്ക്കാമല്ലോ?

മോനേ.. ഒരു ബൈക്ക് വാങ്ങണമെന്ന് അച്ഛനും ആഗ്രഹിച്ചിരിക്കുകയായിരുന്നു, എത്ര നാളായിട്ട് ഈ സൈക്കിള് ചവിട്ടുവാണ് ,പഴയത് പോലെയുള്ള ആരോഗ്യമൊന്നും ഇപ്പോഴില്ല, കുറച്ച് സൈക്കിള് ചവിട്ടി കഴിയുമ്പോൾ തന്നെ കിതപ്പു തുടങ്ങും ,അത് കൊണ്ടാണ്, ഒരു ബൈക്ക് വാങ്ങണമെന്ന് വിചാരിച്ചത് ,മോൻ കുറച്ച് നാള് കൂടി ബസ്സിൽ പോകു, അടുത്ത വർഷമാകുമ്പോൾ നമുക്ക് നോക്കാം

അല്ലേലും അച്ഛനെപ്പോഴും സ്വന്തം കാര്യമല്ലേ നോക്കു ,അച്ഛന് ശബ്ബളമുള്ളത് കൊണ്ട് ഇഷ്ടമുള്ളതൊക്കെ വാങ്ങാം ,ഞങ്ങള് മക്കളെപ്പോഴുമിങ്ങനെ അച്ഛൻ്റെ കനിവിനായി കാല് പിടിച്ച് നടക്കണം, എന്നെങ്കിലും ഞാനുമൊരു ജോലിക്കാരനാകുമച്ഛാ.. അച്ഛനെക്കാൾ കൂടുതൽ ശബ്ബളവും വാങ്ങും, അന്ന് അച്ഛൻ പെൻഷൻ പറ്റി, തുശ്ചവരുമാനവുമായി ഗതി കെട്ടിരിക്കുന്നൊരു കാലം വരും, അന്നെന്നെ ആശ്രയിക്കേണ്ടി വരുമ്പോഴെ അച്ഛന് ഇപ്പോഴത്തെ എൻ്റെ മാനസികാവസ്ഥ മനസ്സിലാകു

മകൻ്റെ ആ മറുപടി കേട്ട് സുകുമാരൻ പകച്ച് പോയി.

മേനേ.. നീയെന്തൊക്കെയാ ഈ പറയുന്നത് ,അച്ഛനൊരിക്കലും അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ലാ, അച്ഛന് വലുത് നമ്മുടെ കുടുംബം തന്നെയായിരുന്നു, നിങ്ങളുടെ ആവശ്യങ്ങൾ കഴിഞ്ഞിട്ടേ, അച്ഛൻ സ്വന്തം കാര്യം നോക്കിയിട്ടുള്ളു, മോൻ വിഷമിക്കണ്ടാ, തത്ക്കാലം അച്ഛൻ സൈക്കിളിൽ തന്നെ പോകാം ,മോന് ഇഷ്ടമുള്ള ബൈക്ക് സെലക്ട് ചെയ്തോ, അടുത്ത മാസം പോയി വാങ്ങിക്കാം

താങ്ക് യു അച്ഛാ… ഞാൻ വിഷമം കൊണ്ട് പറഞ്ഞതാ ,അച്ഛനൊന്നും തോന്നരുതേ?

ഇല്ലടാ.. നീ പോയിരുന്ന് പഠിക്ക് അച്ഛൻ കുറച്ച് കിടക്കട്ടെ

**************

സുകുവേട്ടാ… ശബ്ബളം കൂടുവല്ലേ? ഞാൻ മണിചേച്ചീടടുത്ത് ഒരു ചിട്ടിക്ക് ചേർന്നു ,അവര് എപ്പോഴും പറയാറുണ്ട് ,കാശില്ലെന്ന് പറഞ്ഞ് ഞാനൊഴിഞ്ഞ് മാറി കൊണ്ടിരുന്നതാ ,പക്ഷേ ഇന്ന്, ടിവി വാർത്തയിൽ നിന്നും ശബ്ബളം കൂടുന്നതറിഞ്ഞിട്ട്, വൈകുന്നേരം അവർ വീണ്ടും വന്നിരുന്നു, ഇനിയും ഒഴിഞ്ഞ് മാറുന്നതെങ്ങനാന്ന് കരുതി ഞാനൊരെണ്ണം ചേരാമെന്ന് പറഞ്ഞു ,രണ്ടാമത്തെ കുറി തുക നമുക്ക് തരാമെന്നേറ്റിട്ടുണ്ട് ,അത് കിട്ടിയിട്ട് എനിക്കൊരു മാല വാങ്ങി കഴുത്തിലിടണം, എത്ര നാളെന്ന് വച്ചാണ് ,ഈ റോൾഡ് ഗോൾഡിടുന്നത്

ഉം ഇനി നിനക്ക് ചോദിച്ചിട്ട് തന്നില്ലെന്ന് വേണ്ട ,ശബ്ബളം കിട്ടട്ടെ തരാം

എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റി കഴിയുമ്പോൾ, താൻ വീണ്ടും ടൈറ്റാകുമെന്ന് അയാൾക്കറിയാമായിരുന്നു.

എങ്കിലും അയാൾ സന്തോഷവാനായിരുന്നു, താൻ കുറച്ച് നാള് കൂടി ബുദ്ധിമുട്ടിയാലും, തൻ്റെ ഭാര്യയും മക്കളും എന്നും സന്തോഷമായിരിക്കുമല്ലോ എന്നതായിരുന്നു, അയാളുടെ ആശ്വാസം.

ചങ്കരൻ പിന്നെയും തെങ്ങിൽ തന്നെ അല്ലേ സുകുമാരാ ..

ശബ്ബളം കൂടിയിട്ടും അയാൾ സൈക്കിളിൽ തന്നെ ഓഫീസിൽ വരുന്നത് കണ്ട്, ലക്ഷ്മണൻ ഒരു പഴമൊഴി പറഞ്ഞു.

അതേ ലക്ഷ്മണാ… മക്കളൊക്കെ വലുതായി വരുവല്ലേ ?നമ്മളാണങ്കിൽ പ്രായമാകുകയും ചെയ്യുന്നു, കുറച്ച് നാള് കഴിഞ്ഞ്, നമ്മള് പെൻഷനാകുകയും, വരുമാനം കുത്തനെ കുറയുകയും ചെയ്യുമ്പോൾ, അവരല്ലേ നമ്മളെ സംരക്ഷിക്കേണ്ടത്, അത് കൊണ്ട് ഞാൻ വാങ്ങാനിരുന്ന ബൈക്ക്, മോന് വാങ്ങിക്കൊടുത്തു

ങ്ഹാ, മക്കളെ കണ്ടും മാമ്പു കണ്ടും മോഹിക്കരുതെന്നാണ്

ഹേയ്, എൻ്റെ മക്കള് അങ്ങനല്ല ലക്ഷ്മണാ..

ശരി, ഞാൻ പറഞ്ഞെന്നേയുള്ളു,

സംസാരം നിർത്തി, അവരൊരുമിച്ച് ഓഫിസിലേക്ക് കയറിപ്പോയി.

രണ്ട് മാസങ്ങൾ കൂടി കഴിഞ്ഞ് പോയി.

സുകുവേട്ടാ .. വൈകിട്ട് ഓഫീസിൽ നിന്ന് നേരത്തെ വരണേ, ഇന്ന് മണി ചേച്ചി ചിട്ടിക്കാശ് കൊണ്ട് തരാമെന്ന് പറഞ്ഞിട്ടുണ്ട് ,നമുക്ക് വൈകുന്നേരം മാല വാങ്ങാൻ പോകണം

രാവിലെ ഓഫീസിലേക്കിറങ്ങുന്ന സുകുമാരനോട്, ഭാര്യ മീനാക്ഷി പറഞ്ഞു.

ഓഹ് ശരി,

വൈകുന്നേരം സുകുമാരനെത്തുമ്പോൾ, മീനാക്ഷി വാതിൽക്കൽ അയാളെ കാത്ത് ഒരുങ്ങി നില്പുണ്ടായിരുന്നു.

ആങ്ഹാ,നീ റെഡിയായി നില്ക്കുവാണോ ,എനിക്കൊരു ചായ വേണമായിരുന്നു?

അതൊക്കെ നമുക്ക് പോകുന്ന വഴിയിൽ, കടയിൽ നിന്ന് കുടിക്കാം, ഇനിയും താമസിച്ചാൽ ഷോപ്പൊക്കെ അടച്ച് പോകും,

വീടിന് മുന്നിലെ റോഡിൽ നിന്നും, ഒരു ഓട്ടോറിക്ഷ പിടിച്ചാണ്, അവർ ടൗണിലേക്ക് പോയത്.

ങ്ഹാ ചേട്ടാ.. ഇവിടെ നിർത്തിക്കോ,

മെയിൻ റോഡിലൂടെ കുറച്ച് ദൂരം പോയിക്കഴിഞ്ഞപ്പോൾ, മീനാക്ഷി ഓട്ടോ ഡ്രൈവറോട് പറഞ്ഞു.

ഇവിടെന്തിനാ നിർത്തുന്നത് ,സ്വർണ്ണക്കടകളൊക്കെ ടൗണിലല്ലേ?

നിങ്ങളിങ്ങോട്ടിറങ്ങി വാ,

അവർ ബലമായി സുകുമാരനെ പിടിച്ചിറക്കി.

അപ്പോഴാണ്, അയാൾ ശ്രദ്ധിച്ചത്, തങ്ങൾ നില്ക്കുന്നത് ,ഒരു ബൈക്ക് ഷോറൂമിൻ്റെ മുന്നിലാണ്.

ഇവിടെ ആരെ കാണാനാണ് മീനാക്ഷി ..

ഇവിടെ ആരെയും കാണാനല്ല ,നിങ്ങൾക്കൊരു ബൈക്ക് വാങ്ങാനാണ് ,മക്കളെയും ഭാര്യയെയും അമ്മയെയുമൊക്കെ സ്നേഹിച്ചും, അവരുടെ ആവശ്യങ്ങൾ നിറവേറ്റിയും, നിങ്ങളിങ്ങനെ സ്വന്തംസുഖങ്ങളൊക്കെ വെടിഞ്ഞ് ജീവിക്കാൻ തുടങ്ങിയിട്ട്, കുറച്ച് കൊല്ലങ്ങളായില്ലേ ?അച്ഛൻ്റെ കഷ്ടപ്പാടുകളെക്കുറിച്ചോ, വിഷമങ്ങളെക്കുറിച്ചോ, ഒരു പക്ഷേ മക്കൾക്ക് മനസ്സിലാക്കണമെന്നില്ല, അതിന് അവർ ഒരിക്കൽ അച്ഛനോ അമ്മയോ ആവണം ,പക്ഷേ ഒരു നിഴലായി എന്നും കൂടെയുള്ള ഭാര്യമാർക്കറിയാം, ഭർത്താവിൻ്റെ ഉള്ള് നീറുന്നതും, കുടുംബം പുലർത്താൻ അവർ പെടാപാട് പെടുന്നതും ,അന്ന് അഭി നിങ്ങളോട് സംസാരിച്ചതൊക്കെ ഞാൻ കേട്ടിരുന്നു ,അത് കൊണ്ടാണ്, ഞാനന്ന് ചിട്ടി കൂടണമെന്ന് പറഞ്ഞ് നിങ്ങളോട് കാശ് ചോദിച്ചത്, അതെനിക്ക് മാല വാങ്ങാനായിരുന്നില്ല, നിങ്ങൾക്കൊരു ബൈക്ക് വാങ്ങാനായിരുന്നു

ഓഹ് മീനാക്ഷീ.. നിന്നോട് എന്ത് പറയണമെന്ന് എനിക്കറിയില്ല, കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഒരാൾക്ക്, അയാളെ മനസ്സിലാക്കുകയും, തുണയായി കൂടെ നില്ക്കുകയും ചെയ്യുന്ന, നിന്നെ പോലൊരു ഭാര്യയുണ്ടെങ്കിൽ, പിന്നെ വേറെയെന്ത് വേണം ,ഞാനൊരു ഭാഗ്യവാനായ ഭർത്താവാണെടോ..

സന്തോഷം കൊണ്ടയാൾ ഭാര്യയുടെ തോളിലൂടെ കൈയ്യിട്ടാണ്, ഷോറൂമിലേക്ക് കയറിയത് .