Story written by GAYATHRI GOVIND
“ആരുടെയൊപ്പവും ഞാൻ പോകുന്നില്ല.. എനിക്ക് ഇനിയുള്ള കാലം ഇവിടെ ജീവിച്ചാൽ മതി.. ” മാധവൻ ആ ഓൾഡ് age ഹോമിന്റെ നടത്തിപ്പ്കാരനോട് വാശി പിടിച്ചു..
“സർ മക്കൾ ആരും നോക്കാൻ ഇല്ലാത്തവരെയാണ് നമ്മൾ ഇവിടെ നോക്കുക.. സാറിന്റെ മകളും ഭർത്താവും സാറിനെ കൂട്ടി കൊണ്ടുപോകാൻ വന്നിട്ടുണ്ട്.. അവരുടെയൊപ്പം പോയെ പറ്റുള്ളൂ.. “
തന്റെ വാശി നടക്കില്ല എന്നു മനസ്സിലായ മാധവൻ അവസാനം ഇളയ മകളുടെയും ഭർത്താവിന്റെയും ഒപ്പം പോകാൻ സമ്മതിച്ചു… വൃദ്ധസദനത്തിന്റെ പടി ഇറങ്ങുമ്പോൾ ആ കണ്ണുകൾ ഈറൻ ആയിരുന്നു.. അതൊരിക്കലും തന്റെ മകൾ കൂട്ടികൊണ്ടുപോകാൻ വന്നതിന്റെ ആനന്ദശ്രുക്കൾ അല്ലായിരുന്നു മറിച്ചു പശ്ചാതാപം ആയിരുന്നു അയാളുടെ മനസ്സ് നിറയെ.. മകൾ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു..
മാധവൻ… പോലീസ് കോൺസ്റ്റബിൾ ആയിട്ടാണ് അയാൾ റിട്ടയർ ചെയ്തത്.. മൂന്നു മക്കളാണ് അയാൾക്ക് മൂത്ത മകനും മരുമകളും ഡോക്ടർമാർ.. രണ്ടാമത്തെ മകളും മരുമകനും ബാങ്ക് ജോലിക്കാർ.. ഇളയ മകൾ മായ ഹൗസ് വൈഫ് ആണ് ഭർത്താവിനു ഒരു ചെറിയ പലചരക്കു കടയുണ്ട്.. ഭാര്യ മരിച്ചിട്ട് രണ്ടു വർഷം ആയി..മൂന്ന് മാസങ്ങൾക്കു മുൻപാണ് അയാൾ ആ വൃദ്ധ സദനത്തിലേക്ക് എത്തിപ്പെട്ടത്.. താൻ ഒരുപാട് സ്നേഹിച്ച തന്റെ മൂത്ത രണ്ടു മക്കൾ ആണ് അയാളെ അവിടെയെത്തിച്ചത്.. അതുകൊണ്ട് തന്നെയാണ് തന്റെ ഇളയ മകളോടൊപ്പം പോകാൻ അയാൾ മടി കാണിച്ചത്…
മക്കളുടെ പഠന കാര്യത്തിൽ മാധവൻ വീട്ടിലും പോലീസ് ആയിരുന്നു.. അയാൾക്ക് നിർബന്ധമായിരുന്നു തന്റെ മൂന്ന് മക്കളും ഏറ്റവും നന്നായി പഠിക്കുന്നവർ ആയിരിക്കണമെന്ന്.. പക്ഷേ മായയ്ക്ക് ചെറുപ്പത്തിൽ മുതലേ പഠന വൈകല്യങ്ങൾ ഉണ്ടായിരുന്നു.. പഠിക്കാൻ എത്ര ശ്രെമിച്ചാലും അവൾക്ക് ഓർമ്മയും ഉണ്ടായിരുന്നില്ല.. പഠനത്തിൽ ഒഴികെ എല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്ന മായയെ പഠിക്കാത്തതിനു അച്ഛനായ മാധവൻ ഒരുപാട് ഉപദ്രവിക്കുമായിരുന്നു..
എന്ത് ചെയ്തിട്ടും പഠിക്കുന്നില്ല എന്ന് കണ്ട അവളെ അയാൾ പൂർണമായും ഉപേക്ഷിച്ച രീതിയായി.. മറ്റു രണ്ടു മക്കളെ കൊഞ്ചിക്കുമ്പോഴും ലാളിക്കുമ്പോഴും മായ കൊതിയോടെ നോക്കി നിന്നിരുന്നു.. അമ്മ ഒഴികെ ആ വീട്ടിൽ ആരും അവളോട് ഒരു കരുണയും കാട്ടിയില്ല.. മൂത്ത രണ്ടു കുട്ടികളും അവളെ എല്ലാ കാര്യത്തിൽ നിന്നും ഒഴിവാക്കി.. മാനസിക സംഘർഷത്തിന്റെ ഫലം കൊണ്ടാകും പത്താം തരം കടക്കാൻ പോലും അവൾക്ക് ആയില്ല.. മൂത്ത കുട്ടികളെ പഠിപ്പിക്കാൻ വിട്ട മാധവൻ പതിനെട്ടു തികയുന്നതിനു മുൻപേ മായയെ കല്യാണം കഴിപ്പിച്ചു.. അവൾക്ക് നല്ലൊരു കുടുംബത്തെ കല്യാണത്തിൽ കൂടി ലഭിച്ചു.. മൂത്ത മകൻ ഡോക്ടർ ആയതിനു പിന്നാലെ മകൾക്ക് ബാങ്ക് ഉദ്യോഗം കിട്ടിയതിലൂടെ മാധവന്റെ സ്റ്റാറ്റസ് ആകെ മാറി..
പിന്നീട് അയാൾക്ക് ഇളയ മകളും ബന്ധുക്കളും ഒരു അപമാനമായി തോന്നി.. മറ്റു രണ്ടു മക്കളുടെയും കല്യാണത്തിന് പോലും അയാൾ മായയെ വിദ്യാഭാസത്തിന്റെ പേരിൽ അപമാനിച്ചു.. ഒരിക്കലും തന്റെ വീട്ടിലേക്ക് തിരികെ പോകരുത് എന്ന് അന്ന് അവൾ ഉറച്ച തീരുമാനം എടുത്തു.. പിന്നീട് അമ്മയുടെ മരണത്തിന് എത്തിയെങ്കിലും അച്ഛനോടും കൂടിപ്പിറപ്പുകളോടും സംസാരിക്കാൻ തന്നെ ഭയമായിരുന്നു… ചടങ്ങുകൾ കഴിഞ്ഞു മടങ്ങി..
സ്വത്ത് ഭാഗം വച്ചു നൽകാൻ പോലും അച്ഛൻ മായയെ വിളിച്ചില്ല.. പണത്തിനും സ്വത്തിനും ഒരു കുറവും ഇലല്ലായിരുന്നുവെങ്കിലും കുടുംബ സ്വത്തിന്റെ ഭൂരി ഭാഗവും മൂത്ത മക്കൾ ചോദിച്ചു വാങ്ങിയെടുത്തു…
പിന്നീടാണ് മായ അറിഞ്ഞത് സ്വത്ത് പങ്ക് വച്ചതു പോലെ തന്നെ അച്ഛനെ നോക്കുന്ന ഉത്തരവാദിത്വവും അവർ പങ്കിട്ടെടുത്തുവെന്നും പിന്നീട് നോക്കാൻ കഴിയാതെ രണ്ടാളും കൂടി അവരുടെ അച്ഛനെ ഓൾഡ് ഏജ് ഹോമിൽ ആക്കിയെന്നും.. അറിഞ്ഞ അടുത്ത ദിവസം തന്നെ മായ അവളുടെ അച്ഛനെ കൂട്ടി കൊണ്ടുപോകാനായി ഭർത്താവിനോപ്പം വന്നു…
ഇന്നു അയാൾ സുഖമായി ജീവിക്കുന്നു..വിദ്യാഭ്യാസം കൊണ്ടും സമ്പത്തു കൊണ്ടും മുൻപിൽ നിൽക്കുന്ന തന്റെ മക്കളുടെ ഒപ്പമല്ല താൻ പലപ്പോഴും അപമാനിച്ചു വീട്ടിട്ടുള്ള സ്നേഹവും കരുണയുമുള്ള തന്റെ മകളോടൊപ്പം.. അവളുടെയും കുടുംബത്തിലുള്ളവരുടെ സ്നേഹവും കരുതലും അനുഭവിച്ച്… മനസ്സ് നിറയെ പശ്ചാത്താപാത്തോട് കൂടി.. മക്കൾക്ക് സ്വത്ത് മാത്രമല്ല സ്നേഹവും ഒരുപോലെ വീതിച്ചു നൽകേണ്ടിയിരുന്നു എന്ന തിരിച്ചറിവോടെ..
അവസാനിച്ചു…