യാദൃശ്ചികമായി എഫ്ബിയിൽ വന്നൊരു റിക്വസ്റ്റ്, കൂടുതലായി നോക്കിയപ്പോൾ അവൾ പഠിച്ച സ്കൂളിലെ പൂർവ വിദ്യാർത്ഥി…

നിനവായ്

എഴുത്ത്: മീനാക്ഷി മനു

ഫോണിന്റെ വെട്ടം കത്തിയപ്പോൾ തന്നെ നന്ദന ഫോൺ പെട്ടന്ന് എടുത്തു. പ്രിയപ്പെട്ടൊരു കോളിനായുള്ള കാത്തിരിപ്പിന്റെ വിരാമം അവളുടെ കണ്ണുകളിൽ തെളിഞ്ഞു. ഒരുപാട് സന്തോഷത്തോടെ വളരെ പതുക്കെ പതിഞ്ഞ സ്വരത്തിൽ അവൾ ഹലോ പറഞ്ഞു. ഡാ.. നീ ഉറങ്ങിയില്ലേ… സ്നേഹവും വാത്സല്യവും നിറഞ്ഞ ഹരിയുടെ ചോദ്യത്തിനുള്ള ഉത്തരത്തിനെകാൾ അവൾക്ക് അവനോട് ഒരു നൂറു ചോദ്യങ്ങളുണ്ടായിരുന്നു സുഖാന്വേഷണങ്ങളായി.

ഹരിയേട്ടൻ എന്നാ വരുക തെല്ലൊരു പരിഭവത്തിൽ എന്നാലെറെ ആകാംഷയോട് കൂടിയവൾ ചോദിച്ചു ഞാൻ അടുത്താഴ്ച എത്തും നന്ദു , ലീവ് ശരിയായിട്ടുണ്ട്. ഹരിയുടെ ആ വാക്കുകൾ അവളിലൊരു ലോകം തന്നെ കീഴടക്കിയ സന്തോഷമായിരുന്നു. എന്നാൽ ശെരി നന്ദു ഉറങ്ങിക്കോളൂ, എനിക്ക് ഡ്യൂട്ടിക്ക് പോകാൻ സമയമായി നിനക്ക് നാളെ കോളേജ് ഉള്ളതല്ലേ.

ഹരിയുടെ ഫോൺ കോൾ കട്ടായി എങ്കിലും അവൾ കുറച്ചു നിമിഷങ്ങൾ കൂടി ഫോണും ചേർത്ത് പിടിച്ചിരുന്നു. വളരെ പെട്ടന്നായിരുന്നു ഹരിയും നന്ദനയുമായുണ്ടായ അടുപ്പം. യാദൃശികമായി എഫ്ബിയിൽ വന്നൊരു റിക്വസ്റ്റ്, കൂടുതലായി നോക്കിയപ്പോൾ അവൾ പഠിച്ച സ്കൂളിലെ പൂർവ വിദ്യാർത്ഥി, ഒരേ നാട്ടുകാർ, കുറെയധികം പൊതു സുഹൃത്തുക്കളും. അവൾ ഹരിയെ അക്‌സെപ്റ്റ് ചെയ്ത്. തുടർന്നുള്ള ദിവസങ്ങളിൽ അയാളൊരു പട്ടാളക്കാരാണന്നും അതിർത്തിയിലാണ് എന്നും മനസിലാക്കി. നാട്ടുകാര്യങ്ങൾ മുതൽ ലോകകാര്യങ്ങൾ വരെ അവരിൽ ദൈനംദിന ചർച്ച വിഷയമായി. പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയിട്ട് 3മാസങ്ങൾ കടന്നു പോയിരിക്കുന്നു. അവർ ആദ്യമായി നേരിൽ കാണാൻ പോകുന്നു. ഇഷ്ടമാണ് എന്ന് വീട്ടിൽ പറഞ്ഞാൽ അച്ഛൻ ഈ വിവാഹത്തെ എതിർക്കും ഉറപ്പാണ്. ഹരി വീട്ടിൽ കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഈ വരവിൽ ഹരിയുടേയും നന്ദനയുടെയും വിവാഹം ഉറപ്പിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ട്. അവൾക്ക് ഉറങ്ങാൻ കഴിയുന്നില്ല പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലായിരുന്നു അവൾ.

പിറ്റേന്ന് രാവിലെ അവൾ ഹരിക്ക് പതിവ് goodmorning മെസ്സേജും അയച്ചുകൊണ്ട് പല്ലുതേക്കാൻ ബ്രഷുമായി മുറ്റത്തേക്കിറങ്ങി.

തെക്കേലെ സുമ ചേച്ചിയും അമ്മയും കാര്യമായ ചർച്ചയിലാണ്. എന്നാലും വല്യ കഷ്ടമായി പോയി. സുമ ചേച്ചി വളരെ വിഷമത്തോടെ അമ്മയോട് പറയുന്നത് കേട്ടു കൊണ്ടാണ് നന്ദന മുറ്റത്തേക്ക് ഇറങ്ങുന്നത്. രാവിലെ തന്നെ ഇതാരുടെ കാര്യമാണ് ചർച്ച വിഷയം. മോൾ അറിഞ്ഞില്ലേ അക്കരെയുള്ള പട്ടാളക്കാരൻ ചെക്കൻ ഇന്നലെ അതിർത്തിയിൽ ആക്രമണത്തിൽ മരിച്ചു. ഗിരിജ ചേച്ചിക്ക് ആളെ മനസിലായില്ലേ അംഗനവാടിയിലെ ആയ രമ ചേച്ചിയുടെ മകൻ ആണ്. വെളുപ്പിന് തൊട്ട് വാർത്തയിൽ പറയുന്നുണ്ടല്ലോ… ഇത്രേയുള്ളൂ ഇവരുടെയൊക്കെ ജീവിതം…നന്ദനയിൽ ഒരു വല്ലാത്ത മരവിപ്പ് അനുഭവപ്പെട്ടു.

അവൾ പെട്ടന്ന് തന്നെ tv വെച്ചു നോക്കി. ഇന്ന് പുലർച്ചെ 3മണിക്കായിരുന്നു സംഭവം. നൈറ്റ്‌ പട്രോളിങിന് പോയ വാഹനം മൈൻ പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. ഒരു JCO യും 5 പട്ടാളക്കാരും വീരമൃത്യു വരിച്ചു. അതിൽ മലയാളിയായ നായിക് ഹരി എസ് (26)തിരുവനന്തപുരം സ്വദേശിയും ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. കേട്ട വാർത്ത സത്യമാകരുതേ എന്ന് ദൈവത്തിൽ ഉള്ളുരുകി വിളിച്ചു കൊണ്ട് അവൾ മുറിയിൽ കയറി അവന്റെ ഫോണിലേക്ക് വിളിച്ചു. ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. എന്ത് വേണമെന്ന് അറിയാതെ അവൾ വായ പൊത്തിപ്പിടിച്ചു കരഞ്ഞു. എനിക്ക് കാണണമെന്റെ ഹരിയേട്ടനെ ആദ്യവും അവസാനവുമായി.

നമുക്ക് ഹരി പഠിച്ച സ്കൂളിൽ പൊതു ദർശനത്തിനു വെക്കണം. പീടിക വരാന്തയിൽ ആരൊക്കെയോ പറയുന്നത് കേട്ട് അവൾ സ്കൂളിലേക്ക് വേഗത്തിൽ നടന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്, കാലുകൾ വിറക്കുകയാണ്…. ശരീരമാകെ തളരുന്നത് പോലെ. ഇല്ല….. എനിക്ക് എനിക്ക് ഹരിയേട്ടനെ കാണണം, തളർന്ന ശരീരവും തകർന്ന മനസ്സുമായി അവൾ സ്കൂളിലേക്ക് നടന്നു.

എന്റെ നന്ദു നമ്മുടെ പഴയ കണക്ക് മാഷിനെ ഓർമ്മയുണ്ടോ???

ശ്രീധരൻ മാഷല്ലേ???

അതെ, നീ നോക്കിക്കോ ഓഫീസർ ആയി ഞാൻ വരുമ്പോൾ നമ്മുടെ സ്കൂളിൽ എനിക്ക് ഒരു സ്വീകരണം വെക്കും !

ആര്? ഹരിയേട്ടനോ???

ഞാനല്ല നാട്ടുകാർ. ഹും നീ എന്നെ താറ്റിയതാണെന്ന് മനസിലായി. നിന്നെ പോലെ പുച്ഛിക്കുന്നവർക്കു മുമ്പിൽ ഞാൻ വരും. ശ്രീധരൻ മാഷിനോട് പറയും മാഷേ differentiation നും ഇന്റഗ്രേഷനുമല്ല ജീവിതമെന്ന്.

ഓഹോ……

അവൾ പെട്ടന്ന് ചിന്തകളിൽ നിന്നും ഉണർന്നു.

ഹരിയേട്ടനെ ഒരു നോക്കെ മാഷ് നോക്കിയുള്ളൂ. വിങ്ങി പൊട്ടുന്നുണ്ടായിരുന്നു പാവം. കർക്കശക്കാരനായ മാഷിൽ അത്രെയും വലിയൊരു പാവത്താൻ ആയിരുന്നുവെന്ന് അന്നാദ്യമായി സ്കൂളും കുട്ട്യോളും തിരിച്ചറിഞ്ഞു.

ഇവിടുത്തെ പൊതുദർശനം കഴിഞ്ഞുവെങ്കിൽ നമുക്ക് ഹരിയുടെ വീട്ടിലേക്ക് തിരിക്കാം. മെമ്പർ സ്കൂൾ അധികൃതരോട് സംസാരിച്ച ശേഷം ഒരു വലിയ ജനാവലിയോട് കൂടി ഹരിയുടെ ബോഡിയുമായി വാഹനം വീട്ടു പടിക്കലെത്തി. ഹരിയേട്ടനൊപ്പം ഞാൻ കേറി ചെല്ലേണ്ടിയിരുന്ന വീട് അവൾ സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് അവിടേക്ക് കടന്ന് ചെന്നു. അവിടെ ഒരു വല്യ പന്തലൊരുക്കിയിരിക്കുന്നു. ഹരിയേട്ടൻ പറഞ്ഞിരുന്നു നമ്മുടെ കല്യാണത്തിന് മുറ്റത്തൊരു വല്യ പന്തലിടുമെന്ന്. ഒരുപാടാളുകൾ വന്നു കൊണ്ടിരിക്കുന്നു. ഹരിയേട്ടന്റെ അച്ഛനും അമ്മയും കരഞ്ഞു തളർന്നിരുപ്പുണ്ട്. എനിക്ക് അടുത്ത് ചെല്ലണമെന്നുണ്ട് പക്ഷേ… ഞാനാരാ???

ത്രിവർണ പതാകയും ഒരുപാട് വാഹനങ്ങളുടെ അകമ്പടിയോടു കൂടി എന്റെ ഹരിയേട്ടനെത്തി.

നീ നോക്കിക്കോ നമ്മുടെ കല്യാണം ഒരു വല്യ ആഘോഷമായിരിക്കും. നമ്മുടെ രണ്ട് പേരുടെയും ഫോട്ടോ വെച്ചൊരു വല്യ ഫ്ലെക്സ് അത് ഞങ്ങളുടെ ക്ലബ്ബിന്റെ വക. നമ്മൾ വരുന്ന കാറിൽ നിറയെ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കും. നമ്മുടെ കൂട്ടുകാരൊക്കെ ബൈക്കിൽ അകമ്പടിയായെത്തും.

ഹരിയേട്ടൻ പറഞ്ഞത് ശരിയാണ് വലിയൊരു ഫ്ലെക്സ് വെച്ചിട്ടുണ്ട് ഹരിയേട്ടന്റെ ഫോട്ടോ വെച്ചു കൊണ്ട്. പൂക്കളാൽ അലങ്കരിച്ചൊരു വാഹനവും അകമ്പടിയായി കൂട്ടുകാരും വന്നിരുന്നു ഹരിയേട്ടനൊപ്പം. കുറച്ചു പട്ടാളക്കാർ ചുമലിലേറ്റി ഹരിയേട്ടനെ പുറത്തേക്ക് കൊണ്ട് വന്നു. അമ്മ നെഞ്ച് തല്ലി കരയുന്നുണ്ട്, ഹരിയേട്ടന്റെ അച്ഛൻ തളർന്നു പോയിരുന്നു.

ആദ്യമായും അവസാനമായും തനിക്ക് ഹരിയുടെ മുഖമൊന്നു ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ വിങ്ങൽ അവളിൽ നിറഞ്ഞുനിന്നു.

പട്ടാളക്കാർ ഹരിയുടെ അച്ഛനും അമ്മയ്ക്കും ഹരിയെ പുതപ്പിച്ചിരുന്ന ഭാരതമ്മയുടെ ത്രിവർണ്ണ പതാക മടക്കി നൽകി . അവർ ഹരിക്ക് മുമ്പിൽ സല്യൂട്ട് ചെയ്തു.

ഇന്ന് അവർ എന്നെ ഗ്രൗണ്ടിൽ പൊരു വെയിലിൽ ഓടിച്ചു. പോരാത്തതിന് തല കുത്തി നിർത്തി. നിനക്ക് അറിയോ പെണ്ണേ ഞാൻ ഓഫീസർ ടെസ്റ്റ്‌ പാസ്സ് ആയാൽ ഇവരൊക്കെ എന്നെ സല്യൂട്ട് ചെയ്യുന്നൊരു ദിവസം വരും.

ആഗ്രഹിച്ചതൊന്നും നടന്നില്ല. പക്ഷേ അവൾ അവനെ കാണുമ്പോൾ നൽകാനായി ആഗ്രഹിച്ചിരുന്ന ചെമ്പനീർ പൂക്കൾ അവനായി സമ്മാനിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.

അതെ ഹരി ആഗ്രഹിച്ചത് പോലെയല്ലെങ്കിലും ആ നാടും നാട്ടുകാരും അവനിൽ അഭിമാനം കൊണ്ടു, എല്ലാവർക്കും മുമ്പിൽ പട്ടാളക്കാർ ഹരിയെ സല്യൂട്ട് ചെയ്തു അവസാനമായി. വെടിയൊച്ചകളുടെ മുഴക്കത്തോടെ ആ ചിതയ്ക്ക് തീ പടർന്നു, അവരുടെ സ്വപ്നങ്ങൾക്കും….

ഇന്ത്യയുടെ ചരിത്രത്തിലെന്നും വിങ്ങലോടോർമ്മിക്കപ്പെടുന്ന സ്വന്തം ജീവനേക്കാളേറെ നാടിനെ പ്രണയിച്ചവരുടെ പ്രണയദിനം കടന്നുപോയി. ധീര ജവാന്മാർക്കുമുമ്പിൽ പ്രണമിച്ചു കൊണ്ട് നിർത്തുന്നു.

ഒരു ഇടവേളക്ക് ശേഷമുള്ള എഴുത്തായതിനാൽ തെറ്റുകളുണ്ടെകിൽ ക്ഷമിക്കണം എന്ന് പറഞ്ഞു കൊണ്ട്. സ്നേഹപൂർവ്വം, മീനാക്ഷി മനു…