നന്ദേ തനിക്ക് ഇനി പഠിക്കണം എന്നുണ്ടോ … വൈശാഖ് സാറിന്റെ ചോദ്യം കേട്ടപ്പോൾ നന്ദയ്ക്ക് നെഞ്ചിലൂടെ മിന്നൽപിണർ പാഞ്ഞു പോകുന്ന പോലെ തോന്നി ….ഇനിയും പഠിക്കാനോ …?എന്റെ മഹാദേവാ ഇതെന്തു പരീക്ഷണം ആണ് …ഈ മനുഷ്യനോടുള്ള പ്രണയഭ്രാന്ത് കൊണ്ട് പത്തിൽ എൺപത്തിമൂന്നു ശതമാനം മാർക്ക് കിട്ടിയ ഞാൻ പ്ലസ് ടു നല്ല വെടിപ്പായി തോറ്റു….പതിനെട്ടു തികഞ്ഞാൽ കെട്ടിക്കുമെന്നു അച്ഛൻ ഉറപ്പു പറഞ്ഞതോടെ തോറ്റത് വീണ്ടും വാശിയോടെ എഴുതി എടുത്തു .. പിന്നീട് അങ്ങോട്ട് പഠിപ്പിസ്റ്റിന്റെ കുപ്പായം എടുത്തിട്ടത്…. പഠിച്ചു വലിയ ആളാകാൻ ഉള്ള സ്വപ്നം ഒന്നും ഉണ്ടായിട്ടല്ല ….ഈ താലി കഴുത്തിലണിയാൻ മാത്രം ആയിരുന്നു ….
ദേ വീണ്ടും ചോദിക്കുന്നു പഠിക്കണോ ന്നു …. ഹും എനിക്കിവിടെ സർ ന്റെ ഭാര്യയായി കുഞ്ഞുങ്ങളുടെ അമ്മയായി ജീവിക്കണം ന്നു പറയാനാണ് തോന്നിയതെങ്കിലും ഒന്നും മിണ്ടാതെ ആ മുഖത്തേക്ക് നോക്കി മിഴുങ്ങസ്യാ ന്നു നിൽക്കാനേ തനിക്ക് കഴുഞ്ഞുള്ളൂ …
സർ അത് പ്രതീക്ഷിച്ചു കാണും …..ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ തനിക്ക് ആളോട് ഉള്ള അസ്ഥിക്ക് പിടിച്ച പ്രണയം ……
ബി.എഡ് നു അഡ്‌മിഷൻ കിട്ടുമോന്നു നോക്കാം … എസ് .എൻ കോളേജിലെ പ്രിൻസിപ്പൽ എന്നെ പഠിപ്പിച്ചതാ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു വച്ചിട്ടുണ്ട് …
യൂണിവേഴ്‌സിറ്റിയിൽ ഒന്ന് വിളിച്ചു നോക്കണം …പി .ജി സർട്ടിഫിക്കറ്റ് വന്നെങ്കിൽ പെട്ടെന്ന് തന്നെ പോയി വാങ്ങണം …… നന്ദ അപ്പോഴും ആ മീശയിലും കണ്ണിലും ഒക്കെ നോക്കി നോക്കി നിന്നു…….. .
നന്ദേ … ഞാൻ പറഞ്ഞു കൊണ്ടിരിക്കയാണ് … താൻ വല്ലതും കേൾക്കുന്നുണ്ടോ…?പെട്ടെന്ന് നന്ദ നോട്ടം പിൻവലിച്ചു താഴെ നോക്കി കൊണ്ട് പറഞ്ഞു സോറി സാർ …ഞാൻ പെട്ടെന്ന് എന്തോ ഓർത്തു പോയി ….ഇയാൾ പണ്ടും ഇങ്ങനെ തന്നെ ആയിരുന്നല്ലോ …പഠിപ്പിക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ വല്ല ലോകത്തും ഇരിക്കും, ചോദിക്കുമ്പോൾ ഇതുപോലെ സോറി പറയും … അവസാനം എന്തായി പ്ലസ് ടു നു താൻ മാത്രേ തോറ്റുള്ളൂ …. താൻ എങ്ങനെയാടോ പി ജി വരെ എത്തിയത് അപ്പോഴേക്കും നന്ദയുടെ കണ്ണ് നിറഞ്ഞു തുടങ്ങി ….
അത് കണ്ടിട്ടാവണം …”സാരല്യ ഇനി അതോർത്തു വിഷമിക്കണ്ട ഇയാൾ കിടന്നോളൂ ” മുഖത്തു നോക്കാതെ പറഞ്ഞു കൊണ്ട് വൈശാഖ് കയ്യിൽ ഇരുന്ന ബുക്കിലേക്ക് ശ്രദ്ധ തിരിച്ചു …….
നന്ദയുടെ കണ്ണിൽ മിഴിനീരിനിടയിലും ഒരു പുഞ്ചിരി തെളിഞ്ഞു …. തന്റെ കണ്ണൊന്നു നിറയുമ്പോൾ ആൾടെ നെഞ്ചൊന്നു പിടഞ്ഞുവോ ന്നു ഒരു ഡൌട്ട് … ചിലപ്പോൾ തോന്നൽ ആയിരിക്കാം ….
എന്നാലും പ്രാണ വായുവിനേക്കാൾ പ്രിയം സാറിനോടുള്ള പ്രണയത്തോടു ആവുമ്പോൾ അങ്ങനെ ഒക്കെ തോന്നാതിരിക്കുന്നത് എങ്ങനെയാ അല്ലെ…. അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു …
തറയിൽ വിരിച്ച പായയിൽ തൂവെള്ള നിറത്തിൽ ചുമന്ന പൂക്കളുള്ള തലയിണയിൽ മുഖമമർത്തവേ … പഠിപ്പിച്ച കുട്ടിയെ ഭാര്യയായി കാണാനൊന്നും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല നന്ദക്ക് അത് മനസ്സിലാവുമെന്നു കരുതുന്നു എന്ന സാറിന്റെ വാക്കുകൾ അവൾ മറക്കാൻ ശ്രമിച്ചു ……….
പിഞ്ചു കുട്ടികളെ പോലും പിച്ചി ചീന്തുന്ന രാക്ഷസന്മാരുള്ള നാട്ടിൽ ശിഷ്യ ആയിരുന്നു എന്നൊരു കാരണത്തിൽ താലി കെട്ടിയിട്ടും ഒന്ന് തൊടുക പോലും ചെയ്യാതെ തന്നെ സംരക്ഷിക്കുന്ന സാറിനെ സ്നേഹിക്കാതെ ഇരിക്കാൻ തനിക്ക് എങ്ങനെ കഴിയും …..
സർ എന്ന് മാത്രേ താൻ ഇന്നുവരെ വിളിച്ചിട്ടുള്ളു …രണ്ടു മാസം മുന്നേ ഒരു ദിവസം രാത്രി വായിൽ നിന്നും മൂക്കിൽ നിന്നും രക്‌തം വാർന്നു നടക്കാൻ പോലും ആവാതെ സാറിന്റെ കൈ പിടിച്ചു ഈ വീടിന്റെ പടി കയറിയ ദിവസം ….
തലയിലൂടെ വെള്ളംഒഴിച്ച് , ചോരയിൽ പറ്റിച്ചേർന്ന മണ്ണ് കഴുകിയ ശേഷം, തന്നെ ചേർത്ത് നിർത്തി, വേദനിക്കാതെ, വെള്ളം ഒപ്പിയെടുത്തു കൊണ്ട് ഇവിടത്തെ ‘അമ്മ പറഞ്ഞതാ ..ഇനി നീ വൈശാഖിന്റെ പെണ്ണ് ആണ് … സർ എന്ന് ഇനി വിളിക്കണ്ട …
വിദ്യയും വീണയും പിന്നെ എന്റെ ആങ്ങളമാരുടെ മക്കളും എല്ലാവരും അവനെ കുഞ്ഞേട്ടാ എന്നാണ് വിളിക്കുന്നത് …. മോൾക്ക് അങ്ങനെ വിളിക്കാം അല്ലെങ്കിൽ വേറെ എന്തെങ്കിലും ഇഷ്ടമുള്ളത് വിളിക്കാം …
എന്തായാലും സർ വേണ്ട മോളെ …നാളെ നിന്റെ കഴുത്തിൽ താലി കെട്ടേണ്ടവൻ അല്ലെ … അടുത്ത ദിവസം തന്നെ നല്ലൊരു മുഹൂർത്തം നോക്കി അമ്പലത്തിൽ വച്ച് താലി കെട്ടു നടത്താം …. ഇനി അവരെങ്ങാനും കേസിനു പോകുന്നതിനു മുന്നേ തന്നെ അത് നടക്കണം ….
കുഞ്ഞേട്ടൻ ന്നു വിളിക്കാൻ മനസ്സു കൊതിച്ചതാണ് … പക്ഷെ ഏഴു വർഷം മനസ്സു കൊണ്ട് ആരാധിച്ചത് , നോയമ്പ് നോറ്റത് എല്ലാം സാർ എന്നാരു മന്ത്രം മനസ്സിൽ ഉരുവിട്ട് കൊണ്ടായിരുന്നു …. അത് കൊണ്ട് തന്നെ വേറെ ഒന്നും വിളിച്ചില്ല ….ഭാര്യയായി തന്നെ സ്നേഹിച്ചു തുടങ്ങുന്ന ദിവസം കുഞ്ഞേട്ടാ ന്നു തന്നെ അഭിമാനത്തോടെ വിളിക്കണം ന്നു മനസ്സിൽ കരുതി ……….
*******************************
ഏഴു വർഷങ്ങൾക്ക് മുന്നേ പത്താം ക്ലാസ്സിലെ ഉച്ച കഴിഞ്ഞുള്ള സ്കോഷ്യൽ സയൻസ് പിരീഡിൽ വെറുതെ പുറത്തേക്കു നോക്കിയിരുന്നതാ…
അപ്പോഴാണ് സ്കൂളിലെ ടീച്ചേഴ്‌സ് അല്ലാതെ പുറത്തു നിന്നും ഒരു പൂച്ച പോലും കടക്കാത്ത ഹെഡ് മാസ്റ്ററുടെ റൂമിൽ നിന്നും ഒരു സുന്ദരനായ ചെറുപ്പക്കാരൻ ഇറങ്ങി വരുന്നത് കണ്ടത് …ചുമ്മാ നോക്കി അത്ര തന്നെ … അതായിരുന്നു ആദ്യ കാഴ്ച….പിന്നീട് സ്ഥിരമായി കാണാൻ തുടങ്ങിയപ്പോൾ , ഹൃദയമിടിപ്പിന്റെ വേഗത കൂടി വന്നു …
ആരാണോ എന്താണോ എന്ന് പോലും അറിയില്ല … അടുത്ത് പോലും കണ്ടില്ല….നടക്കുന്ന സ്റ്റൈൽ മാത്രേ വ്യക്തമായി കാണാൻ കഴിഞ്ഞുള്ളു …. നടുവൊടിഞ്ഞു വീണ പ്രണയം അവിടെ തുടങ്ങുകയായിരുന്നു …..
വൺ സൈഡ് പ്രണയത്തിന്റെ ഭീകരമായ, തീവ്രമായ, വഴിയിലൂടെയാണ് ആ യാത്രയെന്ന് അപ്പോൾ താൻ അറിഞ്ഞിരുന്നില്ല ….
പത്താം ക്ലാസ് കഴിയുന്നത് വരെ ക്ലാസ് മുറിയിലെ ഏകാന്തതയിൽ (പഠിക്കാൻ അത്ര മിടുക്ക് ഇല്ലാത്തവർക്ക് തോന്നുന്ന അതെ ഏകാന്തതയിൽ) ആ മനുഷ്യൻ ഒരു കുളിർമഴ പോലെ നടന്നു നീങ്ങുന്നത് താൻ സങ്കല്പിച്ചു നോക്കുമായിരുന്നു ……..
അങ്ങനെ ക്ലാസ് തീർന്നു, സ്റ്റഡി ലീവ് വന്നു , പരീക്ഷ വന്നു .. ഒടുവിൽ റിസൾട്ടും വന്നു… ഉദാരമായി പേപ്പർ നോക്കിയവർ അപരിചിതനെ സ്വപ്നം കണ്ടിരുന്നവളെ 83% മാർക്കോടെ ജയിപ്പിച്ചു …..
മൂന്ന് മാസത്തെ ഇടവേള കിട്ടിയെങ്കിലും ഹെഡ് മാസ്റ്ററുടെ റൂമിൽ നിന്നും മനസ്സിലേക്ക് നടന്നു കയറിയ ആ അപരിചിതൻ ഒരു നോവായി തന്നെ ഇരുന്നു … ഒന്ന് കാണാൻ പറ്റിയെങ്കിലെന്നു വെറുതെ പ്രാർത്ഥിക്കുമായിരുന്നു … കാണാൻ ഒരു വഴിയും ഇല്ലന്ന് അറിഞ്ഞിട്ടും ….
പ്ലസ് വൺ നു അഡ്‌മിഷൻ നോക്കിയപ്പോൾ സെയിം സ്കൂൾ വേണ്ടാന്ന് വാശി പിടിച്ചത് താൻ ആണ് … ബസിൽ കയറി പഠിക്കാൻ പോകാനുള്ള ആഗ്രഹം കൊണ്ടായിരുന്നു തന്റെ വാശി ..പഠിച്ച സ്കൂളിൽ തന്നെ , അതും നടന്നു പോകാനുള്ള ദൂരത്തിൽ , പുസ് ടു ഉള്ളപ്പോൾ ദൂരെ വിടില്ല ന്നു അച്ഛന് നിർബന്ധം ആയിരുന്നു …
പോരാത്തതിന് സ്കൂളിലെ പി ടി എ യിൽ തെറ്റില്ലാത്ത ഒരു സ്ഥാനവും ഉണ്ടായിരുന്നത് കൊണ്ട് അവിടെ തന്നെ തന്റെ അഡ്മിഷനും ശരിയാക്കി അച്ഛൻ വിജയശ്രീ ലാളിതനായി നിന്നു……….
അച്ഛൻ അറിഞ്ഞില്ലല്ലോ മോൾടെ വിധി ….
അങ്ങനെ ആദ്യ ദിവസം പ്ലസ് വൺ ക്ലാസ്സിൽ, പുതിയ യൂണിഫോം ഒക്കെ ഇട്ടു സുന്ദരിയായി , ഇനി മുതൽ ഞാൻ പഠിപ്പോടു പഠിപ്പായിരിക്കും എന്നൊക്കെ ദൃഡ പ്രതിജ്ഞ എടുത്തിരുന്ന അവളുടെ മുന്നിലേക്ക് .., അറ്റൻഡൻസ് ബൂക്കുമായി ആ അപരിചിതൻ വന്നു…. അതൊരു ഒന്നൊന്നൊര വരവായിരുന്നു …..
“ഞാൻ വൈശാഖ് , കെമിസ്റ്ററി ആണ് എന്റെ സബ്‌ജെക്ട്.. നിങ്ങളുടെ ക്ലാസ് ചാർജ് എനിക്കാണ് …” കയ്ച്ചിട്ടു ഇറക്കാനും , മധുരിച്ചിട്ട് തുപ്പാനും വയ്യാതെ , നന്ദ ആ മുഖത്തു നോക്കി അന്തം വിട്ടിരുന്നു ….
എന്തൊരു ഭംഗിയാണ് കാണാൻ … ഇത്ര അടുത്ത് കാണുന്നതും, വ്യക്തമായി കാണുന്നതും ആദ്യം … എനിക്ക് ഇഷ്ടപ്പെട്ടു …പക്ഷെ സർ ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല
… സ്കൂൾ ഒന്നാണ് എങ്കിലും പ്ലസ് ടു ബിൽഡിംഗ് വേറെ ആയതു കൊണ്ട് ഇവിടത്തെ ടീച്ചേഴ്‌സിനെ ഒന്നും കണ്ടു പരിചയം ഉണ്ടായിരുന്നില്ല …..ഇത്രയും നാൾ തോന്നിയതൊക്കെ മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ … അവൾ ആത്മാർഥമായി ആഗ്രഹിച്ചു…
പക്ഷെ സാറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒക്കെയും ഹൃദയം ഒരു കല്യാണ മേളത്തോടെ മിടിച്ചു തുടങ്ങിയിരുന്നു ……
സർ എല്ലാവരോടും പേര് ചോദിച്ചു തുടങ്ങിയിരുന്നു …. വിളറി വെളുത്തും, ചുവന്നു തുടുത്തും മാറി വരുന്ന ഭാവ ഭേദങ്ങളോടെ അവൾ പേര് പറഞ്ഞു …
‘അളകനന്ദ ‘…
“ആഹാ കൊള്ളാലോ ഈ പേര് ….കവിത പോലെ … നിള ഒഴുകും പോലെ ….” സർ അങ്ങനെ പറഞ്ഞപ്പോൾ ഉള്ളിലെ കല്യാണ മേളം പുറത്തു കേൾക്കും വിധം ഉച്ചത്തിലായെന്നു തോന്നി അവൾക്ക്………
വീട്ടിലെ അമ്മു ആയിരുന്നു അവൾ ….സ്കൂളിൽ ചേർക്കുന്ന സമയം ആയപ്പോൾ ടി വി യിൽ വാർത്ത വായിക്കുന്ന സുന്ദരി ചേച്ചിടെ പേര് മതിയെന്ന് പറഞ്ഞു കരഞ്ഞത് എത്ര നന്നായി ….അതുകൊണ്ടല്ലേ , ഈ മുപ്പത്തിരണ്ട് കുട്ടികളുടെ പേര് കേട്ടിട്ടും , പറയാതെ തന്റെ പേര് മാത്രം കവിത പോലെ .., നിള ഒഴുകും പോലെ എന്ന് സർ പറഞ്ഞത് …..സ്വന്തം പേരിനോടുള്ള ഇഷ്ടം ഇരട്ടിയായി അവൾക്കപ്പോൾ …..
പേരിലെ വ്യത്യസ്തത പാരയായത്, ശരിക്കും പഠിപ്പിച്ചു തുടങ്ങിയപ്പോൾ ആയിരുന്നു…
ദിവസവും അളകനന്ദ പറയൂ എന്നൊരു മുഖവുരയോടെ തന്നിലേക്ക് എറിയുന്ന ചോദ്യങ്ങളുടെ മുന്നിലും കുന്തം വിഴുങ്ങിയത് പോലെ നിൽക്കുമ്പോൾ , .. ഇതുപോലും അറിയില്ലേ … അവിടെ ഇരിക്കൂ ,.. അടുത്തയാൾ പറയൂ എന്നൊരു ദേഷ്യത്തോടെ സർ മുഖം തിരിച്ചപ്പോൾ … തങ്ങൾ തമ്മിലുള്ള കെമിസ്ട്രിക്ക് ഒരു തീരുമാനം ആയെന്നു അവൾക്ക് ബോധ്യമായി …..
ഫസ്റ്റ് ഇയർ തീരാറായി … ക്ലാസ്സിലെ പഠിക്കാൻ ഏറ്റവും മോശമുള്ള കുട്ടികളിൽ ഒരാളാണ് താനെന്നു സർ പറയുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു ….. എന്നാലും സത്യമായിരുന്നു അത് ……….
സർ പഠിപ്പിക്കുമ്പോൾ ഒക്കെ ആ മുഖത്തും, കണ്ണിലും , മൂക്കിലും മീശ യിലും ഒക്കെ കൗതുകത്തോടെ നോക്കിയിരുന്നു എന്നല്ലാതെ ഒരു വാക്കു പോലും ശ്രദ്ധിച്ചില്ല….ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല അതാണ് സത്യം ….
ക്ലാസ് പരീക്ഷകളിലൊക്കെ ഒറ്റ സംഖ്യകളായി മാർക്ക് പേപ്പറിൽ നിന്ന്നും ദയനീയതയോടെ അവളെ നോക്കി …..
പ്രണയത്തിന്റെ തീവ്രതയ്ക്കപ്പുറം വിധിയെ വിശ്വസിക്കാതെയിരിക്കാൻ അവൾക്ക് കഴിയാതെ വന്നത്, കുറെ നാളായി ഒഴിഞ്ഞു കിടക്കുന്ന തൊട്ടടുത്തുള്ള വീട് സാർ വാങ്ങി എന്നറിഞ്ഞപ്പോഴാണ് ….
ഒരു അമ്പരപ്പോടെ ആണെങ്കിലും വീട് സാധനങ്ങൾ ഒക്കെ പെറുക്കാൻ സഹായിക്കുന്ന സാറിന്റെ മുന്നിലേക്ക് ഓടിച്ചെന്നു ഒരു കിതപ്പോടെ പറഞ്ഞു “സർ എന്റെ വീട് ഈ കാണുന്നതാണ് ,,” ഓ ഇത് തന്റെ വീടായിരുന്നൊ..? ഓകെ ശരി .. എന്ന് പറഞ്ഞു സാർ നിസ്സംഗതയോടെ മുഖം തിരിച്ചു …..
പന്ത്രണ്ടും പതിനാലും ഒക്കെ പരീക്ഷക്ക് മാർക്ക് വാങ്ങുന്ന തന്നോട് സർ പിന്നെ എങ്ങനെ പെരുമാറാൻ ആണെന്ന് സമാധാനിച്ചു തിരിച്ചു നടന്നു …. എന്നാലും കൺ മുന്നിൽ കാണാവുന്ന ദൂരത്തിൽ സാറിനെ കൊണ്ടെത്തിച്ച ദൈവത്തോട് എത്ര നന്ദി പറഞ്ഞിട്ടും അന്ന് മതിയായിരുന്നില്ല …..
സാറിന്റെ അമ്മയെയും അച്ഛനെയും ഒക്കെ കണ്ടു നല്ല സ്നേഹമുള്ളവർ …. ഡിഗ്രിക്ക് പഠിക്കുന്ന രണ്ടു അനിയത്തിമാർ ,… വിദ്യയും വീണയും …, ഇരട്ട കുട്ടികൾ …സുന്ദരികൾ …. അവരോടൊക്കെ പെട്ടെന്നു തന്നെ പരിചയത്തിലായി …..
എന്നും സന്ധ്യക്ക് ആ ‘അമ്മ ഉമ്മറത്തു വിളക്കു വച്ചു ഉച്ചത്തിൽ നാമം ചൊല്ലുമായിരുന്നു …. സാറിന്റെ അമ്മയുടെ നാമ ജപം കേട്ടു … എന്റെ വീട്ടിലെ കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിൽ ഞാൻ കണ്ണ് പൂട്ടി ഇരിക്കുമായിരുന്നു …….
സ്കൂൾ ഇല്ലാത്ത ദിവസവും സാറിനെ കാണാൻ പറ്റുന്നതിനേക്കാൾ മഹാഭാഗ്യം എന്തുണ്ട് എന്നോർക്കുമ്പോൾ പരീക്ഷയ്ക്ക് മാർക്ക് കിട്ടാത്തതൊക്കെ വലിയ കാര്യമായി തോന്നിയില്ല …..
ആയിടയ്ക്ക് ഒരു ദിവസം , ഇംഗ്ലീഷ് പിരീഡിൽ ഹോം വർക്ക് ചെയ്യാത്തവർ ക്ലാസിനു വെളിയിൽ നില്ക്കാൻ മിസ് പറഞ്ഞപ്പോൾ ആണ് താൻ മാത്രേ ഹോം വർക്ക് ചെയ്യാതെ വന്നുള്ളൂ എന്നറിഞ്ഞത് ….
” നന്ദേ എന്തിനാണ് പുറത്തു നിർത്തിയെ ..? ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ വൈശാഖ് സർ മുന്നിൽ …
ആ കണ്ണുകളിൽ പതിവായി കാണുന്ന ദേഷ്യം ഇല്ല … പകരം തന്റെ സ്‌റ്റുഡന്റിനെ പുറത്തു നിർത്തിയതിലുള്ള വേദന പോലെ ……. സാറിന്റെ മുന്നിൽ ചെറുതായി പോകുന്നു ന്നു തോന്നിപോയി … ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു……….
അന്ന് കെമിസ്ട്രി ലാബിൽ റെക്കോർഡ് കംപ്ലീറ്റ് ചെയ്യാത്തവരുടെ കണക്ക് എടുക്കുബോഴും താൻ ഒറ്റയ്ക്കാണെന്നു അറിഞ്ഞപ്പോൾ സാറിന് ദേഷ്യം നിയന്ത്രിക്കാനായില്ല …എന്തൊക്കെയോ പറയാനുള്ള ദേഷ്യം സാർ കടിച്ചമർത്തുമ്പോഴും ..,താൻ ആ മുഖത്തെ കുറ്റിരോമങ്ങൾ നോക്കി നിന്നു കൊണ്ട് , രണ്ടു ദിവസമായി ഷേവ് ചെയ്തിട്ടില്ലലോ എന്നാണ് ചിന്തിച്ചത് …..കൂടെയുള്ളവർ ഒക്കെ നൈട്രിക് ആസിഡും സാൾഫ്യൂരിക് ആസിഡും ഒക്കെ മിക്സ് ചെയ്തു കളിച്ചപ്പോൾ സർ എന്റെ അടുത്ത് വന്നു ചോദിച്ചു ..
“കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ … എന്താ ഇങ്ങനെ പഠിക്കാത്തത് …എന്താണെങ്കിലും പരിഹാരം ഉണ്ടാക്കാം … പ്ലസ് ടു നു ജയിക്കാതെ പറ്റില്ലാലോ …. ഇത് കഴിഞ്ഞു പഠിപ്പു നിർത്താനാണോ ഉദ്ദേശം …?”
ആ നെഞ്ചിലൊട്ടു വീണു പൊട്ടിക്കരയാനാണ് അപ്പൊ തോന്നിയത് ……..എന്റെ മുഖഭാവങ്ങൾ സസൂഷ്‌മം നിരീക്ഷിച്ചു കൊണ്ട് നിൽക്കുന്ന സാറിന്റെ കണ്ണിലൊട്ടു നോക്കിയപ്പോൾ ….. ഒന്നും ഒളിച്ചു വയ്ക്കാൻ തോന്നിയില്ല ….എല്ലാം അങ്ങ് പറഞ്ഞു …. സാറില്ലാതെ താൻ ഇനി ജീവിക്കില്ല എന്ന് കൂടി കേട്ടപ്പോൾ ആ മുഖം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു …..
അന്ന് വൈകിട്ട് താൻ വീട്ടിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു ….. ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ആരാണെന്നു നോക്കാൻ പോയ അച്ഛൻ തിരികെ അകത്തേക്ക് വന്നത് …എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ ആയിരുന്നു …….
എന്താണ് സംഭവിക്കുന്നത് എന്നറിയും മുന്നേ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി സത്യം പറഞ്ഞാൽ; അങ്ങനത്തെ തല്ലൊക്കെ ടി വി സീരിയലിൽ മാത്രേ കണ്ടിട്ടുണ്ടായിരുന്നുള്ളു ……കാര്യം അറിയാതെ ഓടിയെത്തിയ അമ്മയോട് പറയുന്നത് കേട്ടു………
ഇവൾക്ക് അപ്പുറത്തെ സാറിനോട് പ്രേമം ആണത്രേ ….. ആ സർ ഇവിടെ വന്നു പറഞ്ഞതെന്താണെന്നു അറിയോ …?
” ഇങ്ങനെ ആണോ പെണ്മക്കളെ വളർത്തുന്നത് ന്നു …. മകൾക്ക് പ്രേമിക്കാൻ മാഷുമാരെ മാത്രേ കിട്ടിയുള്ളോ എന്ന് ചോദിച്ചു നോക്കാൻ “
ഇവൾ ഇത്രയും മോശക്കാരി ആയിരുന്നോ …? നാട്ടുകരുടെ മുഖത്ത് എങ്ങനെ നോക്കും …. ? സ്കൂളിലും നാട്ടുകാരുടെ ഇടയിലും ഞാൻ അഭിമാനിച്ചിരുന്നു … എന്റെ മക്കൾ ഒരു ചീത്തപ്പേരും ഉണ്ടാക്കില്ല ന്നു വിശ്വസിച്ചിരുന്നു ……..
ആ സാറിന്റെ മുന്നിൽ ഞാൻ ആരായി…. ദേഷ്യം തീരാതെ അച്ഛന്റെ തല്ലു കൊണ്ട് എന്റെ ചെവിയിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി എന്നിട്ടും അച്ഛൻ നിർത്തിയില്ല …..
ആകെ അവശയായി ഞാൻ അടുത്ത ഉണ്ടായ സെറ്റിയിലേക്ക് വീണു …. തല്ലൊക്കെ നിർത്തി എന്നാണ് കരുതിയത്….
പെട്ടെന്ന് ഒരു ദോശ ചുടുന്ന ശബ്ദം …., വേദനയേക്കാൾ ഏറെ ആ ശബ്ദവും മുടി കത്തുന്ന മണവും നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി ….
ചുട്ടു പഴുത്ത ചട്ടകം എന്റെ കാലിൽ അമർന്നിരുന്നു ………. കാലിലെ ചെറു രോമങ്ങൾക്ക് ഒപ്പം മനുഷ്യ മാംസത്തിന്റെ ഗന്ധവും എന്റെ മൂക്കിലേക്ക് അരിച്ചു കയറി ……….അലറി വിളിച്ചു കാണും …. ഓർമയില്ല …!
ബോധം വന്നപ്പോഴും ഞാൻ ആ സെറ്റിയിൽ തന്നെ ഉണ്ടായിരുന്നു … ആരും തിരിഞ്ഞു നോക്കാതെ ……. ഒറ്റ ദിവസം കൊണ്ട് താൻ വെറുക്കപെട്ടവളായി ……… അച്ഛനും, അമ്മയ്ക്കും, അനിയത്തിക്കും, ….
താൻ സാറിനെ പ്രേമിച്ചു എന്നതിനേക്കാൾ…., സാറിന്റെ വാക്കുകളും പറഞ്ഞ രീതിയും ഒക്കെ ആണ് അച്ഛനെ കൂടുതൽ അപമാനിച്ചത് എന്നെനിക്കു മനസ്സിലായി……..
രണ്ടു ദിവസം പനിച്ചു കിടന്നു …. മൂന്നാമത്തെ ദിവസം ക്ലാസ്സിൽ പോകാൻ അച്ഛൻ തന്നെയാണ് പറഞ്ഞത് …..
അച്ഛൻ മക്കളെ വളർത്തിയത് മോശമായിട്ടല്ലയെന്നു തന്റെ അടികൊണ്ടു വീർത്ത കണ്ണും മുഖവും പൊട്ടിയ ചുണ്ടും ഒക്കെ കാണുമ്പോൾ സാറിന് ബോധ്യം ആകുമെന്ന് കരുതിയിട്ടാവും ………..
അന്ന് വേച്ചു വേച്ചു നടന്നു താൻ സ്കൂളിലേക്ക് പോകുമ്പോൾ വഴിയിലുള്ള പലരും തന്നെ നോക്കുന്നുണ്ടായിരുന്നു…
അന്ന് ഫസ്റ്റ് പീരീഡ് തന്നെ കെമിസ്ട്രി പ്രാക്ടിക്കൽ ആയിരുന്നു … വൈശാഖ്‌സാർ എത്തിയിട്ടുണ്ടായില്ല…. തന്റെ കഴുത്തിലും, മുഖത്തും , കയ്യിലും ഒക്കെ ബെൽറ്റിന്റെ പാടുകൾ കരുവാളിച്ചു കിടന്നിരുന്നു ….
ലാബ് അസിസ്റ്റന്റ് ദീപ ടീച്ചർ , ഒരു ഞെട്ടലോടെ ആണ് തന്റെ മുഖത്തേക്ക് നോക്കിയത് …. ആരാ നിന്നെ ഇങ്ങനെ തല്ലിയത്…. അതിനു മാത്രം നീ എന്താ ചെയ്തത് എന്നൊക്കെ ചോദിച്ചു ……..
ഒരാളെ സ്നേഹിച്ചു… അയാൾക്ക് തന്നോട് ഇഷ്ടം ഉണ്ടായില്ല … മകളെ നന്നായി വളർത്താൻ അച്ഛനോട് പറഞ്ഞു എന്ന് ടീച്ചറോട് പറയുമ്പോൾ , ആ ആൾ ആരാണെന്നു മാത്രം മറച്ചു വച്ചു…… അത് കേട്ടു കൊണ്ട് ക്ലാസ്സിലേക്ക് വന്ന സാർ ഒരു കുറ്റബോധത്തോടെ തന്നെ നോക്കുന്ന പോലെ തോന്നി ……
വേദനയുണ്ടോ എന്നൊരു വാക്ക് മാത്രം ചോദിച്ചുള്ളൂ എങ്കിലും ആ ശബ്ദം ഇടറുന്നത് തനിക്ക് വ്യക്തമായി മനസ്സിലായി ……….
സാറിന്റെ ഉള്ളിൽ തന്നോട് സ്നേഹം ഉണ്ടോ ന്നു ആദ്യത്തെ ഡൌട്ട് തോന്നിയ നിമിഷം …. വേദന പോലും സുഖകരമായി തോന്നി ………..
പലപ്പോഴും കാലിലെ മുറിവിൽ ഡ്രസ്സ് ഒട്ടിപിടിക്കുബോൾ വേദന അസഹനീയമായി തോന്നി …..
സീറ്റിൽ പോയി ഇരുന്നതേ ഉണ്ടായുള്ളൂ … അടുത്തിരുന്ന സംഗീതയുടെ കാൽ അറിയാതെ ഒന്ന് തട്ടി ….. സ്കൂൾ മുഴുവൻ കേൾക്കും വിധം ഉച്ചത്തിൽ നിലവിളിച്ചു പോയി അപ്പോൾ ……..
പെട്ടെന്ന് അടുത്തേക്ക് വന്ന സാർ തന്റെ കാലിലെ മുറിവിലേക്കു ഒന്നേ നോക്കിയുള്ളൂ …. അവിടം ആകെ പഴുക്കാൻ തുടങ്ങിയ പോലെ ഒരു മഞ്ഞ കളർ വ്യാപിച്ചിരുന്നു…..
സാറിന്റെ കണ്ണ് നനയുന്നതും , ഒരു ജന്മത്തേക്കു തനിക്ക് തരാനുള്ള സ്നേഹം മുഴുവൻ ആ കണ്ണിൽ നിറയുന്നതും കണ്ടപ്പോൾ ………. ഒരു നിമിഷം എങ്കിലും ചട്ടകം പഴുപ്പിച്ചു കാലിൽ വയ്ക്കാൻ തോന്നിയതിനു അച്ഛനോട് മനസ്സിൽ നന്ദി തോന്നി ………