അങ്ങനെ ഒരു ദിവസം പതിവുപോലെ ഉത്സാഹ ത്തോടെ മാർക്കറ്റിലേക്ക് പോകുന്നതിനിടയി ലാണ് പോകുന്ന വഴിയിലുള്ള കുറ്റിക്കാട്ടിൽ നിന്ന് ഒരു ഞരങ്ങലും മൂളലും കേട്ടത്…

ചാളമേരി

story written by Praveen Chandran

അന്ന് മീൻ വാങ്ങിക്കാനായി മാർക്കറ്റിൽ പോയപ്പോഴാണ് അവളെ ഞാനാദ്യമായി കാണുന്നത്…

” നല്ല പെടക്കണ ചാള വേണേൽ ഇങ്ങാട്ട് പോരേട്ടാ ചെക്കാ… “

ആ കിളി ശബ്ദം കേട്ട് ഞാനൊന്ന് തിരിഞ്ഞു നോക്കി.. ആ ചെക്കൻ വിളി എനിക്കിഷ്ടപെട്ടത് കൊണ്ടാ ണ് ഞാനങ്ങോട്ട് പോകാന്ന് വച്ചത് തന്നെ..

അല്ല പിന്നെ ലൈഫിലാദ്യായിട്ടാണ് ഒരു പെണ്ണ് ചെക്കാന്ന് വിളിക്കണത്.. എന്നിട്ട് പോയില്ലെങ്കിൽ പിന്നെ ഞാനാണാന്ന് പറഞ്ഞിട്ടെന്ത് കാര്യം…

അത് മാത്രമല്ല അവളെ കാണാനും നല്ല ചേലാണെന്നേ…

“ഒരു രണ്ട് കിലോ അങ്ങാട്ട് എടുത്താലോ … ന്യായവിലക്ക് തരാടാ ചെക്കാ…” അല്പം ശൃംഗാരം കലർത്തിയുള്ള അവളുടെ ആ വർത്താനം എന്നെ ഹഡാതാകർച്ചു…

“എടുത്തോ… പിന്നെ ഇയാക്കടെ പേരെന്താണ്?”

ഞാൻ ചോദിച്ചത് കേട്ടതും അവളെന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി..

“ഇവടെ ആദ്യായിട്ടാണോ ചെക്കാ… ചാള വിക്കണ പെണ്ണിന് എല്ലാരും വിളിക്കണ ഒരു പേരുണ്ട്.. അതെന്നെ… “

അത് കേട്ടതും ഞാനൊന്ന് ചിരിച്ചു..

“എനിക്കറിയില്ല.. താൻ പറ…”

” ഒന്നൂടെ ആലോചിച്ച് നോക്കടാ ചെക്കാ.. ഒരു ക്ലൂ തരാം ഒരു സിനിമേല് ഉർവ്വശി ചേച്ചിയുടെ പേര് ആണ് അത്…”

അവളത് പറഞ്ഞതും ആ പേര് എന്റെ മനസ്സിൽ തെളിഞ്ഞു…

“യൂ മീൻ…ചാളമേരി…”

ഞാൻ പറഞ്ഞത് കേട്ട് നാണത്തോടെ അവൾ നുണക്കുഴികാട്ടി നന്നായൊന്നു ചിരിച്ചു…

അവളുടെ ചിരി കണ്ടാൽ ആരുമൊന്ന് മയങ്ങിപ്പോകും… മുല്ല മൊട്ടു പോലെയുള്ള പല്ലുകൾ എന്നൊക്കെ പറഞ്ഞാ ദതിതാണ്…

“എന്നാ ഒരു രണ്ട് കിലോ കൂടെ വേറെ എടുത്തേക്ക്.. ഫ്രഷ് അല്ലേ ഫ്രിഡ്ജില് വച്ച് നാളെ വറുത്തടിക്കാലോ?” ഞാൻ പറഞ്ഞ് കേട്ട് അവൾ ക്ക് സന്തോഷായി…

വീട്ടിലെത്തിയിട്ടും ആ മുഖം എന്റെ മനസ്സീന്ന് മായുന്നില്ലായിരുന്നു…

അവളങ്ങ്ട് എന്റെ ഹൃദയത്തില് അങ്ങ്ട് കയറിപ്പറ്റീന്നേ..

പിന്നെ അമ്മ മീൻ വാങ്ങിക്കാൻ പറയുന്നതിന് മുന്നേ ഞാൻ സഞ്ചിയും സൈക്കിളുമെടുത്ത് മാർക്കറ്റിലേക്ക് പായാൻ തുടങ്ങി..

സ്വതവേ എന്തെങ്കിലും വാങ്ങാൻ പോകാൻ പറഞ്ഞാ തന്നെ “ചേട്ടനോട് പറയ് “എന്ന് പറയുന്ന ഒരു മടിയൻ അനിയൻ തന്നെയായിരുന്നു ഞാനും…

ആ എന്റെ ഈ ഉത്സാഹം കണ്ട് അമ്മയ്ക്ക് അത്ഭുതമായി..

അല്ല.. എങ്ങനെ അത്ഭുതപെടാതിരിക്കും..? മീൻ വാങ്ങിക്കാൻ പോകാൻ പറയുമ്പോഴൊക്കെ മാർക്കറ്റിലെ മീൻ നാറ്റമടിച്ച് ഛർദ്ദിക്കാൻ വരുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറായിരുന്നു എന്റെ പതിവ്.. ആ ഞാനാണ് ഇപ്പോ മീൻ വാങ്ങാൻ പോണ്ടേന്ന് അങ്ങോട്ടേക്ക് ചോദിക്കുന്നത് .

പതിയെ പതിയെ അവൾ എന്റെ മനസ്സ് കീഴടക്കിക്കൊണ്ടിരുന്നു..

നിങ്ങൾ വിചാരിക്കുന്നപോലെ ഈ ചാളമേരിക്ക് അധികം പ്രായം ഒന്നുമില്ലാട്ടോ… കൂടി വന്നാൽ ഒരു പതിമൂന്ന് വയസ്സ്… അവളുടെ അമ്മയെ സഹായിക്കാനായിട്ടാണ് അവൾ കൂടെ നിന്നിരുന്നത്…

അപ്പോ നിങ്ങള് വിചാരിക്കും ഈ കിളിന്ത് പെണ്ണിനെ ആണോ ഇവൻ വളയ്ക്കാൻ നോക്കുന്നത് എന്ന്…

അതിന് എനിക്ക് എത്ര വയസ്സായിന്നാ നിങ്ങള് കരുതിയേക്കണ്.. അവളേക്കാ രണ്ട് വയസ്സ് കൂടുതൽ കാണും.. എന്തേ എനിക്ക് പ്രേമിച്ചൂടെ…?

പക്ഷെ എത്ര ആയിട്ടും എന്റെ ഇഷ്ടം അങ്ങട്ട് അവളോട് തുറന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല…

അത് പറയാനടുക്കുമ്പോഴൊക്കെ ദേഹമാസകലം ഒരു വിറയൽ വരും…

തൽക്കാലം അവളെ ഇപ്പോ ഇതറിയിക്കണ്ടാന്ന് ഞാനും കരുതി…

അതിരാവിലെ തന്നെ മാർക്കറ്റിലെത്തിയാലേ അവളെ കാണാനാവൂ.. അവളുടെ സമയം കഴിഞ്ഞാ അവൾ സ്കൂളിൽ പോകും..

അത് കൊണ്ട് തന്നെ പുലർച്ചക്ക് തന്നെ ഞാൻ കുളിച്ചൊരുങ്ങി സൈക്കിളെടുത്ത് മാർക്കറ്റി ലേക്ക് പായുമായിരുന്നു..

അങ്ങനെ ഒരു ദിവസം പതിവുപോലെ ഉത്സാഹ ത്തോടെ മാർക്കറ്റിലേക്ക് പോകുന്നതിനിടയി ലാണ് പോകുന്ന വഴിയിലുള്ള കുറ്റിക്കാട്ടിൽ നിന്ന് ഒരു ഞരങ്ങലും മൂളലും കേട്ടത്…

എന്തോ പന്തികേട് തോന്നിയ ഞാൻ സൈക്കിൾ സ്റ്റാന്റിൽ വച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് ആകാംക്ഷയോടെ നോക്കി..

ആ കാഴ്ച്ച കണ്ടതും ശരീരത്തിൽ നിന്നും ഒരു കൊള്ളിയാൻ മിന്നിയപോലെ എനിക്ക് തോന്നി..

ഭയം മൂലം എന്റെ ശബ്ദം പോലും പുറത്തുവരു ന്നില്ലായിരുന്നു…

അങ്ങനെ ഒരവസ്ഥയിൽ എന്താണ് ചെയ്യേണ്ടത് എന്നുപോലും എനിക്കറിയില്ലായിരുന്നു..

അത്രയ്ക്ക് ഭയാനകമായിരുന്നു ആ കാഴ്ച്ച…

മാർക്കറ്റിലെ ഇറച്ചിവെട്ടുകാരനായ വറീത് മാപ്ല മേരികുട്ടിയെ കൈകളിൽ പിടിച്ച് കുറ്റിക്കാട്ടി ലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്ന കാഴ്ച്ചയായിരുന്നു അത്…

അവളുടെ ചുണ്ടിൽ നിന്ന് ചോരയൊഴുകുന്നുണ്ട്.. അയാളവളെ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് ഊഹിക്കാമായിരുന്നു..

ഓടിപ്പോയി ആരെയെങ്കിലും വിളിച്ചുകൊണ്ടുവരാ മെന്ന് വിചാരിച്ചാൽ അതിനു മുമ്പേ അവൾക്ക് സംഭവിക്കാനുള്ളത് സംഭവിച്ചിരിക്കുമെന്ന ബോധം എന്നെ കൂടുതൽ ഭയത്തിലാഴ്ത്തി…

എന്ത് ചെയ്യണമെന്ന് പകച്ച് നിൽക്കുന്ന സമയത്താണ് അയാളുടെ ഇറച്ചി വെട്ടണ വലിയ കത്തി എന്റെ ശ്രദ്ധയിൽ പെട്ടത്..

അയാളഴിച്ചു വച്ച വലിയ ബെൽറ്റിനോട് ചേർന്നായിരുന്നു ആ കത്തി കിടന്നിരുന്നത്…

ഒരു നിമിഷം ശരിയോ തെറ്റോ എന്ന് ഞാൻ ചിന്തിച്ചില്ല… അവളെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നു മാത്രമേ എനിക്കുണ്ടായിരു ന്നുള്ളൂ..

ശബ്ദമുണ്ടാക്കാതെ പിന്നാലെ ചെന്ന് അവളുടെ അടുത്ത് മുട്ടുകുത്തിയിരിക്കുകയായിരുന്ന അയാളുടെ പിൻകഴുത്തിലായി സർവ്വ ശക്തിയു മെടുത്ത് ഞാനാഞ്ഞ് വെട്ടി…

വലിയൊരലർച്ചയോടെ അയാൾ പിന്നോട്ട് മലന്നടിച്ച് വീണു…

നല്ല മൂർച്ചയുള്ള കത്തി ആയതിനാൽ കഴുത്തി ന്റെ ഒരു ഭാഗം മുറിഞ്ഞു തൂങ്ങി..

ശക്തമായ പിടച്ചിലിനൊടുവിൽ അയാളുടെ ശ്വാസം നിലച്ചു എന്ന് എനിക്ക് മനസ്സിലായി..

അത് വരെയുണ്ടായിരുന്ന ധൈര്യം ചോർന്നു പോകുന്ന പോലെ എനിക്ക് തോന്നി… ഭയന്ന് വിറച്ച ഞാൻ കത്തിയും കൊണ്ട് തിരിഞ്ഞോടി..

ഓടുന്നതിനിടയിൽ ഞാനവളെ ഒന്ന് തിരിഞ്ഞു നോക്കി.. അവൾ ബോധം കെട്ടു കിടക്കുകയായി രുന്നു അപ്പോൾ…

മീൻ വാങ്ങാനായി കൊണ്ടു വന്ന സഞ്ചിയിൽ കത്തിയിട്ട് സൈക്കിൾ ഞാനാഞ്ഞ് ചവിട്ടി…

എങ്ങിനെയെങ്കിലും കത്തി ഉപേക്ഷിക്കണം എന്നേ അപ്പോളെന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ..

അതിനായാണ് കായലിന് മേലെയുള്ള പാലത്തിലൂടെ ഞാൻ സൈക്കിളെടുത്തത്…

നല്ല ഒഴുക്കുള്ള കായലായതിനാൽ ആരും അങ്ങനെ ആ കായലിൽ ഇറങ്ങാറുമില്ലായി രുന്നു.. കത്തി ഞാൻ കായലിലേക്ക് വീശിയെറിഞ്ഞു… എന്റെ ചങ്കിടിപ്പ് അപ്പോഴും നിന്നിട്ടില്ലായിരുന്നു…

വഴായരികിലെ തോട്ടിൽ ഇട്ടിരുന്ന വസ്ത്ര ത്തോടെ ഞാൻ നന്നായൊന്നു മുങ്ങിക്കുളിക്കു കയും ചെയ്തു..

ഏതോ സിനിമയിൽ കണ്ട ഓർമ്മകളായിരുന്നു എന്നെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിച്ചത്…

ഞാനോടി വരുന്നത് കണ്ട് എന്തോ പന്തികേട് തോന്നിയ അമ്മയാണ് എന്നെ ആദ്യം ചോദ്യം ചെയ്തത്..

അമ്മയ്ക്കുമുന്നിൽ എനിക്ക് ഒന്നും ഒളിക്കാനാ വുമായിരുന്നില്ല… ഞാൻ പറഞ്ഞത് ഞെട്ടലോടെ യാണ് അമ്മ കേട്ടിരുന്നത്…

“സാരമില്ല മോനേ.. നീ ചെയ്തത് തന്നെയാണ് ശരി… അവളെ ആ കാപലികൻ പിച്ചിച്ചീന്തുന്നത് എന്റെ മോൻ നോക്കി നിന്നില്ലല്ലോ? നീ ധീരനാണ്… ഇതിന്റെ പേരിൽ എന്ത് വന്നാലും അത് ഞാൻ സഹിച്ചോളം.. പോലീസ് ഇവിടെ അന്വേഷിച്ച് വരുകയാണെങ്കിൽ അമ്മ ഏറ്റെടുത്തോളാം ഇത്… അതിലമ്മയ്ക്ക് സന്തോഷമേയുള്ളൂ… “

അമ്മയുടെ ആ ധൈര്യം പകരൽ എനിക്ക് ആശ്വാസമായിരുന്നെങ്കിലും ഞാൻ പക്ഷെ എതിർക്കുകയാണ് ചെയ്തത്…

“വേണ്ട അമ്മേ.. ഇതിന്റെ പേരിൽ എന്തുണ്ടായാ ലും അത് എനിക്ക് വിട്ടേക്കൂ.. ഇതിന്റെ പേരിൽ അമ്മ ജയിലിൽ പോയാൽ അതെനിക്ക് സഹിക്കാനാവില്ല.. “

ഞാനങ്ങനെ പറഞ്ഞെങ്കിലും അന്ന് മുതൽ ആ ഭയം എന്നെ വേട്ടയാടാൻ തുടങ്ങി..

പത്രങ്ങളിൽ പിറ്റെ ദിവസം വലിയ വാർത്തായി രുന്നു അത്… ആ സംഭവം നാട്ടിലാളിപടരാൻ അധികസമയം വേണ്ടി വന്നില്ല… പെൺകുട്ടിയെ അപായ പെടുത്താൻ ശ്രമിച്ചയാളെ അജ്ഞാതൻ കഴുത്തറത്തു കൊന്നു.. പ്രതിയെക്കുറിച്ച് പോലീസിന് ഇത് വരെ തെളിവൊന്നും കണ്ടെത്താ നായിട്ടില്ല എന്നരീതിയിലായിരുന്നു വാർത്തകൾ പടർന്നത്…

ആജാനുബാഹുവായ അയാളുടെ കറുത്തറു ത്തവൻ എന്തായാലും നിസ്സാരക്കാനല്ല എന്നായി രുന്നു നാട്ടുകാർകാരുടെ ഇടയിൽ സംസാരം..

അതുകൊണ്ട് തന്നെ ഒരു പതിനഞ്ച് വയസ്സുകാ രനിലേക്ക് ആ അന്വേഷണം നീണ്ടതുമില്ല…

അവളെ ചെറിയ പരുക്കുകളോട് അന്ന് നാട്ടുകാർ ഹോസ്പിറ്റലാക്കുകയായിരുന്നു… ബോധം മറഞ്ഞത് കാരണം ആരാണ് കൃത്യം ചെയ്തത് എന്ന് അറിവില്ലായിരുന്നു എന്നാണ് പോലീസിനോട് അവൾ പറഞ്ഞത്…

സോഷ്യൽ മീഡിയ മുഴുവൻ ആ അഞ്ജാതന് അഭിനന്ദനങ്ങളർപ്പിക്കുന്ന തിരക്കിലായിരുന്നു.. ആര് ചെയ്താലും അവൻ ധീരനാണ് എന്ന കമന്റുകളായിരുന്നു എല്ലായിടത്തും..

ചിലർ നിയമം കയ്യിലെടുത്തതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു…

പക്ഷെ ഏത് നിമിഷവും എന്നെത്തേടി വന്നേക്കാ വുന്ന പോലീസിനെ ഓർത്തായിരുന്നു എന്റെ ഭയം മുഴുവനും…

അമ്മയാണ് എനിക്ക് ധൈര്യം തന്നത്.. ഗൾഫിലായിരുന്ന അച്ഛനോട് പോലും അമ്മ കാര്യങ്ങൾ പറഞ്ഞിട്ടില്ലായിരുന്നു…

പ്രതിയെക്കുറിച്ച് ഒരു തുമ്പും ലഭിക്കാത്തതു കൊണ്ടോ പ്രതി ചെയ്തത് സമൂഹത്തിന് സ്വീകാര്യമായ കാര്യമായതുകൊണ്ടോ ആ കേസ് കാലക്രമേണ തേഞ്ഞ് മാഞ്ഞ് പോകുകയായി രുന്നു..

പുതിയൊരു വിഷയം വന്നതോടെ സോഷ്യൽ മീഡിയയും അതിന് പിന്നാലെയായി.. മാസങ്ങൾ കടന്നുപോകും തോറും എനിക്ക് ധൈര്യം തിരിച്ച് കിട്ടിക്കൊണ്ടിരുന്നു…

അതിൽ പിന്നെ പലതവണ ഞാൻ മാർക്കറ്റി ലേക്ക് പോയെങ്കിലും അവളെ എനിക്ക് അവിടെ കാണാനായില്ല..

അവളുടെ അമ്മ അവിടെതന്നെയുണ്ടായിരുന്നത് കൊണ്ട് എന്നെങ്കിലും അവൾ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു…

ആ സംഭവത്തിന് ശേഷമുള്ള ഭയം ആയിരിക്കാം അതിന് കാരണം എന്നാണ് ഞാൻ കരുതിയത്..

പക്ഷെ അവളെ അവളുടെ അമ്മ ദൂരെ എവിടെയോ ഉള്ള അകന്ന ബന്ധുവിന്റെ വീട്ടിലാക്കിയിരിക്കുകയാണ് എന്നാണ് എനിക്ക് പിന്നീട് അറിയാൻ കഴിഞ്ഞത്..

അത് എനിക്ക് വലിയ വിഷമമുണ്ടാക്കുന്ന ഒന്നായിരുന്നു …

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നെങ്കിലും ഞാനെന്റെ പതിവ് തെറ്റിച്ചില്ല… ഞാനവളെ തേടി എന്നും മാർക്കറ്റിൽ പോയ് വന്നുകൊണ്ടിരുന്നു…

അവളങ്ങനെ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയായിരുന്നു… ആ മുഖം മറക്കാനെനി ക്ക് കഴിഞ്ഞില്ല… അത്രയ്ക്ക് ഞാനവളെ ഇഷ്ടപെടുന്നുണ്ടെന്ന് എനിക്ക് ആ സമയങ്ങളിലാണ് മനസ്സിലാക്കാനായത്….

വഴിയിൽ വച്ച് പോലീസിനെ കാണുമ്പോഴൊക്കെ എന്റെ ഉള്ളൊന്നു കിടുങ്ങിയിരുന്നു…

എന്നെങ്കിലും ഒരിക്കൽ അവരെന്നെ തേടി വരുമാ യിരിക്കാം എന്ന് ഞാൻ ചിന്തിച്ചു… പക്ഷെ അപ്പോഴേക്കും എന്തിനേയും നേരിടാനുള്ള ചങ്കൂറ്റം എനിക്ക് വന്നു കഴിഞ്ഞിരുന്നു…

ഒരു ദിവസം അവൾ മടങ്ങി വരുമെന്ന് തന്നെയായിരന്നു എന്റെ പ്രതീക്ഷ…

ആ പ്രതീക്ഷ തെറ്റിയില്ല…

മൂന്ന് വർഷങ്ങൾക്ക് ശേഷം അന്ന് വീണ്ടും ഞാനവളെ അവിടെ കണ്ടു…

എന്റെ മേരിയെ… അവൾ തിരിച്ച് വന്നിരിക്കുന്നു..

അമ്മയുടെ കൂടെ നിന്ന് പഴയതിലും ഊർജ്ജത്തോടെ അവൾ ആളുകളോട് വില പേശുന്നുണ്ട്…

അവൾ കുറച്ചുകൂടെ വലിയ പെണ്ണായിരിക്കുന്നു…

അല്പസമയം അവളെ ദൂരെ നിന്ന് വീക്ഷിച്ചതിന് ശേഷം ആണ് ഞാനവളുടെ അടുത്തേക്ക് ചെന്നത്…

വർഷങ്ങൾക്ക് ശേഷം കാണുന്നതല്ലേ അവൾ ക്കെന്നെ ഓർമ്മയുണ്ടാവുമോന്ന് ഞാനൊന്ന് ശങ്കിച്ചു…

പക്ഷെ എന്നെ കണ്ടതും അവൾ പുഞ്ചിരിയോടെ എന്റെ അടുത്തേയ്ക്ക് ഓടി വന്നു…

അവളെന്നെ മറന്നിട്ടില്ല എന്നറിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം തോന്നി…

എനിക്കെന്തോ അവളോട് സംസാരിക്കാൻ ഒരു ബുദ്ധിമുട്ട് അനുഭവപെട്ടു…

പക്ഷെ അവളെന്നോട് ഒരുപാട് വിശേഷങ്ങൾ പങ്കുവെച്ചു… ഒരുപാട് അടുപ്പമുള്ള ഒരാളോടെന്ന പോലെ… എനിക്കും അത് ഒരുപാട് സന്തോഷമുണ്ടാക്കി…

അവളുടെ നുണക്കുഴികൾക്ക് പണ്ടത്തേക്കാൾ ഭംഗിയുള്ള പോലെ എനിക്ക് തോന്നി…. ഞാനവളുടെ മുഖത്ത് നിന്ന് കണ്ണെടുത്തതേയില്ല..

പിരിയാൻ നേരം അവളവളുടെ ഫോൺ നമ്പർ എനിക്കു തന്നു…

“നന്ദി മേരി… ഞാൻ വിചാരിച്ചു എന്നെ മറന്നു കാണുമെന്ന്.. എന്നെ ഓർത്തതിന് സന്തോഷം..” ഞാൻ പറഞ്ഞത് കേട്ട് അവളെന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

“ഈ അജ്ഞാതനെ എനിക്ക് അങ്ങനെ മറക്കാൻ പറ്റോ? നന്ദി പറയേണ്ടത് ഞാനല്ലേ..? അതിനായാ ണ് ഇത്ര വർഷം ഞാൻ കാത്തിരുന്നത്.. ഈ ജീവൻ എനിക്ക് തിരിച്ച് തന്ന ആളല്ലേ? എന്നെ ത്തേടി വരുമെന്ന് ഞാൻ കരുതിയിരുന്നു.. അന്ന് എന്റെ ബോധം പൂർണ്ണമായും നഷ്ടപെട്ടിട്ടില്ലാ യിരുന്നു.. ഒരു മിന്നലാട്ടം പോലെ ഞാനെല്ലാം കണ്ടിരുന്നു… നാട്ടിൽ നിന്ന് അമ്മ എന്നെ മാറ്റി നിർത്തിയത് പേടികൊണ്ടായിരുന്നു… ഒന്നു കണ്ട് സംസാരിക്കാനാവാതെ എനിക്ക് എന്ത് വീർപ്പു മുട്ടലായിരുന്നു എന്നറിയോ? എന്നും ഞാൻ പ്രാർത്ഥിച്ചിരുന്നത് തന്നെ ഒരിക്കലും പോലീസ് കണ്ടെത്തരുതേയെന്നാണ്.. താൻ രക്ഷിച്ചത് എന്റെ മാത്രം ജീവിതമല്ല ആ ദുഷ്ടൻ കാരണം പീഢിപ്പിക്കപെട്ടേക്കാലുന്ന ഒരുപാട് പെൺകുട്ടി കളുടെ ജീവിതം ആണ്.. ഈ ജീവിതം മുതൽ ഞാൻ ഈ ചെക്കനോട് ഞാൻ കടപ്പെട്ടിരിക്കുന്നു..”

അവൾ പറഞ്ഞത് കേട്ട് മനസ്സിൽ നിന്നും വലിയൊരു ഭാരമിറങ്ങിപ്പോയത് പോലെ എനിക്ക് തോന്നി… സന്തോഷത്തോടെ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു…

“നല്ല പെടക്കണ ചാള ഉണ്ടേൽ രണ്ട് കിലോ എടുക്ക് പെണ്ണേ.. “