അമ്മായിയമ്മയുടെ തേൻ പുരട്ടിയ വിളിയൊച്ച കേട്ടപ്പോൾ, ദേവികയ്ക്ക് ആശ്ചര്യമായി….

Story written by Saji Thaiparambu

“മോളേ ദേവികേ.. ഒന്നിങ്ങ് വന്നേ ടാ ,,

അമ്മായിയമ്മയുടെ തേൻ പുരട്ടിയ വിളിയൊച്ച കേട്ടപ്പോൾ, ദേവികയ്ക്ക് ആശ്ചര്യമായി.

സാധാരണ ,ഡീ ദേവീ.. എന്ന് മയമില്ലാത്തൊരു വിളിയാണുണ്ടാവാറ്

“എന്താ അമ്മേ..”

“ങ്ഹാ ,പിന്നെ നമ്മുടെ ശാലിനിയും, വിജയനും കൂടി ഇങ്ങോട്ട് വരുന്നുണ്ടെന്ന് ,ചോറിനുള്ള അരി ഞാൻ അത്താഴത്തിന് കൂടി കണക്കാക്കിയാണ് ഇട്ടത്, അത് കൊണ്ട് ചോറ് കാണും, പക്ഷേ കറികൾക്കെന്ത് ചെയ്യും ,ഇന്നാണെങ്കിൽ മീൻ കൊണ്ട് വരുന്ന കാക്കായേം കണ്ടില്ല, ശാലിനിയും പിള്ളേരും മാത്രമായിരുന്നെങ്കിൽ ,നമ്മള് കഴിക്കുന്ന മാങ്ങാച്ചമ്മന്തിയും ഉണക്കമീനും കൊടുത്താൽ മതിയായിരുന്നു ,ഇതിപ്പോ ആ കൊച്ചൻ കുറെ നാള് കൂടിയിരുന്ന് വരുന്നതല്ലേ ?

ഓഹ് ,അപ്പോൾ അതാണ് കാര്യം ,മോളും മരുമോനും വരുന്നതിന്, തന്നെ സോപ്പിടാനുള്ള സ്നേഹമായിരുന്നു ഈ കാണിച്ചത്.

“അതിനിപ്പോൾ ഞാനെന്ത് ചെയ്യാനാണമ്മേ…?

നിസ്സഹായതയോടെ ദേവിക കൈമലർത്തി.

“അല്ലാ ..ആ സാജൻ്റെ കോഴിപ്പീടികയിൽ ചെന്നാൽ, നല്ല ചിക്കൻ കിട്ടും ,പക്ഷെ അമ്മേടെ കയ്യിൽ അഞ്ചിൻ്റെ പൈസയില്ല ,മോളൊരു അഞ്ഞൂറ് രൂപ അമ്മയ്ക്ക് കടമായിട്ട് താ ,അടുത്തയാഴ്ച ചിട്ടി വീഴുമ്പോൾ തിരിച്ച് തന്നേക്കാം”

“അയ്യോ അമ്മേ… എൻ്റെ കയ്യിൽ എവിടുന്നാ കാശ്, ഏട്ടൻ അയച്ച് തരുന്നതെല്ലാം, ഞാൻ അമ്മയെ തന്നെയല്ലേ ഏല്പിക്കുന്നത്”

ദേവിക കൈ മലർത്തി.

പിന്നേ … ഇപ്പോൾ തന്നെ, തന്നും പോകും ,ഈ ചിട്ടീടെ കാര്യം കേൾക്കാൻ തുടങ്ങീട്ട് കാലം കുറെയായി ,അങ്ങനിപ്പം എൻ്റെ കാശ് കൊണ്ട് മരുമോനെ ഊട്ടണ്ട

ദേവിക മനസ്സിൽ പറഞ്ഞു.

“ങ്ഹാ .. എന്നാൽ പിന്നെ, ഞാൻ ആ സാജനോടൊന്ന് കടം പറഞ്ഞ് നോക്കാം, വേറെ വഴിയില്ലല്ലോ?

കടം പറയുന്നത് ഇഷ്ടമല്ലാത്ത സുഭദ്രാമ്മ, മടിച്ച് മടിച്ച്, ഒരു തുണി സഞ്ചിയുമെടുത്തോണ്ട്, സാജൻ്റെ പീടികയിലേക്ക് പോയി,

ഹോ ഒരു വലിയ അഭിമാനി പോകുന്നു,

അത് കണ്ട് നിന്ന ദേവിക പുശ്ചത്തിൽ ചിറി കോട്ടി.

ഊണ് കഴിഞ്ഞ് വിജയൻ മയക്കത്തിനായി മുറിയിലേക്ക് കയറിയപ്പോൾ , സുഭദ്രാമ്മയും, മകളും കൂടി വിശേഷങ്ങൾ പറയാനായി അടുക്കളയുടെ പിൻ വശത്തേയ്ക്കിറങ്ങി.

മ്ഹും, തന്നെക്കുറിച്ചുള്ള പരദൂഷണം പറയാനിറങ്ങിയതായിരിക്കും രണ്ടും കൂടി ,എന്നാലതൊന്ന് കേട്ടിട്ട് തന്നെ കാര്യം

എച്ചില് പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന ദേവിക അത് നിർത്തിയിട്ട് ,അടുക്കള വാതിലിൻ്റെ മറവിൽ ഒളിച്ച് നിന്ന് ചെവിയോർത്തു.

“ശാലിനീ .. നീയെന്ത് പറഞ്ഞാലും, ചിട്ടി വീഴുന്ന ഇരുപത്തിയയ്യായിരം ഞാൻ നിനക്ക് തരില്ല ,അതെൻ്റെ മോൻ എണ്ണിച്ചുട്ടപ്പം പോലെ അയച്ച് തരുന്ന കാശിൽ നിന്ന് മിച്ചം പിടിച്ച് ഞാൻ ചിട്ടി കൂടിയതാണ് , എന്തിനാണെന്നറിയാമോ? എൻ്റെ ദേവിക മോൾക്ക്‌ കഴുത്തിലിടാൻ ,ചെറുതാണെങ്കിലും ഒരു സ്വർണ്ണമാല വാങ്ങിക്കാൻ ,അതിൻ്റെയാ ഒഴിഞ്ഞ് കിടക്കുന്ന കഴുത്ത് കാണുമ്പോൾ, എനിക്കെപ്പോഴും സങ്കടമാ ,എന്തുമാത്രം സ്വർണ്ണാഭരണങ്ങളണിഞ്ഞ് കയറി വന്ന പെണ്ണായിരുന്നു, ഈ വീട്ടിലെ ദാരിദ്ര്യം കാരണം, ആദ്യമൊക്കെ ഓരോന്നായി പണയം വക്കാൻ തുടങ്ങിയതാ ,അവസാനം നിൻ്റാങ്ങളയ്ക്ക് ഗൾഫിൽ പോകാൻ ഒരു ചാൻസ് വന്നപ്പോൾ, ഉള്ളതെല്ലാം വിറ്റ് പെറുക്കി, അവനെ ഗൾഫിലേക്കയച്ചു, അത് കൊണ്ട് അവൻ രക്ഷ പെട്ടൊ? അതുമില്ല”

“അല്ലേലും അമ്മയ്ക്ക് എന്നെക്കാളും ഇഷ്ടം മരുമോളോടാണ് ,അതൊക്കെ എൻ്റെ അമ്മായിയമ്മയെ കണ്ട് പഠിക്കണം ,വിജയേട്ടൻ്റെ പെങ്ങൾക്ക്, സ്കൂട്ടി വാങ്ങണമെന്ന് പറഞ്ഞപ്പോൾ ,ആ നിമിഷം അൻപതിനായിരം രൂപ ഉണ്ടാക്കിക്കൊടുത്തു , അങ്ങനെയാണ് സ്നേഹമുള്ള അമ്മമാര്”

“ങ്ഹാ, അങ്ങനെ സ്വന്തം മകളെ മാത്രം സ്നേഹിക്കാൻ, ഈ സുഭദ്രാമ്മയെ കിട്ടത്തില്ല ,ഞാൻ പ്രസവിച്ചില്ലെന്നേയുള്ളു ,നിൻ്റെ കല്യാണം കഴിഞ്ഞ് നീയിവിടുന്ന് പോയതിന് ശേഷം, നിൻ്റെ ഏട്ടൻ ദേവികയെ കല്യാണം കഴിച്ച് കൊണ്ട് വന്ന നാള് തൊട്ട്, നിൻ്റെ സ്ഥാനത്ത് ഞാൻ അവളെയാണ് മോളായിട്ട് കാണുന്നത്, എനിക്കൊരു വയ്യായ്ക വന്നാൽ, ഇത്തിരി വെള്ളം തരാൻ, ദൂരെ കിടക്കുന്ന നീ കാണില്ല, എപ്പോഴും എൻ്റെയടുത്തുള്ള അവള് മാത്രമേ കാണു”

“എന്നാൽ പിന്നെ മരുമോളെയും കെട്ടിപ്പിടിച്ചിരുന്നോ, ഞാൻ പോണു”

അമ്മയുടെ സംസാരം കേട്ട് അരിശം മൂത്ത ശാലിനി, ഭർത്താവ് കിടക്കുന്ന മുറിയിലേക്ക് പോയി .

ഈ സമയം എല്ലാം കേട്ട് നിന്ന ദേവികയുടെ കണ്ണുകൾ, സങ്കടം കൊണ്ട് നിറഞ്ഞൊഴുകയായിരുന്നു.

ഇത്രയും സ്നേഹമുണ്ടായിട്ടും അത് ഒരിക്കൽ പോലും എന്നോട് പ്രകടിപ്പിച്ചില്ലല്ലോ അമ്മേ…അതോ തെറ്റ് കാണുമ്പോൾ ,എന്നെ ശാസിക്കുന്നതും, ഞാനൊന്ന് എൻ്റെ വീട്ടിലേക്ക് പോയാൽ, ഒരു ദിവസം പോലും അവിടെ നിർത്താതെ ,എന്നെ തിരിച്ച് വിളിക്കുന്നതും, ഞാൻ മനസ്സിലാക്കാതെ പോയ അമ്മയുടെ സ്നേഹപ്രകടനങ്ങളായിരുന്നോ? സ്നേഹം കൊണ്ടെന്നെ തോല്പിച്ച് കളഞ്ഞല്ലോ അമ്മേ…

ദേവിക ,അമ്മയോട് മനസ്സ് കൊണ്ട് മാപ്പ് പറഞ്ഞു.

NB: ചില അമ്മായി അമ്മമാർ സ്നേഹം പ്രകടിപ്പിക്കുന്നത്, വിപരീത രീതിയിലായിരിക്കും, അത് ക്ഷമയോടെ മനസ്സിലാക്കുന്നിടത്താണ്, ഒരു മരുമകളുടെ വിജയം.