പ്രണയ പർവങ്ങൾ – ഭാഗം 79, എഴുത്ത്: അമ്മു സന്തോഷ്

ഡോക്ടർ ആദി കേശവൻ. കഷ്ടിച്ച് മുപ്പത്തിയഞ്ചു വയസ്സ്. കണ്ടാൽ അത്ര പോലും തോന്നില്ല. ഒരു കോളേജ് പയ്യനെ പോലെ. ഡ്രെസ്സിങ്ങും അങ്ങനെയാണ്. ഡോക്ടർ ആണെന്ന് തോന്നുന്നില്ല. അതു കൊണ്ട് തന്നെ ടെൻഷൻ വേണ്ട. Patients ഫ്രീ ആണ്. ഒരു സുഹൃത്തിനോടെന്ന പോലെ എല്ലാം പറയാം. അദ്ദേഹം എല്ലാം കേൾക്കും

നല്ല ക്ഷമ. നല്ല സ്നേഹം. നല്ല കരുതൽ

അദേഹത്തിന്റെ അച്ഛനും അമ്മയും ഡോക്ടർമാരാണ്. അച്ഛൻ നകുലൻ മേനോൻ. അമ്മ സുഭദ്ര. രണ്ടു പേരും ന്യൂറോ സർജൻമാർ. ആദി കേശവന്റെ ഫീൽഡ് സൈക്കാട്രിയാണ്. മിടുക്കൻ ആണ്

ചാർലി ആദ്യം ഡോക്ടർ സുഭദ്രയ്ക്ക് മുന്നിലായിരുന്നു. അവർ അവനെ കരുണയോടെ നോക്കി

ഒരു ആക്‌സിഡന്റ് അവനെ കൊണ്ട് എത്തിച്ചത് ഇത് പോലെ ഉള്ള ഒരു അവസ്ഥയിലാണല്ലോ എന്നോർത്ത് അവർക്ക് വേദന തോന്നി

ശരീരത്തിൽ മുറിവോ ചതവോ ഉണ്ടാകുന്ന പോലെ അല്ല ഇത്. ഓർമ്മകൾ ഇല്ലാത്ത ജീവിതം വല്ലാത്ത ഒരു അവസ്ഥ ആണത്

“ചാർലി ഇതൊരു ചെറിയ കാലയളവിൽ തിരിച്ചു വന്നേക്കാം. ചിലപ്പോൾ നാളെ തന്നെ “

“അങ്ങനെ വരാത്തവരും ഉണ്ടാവില്ലേ?”

“വളരെ കുറവാണ്. ഉള്ളവരിൽ ആണ് ചാർലി എന്ന് പോസിറ്റീവ് ആയി ചിന്തിച്ചു കൂടെ? ഒന്നാലോചിച്ചു നോക്ക് ചാർലി ബ്ലെസ്സഡ് അല്ലെ? ഈ ഒരു ആക്‌സിഡന്റ് വേറെ എവിടെ എങ്കിലും വെച്ചാണെങ്കിൽ എന്ത് ചെയ്തേനെ? എങ്ങനെ ഇവിടെ എത്തിയേനെ?”

അവൻ നിശബ്ദത പാലിച്ചു

“ചാർളിക്ക് എല്ലാരും ഉണ്ട്. നോക്ക്. അവർ എത്ര സ്നേഹം ഉള്ളവരാണ്. അതു മാത്രം അല്ല, സ്നേഹിക്കുന്ന ഒരു പെണ്ണുണ്ട്. അതു ചെറിയ കാര്യം അല്ല. ഒരു കുഞ്ഞ് കാര്യം ഇങ്ങനെ ഒന്ന് വന്ന് എന്നുള്ളതാണ്. അതു മാറും. ക്ഷമ വേണം “

“എനിക്കു ഭയങ്കര ദേഷ്യം ആണ് ഡോക്ടർ. ദേഷ്യം എന്ന് പറഞ്ഞാൽ മുന്നിൽ നിൽക്കുന്നവരെ കൊ- ല്ലാൻ ഉള്ള ദേഷ്യം. എനിക്ക് ആരോടും സംസാരിക്കാൻ ഇഷ്ടമല്ല. ആരെയും സ്നേഹിക്കാൻ പറ്റുന്നില്ല. മുന്നിൽ വന്ന് നിൽക്കുന്നവർ എന്റെ ശത്രു ആണോ മിത്രം ആണോന്ന് അറിയുന്നില്ല. അവർ introduce ചെയ്യുകയാണ് ഞാൻ ഇന്ന ആളാണ് എന്ന്. എനിക്ക് അപ്പൊ.. എങ്ങോട് എങ്കിലും ഇറങ്ങി ഓടാൻ തോന്നും. എനിക്ക് കുറച്ചു നാളുകൾ ഒറ്റയ്ക്ക് ജീവിക്കാൻ തോന്നുന്നുണ്ട് “

“അതു ഇപ്പൊ നന്നല്ല ചാർലി. അതിനൊരുപാട് കാരണങ്ങൾ ഉണ്ട്. ശാരീരികമായി ഇപ്പൊ ചാർലി ഫിറ്റ്‌ ആണ്. പെർഫെക്ട് നോർമൽ. അതു കൊണ്ട് തന്നെ ഞാൻ ചാർളിയെ ആദിയുടെ അടുത്തേക്ക് വിടുകയാണ്. ആദി നല്ല ഒരു സുഹൃത്തായിരിക്കും “

അവൻ വെറുതെ കേട്ടിരുന്നു

അവിടെ നിന്നിറങ്ങുമ്പോൾ ഉച്ച ആയി. കൂടെ വന്നത് ചേട്ടനും സാറയും

“എന്തെങ്കിലും കഴിക്കാം മോനെ. കാന്റീൻ ഉണ്ട് “

അവൻ നിശബ്ദമായി അവർക്ക് ഒപ്പം നടന്നു. കഴിക്കുമ്പോഴും ഒന്നും മിണ്ടിയില്ല

“അടുത്ത സെഷൻ ഡോക്ടർ ആദി അല്ലെ?”

അവൻ മൂളി

“അഡ്മിറ്റ് ആക്കാൻ പറയുമോ മോനെ?”

“അറിയില്ല”

സാറ ആ മുഖത്ത് നോക്കിയില്ല. കുനിഞ്ഞു ഇരുന്നു ഭക്ഷണം കഴിച്ചു. ആ മുഖത്ത് സ്നേഹം ഇല്ല. തന്നെ നോക്കുന്നുന്നില്ല. അവൾ എന്തോ കഴിച്ചു എന്ന് വരുത്തി

ഉച്ച കഴിഞ്ഞു. ഡോക്ടർ ആദിയുടെ മുറിയിൽ അവൻ ഇരുന്നു

“ചാർലി?”

അവൻ ഒന്ന് മൂളി

“ഈ പേരിൽ ഒരു സിനിമ ഉണ്ട് “

അവൻ മൂളി

“കണ്ടിട്ടുണ്ടോ?”

“ഉണ്ട്. ദുൽകർ സൽമാൻ അഭിനയിച്ച സിനിമ “

ഡോക്ടറുടെ കണ്ണുകൾ വിടർന്നു

“ഗുഡ് അപ്പൊ സിനിമ ചാർലി ഓർക്കുന്നുണ്ട് “

“ഉണ്ട് “

“പാട്ടുകൾ ഓർമ്മയുണ്ടോ?”

“ഇല്ല. “

“ഏതെങ്കിലും?”

അവൻ ഓർക്കാൻ ശ്രമിച്ചു

“ഇപ്പൊ ഓർക്കുന്നില്ല “

“ശരി “

ഡോക്ടർ കയ്യിലെ ഒരു പസ്സിൽ കൊടുത്തു

“ചെയ്യാൻ പറ്റുമോ.?”

ചാർലി അഞ്ചു മിനിറ്റ് എടുത്തില്ല അതു പൂർത്തിയാക്കി കയ്യിൽ കൊടുത്തു
“Brilliant ” ഡോക്ടർ അഭിനന്ദിച്ചു

“എന്താണ് പഠിച്ചത് എന്ന് ഓർമ്മയുണ്ടോ കോളേജിൽ?”

“ഞാൻ സർട്ടിഫിക്കറ്റ് നോക്കിയപ്പോ മാത്‍സ് ആണ് “

“ശരി “

“വരയ്ക്കും അല്ലെ?”

“അങ്ങനെ പറഞ്ഞു. ഞാൻ പിന്നെ നോക്കിയില്ല “

ഒരു പേപ്പറും പേനയും കൊടുത്തു ഡോക്ടർ

“എന്തെങ്കിലും വരച്ചോളൂ “

അവൻ വെറുതെ ഡോക്ടറെ നോക്കിയിരുന്നു. കൈകൾ ചലിച്ചു കൊണ്ടിരുന്നു. അവൻ കടലാസ് നീട്ടി

“ഓ മൈ ഗോഡ്..റിയലി ടാലെന്റെഡ്. എന്നെ ഇത്രയും ഭംഗിയായി ആരും വരച്ചിട്ടില്ല “

അവൻ നിർവികാരനായി ഒന്ന് നോക്കി

“ചാർലി നിങ്ങളുടെ കഴിവുകൾ നഷ്ടപ്പെട്ടിട്ടില്ല. പഠിച്ചത് മറന്നിട്ടില്ല. കണ്ട സിനിമ മറന്നിട്ടില്ല. അതിന്റെ അർത്ഥം ഇനിയും വളരെ പെട്ടന്ന് തന്നെ മറന്നോതൊക്ക നിങ്ങളിലേക്ക് തിരിച്ചു വരും എന്ന് തന്നെ ആണ് “

“എനിക്ക് കുറച്ചു നാളുകൾ ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹം ഉണ്ട് “

അവൻ തണുത്ത സ്വരത്തിൽ പറഞ്ഞു. ഡോക്ടർ തെല്ലു ബാക്കിലേക്ക് ഇരുന്നു

“ചാർലിക്ക് ചാർളിയെ കുറിച്ച് എന്തറിയാം? അല്ലെങ്കിൽ എന്തൊക്ക അറിയാം?”

“പഠിച്ചത്..പിന്നെ ബന്ധുക്കൾ. വീട്. വീട്ടിലേക്ക് പോയില്ല.”

“അപ്പൊ വീട്ടിലേക്ക് പോകു..”

“ഡോക്ടർ ഇവർ മുഴുവൻ അവിടെ ഉണ്ടാകും. എന്റെ ചുറ്റും നിന്ന് സഹതാപത്തോടെ എന്നെ നോക്കി കൊണ്ട് ഇരിക്കും. പ്രത്യേകിച്ച് സാറയെ കാണുമ്പോൾ എനിക്ക് അസ്വസ്ഥത കൂടി വരും “

ആദി അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി

“ആരാണ് സാറ?
“എല്ലാവരും പറഞ്ഞത്..അല്ല ഞാൻ ഫോട്ടോ കണ്ടു. ഞങ്ങളുടെ എൻഗേജ്മെന്റ് കഴിഞ്ഞതാണ്. ഇന്നായിരുന്നു കല്യാണം നടക്കേണ്ടിയിരുന്നത്. എനിക്ക് പറ്റില്ല എന്ന് പറഞ്ഞത് കൊണ്ടാണ് മാറ്റി വെച്ചത്. ആ പെൺകുട്ടിയെ പഴയ ചാർലി സ്നേഹിച്ചു കാണും. പക്ഷെ എനിക്ക് അറിയില്ല ഡോക്ടർ അതിനെ..അതിന്റെ മുഖം കാണുമ്പോൾ എനിക്ക് എന്തോ വല്ലായ്മ ആണ്.”

“എനിക്ക് മനസിലായില്ല “

“അവളോട് ഡോക്ടർ ഒന്ന് പറയാമോ ഇങ്ങനെ എന്റെ പിന്നാലെ നടക്കുന്നത് എനിക്ക് അസ്വസ്ഥത ആണെന്ന്. ഉള്ളിൽ എന്തോ വിങ്ങിപൊട്ടാൻ പോകുന്ന പോലെയാ “

“ആ കുട്ടി ഈ അവസ്ഥയിലും നിങ്ങളെ സ്നേഹിക്കുന്നു ചാർലി. എപ്പോഴെങ്കിലും ഓർമ വരുമ്പോൾ നിങ്ങൾ അവളെ തിരക്കില്ലേ. അതു കൊണ്ടാവും അതു കൂടെ തന്നെ നിൽക്കുന്നത് “

“ആവും. ഒരു പക്ഷെ ഓർമ്മകൾ വന്നില്ലെങ്കിൽ? ഡോക്ടർ അവളുടെ ചാർളി അവളെ എങ്ങനെ സ്നേഹിച്ചു എന്ന് എനിക്ക് അറിഞ്ഞൂടാ. അവളോട് എന്ത് പറഞ്ഞാലും ആ മനസ്സ് താരതമ്യം ചെയ്യും. നിരാശ ആണ് ഫലം.”

“അങ്ങനെ അല്ലെങ്കിൽ?”

“അങ്ങനെ അല്ലെങ്കിലും എനിക്ക് അവളെ കാണാൻ ആഗ്രഹം ഇല്ല”

“ചേട്ടനോ?”

“ചേട്ടൻ…എനിക്ക് ഉപേക്ഷിച്ചു കളയാൻ പറ്റില്ലല്ലോ. എന്റെ ബ്ലഡ്‌ ആണ് “

“അപ്പൊ ആ പെൺകുട്ടിയെ നിങ്ങൾക്ക് വേണ്ട “

“എന്നല്ല. എന്റെ പാസ്ററ് അവളെ സ്നേഹിച്ചു..അല്ല പ്രണയിച്ചു. പക്ഷെ ഞാൻ അതല്ല. എനിക്ക് പറ്റുന്നില്ല. കാണുമ്പോൾ ടെൻഷൻ വരികയാണ് “

“ശരി ഞാൻ ഇത് ആ കുട്ടിയോട് പറയാം. നിങ്ങൾക്ക് അവൾ ഒരു ടെൻഷൻ ആണെന്ന്. അവളെ നിങ്ങൾക്ക് വേണ്ടന്ന് ” ചാർലി പെട്ടെന്ന് മുഖം ഉയർത്തി

“വേണ്ടന്നു ഞാൻ പറഞ്ഞിട്ടില്ല. ഇപ്പൊ എനിക്ക് പറ്റുന്നില്ല. ഓർമ വരുമ്പോൾ ഞാൻ..അറിയില്ല. “

ആദി ആ മുഖം പഠിച്ചു

“ആ കുട്ടിയോട് പൊക്കോളാൻ പറയട്ടെ?” അവൻ മുഖം ഉയർത്തി

“ചാർളിയെ ഞാൻ അഡ്മിറ്റ് ചെയ്യുകയാണ്. കുറച്ചു ടെസ്റ്റുകൾ
കുറച്ചു സെഷൻ കൗൺസിലിംഗ്
കുറച്ചു ദിവസം ഇവിടെ അഡ്മിറ്റ് ആകേണ്ടി വരും “

അവന് ആശ്വാസം തോന്നി

“ശരി “

“അപ്പൊ ഞാൻ ആ കുട്ടിയെ വിളിച്ചു പൊക്കോളാൻ പറയാം “

“ഇത് തിരുവനന്തപുരം അല്ലെ ഡോക്ടർ?”

“അതെ “

“എന്റെ നാട്ടിലേക്ക് നാലു മണിക്കൂർ യാത്ര ഉണ്ട്. രാത്രി ആവില്ലേ? ഒരു പെൺകുട്ടി ഒറ്റയ്ക്ക് ഈ രാത്രി? അതു വേണ്ട. നാളെ പോയിക്കോട്ടെ “

ഡോക്ടർക്ക് അവനോട് സഹതാപം തോന്നി

“ശരി. ഇനി വരണ്ടാന്നു പറയാം. ഇപ്പൊഴെ അതു പറയുന്നതാണ് ചാർലി നല്ലത്. അല്ലെങ്കിൽ ആ കുട്ടി വീണ്ടും വരും. അതിന് നിങ്ങളോട് ഇന്നും സ്നേഹം ആണ്. നിങ്ങൾക്ക് അതില്ല എങ്കിലും “

“എനിക്ക് ആ സ്നേഹം വേണ്ട “

പെട്ടെന്ന് അവൻ പൊട്ടിത്തെറിച്ചു. തലയിൽ അള്ളിപ്പിടിച്ചു

“അവളുടെ സ്നേഹം അമ്മയുടെ സ്നേഹം അപ്പന്റെ സ്നേഹം.. എനിക്ക് ആരേം അറിഞ്ഞൂടാ.എനിക്ക് വേണ്ട “

ഡോക്ടർ ആദി ഒന്ന് പതറി

തുടരും…